Sunday, December 28, 2008

ഭാര്യയെ കെട്ടിയിട്ടു തല്ലണമെന്ന് ദൈവം!


ٱلرِّجَالُ قَوَّٰمُونَ عَلَى ٱلنِّسَآءِ بِمَا فَضَّلَ ٱللَّهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَآ أَنْفَقُواْ مِنْ أَمْوَٰلِهِمْ فَٱلصَّٰلِحَٰتُ قَٰنِتَٰتٌ حَٰفِظَٰتٌ لِّلْغَيْبِ بِمَا حَفِظَ ٱللَّهُ وَٱلَّٰتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهْجُرُوهُنَّ فِي ٱلْمَضَاجِعِ وَٱضْرِبُوهُنَّ فَإِنْ أَطَعْنَكُمْ فَلاَ تَبْغُواْ عَلَيْهِنَّ سَبِيلاً إِنَّ ٱللَّهَ كَانَ عَلِيّاً كَبِيراً

പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. അവരില്‍ ചിലരെ ചിലരെക്കാള്‍ ശ്രേഷ്ടരാക്കിയതുകൊണ്ടും അവരുടെ ധനത്തില്‍നിന്ന് അവര്‍ ചെലവു ചെയ്യുന്നതുകൊണ്ടുമാണത്. അതിനാല്‍ ഉത്തമസ്ത്രീകള്‍ അനുസരണയുള്ളവരും അല്ലാഹു അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചിരിക്കയാല്‍ ഭര്‍ത്താക്കളുടെ അസാന്നിധ്യത്തില്‍ അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു പോരുന്നവരുമാണ്. ഏതെങ്കിലും സ്ത്രീകള്‍ അനുസരണക്കേട് കാണിക്കുമെന്നു ഭയപ്പെടുന്നുവെങ്കില്‍ അവരെ നിങ്ങള്‍ ഉപദേശിക്കുക, കിടപ്പുമുറിയില്‍ കെട്ടിയിടുക, അവരെ അടിക്കുക; അങ്ങനെ നിങ്ങള്‍ക്കു കീഴടങ്ങിയാല്‍ അവരെ സംബന്ധിച്ചു മറ്റൊരു മാര്‍ഗ്ഗവും അന്യേഷിക്കരുത്. നിശ്ചയമായും അല്ലാഹു ഉന്നതനും മഹാനുമാണ്.(4:34)



ഈ വെളിപാടിന്റെ അവതരണ സന്ദര്‍ഭം അറിയണ്ടേ? ഇതാ വാഖിദിയുടെ വ്യാഖ്യാനം:-

(Men are in charge of women…) [4:34]. Said Muqatil: “This verse (Men are in charge of women…) was revealed about Sa‘d ibn al-Rabi‘, who was one of the leaders of the Helpers (nuqaba’), and his wife Habibah bint Zayd ibn Abi Zuhayr, both of whom from the Helpers. It happened Sa‘d hit his wife on the face because she rebelled against him. Then her father went with her to see the Prophet, Allah bless him and give him peace. He said to him: ‘I gave him my daughter in marriage and he slapped her’. The Prophet, Allah bless him and give him peace, said: ‘Let her have retaliation against her husband’. As she was leaving with her father to execute retaliation, the Prophet, Allah bless him and give him peace, called them and said: ‘Come back; Gabriel has come to me’, and Allah, exalted is He, revealed this verse. The Messenger of Allah, Allah bless him and give him peace, said: ‘We wanted something while Allah wanted something else, and that which Allah wants is good’. Retaliation was then suspended”. Sa‘id ibn Muhammad ibn Ahmad al-Zahid informed us> Zahir ibn Ahmad> Ahmad ibn al-Husayn ibn Junayd> Ziyad ibn Ayyub> Hushaym> Yunus ibn al-Hasan who reported that a man slapped his wife and she complained about him to the Prophet, Allah bless him and give him peace. Her family who went with her said: “O Messenger of Allah! So-and-so has slapped our girl”. The Prophet, Allah bless him and give him peace, kept saying: “Retaliation! Retaliation! And there is no other judgement to be held”. But then this verse (Men are in charge of women…) was revealed and the Prophet, Allah bless him and give him peace, said: “We wanted something and Allah wanted something else”. Abu Bakr al-Harithi informed us> Abu’l-Shaykh al-Hafiz> Abu Yahya al-Razi> Sahl al-‘Askari> ‘Ali ibn Hashim> Isma‘il> al-Hasan who said: “Around the time when the verse on retaliation was revealed amongst the Muslims, a man had slapped his wife. She went to the Prophet, Allah bless him and give him peace and said: ‘My husband has slapped me and I want retaliation’. So he said: ‘Let there be retaliation’. As he was still dealing with her, Allah, exalted is He, revealed (Men are in charge of women, because Allah hath made the one of them to excel the other…). Upon which the Prophet, Allah bless him and give him peace, said: ‘We wanted something and my Lord wanted something different. O man, take your wife by the hand’


നേരത്തെ, ഒരു സ്ത്രീ തന്റെ ശരീരത്തില്‍ ലൈംഗികമായി അതിക്രമം കാണിക്കുന്നു (penetrating their wives in their anus ) എന്ന പരാതിയുമായി ‘ദൈവസന്നിധിയില്‍’ എത്തിയപ്പോള്‍ പ്രതിക്കനുകൂലമായി കൃഷിസ്ഥലത്തിന്റെ ആയത്ത് ഇറങ്ങിയതു നമ്മള്‍ കണ്ടു. ഇവിടെ മറ്റൊരു സ്ത്രീ തന്റെ ഭര്‍ത്താവിനെതിരെ ശാരീരിക മര്‍ദ്ദനത്തിന്റെ പരാതിയുമായാണു പ്രവാചകന്റെ മുന്നിലെത്തുന്നത്. ഇവിടെ പ്രവാചകന്‍ സ്വന്തം നിലക്കു സ്ത്രീയുടെ പക്ഷം നില്‍ക്കുന്നതായി ഭാവിക്കുകയും അല്ലാഹുവിനെക്കൊണ്ട് പ്രതിക്കു വേണ്ടി വെളിപാടവതരിപ്പിക്കുകയും ചെയ്യുന്നു. കരഞ്ഞുകൊണ്ട് പോകാന്‍ ഭാവിക്കുന്ന ആ സ്ത്രീയെ അദ്ദേഹം ആശ്വസിപ്പിക്കുകയും ചെയ്യുന്നു. “ നമ്മളൊന്നു കൊതിക്കുന്നു; പക്ഷെ അല്ലാഹു മറ്റൊന്നാണു വിധിക്കുന്നത്.” !
ഭര്‍ത്താക്കന്മാരോടൊപ്പം തടവുകാരായി പിടിക്കപ്പെട്ട സ്ത്രീകളെ പങ്കിട്ടെടുത്ത് ഭോഗിക്കാമോ? എന്ന് യോദ്ധാക്കളില്‍ ചിലര്‍ ആശങ്കിച്ചപ്പോള്‍ അവരുടെ ആശങ്കയകറ്റിക്കൊണ്ട് വെളിപാടവതരിപ്പിച്ച ഈ ദൈവം തന്റെ സദാചാരബോധം ആറാം നൂറ്റാണ്ടിലെ ഗോത്ര സദാചാരം തന്നെയാണെന്ന് ഒരിക്കല്‍കൂടി ഇവിടെ സ്പഷ്ടീകരിക്കുന്നു.

വിവാഹമൂല്യം കൈപ്പറ്റി ദാമ്പത്യത്തില്‍ പ്രവേശിക്കുന്നതോടെ സ്വന്തം ശരീരാവയവങ്ങള്‍ പോലും അന്യമായിത്തീരുന്ന ഒരു സ്ത്രീക്ക് കുടുംബത്തിനകത്തു ലഭിക്കുന്ന പദവിയെന്തെന്ന് ഈ ഖുര്‍ ആന്‍ സൂക്തം ഒന്നുകൂടി അടിവരയിട്ടോര്‍മ്മിപ്പിക്കുന്നു. യജമാനനെ നിരുപാധികം അനുസരിക്കുന്ന ഒരടിമയുടെ സ്ഥാനം മാത്രമേ മതം അവള്‍ക്കനുവദിക്കുന്നുള്ളു. ‘ഉത്തമസ്ത്രീ’യുടെ ലക്ഷണങ്ങള്‍ പ്രവാചകന്‍ വിവരിക്കുന്നതിപ്രകാരമാണ്.


“ നീ നോക്കിയാല്‍ സന്തോഷിപ്പിക്കുകയും ആജ്ഞാപിച്ചാല്‍ അനുസരിക്കുകയും നിന്റെ അഭാവത്തില്‍ അവളുടെ ദേഹവും നിന്റെ ധനവും നിന്റെ താല്പര്യങ്ങളും സംരക്ഷിക്കുകയും ചെയ്യുന്നവളാണ് ഉത്തമസ്ത്രീ.”(ഇബ് നു കസീര്‍)

പ്രഹരശിക്ഷ അര്‍ഹിക്കുന്ന കുറ്റമായി ഖുര്‍ ആന്‍ ആരോപിക്കുന്ന അനുസരണക്കേടിന്റെ വിശദാംശങ്ങള്‍ ഫുഖഹാക്കള്‍ അക്കമിട്ടു വിവരിക്കുന്നുണ്ട്. അതനുസരിച്ച് ലൈംഗിക കാര്യങ്ങളില്‍ ഭര്‍ത്താവിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാതിരിക്കുക, അവന്‍ വിളിക്കുന്ന സ്ഥലത്തോ സമയത്തോ ഹാജരാകാതിരിക്കുക, അവന്റെ കൂടെ യാത്ര ചെയ്യാന്‍ വിസമ്മതിക്കുക, അനുവാദമില്ലാതെ വീടു വിട്ടു പോവുക, അവനിഷ്ടമില്ലാത്തവരെ വീട്ടില്‍ കയറ്റുക, തുടങ്ങി എല്ലാ തരം അനുസരണക്കേടും ചാട്ടവാറടി അര്‍ഹിക്കുന്ന കുറ്റം തന്നെ .
ഭര്‍ത്താവിന്റെ ഇംഗിതങ്ങളെ നിരസിച്ചാലുണ്ടാകുന്ന ഭവുഷ്യത്തുകള്‍ ഗുരുതരമാണ്. അബൂ ഹുറൈറ പറയുന്നു.:-

“തിരുമേനി അരുളി. ഒരു പുരുഷന്‍ ഭാര്യയെ തന്റെ വിരിപ്പിലേക്കു വിളിച്ചു; അവള്‍ വിസമ്മതം കാണിച്ചു. അങ്ങിനെ അവളോടു കോപിഷ്ഠനായിക്കൊണ്ട് ആ രാത്രി അവന്‍ കഴിച്ചു കൂട്ടി. എങ്കില്‍ പ്രഭാതം വരേക്കും മലക്കുകള്‍ അവളെ ശപിച്ചു കൊണ്ടേയിരിക്കും” (ബുഖാരി)

“ഭാര്യ വീടു വിട്ടു പുറത്തു പോകുന്നതിനെ തടയാന്‍ ഭര്‍ത്താവിനവകാശമുണ്ട്. ആസന്ന മരണരായ അവളുടെ മാതാപിതാക്കളെയോ അവരുടെ മൃതദേഹങ്ങളെയോ കാണുന്നതിനു വേണ്ടി പുറത്തു പോകുന്നതിനെപ്പോലും തടയാന്‍ അവനധികാരമുണ്ട്. ..അവളുടെ മാതാപിതാക്കളെയോ അവനല്ലാത്ത പുരുഷനില്‍ നിന്നും അവള്‍ക്കു ജനിച്ച സന്താനങ്ങളെയോ പോലും വീട്ടില്‍ കയറ്റരുതെന്ന് അവളോടു കല്‍പ്പിക്കാന്‍ അവന്നധികാരമുണ്ട്.” (ഫത് ഹുല്‍ മുഈന്‍)

Friday, December 26, 2008

ഞാന്‍ എന്തുകൊണ്ട് ഇത്ര തീവ്രമായി വിമര്‍ശിക്കുന്നു?

മാരിയ്യ നബിയുടെ വെപ്പാട്ടിയായിരുന്നുവെന്ന് ഇസ്ലാമിന്റെ പ്രമാണങ്ങളെല്ലാം ഏകസ്വരത്തില്‍ പറഞ്ഞിട്ടും മതപാഠപുസ്തകങ്ങളില്‍ ഇത്രയും കാലം പഠിപ്പിച്ചിട്ടും നമ്മുടെ ചില സുഹൃത്തുക്കള്‍ക്ക് അത് അംഗീകരിക്കാന്‍ പ്രയാസം തോന്നുന്നു. എന്തുകൊണ്ട്? മാരിയ്യയെ ഇപ്പോള്‍ പ്രവാചകന്റെ ‘ഭാര്യ’യാക്കാന്‍ ഇവര്‍ ദുര്‍വ്യാഖ്യാനം നടത്തുന്നു. എന്തുകൊണ്ട്? 1400 കൊല്ലം, നബിക്കു വെപ്പാട്ടിയുണ്ടായിരുന്നുവെന്ന ചരിത്രസത്യം മുസ്ലിംങ്ങളില്‍ കാര്യമായ ഒരു അലോസരവും സൃടിക്കാതിരുന്നത് എന്തുകൊണ്ട്? ഇവിടെയാണു ഞാന്‍ ആദ്യമേ പറയുന്ന ഒരു സംഗതി പ്രസക്തമാകുന്നത്. എന്താണത്? .

മനുഷ്യന്റെ മൂല്യബോധവും ധാര്‍മ്മികസങ്കല്‍പ്പങ്ങളും ശാശ്വതമോ മാറ്റമില്ലാത്തതോ അല്ല. കാലം മാറുമ്പോള്‍ , ജീവിത വ്യവസ്ഥകളും സാമൂഹ്യ പരിതസ്ഥിതികളും മാറുന്നതിനനുസരിച്ച് നമ്മുടെ സദാചാരസങ്കല്‍പ്പങ്ങളില്‍ മാറ്റമുണ്ടാകുന്നു. അടിമത്തവും വെപ്പാട്ടിയുമൊന്നും ഇന്നത്തെ മനുഷ്യന്റെ നീതിബോധത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം കാലഹരണപ്പെട്ടിരിക്കുന്നു. കാലഹരണപ്പെട്ട ഈ മൂല്യങ്ങളും വര്‍ത്തമാന കാലത്തിന്റെ മൂല്യബോധവും ,നാം അള്ളിപ്പിടിച്ചിരിക്കുന്ന വിശ്വാസങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. ആ പൊരുത്തക്കേടിന്റെ പ്രതിസന്ധിയില്‍നിന്നാണ് ഇത്തരം വളച്ചൊടിക്കലും വ്യാഖ്യാനങ്ങളുമൊക്കെ പിറവി കൊള്ളുന്നത്.

അതു നല്ലതാണെന്നു തന്നെയാണ് എന്റെ അഭിപ്രായം. പക്ഷെ , അതു വിശ്വാസങ്ങളുടെ ആയുസ്സു നീട്ടാനും നിലനിര്‍ത്താനും മാത്രം ഉദ്ദേശിച്ചുള്ളതാകരുത് . പിന്നെയോ? സമുദായത്തെ പരിഷ്കരിക്കാനാകണം. മതപരമായി നിലനില്‍ക്കുന്ന അനാചാരങ്ങളെ ഇല്ലാതാക്കാനാകണം. ഉദാഹരണത്തിന്: ബഹുഭാര്യത്വം ഇക്കാലത്ത് സംസ്കാരമുള്ളവരാരും അംഗീകരിക്കുന്ന ഒരു സമ്പ്രദായമല്ല. അതിനു മതത്തില്‍ പ്രൊവിഷന്‍ ഉണ്ട് എന്ന കാരണത്താല്‍ മാത്രം അതിനു ന്യായീകരണങ്ങള്‍ കണ്ടെത്തുകയല്ല ചെയ്യേണ്ടത്. അതിനെ മതത്തില്‍നിന്നും എടുത്തു മാറ്റാന്‍ ആവശ്യമായ വ്യാഖ്യാനങ്ങള്‍ നടത്തണം. വെപ്പാട്ടിയെ ഭാര്യയാക്കാന്‍ നടത്തുന്ന കസര്‍ത്തുകള്‍ ഇത്തരം കാര്യത്തിലും നടത്തണം. ആമിനവദൂദും, ഫാതിമാ മെനീസിയും ,നവാല്‍ ഷാദാവിയുമൊക്കെ സ്ത്രീപക്ഷവായന കൊണ്ടുവരുന്നതിന്റെ ഉദ്ദേശ്യമതാണ്. ചേകനൂര്‍ മൌലവി അബൂഹുറൈറയെ പ്രതിയാക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷ്യവും അതായിരുന്നു. ശ്രീനരായണഗുരു ഹിന്ദു മതം കൈകാര്യം ചെയ്തതും അങ്ങനെയായിരുന്നു. ഇതിനു മത നവീകരണം , സാമൂഹ്യ പരിഷ്കരണം, നവോഥാനം എന്നൊക്കെ പറയും.


അപ്പോള്‍ ഒരു സംശയം വന്നേക്കാം. ഞാന്‍ എന്തുകൊണ്ട് അതിനു ശ്രമിക്കാതെ മതത്തെ അടച്ചു കുറ്റപ്പെടുത്തുന്നു?
അതിനുള്ള വിശദീകരണം ഇതാണ്. അത്തരത്തിലുള്ള ഒരു സമുദായ നവീകരണം നടക്കണമെങ്കില്‍ അതിന്റെ ആദ്യ പടി സമുദായത്തില്‍ അരുതായ്മകള്‍ ഉണ്ടെന്ന് ആ സമുദായത്തിലെ കുറച്ചു പേര്‍ക്കെങ്കിലും തിരിച്ചറിവുണ്ടാവുക എന്നതാണ്. അതു താനെയുണ്ടാവുന്നില്ല. ചിന്തയില്‍ കൊടുംകാറ്റു വീശുന്ന തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാകണം. സ്വതന്ത്ര ചിന്തയ്ക്കുള്ള സാഹചര്യങ്ങള്‍ ഉരുത്തിരിയണം. അന്ധവിശ്വാസത്തിന്റെ ചെളിക്കുഴിയില്‍ ആണ്ടു കിടക്കുകയും പുറത്തു മറ്റൊരു ലോകംതന്നെയുള്ളതു തിരിച്ചറിയാതിരിക്കുകയും ചെയ്യുന്ന ഒരു സമുദായത്തില്‍ ഇത്തരംതിരിച്ചറിവുകള്‍ ഉണ്ടാവുക വളരെ ശ്രമകരമാണ്.


ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കച്ചവടനിയമങ്ങള്‍ കുട്ടികളെ പഠിപ്പിക്കാന്‍ ദാസിക്കച്ചവടം ഉദാഹരണമാക്കുന്ന മത പാഠപുസ്തകങ്ങള്‍ ഈ ദുരവസ്ഥയുടെ ഏറ്റവും നല്ല ഉദാഹരണം. ഞാന്‍ ഈ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ മാത്രമാണല്ലോ ചിലര്‍ക്കെങ്കിലും അതില്‍ ഒരു അപകര്‍ഷതയും തെറ്റും ഉണ്ടെന്നു തോന്നിയത്. 1400 കൊല്ലമായി എന്തു ജീര്‍ണ്ണതയിലാണു നമ്മള്‍ കമഴ്ന്നുകിടക്കുന്നത് എന്ന തിരിച്ചറിവിലേക്കു നയിക്കാന്‍ ഒരാള്‍ക്കെങ്കിലും ഈ വിമര്‍ശനം പ്രചോദനമായിട്ടുണ്ടെങ്കില്‍ അയാള്‍ നാളെ ഈ പാഠപുസ്തകത്തില്‍ മാറ്റം വേണം എന്നു ചിന്തിക്കുമല്ലോ. ഇത്തരം തിരിച്ചറിവുണ്ടാകണമെങ്കില്‍ ഇസ്ലാം പോലുള്ള ഒരു മതത്തിന് വയറിളക്കാന്‍ പോന്ന കടുത്ത മരുന്നു തന്നെ വേണം.


മതത്തില്‍ കാലഹരണപ്പെട്ട സംഗതികളുണ്ടെന്നു സമ്മതിക്കാനാണല്ലോ മൌലികവാദികള്‍ക്കു മടി. അതു സമ്മതിപ്പിക്കാനുള്ള ശ്രമമാണു ഞാന്‍ നടത്തുന്നത്. കാലഹരണപ്പെട്ട കാര്യങ്ങള്‍ ഉണ്ടെന്നു തിരിച്ചറിഞ്ഞാല്‍ പിന്നെ സംഗതി എളുപ്പമായി. അതൊക്കെ മാറണം എന്ന ചിന്ത ഉടലെടുക്കും കുറച്ചു പേരുടെ മനസ്സിലെങ്കിലും തീ കോരിയിടാന്‍ എന്റെ വിമര്‍ശനങ്ങള്‍ക്കാകുന്നുണ്ട് എന്നതിന് എനിക്ക് ധാരാളം അനുഭവസാക്ഷ്യങ്ങളുണ്ട്.

എന്റെ വിമര്‍ശനം കൊണ്ട് കുറെ പേര്‍ യുക്തിവാദികളാകുന്നു എന്നോ ആകട്ടെ എന്നോ അല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. ഈ വിമര്‍ശനങ്ങളില്‍നിന്ന് കുറെ പേര്‍ക്കെങ്കിലും , മതവും മതസദാചാരവും ഇന്നത്തെ നിലയില്‍ തുടരേണ്ടതല്ല, മാറേണ്ടതാണ് എന്ന തിരിച്ചറിവുണ്ടാകുന്നുണ്ട് എന്നാണു ഞാന്‍ അവകാശപ്പെടുന്നത്. അത് പെട്ടെന്നാരും അംഗീകരിച്ചു തരുകയില്ല. പക്ഷെ ഇന്നെന്റെ നേരെ കുരച്ചു ചാടുന്ന പലരും നാളെ മാറും. എനിക്കുറപ്പുണ്ട്. എനിക്കത്തരം‍ അനുഭവങ്ങള്‍ വേണ്ടുവോളമുണ്ട്.
കുറെ പേര്‍ അവിശ്വാസികളാകും. കുറെ പേര്‍ ,നവീകരണവാദികളാകും , കുറെ പേര്‍ വിശ്വാസം നഷ്ടപ്പെട്ടാലും കപടവിശ്വാസികളായി തുടരും -അവരൊരിക്കലും തീവ്രവാദികളോ ഭീകരരോ ആവാനിടയില്ലെന്നെങ്കിലും ആശ്വസിക്കാമല്ലോ- ഇതാണ് ഈ കാര്യത്തില്‍ എന്റെ കാഴ്ച്ചപ്പാട്. അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. പുരോഗമനവാദികള്‍ തന്നെ പലപ്പോഴും എന്റെ നിലപാടിനെ വിമര്‍ശിച്ചിട്ടുണ്ട്. അഭിപ്രായം വരട്ടെ ; നിലപാടു മാറ്റണമെങ്കില്‍ അതു ബോധ്യപ്പെട്ടാല്‍ ഞാന്‍ അതിനും തയ്യാറാണ്.

Wednesday, December 24, 2008

സ്ത്രീ മൌദൂദിയുടെ ഇസ്ലാമില്‍

യഥാര്‍ത്ഥ ഇസ്ലാമില്‍ സ്ത്രീയുടെ സ്ഥാനമെന്തെന്ന് ഫത് ഹുല്‍ മുഈനില്‍ നാം കണ്ടു. ഇനി ആധുനികവല്‍ക്കരിക്കപ്പെട്ട ഇസ്ലാമില്‍ എന്താണു സ്ത്രീയുടെ സ്ഥാനം എന്നു നോക്കാം .ഇരുപതാം നൂറ്റാണ്ടില്‍ പാശ്ചാത്യ സംസ്കാരത്തെ അതി നിശിതമായും കര്‍ക്കശമായും നിരീക്ഷിച്ച ശേഷം അതിനു പകരം വെക്കാവുന്ന വിധം ഇസ്ലാമിനെ ആധുനികവല്‍ക്കരിച്ച മഹാപണ്ഡിതനാണു മൌദൂദി. 500 കൊല്ലം മുമ്പ് സെയ്നുദ്ദീന്‍ മഖ്ദൂം എഴുതിയ കാര്യങ്ങളില്‍നിന്നും എത്ര വ്യത്യാസമുണ്ട് 50 കൊല്ലം മുമ്പ് മൌദൂദി എഴുതിയതിനെന്നു നോക്കാം: അദ്ദേഹത്തിന്റെ ‘പര്‍ദ്ദ’ എന്ന പുസ്തകത്തില്‍നിന്ന് :-

“ഇസ്ലാമിക നിയമത്തില്‍ സ്ത്രീയെ വീട്ടിലെ രാജ്ഞിയാക്കിയിരിക്കുകയാണ്. സമ്പാദനത്തിന്റെ ഉത്തരവാദിത്തം പുരുഷന്റെ മേലിലും. ഈ കാശുകൊണ്ട് വീട് നിയന്ത്രിക്കേണ്ടത് സ്ത്രീയുടെ കടമയാണ്. “സ്ത്രീ ഭര്‍ത്താവിന്റെ വീടു സൂക്ഷിപ്പുകാരിയാണ്. അതിനെ കുറിച്ച് അവള്‍ അന്ത്യനാളില്‍ ചോദിക്കപ്പെടുകയും ചെയ്യും. “(ബുഖാരി) . പുറം ലോകത്തെ പ്രവര്‍ത്തനങ്ങളുമായി ബധപ്പെടുന്ന മുഴുവന്‍ കാര്യങ്ങളും സ്ത്രീകളുടെ ഉത്തരവാദിത്തത്തില്‍നിന്നും ഒഴിവാണ്. “സ്ത്രീക്കു ജുമുഅ നമസ്കാരം നിര്‍ബ്ബന്ധമില്ല.”(അബൂദാവൂദ്). യുദ്ധവും നിര്‍ബ്ബന്ധമില്ല. മരണസംബന്ധമായ കാര്യങ്ങളില്‍ ഇവള്‍ക്കു പങ്കു കൊള്ളേണ്ടതില്ല .എന്നല്ല, അതില്‍നിന്നവളെ തടയുകയാണു ചെയ്യുന്നത്. (ബുഖാരി) .
“സ്ത്രീക്കു ജമാ അത്തു നമസ്കാരമോ പള്ളിയില്‍ സംബന്ധിക്കലോ ചെയ്യേണ്ടതില്ല. വിശ്വാസയോഗ്യകളായ സദ് വൃത്തകളായ സ്ത്രീകളോടൊപ്പം മസ്ജിദില്‍ പോകാനുള്ള സമ്മതം നല്‍കിയിട്ടുണ്ടെങ്കിലും അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ഉറ്റ ബന്ധുവിന്റെ കൂടെയല്ലാതെ യാത്ര ചെയ്യാനുള്ള അനുമതിയുമില്ല.”(തിര്‍മിദി)
ചുരുക്കത്തില്‍ ഒരു വിധേനയും സ്ത്രീകള്‍ക്കു വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍ അനുമതിയില്ല. മതം ഇത് ഇഷ്ടപ്പെടുന്നില്ല. ഇസ്ലാം സ്ത്രീയോടു കല്‍പ്പിക്കുന്നത് വീട്ടില്‍ അടങ്ങിയൊതുങ്ങിയിരിക്കാനാണ്. “സ്ത്രീകള്‍ അവരുടെ വീടുകളില്‍ അടങ്ങിയൊതുങ്ങിയിരി‍ക്കട്ടെ” (ഖുര്‍ ആന്‍ )

സ്ത്രീകള്‍ വീട്ടില്‍ അടങ്ങ്യൊതുങ്ങിയിരിക്കട്ടെ എന്ന ആയത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥവും ഇതു തന്നെ. എങ്കിലും വളരെ അത്യാവശ്യഘട്ടത്തില്‍ വീട്ടില്‍നിന്നിറങ്ങേണ്ടി വരുമെന്നതിനാല്‍ അധികം കര്‍ക്കശമാക്കിയിട്ടില്ല. [വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീഴുമെന്നുറപ്പായ ഘട്ടത്തില്‍ അവള്‍‍ക്കു പുറത്തിറങ്ങി നില്‍ക്കുന്നതില്‍ വിരോധമില്ല എന്നാണു ഫത് ഹുല്‍ മുഈനിലുള്ളത്. അതിലും പുരോഗമനമുള്ള നിലപാടു തന്നെയാണിവിടെ മൌദൂദി അവതരിപ്പിക്കുന്നത്.]

ചില സ്ത്രീകള്‍ക്കു സംരക്ഷകനായി ആരുമില്ലാ‍തിരിക്കുക, ഉറ്റ ബന്ധുവിന്റെ മരണം , കൊടിയ ദാരിദ്ര്യം, രോഗം ഇതുപോലത്തെ മറ്റു കാരണങ്ങളും സ്ത്രീകളെ പുറത്തിറക്കാന്‍ നിര്‍ബ്ബന്ധിതമാക്കുന്നു. ഇത്തരം രംഗങ്ങളില്‍ നിയമം വിട്ടുവീഴ്ച്ച ചെയ്യുന്നുണ്ട്. ഒരു ഹദീസില്‍ ഇങ്ങനെയുണ്ട്: “തീര്‍ച്ചയായും അല്ലാഹു അത്യാവശ്യങ്ങള്‍ക്കു വേണമെങ്കില്‍ പുറത്തിറങ്ങാന്‍ സമ്മതം നല്‍കിയിട്ടുണ്ട്” (ബുഖാരി)

[ഇത് പ്രവാചകപത്നി സൌദ മലവിസര്‍ജ്ജനത്തിനു പുറത്തു പോകാനൊരുങ്ങിയപ്പോള്‍ ഉമറ് അതു തടയാന്‍ ഒരുങ്ങിയ സന്ദര്‍ഭത്തില്‍ ജിബ്രീലിനെ വിളിച്ച് അഭിപ്രായം ചോദിച്ച ശേഷം നബി പറഞ്ഞതാണ്.]

പക്ഷെ അനുമതി നിര്‍ബ്ബന്ധിതഘട്ടത്തില്‍ മാത്രമാണു നല്‍കുന്നത്. ഇസ്ലാമിലെ കൂട്ടുജീവിതത്തിന്റെ നിയമമായ സ്ത്രീകളുടെ പ്രവര്‍ത്തനപരിധി അവളുടെ വീടാണ്. അവിടെത്തന്നെയാണ് അവള്‍ കഴിയേണ്ടത് എന്നതില്‍ യാതൊരു മാറ്റവുമില്ല.
പ്രായപൂര്‍ത്തിയായ സ്ത്രീക്കു തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, പ്രായപൂര്‍ത്തിയായ പുരുഷനു നല്‍കുന്നത്ര സ്വാതന്ത്ര്യം ഇവള്‍ക്കു നല്‍കുന്നില്ല. ഉദാഹരണമായി പുരുഷനു സ്വാഭിപ്രായം എവിടെയും യാത്ര ചെയ്യാം. പക്ഷെ, സ്ത്രീ അവള്‍ കന്യകയാവട്ടെ,വിവാഹിതയാവട്ടെ, വിധവയാകട്ടെ ആരായാലും തനിച്ചു യാത്ര ചെയ്യാന്‍ പാടില്ല. കൂടെ വിവാഹം ഹറാമായ ഒരാള്‍ ഉണ്ടായിരിക്കല്‍ അത്യാവശ്യമാണ്.

“അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്കും ,മൂന്നോ അതിലധികമോ ദിവസത്തെ ദൈര്‍ഘ്യമുള്ള യാത്ര ചെയ്യല്‍ , വാപ്പ,സഹോദരന്‍ , ഭര്‍ത്താവ്, മകന്‍ , കെട്ടു ബന്ധം ഹറാമായ മറ്റു വല്ലവരും കൂടെയില്ലാത്ത നിലയില്‍ ,അനുവദനീയമല്ല. ”
നബി പറഞ്ഞു: “വിവാഹബന്ധം ഹറാമായവര്‍ കൂടെയില്ലാതെ ഒരു ദിവസത്തെ വഴിദൂരമുള്ള യാത്ര സ്ത്രീകള്‍ ചെയ്യരുത്.”(തിര്‍മിദി)
വീണ്ടും നബി പറഞ്ഞു: “വിവാഹബന്ധം ഹറാമായ പുരുഷന്‍ കൂടെയില്ലാതെ ,ഒരു രാത്രിയുടെ ദൈര്‍ഘ്യമുള്ള യാത്ര സ്ത്രീകള്‍ ചെയ്യരുത്.”(അബൂദാവൂദ്)

ഈ റിപ്പോര്‍ട്ടുകളിലെല്ലാം യാത്രയുടെ നീളത്തിലാണു വ്യത്യാസമുള്ളത്. യാത്ര ഒരു ദിവസമായാലും രണ്ടു ദിവസമായലുമെല്ലാം നിയമം ഒരുപോലെത്തന്നെയാണ്.

പുരുഷനു തന്റെ വിവാഹക്കാര്യത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കുന്നു. മുസ്ലിം സ്ത്രീയെയോ യഹൂദസ്ത്രീയെയോ ക്രിസ്ത്യന്‍ സ്ത്രീയെയോ നികാഹു ചെയ്യാനുള്ള അധികാരമുണ്ട്. അടിമസ്ത്രീയെയും ലൈംഗികാവശ്യത്തിനുപയോഗിക്കാം. എന്നാല്‍ സ്ത്രീകള്‍ക്കിതില്‍ യാതൊരു കൈകടത്തലുമില്ല. അവള്‍‍ക്കൊരിക്കലും അമുസ്ലിമിനെ വേളി കഴിക്കാനാവില്ല. “മുസ്ലിംസ്ത്രീകള്‍ അവര്‍ക്കു(അമുസ്ലിംങ്ങള്‍ക്കു)യോജിച്ചവരല്ല, അവര്‍ മുസ്ലിം സ്ത്രീകള്‍ക്കും” (ഖുര്‍ ആന്‍ )
സ്ത്രീകള്‍ക്കു അടിമകളെ ലൈംഗികാവശ്യങ്ങള്‍ക്കു ഉപയോഗപ്പെടുത്താന്‍ പാടില്ല ഖുര്‍ ആനില്‍ പുരുഷന്മാര്‍ക്ക് അടിമസ്ത്രീകളെ ഉപയോഗപ്പെടുത്താന്‍ സ്വാതന്ത്ര്യം നല്‍കുകയും സ്ത്രീകള്‍ക്കു നിഷേധിക്കുകയും ചെയ്യുന്നു....”(പര്‍ദ്ദ , അബുല്‍ അ അലാ മൌദൂദി. പേജ് 172..)

[മൌദൂദിയുടെ ഈ പുസ്തകം മലയാളത്തില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചത് സുന്നികളാണ്.[ ഇര്‍ഷാദ് ബുക്സ്.] സ്ത്രീകളുടെ പള്ളി പ്രവേശനകാര്യത്തിലും മറ്റും ഇപ്പോള്‍ പുരോഗമന മുഖമൂടിയണിയാന്‍ ശ്രമിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ തനിനിറം വെളിച്ചത്താക്കാനാണ് സുന്നികള്‍ ഇതു പ്രസിദ്ധീകരിച്ചത്. ജമാ അത്തു കാരുടെ IPH ഇതു പോലെ മൌദൂദി സാഹിത്യം പലതും പൂഴ്ത്തി വെച്ചിട്ടുണ്ട്.]

ഇനി 50 കൊല്ലം മുമ്പത്തെ മൌദൂദിയില്‍നിന്നും ആധുനിക ജമാ അത്തു ബുദ്ധി ജീവികള്‍ ഇക്കാര്യത്തില്‍ എത്രമാത്രം മുന്നേറിയെന്നറിയാന്‍ അവരുടെ ചില ഉദ്ധരണികള്‍ കൂടി കാണുക:

“ഗൃഹഭരണവും കുടുംബ പരിപാലനവുമാണ് സ്ത്രീകളുടെ മുഖ്യ ചുമതലയായി ഇസ്ലാം കാണുന്നത്.” (ഒ അബ്ദുറഹിമാന്‍ , യുക്തിവാദികളും ഇസ്ലാമും )

“ഓഫീസുകളില്‍നിന്നും പണിശാലകളില്‍നിന്നും കമ്പോളങ്ങളില്‍നിന്നും വനിതകളെ തിരിച്ചു വിളിച്ച് പുരുഷന്മാര്‍ക്കു തൊഴില്‍ നല്‍കുകയാണെങ്കില്‍ ഒട്ടു വളരെ പ്രശ്നങ്ങള്‍ക്കു പരിഹാരമാകും. ... സ്ത്രീയെ തിരിച്ചു വിളിക്കുക, സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബത്തെ സമൂഹനാശത്തിനിന്നും രക്ഷിക്കുക.” ( അബ്ദുറഹിമാന്‍ പെരിങ്ങാടി, മാധ്യമം- 1998 മാര്‍ച്ച്15)
“സ്ത്രീകള്‍ ഉന്നത ബിരുദങ്ങള്‍ നേടുന്നതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. പഠിപ്പ് കൂടുമ്പോള്‍ അവള്‍ക്ക് ഉദ്യോഗത്തിനു പോകാനുള്ള പ്രലോഭനമുണ്ടാകും. അതിനാല്‍ ആദ്യമായി നാം ചെയ്യേണ്ടത് സ്ത്രീകള്‍ പഠിക്കുന്നത് എങ്ങനെയെങ്കിലും തടയുകയാണ്. തുടക്കമെന്നനിലയില്‍ ബിരുദാനന്തര കോഴ്സുകള്‍ക്ക് പെണ്‍കുട്ടികള്‍ക്ക് അഡ്മിഷന്‍ കൊടുക്കരുതെന്നു നിയമം കൊണ്ടു വരുക... ക്രമേണ പെണ്‍പള്ളിക്കൂടങ്ങള്‍ അടച്ചു പൂട്ടി അവിടെയൊക്കെ ആണ്‍കുട്ടികള്‍ക്കു പ്രവേശനം നല്‍കുകയുമാകാം.(എം ഇബ്രാഹിം -മാധ്യമം- 1998 ഏപ്രില്‍ 4)

ഈ വിഷയത്തില്‍ ചര്‍ച്ച തുടരും....

Monday, December 22, 2008

നമുക്ക് തെരുവില്‍ പുസ്തകം കത്തിക്കാം!

കേരളത്തിലെ മുസ്ലിം യുവചേതനയോട് ഒരഭ്യര്‍ത്ഥന:-

മുസ്ലിം സമുദായത്തിനും ഇസ്ലാം മതത്തിനും നേരിയ പോറല്‍ പോലും ഏല്‍ക്കാതെ സംരക്ഷിക്കാനാണല്ലോ നമ്മളൊക്കെ പാടു പെടുന്നത്. മതമില്ലാത്തജീവന്‍ എന്ന പാഠം സ്കൂളില്‍ പഠിപ്പിച്ചാല്‍ മതം തകര്‍ന്നു പോകുമെന്നു കണ്ടറിഞ്ഞതിനാലാണു നമ്മള്‍ മലപ്പുറത്തെ തെരുവില്‍ പാഠപുസ്തകങ്ങള്‍ കൂട്ടിയിട്ടു കത്തിച്ചുകൊണ്ട് മതസംരക്ഷണ ജിഹാദ് നടത്തിയത്. സമൂഹത്തില്‍ ഒരു തരത്തിലുള്ള ചൂഷണവും അനീതിയും അനുവദിക്കില്ല എന്ന പ്രഖ്യാപനവുമായി തെരുവില്‍ കൊക്കക്കോലയുടെയും പെപ്സിയുടെയും കുപ്പികള്‍ പൊട്ടിച്ചെറിഞ്ഞുകൊണ്ട് ധീര സമരം നടത്തുന്ന സോളിഡാരിറ്റി യുവ ധീര കര്‍മ്മഭടന്മാരും നമ്മുടെ സമുദായത്തിന്റെ അഭിമാനമാണല്ലോ.

ഒരു മന്ദബുദ്ധിയായ യുക്തിവാദി ഇസ്ലാമിനെ താറടിക്കുന്നു എന്നതാണല്ലോ ഇവിടെ പ്രശ്നം.

. ഇസ്ലാം മതത്തിന്റെ ഏറ്റവും ആധികാരികതയുള്ള ; എത്രയോ നൂറ്റാണ്ടുകളായി മുസ്ലിം സമുദായം അവലംബമാക്കിവന്ന ; ഇന്നും 90% മുസ്ലിം മതപാഠശാലകളിലും ഇസ്ലാമിക ശരീ അത്ത് എന്ന പേരില്‍ പഠിപ്പിച്ചു വരുന്ന; ഇന്‍ഡ്യയിലെ മുസ്ലിം വ്യക്തിനിയമ ത്തിന്റെ മുഖ്യ പ്രമാണമായ ഒരു മതഗ്രന്ഥത്തില്‍ , വിവാഹസമയത്തു വധുവിനു നല്‍കുന്ന മഹറ് നിര്‍വ്വചിക്കപ്പെട്ടിട്ടുള്ളത് അതേ പടി ഉദ്ധരിക്കുകയാണ് ഞാന്‍ ഈ കുറിപ്പില്‍ ചെയ്തതെന്ന് വായനക്കാര്‍ക്കെല്ലാം മനസ്സിലായിട്ടുള്ളതുമാണ്. എന്നാല്‍ ഇവിടെ ഇസ്ലാമിനെ ഡിഫന്റ് ചെയ്യാന്‍ വന്ന സുഹൃത്തുക്കള്‍ പറയുന്നത് ഫത് ഹുല്‍ മുഈന്‍ എന്ന ഗ്രന്ഥം ഇസ്ലാമിന്റെ പ്രമാണമല്ല; അതിലുള്ള കാര്യങ്ങള്‍ ഇസ്ലാമിന്റെ അന്തസ്സിനു നിരക്കാത്തതും വളരെ വൃത്തി കെട്ടതും; സംസ്കാരശൂന്യവുമൊക്കെയാണ്. എന്നും യുക്തിവാദികളെ സഹായിക്കാനും ഇസ്ലാമിനെ നശിപ്പിക്കാനും ആരോ എഴുതിപ്പടച്ച വാറോലയാണതെന്നുമൊക്കെ അവര്‍ ആരോപിക്കുന്നു.

ശരി സുഹൃത്തുക്കളേ; ഞാന്‍ നിങ്ങളുടെ ആരോപണം തല്‍ക്കാലം വാദത്തിനായി അംഗീകരിക്കുന്നു.
ഇനി ഞാന്‍ പറയുന്ന കാര്യം ഒന്നു ശ്രദ്ധിച്ചു വായിക്കുക:

അങ്ങനെയാണെങ്കില്‍ നമ്മുടെ സമുദായവും മതവും ഏറ്റവും കൂടുതല്‍ താറടിക്കപ്പെടുന്നതും നശിപ്പിക്കപ്പെടുന്നതും എവിടെയാണ്? നമ്മുടെ സമുദായം ഇന്നും ഒരു പിന്നാക്ക സമുദായമായും , അപരിഷ്കൃത സമൂഹമായും നിലകൊള്ളുന്നതിന്റെ യഥാര്‍ത്ഥ കാരണം നാം എവിടെയാണ് അന്യേഷിക്കേണ്ടത്? നമ്മുടെ പിഞ്ചു കുഞ്ഞുങ്ങളെ ധാര്‍മ്മികതയും ആത്മീയതയും പഠിപ്പിക്കാന്‍ നാം പറഞ്ഞയക്കുന്ന മദ്രസകളില്‍ കുട്ടികല്ലെ കൈകാര്യം ചെയ്യുന്നത് ആരാണ്? അവര്‍ വിദ്യാഭ്യാസം നേടുന്ന ദര്‍സുകളില്‍ എന്തൊക്കെയാണു പഠിപ്പിക്കപ്പെടുന്നത്? ഇതൊക്കെ നാം എന്നെങ്കിലും അന്യേഷിച്ചിട്ടുണ്ടോ?

എനിക്ക് ‍ ഇപ്പോള്‍ വളരെ ആത്മവിശ്വാസവും സന്തോഷവും തോന്നുന്നു. എന്റെ ഒരു പ്രധാന ജോലി ഞാന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. മുസ്ലിം ചെറുപ്പക്കാരുടെ കണ്ണു തുറപ്പിക്കുന്നതിന്റെ ആദ്യപടിയില്‍ ഞാന്‍ വിജയിച്ചിരിക്കുന്നു. ഇസ്ലാമിനെയും മുസ്ലിം സമുദായത്തെയും രക്ഷിക്കണമെന്നു താല്‍പ്പര്യമുള്ള ചെറുപ്പക്കാര്‍ എവിടെയാണ് ഇടപെടേണ്ടത് എന്നും എന്തു സമരമാണു നയിക്കേണ്ടതെന്നും അവരെ ബോധ്യപ്പെടുത്താന്‍ ഈ ഫത് ഹുല്‍ മുഈന്‍ ചര്‍ച്ച സഹായകമായി എന്നു തോന്നുന്നു.
മലപ്പുറത്തെ തെരുവില്‍ നാം ആദ്യം കൂട്ടിയിട്ടു കത്തിക്കേണ്ടത് ആറാം ക്ലാസിലെ സാമൂഹ്യപാഠമല്ല; ഫത് ഹുല്‍ മുഈന്‍ ഉള്‍പ്പെടെയുള്ള നിരവധി മതഗ്രന്ഥങ്ങളാണ് എന്ന് ഇനിയെങ്കിലും നാം മനസ്സിലാക്കുകയാണു വേണ്ടത്. മറ്റു മതക്കാരെ ഇസ്ലാമിലേക്കു മാര്‍ഗ്ഗം കൂട്ടാന്‍ നുണപ്രചരണങ്ങള്‍ നടത്തുകയും കോടികള്‍ വാരിവിതറി മേളകള്‍ നടത്തുകയും ചെയ്യുന്ന മുസ്ലിം സംഘടനകള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ ചെയ്യേണ്ടിയിരുന്നത് ഇതൊക്കെയായിരുന്നു. സ്വന്തം സമുദായത്തെ അപരിഷ്കൃതത്വത്തി്ന്റെ ചെളിക്കുണ്ടില്‍ മേയാന്‍ വിട്ടിട്ട് മറ്റുള്ളവരെ ഈ സമുദായത്തിലേക്കു സുവിശേഷം പറഞ്ഞു ക്ഷണിക്കാന്‍ നടക്കുന്നത് ഉചിതമാണോ എന്ന് ഇനിയെങ്കിലും നാം ചിന്തിക്കുക. ഇസ്ലാമിന്റെ പ്രമാണങ്ങള്‍ എന്തൊക്കെയെന്നും കാലോചിതമായി അവ എങ്ങനെ പരിഷ്കരിക്കാമെന്നും ആലോചിക്കുന്നതിനു പകരം കത്തിയും ബോംബും തോക്കും ശേഖരിച്ച് ലോകത്തിന്റെ മുമ്പില്‍ ഒരു മതത്തെയും സമുദായത്തെയും അപകീര്‍ത്തിപ്പെടുത്തുന്നവര്‍ സ്വന്തം മക്കളെ പഠിപ്പിക്കേണ്ടതെന്തൊക്കെയാണെന്നെങ്കിലും ആലോചിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.


യുക്തിവാദികളുടെ പ്രചാരണത്തെക്കാളും പാഠപുസ്തകത്തിലെ മതേതരത്വത്തെക്കാളുമൊക്കെ ഇസ്ലാമിനും മുസ്ലിമിനും സര്‍വ്വനാശം സമ്മാനിക്കുന്നത് നമ്മുടെ മതപാഠശാലകളിലെ ധാര്‍മ്മിക പാഠങ്ങള്‍ തന്നെയാണെന്ന തിരിച്ചറിവിലേക്ക് ഈ ചര്‍ച്ച നമ്മെ എത്തിക്കുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി . അതു തന്നെയാണു ഞാന്‍ ഇത്തരം വിമര്‍ശനങ്ങള്‍കൊണ്ട് ഉദ്ദേശിക്കുന്നതും.
ഇസ്ലാമിനെ താറടിക്കാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. കാരണം അതു വിഡ്ഡിത്തമാണെന്ന് എനിക്കറിയാം . താറിനെക്കാള്‍ കറുത്ത ഒരു സാധനത്തി്ന്മേല്‍ താറ് തേച്ചാല്‍ അതു നിറം മങ്ങുകയല്ലേ ചെയ്യുക. ആധുനിക ഇസ്ലാമിസ്റ്റുകള്‍ ഇസ്ലാമിനുമേല്‍ കുമ്മായം തേച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്നു; അതു വെള്ളമടിച്ചു കഴുകി യതാര്‍ത്ഥ നിറം കാണിച്ചുകൊടുക്കുകയാണു ഞാന്‍ ചെയ്യുന്നത്. ഈ സമുദായത്തിനു തിരിച്ചറിവിന്റെ വെളിച്ചം പകരുക എന്ന ലക്ഷ്യം മാത്രമെ എനിക്കുള്ളു.


ചര്‍ച്ച സജീവമാക്കാന്‍ തിരിച്ചെത്തിയ എല്ലാ മുസ്ലിം സുഹൃത്തുക്കള്‍ക്കും പ്രത്യേകം നന്ദി.


ഫത് ഹുല്‍ മുഈന്‍ തെരുവില്‍ കത്തിച്ചു കൊണ്ട് ഒരു സമരത്തിനു തുടക്കം കുറിക്കാന്‍ സോളിഡാരിറ്റി മുജാഹിദ് സുന്നി യുവാക്കള്‍ മുന്നോട്ടു വന്നാല്‍ അതിനാവശ്യമായ പെട്രോള്‍ എന്റെ വക ഫ്രീ !!!

Wednesday, December 17, 2008

സ്ത്രീ യഥാര്‍ത്ഥ ഇസ്ലാമില്‍ !

മതങ്ങളെല്ലാം വളരെ പവിത്രവും കുറ്റമറ്റതുമാണ്; മതത്തിന്റെ പേരിലുള്ള തിന്മകളെല്ലാം ജനങ്ങള്‍ മതത്തില്‍ നിന്നും അകന്നതുകൊണ്ടും യഥാര്‍ത്ഥ മതം ഉള്‍ക്കൊള്ളാത്തതുകൊണ്ടും സംഭവിക്കുന്നതാണ്; മതത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്കോ അനീതികള്‍ക്കോ അനാചാരങ്ങള്‍ക്കോ മതം ഉത്തരവാദിയല്ല.

ഇങ്ങനെയൊക്കെയാണു സാധാരണ നാം കേള്‍ക്കാറ്, ആവര്‍ത്തിച്ചു കേള്‍ക്കുക വഴി ഇതൊക്കെ സര്‍വ്വാംഗീകൃത സത്യങ്ങളായി നമ്മുടെ പൊതു ബോധത്തില്‍ സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ട്. യുക്തിവാദികളായ അല്‍പ്പം ചിലര്‍ മാത്രമാണ് മതങ്ങളെ നേരിട്ടു വിമര്‍ശിക്കാറുള്ളത്. സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന വിശ്വാസികളെ മുഷിപ്പിക്കേണ്ടതില്ല എന്ന ചിന്തയാല്‍ പലരും ബോധപൂര്‍വ്വം ഈ നുണ ആവര്‍ത്തിക്കുകയും ചെയ്യുന്നു. അനേകം തലമുറയെ മതാന്ധതയുടെ പൊട്ടക്കുഴിയിലേക്കു തള്ളി വിടുന്നതില്‍ ഈ പൊതു നിലപാട് സഹായകമായിട്ടുണ്ട്.

ഈ നിലപാട് വാസ്തവത്തില്‍ നാം ഇനിയും തുടരേണ്ടതുണ്ടോ?  മതം ആധുനിക മനുഷ്യരെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യ ഘടകമാണോ? അതു നന്മയെക്കാള്‍ തിന്മയും പുരോഗതിയെക്കാള്‍ പിന്നാക്കാവസ്ഥയും പരിഷ്കാരത്തെക്കാള്‍ പ്രാകൃതത്വവുമല്ലേ ഇന്നു വിളയിക്കുന്നത്? ആധുനിക ധാര്‍മ്മികചിന്തകള്‍ക്കെല്ലാം മതം ഇന്നു വിലങ്ങു നില്‍ക്കുകയല്ലേ ചെയ്യുന്നത്?
മതം പ്രാകൃതമൂല്യങ്ങള്‍ക്കു മേല്‍ അടയിരിക്കുന്നു. അപരിഷ്കൃതമായ മൂല്യ സങ്കള്‍പ്പങ്ങളെ ന്യായീകരിക്കുകയും ശാശ്വതീകരിക്കുകയും ചെയ്യുന്നു.

ഇന്നത്തെ മതവിശ്വാസികള്‍ യഥാര്‍ത്ഥത്തില്‍ അവരുടെ മതം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെക്കാള്‍ എത്രയോ ഉന്നതവും പരിഷ്കൃതവുമായ മൂല്യങ്ങളെ സ്വാംശീകരിച്ചുകൊണ്ടാണു ജീവിക്കുന്നത്. മതമൂല്യങ്ങളില്‍ നിന്നകന്നതുകൊണ്ടാണ് ഇന്നത്തെ മനുഷ്യര്‍ക്കു പ്രാകൃത മനുഷ്യരെക്കാള്‍ നന്മയുള്ളവരായി ജീവിക്കാന്‍ കഴിയുന്നത്. മനുഷ്യര്‍ മതത്തില്‍നിന്നും എത്രത്തോളം അകലുന്നുവോ അത്രത്തോളം നന്നാവുകയാണു ചെയ്യുന്നത്


നാം ചര്‍ച്ച ചെയ്തു വരുന്ന വിഷയവുമായി ബന്ധപ്പെട്ട ചില ഉദാഹരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഈ നിലപാട് വ്യക്തമാക്കാന്‍ ശ്രമിക്കാം.

സ്ത്രീയെ പൂര്‍ണ്ണ മനുഷ്യനായാണ് പരിഷ്കൃതലോകം കാണുന്നത്. സാമൂഹ്യജീവിതത്തില്‍ പുരുഷനുള്ള എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവും സ്ത്രീക്കുമുണ്ട്. എന്നാല്‍ ഇസ്ലാം (മറ്റു മതങ്ങളും) സ്ത്രീയെ പുരുഷനു സുഖിക്കാനുള്ള ഒരു ഉപകരണം മാത്രമായാണു കണക്കാക്കുന്നത്. പുരുഷനു വേണ്ടി ദൈവം പ്രത്യേകം സൃഷ്ടിച്ച ഒരു ഭോഗ വസ്തു. ഇസ്ലാമിലെ വിവാഹസമ്പ്രദായം സ്വത്തവകാശം , സാക്ഷി നിയമം , ലൈംഗിക സദാചാരം തുടങ്ങിയ കാര്യങ്ങളെ സമഗ്രമായി പരിശോധിച്ചാല്‍ ഇക്കാര്യം പകല്‍ വെളിച്ചം പോലെ വ്യക്തമാകും.


നാടോടികളായ അറബികളുടെ ഗോത്ര സമ്പ്രദായങ്ങളെ ദൈവീക പരിവേഷം നല്‍കി സമാഹരിച്ചുണ്ടാക്കിയതാണ് ഇസ്ലാം ശരീ അത്ത്. ആധുനിക മനുഷ്യനില്‍ അറപ്പുളവാക്കുന്നതരത്തില്‍ പ്രാകൃതവും മനുഷ്യത്വഹീനവുമാണ് അതിലെ നിയമങ്ങളും ആചാരങ്ങളും. തെളിവുകള്‍ക്കായി ഇവിടെ ഏതാനും പ്രമാണങ്ങള്‍ ഉദ്ധരിക്കാം.


നിക്കാഹിന്റെ വേളയില്‍ വധുവിന് നല്‍കുന്ന ‘മഹര്‍ ’ വധുവിനെ ആദരിക്കാനുള്ള ഒരു ഗിഫ്റ്റാണെന്നാണല്ലോ ഇപ്പോള്‍ ഇസ്ലാം വക്താക്കള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ എന്താണു മഹറെന്നും അതു നല്‍കുന്നതെന്തിനാണെന്നും ഇസ്ലാമിന്റെ നിയമസംഹിതയും കര്‍മ്മശാസ്ത്രവും വിശദീകരിക്കുന്നത് ഇതാ കാണുക :


“സംയോഗത്താലോ വിവാഹത്താലോ പുരുഷന്‍ സ്ത്രീക്കു കൊടുപ്പാന്‍ നിര്‍ബ്ബന്ധമായ ഒന്നാണു മഹര്‍ ...ഒരു വസ്തുവിന്റെ വിലയെന്ന നിലയ്ക്കു സ്വീകാര്യമായിട്ടുള്ളവയെല്ലാം മഹറെന്ന നിലയ്ക്കും സ്വീകാര്യം തന്നെ. അത് എത്ര തുഛമായാലും വിരോധമില്ല. മഹറായി പറയുന്നത് ഗുഹ്യസ്ഥാനമനുവദനീയമാകുന്നതിനു പകരമായി കൊടുക്കുന്നതായതാണിതിനു കാരണം. ...ശുഭ് ഹത്തായ സംയോഗത്തിലെന്നപോലെ ദുര്‍ബ്ബലപ്പെട്ട വിവാഹം വഴിക്കോ അസാധുവായ വാങ്ങല്‍ വഴിക്കോ നടത്തിയ സംയോഗത്തിലും തുല്യ മഹറിനു അവന്‍ നിര്‍ബ്ബന്ധിതനാകുന്നു. അവളുടെ ഗുഹ്യപ്രദേശത്തിന്റെ പ്രയോജനം അവന്‍ പൂര്‍ണ്ണമായ നിലയില്‍ അനുഭവിച്ചതാണ് ഇതിനു കാരണം. വരന്റെ ലിംഗാഗ്രം വധുവിന്റെ യോനിയില്‍ പ്രവേശിക്കുന്ന പക്ഷം കന്യാചര്‍ന്മ്മം നീങ്ങിയില്ലെങ്കിലും ശരി, തന്മൂലം മഹര്‍ മുഴുവന്‍ സ്ഥിരപ്പെടുന്നതാണ്.” (ഫത് ഹുല്‍ മുഈന്‍ . ഭാഗം 3. പേജ് 140)

ഭാര്യയുടെ ശരീരം തനിക്കു പ്രയോജനപ്പെടുത്താന്‍ പറ്റുന്ന കാലത്തോളം മത്രമേ അവള്‍ക്കു ഭക്ഷണം കൊടുക്കാന്‍ ഭര്‍ത്താവിനു ബാധ്യതയുള്ളു. അവന്റേതല്ലാത്ത കാരണത്താല്‍ സുഖഭോഗത്തിനു വിഘ്നമുണ്ടായാല്‍ അവള്‍ക്കു ചെലവിനു കൊടുക്കാന്‍ അയാള്‍ക്കു ബാധ്യതയില്ല. ഭാര്യയുടെ ജീവിതച്ചെലവുമായി ബന്ധപ്പെട്ട ചില മതവിധികള്‍ കൂടി കാണുക:

“സുഖമനുഭവിക്കുവാനും താനിഷ്ടപ്പെട്ട സ്ഥലത്തു കൂടെ കൊണ്ടു പോകാനും തനിക്കു സ്വാതന്ത്ര്യമുള്ള ഭാര്യക്കു ചെലവിനു കൊടുക്കുവാന്‍ ഭര്‍ത്താവു നിര്‍ബ്ബന്ധിതനാകുന്നു. .. ഏതെങ്കിലും നിലയില്‍ ഭാര്യാസുഖം, അനുഭവിക്കാന്‍ സാധ്യതയുള്ള സ്ത്രീയെ തന്റെ വരുതിയില്‍ ലഭിച്ചാല്‍ അവള്‍ക്കു ചെലവിനു കൊടുക്കുവാന്‍ നിര്‍ബ്ബന്ധിതനാകുന്നു. ഭര്‍ത്താവ് സംയോഗത്തിനു പ്രാപ്തനല്ലാത്ത ബാലനായാലും ശരി., ഭാര്യാസുഖം അനുഭവിക്കുന്നതിനു ഭാര്യ തടസ്സമല്ലെന്നുള്ളതാണിതിനു കാരണം. ബാലികയല്ലെന്നുള്ളതൊഴിച്ച് യോനിയില്‍ മാംസം തിങ്ങുക, ഭ്രാന്തുണ്ടാവുക, രോഗം ബാധിക്കുക തുടങ്ങിയ കാരണങ്ങളാല്‍ അവളുടെ സംയോഗ സാധ്യതക്ക് ഊനം സംഭവിച്ചാലും ശരി.അവളുടെ സംയോഗ സാധ്യതക്കുള്ള ഊനം പ്രായക്കുറവു മൂലമുള്ളതാണെങ്കില്‍ അവള്‍ക്കു ചെലവിനു കൊടുക്കാന്‍ അവന്‍ നിര്‍ബ്ബന്ധിതനല്ല. ഭാര്യ കുട്ടിപ്രായം വിടാത്തവളാണെന്നിരിക്കെ ഭര്‍ത്താവിന്റെ അടുക്കലേക്ക് അവളുടെ ‘വലിക്കാരന്‍ ’ അവളെ വിട്ടു കൊടുത്താല്‍ തന്നെയും അവള്‍ക്കു ചെലവു കൊടുക്കാന്‍ അവന്‍ നിര്‍ബ്ബന്ധിതനല്ല. .പിണങ്ങി നില്‍ക്കുന്ന ഭാര്യയുമായിട്ടെന്നപോലെ ആ കുട്ടിയുമായി സുഖമനുഭവിക്കുന്നതിന്‍ അവനു സാധ്യതയില്ലെന്നുള്ളതാണിതിനു കാരണം. നേരെ മറിച്ച് അവളുമായി സുഖമനുഭവിക്കാന്‍ സാധ്യതയുള്ള പക്ഷം അവള്‍ക്കു ചെലവു കൊടുക്കാന്‍ അവന്‍ നിര്‍ബ്ബന്ധിതനാകുന്നു.... ഒരു മുദ്ദ് (ഒന്നേകാല്‍ റാത്തല്‍ ) എന്നതാണ് നിര്‍ബ്ബന്ധമായ ഭക്ഷണച്ചെലവിന്റെ തോത്.” ( ഫത് ഹുല്‍ മുഈന്‍ ഭാ.4 പേ. 22 )
“ഭാര്യക്കു രോഗം ബാധിച്ചാല്‍ മരുന്നു വാങ്ങിക്കൊടുക്കുകയോ വൈദ്യനു പ്രതിഫലം കൊടുക്കുകയോ ചെയ്യേണ്ട ബാധ്യത ഭര്‍ത്താവിനില്ല.” (പേ.26)
“അല്‍പ്പനേരമെങ്കിലും ഭാര്യ ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുന്ന പക്ഷം അവള്‍ക്കു ചെലവു ലഭിക്കാനുള്ള അവകാശം നഷ്ടപ്പെടുന്നതാണെന്നുള്ള കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല. ഭര്‍ത്താവിനു കീഴടങ്ങാതിരിക്കുക എന്നതാണു പിണങ്ങുക എന്നതിന്റെ വിവക്ഷ. ഭ്രാന്ത്, നിര്‍ബ്ബന്ധം, കൌമാരം തുടങ്ങിയ കാരണങ്ങളാല്‍ പിണങ്ങുന്ന പക്ഷം അവള്‍ കുറ്റക്കാരിയാവുകയില്ലെങ്കിലും ചെലവു കിട്ടാനുള്ള അര്‍ഹത ഇല്ലാതാകും. ....സുഖം അനുഭവിക്കുന്ന കാര്യത്തില്‍ ഭര്‍ത്താവിനെ ഭാര്യ തടയുന്ന പക്ഷം പിണക്കം ഉല്‍ഭവിക്കും. അവളെ തൊടുന്നതിനോ അഥവാ അവന്‍ ഉദ്ദേശിക്കുന്ന അവയവം തൊടുന്നതിനോ അവള്‍ വിസമ്മതം കാണിച്ചാല്‍ അവളുടെ പിണക്കം സ്ഥാപിക്കപ്പെട്ടു. ഗുഹ്യസ്ഥാനത്തു മുറിവുള്ളതുകൊണ്ടോ സംയോഗത്തിനു സാധ്യമല്ലാത്ത നിലയില്‍ രോഗമുള്ളതുകൊണ്ടോ പുരുഷലിംഗത്തിന്റെ ക്രമാതീതമായ വലുപ്പം കൊണ്ടോ അത്തരം കാരണങ്ങളാലോ അവള്‍ അവനെ തടയുന്ന പക്ഷം അതു പിണക്കമാണെന്നു സ്ഥാപിക്കാവതല്ല. ആര്‍ത്തവം ഉണ്ടായതുകൊണ്ട് ഭര്‍ത്താവിനെ തടഞ്ഞെന്നു വന്നാലും അതു പിണക്കം മൂലമുള്ള തടയലായി പരിഗണിക്കരുത്. ലിംഗത്തിന്റെ വലിപ്പത്തെ കുറിച്ച് നാലു സ്ത്രീകള്‍ സാക്ഷി പറയുന്ന പക്ഷമോ, അവന്‍ സ്വയം സമ്മതിക്കുകയോ ,മതിയായ രണ്ടു പുരുഷന്മാര്‍ സാക്ഷി നില്‍ക്കുകയോ ചെയ്യുന്ന പക്ഷവും അതു സ്വീകരിക്കാവുന്നതാണ്. സാക്ഷി പറയാനുദ്ദേശിക്കുന്നവര്‍ക്ക് ലിംഗോദ്ധാരണത്തിനുപകരിക്കുന്ന തന്ത്രങ്ങള്‍ പ്രയോഗിക്കാവുന്നതാണ്. പക്ഷെ നിഷിദ്ധമായ പ്രയോഗങ്ങളൊന്നും പാടില്ല. ലിംഗത്തിനു പ്രസരിപ്പുള്ള നിലയില്‍ വധൂവരന്മാരുടെ ഗുഹ്യസ്ഥാനങ്ങള്‍ വ്യക്തമായി കണ്ടാല്‍ നാലു സ്ത്രീകള്‍ക്ക് അവയുടെ വലിപ്പം മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ സാക്ഷി പറയാന്‍ ഉദ്ദേശിക്കുന്നവര്‍ വധൂവരന്മാരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാണുന്നതിനു വിരോധമില്ല.” (പേ.28)
“ഭര്‍ത്താവോടൊപ്പം യാത്ര ചെയ്യുവാന്‍ ഭാര്യ കൂട്ടാക്കാത്ത പക്ഷം അവള്‍ക്കു ചെലവു കൊടുക്കേണ്ടുന്ന കടമ അവനില്ല. പക്ഷേ, അവള്‍ തന്നോടൊപ്പം യാത്ര ചെയ്യുവാന്‍ കൂട്ടാക്കാത്ത കാലത്ത് അവന്‍ സംയോഗം ചെയ്തിട്ടുള്ള പക്ഷം അവള്‍ക്കു ചെലവു കൊടുപ്പാന്‍ അവന്‍ നിര്‍ബ്ബന്ധിതനാകുന്നു.” (പേ..30)


വിവാഹസമയത്തു സ്ത്രീക്കു വില നിശ്ചയിക്കുന്നതും അതു കൈമാറുന്നതും വെറുമൊരു ചടങ്ങായിട്ടോ സമ്മാനമായിട്ടോ ഒക്കെയാണ് ഇന്ന് മുസ്ലിംങ്ങള്‍ കണക്കാക്കുന്നത്. കല്യാണം നടത്തുന്നത് ഒരു കുടുംബം സ്ഥാപിച്ച് ഒരുമിച്ചു ജീവിക്കാന്‍ വേണ്ടിയുമാണ്. എന്നാല്‍ യഥാര്‍ത്ഥ ഇസ്ലാമില്‍ അതൊന്നുമല്ല വിവാഹം. അതു സ്ത്രീയുടെ ശരീരം വില പറഞ്ഞു വില്‍ക്കലും വാങ്ങലും തന്നെയാണ്. ഉഭയകക്ഷി സമ്മതത്തോടെയോ അല്ലാതെയോ നടക്കുന്ന വ്യഭിചാരം പോലും അര്‍ഹതപ്പെട്ട പ്രതിഫലം നല്‍കുന്നതോടെ ഹലാലായിക്കിട്ടും എന്നു വ്യാഖ്യാനിക്കുന്ന മദ് ഹബുകളുണ്ട് ഇസ്ലാമില്‍ !

എല്ലാം പിന്നീട് വിശദീകരിക്കാം. സ്വതന്ത്ര ലൈംഗികത അനുവദിക്കുന്ന മതമാണ് ഇസ്ലാമെന്ന കാര്യം നമ്മളില്‍ എത്രപേര്‍ക്കറിയാം?... വീണ്ടും തെളിവുകളുമായി .... അടുത്ത ഭാഗം ഉടന്‍ ....

Thursday, December 11, 2008

അല്പം കുടുംബ വിശേഷം


വധൂവരന്മാരോടൊപ്പം മന്ത്രി പാലോളി വിവാഹവേദിയില്‍


മക്കളുടെ വിവാഹം സംബന്ധിച്ച്


ഭാര്യയും രണ്ടു മക്കളും ചേര്‍ന്നതാണ് എന്റെ കുടുംബം. സ്വതന്ത്രരായാണു ഞങ്ങള്‍ മക്കളെ വളര്‍ത്തിയത്. ഞങ്ങളുടെ ആദര്‍ശങ്ങളോ വിശ്വാസങ്ങളോ മക്കളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചില്ല. അവര്‍ക്ക് അവരുടെ വഴി സ്വീകരിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അവരുടെ ജീവിത പങ്കാളികളെ അവര്‍ തന്നെയാണു കണ്ടെത്തിയത്.
പൊന്നാനിയിലെ ഒരു സാധാരണ ഹിന്ദു കുടുംബത്തിലെ പെണ്‍കുട്ടിയാണ് മകന്റെ കൂട്ടുകാരി. മലപ്പുറത്തെ ഒരു ഹിന്ദു മുസ്ലിം മിശ്ര ദമ്പതികളുടെ മകന്‍ മകളുടെ കൂട്ടുകാരനും.

മതപരമായ ആചാരങ്ങളൊന്നുമില്ലാതെ സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് അനുസരിച്ച് മലപ്പുറം സബ് റജിസ്ട്രാര്‍ ആഫീസില്‍ വിവാഹം റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് മലപ്പുറം ടൌണ്‍ ഹാളില്‍ വെച്ച് ഒരു സ്വീകരണച്ചടങ്ങും സംഘടിപ്പിക്കുകയുണ്ടായി.

ഞങ്ങളുടെ കുടുംബത്തിലെ കാരണവര്‍ എന്നു കണക്കാക്കപ്പെടുന്ന സഖാവ് ആര്‍ ആര്‍ സി (ആര്‍ രാമചന്ദ്രന്‍ ) വധൂവരന്മാരെ സദസ്സിനു പരിചയപ്പെടുത്തി. തുടര്‍ന്ന് അവര്‍ പരസ്പരം പൂമാല ചാര്‍ത്തി. അത്രയുമായിരുന്നു ‘ചടങ്ങ്’.
പെണ്‍കുട്ടികള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഒന്നും അണിയാതെ വിവാഹവേദിയില്‍ നിന്നത് എല്ലാവര്‍ക്കും കൌതുകകരമായി തോന്നി!
പര്‍ദ്ദയും മക്കനയും ധരിച്ചവരും നെറ്റിയില്‍ ചന്ദനവും സിന്ദൂരവും അണിഞ്ഞവരും ബന്ധുക്കളായി ഒരേ കല്യാണവേദിയില്‍ അണി നിരന്നതും മലപ്പുറത്തുകാര്‍ക്ക് വിസ്മയകരമായ കാഴ്ച്ച യായി.

മൂന്നു കുടുംബങ്ങളിലെയും പ്രധാന അംഗങ്ങളെല്ലാം വേദിയിലുണ്ടായിരുന്നു. മറ്റുള്ളവര്‍ സദസ്സിലും. കുടുംബാംഗങ്ങളുടെ സമ്പൂര്‍ണ്ണ പങ്കാളിത്തവും സഹകരണവും ഞങ്ങള്‍ക്ക് ഏറെ സന്തോഷകരവും അഭിമാനകരവുമായി. സമൂഹത്തിലെ എല്ലാ തുറകളിലും പെട്ട ആയിരക്കണക്കിനാളുകള്‍ ഈ വിവാഹച്ചടങ്ങില്‍ ആവേശപൂര്‍വ്വം പങ്കെടുക്കുകയുണ്ടായി. നേരില്‍ വരാന്‍ കഴിയാത്തവര്‍ ആശംസകള്‍ അറിയിക്കുകയും മറ്റു വിധത്തില്‍ സഹകരിക്കുകയും ചെയ്തു.

മന്ത്രി പാലോളി വളരെ നേരത്തെ തന്നെ വന്നു മക്കളോടൊപ്പം വേദിയിലിരുന്നു. ടി കെ ഹംസ (എം പി), മഞ്ഞളാംകുഴി അലി (എം എല്‍ എ), വി ശശികുമര്‍ (എം എല്‍ എ), ഭാര്യ ബദറുന്നിസ, കെ സെയ്താലിക്കുട്ടി, പി കെ സൈനബ, മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ യാക്കൂബ്, ചന്ദ്രിക പത്രാധിപര്‍ സി പി സെയ്തലവി, പി എ പൌരന്‍ , ഗീത, പവിത്രന്‍ , ആര്‍ കെ മലയത്ത്, ജോണ്‍സണ്‍ അയിരൂര്‍ , യു കലാനാഥന്‍ , ശ്രീനി പട്ടത്താനം, ഏ വി ജോസ്, യുക്തിവാദി സുഹൃത്തുക്കള്‍ ,സാംസ്കാരികപ്രവര്‍ത്തകര്‍ , എന്നിങ്ങനെ നിരവധി പ്രമുഖര്‍ വേദിയില്‍ വന്നു മക്കളെ ആശംസിക്കുകയുണ്ടായി.

ബ്ലോഗ് സുഹൃത്തുക്കളായ ചിത്രകാരന്‍ , റഫീഖ് തുടങ്ങിയവരും പങ്കെടുത്തു. എല്ലാവരോടും മനം നിറഞ്ഞ കൃതജ്ഞത അറിയിക്കുന്നു.

Tuesday, November 4, 2008

ഗൌളി സൂത്രം!

ജബ്ബാര്‍ മാഷ് വരുമെന്ന് തോന്നുന്നില്ല.എന്തെങ്കിലുമൊക്കെ പോസ്റ്റിടണമെന്നല്ലാതെ ചോദ്യങ്ങള്‍ക്ക് മറൂപടീ പറയുന്ന ശീലം അദ്ദേഹത്തിനില്ലല്ലോ.
ജബ്ബാര്‍മാഷ് ഒന്നിനും മറുപടി പറയില്ല.

 
ശരിയാണ്; ഞാനൊന്നിനും മറുപടി പറയില്ല. കാരണം എനിക്കു വേണ്ടത് പല്ലികളെയാണ്.
[ഒരു പല്ലിയെ കൊന്നാല്‍ ഒരു ഹജ്ജിന്റെ ‘കൂലി’യാണെന്നു നബിവചനം ! ഒരു ഹജ്ജു ചെയ്താല്‍ അതു വരെ ചെയ്ത പാപങ്ങളെല്ലാം പൊറുക്കപ്പെടുകയും ചെയ്യും !!]
പല്ലികള്‍ വാലു മുറിച്ചിടുന്നതിന്റെ സൂത്രം എനിക്കു നന്നായി അറിയാം. അതിനാല്‍ ‘വാല്‍ എത്ര കിടന്നു പിടച്ചാലും ഞാനതിന്റെ മേല്‍ ചാടി വീഴത്തില്ല.! വാലിനു കൂലിയില്ലല്ലോ!


പര്‍ദ്ദാ ചര്‍ച്ചയില്‍ ഞാന്‍ വന്നത് അതിന്റെ തുണിക്കഷണം മുറിച്ചെടുത്ത് ഊടും പാവും പരിശോധിക്കാനായിരുന്നില്ല. ഒരു വസ്ത്രം എന്ന നിലയില്‍ പര്‍ദ്ദയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എനിക്കൊട്ടും താല്‍പ്പര്യമില്ലെന്നു പല തവണ പറഞ്ഞതാണ്.

പിന്നെയൊ?
പര്‍ദ്ദ പര്‍ദ്ദ എന്നു കൂകി വിളിക്കുന്നവരുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ലിംഗസങ്കല്‍പ്പം ‘അഥവാ ഇസ്ലാമിന്റെ സ്ത്രീ സങ്കല്‍പ്പം എന്ത് ? എന്ന വിഷയം ചര്‍ച്ച ചെയ്യാനാണ് എനിക്കു താല്‍പ്പര്യം. അതുമായി ബന്ധപ്പെട്ട കാര്യങ്ങളാണു ഞാന്‍ എന്റെ പോസ്റ്റില്‍ എഴുതിയിരുന്നത്. മുഖ്യവിഷയങ്ങളിലൊന്നും ചര്‍ച്ച കാണാത്തതിനാല്‍ പോഇന്റുകള്‍ അക്കമിട്ടു നിരത്തിക്കൊണ്ട് വീണ്ടും കമന്റും ഇട്ടു.

അതിങ്ങനെയായിരുന്നു..

ഇത് ഒരു വസ്ത്രത്തിന്റെ പ്രശ്നമേയല്ല.....


സ്ത്രീയെ സാമൂഹ്യ ജീവിതത്തിന്റെ പുറം ലോകത്തുനിന്നും കരി പിടിച്ച അകത്തളങ്ങളില്‍ കെട്ടിയിടാനാഗ്രഹിക്കുന്ന ആണ്‍കോയ്മാ സംസ്കാരത്തിന്റെ പ്രതീകം എന്ന നിലയ്ക്കു തന്നെയാണ് പര്‍ദ്ദ ചര്‍ച്ച ചെയ്യപ്പെടേണ്ടത്.


കേരളത്തിലെ ഇസ്ലാമിക പ്രബോധകര്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലത്തിനിടയ്ക്ക് ഏറ്റവുമധികം ഊര്‍ജ്ജവും സമയവും ചെലവഴിച്ചിട്ടുള്ളത് സ്ത്രീകളുടെ വസ്ത്രധാരണത്തെ അധികരിച്ചുള്ള ബോധവല്‍ക്കരണത്തിനായിരുന്നു.


മലപ്പുറം ജില്ലയില്‍ അടുത്ത കാലത്തുണ്ടായ രണ്ടു ബലാത്സംഗ കൊലപാതകങ്ങള്‍ ഈ വാദത്തിന്റെ അര്‍ത്ഥശൂന്യത വെളിപ്പെടുത്തുന്നതാണ്. മങ്കടയിലും കൊണ്ടോട്ടിയിലും ക്രൂരമായ ബലാത്സംഗത്തിനു ശേഷം കൊല്ലപ്പെട്ട രണ്ടു മുസ്ലിം പെണ്‍ കുട്ടികളും ശരീരം പൂര്‍ണമായും മറയുന്ന ‘മാന്യമായ’ വസ്ത്രം ധരിച്ചു മാത്രമേ പുറത്തിറങ്ങാറുണ്ടായിരുന്നുള്ളു. കന്യാസ്ത്രീകള്‍ പോലും ലൈംഗിക പീഡനത്തിനിരയാകുന്നത് പെണ്ണിന്റെ വസ്ത്രത്തിലെ പോരായ്മ കൊണ്ടല്ല; ആണിന്റെ സംസ്കാരത്തിലെ പോരായ്മ കൊണ്ടാണ്


കാളകളെ നിയന്ത്രിക്കാന്‍ പശുക്കളെ പൊതിഞ്ഞു കെട്ടി വെക്കണമെന്ന യുക്തി മനുഷ്യത്വത്തിനു ചേര്‍ന്നതല്ല



തലമുടി കെട്ടിപ്പൊതിയാത്ത സ്ത്രീ വേഷങ്ങള്‍ക്കൊന്നും മാന്യതയില്ല എന്ന ഈ വ്യംഗ്യപ്രയോഗം മര്യാദ കെട്ടതും മറ്റുള്ളവരെ അവഹേളിക്കുന്നതുമാണ്.



തലമുടി പോലും നഗ്നതയാണെന്നും അതു മറയ്ക്കാനുപദേശിച്ചതു ധാര്‍മ്മികത നിലനിര്‍ത്താനാണെന്നും വാദിക്കുന്ന മതവക്താക്കള്‍ക്ക് , അടിമപ്പെണ്ണിന്റെ മാറിടം പോലും ഔറത്തല്ല എന്നു വിധിക്കുന്ന മതധാര്‍മ്മികതയെക്കുറിച്ച് എന്താണു പറയാനുള്ളത്?

താന്‍ ഒരു ശരീരം മാത്രമാണെന്നും വ്യക്തിത്വവും പൌരത്വവുമുള്ള ഒരു മനുഷ്യജീവിയല്ലെന്നും അവളെ സദാ ഓര്‍മ്മിപ്പിക്കുക എന്നതു തന്നെയാണു പര്‍ദ്ദയുടെ യഥാര്‍ത്ഥ ദൌത്യം.


പര്‍ദ്ദയണിയിക്കുന്നതിനായുള്ള ബോധവല്‍ക്കരണത്തിന് സമുദായം ചെലവഴിച്ച വിഭവങ്ങളുടെ പത്തിലൊന്നെങ്കിലും സമുദായത്തിന്റെ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനകാരണങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും ചെലവഴിച്ചിരുന്നെങ്കില്‍ ഈ സമുദായമെന്നേ നന്നായിപ്പോയേനേ!


എന്നിട്ടും ചര്‍ച്ച വന്നില്ല. മാത്രമല്ല വിഷയം വസ്ത്രത്തിലൊതുക്കാനും മറ്റു കാര്യങ്ങളിലേക്കു വലിച്ചു കൊണ്ടു പോകാനും ഇസ്ലാം വിചാരക്കാര്‍ ശ്രമിച്ചുകൊണ്ടുമിരുന്നു. അങ്ങനെയാണു ഇറാനിലും ഫ്രാന്‍സിലും ഗ്വാണ്ടനാമൊയിലും ഒറീസ്സയിലുമൊക്കെയാ‍യി നമുക്കു ചുറ്റിത്തിരിയേണ്ടി വന്നത്.
‘ഇറാനിലെ പര്‍ദ്ദയും സൌദിയിലെ പര്‍ദ്ദയും, എന്ന തലക്കെട്ടിന്റെ പൊരുള്‍ പോലും മനസ്സിലാക്കാതെയാണു പലരും അഭിപ്രായങ്ങള്‍ പറഞ്ഞത്. ഇറാനില്‍ പെണ്ണുങ്ങള്‍ ധരിക്കുന്ന കുപ്പായവും സൌദിയിലെ കുപ്പായവും താരതമ്യം ചെയ്യലായിരുന്നില്ല എന്റെ ലക്ഷ്യം. ആ രണ്ടു രാജ്യങ്ങളിലെയും സാമൂഹികവും സസ്കാരപരവും രാഷ്ട്രീയപരവുമായ വ്യത്യാസങ്ങള്‍ പരിഗണിക്കാതെ രണ്ടിടത്തുമുള്ള ഇസ്ലാമിനെ ഒന്നായിക്കാണാനാവില്ല എന്നു പറയാനാണു ശ്രമിച്ചത്. അതിനുള്ള ഉദാഹരണവും ചൂണ്ടിക്കാണിച്ചിരുന്നു.

സ്ത്രീയ്ക്കും പുരുഷനും തുല്യ സ്വത്തവകാശം നല്‍കുമെന്നു തെരജ്ഞെടുപ്പു വാഗ്ദാനം നല്‍കിയ പാര്‍ട്ടിക്കു 80% ജനങ്ങള്‍ അവിടെ വോട്ടു നല്‍കി. ഒരു മതേതര രാജ്യമായ ഇന്ത്യയിലെ മുസ്ലിംങ്ങള്‍ക്കു പോലും ചിന്തിക്കാന്‍ കഴിയാത്തതാണത്. കാരണം പെണ്ണിനു സ്വത്തവകാശം പകുതി എന്നത് ഖുര്‍ ആനിലെ നിയമമാണ്. ബഹുഭാര്യത്വത്തിനു നിയന്ത്രണം വേണമെന്നു പറയുമ്പൊഴേക്കും തെരുവില്‍ ചോര ചിന്താന്‍ ഇറങ്ങുന്ന സമുദായനേതൃത്വമാണിവിടെയുള്ളത്.

ഏതെങ്കിലും മുസ്ലിം രാജ്യത്ത് ഇസ്ലാം നിയമങ്ങളെ മറി കടന്നുകൊണ്ട് സ്ത്രീകള്‍ വല്ല പുരോഗതിയും കൈവരിച്ചിട്ടുണ്ടെങ്കില്‍ അത് ഇസ്ലാമിന്റെ അക്കൌണ്ടില്‍ വരവു വെക്കുകയും യഥാര്‍ത്ഥ ഇസ്ലാം നിയമങ്ങള്‍ നടപ്പിലാക്കുന്ന രാജ്യങ്ങളിലെ പിന്നക്കാവസ്ഥ ഇസ്ലാമുമായി ബന്ധപ്പെട്ടതല്ല എന്നു സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കാപട്യമാണു നമ്മള്‍ കാണുന്നത്. സൌദിയിലും ഇറാനിലും സ്ത്രീകള്‍ പുറത്തിറങ്ങുകയും ജോലി ചെയ്യുകയുമൊക്കെ ചെയ്യുന്നുവെങ്കില്‍ അവിടെയും ഇസ്ലാം കാലഹരണപ്പെട്ടു തുടങ്ങി എന്നാണു മനസ്സിലാക്കേണ്ടത്. ഇസ്ലാമില്‍ സ്ത്രീയ്ക്കു പുറത്തിറങ്ങാമോ എന്നന്യേഷിക്കേണ്ടത് ഖുര്‍ ആനിലും ഹദീസിലുമാണ്. അതു നമുക്കു വിശദമായി ചര്‍ച്ച ചെയ്യാം. മൌദൂദിയുടെ ഇസ്ലാം തന്നെ ചര്‍ച്ച ചെയ്യാം!

ഇസ്ലാമിന്റെ സിദ്ധാന്തങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള ജിഹാദീ അക്രമങ്ങളും സ്ത്രീകള്‍ക്കു മേലുള്ള കടന്നാക്രമണങ്ങളുമൊക്കെ അമേരിക്കയുടെയും സംഘപരിവാറിന്റെയുമൊക്കെ കുഴപ്പമാണെന്നു വരുത്തി മതത്തിന്റെ മുഖം രക്ഷിക്കാനാണു മറ്റൊരു ശ്രമം. ഇസ്ലാം എത്രത്തോളം അക്രമപ്രേരണ സൃഷ്ടിക്കുന്നുവെന്നു നമ്മള്‍ മുന്‍പു കാര്യകാരണ സഹിതം വ്യക്തമായ പ്രമാണത്തെളിവു സഹിതം ചര്‍ച്ച ചെയ്തതാണ്. അപ്പോഴൊന്നും ഒരക്ഷരവും കമന്റാതെ മൌനം പാലിച്ചവരാണിപ്പോള്‍ പര്‍ദ്ദ യുടെ പിന്നില്‍ മുഖം മറയ്ക്കാന്‍ നോക്കുന്നത്.

ഇവിടെ വന്ന കമന്റുകളില്‍ വിഷയവുമായി ബന്ധമുള്ള എല്ലാ ന്യായവാദങ്ങള്‍ക്കും മറുപടിയുണ്ട്. ഇസ്ലാം സ്ത്രീയെ എങ്ങനെ കാണുന്നു എന്നു വിശദമാക്കുന്ന പോസ്റ്റ് ഉടന്‍ പ്രതീക്ഷിക്കുക. ഞാന്‍ ഒരു മാസക്കാലത്തേക്കു കൂടി അല്‍പ്പം തിരക്കിലാണ്. ചര്‍ച്ച തുടരട്ടെ...!

Wednesday, October 8, 2008

ഇറാനിലെ പര്‍ദ്ദയും സൌദിയിലെ പര്‍ദ്ദയും!

പര്‍ദ്ദയുടെ പ്രത്യയശാസ്ത്രം ചര്‍ച്ച ചെയ്യാന്‍ ആത്മവിശ്വാസമില്ലാത്ത ‘ ഇസ്ലാംവിചാര’ക്കാര്‍ സൌദിയില്‍ നിന്ന് ഇറാനിലേക്കു വണ്ടി കയറുന്നതു കണ്ടപ്പോള്‍ “ഇറാനിലേക്കില്ല” എന്നു ഞാന്‍ പ്രതികരിച്ചിരുന്നു. അതിന്റെ പൊരുള്‍ മനസ്സിലാക്കാതെ എന്നെ പരിഹസിച്ചുകൊണ്ടുള്ള കുറെ കമന്റുകളും കുറിപ്പുകളും വായിക്കാനിടയായി. പര്‍ദ്ദയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ എന്റെ വീക്ഷണങ്ങള്‍ ഞാന്‍ സമഗ്രമായിത്തന്നെ അവതരിപ്പിച്ചതാണ്. ആ കുറിപ്പിലെ പ്രധാന പോയിന്റുകള്‍ വീണ്ടും കമന്റ് രൂപത്തില്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഒന്നിനോടും പ്രതികര്‍ക്കാതെ പിന്നെയും “പര്‍ദ്ദ ധരിച്ച പെണ്ണുങ്ങള്‍ക്ക് ഒന്നിനും തടസ്സമില്ല” എന്നു പറഞ്ഞു കൊണ്ടിരിക്കുകയാണു നമ്മുടെ ഇസ്ലാം സുഹൃത്തുക്കള്‍ .

പെണ്ണുങ്ങള്‍ സ്വയം ഇഷ്ടപ്പെടുന്നതും അവര്‍ക്കു സൌകര്യപ്രദവുമായ ഒരു വസ്ത്രമാണു പര്‍ദ്ദയെങ്കില്‍ അങ്ങനെ കരുതുന്നവര്‍ക്ക് അതു ധരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യേണ്ടതില്ല. ഇവിടെ പ്രശ്നം അതല്ല. ഒരു രാഷ്ട്രം എല്ലാ സ്ത്രീകള്‍ക്കും ഒരു പ്രത്യേക വസ്ത്രധാരണം നിയമപരമായി അടിച്ചേല്‍‍പ്പിക്കുകയും , പോലിസിനെയും പട്ടാളത്തെയും വെച്ച് അതു കര്‍ശനമായി നടപ്പാക്കുകയും ചെയ്യുക എന്നത് എന്തിന്റെ പേരിലായാലും മനുഷ്യാവകാശ ലംഘനം തന്നെയാണ്. വ്യക്തികളുടെ സ്വകാര്യതകളില്‍ ഭരണകൂടങ്ങള്‍ അമിതമായി ഇടപെടുകയും മനുഷ്യ സഹജമായ അഭിരുചികളെയും താല്‍പ്പര്യങ്ങളെയും വെറും അന്ധവിശ്വാസത്തിന്റെ പ്രേരണയാല്‍ ചങ്ങലക്കിട്ടു നിയന്ത്രിക്കുകയുമൊക്കെ ചെയ്യുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ല.
ഇക്കാര്യമാണു ചര്‍ച്ചയില്‍ ഞങ്ങളൊക്കെ ഉന്നയിക്കുന്നത്.

പര്‍ദയിട്ടു പന്തു കളിക്കുന്നില്ലേ?; അതു ധരിച്ചു വിമാനം പറത്തുന്നില്ലേ ; ഒളിമ്പിക്സില്‍ പര്‍ദ്ദയിട്ടു നീന്തിക്കൂടേ?;പര്‍ദ്ദയിട്ടു ബീച്ചു വോളിബോള്‍ കളിക്കാമല്ലോ?; ടെന്നീസ് കളിക്കാന്‍ പര്‍ദ്ദ അഴിച്ചു വെക്കുന്നതെന്തിനാ? ....എന്നിങ്ങനെയുള്ള ചോദ്യങ്ങളൊന്നും അതിനുള്ള മറുപടിയല്ല.

പര്‍ദ്ദയിട്ട കുറേ പെണ്ണുങ്ങള്‍ ബി ബി സി ക്കാരോട് “ഞങ്ങള്‍ക്കൊരു പ്രശ്നവുമില്ല” എന്നു പറഞ്ഞാല്‍ പ്രശ്നം ഇല്ലാതാകുമോ?
സൌദിയിലെ കുറെ സ്ത്രീകള്‍ ചന്തയില്‍ പോകുന്നതിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതുകൊണ്ടു തീരുന്നതാണോ അടിസ്ഥാനപരമായ ഈ മനുഷ്യാവകാശപ്രശ്നം?

“സൌദിയിലെ സ്ത്രീകള്‍ക്കൊരു പ്രശ്നവുമില്ല ; അവര്‍ക്കു ഡ്രൈവിങ്ങ് ലൈസന്‍സു കൊടുക്കുന്നില്ല എന്നതൊഴിച്ചാല്‍ ...” ഒരു സുഹൃത്തിന്റെ കമന്റാണിത്.

അതൊരു പ്രശ്നമല്ലെ? ഒരു സ്ത്രീക്കു വാഹനം ഓടിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും നിയമം അനുവദിക്കുന്നില്ല.
ഒരു സ്ത്രീക്കു യാത്ര ചെയ്യാനിഷ്ടമാണ്. പക്ഷെ നിയമം അതിനു യുക്തിരഹിതമായ നിയന്ത്രണങ്ങല്‍ അടിച്ചേല്‍പ്പിക്കുന്നു.
ഒരു പെണ്‍കുട്ടിക്കു വിദേശത്തു പോയി പഠിക്കണമെന്നുണ്ട്. നിയമം അതനുവദിക്കുന്നില്ല.
ഒരു സ്ത്രീക്കു അന്യരാജ്യക്കാരനായ ഒരാളെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ട്. നിയമം അതിനും തടസ്സം. .
. അങ്ങനെ എണ്ണിയാല്‍ തീരാത്തത്ര പ്രശ്നങ്ങള്‍ ഇസ്ലാമികരാജ്യത്തു ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു സ്ത്രീക്കു നേരിടേണ്ടി വരുന്നു..
സൌദിയില്‍ ഈ അടുത്ത കാലത്ത് ഒരു പ്രത്യേകതരം തല്‍ക്കാലക്കല്യാണം ഉടലെടുത്തതായി ‘മാധ്യമം’ പത്രത്തില്‍ തന്നെ വായിച്ചതോര്‍ക്കുന്നു. വിദേശത്തു പോയി പഠിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍ കുട്ടികള്‍ നിയമപരമായ തടസ്സം മറി കടക്കാനായി പഠനകാലത്തേക്കു മാത്രം സഹപാഠിയായ ഒരാളുമായി ‘മുത് അ‘ വിവാഹത്തിലേര്‍പ്പെടുകയും പഠനം പൂര്‍ത്തിയാക്കി ബന്ധം പിരിയുകയും ചെയ്യുന്നുവത്രേ . ഇതു സൌദിയില്‍ വ്യാപകമാവുന്നു എന്നാണു വായിച്ച വാര്‍ത്തയിലുള്ളത്.[ മുത് അ എന്നല്ല മര്റ്റൊരു പേരാണ്.] പ്രാകൃതവും കാലഹരണപ്പെട്ടതുമായ നിയമങ്ങളില്‍ മതയാഥാസ്ഥിതികര്‍ അള്ളിപ്പിടിച്ചിരിക്കുന്നതിന്റെ ഫലമാണിതൊക്കെ.

ഇറാനിലെ പെണ്ണുങ്ങളുടെ സ്വാതന്ത്രയത്തെ കുറിച്ച് വാചാലമാകുന്നുണ്ട് മറ്റൊരു സുഹൃത്ത്. ഇറാനിലെ ഇസ്ലാമും സൌദിയിലെ ഇസ്ലാമും ഒന്നു തന്നെയെന്നാണു മറ്റൊരു വാദം. ഇസ്ലാമിനെക്കുറിച്ചുള്ള അടിസ്ഥാന ധാരണ പോലുമില്ലാത്തവര്‍ക്കേ ഇതൊക്കെ അംഗീകരിക്കാനാവൂ.

ഇറാനില്‍ സ്ത്രീകള്‍ക്ക് വളരെയേറെ പുരോഗതി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. അതൊന്നും ഇസ്ലാമിന്റെ മഹത്വത്തിനു തെളിവായി കാണാന്‍ പറ്റില്ല. അതി പുരാതനമായ നാഗരിഗത നിലനിന്ന ഭൂപ്രദേശങ്ങളാണ് ഇറാന്‍, ഇറാഖ്, ഈജിപ്ത് മുതലായവ . ഇസ്ലാമിന്റെ ക്രൂരമായ അധിനിവേശം മൂലം ആ സംസ്കൃതികളെല്ലാം തകര്‍ക്കപ്പെടുകയാണുണ്ടായത്. എങ്കിലും അതിന്റെ അവശിഷ്ടങ്ങള്‍ കുറെയൊക്കെ ആ പ്രദേശങ്ങളില്‍ നിലനിന്നു. കൂടാതെ പാശ്ചാത്യവല്‍ക്കരണം വന്‍ തോതില്‍ നടക്കുകയും ജനങ്ങളുടെ സംസ്കാരത്തില്‍ മതാതീതമായ ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

പര്‍ദ്ദയണിയാന്‍ നിയമപരമായ നിര്‍ബ്ബന്ധമുണ്ടെങ്കിലും ഇറാനിലെ സ്ത്രീകള്‍ ഇസ്ലാമിന്റെ മതില്‍ക്കെട്ടിനുള്ളില്‍ പൂര്‍ണ്ണമായും ഒതുങ്ങി ജീവിക്കുന്നില്ല. ഇറാന്‍ ജനതയും ഇസ്ലാമിനെ പല മേഖലകളിലും തള്ളിക്കളഞ്ഞിട്ടുണ്ട്.

ഒരു ഉദാഹരണം മാത്രം ചൂണ്ടിക്കാണിക്കാം. കഴിഞ്ഞതിന്റെ മുന്‍പിലത്തെ പൊതു തെരഞ്ഞെടുപ്പില്‍ ഖാതമിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി അതിന്റെ തെരഞ്ഞെടുപ്പു പത്രികയില്‍ ജനങ്ങള്‍ക്കു മുമ്പില്‍ വെച്ച ഒരു വാഗ്ദാനം , സ്ത്രീകള്‍ക്കും പുരുഷനു തുല്യം സ്വത്തവകാശം നല്‍കാന്‍ നിയമനിര്‍മ്മാണം നടത്തും എന്നതായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ 80% ഇറാന്‍ കാരും ഖാതമിക്കാണു വോട്ടു നല്‍കിയത്. നമ്മുടെ ഇന്ത്യയിലാണ് ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഇങ്ങനെയൊരു വാഗ്ദാനം നല്‍കുന്നതെങ്കില്‍ ആ പാര്‍ട്ടിക്ക് എത്ര മുസ്ലിംങ്ങളുടെ വോട്ടു കിട്ടും? ഖുര്‍ ആനിലെ നിയമത്തെയാണവിടെ ഈ വിധം ജനം തള്ളിക്കളഞ്ഞതെന്നോര്‍ക്കുക. നിയമം ,സൈന്യം തുടങ്ങിയ പ്രധാന മേഖലകളില്‍ മതത്തിന്റെ പിടി മുറുക്കിക്കൊണ്ടുള്ള ഒരു ഭരണഘടനയും സംവിധാനവും നിലനിക്കുന്നതു കൊണ്ടു മാത്രമാണ് ഇറാന്‍ ഇന്നും ഒരു ഇസ്ലാമിക സ്റ്റേറ്റ് ആയി അറിയപ്പെടുന്നത്.


ഇറാന്‍ സിനിമകളില്‍ പെണ്ണുങ്ങള്‍ പര്‍ദ്ദയിട്ട് അഭിനയിക്കുന്നത് കണ്ട് ഊറ്റം കൊള്ളുന്നുണ്ട് നമ്മുടെ ചില ബ്ലോഗ് സുഹൃത്തുക്കള്‍.

.ആ പെണ്ണുങ്ങള്‍ അഭിനയിക്കുക മാത്രമല്ല ഒന്നാംതരം സിനിമകള്‍ സംവിധാനം ചെയ്യുകയും അതു വഴി ആവുന്നത്ര തങ്ങളുടെ ആത്മ സംഘര്‍ഷങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നു. ഇസ്ലാമിന്റെ മതില്‍ കെട്ടിനുള്ളിലെ വീര്‍പ്പുമുട്ടലുകളെ തന്നെയാണു മിക്ക ഇറാനി സിനിമകളും ആവിഷ്കരിച്ചിട്ടുള്ളത്.


മലപ്പുറത്ത് അടുത്ത കാലത്തു നടന്ന ഒരു ഇറാന്‍ ചലച്ചിത്ര മേളയില്‍ സിനിമ കാണാന്‍ എന്റെ സുഹൃത്തുക്കളായ ഏതാനും സോളിഡാരിറ്റിക്കാരും വന്നിരുന്നു. ഓപന്‍ ഫോറം ചര്‍ച്ചയില്‍ എല്ലാവരും സിനിമകളിലെ ഇതിവൃത്തത്തെകുറിച്ചും സാങ്കേതികമികവുകളെകുറിച്ചുമൊക്കെ സജീവമായി ചര്‍ച്ച ചെയ്യുകയുണ്ടായി. എന്നാല്‍ സോളിഡാരിറ്റിക്കാര്‍ ആകെ ശ്രദ്ധിച്ചത് സിനിമയിലെ പെണ്ണുങ്ങളുടെ ഉടുപ്പിന്റെ നീളവും വീതിയുമൊക്കെയായിരുന്നു. അതു പറഞ്ഞ് ഇസ്ലാമിന്റെ പേരില്‍ അവരും ഊറ്റം കൊണ്ടു.

അന്നു പ്രദര്‍ശിപ്പിച്ച ഒരു സിനിമയുടെ ആശയം ചുരുക്കിപ്പറയാം. ഇസ്ലാമും ഇറാന്‍ സിനിമയും തമ്മിലുള്ള ബന്ധം മനസ്സിലാക്കന്‍ അതു സഹായകമാകും.

കഴിഞ്ഞ ഒരു ലോക കപ്പ് ഫുട്ബോളില്‍ ഇറാന്‍ അമേരിക്കയെ തോല്‍പ്പിച്ചിരുന്നു. ഇറാനില്‍ ഫുട്ബോള്‍ ജ്വരം ഇരമ്പി മറിയുകയാണ്. ടെഹ് റാനില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള മത്സരം നടക്കുന്നു. പുരുഷാരം സ്റ്റേഡിയത്തിലേക്ക് ഒഴുകുകയാണ്. കൂട്ടത്തില്‍ മത്സരം കാണാന്‍ ആര്ത്തി പൂണ്ട ഒരു പെണ്‍ കുട്ടി ആണ്‍ വേഷം ധരിച്ച് സംഘാടകരെ കബളിപ്പിച്ച് സ്റ്റേഡിയത്തിലെ ഗ്യാലറിയിലെത്തുന്നു. [പെണ്ണുങ്ങള്‍ക്കു ഫിട്ബോള്‍ സ്റ്റേഡിയത്തില്‍ പ്രവേശനം നിഷിദ്ധമാണ്.] ഗ്യാലറിയില്‍ വെച്ച് അവള്‍ പിടിക്കപ്പെടുന്നു. പോലിസ് അവളെ ഒരു മതില്‍ക്കെട്ടിനകത്തു തടഞ്ഞു വെക്കുന്നു. കളി കാണാന്‍ കഴിയാതെ വിഷമിക്കുന്ന ആ പെണ്‍ കുട്ടിയുടെ ആത്മ സംഘര്‍ഷങ്ങള്‍ മനോഹരമായി സിനിമ വരച്ചു കാട്ടുന്നു. ഒരു പഴുതിലൂടെ ഒരു നോട്ടമെങ്കിലും കാണാനായി അവള്‍ പല സൂത്രങ്ങളും പ്രയോഗിച്ചു നോക്കുന്നുണ്ട്. ടോയ്ലെറ്റില്‍ പോകണ മെന്നാവശ്യപ്പെടുമ്പോള്‍ പോലിസുകാര്‍ വല്ലാതെ കുഴയുന്നു. അവിടെ പെണ്ണുങ്ങള്‍ക്കുള്ള ടോയ്ലെറ്റില്ല. അവസാനം പോലിസ് കാവലില്‍ ആണുങ്ങളുടെ ടോയ്ലെറ്റില്‍ കൊണ്ടു പോകുന്നു അവിടെനിന്നും രക്ഷപ്പെട്ടു കളികാണാന്‍ ശ്രമിക്കുകയും പരാജയപ്പെടുകയും ഒടുവില്‍ കളി കഴിഞ്ഞു വിട്ടയക്കപ്പെടുന്ന പെണ്‍ കുട്ടി വിജയാഹ്ലാദത്തിന്റെ ഘോഷയാത്രയില്‍ എല്ല്ലാം മറന്നു ലയിച്ചു ചേരുന്നു. അവളെ അറസ്റ്റു ചെയ്യാന്‍ വന്ന പോലിസുകാരും പരി‍സരം മറന്ന് അവളോടൊപ്പം ആഘോഷത്തില്‍ പങ്കു ചേരുന്നു.....!


ഈ സിനിമ കണ്ടിറങ്ങിയ ശേഷമാണ് “ കണ്ടില്ലേ ഇസ്ലാമികവേഷം ധരിച്ചും സിനിമയില്‍ അഭിനയിച്ചിരിക്കുന്നു!” എന്നു നമ്മുടെ സോളിഡാരിറ്റിക്കാരന്‍ ആവേശം കൊള്ളുന്നത്.!!

അഫ്ഗാനിസ്ഥാനില്‍ നിന്നും താലിബാന്‍ പോയ ശേഷം പുറത്തു വന്ന ചില സിനിമകളും കാണുകയുണ്ടായി. അതിലൊന്നാണ് ‘ഒസാമ’. ഈ സിനിമയില്‍ കളി കാണാനല്ല, വിദ്യാഭ്യാസം നേടാനാണു പെണ്‍കുട്ടി ആണ്‍ വേഷമണിഞ്ഞ് ആള്‍മാറാട്ടം നടത്തുന്നത്. ! താലിബാന്‍ ഭരണകാലത്ത് പെണ്‍ കുട്ടികള്‍ക്കു പഠനം നിഷേധിക്കപ്പെട്ട പശ്ചാത്തലത്തില്‍ !


ജീവിതം മനുഷ്യനുള്ളതാണ്. അതാസ്വദിക്കാന്‍ ആണുങ്ങളെപ്പോലെ പെണ്ണുങ്ങള്‍ക്കും അവകാശമുണ്ട്. ആസ്വാദനത്തിന്റെ പാരമ്യ മുഹൂര്‍ത്തങ്ങളിലും അതുപോലുള്ള സന്നിഗ്ധ സന്ദര്‍ഭങ്ങളിലുമൊക്കെ മനുഷ്യര്‍ തന്റെ വിശ്വാസങ്ങളെയും ബാലിശമായ പ്രത്യയശാസ്ത്രശാഠ്യങ്ങളെയുമെല്ലാം അറിയാതെ കൈ വെടിയും.

കാലത്തിന്റെ കുത്തൊഴുക്കില്‍ മതം അലിഞ്ഞില്ലാതെയാകുന്നതിന്റെ മറ്റനേകം ഉദാഹരണങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തിലും കാണാവുന്നതാണ്. എന്റെയൊക്കെ കുട്ടിക്കാലത്ത് മുസ്ലിം പെണ്‍ കുട്ടികളെ സ്കൂളില്‍ അയക്കുന്നത് അപൂര്‍വ്വമായിരുന്നു. ഇന്നാ നില മാറി. സന്താനനിയന്ത്രണം കടുത്ത പാപമായി കരുതുന്ന കാലം പോയി. സ്ത്രീകള്‍ വോട്ടു ചെയ്യുന്നതും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും മതവിരുദ്ധമാണെങ്കിലും ഇന്ന് അതൊന്നും വിഷയമല്ലാതായി.

ഖുര്‍ ആന്‍ നിയമപ്രകാരം പെണ്‍ മക്കള്‍ക്കുള്ള അനന്തരാവകാശം ആണുങ്ങളുടെ പകുതിയാണ്. പെണ്‍ മക്കള്‍ മാത്രം അവകാശികളായി ഉള്ളപ്പോള്‍ അവര്‍ക്കു മുഴുവന്‍ സ്വത്തുക്കളും കിട്ടാതെ പോകും. ഒരു മകള്‍ മാത്രമുള്ള പിതാവു മരണപ്പെട്ടാല്‍ അയാളുടെ സ്വത്തിന്റെ പകുതി മാത്രമേ മകള്‍ക്കു കിട്ടൂ. ഒന്നിലധികം പെണ്‍ മക്കള്‍ മാത്രമെങ്കില്‍ മൂന്നില്‍ രണ്ടു ഭാഗം കിട്ടും ബാക്കി സ്വത്ത് അകന്ന ബന്ധുക്കള്‍ക്കു പോകും. ഇതൊക്കെ അല്ലാഹുവിന്റെ നിയമങ്ങളാണ്. പക്ഷേ എത്ര വലിയ ദീനി ഭക്തനാണെങ്കിലും ആണ്‍ മക്കളില്ലെങ്കില്‍ മരിക്കുന്നതിനു മുമ്പേ സ്വത്തുക്കള്‍ മക്കളുടെ പേരില്‍ ഇഷ്ടദാനമായും വില്‍പ്പനയായുമൊക്കെ കൈമാറുന്നതാണു കണ്ടു വരുന്നത്. ജമാ അത്തിന്റെയും മുജാഹിദിന്റെയുമൊക്കെ ഉന്നത നേതാക്കള്‍ തന്നെ ഇപ്രകാരം അല്ലാഹുവിനെ പറ്റിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ എനിക്കു നേരിട്ടറിയാം . എന്റെ കുടുംബത്തില്‍ തന്നെയുണ്ട്.

മക്കളോടുള്ള സ്നേഹത്തിനു മുമ്പില്‍ അള്ളാഹുവിന്റെ മതവും നിയമവും ഒലിച്ചു പോകുന്നു!

ഖുര്‍ ആന്‍ അനുസരിച്ച് സ്ത്രീയുടെ സാക്ഷ്യത്തിനു പുരുഷ സാക്ഷ്യത്തിന്റെ പകുതിയാണു മൂല്യം. ഇവിടെ നൂറു കോടി ജനങ്ങളുടെ ന്യായാന്യായങ്ങളില്‍ അന്തിമ വിധി നല്‍കാന്‍ യോഗ്യത നേടി സുപ്രീം കോടതിയില്‍ ന്യായാധിപസ്ഥാനത്തിരിക്കുന്ന ജസ്റ്റിസ് ഫാതിമാബീവിയും ഇസ്ലാമിന്റെ രാജ്യങ്ങളില്‍ തന്നെ പ്രധാനമന്ത്രിയും പ്രസിഡന്റുമൊക്കെയായി ഭരിച്ച ബേനസീറും കാലിദയുമൊക്കെ ഒരു കോടതിയില്‍ സാക്ഷി പറയാന്‍ പോലും യോഗ്യതയില്ലെന്ന് അല്ലാഹു വിലക്കിയ സ്ത്രീകളാണെന്നു നാം ഓര്‍ക്കണം.
ഇപ്പോള്‍ വീണതു വിദ്യയാക്കി ഇതൊക്കെ ഇസ്ലാമിന്റെ സ്ത്രീസ്വാതന്ത്ര്യത്തിനു ദൃഷ്ടാന്തമാക്കി അവതരിപ്പിക്കുകയാണു നമ്മുടെ മുസ്ലിം ബു ജി കള്‍.!

കാലത്തിന്റെ ഒഴുക്കില്‍ കാലഹരണപ്പെട്ട മതശാസനകള്‍ അലിഞ്ഞു പോവുക സ്വാഭാവികം മാത്രം.

പഴഞ്ചന്‍ വിശ്വാസങ്ങളുടെ ശ്വാസം പിടിച്ചു നിര്‍ത്താന്‍ ഓക്സിജന്‍ ട്യൂബുമായി പരക്കം പായുകയാണു മതനേതാക്കള്‍ .
കാലത്തിനും മനുഷ്യനും വേണ്ടാത്ത ഈ പഴം ചരക്കുകള്‍ക്കു യൂത്തനേഷ്യ [ദയാവധം] കൊടുക്കണമെന്നാണു യുക്തിവാദികള്‍ പറയുന്നത്.

Friday, September 26, 2008

മുസ്ലിം ധാര്‍മ്മിക രോഷം

കേരളത്തില്‍ മുസ്ലിം സമുദായം സാമൂഹികമായോ സാമ്പത്തികമായോ വിദ്യാഭ്യാസപരമായോ പിന്നാക്കമല്ല. വിദ്യാഭ്യാസപരമായി എന്തെങ്കിലും ചില അവശതകളുണ്ടെങ്കില്‍ അതിനു രാഷ്ട്രീയമായ കാരണവുമില്ല.

ഇനി മുസ്ലിം തീവ്രവാദത്തെ കുറിച്ച്. മറ്റേതു മതവിഭാഗത്തിലായാലും ആരെങ്കിലും തെറ്റു ചെയ്യുമ്പോള്‍ ആ മതത്തില്‍ തന്നെയുള്ള കുറേ പേരെങ്കിലും എതിര്‍ക്കാന്‍ മുന്നോട്ടു വരും. മുസ്ലിംങ്ങള്‍ക്കിടയില്‍ ഇതു വിരളമാണ്. ഈ കഴിഞ്ഞ ദിവസം തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ പ്രഗല്‍ഭനായ ഒരു പോലിസ് ഇന്‍സ്പെക്ടര്‍ കൊല്ലപ്പെടുകയും ഒരു ഹെഡ്കോണ്‍സ്റ്റബിളിനു പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ അവിടെ തടിച്ചു കൂടിയ മുസ്ലിം ജനാവലിയുടെ പൊതു വികാരം പോലിസിനും ഗവണ്മെന്റിനും എതിരായിരുന്നു. ഇതെപ്പോഴും ഇങ്ങനെയാണ്. മുസ്ലിം ധാര്‍മ്മികരോഷം എപ്പോഴും അപരന്നെതിരെയാണ്. ഇതു തന്നെയാണ് ഏറ്റവും വലിയ പ്രശ്നവും.വി പി അബ്ദുല്‍ ഖാദര്‍ , ദുബായ്, യു എ ഇ.

[ഇന്നത്തെ മാതൃഭൂമിയില്‍ വന്ന ഒരു കത്താണിത്. ]


വളരെ ശ്രദ്ധേയമായ ഒരഭിപ്രായം എന്നു തോന്നിയതിനാല്‍ ഇവിടെ പോസ്റ്റുന്നു.

Thursday, September 18, 2008

പര്‍ദ്ദയില്‍ പൊതിയപ്പെടുന്ന പ്രത്യയശാസ്ത്രം

സൂര്യനെല്ലിയിലെ പതിനാലു വയസ്സുള്ള ബാലികയെ , തന്റെ അച്ഛന്റെ പ്രായമുള്ളവരും സമൂഹത്തിലെ ഉന്നതസ്ഥാനീയരുമായ പത്തു നാല്‍പ്പതു പേര്‍ കൊണ്ടു നടന്നു കടിച്ചു കീറിയ സംഭവം നാട്ടില്‍ ചര്‍ച്ചയായ സന്ദര്‍ഭത്തിലാണു നമ്മുടെ മുസ്ലിം മാധ്യമങ്ങള്‍ ‘പര്‍ദ്ദക്കെട്ടു’മായി രംഗത്തു വന്നത്. കോഴിക്കോട്ടെ ഐസ്ക്രീം പെണ്‍ വാണിഭം വെളിച്ചത്തു കൊണ്ടു വരാന്‍ സാമൂഹ്യപ്രവര്‍ത്തകരായ ഏതാനും ചുണപ്പെണ്‍കുട്ടികളും അന്നത്തെ പോലീസ് കമ്മീഷണറായിരുന്ന ഒരു വനിതയും സജീവമായി പരിശ്രമിച്ചുകൊണ്ടിരുന്ന വേളയിലാണു ഒരു ജമാ അത്തു നേതാവ് അവരുടെ പത്രത്തിലിപ്രകാരം എഴുതിയത്:-

“പണിശാലകളില്‍നിന്നും ഓഫീസുകളില്‍നിന്നും പൊതുരംഗത്തുനിന്നും സ്ത്രീകളെ മടക്കി വിളിച്ച് പകരം പുരുഷന്മാരെ തല്‍സ്ഥാനങ്ങളില്‍ നിയമിക്കുകയും സ്ത്രീകളെ വീട്ടു കാര്യങ്ങളില്‍ ഒതുക്കുകയും ചെയ്താല്‍ ഒട്ടു വളരെ പ്രശ്നങ്ങള്‍ക്കു പരിഹാരമാകും.” (മാധ്യമം,1998 മാര്‍ച്ച്15)

നാലാം ക്ലാസിനപ്പുറം പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതില്ല എന്നും തുടര്‍ന്നാ പത്രം ഉപദേശിക്കുകയുണ്ടായി.(98 ഏപ്രില്‍ ‍14)

പര്‍ദ്ദ ഒരു ചര്‍ച്ചാവിഷയമാക്കുന്നവരുടെ ഉള്ളിലിരിപ്പ് എന്തെന്നു വ്യക്തമാക്കാനാണു ഞാന്‍ ഇക്കാര്യം ഇപ്പോള്‍ സ്മരിക്കുന്നത്.


പര്‍ദ്ദയണിഞ്ഞുകൊണ്ട് “വിപ്ലവം” നടത്തിയവരുടെയും വിമാനം പറത്തിയവരുടെയും ഒളിമ്പിക്സില്‍ പങ്കെടുത്തവരുടെയുമൊക്കെ ലിസ്റ്റ് നിരത്തിക്കൊണ്ട്, ഈ വസ്ത്രം പുരോഗതിക്കു തടസ്സമല്ല എന്നു സമര്‍ത്ഥിക്കാ‍നാണു പര്‍ദ്ദാനുകൂലികള്‍ ശ്രമിക്കാറുള്ളത്. പര്‍ദ്ദക്കെതിരെ ശബ്ദിക്കുന്നവര്‍ ഒരു വസ്ത്രത്തെയാണു കുറ്റപ്പെടുത്തുന്നത് എന്നു തെറ്റിദ്ധരിപ്പിച്ച് ചര്‍ച്ച മൂന്നു മീറ്റര്‍ തുണിയില്‍ കുരുക്കിയിടാനും പര്‍ദ്ദ പ്രതിനിധാനം ചെയ്യുന്ന ലിംഗദര്‍ശനം ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനുമുള്ള ഗൌളീകൌശലമാണിവിടെ മത മൌലികവാദികള്‍ പയറ്റുന്നത്.

ഇത് ഒരു വസ്ത്രത്തിന്റെ പ്രശ്നമേയല്ല. പാവാടയെകുറിച്ച് ആരും സിമ്പോസിയം നടത്താറില്ല. സാരിയും ചുരിദാറും ആണുങ്ങളുടെ കുപ്പായവും പാന്റ്സുമൊന്നും സംവാദങ്ങള്‍ക്കും സെമിനാറുകള്‍ക്കും വിഷയമാകാറുമില്ല. പര്‍ദ്ദ മാത്രം എന്തുകൊണ്ട് സാമൂഹ്യ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നു...? പര്‍ദ്ദയെ എതിര്‍ക്കുന്നവരെക്കാള്‍ ഈ വിഷയം ചര്‍ച്ചക്കു കൊണ്ടുവരാന്‍ ഇപ്പോള്‍ താല്‍പ്പര്യം കാണിക്കുന്നതും പര്‍ദ്ദാനുകൂലികള്‍ തന്നെയാണ്.

പണ്ട് വീ ടി യും ഇ എം എസും മറ്റും നമ്പൂതിരി സ്ത്രീകളെ അടുക്കളയില്‍നിന്ന് അരംഗത്തെത്തിക്കാന്‍ ‘മറയ്ക്കുട’കള്‍ തല്ലിപ്പൊളിക്കുകയുണ്ടായി. നമ്പൂതിരി യുവാക്കള്‍ കുടുമ വെട്ടുകയും പൂണൂല്‍ കത്തിക്കുകയും ചെയ്ത സംഭവം ചരിത്രത്തില്‍ രേഖപ്പെട്ടു. സ്ത്രീകള്‍ക്കു വെയിലും മഴയും കൊള്ളാതെ സുരക്ഷിതമായി നടക്കാനുള്ള ഒരു ഉപകരണം എന്ന മട്ടില്‍ അന്നാരും മറക്കുടയ്ക്കു ന്യായീകരണം നിരത്തിയിരുന്നില്ല. കുടുമ ഒരു ഹെയര്‍ സ്റ്റൈലിന്റെ പ്രശ്നമായി ആരും അവതരിപ്പിച്ചതായും കേട്ടിട്ടില്ല.

സഹസ്രാബ്ദങ്ങളോളം മനുഷ്യരെ അടിമകളാക്കി ചൂഷണം ചെയ്ത ഒരു സാമൂഹ്യ വ്യവസ്ഥയുടെ അടയാളങ്ങള്‍ എന്ന നിലയ്ക്കാണ് കുടുമയും പൂണൂലും മറയ്ക്കുടയുമൊക്കെ ചരിത്രത്തിന്റെ ശേഷിപ്പായത്.
പര്‍ദ്ദക്കുള്ളില്‍ പൊതിഞ്ഞു കെട്ടി സ്ത്രീയെ സാമൂഹ്യ ജീവിതത്തിന്റെ പുറം ലോകത്തുനിന്നും കരി പിടിച്ച അകത്തളങ്ങളില്‍ കെട്ടിയിടാനാഗ്രഹിക്കുന്ന ആണ്‍കോയ്മാ സംസ്കാരത്തിന്റെ പ്രതീകം എന്ന നിലയ്ക്കു തന്നെയാണ് പര്‍ദ്ദ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. സ്ത്രീകള്‍ വീടുകളില്‍ അടങ്ങിക്കഴിയേണ്ടവരാണെന്നും അവര്‍ പൊതു രംഗത്തിറങ്ങി പ്രവര്‍ത്തിക്കേണ്ടവരല്ല എന്നും ശഠിക്കുന്ന പ്രാകൃത പ്രത്യയ ശാസ്ത്രത്തിന്റെ വക്താക്കള്‍ തന്നെയാണു പര്‍ദ്ദയ്ക്കു വേണ്ടി മുറവിളി കൂട്ടുന്നത്.


കാല്‍ നൂറ്റാണ്ടു മുമ്പ് കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ രണ്ടോ മൂന്നോ ശതമാനം സ്ത്രീകള്‍ മാത്രമേ ബുര്‍ഖയും പര്‍ദ്ദയും ധരിച്ചിരുന്നുള്ളു. എന്നാല്‍ ഇന്നത് 40 ശതമാനത്തോളമായിരിക്കുന്നു. സൌകര്യപ്രദവും സുരക്ഷിതവുമായ ഒരു വസ്ത്രം എന്ന നിലയില്‍ സ്ത്രീകള്‍ സ്വമേധയാ തെരഞ്ഞെടുക്കുന്ന ഒന്നാണതെങ്കില്‍ അതിലാരും പരിഭവിക്കേണ്ടതില്ല. എന്നാല്‍ ഈ മാറ്റത്തിനു പിന്നില്‍ സംഘടിതവും ആസൂത്രിതവുമായ ബോധവല്‍ക്കരണവും അടിച്ചേല്‍പ്പിക്കലും വലിയ തോതില്‍ നടന്നിട്ടുണ്ട് എന്നതാണു വാസ്തവം. മതസ്ഥാപനങ്ങളിലും മതക്കാര്‍ നിയന്ത്രിക്കുന്ന വിദ്യാലയങ്ങളിലും പര്‍ദ്ദ നിര്‍ബന്ധമാക്കി. പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന പെണ്‍ കുട്ടികളെയും ഈ വേഷം ധരിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നു. കേരളത്തിലെ ഇസ്ലാമിക പ്രബോധകര്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലത്തിനിടയ്ക്ക് ഏറ്റവുമധികം ഊര്‍ജ്ജവും സമയവും ചെലവഴിച്ചിട്ടുള്ളത് സ്ത്രീകളുടെ വസ്ത്രധാരണത്തെ അധികരിച്ചുള്ള ബോധവല്‍ക്കരണത്തിനായിരുന്നു.

എന്റെ കുട്ടിക്കാലത്ത് മുസ്ലിം സ്ത്രീകള്‍ കാച്ചും കുപ്പായവുമാണു ധരിച്ചിരുന്നത്. പിന്നീടതു ലുങ്കിയും ഷര്‍ട്ടുമായി. പിന്നെ സാരിയുടുക്കാന്‍ ആരംഭിച്ചതോടെ അവരും പരിഷ്കാരികളുടെ ഗണത്തില്‍ ചേര്‍ന്നു. തുടര്‍ന്നാണു പെണ്‍ കുട്ടികള്‍ക്ക് ഏറെ സൌകര്യപ്രദവും സൌന്ദര്യപ്രദവുമായ ചുരിദാര്‍ രംഗത്തു വന്നത്. സ്വതന്ത്രമായി യാത്ര ചെയ്യാനും തൊഴില്‍ ചെയ്യാനും മാത്രമല്ല സാരിയെ അപേക്ഷിച്ചു ശരീരഭാഗങ്ങള്‍ പൂര്‍ണ്ണമായി മറയ്ക്കാനും സഹായകമായ ഈ വസ്ത്രത്തിനു ജാതിമതഭേദമന്യെ നമ്മുടെ നാട്ടില്‍ പെട്ടെന്നു സ്വീകാര്യത ലഭിച്ചു.

ചുരിദാര്‍ വ്യാപകമാകുന്നതോടെ തങ്ങളുടെ സാമുദായിക ഐഡന്റിറ്റി ഇല്ലാതാകുമോ എന്ന ആശങ്കപ്പെട്ട കുരുട്ടു ബുദ്ധികളായ മതമേലാളരാണ് വളരെ ബോധപൂര്‍വ്വം പര്‍ദ്ദയുടെ പ്രചരണവുമായി രംഗത്തു വന്നത്. അതോടൊപ്പം അതു കച്ചവടം ചെയ്തു പണം കൊയ്യാമെന്നു കണക്കു കൂട്ടിയ ചില ‘ഹൂറുല്‍ ഈന്‍ ’ തട്ടിപ്പുകാരും അവരോടൊപ്പം കൂടി. ഇതാണു പര്‍ദ്ദ വ്യാപകമാകാനും അതു ഫാഷനായിത്തീരാനും കാരണമായത്.


പര്‍ദ്ദ സ്ത്രീക്കു സുരക്ഷിതത്വം ഉറപ്പാക്കുന്നു എന്നാണു അവകാശപ്പെടുന്നത്. “സമൂഹത്തിലെ സ്ത്രീകളുടെ അംഗലാവണ്യം കണ്ടാസ്വദിക്കാന്‍ കാമാതുരമായ കണ്ണുകളുമായി കാത്തിരിക്കുന്നവരില്‍നിന്നും സ്വ ശരീരം മറച്ചു വെക്കണമെന്നു ആഗ്രഹിക്കുന്ന മാന്യകളായ സ്ത്രീകളുടെ രക്ഷാ കവചമാണു പര്‍ദ്ദ.” ഒരു ജമാ അത്തു സഹയാത്രികന്‍ ഒരിക്കല്‍ എഴുതി.

മലപ്പുറം ജില്ലയില്‍ അടുത്ത കാലത്തുണ്ടായ രണ്ടു ബലാത്സംഗ കൊലപാതകങ്ങള്‍ ഈ വാദത്തിന്റെ അര്‍ത്ഥശൂന്യത വെളിപ്പെടുത്തുന്നതാണ്. മങ്കടയിലും കൊണ്ടോട്ടിയിലും ക്രൂരമായ ബലാത്സംഗത്തിനു ശേഷം കൊല്ലപ്പെട്ട രണ്ടു മുസ്ലിം പെണ്‍ കുട്ടികളും ശരീരം പൂര്‍ണമായും മറയുന്ന ‘മാന്യമായ’ വസ്ത്രം ധരിച്ചു മാത്രമേ പുറത്തിറങ്ങാറുണ്ടായിരുന്നുള്ളു. കന്യാസ്ത്രീകള്‍ പോലും ലൈംഗിക പീഡനത്തിനിരയാകുന്നത് പെണ്ണിന്റെ വസ്ത്രത്തിലെ പോരായ്മ കൊണ്ടല്ല; ആണിന്റെ സംസ്കാരത്തിലെ പോരായ്മ കൊണ്ടാണ് !

ജന്തുസഹജമായ വികാരങ്ങള്‍ മനുഷ്യര്‍ക്കുമുണ്ട്. ഉയര്‍ന്ന സാമൂഹ്യബോധമാണ് വികാരങ്ങളെ ഉചിതമായ വിധത്തില്‍ നിയന്ത്രിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. വിശപ്പനുഭവപ്പെട്ടാലുടനെ മുന്നില്‍ കണ്ട ഭക്ഷണസാധനമെടുത്ത് തിന്നുകയല്ല സംസ്കാരസമ്പന്നനായ മനുഷ്യന്‍ ചെയ്യുക. തനിക്കര്‍ഹതപ്പെട്ട ഭക്ഷണം ലഭിക്കുന്നതു വരെ വിശപ്പിനെ അവന്‍ നിയന്ത്രിക്കുന്നു. മലമൂത്ര വിസര്‍ജ്ജനത്തിനുള്ള ശരീരചോദനയുണ്ടായാലുടനെ ആ കൃത്യമങ്ങു നിര്‍വ്വഹിക്കുകയല്ല നാം ചെയ്യുന്നത്. അനുയോജ്യമായ ഒരു ഇടം കണ്ടെത്തും വരെ ആ ചോദനയെ നാം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. കാമവികാരത്തിന്റെ കാര്യത്തിലായാലും ഇതു തന്നെയാണവസ്ഥ. സംസ്കാരമുള്ള മനുഷ്യന്‍ തന്റെ വികാരത്തെ കടിഞ്ഞാണിട്ടു നിയന്ത്രിക്കും. അതിനു കഴിയാത്തവരെ മനോരോഗികള്‍ എന്ന നിലയിലാണു നാം കൈകാര്യം ചെയ്യുക. ഇത്തരം സാമൂഹ്യ നിയന്ത്രണങ്ങള്‍ പാലിച്ചു ജീവിക്കാനുള്ള പരിശീലനമാണു ,പൊതു ധാര്‍മ്മിക വിദ്യാഭ്യാസത്തിലൂടെ നമുക്കു ലഭിക്കുന്നത്, അഥവാ- ലഭിക്കേണ്ടത്.

അതല്ലാതെ കാളകളെ നിയന്ത്രിക്കാന്‍ പശുക്കളെ പൊതിഞ്ഞു കെട്ടി വെക്കണമെന്ന യുക്തി മനുഷ്യത്വത്തിനു ചേര്‍ന്നതല്ല.

ഹോട്ടലിലോ ബേക്കറിയിലോ കയറി ഒരാള്‍ പലഹാരം മോഷ്ടിച്ചാല്‍ ആ കള്ളനെ പിടികൂടി കൈകാര്യം ചെയ്യുന്നതിനു പകരം “കൊതിയൂറും മട്ടില്‍ പലഹാരങ്ങള്‍ പ്രദര്‍ശിപ്പിച്ച് കള്ളനെ പ്രലോഭിപ്പിച്ച” ഭക്ഷണശാലക്കാരെ ആരും കുറ്റപ്പെടുത്താറില്ലല്ലോ. വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ശരീരത്തില്‍ തൂക്കി നടക്കുന്ന സ്ത്രീയുടെ കഴുത്തില്‍ നിന്നും കള്ളന്‍ മാലപൊട്ടിച്ചോടിയാല്‍ അയാളെ പിടി കൂടി പോലീസിലേല്‍പ്പിക്കുകയല്ലാതെ കള്ളനെ പ്രലോഭിപ്പിക്കുംവിധം ആഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ച സ്ത്രീയെ മാത്രം കുറ്റം പറഞ്ഞ് ആരും കള്ളനെ ന്യായീകരിക്കാറുമില്ല.


എന്നാല്‍ പത്തു വയസ്സുള്ള പിഞ്ചു ബാലികയെ അമ്പതു വയസ്സുള്ള മാന്യന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നു കേട്ടാല്‍ പോലും പെണ്‍കുട്ടി വല്ലവിധേനയും അയാളെ പ്രലോഭിപ്പിച്ചുവോ എന്നന്യേഷിക്കാനാണു നമുക്കു താല്‍പ്പര്യം.
കാമാതുരമായ കണ്ണിലൂടെ പെണ്ണിനെ വെറും ഭോഗവസ്തുവായി കാണാന്‍ മാത്രം പരിശീലിച്ച ഒരു അപരിഷ്കൃത സമൂഹമാണു നമ്മുടേത്. പര്‍ദ്ദയെ സംബന്ധിച്ച എല്ലാ ചര്‍ച്ചയിലും മുഴച്ചു നില്‍ക്കുന്നതും ഈ പുരുഷ കോയ്മാ സംസ്കാരം തന്നെയാണ്.

മാന്യതയുള്ള വേഷം എന്നാണു മുസ്ലിം നേതാക്കള്‍ പര്‍ദ്ദയെ പൊതു വേദികളില്‍ വിശേഷിപ്പിക്കാറുള്ളത്. തലമുടി കെട്ടിപ്പൊതിയാത്ത സ്ത്രീ വേഷങ്ങള്‍ക്കൊന്നും മാന്യതയില്ല എന്ന ഈ വ്യംഗ്യപ്രയോഗം മര്യാദ കെട്ടതും മറ്റുള്ളവരെ അവഹേളിക്കുന്നതുമാണ്.
ശരീരമാകെ മൂടി മുഖം മാത്രം പുറത്തു കാട്ടുന്നതിനെ കുറിച്ച് ജമാ അത്താചാര്യനായ മൌദൂതി ചോദിച്ചത്, “വീടിനു ചുറ്റും മതിലു കെട്ടി മുന്നിലെ ഗെയ്റ്റ് മലര്‍ക്കെ തുറന്നിട്ടിട്ടെന്തു പ്രയോജനം?” എന്നാണ്. മുഖം കൂടി മൂടിപ്പൊതിയണമെന്നു സ്ത്രീകളോടു കല്‍പ്പിക്കുന്ന ഈ മതം പക്ഷേ , അടിമസ്ത്രീകളോടു മാറു മറയ്ക്കേണ്ടതില്ല എന്നാണു കല്‍പ്പിച്ചിട്ടുള്ളത്. അടിമസ്തീകള്‍ നിസ്കരിക്കുമ്പോള്‍ പോലും നിര്‍ബ്ബന്ധമായി മറക്കേണ്ട ‘ഔറത്ത്’ കാല്‍മുട്ടിനും പൊക്കിളിനും ഇടയിലുള്ള ഭാഗം മാതം. മാലികി മദ് ഹബുകാര്‍ക്ക് സ്വതന്ത്ര സ്ത്രീയും ഇത്ര മറച്ചാല്‍ മതി.

തലമുടി പോലും നഗ്നതയാണെന്നും അതു മറയ്ക്കാനുപദേശിച്ചതു ധാര്‍മ്മികത നിലനിര്‍ത്താനാണെന്നും വാദിക്കുന്ന മതവക്താക്കള്‍ക്ക് , അടിമപ്പെണ്ണിന്റെ മാറിടം പോലും ഔറത്തല്ല എന്നു വിധിക്കുന്ന മതധാര്‍മ്മികതയെക്കുറിച്ച് എന്താണു പറയാനുള്ളത്?

അറബികളായ സ്ത്രീകളും പുരുഷന്മാരും ശിരോ വസ്ത്രം ധരിച്ചിരുന്നത് മരുഭൂമിയിലെ ചൂടും മണല്‍കാറ്റും ചെറുക്കാനായിരുന്നു. പ്രവാചകപത്നിമാരോട് അവരുടെ ശിരോ വസ്ത്രം മാറിലേക്കു തൂക്കിയിടാനാണു ഖുര്‍ ആന്‍ കല്‍പ്പിച്ചത്. മാറു മറയ്ക്കാന്‍ തുടങ്ങും മുന്‍പേ അറബികള്‍ക്കു ശിരോവസ്ത്രം ഉണ്ടായിരുന്നു എന്നു വ്യക്തം. അതു സദാചാരവുമായി ബന്ധപ്പെട്ട കാര്യമേ ആയിരുന്നില്ല. നമ്മുടെ രാജസ്ഥാനിലെ സ്തീപുരുഷന്മാര്‍ക്കും ശിരോവസ്തമുണ്ടല്ലോ. മരുഭൂമിയിലെ കാലാവസ്ഥ അതനിവാര്യമാക്കുന്നു എന്നതാണു പ്രശ്നം.

അറേബ്യയിലെ തലപ്പാവും തട്ടവും കേരളത്തിലാവശ്യമില്ലത്തതാണെന്നു മനസ്സിലാക്കാനുള്ള സാമാന്യമായ യുക്തിബോധമാണു നമുക്കില്ലാതെ പോയത്.

സ്ത്രീയുടെ തലമുടി പുറത്തു കണ്ടാലുടനെ അവളുടെ മേല്‍ ചാടി വീഴാന്‍ കാത്തിരിക്കുന്നവനാണു പുരുഷന്‍ എന്ന മട്ടില്‍ പലപ്പോഴും പര്‍ദ്ദാചര്‍ച്ചകള്‍ കാടു കയറുന്നതു കണ്ടിട്ടുണ്ട്. മനുഷ്യര്‍ വസ്ത്രം കൊണ്ട് ശരീരം മറയ്ക്കാന്‍ തന്നെ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. കേരളത്തിലെ സ്ത്രീകള്‍ മാറു മറയ്ക്കാന്‍ തുടങ്ങിയത് കേവലം അര നൂറ്റാണ്ടു മുന്‍പു മുതലാണ്. ഇന്നും വസ്ത്രമില്ലാതെയും അല്‍പ്പവസ്ത്രധാരികളായുമൊക്കെ ജീവിക്കുന്ന ഗോത്രവര്‍ഗ്ഗങ്ങള്‍ പലഭാഗത്തുമുണ്ട്. അവിടെയൊക്കെ ഈ ആണുങ്ങള്‍ക്കു ബലാത്സംഗപ്പണിയല്ലാതെ മറ്റൊരേര്‍പ്പാടുമില്ല എന്നാണോ നാം കരുതേണ്ടത്?

ശരീരം കെട്ടിപ്പൊതിയുന്ന സമൂഹത്തില്‍ അതൊളിഞ്ഞു നോക്കാനുള്ള ആര്‍ത്തിയുണ്ടാകുന്നതു സ്വാഭാവികമാണ്. നമ്മുടെ ടൂറിസ്റ്റു ബീച്ചുകളിലും മറ്റും പോയാല്‍ ഇതു ബോധ്യപ്പെടും. വിദേശികളുമായി സദാ ഇടപഴകുന്ന ഗൈഡുകളും കച്ചവടക്കാരുമൊക്കെ കാണിക്കാത്ത ആര്‍ത്തി സന്ദര്‍ശകരായി നാട്ടിന്‍പുറത്തുനിന്നെത്തുന്ന ആളുകള്‍ കാണിക്കുന്നു.

പര്‍ദ്ദയുടെ പിന്നിലെ ലിംഗ ദര്‍ശനം

അടിമസ്ത്രീക്കു ഭര്‍ത്താവുണ്ടെങ്കിലും യജമാനന് അവളെ ഭോഗിക്കാന്‍ അവകാശമുണ്ടെന്നു പ്രഖ്യാപിക്കുന്ന ഖുര്‍ ആന്‍ ആറാം നൂറ്റാണ്ടിലെ ഗോത്ര സംസ്കാരത്തെയാണു പ്രതിനിധാനം ചെയ്യുന്നത്. അടിമസ്ത്രീകളെയും സ്വതന്ത്രസ്ത്രീകളെയും വേര്‍തിരിച്ചറിയാനാണു മതം മൂടുപടം നിര്‍ദേശിച്ചത്. ബഹുഭാര്യത്വത്തിലൂടെയും വെപ്പാട്ടിഭോഗത്തിലൂടെയും താല്‍ക്കാലികകറാറിലൂടെയും അനേകം സ്ത്രീകളുമായി ലൈംഗിക വേഴ്ച്ചയിലേര്‍പ്പെടാന്‍ സമ്പന്നനായ പുരുഷന് അനുവാദമുണ്ട് ഇസ്ലാമില്‍. പുരുഷനു തോന്നുമ്പോള്‍ വിവാഹമോചനം നടത്തുകയും ചെയ്യാം.

പുരുഷനിച്ഛിക്കും പ്രകാരം അവനു കൃഷി നടത്താനുള്ള വിളനിലം മാത്രമാണു സ്ത്രീയെന്ന് ഖുര്‍ ആന്‍ അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. പ്രതിഫലം നല്‍കുന്നതോടെ സ്ത്രീയുടെ ശരീരത്തിലുള്ള എല്ലാ അവകാശവും വില നല്‍കിയ പുരുഷന്റേതായി മാറും. അതോടെ സ്ത്രീ മറ്റൊരാളുടെ സ്വകാര്യസ്വത്തായി മാറുന്നു. രണ്ടു പുരുഷന്മാര്‍ പരസ്പരം കൈ പിടിച്ചു കച്ചവടമുറപ്പിക്കുന്ന ഒരേര്‍പ്പാടാണു ഇസ്ലാമില്‍ വിവാഹം. വധുവിന്റെ സാന്നിധ്യം പോലും ആവശ്യമില്ലാത്ത ഒരു വില്‍പ്പനച്ചടങ്ങ്. പെണ്ണിനു പങ്കാളിത്തമില്ലാത്ത ഒരു ‘വിവാഹം’ ഇസ്ലാമിലല്ലാതെ മറ്റൊരിടത്തുമുള്ളതായി അറിവില്ല !


പുരുഷന്‍ സ്ത്രീയുടെ മേല്‍ അധികാരമുള്ളവനാണെന്നും അവളില്‍നിന്നും അനുസരണക്കേടുണ്ടാകാമെന്നവന്‍ ശങ്കിക്കുന്നുവെങ്കില്‍ അവളെ കിടപ്പറയില്‍ കെട്ടിയിട്ട് പ്രഹരിക്കാനവനധികാരമുണ്ടെന്നും ഖുര്‍ ആനിലെ ‘ദൈവം’പ്രസ്താവിക്കുന്നു.
പൊതുവ്യവഹാരങ്ങളില്‍നിന്നും സ്ത്രീ വിലക്കപ്പെട്ടിരിക്കുന്നു. അവളുടെ സാക്ഷ്യത്തിനു പോലും പാതി മൂല്യമേയുള്ളു. മാതാപിതാക്കളുടെ അനന്തരസ്വത്തിലും കൊല്ലപ്പെട്ടാലുള്ള നഷ്ടപരിഹാരത്തുകയിലും [Blood money] അവള്‍ക്കു പുരുഷന്റെ പകുതിയാണവകാശമുള്ളത്. ഭരണകാര്യങ്ങളില്‍ പെണ്ണിനിടപെട്ടുകൂടാ. പള്ളിപ്രാര്‍ത്ഥനയില്‍ നേതൃത്വം നല്‍കാന്‍ അവള്‍ക്കര്‍ഹതയില്ല.

കുടുംബത്തില്‍ പുരുഷന്റെ അഭാവത്തില്‍ പോലും അവള്‍ക്കു സ്വന്തമായി തീരുമാനമെടുക്കാനവകാശമില്ല. സ്വന്തം മക്കളുടെ രക്ഷാകര്‍തൃത്വം പോലും പിതാവിന്റെ അഭാവത്തിലായാലും അവള്‍ക്കു കൈകാര്യം ചെയ്തുകൂടാ. മക്കളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ അമ്മയ്ക്കു സാധ്യമല്ല. ആണുങ്ങളുടെ മാത്രം ഒരു ലോകമാണു ഇസ്ലാമിന്റേത്.

അപരിഷ്കൃതവും മനുഷ്യത്വഹീനവുമായ ഇത്തരമൊരു ദര്‍ശനത്തിനു മുട്ടുന്യായങ്ങള്‍ നിരത്തുന്ന മൌലികവാദികളാണു പര്‍ദ്ദയ്ക്കു വേണ്ടി ഒച്ച വെക്കുന്നത്. അതു സ്ത്രീയെ മാനസികമായി അടിമപ്പെടുത്താനുള്ള ഒരു ഉപകരണം തന്നെയാണ്. താന്‍ ഒരു ശരീരം മാത്രമാണെന്നും വ്യക്തിത്വവും പൌരത്വവുമുള്ള ഒരു മനുഷ്യജീവിയല്ലെന്നും അവളെ സദാ ഓര്‍മ്മിപ്പിക്കുക എന്നതു തന്നെയാണു പര്‍ദ്ദയുടെ യഥാര്‍ത്ഥ ദൌത്യം.

സര്‍വ്വ മേഖലയിലും മുസ്ലിങ്ങള്‍ പിന്നാക്കാവസ്ഥയിലേക്കു തള്ളപ്പെടാന്‍ കാരണം സ്ത്രീകളോടുള്ള ഈ മതത്തിന്റെ അറു പിന്‍തിരിപ്പന്‍ സമീപനമല്ലാതെ മറ്റൊന്നുമല്ല. പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസവും സ്വയാശ്രയത്വവും നിഷേധിക്കുകയും കൌമാരപ്രായത്തില്‍ അവരെ ഗര്‍ഭവും കുടുംബഭാരവും പേറാന്‍ വിടുകയും ചെയ്യുന്ന ഒരവസ്ഥയ്ക്കു പരിഹാരം കാണാതെ മുസ്ലിം സമുദായത്തിനു പുരോഗതി കൈവരിക്കാനാവില്ല. കുട്ടികള്‍ കുട്ടികളെ പ്രസവിക്കുന്ന ഒരു സമുദായവും ലോകത്തു പുരോഗതി നേടിയിട്ടില്ല.
മക്കളെ പ്രസവിക്കാനും ശാസ്ത്രീയമായ ശിക്ഷണവും സ്നേഹവും പകര്‍ന്ന് അവരെ വളര്‍ത്താനും വേണ്ട ശാരീരികവും മാനസികവുമായ വളര്‍ച്ചയും അറിവും പെണ്‍ കുട്ടികള്‍ക്കു ലഭിക്കും മുമ്പ് അവര്‍ കുഞ്ഞുങ്ങളെ വളര്‍ത്തേണ്ടി വന്നാല്‍ ആ കഞ്ഞുങ്ങള്‍ക്കു പോലും ശരിയായ വിദ്യാഭ്യാസമോ ധാര്‍മ്മികമായ ശിക്ഷണമോ കിട്ടാതെ വരുന്നു. മുസ്ലിം സമുദായത്തില്‍നിന്നു വളരെയേറെ ചെറുപ്പക്കാ‍ര്‍ ക്രിമിനല്‍ കുറ്റവാളികളായി വളര്‍ന്നു വരുന്നതിന്റെ പ്രധാനകാരണമിതാണ്.

പര്‍ദ്ദയണിയിക്കുന്നതിനായുള്ള ബോധവല്‍ക്കരണത്തിന് സമുദായം ചെലവഴിച്ച വിഭവങ്ങളുടെ പത്തിലൊന്നെങ്കിലും സമുദായത്തിന്റെ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനകാരണങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും ചെലവഴിച്ചിരുന്നെങ്കില്‍ ഈ സമുദായമെന്നേ നന്നായിപ്പോയേനേ!

Friday, August 29, 2008

തീറ്റമഹോത്സവം ആരംഭിക്കുകയായി !

റംസാന്‍ ആരംഭിക്കുകയായി.

മലപ്പുറം “തീറ്റമഹോത്സവ”ത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.! മാര്‍ക്കറ്റുകളില്‍ വില കൂടിയ ആഹാരവസ്തുക്കള്‍ നിറഞ്ഞു. പഴങ്ങളും പച്ചക്കറികളും പിന്നെ ലോഡ് കണക്കിനു കോഴികളും ആടുകളും പോത്തുകളും വന്നെത്തി. അറേബ്യന്‍ നാടുകളില്‍ നിന്നും ടണ്‍ കണക്കിനു കാരക്കയും ഇറക്കിക്കഴിഞ്ഞു. ഇനി ‘മാസം’ കാണുകയേ വേണ്ടൂ! ഉത്സവം ആരംഭിക്കാന്‍ .

ചില മതസംഘടനകള്‍ കഴിഞ്ഞ നോമ്പിന്റെ തുടക്കത്തില്‍ പത്രസമ്മേളനം നടത്തി ആവശ്യപ്പെട്ടത് നോമ്പു പ്രമാണിച്ച് പാചകവാതകത്തിന്റെ സബ്സിഡിയും കോട്ടയും വര്‍ദ്ധിപ്പിക്കണം എന്നായിരുന്നു. ടി വി ചാനലുകള്‍ ഇക്കാലമായാല്‍ പ്രധാനസ്പെഷ്യല്‍ പരിപാടിയായി കോഴി പൊരിക്കലും മീന്‍ വറുക്കലും ബിരിയാണി വെക്കലുമൊക്കെ കാണിക്കാന്‍ തുടങ്ങും.

പത്രങ്ങളിലും വിഭവങ്ങളുടെ വൈവിധ്യവും പുതുമയുമൊക്കെ വാര്‍ത്തയാകും.

ഖുര്‍ ആന്‍ ശാസ്ത്രക്കാര്‍ നോംബിന്റെ ശാസ്ത്രീയതയുമായി രംഗത്തു വരും.

അര്‍ദ്ധരാത്രി പോലും മനുഷ്യരെ കിടത്തിയുറക്കാതെ ഉച്ചഭാഷിണി വെച്ചു മതപ്രസംഗവും ഖുര്‍ ആന്‍ ഓത്തും കൊണ്‍ടു ശബ്ദമുഖരിതമാക്കും . ഹോട്ടലുകളെല്ലാം അടച്ചു പൂട്ടി യാത്രക്കാരെയും തൊഴിലാളികളെയും പട്ടിണിയാക്കും. വല്ലവരും ചായക്കടയോ ഹോട്ടലോ തുറന്നു വെച്ചാല്‍ ഇസ്ലാമിക സദാചാരപ്പട അതടിച്ചു പൊളിക്കും. ..
അങ്ങനെ പറയാനൊരുപാടുണ്ട് ഇവിടെത്തെ നോമ്പു വിശേഷങ്ങള്‍ !

കഴിഞ്ഞ സീസണില്‍ ബ്ലോഗിലിട്ട ഒരു പോസ്റ്റ് താല്‍പ്പര്യമുള്ളവര്‍ക്ക് ഒരിക്കല്‍ കൂടി വായിക്കാം:----

നോമ്പിന്റെ ശാസ്ത്രീയത

Sunday, June 22, 2008

ഫാസിസ്റ്റ് ദര്‍ശനം തന്നെ!

‘മതരാഷ്ട്രവാദം’ എന്ന പേരില്‍ ശ്രീ. എം എ കാരപ്പഞ്ചേരി എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഇരുപതോളം ലേഖനങ്ങളില്‍ ഒന്നാണു നാലു ഭാഗങ്ങളായി ഞാനിവിടെ പോസ്റ്റു ചെയ്തത്. വായിക്കുന്നവരുടെയും റ്റൈപ്പു ചെയ്യുന്ന എന്റെയും സൌകര്യം മാനിച്ചാണ് അതു നാലു ഭാഗങ്ങളായി കൊടുത്തത്. ഇടയ്ക്കു വന്ന ചര്‍ച്ച അവഗണിച്ചത് ബോധപൂര്‍വ്വമായിരുന്നു എന്നര്‍ത്ഥം.

ജമാ അത്തെ ഇസ്ലാമി ഇന്ത്യയില്‍ ഒരു വര്‍ഗ്ഗീയ കലാപത്തിലെങ്കിലും പങ്കെടുത്തതിനു തെളിവുണ്ടോ എന്നാണല്ലോ പ്രധാന ചോദ്യം. ഇതേ ചോദ്യം ആര്‍ എസ്സ് എസ്സുകാരും ചോദിക്കാറുണ്ട്. പേരില്‍ പോലും ഹിന്ദുത്വത്തിന്റെ സൂചനയില്ലാത്ത [രാഷ്ട്രീയ സ്വ്യം സേവക...]രും ജമാ അത്ത് പോലെ പുറത്തു പുഞ്ചിരിയും ഉള്ളില്‍ വിഷവും പേറുന്നു എന്നെല്ലാവര്‍ക്കുമറിയാവുന്നതാണ്. ഭൂകമ്പം കൊടും കാറ്റ് സുനാമി എന്നിത്യാദി ദുരന്തങ്ങളുണ്ടാകുമ്പോള്‍ ആദ്യം സേവനസന്നദ്ധരായി ഓടിയെത്തുന്നതും ഇതേ സംഘടനക്കാരായിരിക്കും. അത്തരം പ്രവര്‍ത്തനങ്ങളിലേറ്പ്പെടുമ്പോള്‍ സ്വന്തം കൊടിയും ബാനറുമൊക്കെ പ്രദര്‍ശിപ്പിക്കുന്ന ഇത്തരക്കാരാരും തന്നെ അവരുടെ യഥാര്‍ത്ഥ അജണ്ടയിലെ കര്‍മ്മപരിപാടിക്കിറങ്ങുമ്പോള്‍ കൊടി പിടിക്കുകയോ ബാനര്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാറില്ല. അതിനാല്‍ അവര്‍ക്കതില്‍ പങ്കുണ്ട് എന്നതിനു തെളിവെവിടേ എന്നവര്‍ക്കു ചോദിക്കാനാവും.

ഇപ്പോള്‍ എന്‍ ഡി എഫ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ‘മനുഷ്യാവകാശ സംഘടന’ യും ഇതേ ചോദ്യം ഇടക്കിടെ ചോദിക്കാറുണ്ട്. തെളിവെവിടേ?
എന്‍ ഡി എഫിന്റെ വേരന്യേഷിച്ചു പോയാല്‍ നമുക്ക് മൌദൂദിയിലെത്താന്‍ പ്രയാസമുണ്ടാകില്ല. സിമി യാണല്ലോ ഇവിടെ എന്‍ ഡി എഫായി രൂപാന്തരം പ്രാപിച്ചത്. സിമി ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം തങ്ങളുടെ അജണ്ടയില്‍ ഒളിയും തെളിയും ചേര്‍ത്തു കപടനാടകം കളിക്കാമെന്നു ജമാ അത്തു തീരുമാനിച്ചതോടെയാണു സിമി ജമാ അത്തില്‍നിന്നകന്നത്. അലാഹുവിന്റെ ദീന്‍ സ്ഥാപിക്കാനുള്ള ജിഹാദില്‍ കാപട്യം വേണ്ടതില്ല എന്ന നിലപാടില്‍ സിമി ഉറച്ചു നിന്നു.
എന്‍ ഡി എഫിനു നേതൃത്വം കൊടുക്കുന്ന മഹാന്മാരെല്ലാം തന്നെ ജമാ അത്തുകാരുടെ മതപാഠശാലകളില്‍നിന്നും ‘ദീന്‍ ’ നുകര്‍ന്നവരാണെന്നതും യാദൃഛികമല്ല.
ഇന്ത്യയില്‍ കപട തന്ത്രങ്ങളില്ലാതെ പ്രവര്‍ത്തിക്കാനാവില്ല എന്ന പ്രായോഗിക ബുദ്ധിയാണു ജമാ അത്തിനെ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയുണ്ടാക്കാന്‍ പ്രേരിപ്പിച്ചത്. കാപട്യത്തിന്റെ തോതു വര്‍ദ്ധിപ്പിക്കണമെന്നു തോന്നിയപ്പോള്‍ കേരളത്തില്‍ ഒരു സോളീഡാരിറ്റിയും തട്ടിപ്പടച്ചു.

ഞാന്‍ ജമാ അത്തിനെ വര്‍ഗ്ഗീയ ഫാസിസ്റ്റ് ഗൂഢ സംഘം എന്നു വിശേഷിപ്പിച്ചത് വേണ്ടുവോളം തെളിവുകള്‍ മുന്നില്‍ ഉള്ളതുകൊണ്ടു തന്നെയാണ്.
സോളിഡാരിറ്റിക്കാരുടെ തെരുവുനാടകങ്ങള്‍ വീക്ഷിച്ചല്ല ഞാന്‍ ജമാ അത്ത് എന്താണെന്നു മനസ്സിലാക്കിയത്. കഴിഞ്ഞ പത്തുമുപ്പതു കൊല്ലമായി ആ സംഘടനയുടെ പ്രവര്‍ത്തനങ്ങളെയും അവര്‍ പ്രചരിപ്പിച്ചു പോന്ന ആശയങ്ങളെയും സമഗ്രമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണു അഭിപ്രായം പറഞ്ഞത്.

ജമാ അത്ത് ഇന്ത്യയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമല്ല. ഇന്ത്യന്‍ ജമാ അത്തിനു തന്നെ കാശ്മീരില്‍ സംസ്ഥാന ഘടകമില്ല. കാശ്മീര്‍ പാകിസ്ഥാന്റെ ഭാഗമായാണു ജമാ അത്ത് കാണുന്നത്. അവരുടെ കാശ്മീര്‍ ഘടകത്തിന്റെ ഒഫീസ് പാകിസ്ഥാനിലാണു പ്രവര്‍ത്തിക്കുന്നത്. ആ ഓഫീസില്‍ കെട്ടിയിരിക്കുന്നത് പാക് പതാകയാണ്. സ്വതന്ത്രകാശ്മീരിനായി ജിഹാദ് വിളിക്കുന്ന ഏതാനും ഭീകരര്‍ ഒഴിച്ചാല്‍ കാശ്മീരില്‍ പ്രവര്‍ത്തിക്കുന്ന മിക്ക ഭീകര സൈനിക സംഘങ്ങളും ജമാ അത്തിന്റെ നിയന്ത്രണത്തിലുള്ളതാണ്. കമ്മുണിസ്റ്റു കാരെ വകവരുത്താന്‍ മാത്രമായി ഒരു സൈനിക വിഭാഗം പോലും ജമാ അത്തിനു കാശ്മീരിലുണ്ടത്രേ!

ബംഗ്ലാ ദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങളെ അതിക്രൂരമായി വംശനാശം വരുത്തിയത് ഈ ഭീകര വര്‍ഗ്ഗീയക്കോമരങ്ങളുടെ നേതൃത്വത്തിലാണെന്ന് ആ നാട്ടിലെ മതേതരവാദികളായ നല്ല മനുഷ്യര്‍ പറയുന്നു. തസ്ലീമ നസ്രീന്റെ ‘ലജ്ജ’ ഈ കഥയാണു പറയുന്നത്. തസ്ലീമയോട് ജമാ അത്തിനുള്ള പകയ്ക്കും കാരണം ഇതു തന്നെ.

പാകിസ്ഥാന്റെ ചരിത്രത്തില്‍ നടന്ന ഏറ്റവും നിന്ദ്യമായ മനുഷ്യക്കുരുതി ഈ സംഘത്തിന്റെ ആചാര്യന്‍ നേരിട്ടു നേതൃത്വം നല്‍കിയ അഹമ്മദിയ്യാ വിരുദ്ധ വര്‍ഗ്ഗീയ കലാപമായിരുന്നു. 1953ല്‍ അഹമ്മദിയ്യാ മുസ്ലിം വിഭാഗത്തെ വംശനാശം വരുത്താനുദ്ദേശിച്ചുകൊണ്ടും ഇതരമുസ്ലിം യാഥാസ്ഥികരുടെ പിന്തുണ നേടുന്നതിനുമായി മൌദൂദി നേരിട്ടു നടത്തിയ നരനായാട്ടിന്റെ ചിത്രം ആ സംഭവമന്യേഷിച്ച ജസ്റ്റിസ് മുനീര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ട്. മുനീര്‍ രിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൌദൂദിയെ വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തിരുന്നു. പിന്നീട് ഭരണ അട്ടിമറിയെ തുടര്‍ന്നു രക്ഷപ്പെടുകയാണു ചെയ്തത്. സോളിഡാരിറ്റി നാടകങ്ങള്‍ മാത്രം കണ്ട് ജമാ അത്തിനെ തിരിച്ചറിഞ്ഞ ശുദ്ധാത്മാക്കള്‍ക്കീ ചരിത്രമൊന്നും അറിയണമെന്നില്ല.

ഇന്ന് ലോകമെമ്പാടും നടമാടുന്ന ഇസ്ലാമിക ഭീകരവാദത്തിന്റെയും അക്രമങ്ങളുടെയും പ്രചോദക പ്രത്യയശാസ്ത്രം അന്യേഷിച്ചു നാം ഒരു പഠനം നടത്തിയാല്‍ നമുക്കു മൌദൂദിയില്‍ എത്താന്‍ ഏറെ പ്രയാസപ്പെടേണ്ടി വരില്ല. ഇതെഴുതുമ്പോള്‍ , മൌദൂദിയുടെ പഴയ പ്രഭാഷണങ്ങളുടെ സമാഹാരമായ ‘ഖുതുബാത്തി’ന്റെ യും അദ്ദേഹത്തിന്റെ ഖുര്‍ ആന്‍ വ്യാഖ്യാനമായ ‘തഫ്ഹീമുല്‍ ഖുര്‍ ആനി’ന്റെയും സമാനാശയക്കാരായ യൂസുഫുല്‍ ഖര്‍ളാവി തുടങ്ങിയവരുടെ ഫത്വാ സമാഹാരങ്ങളുടെയും നിരവധി വാള്യങ്ങള്‍ ഉള്‍പ്പെടെ മൌദൂദിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന ഗ്രന്ഥങ്ങളുടെ ഒരു വലിയ ശേഖരം എന്റെ മുമ്പില്‍ ഉണ്ട്. ജമാ അത്തെ ഇസ്ലാമി ഒരു ഫാസിസ്റ്റ് ഭീകരപ്രസ്ഥാനമാണെന്നതിനുള്ള തെളിവുകള്‍ ഈ ഗ്രന്ഥങ്ങളില്‍നിന്നും ഞാന്‍ തുടര്‍ന്നും അവതരിപ്പിക്കാം . കാത്തിരിക്കുക.

Thursday, June 19, 2008

ആട്ടിന്‍ തോലിനുള്ളിലെ യഥാര്‍ത്ഥ ചെന്നായ!

കേരളത്തിലെ മുസ്ലിം ജനസമൂഹത്തിന്റെ രാഷ്ട്രീയ നേതൃത്വം കൈപ്പിടിയിലൊതുക്കുക എന്നതാണു ജമാ അത്തുകാര്‍ ഏറെക്കാലമായി സ്വപ്നം കാണുന്ന മറ്റൊരു ലക്ഷ്യം. മുസ്ലിം ലീഗിന്റെ ജീര്‍ണ്ണതയില്‍നിന്നു വളമൂറ്റിയെടുത്ത് ധൃതഗതിയില്‍ ലക്ഷ്യം നേടാമെന്നു പകല്‍ക്കിനാവു കണ്ടവര്‍ക്കു പക്ഷേ നിരാശപ്പെടേണ്ടി വന്നു. ലീഗിന്റെ തകര്‍ച്ചയില്‍നിന്നു മുതലെടുക്കാന്‍ ഇടതു രാഷ്ട്രീയക്കാര്‍ക്കേ കഴിയൂ എന്ന് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ തെളിയിക്കപ്പെട്ടതോടെ ഏറ്റവുമധികം ഇച്ഛാഭംഗം നേരിട്ടതും ജമാ അത്തുകാര്‍ക്കായിരുന്നു. (അവര്‍ ഈ മണ്ഡലത്തില്‍ വോട്ടു ചെയ്തിട്ടുമില്ല.)

ജമാ അത്തുകാരുടെ രാഷ്ട്രീയമോഹങ്ങള്‍ക്കു പഴക്കമേറെയുണ്ട്. അടിയന്തിരാവസ്ഥക്കാലത്ത് ആറെസ്സെസ്സിനോടൊപ്പം നിരോധിക്കപ്പെട്ട ജമാ അത്തിന് , നേതാക്കള്‍ ജയിലിലടക്കപ്പെട്ടതോടെയാണ് , തങ്ങള്‍ ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇന്ത്യ എന്ന ജനാധിപത്യ മതേതര രാജ്യത്താണെന്ന തിരിച്ചറിവുണ്ടായത്. അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ ആധിപത്യം സ്ഥാപിക്കാന്‍ ജിഹാദ് വിളിച്ചു നടന്നവര്‍ക്ക് ജനാധിപത്യവും മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയുമൊക്കെ സ്വീകാര്യമായത് അന്നു തൊട്ടാണ്.
മതരാഷ്ട്രവാദവും ഭീകരവ്യാഖ്യാനവുമെല്ലാം സംഘടനയുടെ കോര്‍ കേഡര്‍ ഗ്രൂപ്പിലേക്കു പരിമിതപ്പെടുത്തുകയും ,ഒളിയജണ്ടയ്ക്കു പുകമറയൊരുക്കാന്‍ മതേതരവും ദുന്യവിയുമായ പ്രശ്നങ്ങള്‍ തെളിയജണ്ടയില്‍ ഉള്‍പ്പെടുത്തി നാടകം കളിക്കുകയും ചെയ്യുന്ന കേരള ജമാ അത്തിന് പ്രത്യക്ഷ രാഷ്ട്രീയത്തിലേക്കു ചേക്കേറാന്‍ പൂതിയുദിച്ചിട്ടു കാലമേറെയായെങ്കിലും അനുകൂല കാലാവസ്ഥയ്ക്കായുള്ള നീണ്ട കാത്തിരിപ്പ് തുടരുകയാണ്. തങ്ങളുടെ മുന്‍ കാല ചെയ്തികളും തങ്ങള്‍ പ്രചരിപ്പിച്ച മൌദൂദിയന്‍ സാഹിത്യങ്ങളും തന്നെയാണ് ജന സാമാന്യത്തെ ഈ പ്രസ്ഥാനത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്.

ബാബറി സംഭവത്തിന്റെ പശ്ചാതലത്തില്‍ ലീഗിനെ പിളര്‍ത്തി മുതലെടുക്കാന്‍ ജമാ അത്തു നടത്തിയ പ്രയത്നങ്ങള്‍ വൃഥാവിലാവുകയാണുണ്ടായത്. അബ്ദുന്നാസര്‍ മ അദനിയുടെ തീ പറപ്പന്‍ തീവ്ര വാദവും ഐ എസ് എസ് എന്ന ഭീകരസംഘത്തിന്റെ പിറവിയും വളര്‍ച്ചയും ജമാ അത്തിനെ തെല്ലൊന്നംബരപ്പിക്കാതിരുന്നില്ല. അര നൂറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചിട്ടും തങ്ങള്‍ക്കു സാധ്യമാകാത്ത കാര്യം മ അദനിക്കു ഞൊടിയിട കൊണ്ടു സാധ്യമായതിന്റെ രാഷ്ട്രീയ കാലാവസ്ഥയും ജമാ അത്തിനു പ്രയോജനപ്പെടുത്താനായില്ല. അസംതൃപ്തരായ മുസ്ലിം യുവത്വത്തെ വൈകാരികമായി ഉത്തേജിപ്പിച്ചുകൊണ്ടുള്ള മഅദനിയുടെ രംഗപ്രവേശം തെക്കന്‍ കേരളത്തില്‍ മാത്രമല്ല, ലീഗിന്റെ തട്ടകമായ മലബാറിലും ഇടിച്ചു കയറാന്‍ തുടങ്ങിയതോടെ ,സ്വന്തം നിലയില്‍ അവസരം മുതലാക്കാന്‍ കഴിയാതെ ഇച്ഛാഭംഗത്തില്‍ കഴിയുകയായിരുന്ന മൌദൂദുസ്റ്റുകള്‍ മഅദനിക്കു പിന്തുണയുമായി രംഗത്തു വന്നു. ഐ എസ് എസ്സിന്റെ തീവ്രവാദം നാടിനും സമുദായത്തിനും ആപത്താണെന്നു ലീഗുകാര്‍ പറയാന്‍ തുടങ്ങിയതോടെ മഅദനിക്കു പ്രതിരോധം തീര്‍ത്തുകൊണ്ട് ജമാ അത്തു പത്രവും പ്രസിദ്ധീകരണങ്ങളും തീവ്രവാദത്തെ ന്യായീകരിക്കാന്‍ അച്ചു നിരത്തി. എന്നാല്‍ ജമാ അത്തിനെ മുഖവിലയ്ക്കെടുക്കാന്‍ മഅദനി തയ്യാറല്ലായിരുന്നു.

ഐ എസ് എസ് പിരിച്ചു വിടുകയും മഅദനീ പ്രതിഭാസം കെട്ടടങ്ങുകയും ചെയ്തതോടെ സുലൈമാന്‍ സേഠുവിനെ കരുവാക്കി മറ്റൊരു രാഷ്ട്രീയക്കളിക്കും ജമാ അത്തുകാര്‍ കരുക്കള്‍ നീക്കി. മൌദൂദിസത്തിന്റെ ചൂരും മണവും തിരിച്ചറിഞ്ഞിരുന്നതിനാല്‍ സേഠുവും ഇക്കൂട്ടരെ വേണ്ടത്ര വിശ്വാസത്തിലെടുത്തില്ല. സേഠു രാഷ്ട്രീയവും ക്ലച്ചു പിടിക്കാതെ പോയി.

എല്ലാ അടവും പൊളിഞ്ഞ് ഒടുവിലിതാ പത്തൊമ്പതാമത്തെ അടവെന്നോണം കൂത്തും കൂടിയാട്ടവുമൊക്കെയായി സോളിഡാരിറ്റിപ്പടയെ തെരുവിലിറക്കിയിരിക്കുന്നു. കാത്തിരുന്നു കാണുക.

ഹുകൂമത്തും ഇഖാമത്തും തൌഹീദും ശിര്‍ക്കുമൊക്കെ മാറ്റിവെച്ച് പ്ലാച്ചിമടയും കൊക്കൊക്കോലയും എക്സ്പ്രസ് വേയുമൊക്കെ മുഖ്യ വിഭവങ്ങളാക്കി ഒരു പൂഴിക്കടകന്‍ കൂടി പയറ്റി നോക്കുകയാണ് ഈ വര്‍ഗ്ഗീയ മൌലികവാദികള്‍ .തീവ്ര ഇടതു ബുദ്ധിജീവികളെ വേദികളിലും ജിഹ്വകളിലും അണി നിരത്തി മുതലാളിത്ത സാമ്രാജ്യത്വ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ തങ്ങളുമുണ്ട് കൂടെയെന്ന് ബോധ്യപ്പെടുത്തിയാല്‍ നിന്നു പൊറുക്കാന്‍ ഇടം കിട്ടുമെന്ന ഇക്കൂട്ടരുടെ വ്യാമോഹവും കേരളത്തില്‍ കതിരണിയാന്‍ പോകുന്നില്ല.
മുസ്ലിം വികാരം പ്രതിഫലിക്കുന്ന ഒരു പത്രം കയ്യിലുണ്ട് എന്നതു മാത്രമാണ് ജമാ അത്തിനു നേട്ടമായി പറയാനുള്ളത്. സ്വാധീനമുള്ള ഒരു പത്രം കയ്യിലുണ്ടായിട്ടും നാലാളുടെ പിന്തുണയുള്ള ഒരു രാഷ്ട്രീയപ്രസ്ഥാനമായി മാറാന്‍ ജമാ അത്തെ ഇസ്ലാമിക്കു കഴിഞ്ഞിട്ടില്ല. അവരുടെ മുന്‍ കര്‍മ്മങ്ങള്‍ തന്നെ കാരണം. മൌദൂദിയുടെ പ്രേതാത്മാവ് ജമാ അത്തു ശരീരം വിട്ടു പോകാത്തേടത്തോളം കാലം കേരളത്തില്‍ അവരുടെ പൂതി പുലരാന്‍ പോകുന്നില്ല.

മൌദൂദിയന്‍ ദര്‍ശനം എത്രമാത്രം മനുഷ്യത്വ വിരുദ്ധവും ജനാധിപത്യനിഷേധപരവുമാണെന്നതിനു കൂടുതല്‍ തെളിവുകള്‍ തുടര്‍ന്നും വായിക്കാം.

കേരളത്തില്‍ അവര്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാക്കിയിട്ടില്ല എന്നതുകൊണ്ട് മാത്രം ജമാ അത്തെ ഇസ്ലാമി എന്ന ‘ആഗോള’ഇസ്ലാമികപ്രസ്ഥാനം വര്‍ഗ്ഗീയതയും മതാ‍ന്ധതയും ഇല്ലാത്ത പുരോഗമന പ്രസ്ഥാനമാണെന്നു പറയാനാകുമോ? പാകിസ്ഥാനിലും ബംഗ്ലാദേശിലും കാശ്മീര്‍ സംസ്ഥാനത്തും ഉത്തരേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുമൊക്കെ ഇവര്‍ എന്താണു ചെയ്യുന്നത് എന്നു കൂടി പരിശോധിക്കുമ്പോഴാണ് ആട്ടിന്‍ തോലിനുള്ളിലെ യഥാര്‍ത്ഥ ചെന്നായയെ നമുക്കു തിരിച്ചറിയാനാവുക.

Monday, June 2, 2008

ജമാ അത്തു കാരുടെ പുരോഗമന നാട്യം! 3

കാശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചും , ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത മൌലികവാദ നിലപാടുകള്‍ സ്വീകരിച്ചും തങ്ങളുടെ വിശ്വരൂപം പുറത്തു കാട്ടുന്ന ‘ഇസ്ലാമികപ്രസ്ഥാനം’ ഈ മലയാളക്കരയില്‍ മാത്രം ഉല്പതിഷ്ണുത്വത്തിന്റെ ലക്ഷണം പ്രകടമാക്കുന്നതിന്റെ പശ്ചാത്തലം ഊഹിക്കാവുന്നതേയുള്ളു.

നവോത്ഥാനത്തിന്റെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും സ്വാധീനഫലമായി സമഗ്രമായ സാമൂഹ്യപരിവര്‍ത്തനത്തിനു വിധേയമായ മണ്ണാണു കേരളത്തിന്റേത്. പരിമിത തോതിലെങ്കിലും മുസ്ലിം സമുദായത്തിലും ചിന്താപരിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. മതനിരപേക്ഷമായ ഒരു പൊതു മണ്ഡലമാണു കേരളത്തെ വടക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നത്. ഇടതുപക്ഷ ആശയങ്ങള്‍ക്കു വേരോട്ടമുള്ള മലയാളി മനസ്സില്‍ സങ്കുചിതമായ വര്‍ഗ്ഗീയ ചിന്തകള്‍ക്കുള്ള സ്ഥാനം താരതമ്യേന ചെറുതാണ്. ഈ സാമൂഹ്യ പശ്ചാത്തലത്തില്‍ ജമാ അത്തെ ഇസ്ലാമി പോലുള്ള ഒരു ഫാസിസ്റ്റ് വര്‍ഗ്ഗീയ സംഘടനയ്ക്കു അതിന്റെ തനത് ആശയങ്ങളുമായി പ്രത്യക്ഷപ്പെടാന്‍ ബുദ്ധിമുട്ടു നേരിടുക സ്വാഭാവികം മാത്രം.
മൌദൂദി സാഹിത്യങ്ങളുമായി കഴിഞ്ഞ അഞ്ചാറു പതിറ്റാണ്ട് ‘പ്രബോധനം’ നടത്തിയിട്ടും മുസ്ലിം സമുദായത്തിനകത്തു പോലും കാര്യമായ സ്വാധീനം നേടാന്‍ ഈ പ്രസ്ഥാനത്തിനു സാധ്യമായിട്ടില്ല. ഇതര സമുദായങ്ങളെ ആകര്‍ഷിക്കാന്‍ മൌദൂദിയന്‍ തീവ്രവാദം ഒട്ടും പര്യാപ്തവുമല്ല. അടവും തന്ത്രവും മാറി മാറി പ്രയോഗിക്കാന്‍ മൌദൂദിസ്റ്റുകളെ പ്രേരിപ്പിച്ച സാഹചര്യം ഇതാണ്.


വ്ദ്യാഭ്യാസം നേടിയ മുസ്ലിം ചെറുപ്പക്കാരെ ,പുരോഗമനപ്രസ്ഥാനങ്ങളിലേക്കും ഭൌതികാദര്‍ശങ്ങളിലേക്കും ആകര്‍ഷിക്കപ്പെടാതെ , മതവൃത്തത്തില്‍ തടഞ്ഞു നിര്‍ത്തുന്നതിനും മൌദൂദിയുടെ ഭീകരവാദം കൊണ്ടു പ്രയോജനമില്ലെന്നും ആകര്‍ഷകമായ ‘മതേതര’ മുദ്രാവാക്യങ്ങള്‍ കടം കൊള്ളേണ്ടത് അനിവാര്യമാണെന്നും വളരെ വൈകിയാണെങ്കിലും ജമാ അത്തുകാര്‍ തിരിച്ചറിഞ്ഞു. കേരളത്തിലെ ഇടതുപക്ഷതീവ്രവാദികളുടെ തന്നെ മുദ്രാവാക്യങ്ങള്‍ കയ്യിലെടുത്തു പയറ്റാന്‍ ഇവര്‍ തയ്യാറായതങ്ങനെയാണ്.
മുസ്ലിം വൃത്തത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം കേരളത്തിലെ സാംസ്കാരിക പൊതുമണ്ഡലങ്ങളില്‍ കൂടി ഇടിച്ചു കയറാനും മാന്യമായ ഒരിടം പൊതു വേദികളിലും മാധ്യമങ്ങളിലും തരപ്പെടുത്താനും ഇത്തരം പ്രവര്‍ത്തനങ്ങളും മുദ്രാവാക്യങ്ങളും സഹായകമാകുമെന്നും അവര്‍ കണക്കു കൂട്ടി. ഇതിനകം തന്നെ തങ്ങള്‍ക്കു ചാര്‍ത്തിക്കിട്ടിയ , മതതീവ്രവാദത്തിന്റെ അപമുദ്രയും മുഖവൈകൃതവും പൊതുവേദികളിലെ നിരന്തര സാന്നിധ്യം കൊണ്ടു മറച്ചുപിടിക്കാനാവുമെന്നും ജമാ അത്തുകാര്‍ മനസ്സിലാക്കി. ആര്‍ .എസ്. എസ് നു ബദലായി മുസ്ലിംങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന തീവ്ര വര്‍ഗ്ഗീയ ഫാസിസ്റ്റു ഗ്രൂപ്പായി ഇന്നലെ വരെ അറിയപ്പെട്ടിരുന്ന ഒരു വിഭാഗം അങ്ങനെ ഇടതു പുരോഗമന വൃത്തങ്ങളില്‍ ഉത്പതിഷ്ണുക്കളായും സമുദായ പരിഷ്കര്‍ത്താക്കളായും തെറ്റിദ്ധരിക്കപ്പെട്ടു തുടങ്ങി. രാഷ്ട്രീയ രംഗത്തു ഇടതു പക്ഷത്തെ അനുകൂലിക്കുന്നു എന്ന മിഥ്യാധാരണയുളവാക്കാനായി ചില സന്ദര്‍ഭങ്ങളില്‍ ഇക്കൂട്ടര്‍ നടത്തിയ കരണം മറിച്ചിലുകള്‍ ഈ ധാരണക്കാക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഇവരുടെ പ്രഥമവും പ്രധാനവുമായ ഉന്നം കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തെ ദുര്‍ബ്ബലപ്പെടുത്തുക എന്നതാണ്. ശുദ്ധഗതിക്കാരായ ഇടതു നേതാക്കള്‍ക്കിതു ഇനിയും മനസ്സിലാകാനിരിക്കുന്നതേയുള്ളു.


പുരോഗമനപ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും തങ്ങളുടെ മതമൌലികനിലപാടുകള്‍ക്കു നേരെ മുന്‍ കാലങ്ങളിലുണ്ടായിരുന്ന പോലെയുള്ള എതിര്‍പ്പും വിമര്‍ശനങ്ങളും ഉയര്‍ന്നു വരാതിരിക്കാനും അവരുമായുള്ള ചങ്ങാത്തഭാവം സഹായകമാകുമെന്നും ജമാ അത്തുകാര്‍ ദീര്‍ഘദര്‍ശനം ചെയ്തു. നേരിട്ടെതിരിടുന്നതിനു പകരം തോളിലിരുന്നു നക്കിക്കൊല്ലാമെന്നവര്‍ മനപ്പായസമുണ്ണുകയാണ്.
തുടരും...

Saturday, May 17, 2008

ജമാ അത്തെ ഇസ്ലാമിയുടെ കാപട്യങ്ങള്‍ -ഭാഗം 2

മതം വിട്ടു പോകുന്നവനെ മാത്രമല്ല ജമാ അത്ത് വിട്ടു പോകുന്നവനെപ്പോലും വധിക്കണമെന്ന ആചാര്യന്റെ ഫത് വ മറച്ചുവെച്ച് മനുഷ്യാവകാശ സംരക്ഷകരുടെ വേഷം കെട്ടിയിരിക്കുകയാണ് ഇവിടെ ജമാ അത്തുകാര്‍. അന്യ മതക്കാരുടെ കയ്യില്‍നിന്നും അധികാരവും അവകാശവും പിടിച്ചെടുത്ത് അവരെ കശാപ്പു ചെയ്യുകയോ അടിമകളാക്കുകയോ ചെയ്യലാണു സത്യവിശ്വാസികളുടെ ഏകമാത്ര ജീവിതലക്ഷ്യം എന്നു പഠിപ്പിക്കുന്ന മൌദൂദിയുടെ ഫാസിസ്റ്റ് ദര്‍ശനം പുറത്തെടുക്കാതെ മതമൈത്രിക്കു ജാഥയും തെരുവുനാടകവും നടത്തുകയാണു സോളിഡാരിറ്റിക്കാര്‍ . ഇസ്ലാമിക ഭരണമില്ലാത്ത രാജ്യങ്ങളില്‍ സര്‍ക്കാര്‍ ജോലി പോലും സ്വീകരിക്കരുതെന്നുപദേശിച്ച മൌദൂദിയന്‍ ദര്‍ശനത്തിന്റെ കാവല്‍ക്കാര്‍ തന്നെയാണിവിടെ നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോറ്ട്ടിനെ പോസ്റ്റു മോര്‍ട്ടം നടത്തുന്നത്.


‘പാശ്ചാത്യരുടെ പിഴച്ച ചിന്തകള്‍ ’ എന്ന് ആചാര്യന്‍ വിധിയെഴുതിയ ജനാധിപത്യവും മതനിരപേക്ഷതയും സ്ത്രീപുരുഷ സമത്വവുമൊക്കെ സംരക്ഷിക്കാനും പ്രചരിപ്പിക്കാനും ഇവിടെ മറ്റാരെക്കാളും മുമ്പില്‍ സോളിഡാരിറ്റിയുണ്ട്. പെണ്ണുങ്ങള്‍ സ്ക്കൂളില്‍ പഠിക്കുന്നതേ അബദ്ധം എന്നു പറഞ്ഞ മൌദൂദിയുടെ അനുയായികള്‍ സ്ത്രീ വിദ്യാഭ്യാസത്തിനെതിരല്ല തങ്ങളെന്നു തെറ്റിദ്ധരിപ്പിക്കാന്‍ ഒരു വശത്തു ശ്രമിക്കുമ്പോള്‍തന്നെ ഒളിഞ്ഞും മറഞ്ഞും സ്ത്രീ വിദ്യാഭ്യാസ്ത്തിനെതരെ പേനയേന്തുകയാണു ജമാ അത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ .മുഖം പോലും തുറന്നിടരുതെന്നും വീടു വിട്ടു പുറത്തിറങ്ങരുതെന്നും സ്ത്രീകളോടു കല്‍പ്പിക്കുന്ന മൌദൂദി അടിമത്തത്തെ എതിര്‍ക്കുന്നവരെ പോലും ശക്തിയായി വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്യുന്നുണ്ട്. ആറാം നൂറ്റാണ്ടിലെ ഒരു അറബി പുരുഷന്റെ മനസ്സുകൊണ്ട് ലോകത്തെയും ജീവിതത്തെയും നോക്കിക്കാണുന്ന ഒരു ഒരു വികൃതമനസ്സിന്റെ ഉടമയാണു മൌദൂദി. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെ ഭാഗികമായിപ്പോലും തള്ളിപ്പറയാന്‍ ഇതു വരെ ജമാ അത്തുകാരോ സോളിഡാരിറ്റിക്കാരോ തയ്യാറായതായി കണ്ടിട്ടില്ല.

സത്യവിശ്വാസികളായ സജ്ജനങ്ങളുമായല്ലാതെ ഭൌതികവാദികളായ മാര്‍ക്സിസ്റ്റുകളുമായി കുടുംബ ബന്ധം പോലും പാടില്ലെന്നു വിലക്കുന്ന ഫത് വകളും ഖുത്ബകളും IPHന്റെ അലമാരകളില്‍ അട്ടിയിരിക്കെ , കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളുമായി സാംസ്കാരിക കൂട്ടുമുന്നണിയുണ്ടാക്കി ഇവര്‍ നടത്തുന്ന ഒളിനാടകങ്ങള്‍ ആരെ കബളിപ്പിക്കാനാണ്? കമ്യൂണിസ്റ്റുകാരുടെ ഫോട്ടൊ സൂക്ഷിക്കുന്നതു പോലും ഹറാമാണെന്നു വിധിക്കുന്ന ഫത് വകള്‍ ജമാ അത്തു സാഹിത്യങ്ങളില്‍ ഇന്നും സുലഭമാണ്. മൌദൂദി ദര്‍ശനമനുസരിച്ച് ഒന്നാം ശത്രു കമ്മ്യൂണിസ്റ്റും രണ്ടാം ശത്രു ക്രിസ്ത്യാനിയുമാണ്. ശിര്‍ക്കിന്റെ മതമായ ഹിന്ദു മതത്തിനു പോലും മൌദൂദിയുടെ കരിമ്പട്ടികയില്‍ മൂന്നാം സ്ഥാനമേയുള്ളു. !

സോഷ്യലിസത്തോട് അദ്ദേഹത്തിനു പുച്ഛമാണ്. ഹിറ്റ്ലര്‍ ‍-മുസ്സോളിനിമാരുടെ നാസിപ്പടയും സ്റ്റാലിന്റെ ഭരണ സംവിധാനവുമൊക്കെ മാതൃകയാക്കണമെന്നാണു മൌദൂദി പറഞ്ഞു വെച്ചിട്ടുള്ളത്. ജനാധിപത്യമെന്ന മനുഷ്യനിര്‍മ്മിത വ്യവസ്ഥയെ നിന്ദിച്ചും പരിഹസിച്ചും മൌദൂദി കുറിച്ചിട്ട വരികള്‍ ഇന്നും ജമാ അത്തുകാര്‍ വിറ്റു കാശാക്കുന്നുണ്ട്.
സംഗീതവും ചിത്രകലയും ശില്‍പ്പവും നാടകാഭിനയവുമെന്നു വേണ്ട മനുഷ്യമനസ്സിന്‍ ആര്‍ദ്രതയേകുന്ന സൌന്ദര്യസങ്കല്‍പ്പങ്ങളെല്ലാം നിഷിദ്ധമാക്കുന്ന ഒരു വരണ്ട തത്വശാസ്ത്രമാണ് മൌദൂദി പരിചയപ്പെടുത്തുന്ന ഇസ്ലാം. മൌദൂദിയന്‍ ഇസ്ലാമിന്റെ പ്രായോഗിക രൂപങ്ങളാണു നമ്മള്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകാലത്തു കണ്ടത്.

എന്നാല്‍ സ്വന്തം ആചാര്യന്‍ ഹറാമാക്കിയതെല്ലാം ഹലാലാക്കി അവതരിപ്പിച്ചുകൊണ്ട് സമൂഹത്തിലെ സഹൃദയരെയും ശുദ്ധഗതിക്കാരെയും കബളിപ്പിക്കാനുള്ള അടവു തന്ത്രമാണ് ജമാ അത്തുകാര്‍ ഇന്നു തെരുവില്‍ അവതരിപ്പിക്കുന്നതെല്ലാം. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പരിഷത്തുകാരും പുരോഗന്മന കലാ സാഹിത്യ സംഘടനക്കാരുമൊക്കെ തെരുവിലവതരിപ്പിച്ചിരുന്നതും മടുപ്പു തോന്നി ഏതാണ്ടിക്കാലത്ത് ഉപേക്ഷിച്ചതുമായ തെരുവു നാടകങ്ങളും വിപ്ലവഗാനങ്ങളുമൊക്കെയാണിന്ന് സോളിഡാരിറ്റിക്കാരുടെ കലാപരിപാടികള്‍. സൂര്യ കൃഷ്ണമൂര്‍ത്തി സ്റ്റൈലിലുള്ള ശബ്ദവെളിച്ച പ്രദര്‍ശനം വരെ ഉപയോഗിച്ചാണിന്ന് ജമാ അത്തുകാരുടെ പ്രചാരണം. സംഗീതം പൈശാചികമായിരുന്നവര്‍ക്ക് ഇന്നു സിനിമയും ടീവിചാനലുമൊക്കെ ആലോചനാവിഷയങ്ങളാണത്രേ! ജമാ അത്തിനു നേരിട്ടാകുമ്പോള്‍ ഹറാമാകുന്നതൊക്കെ സോളീഡാരിറ്റിയാകുമ്പോള്‍ ഹലാലായിക്കിട്ടും എന്നതാണു ജമാ അത്തിന്റെ നവയുക്തി!

തിബറ്റിലെ ബുദ്ധമതക്കാര്‍ക്ക് ജന്തുക്കളെ കൊല്ലല്‍ ഹറാമാണ്. എന്നാല്‍ അവരുടെ പ്രധാന ഭക്ഷണം പട്ടിയിറച്ചിയും പന്നിയിറച്ചിയുമാണ്. കൊല എന്ന പാപത്തില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ ഒരു സൂത്രം പ്രയോഗിക്കുന്നു. ഓരോ ഗ്രാമത്തിലും ഒരു കുടുംബത്തെ വീതം മതത്തില്‍നിന്നും ഭ്രഷ്ട് കല്‍പ്പിച്ചു ‘പുറത്താക്കും’ . അവരെ അറവുജോലി ഏല്‍പ്പിക്കുകയും ചെയ്യും. ഇത് പരസ്പരധാരണയോടെയുള്ള ഒരു ഏര്‍പ്പാടാണ്. ഇതേ യുക്തിയുപയോഗിച്ചാണു ജമാ അത്തെ ഇസ്ലാമി സോളിഡാരിറ്റിയുണ്ടാക്കിയിരിക്കുന്നതും!

വേഷം കെട്ടലും നാടകമാടലും മതവിരുദ്ധമായിട്ടും ജമാ അത്തുകാര്‍ തെരുവുനാടകം കളിക്കുന്നതിന്റെ പൊരുളെന്ത്? തൊട്ടുകൂടാത്തോരും തീണ്ടിക്കൂടാത്തവരുമെന്ന് ആചാര്യന്‍ വിധിയെഴുതിയ കമ്മ്യൂണിസ്റ്റുകാര്‍ എങ്ങനെ ഇസ്ലാമികപ്രസ്ഥാനക്കാരുടെ മിത്രങ്ങളായി? താഗൂത്തി വ്യവസ്ഥയുടെ കയ്യാളുപണിയും തെരഞ്ഞെടുപ്പെന്ന കൊടും ‘ഫിത്ന’യുമൊക്കെ പുതിയ കാലത്തു സ്വീകാര്യമായിത്തുടങ്ങിയതെന്തുകൊണ്ട്? മൌദൂദി സ്ഥാപിച്ച മതപ്രസ്ഥാനത്തിന്റെ കര്‍മ്മപദ്ധതിയിലോ രേഖകളിലോ ഇല്ലാത്തതും ജമാ അത്തിന്റെ ആദര്‍ശലക്ഷ്യങ്ങളുമായി വിദൂര ബന്ധം പോലും ഇല്ലാത്തതുമായ ‘ദുന്യവീ’ കാര്യങ്ങള്‍ അജണ്ടയിലെ മുഖ്യവിഭവങ്ങളായി പ്രത്യക്ഷപ്പെടുന്നതിന്റെ രഹസ്യമെന്ത്? സര്‍വ്വോപരി ജമാ അത്തിന്റെ ഇത്യാദി പുതുവേഷങ്ങളൊക്കെ ഈ കൊച്ചു മലയാളക്കരയില്‍ മാത്രം കാണപ്പെടുന്നതിന്റെ ഗുട്ടന്‍സെന്ത്?



ജമാ അത്തെ ഇസ്ലാമി അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍നിന്നെല്ലാം മാറി; അതിന്റെ തനതു നയപരിപാടികളെല്ലാം പാടേ ഉപേക്ഷിച്ച്; സാമാന്യം തരക്കേടില്ലാത്ത ഒരു പുരോഗമന നവീകരണപ്രസ്ഥാനമായി സ്വയം പരിണമിച്ചതാണോ? ശുദ്ധഗതിക്കാരായ കുറച്ചു പേരെങ്കിലും അങ്ങനെ ധരിച്ചു വശായിട്ടുണ്ടെങ്കില്‍ അവരെ കുറ്റപ്പെടുത്തിക്കൂടല്ലോ.


കാപട്യത്തിന്റെ മതഭാഷ്യം.‌‌

ഇസ്ലാമിക രാഷ്ട്ര സംസ്ഥാപനത്തിനായുള്ള പോരാട്ടത്തില്‍ സായുധ ജിഹാദിനോടൊപ്പം ആശയപ്രചാരണത്തിന്റേതായ ഒരു സമാധാനഘട്ടവുമുണ്ടെന്ന്,മതചരിത്രം വിശകലനം ചെയ്തുകൊണ്ട് മൌദൂദിയും സിദ്ധാന്തിക്കുന്നുണ്ട്.

“മനുഷ്യബന്ധങ്ങളും കൂട്ടായ്മകളും അന്യോന്യം ഉദ്ഗ്രഥിതമാണ്. അതുകൊണ്ട് ഒരു രാഷ്ട്രത്തിന്റെ അയല്‍ രാഷ്ട്രങ്ങളും തങ്ങളുടെ അതേ ആദര്‍ശം സ്വീകരിക്കുന്നതു വരെ ആ രാഷ്ട്രത്തിന് അതിന്റെ സിദ്ധാന്തമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരിക്കുന്നതല്ല. അതുകൊണ്ട് മുസ്ലിം ഗ്രൂപ്പുകള്‍ ഒരു ഇസ്ലാമിക രാഷ്ട്രം അവരുടെ ഭൂപരിധിയില്‍ സ്ഥാപിച്ചുകൊണ്ട് അടങ്ങിയിരിക്കാന്‍ പാടുള്ളതല്ല. അവരുടെ വിഭവങ്ങള്‍ക്കനുസരിച്ച് രാഷ്ട്രത്തെ നാലു ഭാഗത്തേക്കും വികസിപ്പിക്കാന്‍ ശ്രമിക്കേണ്ടതാണ്. മുസ്ലിംങ്ങള്‍ ഒരു ഭാഗത്ത് അവരുടെ ആശയപ്രചരണം നടത്തുകയും മറുഭാഗത്ത് ജനങ്ങളെ തങ്ങളുടെ ആദര്‍ശം സ്വീകരിക്കാന്‍ ക്ഷണിക്കുകയും വേണം. കാരണം മോക്ഷം നില കൊള്ളുന്നത് അതില്‍ മാത്രമാണ്. അവരുടെ ഇസ്ലാമിക രാഷ്ട്രത്തിനു ശക്തിയും വിഭവവുമുണ്ടെങ്കില്‍ മറ്റു അനിസ്ലാമിക രാഷ്ട്രങ്ങളെ യുദ്ധം ചെയ്തു നശിപ്പിക്കേണ്ടതും അവിടെ ഇസ്ലാമിക ഭരണം സ്ഥാപിക്കേണ്ടതുമാണ്.” (ഹഖീഖതെ ജിഹാദ്-പേജ് 64 )

“അറേബ്യയില്‍ ആദ്യമായി മുസ്ലിം പാര്‍ടി രൂപവല്‍ക്കരിച്ച് പ്രാവര്‍ത്തികമാക്കിയ സന്ദര്‍ഭത്തില്‍ പ്രവാചകനും ഖലീഫമാരും കൈക്കൊണ്ട നിയമമിതായിരുന്നു. അതിനു ശേഷം പ്രവാചകന്‍ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ട് എല്ലാ അയല്‍ നാടുകളിലേക്കും സന്ദേശം അയച്ചു. പക്ഷേ ഈ സന്ദേശം സ്വീകരിച്ചുവൊ ,അതോ നിരസിച്ചുവോ എന്നറിയാന്‍ അദ്ദേഹം കാത്തുനിന്നില്ല. ഉടനെ അദ്ദേഹം ശക്തി സംഭരിച്ച് റോമാ സാമ്രാജ്യത്തിനെതിരെ ആഞ്ഞടിച്ചു. പ്രവാചകനു ശേഷം അബൂബക്കറാണ് നേതാവായത്. അദ്ദേഹം പേര്‍ഷ്യയേയും റോമിനേയും ആക്രമിച്ചു. അവസാനം ഉമര്‍ വിജയിക്കുകയും ചെയ്തു.”[ഹഖീഖതെ ജിഹാദ്]

ഇക്കാര്യത്തില്‍ പ്രവാചകനെ മാതൃകയാക്കി മൌദൂദി വിശദീകരിക്കുന്നു;-

“അല്ലാഹുവിന്റെ ദൂതന്‍ 13 വര്‍ഷക്കാലം അറബികളെ ഇസ്ലാം മതം സ്വീകരിക്കന്‍ ക്ഷണിക്കുകയുണ്ടായി. അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും അദ്ദേഹം അവലംബിച്ചു. അനിഷേദ്ധ്യമായ തെളിവുകളും വാദമുഖങ്ങളും സമര്‍പ്പിച്ചു.ഭക്തിയുടെയും ധാര്‍മികതയുടെയും മാതൃകയായ തന്റെ ജീവിതം അവരുടെ മുമ്പില്‍ കാഴ്ച്ച വെച്ചു.ആകാവുന്നത്ര അവരുമായി ആശയവിനിമയം നടത്തി.പ്ക്ഷേ അദ്ദേഹത്തിന്റെ ജനത ഇസ്ലാം മതം സ്വീകരിച്ചില്ല.
അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും പരാജയമായി കലാശിച്ചപ്പോള്‍ പ്രവാചകന്‍ ഖഡ്ഗം കയ്യിലേന്തി,ഖഡ്ഗം! അത് തിന്മയെയും ആക്രമണത്തെയും ഹൃദയത്തിലെ കറകളെയും ആത്മാവിന്റെ കളങ്കങ്ങളെയും വിപാടനം ചെയ്തു. അതിനേക്കാള്‍ ഉപരിയായി വാള്‍ അവരുടെ അന്ധത ഇല്ലാതാക്കി.അവര്‍ക്ക് സത്യത്തിന്റെ വെളിച്ചം കാണുമാറായി.സത്യം സ്വീകരിക്കാന്‍ വിഘാതമായി നിന്ന അവരുടെ അഹങ്കാരത്തിനു ശമനമുണ്ടായി. ഉദണ്ഡശിരസ്കരായി ഔദ്ധത്യത്തോടെ നിലയുറപ്പിച്ച അവര്‍ അപമാനിതരായി എളിമയോടെ തല കുനിച്ചു.

അറേബ്യയിലും മറ്റു രാജ്യങ്ങളിലും ഇസ്ലാം പ്രചരിച്ചത് ത്വരിതഗതിയിലായിരുന്നു. ഒരു നൂറ്റാണ്ടു കൊണ്ടു തന്നെ ലോകത്തിന്റെ കാല്‍ ഭാഗം ഇസ്ലാം സ്വീകരിച്ചു. ഇസ്ലാമിന്റെ ഖഡ്ഗം മനുഷ്യഹൃദയങ്ങളെ ആവരണം ചെയ്ത മറകളെ കീറി മുറിച്ചതായിരുന്നു ഈ പരിവര്‍ത്തനത്തിനു കാരണം.”[അല്‍ ജിഹാദു ഫില്‍ ഇസ്ലാം പേജ് 137]



മതപ്രചരണത്തിന് വാളിന്റെ മാര്‍ഗ്ഗം മാത്രമേ ഉപകരിക്കൂ എന്നു തിരിച്ചറിയുന്നുണ്ടെങ്കിലും പ്രവാചകചര്യയില്‍ ഉല്‍ബോധനപ്രവര്‍ത്തനങ്ങളുടേതായ ഒരു ഘട്ടം കടന്നു പോയിട്ടുണ്ടെന്നതിനാല്‍ അതും വേണ്ടതാണെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു പോവുകയാണു മൌദൂദി. സായുധവിപ്ലവത്തിനു കൈക്കരുത്തു നേടും വരെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മുഖമൂടിയണിഞ്ഞ് ആശയപ്രചരണം നടത്താവുന്നതാണെന്ന് മൌദൂദിസത്തിന്റെ ആധുനിക വക്താക്കളും വ്യാഖ്യാനിക്കുന്നു:-

“ലക്ഷ്യം നേടും വരേയുള്ള കാലയളവില്‍ എല്ലാവര്‍ക്കും തുല്യാവകാശങ്ങള്‍ ലഭ്യമാവുന്ന ഒരു ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയക്രമം നിലനില്‍ക്കാന്‍ സഹായകമാവുന്ന സമീപനമാണു മുസ്ലിംങ്ങള്‍ സ്വീകരിക്കേണ്ടത്.” (ഒ അബ്ദുറഹ്മാന്‍ -ബഹുമതസമൂഹത്തിലെ മുസ്ലിംങ്ങള്‍)

ജമാ അത്തെ ഇസ്ലാമിയുടെ മതേതര ജനാധിപത്യ ജാടകളും പ്രച്ഛന്ന വേഷങ്ങളും വാളെടുക്കാന്‍ കരുത്തു നേടും വരേക്കുള്ള വഞ്ചനാപരമായ ഒരു അടവു നയം മാത്രമാണെന്നു ചുരുക്കം.

മൌദൂദിസ്റ്റ് ബുദ്ധിജീവികളുടെ മോഡേണ്‍ ഇജ്തിഹാദ് പ്രകാരം , അമുസ്ലിംങ്ങളെ ദീനിലേക്കും പ്രസ്ഥാനത്തിലേക്കും ആകര്‍ഷിക്കാന്‍ ഇസ്ലാമിന്റെ മൌലിക സിദ്ധാന്തങ്ങള്‍ക്കു നിരക്കാത്ത ഹീന തന്ത്രങ്ങളും പ്രയോഗിക്കുന്നതില്‍ തെറ്റില്ല. ഇക്കാര്യത്തില്‍ ആചാര്യനെ കടത്തിവട്ടി ഒരു കാതം മുന്നോട്ടു നീട്ടി വ്യാഖ്യാനിക്കാനും ജമാ അത്തു സൈദ്ധാന്തികര്‍ തയ്യാറായിരിക്കുന്നു.
ജമാ അത്തുകാരുടെ ഹിറാനഗര്‍ സമ്മേളനപ്പന്തലിന്റെ കവാടത്തില്‍ ഒരു ഒട്ടകത്തിന്റെ പൂര്‍ണ്ണപ്രതിമ ഉണ്ടാക്കി വെച്ചിരുന്നു. ശില്‍പ്പങ്ങളുണ്ടാക്കുന്നത് ഹറാമല്ലേ എന്നൊരു പ്രവര്‍ത്തകനോടു ചോദിച്ചപ്പോള്‍ അദ്ദേഹം ഉള്ള കാര്യം തുറന്നു പറഞ്ഞു. മുശ്രിക്കുകളായ ഹിന്ദുക്കളെ ആകര്‍ഷിക്കാനാണു അവര്‍ക്കിഷ്ടപ്പെട്ട കലാരൂപങ്ങള്‍ ഒരുക്കിയിരിക്കുന്നത് എന്നായിരുന്നു മറപടി. പാട്ടും കൂത്തും നാടകവുമൊക്കെ അതേ ഉദ്ദേശ്യത്തോടേയാണ് ഇവര്‍ ആവിഷ്കരിക്കുന്നത്.

പ്രവാചക്ന്റെ പേരില്പോലും നുണ പ്രചരിപ്പിക്കാന്‍ ഇക്കൂട്ടര്‍ക്കു മനസ്സാക്ഷിക്കുത്തില്ല. ഈ അടുത്ത കാലത്ത് സദാചാരത്തെ കുറിച്ചൊരു ക്യാമ്പൈന്‍ ഇവര്‍ നടത്തി. അതിനായി തയ്യാറാക്കിയ ലഘുലേഖ തുടങ്ങുന്നത് ഒരു ‘നബിവചനം’ ഉദ്ധരിച്ചുകൊണ്ടായിരുന്നു. ലഘുലേഖ തയ്യാറാക്കിയവരെ നേരില്‍ വിളിച്ച് ആ ഹദീസിന്റെ റഫറന്‍സ് ചോദിച്ചിട്ടും അവര്‍ ഒഴിഞ്ഞു മാറി. പ്രബോധനത്തിലേക്ക് എഴുതി ച്ചോദിച്ചിട്ടും പ്രതികരണമുണ്ടായില്ല.


ഇസ്ലാം ചൂണ്ടയിലേക്കു അമുസ്ലിം മത്സ്യങ്ങളെ ആകര്‍ഷിക്കാന്‍ അവരുടെ ഇഷ്ടഭോജ്യങ്ങളായ ശിര്‍ക്കും ജാഹിലിയ്യത്തും ഇര കോര്‍ക്കുന്നതില്‍ തെറ്റില്ല എന്നാണു കണ്ടുപിടുത്തം. മതം ഹറാമാക്കിയ മാര്‍ഗ്ഗത്തിലൂടെയും മതത്തിലേക്ക് ആളെകൂട്ടാം ! അഫ്ഗാനിസ്ഥാനിലെ ജിഹാദീ വിപ്ലവകാരികളുടെ പ്രധാന വരുമാന മാര്‍ഗ്ഗം കറുപ്പും കഞ്ചാവുമാണല്ലോ. ഇതും മൌദൂദി ഉപദേശിച്ച ബുദ്ധിയല്ലെന്നാരു കണ്ടു.!

Tuesday, May 13, 2008

ആട്ടിന്‍ തോലണിയുന്ന ഭീകരവാദം! അഥവാ സോളിഡാരിറ്റി !

ജമാ അത്തെ ഇസ്ലാമിയുടെ കപടനാട്യങ്ങള്‍ തുറന്നു കാട്ടുന്ന ‘മതരാഷ്ട്രവാദം’ എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു ലേഖനം മൂന്നു ഭാഗങ്ങളായി ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.


1941ല്‍ അബുല്‍ അ അലാ മൌദൂദി സ്ഥാപിച്ച ജമാ അത്തെ ഇസ്ലാമിക്ക് ലോകത്തെല്ലായിടത്തുമുള്ള ദൈവികേതര(താഗൂത്തി) ഭരണകൂടങ്ങളെ സായുധ ജിഹാദിലൂടെ അട്ടിമറിച്ച് അല്ലാഹുവിന്റെ ഭരണം സ്ഥാപിക്കുക എന്ന ഏകമാത്ര ലക്ഷ്യമാണുള്ളത്. ഇന്ത്യന്‍ ജമാ അത്തെ ഇസ്ലാമിയുടെ ലക്ഷ്യവും അതുതന്നെ.

ദൈവികേതര ഭരണവ്യവസ്ഥക്കു കീഴിലും , ഇസ്ലാമിക നിയമങ്ങള്‍ മാത്രം പാലിച്ചും രാഷ്ട്രനിയമങ്ങളെ അവഗണിച്ചും ജീവിക്കാനാണ് മൌദൂദിസ്റ്റുകളുടെ ഭരണഘടന അനുയായികളെ ഉപദേശിക്കുന്നത്.

"ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ താന്‍ വല്ല കുഞ്ചികസ്ഥാനവും വഹിക്കുന്നവനോ അതിന്റെ നിയമനിര്‍മ്മാണസഭയില്‍ അംഗമോ, അതിന്റെ കോടതിവ്യവസ്ഥയിന്‍ കീഴില്‍ ന്യായാധിപസ്ഥാനത്തു നിയോഗിക്കപ്പെട്ടവനോ ആണെങ്കില്‍ ആ സ്ഥാനം കയ്യൊഴിക്കുക....
ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയുടെ ഉപകരണമോ അതിന്റെ നിയമങ്ങളുടെ നടത്തിപ്പില്‍ സഹായിയോ ആണെങ്കില്‍ ആ അഹോവൃത്തി മാര്‍ഗ്ഗത്തില്‍നിന്നും കഴിയും വേഗം ഒഴിവാകുക...
നിര്‍ബ്ബന്ധിതാവസ്ഥയിലല്ലാതെ , ഇടപാടുകളുടെ തീര്‍പ്പിനായി അനിസ്ലാമിക കോടതികളെ സമീപിക്കാതിരിക്കുക...” (ജമാ അത്തെ ഇസ്ലാമി ഭരണഘടന, 1986. പേജ് 19-20
)

ജനാധിപത്യവും മതേതരത്വവും തങ്ങള്‍ക്കു സ്വീകാര്യമല്ല എന്നു പരസ്യമായി പ്രഖ്യാപിക്കാനും ജമാ അത്തുകാര്‍ മടി കാണിച്ചിരുന്നില്ല.
“ദേശീയ ജനാധിപത്യം ഇസ്ലാമിനും ഈമാനിനും കടകവിരുദ്ധമാണ്.” (പ്രബോധനം 1952, ലക്കം5)

മതേതരത്വം, ദേശീയത , ജനാധിപത്യം എന്നീ മൂല്യങ്ങള്‍ തനി റൌഡിസമാണ് എന്നത്രേ ജമാ അത്ത് ആചാര്യന്റെ മതം!


“മതേതരത്വം ആദ്യമേ ജനങ്ങളെ ദൈവഭയശൂന്യരും സനാതന ധാര്‍മ്മിക തത്വങ്ങളില്‍നിന്നു വിമുക്തരുമാക്കിത്തീര്‍ത്തു. അവര്‍ തന്മൂലം ലഗാനില്ലാത്ത, ഉത്തരവാദിത്തബോധമില്ലാത്ത , തനി സ്വേച്ഛാപൂജകരായിക്കഴിഞ്ഞു. അനന്തരം ദേശീയ വാദം അവരെ ജനകീയ സ്വാര്‍ത്ഥത്തിന്റേയും അന്ധമായ ദേശീയ പക്ഷപാതിത്വത്തിന്റേയും മുഴുത്ത അഹങ്കാരത്തിന്റേയും മദ്യം കുടിപ്പിച്ചു മത്തരാക്കി. ഇപ്പോഴിതാ ജനാധിപത്യം അതേ ജനങ്ങളുടെ ലഗാനില്ലാത്തതും മത്തു പിടിച്ചവരും താന്തോന്നിത്തപൂജകരുമായ സാമൂഹ്യാഭിലാഷങ്ങള്‍ക്ക് നിയമനിര്‍മ്മാണത്തിനുള്ള പൂര്‍ണ്ണാധികാരം സമ്മാനിച്ചിരിക്കുന്നു. ..
ഇങ്ങനെ സ്വേച്ഛാധികാരവും അധീശാധിപത്യവും നല്‍കപ്പെട്ടിട്ടുള്ള ഒരു ജനതയുടെ സ്ഥിതിയും ശക്തനും തോന്നിവാസിയുമായ ഒരു റൌഡിയുടെ സ്ഥിതിയും തമ്മില്‍ വ്യത്യാസപ്പെടുന്നത് എന്തൊന്നിലായിരിക്കും? ശക്തനും തോന്നിവാസിയുമായ റൌഡി പരിമിതമായ തോതില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടായിസങ്ങളും തെമ്മാടിത്തങ്ങളും തന്നെയല്ലേ കൂടുതല്‍ വിപുലമായ തോതില്‍ ആ ജനതയും പ്രവര്‍ത്തിക്കുക?” (മതേതരത്വം, ദേശീയത, ജനാധിപത്യം , ഒരു താത്വിക വിശകലനം 1991.പേ.22)



"ഇസ്ലാമികേതരവ്യവസ്ഥയ്ക്കു കീഴില്‍ ഉദ്യോഗങ്ങള്‍ക്കും സീറ്റുകള്‍ക്കും വേണ്ടി മുറവിളി കൂട്ടുക എന്നത് മുസ്ലിംങ്ങളെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ പൊലും കഴിയാത്തത്ര നീചമായ അവസ്ഥയാണ്.”(പ്രബോധനം.1951 ഡിസംബര്‍ 15)എന്ന ജമാ അത്തിന്റെ ആദ്യകാലനിലപാട് മൂലം ഉദ്യോഗം ലഭിച്ച മുസ്ലിം ചെറുപ്പക്കാര്‍ പലരും അതുപേക്ഷിച്ചു പോയി. വിദ്യാ സമ്പന്നരായ നിരവധി പേര്‍ സര്‍ക്കാര്‍ ജോലിയോട് വിമുഖത കാട്ടി മാറി നിന്നു. ഇസ്ലാമികേതരവ്യവസ്ഥയോടു സഹകരിക്കുന്നത് ശിര്‍ക്കും കുഫ്രുമാണെന്ന മൌദൂദിയന്‍ നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് ഈ അടുത്ത കാലം വരെ തെരഞ്ഞെടുപ്പുകളില്‍ വോട്ടു പോലും ചെയ്യാതെ വിട്ടു നില്‍ക്കുകയായിരുന്നു ജമാ അത്തുകാര്‍ .

[മുസ്ലിം സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം സര്‍ക്കാര്‍ ജോലിയിലും അധികാരസ്ഥാനങ്ങളിലും ലഭിച്ചിട്ടില്ല; അതിനാല്‍ പ്രത്യേക റിക്രൂട്മെന്റ് വേണം എന്നു പറഞ്ഞുകൊണ്ട് ,നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോറ്ട്ടും പൊക്കിപ്പിടിച്ച് ഈയിടെ കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചതും ഇതേ ജമാ അത്തിന്റെ കുട്ടിപ്പടയായിരുന്നു എന്നതും അവരുടെ ഭരണഘടനയില്‍ 1986 നുശേഷം ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നതും കൌതുകകരമായ ഒരു കെട്ടുകാഴ്ച്ച തന്നെ!]

ഭീകരവാദത്തിന്റെ താഴ് വേര്.


മാനവസമൂഹത്തിന്റെ സ്വൈരജീവിത്തിനും നിലനില്‍പ്പിനും ഭീഷണിയായി ലോകമാകെ ഇന്നു ശക്തി പ്രാപിച്ചു വരുന്ന മതഭീകരവാദത്തിന്റെ അടിവേരുകള്‍ പ്രധാനമായും കിളിര്‍ത്തു വന്നത് മൌദൂദിയന്‍ ദര്‍ശനങ്ങളില്‍നിന്നാണെന്ന കാര്യം അധികപേരും മനസ്സിലാക്കിയിട്ടില്ല. ഇസ്ലാമിക ദര്‍ശനങ്ങള്‍ക്ക് ഏറ്റവും ജനാധിപത്യവിരുദ്ധവും മനുഷ്യത്ത്വവിരുദ്ധവുമായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നതില്‍ മൌദൂദിയോളം കടന്നു ചിന്തിച്ച പണ്ഡിതന്മാര്‍ മതചരിത്രത്തില്‍ വിരളമാണ്. മതത്തിന്റെ കര്‍മ്മ പദ്ധതിയില്‍ മുഖ്യ ഇനമായി ജിഹാദിനെ പ്രതിഷ്ടിക്കുക മാത്രമല്ല മൌദൂതി ചെയ്തത്. ഒരു കയ്യില്‍ ഖുര്‍ ആനും മറുകയ്യില്‍ വാളുമേന്തി ഇസ്ലാമികേതരരോട് യുദ്ധം ചെയ്യലാണു ജിഹാദ് എന്നും പടക്കളത്തില്‍നിന്നും മാറി നില്‍ക്കുന്നവര്‍ക്കു മതത്തില്‍ സ്ഥാനമില്ല എന്നും അദ്ദേഹം പ്രഖ്യാപിച്ചു.

നമസ്കാരവും വ്രതാനുഷ്ഠാനവുമെല്ലാം ജിഹാദീ സൈനികര്‍ക്കുള്ള കായിക പരിശീലനമാണെന്നും ബാങ്കു വിളി അന്യമതക്കാരെ പ്രകോപിപ്പിക്കാനുള്ള കൊലവിളിയാണെന്നും വരെ മൌദൂദി വ്യാഖ്യാനിച്ചു കളഞ്ഞു! മതം ഉപേക്ഷിക്കുന്നവരെ (മുര്‍ത്തദ്ദ്) വധിക്കണമെന്ന കാര്യത്തില്‍ മൌദൂദിക്കു യാതൊരു സംശയവുമില്ല. മത കര്‍മ്മശാസ്ത്രവിധികളില്‍നിന്നുള്ള നേരിയ വ്യതിചലനം പോലും മതപരിത്യാഗമായി വ്യാഖ്യാനിക്കാനും അദ്ദേഹത്തിനു മടിയുണ്ടായില്ല. ജമാ അത്തെ ഇസ്ലാമിയില്‍ നിന്നും ഒരാള്‍ പിന്‍മാറി പുറത്തു പോയാല്‍ അയാളും മൌദൂദിയുടെ ദൃഷ്ടിയില്‍ വധാര്‍ഹനായ മുര്‍ത്തദ്ദു തന്നെ!

“...ഞങ്ങള്‍ അത്തരക്കാരുടെ നേരെ ഞങ്ങളുടെ ജമാ അത്തിലേക്കു കയറാനുള്ള വാതില്‍ കൊട്ടിയടക്കാനാണു ആഗ്രഹിക്കുന്നത്. അവര്‍ പലവിധത്തിലുള്ള രോഗങ്ങള്‍ക്കടിമകളാണ്. അവരുടെ വിശ്വാസം ഇടക്കിടെ മാറ്റുക എന്നത് അവര്‍ക്കൊരു തമാശ പോലെയാണ്. അതുകൊണ്ട് ഈ ജമാ അത്തിനകത്തു കയറാനാഗ്രഹിക്കുന്നവരോട് നാം ആദ്യമേതന്നെ താക്കീതായി പറയുന്നത് ഇവിടുന്ന് തിരിച്ചു പോകുന്നതിനുള്ള ശിക്ഷ മരണമാകുന്നു. അങ്ങനെ ഇതില്‍ പ്രവേശിക്കുന്നതിനു മുമ്പേ ഒരു നൂറു പ്രാവശ്യം ചിന്തിക്കട്ടെ ഈ ജമാ അത്തില്‍ പ്രവേശിക്കണോ വേണ്ടെയോ എന്ന്. എന്നാല്‍ മാത്രമേ ഇനിയൊരിക്കലും തിരിച്ചു പോകുന്നതല്ല എന്ന ഉറപ്പില്‍ ഇതില്‍ പ്രവേശിക്കാന്‍ അവര്‍ക്കു സാധിക്കയുള്ളു.”(മുര്‍ത്തദ്ദ് കീ ശസായേം ഇസ്ലാമീ ഖാനൂന്‍ മേം പേ.51)

ഒരു രാജ്യത്ത് ദൈവീക ഭരണവ്യവസ്ഥ സ്ഥാപിക്കപ്പെടുന്നതോടെ ഇസ്ലാമിക വിപ്ലവകാരികളുടെ ദൌത്യം പൂര്‍ത്തിയാകുന്നില്ല. അയല്‍ രാജ്യങ്ങളെ ശക്തിയുപയോഗിച്ച് കീഴ്പ്പെടുത്തി അവിടെയും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കണം. അപ്രകാരം ലോകം മുഴുവന്‍ ഒരു ജമാ അത്ത് അമീറിന്റെ ഭരണത്തിനു കീഴില്‍ ആകും വരെ വാള്‍ ഉറയിലിട്ടു കൂടാ. !

പാകിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും നടക്കുന്ന എല്ലാ ഭീകരപ്രവര്‍ത്തനങ്ങളുടെ പിന്നിലും ജമാ അത്തെ ഇസ്ലാമിയുടെ കറുത്ത കരങ്ങളാണുള്ളത്. കശ്മീരിലെ ഭീകരാക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതും മൌദൂദിയന്‍ ചിന്തയില്‍നിന്നൂര്‍ജ്ജമാവാഹിച്ച മതഭ്രാന്തന്മാര്‍ തന്നെ.

ജമാ അത്തെ ഇസ്ലാമിയെക്കുറിച്ച് സാമാന്യമായി മനസ്സിലാക്കിയ മുസ്ലിം സമുദായത്തിലെ സാധാരണക്കാര്‍ക്കു പോലും അറിയാവുന്ന വസ്തുതകളാണിതെല്ലാം. എന്നാല്‍ ഇസ്ലാമികവൃത്തത്തിനു പുറത്തുള്ള കേരളത്തിലെ ശുദ്ധാത്മാക്കളായ ബുദ്ധിജീവികള്‍ക്കോ സാംസ്കാരികപ്രവര്‍ത്തകര്‍ക്കോ ജമാ അത്തിന്റെ തനിനിറം ശരിയായി മനസ്സിലായിട്ടില്ല. അതിനു കാരണം കഴിഞ്ഞ ഒന്നുരണ്ടു പതിറ്റാണ്ടായി ഇവര്‍ പുരോഗമനത്തിന്റെ ആട്ടിന്‍ തോല്‍‍ അണിഞ്ഞുകൊണ്ട് ഇവിടെ നടത്തിവരുന്ന ‘സാംസ്കാരിക’പ്രവര്‍ത്തനങ്ങളെ ഉപരിപ്ലവമായി മാത്രം വീക്ഷിക്കുന്ന ഈ കൂട്ടരൊന്നും തന്നെ ജമാ അത്തെ ഇസ്ലാമിയുടെ പ്രത്യയ ശാസ്ത്രമെന്തെന്നോ അവരുടെ മുഖ്യ അജണ്ടയിലെ കര്‍മ്മ പദ്ധതികളെന്തെന്നോ പരിശോധിക്കാന്‍ ഇന്നു വരെ ശ്രമിച്ചിട്ടില്ല എന്നതാണ്. കപടനാട്യങ്ങളും പൊയ്‌വേഷങ്ങളും മുഖമുദ്രയാക്കിയ ഒരു ഗൂഢസംഘമാണു യഥാര്‍ത്ഥത്തില്‍ ജമാ അത്തെ ഇസ്ലാമി എന്ന കാര്യം കഥയറിയാതെ ആട്ടം കാണുന്ന നമ്മുടെ മതേതരബുദ്ധിജീവികള്‍ക്കും വേണ്ടത്ര മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
മൌദൂദിയുടെ ഖുതുബകളിലും ഫത് വകളിലും അദ്ദേഹം പറഞ്ഞു വെച്ച കാര്യങ്ങള്‍ ജനാധിപത്യപ്രബുദ്ധതയുള്ള ഒരു സമൂഹത്തിനു മുമ്പില്‍ പറയാന്‍ കൊള്ളാത്ത അശ്ലീലതയാണെന്ന് മറ്റാരെക്കാളും നന്നായി ഇന്നു ജമാ അത്തുകാര്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് മൌദൂദിസം അട്ടത്തു കെട്ടിവെച്ച് കൊക്കക്കോലയും പ്ലാച്ചിമടയുമൊക്കെ പൊക്കിക്കാട്ടി ജനങ്ങളെ വിഡ്ഡികളാക്കാന്‍ ഇവര്‍ ശ്രമിക്കുന്നത്.

തുടരും....!

Saturday, May 10, 2008

ജമാ അത്തെ ഇസ്ലാമിക്കാരുടെ വീമ്പു പറച്ചില്‍

യുക്തിവാദികളും ഇസ്ലാമും എന്ന, ഒ അബ്ദുറഹിമാന്റെ പുസ്തകം യുക്തിവാദത്തിന്റെ മുനയൊടിച്ചു എന്നവകാശപ്പെട്ടുകൊണ്ട് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ടി മുഹമ്മദ് എഴുതിയ ലേഖനത്തോടു പ്രതികരിച്ചുകൊണ്ട് തിരൂരില്‍ നിന്നും ഒരു സുഹൃത്ത് വീക്ലിയിലെഴുതിയ കുറിപ്പാണു ചുവടെ കൊടുക്കുന്നത്.

സത്യത്തില്‍ ആ പുസ്തകമിറങ്ങിയതില്‍പ്പിന്നെയാന് മുസ്ലിം മേഖലയില്‍ യുക്തിവാദിപ്രസ്ഥാനത്തിന് ഒരു ഉണര്‍വ്വും ആത്മവിശ്വാസവും കൈവന്നത്. അബ്ദുറഹിമാന്റെ ആ പുസ്തകം വായിച്ച് യുക്തിവാദികളായിത്തീര്‍ന്ന നിരവധിയാളുകളെ എനിക്കു നേരിട്ടറിയാം!


ജമാ അത്തിന്റെ ഞാണിന്മേല്‍ക്കളി

കുറച്ചു മുന്മ്പാണ് . ‘ഹിറാനഗറില്‍ ’ ജമാ അത്തിന്റെ സമ്മേളനം നടക്കുന്നു. സഹപാഠികളായ ഹിസ്റ്ററി പ്രൊഫസറും ഫിസിക്സ് പ്രൊഫസറും ബുക്ഫെയറില്‍ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടി. ഒ അബ്ദുറഹിമാന്റെ ‘യുക്തിവാദികളും ഇസ്ലാമും’ എന്ന പുസ്തകം കയ്യിലെടുത്ത് ഫിസിക്സ് പ്രൊഫസര്‍ പറഞ്ഞു. “ചരിത്രം കുറിച്ച പുസ്തകമാണിത്. യുക്തിവാദത്തിന്റെ അടിത്തറ തകര്‍ത്ത പുസ്തകം.”
“അതേയോ?” ചരിത്രപ്രൊഫസര്‍ക്ക് ജിജ്ഞാസ അടക്കാനായില്ല. “നിങ്ങള്‍ വായിച്ചിട്ടുണ്ടാവുമല്ലേ?”
“ഇല്ല” ഫിസിക്സ് പ്രൊഫസറുടെ ശബ്ദം താണു.

മൌദൂദിയുടെ മുഖച്ഛായയുള്ള രണ്ടു പ്രൊഫസ്സര്‍മാരും പുസ്തകത്തിന്റെ ഓരോ കോപ്പി വാങ്ങി ബാഗില്‍ വെച്ചു.

ഈ പുസ്തകത്തിന്റെ പോരിശ പറയുന്ന നിരവധി ജമാ അത്ത്-എസ് ഐ ഒ-സോളിഡാരിറ്റി ബദ്ധിജീവികളുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. അവരില്‍ ഒരാള്‍ പോലും ആ പുസ്തകം വായിച്ചിട്ടില്ല.

ഇടമറുകിന്റെ പുസ്തകത്തില്‍ ഉന്നയിക്കപ്പെട്ട അടിമത്തം, സ്ത്രീകളുടെ സാക്ഷ്യം, അനന്തരാവകാശനിഷേധം, ഏഴ് ആകാശം, അടിമസ്ത്രീകളുമായി വിവാഹം കഴിക്കാതെ ബന്ധപ്പെടാനുള്ള യജമാനന്റെ അധികാരം, മതം വിട്ടു പോകുന്നവരെ വധിക്കല്‍, സ്ത്രീകളുടെ സുന്നത്ത്, ബഹുഭാര്യത്വം, പരന്ന ഭൂമി തുടങ്ങിയ പ്രശ്നങ്ങള്‍ക്കൊന്നും യുക്തിഭദ്രമായ മറുപടി പറയാന്‍ കോപ്പില്ലാത്തതിനാല്‍ ഇരുട്ടില്‍ തപ്പിയും ഞാണിന്മേല്‍ കളിച്ചും സ്വയം പരിഹാസ്യനാവുകയാണ് അബ്ദുറഹിമാന്‍ ഈ പുസ്തകത്തിലുടനീളം.


‘പ്രബോധനം’വാരികയില്‍ ഇദ്ദേഹം വര്‍ഷങ്ങളായി കൈകാര്യം ചെയ്തു വരുന്ന ചോദ്യോത്തര പംക്തി വായിക്കുന്ന ഏതൊരാള്‍ക്കും ആടിനെ പട്ടിയാക്കാനുള്ള അബ്ദുറഹിമാന്റെ വൈഭവത്തില്‍ വിസ്മയം തോന്നും. യഥാര്‍ത്ഥ ചോദ്യത്തില്‍നിന്നു വഴുതി മാറി സാങ്കല്‍പ്പിക ചോദ്യത്തിന് മറുപടി പറയുന്നതില്‍ സാക്ഷാല്‍ ഇ എം എസ്സിനെപ്പോലും പിന്നിലാക്കും ഈ ബുദ്ധിജീവി.


മണ്ഡല്‍ക്കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയപ്പോള്‍ ജനതാദള്‍ സ്വന്തം പാര്‍ട്ടിയില്‍ ജാതി സംവരനം നടപ്പാക്കട്ടെ എന്ന് അഭിപ്രായപ്പെട്ട എല്‍ കെ അദ്വാനിയെ അതിശക്തമായ ഭാഷയിലാണ് ജമാ അത്ത് ബുദ്ധിജീവികള്‍ വിമര്‍ശിച്ചത്. വനിതാ സംവരണത്തിന്റെ കാര്യം വന്നപ്പോള്‍ മാര്‍ക്സിസ്റ്റ് കാരോട് അത് സ്വന്തം പാര്‍ട്ടിയില്‍ ‍നടപ്പാക്കാനാണ് ഈ ബുദ്ധിജീവി ആവശ്യപ്പെട്ടത്. !
ഭൂട്ടോയെ തൂക്കിലേറ്റിയത് ആഘോഷിക്കാന്‍ ജമാ അത്തുകാര്‍ പടക്കം പൊട്ടിച്ചത് വിവാദമായപ്പോള്‍ ഓ അബ്ദുറഹിമാന്‍ ചോദിച്ചത് ഭൂട്ടോയ്ക്കു വേണ്ടി കണ്ണീരൊഴുക്കുന്നവര്‍ എന്തേ അദ്ദേഹത്തോട്ഒപ്പം തൂക്കിലേറ്റിയവരെക്കണ്ടില്ല എന്നാണ്. സദ്ദാം ഹുസൈന്‍ തൂക്കിലേറ്റപ്പെട്ടപ്പോള്‍ ദുഖവും രോഷവും പ്രതിഷേധവുമൊക്കെ പ്രകടിപ്പിച്ച ഈ സൈദ്ധാന്തികന്‍ സദ്ദാമിനൊപ്പം തൂക്കിലേറ്റപ്പെട്ടവര്‍ക്കുവേണ്ടി ഒരു തുള്ളി കണ്ണുനീര്‍ പോലും പൊഴിച്ചില്ല. !

Friday, May 2, 2008

ആനകളെ വെറുതെ വിടുക


ഉത്സവങ്ങളുടെ പേരില്‍ ആനകളെയും മറ്റു ജീവികളെയും പീഡിപ്പിക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അന്ധവിശ്വാസങ്ങളുടെ പേരില്‍ മൃഗങ്ങളെ കൊല്ലുന്നതും ഉപദ്രവിക്കുന്നതുമൊക്കെ പരിഷ്കൃത മനുഷ്യര്‍ ഉപേക്ഷിച്ചു കഴിഞ്ഞ ഒരു കാലത്താണ് നാം ജീവിക്കുന്നത്. എങ്കിലും പാരമ്പര്യത്തിന്റെയും മറ്റും കാര്യം പറഞ്ഞ് ഗജപീഡനത്തെ ന്യായീകരിക്കുകയാണു പലരും. മനുഷ്യന്‍ തന്റെ വിനോദത്തിനും പൊങ്ങച്ചപ്രകടനത്തിനും വേണ്ടി അന്യ ജീവികളെ ശല്യപ്പെടുത്തുന്നത് നിരോധിക്കുകതന്നെ വേണം. ഈയിടെയായി ഉത്സവപ്പറമ്പുകളില്‍ ആനകള്‍ വിരണ്ട് മനുഷ്യരെ കൊല്ലുന്നത് പതിവായിരിക്കുകയാണല്ലോ. വിയര്‍പ്പുഗ്രന്ധിയില്ലാത്ത ജന്തുവാണ് ആന. കാട്ടില്‍ മണ്ണു വാരിയിട്ടും വെള്ളം ഒഴിച്ചും ശരീരോഷ്മാവ് കുറയ്ക്കാനും ചൂടു കുറഞ്ഞ ഭാഗത്തേക്കു മാറി സഞ്ചരിക്കാനും അതിനു കഴിയും. എന്നാല്‍ മനുഷ്യന്റെ നിയന്ത്രണത്തിലാകുമ്പോള്‍ അതിനു ചൂടു സഹിക്കുകയല്ലാതെ നിവൃത്തിയില്ല. ഉത്സവപ്പറമ്പുകളില്‍ പൊരിവെയിലത്ത് മണിക്കൂറുകളോളം ഒരേ നില്‍പ്പും കൂടാതെ ‘ആരാധകരുടെ’ സ്നേഹപ്രകടനവുമെല്ലാം അസഹ്യമാകുന്നതോടെ ആ ജീവി നിലവിട്ടു പെരുമാറാന്‍ നിര്‍ബ്ബന്ധിതമാവുകയാണു ചെയ്യുന്നത്.

ആനകളെ മാത്രമല്ല കാള, പോത്ത് തുടങ്ങിയ ജീവികളെയും മനുഷ്യര്‍ വിനോദത്തിനായി പീഡിപ്പിക്കാറുണ്ട്. മൃഗങ്ങളെക്കൊണ്ട് പലതരം ജോലികള്‍ ചെയ്യിക്കാറുണ്ടായിരുന്നു മുന്‍ കാലങ്ങളില്‍. എന്നാല്‍ ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടെ ഫലമായി ആ രംഗങ്ങളില്‍നിന്നെല്ലാം മൃഗങ്ങളെ മാറ്റി പകരം കൂടുതല്‍ ക്ഷമതയുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ഇന്നു കഴിയുന്നുണ്ട്. തടി പിടിക്കുന്നതിന് ഇന്നു ക്രെയിന്‍ പോലുള്ള ഉപകരണങ്ങളുണ്ട്. അതിനാല്‍ വന്യമൃഗങ്ങളെ പിടിച്ചു മെരുക്കുന്ന ഏറ്പ്പാടു തന്നെ നിരോധിക്കുകയായിരിക്കും ഉചിതം.

ഉത്സവങ്ങളുടെ പേരില്‍ തെരുവുകളും ഹയ്‌വേകളുമൊക്കെ ഉപരോധിച്ച് യാത്രക്കാരെ ഉപദ്രവിക്കുന്നതും കര്‍ശനമായി തടയണം.
രാഷ്ട്രീയപ്പാര്‍ട്ടികളും മതസംഘടനകളും രോഡുപരോധിച്ചു നടത്തുന്ന റാലികളും മേളകളുമെല്ലാം മനുഷ്യര്‍ക്കുപദ്രവമില്ലാത്ത രീതിയില്‍ പുന ക്രമീകരിക്കാനുള്ള സന്മനസ്സ് എല്ലാവരും കാണിക്കേടതുണ്ട് എന്നു കൂടി കൂട്ടത്തില്‍ പറയട്ടെ. പാരമ്പര്യ ശീലങ്ങളില്‍ കാലോചിതവും മനുഷ്യത്വപരവുമായ മാറ്റങ്ങള്‍ വരുത്താന്‍ നാം സ്വതന്ത്രമായി ചിന്തിക്കുകയും ഉറച്ച നടപടികള്‍ കൈക്കൊള്ളുകയും വേണം.
മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.