Sunday, September 2, 2007

ചേകനൂര്‍ മൌലവി ഒടുവില്‍ പറഞ്ഞത്!


ഓരോ മതത്തിലേയും പുരോഹിതന്‍മാര്‍ ഇതരമതക്കാരെ പിഴച്ചവരും പാപികളുമായി കണക്കാക്കിയതിനാലും സ്വസമുദായത്തെ അപ്രകാരം വിശ്വസിപ്പിച്ചതിനാലുമാണ് സമുദായങ്ങള്‍ തമ്മില്‍ അകന്നു പോകാനിടയായത്. വാസ്തവത്തില്‍ എല്ലാ മതങ്ങളുടെയും ലക്ഷിയം മനുഷ്യനെ നന്നാക്കലാണെന്നും മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും വിശ്വസിക്കുന്നവരാരും തന്നെ ഇതര മതങ്ങളെ പുഛിക്കാനോ തള്ളിപ്പറയാനോ തയ്യാറാവുകയില്ല.ഏതൊരു മതക്കാരും തങ്ങളുടെമതം മാത്രമാണ് മോക്ഷത്തിന്റെയും വിജയത്തിന്റെയും ഏകമാര്‍ഗ്ഗമെന്ന് വിശ്വസിക്കാന്‍ പാടുള്ളതല്ല. കാരണം ആ വിശ്വാസമുള്ള ആര്‍ക്കും തന്നെ സഹോദരസമുദായങ്ങളെ ആത്മാര്‍ഥമായി സ്നേഹിക്കുവാനോ ബഹുമാനിക്കുവാനോ സാധ്യമല്ലെന്നത് തീര്‍ച്ചയാണ്.
അപ്പോള്‍ ഭാരതത്തെപ്പോലെ വിവിധ മതസമുദായങ്ങളുള്ള രാജ്യങ്ങളില്‍ സമുദായൈക്യവും ഉല്‍ഗ്രഥനവും പ്രായോഗികമാകണമെങ്കില്‍ മതങ്ങളുടെ അടിസ്ഥാനസിദ്ധാന്തമായ സര്‍വ്വമതസത്യവാദത്തില്‍ വിശ്വസിക്കാനും അതു പ്രചരിപ്പിക്കാനും ഓരോ മതക്കാരും ശ്രമിക്കണം.
ഓരോ മതത്തിലെയും പരിഷ്കര്‍ത്താക്കള്‍ തങ്ങളുടെ മതത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഖണ്ഡിക്കുകയല്ലാതെ ഇതര മതങ്ങളെ ആക്ഷേപിക്കുന്നത് നീതിയല്ല. ഒരു മതക്കാരുടെ ആചാരങ്ങള്‍ ഇതരര്‍ക്കു ശല്യമാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ വര്‍ഗ്ഗീയസംഘര്‍ഷങ്ങള്‍ക്കു പ്ലപ്പോഴും കാരണമായിട്ടുള്ളത് ഇത്തരം ശല്യപ്പെടുത്തലുകളാണ്‍. ആവശ്യത്തിലധികം പള്ളികളുണ്ടാക്കി സ്പീക്കറിലൂടെ അഞ്ചു നേരം ബാങ്ക് വിളിച്ച് മറ്റുള്ളവരെ ശല്യപ്പെടുത്തുന്നത് ഒഴിവാക്കേണ്ടതാണ്‍.
രാക്ഷസീയമായ മതഭ്രാന്താണിവിടെ രാജ്യമാകെ അഴിഞ്ഞാടുന്നത്. ഈ ഭ്രാന്ത് മൂലം ഇവിടെ ന്യൂനപക്ഷം മാത്രമല്ല ഭൂരിപക്ഷവും തകരുകയാവും ഫലം. അതിനാല്‍ മതപണ്ഡിതന്മാര്‍ തങ്ങളുടെ അനുയായികളെ മതവികാരത്തില്‍നിന്ന് മതവിചാരത്തിലേക്കു നയിക്കാനണു ശ്രമിക്കേണ്ടത്. മതത്തിനു വേണ്ടി ആരും മരിക്കേണ്ടതില്ലെന്നും മതം മനുഷ്യനു ജീവിക്കാനുള്ളതാണെന്നും മതാനുയായികളെ ബോധവല്‍ക്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ചേകനൂര്‍ മൌലവി അവസാനമെഴുതിയ‘ സര്‍വ്വമതസത്യവാദം’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ നിന്നുള്ള ഏതാനും ഖണ്ഡികകളാണ് മേല്‍ ഉദ്ധരിച്ചിരിക്കുന്നത്. മദ്രസാ പഠനം ചര്‍ച ചെയ്യുന്ന ഈ വേളയില്‍ മനുഷ്യസ്നേഹിയായ ആ മഹാപണ്ഡിതന്റെ ഈ വാക്കുകള്‍ പ്രസക്തമാണെന്നു തോന്നിയതിനാലാണ് ഇവിടെ പുനരാവിഷ്കരിച്ചത്. പ്രതികരണം പ്രതീക്ഷിക്കുന്നു.

8 comments:

N.J ജോജൂ said...

തീര്‍ച്ചയായും പ്രസക്തമാണ്.

സനാതനന്‍ said...

ശ്രീ ജബ്ബാര്‍,
ഒരിക്കല്‍ എനിക്കും ഈ വാങ്കുവിളിയെ കുറിച്ച് ചില അലോസരമാനസികാവസ്ഥ്യുണ്ടായിരുന്നു.അത് സത്യത്തില്‍ മുസ്ലീം മതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അതിലുള്ള അര്‍പ്പണബോധത്തെക്കുറിച്ച് അറിഞ്ഞു കൂടാത്തത് കൊണ്ടായിരുന്നു.ഇപ്പോള്‍ അതു മാറി,നിമിഷം പ്രതി കാതുകളേയും മനസിനേയും മലിനമാക്കുന്ന ശബ്ദകോലാഹലങ്ങളുടെ ഈ കാലത്ത് വാങ്കുവിളിയോ സുപ്രഭാത കീര്‍ത്തനങ്ങളോ സുവിഷേശപ്രചാരങ്ങളോ നമ്മെ അലോസരപ്പെടുത്തുന്നുണ്ടെങ്ക്ങ്കില്‍ അത് നമുക്ക് അതോടൊക്കെയുള്ള ഒരുതരം വെറുപ്പുകലര്‍ന്ന വിപ്രതിപത്തികൊണ്ടാണെന്ന് ഇപ്പോള്‍ തോന്നുന്നു.മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതെ വാങ്കുവിളിക്കുകയോ കാവടിയാട്ടം നടത്തുകയോ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല.മറ്റുള്ളവരുടെ മാനസികാവസ്ഥ മനസിലാക്കാന്‍ കഴിഞ്ഞാല്‍ അതൊന്നും ഒരു പ്രശ്നമേ അല്ല എന്നു തോന്നും.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

എത്ര മഹത്തായ ചിന്തകള്‍ ! ബഹുമാന്യനായ ചേകന്നൂര്‍, മൌലീക വാദികളാല്‍ കൊല്ലപ്പെട്ടതില്‍ അതിശയമില്ല തന്നെ ! അദ്ധേഹത്തെ പോലെ നൂറ് ചിന്തകന്മാര്‍ ഇസ്ലാം സമുദയത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് കാണുന്ന പോലെ ഇസ്ലാമീക തീവ്രവാദം ലോകത്തെ ഗ്രസിക്കുകയില്ലായിരുന്നു ..

mathula said...

Sree Jabbar

Am new to this , blog, so am not aware of How to use through malayalam. Please continue your struggle

കോട്ടക്കാടന്‍ said...

ജബ്ബാര്‍ മാഷേ,
നമ്മള്‍ ഓരോരുത്തരും മനസ്സ് തുറന്നു ചിന്തിക്കാത്തത് കൊണ്ടല്ലേ ഇവിടെ മതവും ദൈവങ്ങളും കൂടുതല്‍ ശക്തി പ്രാപിക്കുന്നത്? ഒരു ചേകന്നുര്‍ മനുഷ്യനെ നന്നാക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തെ ഇല്ലാതാക്കി ഈ സമൂഹം. പക്ഷെ അദ്ദേഹം ഒരു മതപ്രഭാഷകന്‍ ആയിരുന്നില്ലേ? മതം ഇല്ല എന്നുതന്നെയല്ലേ നമ്മള്‍ ചിന്തിക്കേണ്ടത്? ഒരു മതപ്രഭാഷകന് ഒരിക്കലും ഒരു നല്ല മനുഷ്യനെ സൃഷ്ട്ടിക്കുവാന്‍ കഴിയുകയില്ല.

kuttappy my son said...

ചേകനൂര്‍ മൌല്ലവിയുടെ കൊലയാളികളെ ഇതുവരെയും പിടികൂടുവാനും ശിക്ഷിക്ക്കുവാനും സാധീച്ചില്ല എന്നുള്ളത് നമ്മെ ഒട്ടും അലട്ടുന്നില്ലേ?
വ്യവസ്ഥാപിത മതങ്ങളുടെ മതീലുകള്‍ക്ക് പുറത്തേക്ക് ന്നമ്മുടെ ചിന്തകള്‍ പോകാന്‍ പാടില്ലേ?
പുരോഗമനത്തിന്‍റെ മൊത്തക്കച്ചവടക്കാരാണ് മൌലവിയുടെ കൊലയാളികളെന്ന് ആരോപിക്കപ്പെട്ടിരിക്കുന്നവര്‍ക്ക് സമ്രക്ഷണം നല്കുന്നത്. മലയാളികളേ നാണമില്ലേ!

നിസ്സഹായന്‍ said...

ഒരു യുക്തിവാദിക്കുപോലും യോജിക്കാവുന്ന മഹത്തായ ചിന്തകളാണ് ചേകന്നൂർ മൌലവി പങ്കുവെയ്ക്കുന്നത്. മതവും വിശ്വാസവും ദൈവത്തിനു വേണ്ടിയല്ല, മനുഷ്യനുവേണ്ടിയാണെന്ന് മനസ്സിലാക്കുന്നവരിലാണ് മനുഷ്യത്വം കുടികൊള്ളുന്നത്. അദ്ദേഹം തീർച്ചയായും ഒരു വലിയ മനുഷ്യസ്നേഹിയായിരുന്നു. കാരണം മതങ്ങൾ എന്തിനു വേണ്ടിയെന്ന ഒരു വിശ്വാസിയുടെ സന്ദേഹത്തിൽ നിന്നും, മനുഷ്യനന്മയ്ക്കു വേണ്ടിയാണെന്നും എല്ലാ മതങ്ങളും അങ്ങിനെയാകുകയും വേണം എന്ന ഉത്തരം ലഭിക്കുന്നതിനാലാണ് ‘സർവ്വമതസത്യവാദം’ എന്ന ദർശനം ഉത്ഭവിക്കുന്നത്. മതം വലിയൊരു അയുക്തിയായിരിക്കുമ്പോഴും അതിനെ മനുഷ്യന്മയ്ക്കുതകുന്ന തത്വമായി മാറ്റിയെടുക്കുന്നതാണ് മതത്തെ ഇല്ലായ്മ ചെയ്യാം എന്ന മൌഢ്യത്തേക്കാൾ ശരിയായത്. അതിന് മതത്തിനുള്ളിൽ നവീകരണങ്ങൾ നടക്കണം. മതം ഉൽപ്പാദിപ്പിക്കുന്ന മനുഷ്യവിരുദ്ധതയെ ചൂണ്ടിക്കാണിക്കുമ്പോഴാണ് യുക്തിവാദത്തിനും നിലനിൽപ്പുണ്ടാകുന്നത്. അല്ലാതെ കേവലമായ ഒരു അസ്തിത്വം അതിനുണ്ടാക്കാൻ ശ്രമിക്കുന്നത് വെറും ബൌദ്ധികവ്യായാമത്തിന്റെ ഗുണമേ ചെയ്യൂ. തീർച്ചയായും മതത്തിനു വേണ്ടിയും ദൈവത്തിനു വേണ്ടിയും മാത്രം ചിന്തിക്കുന്ന, തന്റെ മതം മാത്രം സത്യം മറ്റുള്ളവയെ ഇല്ലായ്മചെയ്യേണ്ടത് എന്നു ചിന്തിക്കുന്ന, മതതീവ്രവാദികളും മതമൌലികവാദികളും ‘സർവ്വമതസത്യവാദ’ത്തിന്റെ വക്താവിനെ വകവരുത്തിയതിൽ അത്ഭുതമില്ല. ഇന്ന് ബൂലോകം മുഴുവൻ അത്തരം മതാന്ധരെ കൊണ്ടു നിറഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് ഇസ്ലാം വിഭാഗത്തിൽ !

Rupesh said...

Dear Jabbar Master,

Can KYS publish Chekannur Maulavi's Complete Works. It will be a great tribute to that great person.

Thanks

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.