Wednesday, December 19, 2007

നിര്‍ത്തരുതോ ഈ ജന്തുഹിംസ ?

ഇന്ന് ബലി പെരുന്നാള്‍ !
മക്കയില്‍ ഇന്ന് പത്തു ലക്ഷത്തില്‍ പരം മൃഗങ്ങളുടെ കഴുത്തറുക്കുന്നു.
ഈശ്വരാരാധനയുടെ പേരില്‍ ലോകത്ത് ഇക്കാലത്തു നടക്കുന്ന ഏറ്റവും ഭീകരമായ അത്യാചാരം!
പരിഷ്കൃത മനുഷ്യനു ചേരാത്ത ; മനുഷ്യത്ത്വത്തിനു നിരക്കാത്ത അനാചാരം!!
സ്വന്തം സൃഷ്ടിയായ ഒരു ജീവി മറ്റൊരു ജീവിയുടെ കഴുത്തില്‍ കത്തി വെക്കുകയും തന്റെ പേരു വിളിച്ച് ആര്‍ത്തു വിളിക്കുകയും ചെയ്യുമ്പോള്‍ അതു കണ്ട് പുളകം കൊള്ളുന്ന ഒരു ദൈവം പ്രാകൃത മനുഷ്യന്റെ ഭാവനയില്‍ ജന്മമെടുത്ത വികൃത സങ്കല്‍പ്പമല്ലാതെ മറ്റെന്താണ്?
ഇത്തരം ആചാരങ്ങളൊക്കെ മാറ്റേണ്ട കാലം കഴിഞ്ഞില്ലേ?
ലോകമെമ്പാടും മനുഷ്യര്‍ ഉപേക്ഷിച്ചു കഴിഞ്ഞ ഹീനാചാരങ്ങളെ ഇന്നും സങ്കോചമില്ലാതെ തുടരുന്നവര്‍ തന്നെയാണ് തങ്ങളുടെ മതം ഏറ്റവും ശാസ്ത്രീയമെന്നും ആധുനികമെന്നും പ്രചരിപ്പിക്കുന്നതും!!!

Saturday, December 8, 2007

ളോഹയ്ക്കുള്ളിലെ വര്‍ഗ്ഗീയത!

ക്രിസ്തീയ സമുദായാംഗങ്ങള്‍ അവരുടെ കുട്ടികളെ ക്രിസ്തീയ വിദ്യാലയങ്ങളില്‍തന്നെ പഠിപ്പിക്കണം.”
ആര്‍ച്ച് ബിഷപ് മാര്‍ പവ്വത്തില്‍ .

പി എസ് സി നിയമനം കിട്ടി വരുന്നവര്‍ നിരീശ്വരവാദികളും മദ്യപാനികളുമായിരിക്കും; അതിനാല്‍ അവരെയൊന്നും സഭയുടെ സ്കൂളുകളില്‍ കയറ്റാന്‍ പറ്റില്ല.”
കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ .

നവോത്ഥാനത്തിന്റെ കൊടുംകാറ്റു വീശിയടിക്കുകയും ജാതിമതത്തിന്റെ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് മാനവികതയുടെ നവ സംസ്കാരത്തിനു മണ്ണൊരുക്കുകയും ചെയ്ത കേരളത്തില്‍ ഇപ്പോഴും കിരാതത്വത്തിന്റെ പ്രേതങ്ങള്‍ നീളങ്കുപ്പായമിട്ടലഞ്ഞു നടക്കുന്നു. മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ;ഈ നാടിന്റെ മഹത്തായ സംസ്കാരം നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്ന; മുഴുവന്‍ മനുഷ്യസ്നേഹികളും പ്രതിഷേധിക്കേണ്ടിയിരിക്കുന്നു.
കേരളം ഭ്രാന്താലയമാക്കാന്‍ അനുവദിച്ചുകൂടാ..!

Tuesday, November 27, 2007

തസ്ലീമ ജീവിച്ചിരിക്കുന്നതാണോ മുസ്ലിങ്ങളുടെ പ്രശ്നം?

മനുഷ്യര്‍ക്ക് ശാന്തിയും സമാധാനവും ഉണ്ടാക്കാനാണോ ഖുര്‍ ആനില്‍ നിന്ന് സന്ദര്‍ഭത്തില്‍ നിന്നര്‍ടര്‍ത്തിയെടുത്ത വചനങ്ങള്‍ പൊക്കിപ്പിടിച്ച് ഇസ് ലാമും മുസ് ലിങ്ങളും ആളെ കൊല്ലികളുടെ പ്രസ്താനമാണെന്ന് പഠിപ്പിച്ച്, മുസ് ലിങ്ങളെ ആക്രമിക്കുന്നതിന് ഫാസിസ്റ്റുകള്‍ക്ക് സാധൂകരണവും ഊര്‍ജ്ജവും നല്‍കിക്കൊണ്ടിരിക്കുന്നത്?”`

`യുക്തിവാദം` ബ്ലോഗില്‍ ദൈവത്തെ കുറിച്ചുള്ള ചര്‍ച്ചയാണു നടക്കുന്നത്. ആ വിഷയം വഴി തിരിച്ചു വിടാനായി സലാഹുദ്ദീന്‍ , അബ്ദുല്‍ അലി തുടങ്ങിയ നമ്മുടെ ചില കൂട്ടുകാര്‍ മറ്റു കാര്യങ്ങള്‍ നിരന്തരം ഉന്നയിക്കുന്നുണ്ട്. സലാഹുദ്ദീന്റെ അവസാനത്തെ കുറിപ്പിലെ ഒരു വാചകമാണിത്. ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നു പറഞ്ഞു കൊണ്ടിരിക്കുകയും ഇസ്ലാമിന്റെ പേരില്‍ ലോകത്താകെ നടക്കുന്ന ഭീകരാക്രമണങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ന്യായീകരിക്കാന്‍ മറ്റുള്ളവരെ കുറ്റം പറയുകയുമാണ് എല്ലാ മുസ്ലിം സംഘടനകളും ചെയ്യുന്നത്. ഇക്കാര്യം മുമ്പും ഈ ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതാണ്.

ഏറ്റവും പുതിയ ഉദാഹരണം തന്നെ നോക്കാം. നന്ദിഗ്രാമിലെ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ പ്രശ്നം പൊക്കിപ്പിടിച്ചുകൊണ്ട് കൊല്‍ക്കത്തയില്‍ സമരം നടത്തിയ ജനങ്ങളെ അവരുടെ ജീവല്‍ പ്രശ്നത്തില്‍നിന്നും മാറ്റി അതുമായി ഒരു ബന്ധവുമില്ലാത്ത തസ്ലീമ പ്രശ്നവുമായി കൂട്ടിക്കുഴച്ച് ജമാ അത്തെ ഇസ്ലാമിയും കൂട്ടാളികളും നടത്തിയ അക്രമ സംഭവം നോക്കൂ. തസ്ലീമ കൊല്‍ക്കത്തയില്‍ താമസിക്കുന്നതാണോ നന്ദിഗ്രാമിലെയും ഇന്‍ഡ്യയിലെ മറ്റു പ്രദേശങ്ങളിലേയും മുസ്ലിംങ്ങളുടെ പ്രശ്നം? ഈ സംഭവത്തിന്റെ പേരില്‍ ഇപ്പോള്‍ കേരളത്തിലെ മതസംഘടനകളും ലീഗു രാഷ്ട്രീയക്കാരുമൊക്കെ നടത്തുന്ന വര്‍ഗ്ഗീയപ്രചാരണം ഇസ്ലാമിന്റെ സമാധാന , ജനാധിപത്യ മുഖഛായക്കു തിളക്കം കൂട്ടുന്ന നടപടിയാണോ? മതവിശ്വാസികള്‍ക്കിവിടെ അഭിപ്രായസ്വാതന്ത്ര്യമില്ലേ എന്നു ചോദിക്കുന്ന സലാഹുദ്ദീനേ, മതമില്ലാത്തവര്‍ക്കും ആ സ്വാതന്ത്ര്യമില്ലേ? മതവികാരം പൊട്ടിയൊലിക്കുന്നു എന്നു കേഴുന്നവര്‍ എന്താ മതേതരവിശ്വാസികള്‍ക്കും വികാരങ്ങളും വിചാരങ്ങളുമൊക്കെയുണ്ടെന്നു അംഗീകരിക്കാത്തത്.?

ഒരു മുസ്ലിം മതനേതാവ് ഇന്നലെ ആവശ്യപ്പെട്ടിരിക്കുന്നത് തസ്ലീമയെ ഇന്ത്യയില്‍ ഇനി നില്‍ക്കാന്‍ അനുവദിക്കരുത് എന്നാണ്. പ്രവാചകനെ അവഹേളിച്ചതിനാണ് അവരെ ബംഗ്ലാദേശില്‍നിന്നും പുറത്താക്കിയത് എന്നാണു മുസ്ലിയാരുടെ പത്രപ്രസ്താവനയില്‍ വായിച്ചത്. ഇതു ശരിയല്ല. `ലജ്ജ` എന്ന നോവല്‍ എഴുതിയതിനാണ് ‍ അവരെ സ്വന്തം നാട്ടില്‍ നിന്നും ഓടിച്ചത്. ആ നോവല്‍ ഞാനും വായിച്ചതാണ്. അതില്‍ പ്രവാചകനെയോ കുര്‍ ആനെയോ അവഹേളിക്കുന്ന യാതൊന്നും ഞാന്‍ കണ്ടിട്ടില്ല. അതിലെ വിഷയം മറ്റൊന്നാണ്. 92ലെ ബാബരി മസ്ജിദ് സംഭവത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ മതന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കെതിരെ നടന്ന അതിക്രൂരമായ ആക്രമങ്ങളുടെ പശ്ചാതലത്തില്‍ , അവിടെ യാതനകള്‍ അനുഭവിക്കേണ്ടി വന്ന ഒരു ഹിന്ദു കുടുംബത്തിന്റെ അനുഭവങ്ങള്‍ ഒരു ഡയരിക്കുറിപ്പു പോലെ ആവിഷ്കരിച്ചതാണ് ലജ്ജ . ന്യൂനപക്ഷ സമൂഹത്തിന്റെ മനുഷ്യാവകാശങ്ങളെക്കുറിച്ചു കഥയെഴുതുന്നത് പ്രവാചകനെ അവഹേളിക്കലാണെന്നു വ്യാഖ്യാനിക്കുന്നത് പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാന്‍ ന്യായീകരണമുണ്ടാക്കലല്ലാതെ മറ്റെന്താണ്.? ബംഗ്ലാദേശില്‍ ഹിന്ദുക്കളെ വംശനാശം വരുത്താനുദ്ദേശിച്ചുള്ള ആക്രമപരംബരകള്‍ക്കു നേതൃത്വം നല്‍കിയത് ഇവിടെ പുരോഗമനത്തിന്റെ ആട്ടിന്തോല്‍ അണിയുന്ന അതേ ജമാ അത്തെ ഇസ്ലാമിയാണെന്ന കാര്യവും നാം അറിയണം.!

ഇന്‍ഡ്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ നടത്തുന്ന കടന്നാക്രമണങ്ങളെ യുക്തി കൊണ്ടും ശക്തി കോണ്ടും ചെറുക്കുന്നത് ഹിന്ദു സമുദായത്തിലെ തന്നെ മതേതരവാദികളും മനുഷ്യസ്നേഹികളുമായ നല്ല മനുഷ്യരാണ്. എന്നാല്‍ മുസ്ലിം രാജ്യങ്ങളില്‍ മറ്റുള്ളവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ തൂലികയെടുത്താലുള്ള അനുഭവമെന്താണെന്ന് തസ്ലീമയുടെ ഇന്നത്തെ അവസ്ഥയില്‍നിന്നും നമുക്കൂഹിക്കാവുന്നതാണല്ലോ. ബംഗ്ലാദേശില്‍ ഈ കാര്യം പറയാന്‍ ഒരു തസ്ലീമ യല്ലാതെ മറ്റാരും തയ്യാറാവാതിരുന്നതെന്തുകൊണ്ട്? സലാഹുദ്ദീനെപ്പോലുള്ളവര്‍ സമാധാനം സമാധാനം എന്നു നാഴികക്കു നാല്‍പ്പതു വട്ടം വിശേഷണം നല്‍കുന്ന ഇസ്ലാമും ഖുര്‍ ആനും തന്നെയല്ലേ? അന്യ മതങ്ങളോടും മതവിമര്‍ശകരോടും ഇത്രയേറെ അസഹിണുത പുലര്‍ത്തുന്ന മറ്റേതു സമൂഹമാണു ലോകത്തുള്ളത്? തസ്ലീമക്കു നേരെയും റുഷ്ദിക്കു നേരെയും മറ്റനേകം മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കു നേരെയും മുസ്ലിം ഭീകരവാദികള്‍ ലോകത്തിന്റെ നനാനാ ഭാഗത്തും നടത്തിയിട്ടുള്ള ഏതെങ്കിലും ആക്രമണത്തെ മുസ്ലിം മതനേതാക്കള്‍ ആത്മാര്‍ഥമായി ഇന്നു വരെ അപലപിച്ചിട്ടുണ്ടോ? നിസ്സാര കാര്യങ്ങള്‍ക്കു പോലും ഭ്രഷ്ടും വിലക്കും കല്‍പ്പിക്കുന്ന സംഘടിതമതം തീവ്രവാദത്തെയും ഭീകരവാദത്തെയും തടയാന്‍ എന്തുകൊണ്ടു ശ്രമിക്കുന്നില്ല? ഇതൊക്കെ ശരിയാണെന്നും മറ്റു മതക്കാര്‍ക്കും തങ്ങളുടെ മതത്തെ വിമര്‍ശിക്കുന്നവര്‍ക്കും യാതൊരു മനുഷ്യാവകാശവും വക വെച്ചു കൊടുക്കേണ്ടതില്ല എന്നും കരുതാന്‍ ഇവര്‍ക്കു പ്രചോദനമാകുന്നത് ഖുര്‍ ആനും ഹദീസുകളും ഉയര്‍ത്തിപ്പിടിക്കുന്ന പ്രാകൃതമായ ചിന്താധാരകള്‍ തന്നെയല്ലേ?

അന്ധമായ മതവിശ്വാസവും ദൈവവിശ്വാസവും മനുഷ്യന്റെ സാമാന്യമായ നീതിബോധത്തെപ്പോലും കരിച്ചുകളയുകയും അവനെക്കൊണ്ട് ഇത്തരം അനീതികളും ക്രൂരതകളും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു എന്നതുകൊണ്ടു തന്നെയാണു സലാഹുദ്ദീനേ, ഞങ്ങള്‍ യുക്തിവാദികള്‍ സംകുചിതമായ ഇത്തരം വിശ്വാസങ്ങള്‍ക്കെതിരെ പോരാടുന്നത്. മനുഷ്യന്റെ പരമപ്രധാന ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെങ്കില്‍ ഇത്തരം മൂഡവിശ്വാസങ്ങളുടെ ഇടുങ്ങിയ ലോകത്തുനിന്നും മനുഷ്യനെ മോചിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

ഈ വിമര്‍ശനങ്ങളൊക്കെ ഫാസിസ്റ്റുകള്‍ക്കും സാമ്രാജ്യത്വത്തിനും മുസ്ലിംകളെ ആക്രമിക്കാന്‍ പ്രേരണ നല്‍കലാണെന്നു കുറ്റപ്പെടുത്തുന്ന സുഹൃത്തേ, ഫാസിസത്തിനെതിരെയും സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയും ജീവന്‍ പണയം നല്‍കിപ്പോരാടുന്ന പതിനായിരക്കണക്കിനു മനുഷ്യസ്നേഹികള്‍ ലോകത്തെമ്പാടുമുണ്ട്. അവരൊക്കെ മതത്തിന്റെയും സങ്കുചിത വിശ്വാസങ്ങളുടെയും ഇരുട്ടറ വിട്ടു പുറത്തു വന്ന സെക്യുലറിസ്റ്റുകളും ഭവ്തികവാദികളുമാണ് എന്ന സത്യം കൂടി നിങ്ങള്‍ ഓര്‍ക്കുന്നത് നന്ന്. ആ വിഭാഗത്തില്‍പ്പെട്ട മതനിരപേക്ഷരായ മനുഷ്യസ്നേഹികളുടെ പിന്തുണയും പ്രോല്‍സാഹനവുമാണ് എന്നെപ്പോലെയും തസ്ലീമയെപ്പോലെയുമുള്ള `മുസ്ലിം യുക്തിവാദിക`ള്‍ക്കു ആത്മവിശ്വാസവും ധൈര്യവും നല്‍കുന്നത്. അല്ലാതെ നിങ്ങള്‍ ആരോപിക്കുന്നപോലെ സംഘപരിവാറല്ല. എം എഫ് ഹുസൈനും ഖുത്ബുദ്ദീന്‍ അന്‍സാര്യും തസ്ലീമയുമൊക്കെ ഒരുപോലെ സംരക്ഷിക്കപ്പെടേണ്ടവരാണെന്നു കരുതുന്നവരാണു ഞങ്ങള്‍ .
മതങ്ങള്‍ മണ്ണടിഞ്ഞാലേ മനുഷ്യന്‍ നന്നാകൂ എന്ന സത്യം തിരിച്ചറിയാന്‍ ഇനിയും കുറേ കാലം വേണ്ടിവരുമെന്നു മാത്രം.

Wednesday, October 17, 2007

വിശുദ്ധ കള്ളന്മാര്‍!

ജീവിതകാലം മുഴുവന്‍ മതപരമായ വിശ്വാസങ്ങളോ ആചാരങ്ങളോ കൂടാതെ ജനസേവനങ്ങളില്‍ മുഴുകിക്കഴിഞ്ഞ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ കുഴിമാടത്തിനു വിലപേശുകയാണിന്നു കേരളത്തിലെ കത്തോലിക്കാപുരോഹിതര്‍ .കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അന്ത്യകൂദാശ നടത്താന്‍ സഭ ഒരുങ്ങുകയാണെന്ന ഭീഷണിയും ഈ പാതിരിമാര്‍ മുഴക്കുകയുണ്ടായി. സോവിയറ്റ് യൂണിയനില്‍ കമ്മ്യൂണിസത്തിന് കൂദാശ നല്‍കിയത് കത്തോലിക്കാസഭയാണുപോലും!.

യൂറോപ്പില്‍ കത്തോലിക്കാമതത്തിന്റെ `അന്ത്യകൂദാശ` കഴിഞ്ഞ കാര്യം ഈ കൂപാന്തരവാസികള്‍ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. യൂറോപ്യന്‍ നഗരങ്ങളില്‍ പള്ളികളധികവും ലേലത്തിനും വില്‍പ്പനക്കും വെച്ചിരിക്കുകയാണ്. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലാകട്ടെ മതത്തിന്റെ ശവമടക്കുതന്നെ കഴിഞ്ഞിരിക്കുന്നു. ലാറ്റിനമേരിക്കയില്‍ ഇടതുപക്ഷത്തെയാണ് പുതിയ രക്ഷകനായി മതം കാണുന്നത്.

ഇവിടെ ക്രിസ്തുവിനെ വിറ്റു കാശാക്കുന്നവര്‍ തെരുവില്‍ തരം താണ രാഷ്ട്രീയം കളിക്കുകയാണ്. മത്തായി ചാക്കോ സ്വബോധത്തോടെ കൂദാശ സ്വീകരിച്ചിട്ടുണ്ടെന്നും അതിനാല്‍ അദ്ദേഹത്തിന്റെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ സംസ്കരിച്ചത് സഭയെ അപമാനിക്കലാണെന്നും പറഞ്ഞ് തെരഞ്ഞെടുപ്പു പ്രചരണം നടത്തിയവര്‍‍ ഇപ്പോള്‍ പറയുന്നത് അബോധാവസ്ഥയില്‍ `രോഗീലേപനം`നല്‍കിയിട്ടേയുള്ളൂ എന്നാണ്.

മതവും കൂദാശയും വേണ്ടെന്നു വെച്ചവരുടെ പിന്നാലെ കൂദാശലേപനവുമായി നടക്കുന്നവര്‍ സ്വന്തം വിശ്വാസത്തോടു പോലും സത്യസന്ധതയില്ലാത്ത കപടന്മാരല്ലേ? സാധാരണക്കാരായ വിശ്വാസികളാരെങ്കിലും സഭാനിയമങ്ങള്‍ ലംഘിച്ചാല്‍ , അവരുടെ കുടുംബങ്ങള്‍ ഈ പാതിരിമാരുടെ ‍കാലുപിടിച്ചു കേണാല്‍ പോലും കൂദാശകള്‍ ചെയ്തുകൊടുക്കാതെ ബലം പിടിക്കുന്നവര്‍ തന്നെയാണ് അറിയപ്പെടുന്ന ആളുകളെ കുഞ്ഞാടിന്‍ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിക്കാണിക്കാനായി ഇത്തരം തറവേലകള്‍ ഒപ്പിക്കുന്നത്. ജീവിതാന്ത്യം വരെ സഭക്കും മതത്തിനുമെതിരെ തൂലിക ചലിപ്പിച്ച പൊങ്കുന്നം വര്‍ക്കിയെപ്പോലും മരണക്കിടക്കയില്‍ചെന്നു വലവീശിപ്പിടിക്കാനുള്ള നീചശ്രമം നടത്തിയവരാണു കേരളത്തിലെ പുരോഹിതവര്‍ഗ്ഗം.

തെരുവില്‍ പച്ചക്കള്ളം വിളിച്ചു പറയുകയും വൃത്തികെട്ട രാഷ്ട്രീയനാടകങ്ങള്‍ക്കു തന്ത്രം മെനയുകയും ചെയ്യുന്ന ഇക്കൂട്ടരെ നികൃഷ്ടരെന്നു വിളിച്ചതില്‍ ഒരു തെറ്റുമില്ല!
കേരളത്തിലെ പോലീസ് രേഖ പ്രകാരം അറുപതോളം ക്രിസ്ത്യന്‍പുരോഹിതരുടെ പേരില്‍ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന വസ്തുതയും ഇതോടൊപ്പം ചര്‍ച്ച ചെയ്യപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്.

Monday, October 8, 2007

ഗാന്ധിജിയെ മാതൃകയാക്കാന്‍ പാടില്ല!

കാശ്മീര്‍ മുഖ്യമന്ത്രി ഗുലാംനബി ആസാദ് മഹാത്മാഗാന്ധിയെ മാതൃകയാക്കണം എന്നു പ്രസ്താവിച്ചതിനെതിരെ ഒരു കാശ്മീരി ഇമാം ഫത് വ ഇറക്കിയത്രേ! മുസ്ലിംങ്ങള്‍ ഗന്ധിജിയെയല്ല മുഹമ്മദ്നബിയെയാണു മാതൃകയാക്കേണ്ടത് പോലും! ഗുലാം നബി പ്രസ്താവന പിന്‍ വലിച്ച് ക്ഷമപറയണമെന്നാണു മതവിധി.
കാശ്മീരിലുള്‍പ്പെടെ ലോകത്തിന്റെ നാനാഭാഗത്തും ഭീകരവാദികള്‍ അറവുശാലതീര്‍ക്കുമ്പോഴൊന്നും ഒരു മൊല്ലാക്കയും ഫത്വ പുറപ്പെടുവിച്ചതായി കേട്ടിട്ടില്ല. അവരൊക്കെ മുഹമ്മദ്നബിയുടെ ഉത്തമ മാതൃക പിന്തുടരുന്നതുകൊണ്ടായിരിക്കും!!

Monday, October 1, 2007

ഇഫ്താര്‍ സൌഹൃദം !

റംസാന് കാലമായാല് മുസ്ലിം സമൂഹത്തോട് ഐക്യപ്പെടുന്നതിനായി `അമുസ്ലിം സഹോദരങ്ങളും` നോമ്പെടുക്കുകയും ഇഫ്താര്പാര്‍ടി സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്.
മാധ്യമങ്ങള് അതു വാറ്‍ത്തയാക്കി പ്രചരിപ്പിക്കുകയും ചെയ്യുന്നു. മുസ്ലിം മാധ്യമങ്ങള് ഇത്തരം വാറ്ത്തകള് മതസൌഹാറ്ദ്ദത്തിന്റെ ഉദാത്ത മാതൃക എന്ന മട്ടില് ആഘോഷിക്കാറുണ്ട്. അതേ സമയം മുസ്ലിംചെറുപ്പക്കാരാരെങ്കിലും ഇതേ പോലെ ഐക്യപ്പെടാന് പോയാല് ഈ കൂട്ടരുടെ നിലപാട് മറ്റൊന്നായിരിക്കും. മുസ്ലിം സമുദായത്തില് നിന്നാരെങ്കിലും ശബരിമലക്കു മാലയിട്ടുവെന്നു സങ്കല്‍പ്പിക്കുക -അങ്ങനെ സങ്കല്‍പ്പിക്കാനേ കഴിയില്ല എന്നതാണു വാസ്തവം- അല്ലെങ്കില് ഒരു മുസ്ലിം മന്ത്രി നിലവിളക്കു കൊളുത്തി എന്ന് കരുതുക. മത സൌഹാര്‍ദ്ദത്തിന്റെ ഉദാത്ത മാതൃകയായി ഇതിനെ വിശേഷിപ്പിക്കാന് ഇവര് തയ്യാറാകുമോ? ചെറ്ക്കളം അബ്ദുള്ള നെറ്റിയില് കുറി ചാറ്ത്തിയ സന്ദര്‍ഭം ഓര്ത്തു നോക്കുക.

ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലിം യുവാവുമായി പ്രണയത്തിലായി മതം മാറുകയും അവളുടെ അച്ഛനമ്മമാര് അവരോട് നല്ല ബന്ധം തുടരുകയും ചെയ്യുന്നുവെങ്കില് ആ ഉദാത്ത മാതൃകയും മുസ്ലിം മാധ്യമങ്ങളില്‍
വന് തോതില് പ്രകീര്‍ത്തിക്കപ്പെടാറുണ്ട്. ഇവിടെയും സംഗതി തിരിച്ചായാല് മാതൃക ഉദാത്തമാകാറില്ല. ഒരു മുസ്ലിം യുവതി അമുസ്ലിം യുവാവിനൊപ്പം പോയാല് അവളെയും,കുടുംബം സഹകരിച്ചാല് കുടുംബത്തെയും ഊരു വിലക്കുന്നതിനെക്കുറിച്ചായിരിക്കും ആലോചനകളെല്ലാം.

ഒരു സ്കൂള്‍കുട്ടി മോഹിനിയാട്ടത്തിന് വേഷംകെട്ടുന്നതുപോലും ഈ ഖവ്മിന് വല്ലാത്ത അസഹ്യതയുണ്ടാക്കും. അവളുടെ കുടുംബത്തെ മഹല്ലില് കയറ്റണോ എന്നതായി പിന്നെ സമുദായത്തിലെ പ്രധാന ചര്‍ച്ച.

സൌഹാര്‍ദ്ദത്തിന്റെ പാലങ്ങള് വേണം. പക്ഷെ ട്രാഫിക് വണ്‍വേ ആകരുത്!

Tuesday, September 18, 2007

നോമ്പിന്റെ ശാസ്ത്രീയത.

ശാസ്ത്രത്തിന്റെ രീതിയനുസരിച്ച് പഠനം നടത്തിയ ശേഷം മാത്രമേ ഒരു കാ‍ര്യം ശാസ്ത്രീയമാണെന്നു പ്രസ്താവന നടത്താവൂ. എന്നാല്‍ ശാസ്ത്രീയം എന്ന പദം ഇന്നു പലരും അശാസ്ത്രീയമായാണു പ്രയോഗിക്കുന്നത്. ഗോത്രകാല വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം ശാസ്ത്രീയമായ അടിത്തറയുള്ളതാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഇക്കാലത്തു കൊണ്ടുപിടിച്ച ശ്രമങ്ങളാണു നടക്കുന്നത്. അക്കൂട്ടത്തിലൊന്നാണു റംസാന്‍ നോമ്പിന്റെ `ശാസ്ത്രീയത`യും.നോമ്പെടുക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ഇക്കാലമായാല്‍ പത്രമാധ്യമങ്ങളിലൂടെ പ്രചാരണം നടത്ത്തുന്നവരില്‍ ശാസ്ത്രം പഠിച്ച ഡോക്ടര്‍മാരും പെടും. പക്ഷെ ഇവരൊക്കെ മറച്ചുവെക്കുന്ന നിരവധി കാര്യങ്ങളുണ്ട്.

മുസ്ലിംങ്ങളുടെ വ്രതാനുഷ്ഠാനം എങ്ങനെയുള്ളതാണെന്ന് വിശദീകരിക്കതെ ആഹാരനിയന്ത്രണം ആരോഗ്യത്തിനു നല്ലതാണെന്നു പറയുന്നത് തെറ്റിദ്ധാരണയുണ്ടാക്കുന്നു. ഇക്കാലത്തെ നോമ്പനുഷ്ഠാനം എത്രമാത്രം ആരോഗ്യപരവും ശാസ്ത്രീയവുമാണെന്നറിയണമെങ്കില്‍ മുസ്ലിം പ്രദേശങ്ങളിലെ ആശുപത്രികളില്‍ പോയി ഒരന്വേഷണം നടത്തിയാല്‍ മതിയാകും. വിവിധ തരം ഉദരരോഗങ്ങള്‍ ,അള്‍സര്‍ ,ബി പി ,പ്രമേഹസംബന്ധമായ പ്രശ്നങ്ങള്‍ നിര്‍ജലീകരണം മൂലമുണ്ടാകുന്ന അപകടങ്ങള്‍ എന്നിങ്ങനെ നോമ്പുകാലത്തു വലിയ തോതില്‍ മൂര്‍ഛിക്കുന്ന രോഗങ്ങള്‍ പലതാണ്. അതു കൊണ്ടു തന്നെ ഇക്കാല‍ത്ത് ഡോക്ടര്‍മാരെ തേടി ആശുപത്രികളില്‍ ശരണം പ്രാപിക്കേണ്ടിവരുന്നവര്‍ നിരവധിയാണ്.

ഉദയം മുതല്‍ അസ്തമയം വരെ ആഹാരവും ജലപാനവും ഉപേക്ഷിക്കുക എന്നതാണു മുസ്ലിം നോമ്പിന്റെ രീതി. കടുത്ത വേനല്‍ക്കാലത്ത്പോലും 12മണിക്കൂര്‍ വെള്ളം കുടിക്കാതിരിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ആരോഗ്യശാസ്ത്രത്തിന്റെ ബാലപാഠങ്ങളറിയുന്ന ആരും പറയുമെന്നു തോന്നുന്നില്ല. 11മാസക്കാലം സമയക്ര്ത്യത പാലിച്ച് ആഹാരം കഴിച്ചു വന്നവര്‍ പിന്നീട് ഒരു മാസം ആഹാരത്തിന്റെ ക്രമം തെറ്റിക്കുന്നതുകൊണ്ട് ശരീരത്തിന് എന്തു ഗുണമാണുണ്ടാകുന്നത്? വ്യായാമം ചെയ്യാതെയും കൊഴുപ്പു കൂടിയ ഭക്ഷണം കഴിച്ചും കഴിയുന്നവര്‍ക്ക് അല്പം ആഹാരനിയന്ത്രണം നല്ലതാണ്‍. പക്ഷെ അതിന് കൊല്ലത്തില്‍ ഒരു മാസത്തെ ആഹാരസമയക്രമം മാറ്റുന്നതുകൊണ്ടു മാത്രം ഒരു പ്രയോജനവും ഇല്ല. അതു ദോഷം ചെയ്യുകയും ചെയ്യും. രാത്രി സമയത്ത് കൊഴുത്ത ഭക്ഷണം കഴിച്ച് ഉറങ്ങുകയും പകല്‍ വെള്ളം കുടിക്കാതെ ജോലികള്‍ ചെയ്യുകയും ചെയ്യുന്നത് ഒരു തരത്തിലും ആരോഗ്യകരമല്ല. ആരോഗ്യ പരിപാലനമാണു നോമ്പിന്റെ ഉദ്ദേശ്യമെങ്കില്‍ അതു കൊല്ലത്തില്‍ ഒരു മാസം തുടര്‍ച്ചയായി അനുഷ്ഠിക്കുന്നതിനു പകരം ഓരോ മാസവും ഒന്നോ രണ്ടോ ദിവസം അനുഷ്ടിക്കുന്നതായിരിക്കും നല്ലത്. ജലപാനം ഒഴിവാക്കാനും പാടില്ല. അമിതാഹാരം ഒഴിവാക്കി ക്രമവും ക്ര്ത്യതയും പലിച്ചു ജീവിക്കുന്നതാണു വല്ലപ്പോഴും പട്ടിണി കിടന്ന് ദുര്‍ മേദസ്സു കളയാന്‍ ശ്രമിക്കുന്നതിനെക്കാള്‍ ശാസ്ത്രീയമായ മാര്‍ഗ്ഗം.

നാം ശീലിച്ചു വന്ന ആഹാരക്രമത്തിനനുസരിച്ചു സജ്ജീകരിക്കപ്പെട്ട ഒരു ദഹനേന്ദ്രിയ വ്യവസ്ഥ യാണു നമ്മുടേത്.ആഹാര സമയമടുക്കുന്നതോടെ അന്നനാളത്തിലെ വിവിധ സ്രവഗ്രന്ധികള്‍ ആഹാരത്തെ സ്വീകരിക്കാനും ദഹിപ്പിക്കാനുമുള്ള ശ്രമം ആരംഭിക്കുകയായി. പാലിച്ചു വന്ന ആഹാര ക്രമത്തിനനുസരിച്ച് കണ്ടീഷന്‍ ചെയ്യപ്പെട്ടതാണിത്. അതിനാല്‍ ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റം ഈ സിസ്റ്റത്തില്‍ താളപ്പിഴ ഉണ്ടാക്കുന്നു. വായിലുണ്ടാകുന്ന ഉമിനീര്‍ ആഹാരത്തിന്റെ ദഹനപ്രക്രിയയിലെ `പ്രഥമ`നാണ്‍. ക്ഷാരഗുണമുള്ള ഈ ദ്രവം ,ഭക്ഷണം സമയത്തു ചെന്നില്ലെങ്കില്‍ മറ്റൊരു ധര്‍മ്മം കൂടി നിര്‍വ്വഹിക്കുന്നു. ആമാശയത്തിലെ അമ്ല ഗുണമുള്ള ദ്രാവകത്തെ നിര്‍വീര്യമാക്കുക എന്നതാണത്. അമ്ലത കുറയ്ക്കാനുള്ള ഒരു സംവിധാനമാണത്. ഉമിനീരെല്ലാം തുപ്പിക്കളഞ്ഞാല്‍ ആമാശയത്തില്‍ ആസിഡ് പ്രവര്‍ത്തിച്ച് അള്‍സര്‍ ഉണ്ടാക്കും. നോമ്പുകാലത്ത് ഉദര രോഗങ്ങള്‍ വര്‍ദ്ധിക്കന്‍ ഇതാണ് ഒരു കാരണം. പൊതുസ്ഥലങ്ങളില്‍ കാര്‍ക്കിച്ചു തുപ്പി മലിനീകരണമുണ്ടാക്കുന്നത് ഒരു നോമ്പുകാല വിനോദമാണ്. അര്‍ദ്ധരാത്രികളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുണ്ടാക്കുന്ന ശബ്ദമലിനീകരണവും നോമ്പിന്റെ മറ്റൊരു നന്മയത്രേ!

കേരളത്തിലെ മുസ്ലിങ്ങള്‍ വ്രതകാലം ഒരു തീറ്റമഹോത്സവമായാണ് ഇപ്പോള്‍ ആചരിച്ചു വരുന്നത്! ഭക്ഷണച്ചിലവ് മറ്റു കാലങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയായെങ്കിലും ഇക്കാലത്തു വര്‍ദ്ധിക്കുന്നു എന്നതാണു കണക്ക്. നോമ്പുകാലത്തെ പ്രധാന മാധ്യമച്ചര്‍ച്ചകള്‍ തന്നെ വിഭവങ്ങളെകുറിച്ചാണ്. രാത്രികാലത്തെ ഈ വിഭവസമ്ര്ദ്ധമായ ` അമ്ര് ദേത്തു`കൊണ്ട് എന്ത് ആരോഗ്യമാണുണ്ടാകാന്‍ പോകുന്നത്? നോമ്പിന്റെ ശാസ്ത്രീയത വ്യാഖ്യാനിച്ചുണ്ടാക്കുന്നവര്‍ അതുണ്ടാക്കുന്ന ശരീര സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചു ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി ശരിയായ ആഹാര ശീലം എന്താണെന്നു ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണു വേണ്ടത്. പ്രാക്ര്തകാലത്തെ ആചാരങ്ങള്‍ക്കു ശാസ്ത്രത്തിന്റെ ആവരണം അണിയിക്കാന്‍ ശ്രമിക്കുന്നത് സത്യസന്ധമായ നിലപാടല്ല.

Wednesday, September 12, 2007

ഉസാമ ലാദനും ഇസ്ലാമും

ഉസാമ ബിന് ലാദന് അമേരിക്കയെ ഇസ്ലാമിലേക്കു ക്ഷണിച്ചിരിക്കുന്നു!
ഇസ്ലാം സ്വീകരിച്ചാല് പിന്നെ ആരെയും അദ്ദേഹം ഉപദ്രവിക്കുകയില്ലത്രേ!


ലാ‍ദന്റെ പ്രസ്താവനയില് പുതുമയൊന്നുമില്ല. എന്നാല് മുസ്ലിം ലോകം ഇതിനോടു പ്രതികരിച്ചത് എപ്രകാരമാണെന്ന് ആരെങ്കിലും ശ്രദ്ധിച്ചുവോ?
ലോകത്തുള്ള എല്ലാവരെയും ഇസ്ലാമിലേക്കു ക്ഷണിക്കാന് ആരാണ് ഈ ഭീകരനെ
ചുമതലപ്പെടുത്തിയത്? ആയിരക്കണക്കിനു നിരപരാധികളെ ലോകത്തിന്റെ പല ഭാഗത്തുമായി ചാവേര്‍ബോംബ് പൊട്ടിച്ചു കൊലപ്പെടുത്തിയ ഈ ഭീകരന് ഇസ്ലാമിന്റെ മൊത്തക്കച്ചവടം ഏല്പിച്ചു കൊടുത്തതാര്? സമാധാനത്തിന്റെ മതമാണ് ഇസ്ലാം എന്നും അക്രമത്തിനും ബലപ്രയോഗത്തിനും മതത്തില് സ്ഥാനമില്ല എന്നും നാഴികക്കു നാല്പ്തു വട്ടം പറഞ്ഞുകൊണ്ടിരിക്കുന്ന കാക്കത്തൊള്ളായിരം മതസംഘടനകളുണ്ട് നമ്മുടെ നാട്ടില്. മഹാപണ്ഡിതന്മാരായ നേതാക്കള്‍ക്കും പഞ്ഞമില്ല. പക്ഷെ അവരാരും ലാദനെതിരായി ഒന്നും ഉരിയാടിക്കാണുന്നില്ല.

ഇസ്ലാമിനെക്കുറിച്ചു സംസാരിക്കാനോ ഇസ്ലാമിലേക്ക് ആളെ ക്ഷണിക്കാനോ ഭീകരവാദികള്‍ക്കവകാശമില്ല എന്നും മുസ്ലിം സമൂഹത്തിന്റെയും ഇസ്ലാം മതത്തിന്റെയും പ്രതിച്ഛായ കളങ്കപെടുത്തുന്ന ഇത്തരക്കാരെ ഒറ്റപ്പെടുത്തുകയാണു വേണ്ടതെന്നും ആഹ്വാനം ചെയ്യാന് ലോക മതനേത്ര്ത്വം
മുന്നോട്ടു വരേണ്ടതല്ലേ? അതൊന്നും എവിടെയും കാണുന്നില്ലെങ്കില് നാം എന്താണു മനസ്സിലാക്കേണ്ടത്?


തസ്ലീമ നസ്രീനെ ഹൈദരബാദില് ആക്രമിച്ചപ്പോഴും മുസ്ലിം സമൂഹം മൌനമവലംബിച്ചു. മാധ്യമങ്ങള് അഭിപായം ആരാഞ്ഞപ്പോള് ചില മുസ്ലിം ബുദ്ധിജീവികള് ആ എഴുത്തുകാരിയെയും അവരെ കൊണ്ടുവന്നവരെയും കുറ്റപ്പെടുത്താനാണു ശ്രമിച്ചത്. ഒ അബ്ദുള്ളയെപ്പോലുള്ളവര് അവരുടെ കിടപ്പറക്കാര്യങ്ങള് വിളംപി വ്യക്തിഹത്യ നടത്താനും മറന്നില്ല.


മുമ്പ് ചേകനൂര് മൌലവിയെ കൊല ചെയ്ത സന്ദറ്ഭത്തിലും നാമിതു തന്നെയാണു കണ്ടത്. വാചാലമായ മൌനം കൊണ്ട് ആ കൊലയാളികള്‍ക്ക് അനുമോദനമര്‍പ്പിക്കുകയായിരുന്നു സമുദായം!

ഈ പറഞ്ഞതിന്റെ അറ്ഥം മുസ്ലിം സമുദായത്തിലുള്ളവരെല്ലാം തീവ്രവാദികളും ഭീകരരുമാണ് എന്നല്ല. വിവേകവും പക്വതയും അറിവുമുള്ള ധാരാളം നല്ല മനുഷ്യര് മുസ്ലിം സമുദായത്തിലുണ്ട്. പക്ഷെ സ്വന്തം മാളങ്ങളില് ‍നിസ്സംഗത നടിച്ചിരിക്കുകയും അവിവേകികളായ മന്ദ ബുദ്ധികളുടെ കയ്യിലേക്കു മതത്തിന്റെയും സമുദായത്തിന്റെയും നിയന്ത്രണം പൂര്‍ണമായും വിട്ടു കൊടുക്കുകയും ചെയ്തു കൊണ്ട് ഈ വിഭാഗം മാറി നില്‍ക്കുകയാണു ചെയ്യുന്നത്. സ്വന്തം സമുദായത്തിലെ വിവരദോഷികള് മതത്തിനും സമൂഹത്തിനും പേരുദോഷം സ്റ്ഷ്ടിക്കുമ്പോള് പ്രതികരിക്കാതിരിക്കുകയും മറ്റു സമുദായങ്ങളിലെ തീവ്രവാദത്തെയും വറ്ഗ്ഗീയതയെയും തീവ്രമായി വിമര്ശിക്കുകയും ചെയ്യുന്നത് ഉചിതമാണോ എന്നു മുസ്ലിം സമുദായത്തിലെ വി വരമുള്ളവരെങ്കിലും ആലോചിച്ചിരുന്നെങ്കില് എന്നാലോചിചുപോകുകയാണ്.

Tuesday, September 4, 2007

മതപഠനവും പിന്നാക്കാവസ്ഥയും

കേരളത്തിലെ മുസ്ലിം ബുദ്ധിജീവികള്‍ ഗൌരവമായി ആലോചിക്കേണ്ട കാര്യങ്ങളാണ് മാത്ര്ഭൂമി ആഴ്ചപ്പതിപ്പില്‍ ‍[2007 ആഗസ്ത് 19] ശ്രീ അമ്മാര്‍ കീഴുപറമ്പ് എഴുതിയ ലേഖനത്തിലുള്ളത്.ലേഖകന്‍ ഉന്നയിക്കുന്ന പ്രധാന ആക്ഷേപങ്ങള്‍ ഇവയാണ്:1.മതപഠനത്തിന് അമിതപ്രാധാന്യം നല്‍കിയിട്ടും മുസ്ലിം സമൂഹം ധാര്‍മ്മിക രംഗത്ത് ഇതര സമൂഹങ്ങളെ അപേക്ഷിച്ച് വളരെ മോശമായ നിലവാരം പുലര്‍ത്തുന്നു.2.മതപഠനം ഇല്ലാത്ത ഹിന്ദുക്കള്‍ക്കിടയില്‍ സ്നേഹം ദയ പരസ്പരബഹുമാനം തുടങ്ങിയ നന്മകള്‍ കൂടിയ അളവില്‍ കാണപ്പെടുന്നു.3.ഗ്രൂപ്പുകളായി തിരിഞ്ഞ് പോരടിക്കുന്ന മുസ്ലിംങ്ങളില്‍ ഈശ്വരഭക്തി പോലും കുറവാണ്.4.മതവിശ്വാസമില്ലാത്തവരും സാമൂഹ്യ നന്മകളില്‍ വ്യാപ്ര്തരായി ജീവിക്കുന്നുണ്ട്.5.നന്മതിന്മകളുടെ അടിസ്ഥാനം മതവിശ്വാസമല്ല.6.പ്രഭാതവേളയിലെ മദ്രസ പഠനം കുട്ടികളുടെ സ്കൂള്‍ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു.7.കുട്ടികളെക്കുറിച്ച് യാതൊന്നുമറിയാത്ത മന്ദബുദ്ധികളാണ് മദ്രസ അധ്യാപകരില്‍ അധികവും.8.കുട്ടികള്‍ക്കു മനസ്സിലാകാത്തതും അവര്‍ക്കാവശ്യമില്ലാത്തതുമായ കാര്യങ്ങളാണ് മദ്രസകളില്‍ പഠിപ്പിക്കുന്നത്.[ആര്‍ത്തവശുദ്ധി,ലൈംഗികബന്ധം മുതലായവ ഉദാഹരണം] 9.മദ്രസാ പഠനം അവധിദിവസങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തണം.10.അന്യ മതക്കാരെല്ലാം നരകത്തിലാണെന്നും മറ്റും കുട്ടികളെ പഠിപ്പിക്കുന്നതിനാല്‍ അവരില്‍ വര്‍ഗീയ ചിന്ത നാമ്പിടുന്നു.11.മതപഠനക്രമവും പാഠ്യപദ്ധതിയും ശാസ്ത്രീയമായി പരിഷ്കരിക്കണം.

Monday, September 3, 2007

മുസ്ലിം പിന്നാക്കാവസ്ഥയുടെ കാരണക്കാ‍ര്‍ ആര്??????

മുസ്ലിം സമുദായം വിദ്യാഭ്യാസപരമായും സാമൂഹ്യമായും ധാര്‍മികമായും ഇതര സമൂഹങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകുമെന്നു തോന്നുന്നില്ല. നരേന്ദ്രന്‍ കമ്മീഷനും സച്ചാര്‍കമ്മീഷനുമെല്ലാം മുസ്ലിംങ്ങളുടെ പരിതാപകരമായ സ്ഥിതിയെപ്പറ്റി ആധികാരികമായിത്തന്നെ വിവരം നല്‍കുന്നുണ്ട്. എന്താണിതിനു കാരണമെന്നു കണ്ടെത്താനുള്ള വസ്തുനിഷ്ഠമായ പഠനം നടത്താന്‍ ഇതു വരെ ആരെങ്കിലും തയ്യാറായിട്ടുണ്ടോ എന്നറിയില്ല. മുസ്ലിം സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ നിഷ്പക്ഷമായ ഒരു പഠനം നടത്താന്‍ കഴിയുമെന്നും തോന്നുന്നില്ല. സ്വന്തം സമുദായത്തിന്റെ എല്ലാ ദുര്യോഗങ്ങള്‍ക്കും മറ്റുള്ളവരാണു കാരണക്കാരെന്ന അയുക്തിക നിലപാടാണ് മുസ്ലിംങ്ങള്‍ എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ബംഗാളിലെ മുസ്ലിംകള്‍ പിന്നാക്കമായത് ജ്യോതിബാസു അവരെ അവഗണിച്ചതുകൊണ്ടാണ്! ഇന്ത്യയിലാകെയുള്ള പിന്നാക്കാവസ്ഥക്കു കാരണക്കാര്‍ ഹിന്ദു വര്‍ഗ്ഗീയവാദികളാണ്.ലോകമുസ്ലിംകളെ പിന്നിലാക്കുന്നത് പാശ്ചാത്യരാണ്.എന്നിങ്ങ്നെ പോകുന്നു ആരോപണങ്ങള്‍ !
പശ്ചിമബംഗാളില്‍ മുസ്ലിംകള്‍ പിന്നാക്കം പോയത് ഇടതുപക്ഷഭരണം മൂലമാണെങ്കില്‍ ഇസ്ലാമിന്റെ പേരില്‍ ഭാഗം വാങ്ങിപ്പോയ കിഴക്കന്‍ ബംഗാളില്‍ ആരാണു മുസ്ലിംകളെ ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും പടുകുഴിയിലാക്കിയത്? സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തി വേലി ചാടിക്കടന്ന് ആസാമിലെയും മേഘാലയയിലേയും വയലുകളിലും തോട്ടങ്ങളിലും 20രൂപ കൂലിക്ക് അടിമപ്പണി ചെയ്യുന്ന പതിനായിരക്കണക്കിനു ബംഗ്ലാദേശുകാര്‍ ആ നാടിന്റെ `പുരോഗതി` വിളിച്ചറിയിക്കുന്ന ദ്ര്ഷ്ടാന്തങ്ങളിലൊന്നു മാത്രം! മുസ്ലിംകളുടെ പുരോഗതിക്കു വിഘാതം നില്‍ക്കുന്നത് മറ്റാരുമല്ല. അവരുടെ മതവും അന്ധവിസ്വാസങ്ങളും തന്നെയാണു പ്രധാന കാരണം. മാത്ര്ഭാഷ പഠിക്കുന്നതു പോലും ഹറാമാണെന്നു വിശ്വസിച്ച് മക്കളെ പള്ളിക്കൂടത്തിലയക്കാ‍ന്‍ വിസമ്മതിച്ച ഒരു തലമുറയാണു നമുക്കു തൊട്ടു മുന്‍പേ കേരളത്തില്‍ പോലും ഉണ്ടായിരുന്നത്. ഇംഗ്ലീഷ് അവര്‍ക്കു നരകത്തിലെ ഭാഷയായിരുന്നു! സച്ചാര്‍ റിപ്പോര്‍ട് പ്രകാരം‍ മുസ്ലിം പ്രാതിനിധ്യം ഏറ്റവും കുറവുള്ളത് ബാങ്കിങ് നെഴ്സിങ് തുടങ്ങിയ മേഖലകളിലാണെന്ന കാര്യം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. നേഴ്സിങ്ങും ബാങ്കിങ്ങും ഹറാമാണെന്ന് ഇന്നും മുസ്ലിം നേതാക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇസ്ലാമികമല്ലാത്ത ഭരണവ്യവസ്ഥക്കു കീഴില്‍ സര്‍ക്കാരുദ്യോഗങ്ങള്‍ വഹിക്കുന്നതുതന്നെ നിഷിദ്ധമാണെന്ന് ജമാ‍ അത്തെ ഇസ്ലാമിയുടെ ഭരണഘടനയില്‍ വ്യക്തമായിപ്പറയുന്നുണ്ട്.സോളിഡാരിറ്റിക്കാര്‍ നരേന്ദ്രന്‍ റിപ്പോര്‍ട്ടും പൊക്കിപ്പിടിച്ച് തെരുവില്‍ നാടകം കളിക്കുന്നത് മറ്റുള്ളവരെ വിഡ്ഡികളാക്കാനാണ്.
പശ്ചിമബംഗാളില്‍ മുസ്ലിം കുട്ടികളെ സ്കൂളിലെത്തിക്കാന്‍ സര്‍ക്കാര്‍ പതിനെട്ടടവും പയറ്റി പരാജയപ്പെട്ടപ്പോള്‍ മദ്രസകള്‍ക്കു ഗ്രാന്റ്റ് നല്‍കി അക്ഷരം പഠിപ്പിക്കനും ശ്രമം നടത്തി. അക്ഷരവൈരികളായ മത പുരോഹിതന്മാരാണ് ഇതിനെല്ലാം തടസ്സമാകുന്നത്. അവരെ പിടിച്ചുകെട്ടി മതപാഠശാലകള്‍ അടച്ചുപൂട്ടിയാല്‍ മാത്രമേ മുസ്ലിം സമുദായം രക്ഷപ്പെടുകയുള്ളൂ! ഇഹലോകജീവിതം വെറും പരീക്ഷണമാണെന്നും പരലോകത്തു സ്വര്‍ഗ്ഗമുറപ്പിക്കാന്‍ വേണ്ടതു ദിക്രും ദുആയും നിസ്കാരവുമാണെന്നും പഠിപ്പിക്കുന്ന മദ്രസകള്‍ തന്നെയാണ് മുസ്ലിം പുരോഗതിയുടെ പ്രധാന ശത്രു!!!

Sunday, September 2, 2007

ചേകനൂര്‍ മൌലവി ഒടുവില്‍ പറഞ്ഞത്!


ഓരോ മതത്തിലേയും പുരോഹിതന്‍മാര്‍ ഇതരമതക്കാരെ പിഴച്ചവരും പാപികളുമായി കണക്കാക്കിയതിനാലും സ്വസമുദായത്തെ അപ്രകാരം വിശ്വസിപ്പിച്ചതിനാലുമാണ് സമുദായങ്ങള്‍ തമ്മില്‍ അകന്നു പോകാനിടയായത്. വാസ്തവത്തില്‍ എല്ലാ മതങ്ങളുടെയും ലക്ഷിയം മനുഷ്യനെ നന്നാക്കലാണെന്നും മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും വിശ്വസിക്കുന്നവരാരും തന്നെ ഇതര മതങ്ങളെ പുഛിക്കാനോ തള്ളിപ്പറയാനോ തയ്യാറാവുകയില്ല.ഏതൊരു മതക്കാരും തങ്ങളുടെമതം മാത്രമാണ് മോക്ഷത്തിന്റെയും വിജയത്തിന്റെയും ഏകമാര്‍ഗ്ഗമെന്ന് വിശ്വസിക്കാന്‍ പാടുള്ളതല്ല. കാരണം ആ വിശ്വാസമുള്ള ആര്‍ക്കും തന്നെ സഹോദരസമുദായങ്ങളെ ആത്മാര്‍ഥമായി സ്നേഹിക്കുവാനോ ബഹുമാനിക്കുവാനോ സാധ്യമല്ലെന്നത് തീര്‍ച്ചയാണ്.
അപ്പോള്‍ ഭാരതത്തെപ്പോലെ വിവിധ മതസമുദായങ്ങളുള്ള രാജ്യങ്ങളില്‍ സമുദായൈക്യവും ഉല്‍ഗ്രഥനവും പ്രായോഗികമാകണമെങ്കില്‍ മതങ്ങളുടെ അടിസ്ഥാനസിദ്ധാന്തമായ സര്‍വ്വമതസത്യവാദത്തില്‍ വിശ്വസിക്കാനും അതു പ്രചരിപ്പിക്കാനും ഓരോ മതക്കാരും ശ്രമിക്കണം.
ഓരോ മതത്തിലെയും പരിഷ്കര്‍ത്താക്കള്‍ തങ്ങളുടെ മതത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഖണ്ഡിക്കുകയല്ലാതെ ഇതര മതങ്ങളെ ആക്ഷേപിക്കുന്നത് നീതിയല്ല. ഒരു മതക്കാരുടെ ആചാരങ്ങള്‍ ഇതരര്‍ക്കു ശല്യമാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ വര്‍ഗ്ഗീയസംഘര്‍ഷങ്ങള്‍ക്കു പ്ലപ്പോഴും കാരണമായിട്ടുള്ളത് ഇത്തരം ശല്യപ്പെടുത്തലുകളാണ്‍. ആവശ്യത്തിലധികം പള്ളികളുണ്ടാക്കി സ്പീക്കറിലൂടെ അഞ്ചു നേരം ബാങ്ക് വിളിച്ച് മറ്റുള്ളവരെ ശല്യപ്പെടുത്തുന്നത് ഒഴിവാക്കേണ്ടതാണ്‍.
രാക്ഷസീയമായ മതഭ്രാന്താണിവിടെ രാജ്യമാകെ അഴിഞ്ഞാടുന്നത്. ഈ ഭ്രാന്ത് മൂലം ഇവിടെ ന്യൂനപക്ഷം മാത്രമല്ല ഭൂരിപക്ഷവും തകരുകയാവും ഫലം. അതിനാല്‍ മതപണ്ഡിതന്മാര്‍ തങ്ങളുടെ അനുയായികളെ മതവികാരത്തില്‍നിന്ന് മതവിചാരത്തിലേക്കു നയിക്കാനണു ശ്രമിക്കേണ്ടത്. മതത്തിനു വേണ്ടി ആരും മരിക്കേണ്ടതില്ലെന്നും മതം മനുഷ്യനു ജീവിക്കാനുള്ളതാണെന്നും മതാനുയായികളെ ബോധവല്‍ക്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ചേകനൂര്‍ മൌലവി അവസാനമെഴുതിയ‘ സര്‍വ്വമതസത്യവാദം’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ നിന്നുള്ള ഏതാനും ഖണ്ഡികകളാണ് മേല്‍ ഉദ്ധരിച്ചിരിക്കുന്നത്. മദ്രസാ പഠനം ചര്‍ച ചെയ്യുന്ന ഈ വേളയില്‍ മനുഷ്യസ്നേഹിയായ ആ മഹാപണ്ഡിതന്റെ ഈ വാക്കുകള്‍ പ്രസക്തമാണെന്നു തോന്നിയതിനാലാണ് ഇവിടെ പുനരാവിഷ്കരിച്ചത്. പ്രതികരണം പ്രതീക്ഷിക്കുന്നു.

Friday, August 31, 2007

മുസ്ലിം പിന്നാക്കാവസ്ഥയും മതപഠനവും.

മതപഠനം മുസ്ലിം സമുദായത്തിന്റെ പൊതു പിന്നാക്കാവസ്ഥക്കു കാരണമാണോ?
മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.