Friday, January 18, 2008

കിരാതയുഗത്തിലെ വിശ്വാസങ്ങള്‍ ഇന്നും !

നിധിയുടെ പേരില്‍ നരബലി:
5അംഗസംഘം അറസ്റ്റില്‍ .


ബാംഗ്ലൂര്‍ : നിധി കണ്ടെത്താനായി രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയ 5അംഗ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. ജ്യോതിഷിയാണെന്നു പറഞ്ഞ് മന്ത്രവാദം നടത്തി വന്ന വിജയനഗറിലെ രവീന്ദ്ര എന്നയാളാണ് മുഖ്യ സൂത്രധാരന്‍ .ചില പ്രത്യേക നദിക്കരകളില്‍ നരബലി നടത്തിയാ‍ല്‍ നിധി കിട്ടുമെന്ന് തനിക്കു വെളിപാടുണ്ടായി എന്നാണയാള്‍ അവകാശപ്പെട്ടതത്രേ! അതനുസരിച്ച് രണ്ടു സ്ത്രീകളെ പൂജയ്ക്കെന്നു പറഞ്ഞ് നദിക്കരയില്‍ എത്തിച്ച ശേഷം കൊല്ലുകയാണു ചെയ്തത്. (ദേശാഭിമാനി, 18-1-2008)
നരബലി കൊണ്ട് ദൈവങ്ങളും ദുര്‍ഭൂതങ്ങളും പ്രസാദിക്കും എന്ന അന്ധവിശ്വാസം പഴക്കമേറെയുള്ളതാണെങ്കിലും ഈ ശാസ്ത്രയുഗത്തിലും അതൊക്കെ സത്യമാണെന്നു വിശ്വസിക്കുകയും ഇത്തരം കടുംകൈകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഉണ്ടെന്ന വസ്തുത നമ്മുടെ ചിന്തയ്ക്കു വിഷയമാകേണ്ടതല്ലേ?

സ്വപ്നം കാണുന്നതും ‘വെളിപാടു’ണ്ടാകുന്നതുമൊക്കെ കേവലം മാനസികമായ ചില താളപ്പിഴകള്‍ മാത്രമാണെന്ന് ആധുനിക മനശ്ശാസ്ത്രവും നാഡീ ശാസ്ത്രവും വിശദീകരിക്കുന്നുണ്ട്. എന്നാല്‍ പരമസത്യങ്ങള്‍ എന്ന് ഇന്നും വിശ്വസിക്കപ്പെടുന്ന മതങ്ങള്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കു ആധികാരികത നല്‍കുന്നു. ഇബ്രാഹിം നബിയുടെ പുത്രബലി ഒരു സ്വപ്നദര്‍ശനത്തെ തുടര്‍ന്നാണല്ലോ നടക്കുന്നത്. ആ നരബലിയുടെ ത്യാഗസ്മരണയണല്ലോ ഇന്നും ലക്ഷക്കണക്കിനു മൃഗങ്ങളുടെ കൂട്ടക്കശാപ്പിനു പ്രേരകമാകുന്നത്.
ബലി മനുഷ്യരുടെ ത്യാഗമാണെന്നൊക്കെ ന്യായീകരിക്കുന്ന ചില ‍ ക്രിസ്ത്യാനിസുഹൃത്തുക്കളെയും മുസ്ലിം സുഹൃത്തുക്കളെയും നാം ഇവിടെ മുമ്പു കാണുകയുണ്ടായി. മിണ്ടാപ്രാണികളെ കൊല്ലുന്നതും മനുഷ്യരെ ചതിയില്‍ കൂട്ടിക്കൊണ്ടുപോയി കുരുതി നടത്തുന്നതുമൊക്കെ ത്യാഗമാണോ? ത്യാഗമാകണമെങ്കില്‍ ദൈവപ്രീതിക്കായി സ്വയം കഴുത്തറുത്തു ചാകണം. അല്ലാതെ മറ്റുള്ളവരെയും ജന്തുക്കളെയും കൊണ്ടുപോയി കൊല്ലുകയല്ല വേണ്ടത്. അതിനു ത്യാഗം എന്നല്ല , തെമ്മാടിത്തം എന്നാണു പറയേണ്ടത്.

അന്ധവിശ്വാസങ്ങളുടെ വേരറുക്കാന്‍ അതിന്റെ തായ്‌വേരായ മതവിശ്വാസത്തെ യുക്തിചിന്തയാകുന്ന ഈര്‍ച്ചവാള്‍ കൊണ്ട് അറുത്തു മുറിക്കുകയണാദ്യം വേണ്ടത്.


ദയുബന്ദ് ദാറുല്‍ ഉലൂമില്‍നിന്ന് ഒരു നല്ല ഫത് വ!

കുട്ടികള്‍ക്ക് മതിയായ പരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജനനങ്ങള്‍ തമ്മിലുള്ള ഇടവേള വര്‍ദ്ധിപ്പിക്കുന്നതിനായി ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ അനുവദിക്കാവുന്നതാണെന്ന് ദയുബന്ദിലെ ഉലമാക്കള്‍ ഫത് വ ഇറക്കിയിരിക്കുന്നു! (മാതൃഭൂമി ,17-1-2008)

മതങ്ങള്‍ക്കു യാഥാര്‍ത്ഥ്യങ്ങളുടെ മുമ്പില്‍ മുട്ടു മടക്കേണ്ടി വരുന്നു എന്നതിന്റെ തെളിവാണ് ഈ ഫത് വ. ജനന നിയന്ത്രണം ഒരു കാരണവശാലും അനുവദിക്കാവതല്ല എന്നായിരുന്നു ഇത്രയും കാലം മത പുരോഹിതര്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പുരോഹിതരുടെ നിലപാടിനെ വിശ്വാസി സമൂഹം തന്നെ എന്നോ തള്ളിക്കളഞ്ഞു കഴിഞ്ഞിരുന്നു എന്നതാണു വസ്തുത . അതു കൊണ്ടു തന്നെ സ്വന്തം നിലപാടു മാറ്റാന്‍ അവര്‍ നിര്‍ബ്ബന്ധിതരാവുകയാണുണ്ടായത്.


മാര്‍പ്പാപ്പയുള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ എക്കാലത്തും വിശ്വാസികളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യം ഇതു തന്നെയാണല്ലോ. ആ സമുദായവും പുരോഹിതരുടെ ആജ്ഞ ഒരു ശതമാനം പോലും എവിടെയും പാലിക്കുന്നില്ല. കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തില്‍ ജനന നിരക്ക് 2/1 ലേക്കു തണുകൊണ്ടിരിക്കുകയാണ്. അതായത്, ഒരു കുടുംബത്തില്‍ ഒരു കുട്ടി മാത്രം എന്നര്‍ത്ഥം. മതത്തിനും വിശ്വാസത്തിനും മനുഷ്യന്റെ പ്രായോഗിക ജീവിതത്തിലുള്ള സ്വാധീനം കുറഞ്ഞു കൊണ്ടേയിരിക്കുന്നു എന്നു ചുരുക്കം.

ശാസ്ത്രം റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു; ജീവിതം വിമാനവേഗത്തില്‍ പറക്കുന്നു; മതം കാളവണ്ടി പോലെ പിന്നാലെ ഇഴഞ്ഞു വരുന്നു!

Thursday, January 10, 2008

ഒരു ഗ്രാമത്തിന്റെ വെളിച്ചം!

കോഴിക്കോട് ജില്ലയിലെ ചെറുകുളത്തൂര്‍ എന്ന കൊച്ചു ഗ്രാമം ലോകത്തിനു മുമ്പില്‍ ഒരു ഉദാത്തമായ മാതൃകയായി മാറിയിരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ആ ഗ്രാമവാസികള്‍ ഒന്നടങ്കം ഒരു തീരുമാനമെടുത്തു. അവിടെ മരണപ്പെടുന്ന എല്ലാവരും നേത്രദാനം ചെയ്യുമെന്ന പ്രഖ്യാപനം ഇന്ന് ഒരു യാഥാര്‍ത്ഥ്യമായി മാറിക്കഴിഞ്ഞു. നേത്രദാനം പ്രഖ്യാപിച്ച ശേഷം ചെറുകുളത്തൂര്‍ ഗ്രാമത്തില്‍ 36 പേര്‍ മരണപ്പെട്ടു. എല്ലാവരുടെയും കണ്ണുകള്‍ നേത്രബാങ്കിനു നല്‍കിക്കഴിഞ്ഞു. 71പേര്‍ക്കു കാഴ്ച്ചയുടെ വെളിച്ചം നല്‍കാന്‍ അങ്ങനെ ആ ഗ്രാമത്തിനു കഴിഞ്ഞു. ഒരു പക്ഷെ ലോകത്തു തന്നെ ഇങ്ങനെയൊരു ഗ്രാമം വേറെയുണ്ടാകാനിടയില്ല. 75കാരനായ ഗോവിന്ദന്‍ നായരാണ് ഇന്നലെ ചെറുകുളത്തൂരില്‍ മരിച്ചത്. അദ്ദേഹത്തിന്റെ രണ്ടു കണ്ണുകളും രണ്ടുപേര്‍ക്കു നല്‍കിക്കഴിഞ്ഞതോടെയാണ് അന്ധതയുടെ ഇരുളില്‍നിന്നും രണ്ടുപേര്‍ കൂടി വെളിച്ചത്തിന്റെ ലോകത്തെത്തിയത്.

ചെറുകുളത്തൂരിന്റെ ഗ്രാമ്യജീവിതത്തെ നിയന്ത്രിക്കുന്നത് ജാതിമതങ്ങളല്ല. പള്ളിയോ അമ്പലമോ അല്ല; വായനശാലയാണ് ആ ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പുകള്‍ക്കു ദിശാബോധം നല്‍കുന്നത്. ഒരു നാടിന്റെ ജീവിതത്തെയും സംസ്കാരത്തെയും യുക്തിചിന്താശീലമുള്ള നല്ല മനുഷ്യര്‍ക്കു നിയന്ത്രിക്കാന്‍ കഴിയുന്ന സാഹചര്യം ഇന്നു കേരളത്തില്‍ ഇല്ലാതായി വരികയാണല്ലോ. യുക്തിവാദിസംഘത്തിന്റെയും പുരോഗമന യുവജനപ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകരാണ് ഈ ഗ്രാമത്തിന് ഇപ്രകാരമൊരു നന്മയുടെ വഴി നിര്‍ദ്ദേശിച്ചത്. നാട്ടിലെ മുഴുവന്‍ ജനങ്ങളും അത് അംഗീകരിക്കുകയായിരുന്നു. ആ ഗ്രാമത്തില്‍ ക്രിസ്ത്യാനികളോ മുസ്ലിംങ്ങളോ ഇല്ല എന്നതും സമ്പൂര്‍ണ്ണ നേത്രദാനഗ്രാമം എന്ന സകല്‍പ്പം പ്രാവര്‍ത്തികമാക്കുന്നതിനു സഹായകമായി.!
മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.