Saturday, May 17, 2008

ജമാ അത്തെ ഇസ്ലാമിയുടെ കാപട്യങ്ങള്‍ -ഭാഗം 2

മതം വിട്ടു പോകുന്നവനെ മാത്രമല്ല ജമാ അത്ത് വിട്ടു പോകുന്നവനെപ്പോലും വധിക്കണമെന്ന ആചാര്യന്റെ ഫത് വ മറച്ചുവെച്ച് മനുഷ്യാവകാശ സംരക്ഷകരുടെ വേഷം കെട്ടിയിരിക്കുകയാണ് ഇവിടെ ജമാ അത്തുകാര്‍. അന്യ മതക്കാരുടെ കയ്യില്‍നിന്നും അധികാരവും അവകാശവും പിടിച്ചെടുത്ത് അവരെ കശാപ്പു ചെയ്യുകയോ അടിമകളാക്കുകയോ ചെയ്യലാണു സത്യവിശ്വാസികളുടെ ഏകമാത്ര ജീവിതലക്ഷ്യം എന്നു പഠിപ്പിക്കുന്ന മൌദൂദിയുടെ ഫാസിസ്റ്റ് ദര്‍ശനം പുറത്തെടുക്കാതെ മതമൈത്രിക്കു ജാഥയും തെരുവുനാടകവും നടത്തുകയാണു സോളിഡാരിറ്റിക്കാര്‍ . ഇസ്ലാമിക ഭരണമില്ലാത്ത രാജ്യങ്ങളില്‍ സര്‍ക്കാര്‍ ജോലി പോലും സ്വീകരിക്കരുതെന്നുപദേശിച്ച മൌദൂദിയന്‍ ദര്‍ശനത്തിന്റെ കാവല്‍ക്കാര്‍ തന്നെയാണിവിടെ നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോറ്ട്ടിനെ പോസ്റ്റു മോര്‍ട്ടം നടത്തുന്നത്.


‘പാശ്ചാത്യരുടെ പിഴച്ച ചിന്തകള്‍ ’ എന്ന് ആചാര്യന്‍ വിധിയെഴുതിയ ജനാധിപത്യവും മതനിരപേക്ഷതയും സ്ത്രീപുരുഷ സമത്വവുമൊക്കെ സംരക്ഷിക്കാനും പ്രചരിപ്പിക്കാനും ഇവിടെ മറ്റാരെക്കാളും മുമ്പില്‍ സോളിഡാരിറ്റിയുണ്ട്. പെണ്ണുങ്ങള്‍ സ്ക്കൂളില്‍ പഠിക്കുന്നതേ അബദ്ധം എന്നു പറഞ്ഞ മൌദൂദിയുടെ അനുയായികള്‍ സ്ത്രീ വിദ്യാഭ്യാസത്തിനെതിരല്ല തങ്ങളെന്നു തെറ്റിദ്ധരിപ്പിക്കാന്‍ ഒരു വശത്തു ശ്രമിക്കുമ്പോള്‍തന്നെ ഒളിഞ്ഞും മറഞ്ഞും സ്ത്രീ വിദ്യാഭ്യാസ്ത്തിനെതരെ പേനയേന്തുകയാണു ജമാ അത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ .മുഖം പോലും തുറന്നിടരുതെന്നും വീടു വിട്ടു പുറത്തിറങ്ങരുതെന്നും സ്ത്രീകളോടു കല്‍പ്പിക്കുന്ന മൌദൂദി അടിമത്തത്തെ എതിര്‍ക്കുന്നവരെ പോലും ശക്തിയായി വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്യുന്നുണ്ട്. ആറാം നൂറ്റാണ്ടിലെ ഒരു അറബി പുരുഷന്റെ മനസ്സുകൊണ്ട് ലോകത്തെയും ജീവിതത്തെയും നോക്കിക്കാണുന്ന ഒരു ഒരു വികൃതമനസ്സിന്റെ ഉടമയാണു മൌദൂദി. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെ ഭാഗികമായിപ്പോലും തള്ളിപ്പറയാന്‍ ഇതു വരെ ജമാ അത്തുകാരോ സോളിഡാരിറ്റിക്കാരോ തയ്യാറായതായി കണ്ടിട്ടില്ല.

സത്യവിശ്വാസികളായ സജ്ജനങ്ങളുമായല്ലാതെ ഭൌതികവാദികളായ മാര്‍ക്സിസ്റ്റുകളുമായി കുടുംബ ബന്ധം പോലും പാടില്ലെന്നു വിലക്കുന്ന ഫത് വകളും ഖുത്ബകളും IPHന്റെ അലമാരകളില്‍ അട്ടിയിരിക്കെ , കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളുമായി സാംസ്കാരിക കൂട്ടുമുന്നണിയുണ്ടാക്കി ഇവര്‍ നടത്തുന്ന ഒളിനാടകങ്ങള്‍ ആരെ കബളിപ്പിക്കാനാണ്? കമ്യൂണിസ്റ്റുകാരുടെ ഫോട്ടൊ സൂക്ഷിക്കുന്നതു പോലും ഹറാമാണെന്നു വിധിക്കുന്ന ഫത് വകള്‍ ജമാ അത്തു സാഹിത്യങ്ങളില്‍ ഇന്നും സുലഭമാണ്. മൌദൂദി ദര്‍ശനമനുസരിച്ച് ഒന്നാം ശത്രു കമ്മ്യൂണിസ്റ്റും രണ്ടാം ശത്രു ക്രിസ്ത്യാനിയുമാണ്. ശിര്‍ക്കിന്റെ മതമായ ഹിന്ദു മതത്തിനു പോലും മൌദൂദിയുടെ കരിമ്പട്ടികയില്‍ മൂന്നാം സ്ഥാനമേയുള്ളു. !

സോഷ്യലിസത്തോട് അദ്ദേഹത്തിനു പുച്ഛമാണ്. ഹിറ്റ്ലര്‍ ‍-മുസ്സോളിനിമാരുടെ നാസിപ്പടയും സ്റ്റാലിന്റെ ഭരണ സംവിധാനവുമൊക്കെ മാതൃകയാക്കണമെന്നാണു മൌദൂദി പറഞ്ഞു വെച്ചിട്ടുള്ളത്. ജനാധിപത്യമെന്ന മനുഷ്യനിര്‍മ്മിത വ്യവസ്ഥയെ നിന്ദിച്ചും പരിഹസിച്ചും മൌദൂദി കുറിച്ചിട്ട വരികള്‍ ഇന്നും ജമാ അത്തുകാര്‍ വിറ്റു കാശാക്കുന്നുണ്ട്.
സംഗീതവും ചിത്രകലയും ശില്‍പ്പവും നാടകാഭിനയവുമെന്നു വേണ്ട മനുഷ്യമനസ്സിന്‍ ആര്‍ദ്രതയേകുന്ന സൌന്ദര്യസങ്കല്‍പ്പങ്ങളെല്ലാം നിഷിദ്ധമാക്കുന്ന ഒരു വരണ്ട തത്വശാസ്ത്രമാണ് മൌദൂദി പരിചയപ്പെടുത്തുന്ന ഇസ്ലാം. മൌദൂദിയന്‍ ഇസ്ലാമിന്റെ പ്രായോഗിക രൂപങ്ങളാണു നമ്മള്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകാലത്തു കണ്ടത്.

എന്നാല്‍ സ്വന്തം ആചാര്യന്‍ ഹറാമാക്കിയതെല്ലാം ഹലാലാക്കി അവതരിപ്പിച്ചുകൊണ്ട് സമൂഹത്തിലെ സഹൃദയരെയും ശുദ്ധഗതിക്കാരെയും കബളിപ്പിക്കാനുള്ള അടവു തന്ത്രമാണ് ജമാ അത്തുകാര്‍ ഇന്നു തെരുവില്‍ അവതരിപ്പിക്കുന്നതെല്ലാം. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പരിഷത്തുകാരും പുരോഗന്മന കലാ സാഹിത്യ സംഘടനക്കാരുമൊക്കെ തെരുവിലവതരിപ്പിച്ചിരുന്നതും മടുപ്പു തോന്നി ഏതാണ്ടിക്കാലത്ത് ഉപേക്ഷിച്ചതുമായ തെരുവു നാടകങ്ങളും വിപ്ലവഗാനങ്ങളുമൊക്കെയാണിന്ന് സോളിഡാരിറ്റിക്കാരുടെ കലാപരിപാടികള്‍. സൂര്യ കൃഷ്ണമൂര്‍ത്തി സ്റ്റൈലിലുള്ള ശബ്ദവെളിച്ച പ്രദര്‍ശനം വരെ ഉപയോഗിച്ചാണിന്ന് ജമാ അത്തുകാരുടെ പ്രചാരണം. സംഗീതം പൈശാചികമായിരുന്നവര്‍ക്ക് ഇന്നു സിനിമയും ടീവിചാനലുമൊക്കെ ആലോചനാവിഷയങ്ങളാണത്രേ! ജമാ അത്തിനു നേരിട്ടാകുമ്പോള്‍ ഹറാമാകുന്നതൊക്കെ സോളീഡാരിറ്റിയാകുമ്പോള്‍ ഹലാലായിക്കിട്ടും എന്നതാണു ജമാ അത്തിന്റെ നവയുക്തി!

തിബറ്റിലെ ബുദ്ധമതക്കാര്‍ക്ക് ജന്തുക്കളെ കൊല്ലല്‍ ഹറാമാണ്. എന്നാല്‍ അവരുടെ പ്രധാന ഭക്ഷണം പട്ടിയിറച്ചിയും പന്നിയിറച്ചിയുമാണ്. കൊല എന്ന പാപത്തില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ ഒരു സൂത്രം പ്രയോഗിക്കുന്നു. ഓരോ ഗ്രാമത്തിലും ഒരു കുടുംബത്തെ വീതം മതത്തില്‍നിന്നും ഭ്രഷ്ട് കല്‍പ്പിച്ചു ‘പുറത്താക്കും’ . അവരെ അറവുജോലി ഏല്‍പ്പിക്കുകയും ചെയ്യും. ഇത് പരസ്പരധാരണയോടെയുള്ള ഒരു ഏര്‍പ്പാടാണ്. ഇതേ യുക്തിയുപയോഗിച്ചാണു ജമാ അത്തെ ഇസ്ലാമി സോളിഡാരിറ്റിയുണ്ടാക്കിയിരിക്കുന്നതും!

വേഷം കെട്ടലും നാടകമാടലും മതവിരുദ്ധമായിട്ടും ജമാ അത്തുകാര്‍ തെരുവുനാടകം കളിക്കുന്നതിന്റെ പൊരുളെന്ത്? തൊട്ടുകൂടാത്തോരും തീണ്ടിക്കൂടാത്തവരുമെന്ന് ആചാര്യന്‍ വിധിയെഴുതിയ കമ്മ്യൂണിസ്റ്റുകാര്‍ എങ്ങനെ ഇസ്ലാമികപ്രസ്ഥാനക്കാരുടെ മിത്രങ്ങളായി? താഗൂത്തി വ്യവസ്ഥയുടെ കയ്യാളുപണിയും തെരഞ്ഞെടുപ്പെന്ന കൊടും ‘ഫിത്ന’യുമൊക്കെ പുതിയ കാലത്തു സ്വീകാര്യമായിത്തുടങ്ങിയതെന്തുകൊണ്ട്? മൌദൂദി സ്ഥാപിച്ച മതപ്രസ്ഥാനത്തിന്റെ കര്‍മ്മപദ്ധതിയിലോ രേഖകളിലോ ഇല്ലാത്തതും ജമാ അത്തിന്റെ ആദര്‍ശലക്ഷ്യങ്ങളുമായി വിദൂര ബന്ധം പോലും ഇല്ലാത്തതുമായ ‘ദുന്യവീ’ കാര്യങ്ങള്‍ അജണ്ടയിലെ മുഖ്യവിഭവങ്ങളായി പ്രത്യക്ഷപ്പെടുന്നതിന്റെ രഹസ്യമെന്ത്? സര്‍വ്വോപരി ജമാ അത്തിന്റെ ഇത്യാദി പുതുവേഷങ്ങളൊക്കെ ഈ കൊച്ചു മലയാളക്കരയില്‍ മാത്രം കാണപ്പെടുന്നതിന്റെ ഗുട്ടന്‍സെന്ത്?ജമാ അത്തെ ഇസ്ലാമി അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍നിന്നെല്ലാം മാറി; അതിന്റെ തനതു നയപരിപാടികളെല്ലാം പാടേ ഉപേക്ഷിച്ച്; സാമാന്യം തരക്കേടില്ലാത്ത ഒരു പുരോഗമന നവീകരണപ്രസ്ഥാനമായി സ്വയം പരിണമിച്ചതാണോ? ശുദ്ധഗതിക്കാരായ കുറച്ചു പേരെങ്കിലും അങ്ങനെ ധരിച്ചു വശായിട്ടുണ്ടെങ്കില്‍ അവരെ കുറ്റപ്പെടുത്തിക്കൂടല്ലോ.


കാപട്യത്തിന്റെ മതഭാഷ്യം.‌‌

ഇസ്ലാമിക രാഷ്ട്ര സംസ്ഥാപനത്തിനായുള്ള പോരാട്ടത്തില്‍ സായുധ ജിഹാദിനോടൊപ്പം ആശയപ്രചാരണത്തിന്റേതായ ഒരു സമാധാനഘട്ടവുമുണ്ടെന്ന്,മതചരിത്രം വിശകലനം ചെയ്തുകൊണ്ട് മൌദൂദിയും സിദ്ധാന്തിക്കുന്നുണ്ട്.

“മനുഷ്യബന്ധങ്ങളും കൂട്ടായ്മകളും അന്യോന്യം ഉദ്ഗ്രഥിതമാണ്. അതുകൊണ്ട് ഒരു രാഷ്ട്രത്തിന്റെ അയല്‍ രാഷ്ട്രങ്ങളും തങ്ങളുടെ അതേ ആദര്‍ശം സ്വീകരിക്കുന്നതു വരെ ആ രാഷ്ട്രത്തിന് അതിന്റെ സിദ്ധാന്തമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരിക്കുന്നതല്ല. അതുകൊണ്ട് മുസ്ലിം ഗ്രൂപ്പുകള്‍ ഒരു ഇസ്ലാമിക രാഷ്ട്രം അവരുടെ ഭൂപരിധിയില്‍ സ്ഥാപിച്ചുകൊണ്ട് അടങ്ങിയിരിക്കാന്‍ പാടുള്ളതല്ല. അവരുടെ വിഭവങ്ങള്‍ക്കനുസരിച്ച് രാഷ്ട്രത്തെ നാലു ഭാഗത്തേക്കും വികസിപ്പിക്കാന്‍ ശ്രമിക്കേണ്ടതാണ്. മുസ്ലിംങ്ങള്‍ ഒരു ഭാഗത്ത് അവരുടെ ആശയപ്രചരണം നടത്തുകയും മറുഭാഗത്ത് ജനങ്ങളെ തങ്ങളുടെ ആദര്‍ശം സ്വീകരിക്കാന്‍ ക്ഷണിക്കുകയും വേണം. കാരണം മോക്ഷം നില കൊള്ളുന്നത് അതില്‍ മാത്രമാണ്. അവരുടെ ഇസ്ലാമിക രാഷ്ട്രത്തിനു ശക്തിയും വിഭവവുമുണ്ടെങ്കില്‍ മറ്റു അനിസ്ലാമിക രാഷ്ട്രങ്ങളെ യുദ്ധം ചെയ്തു നശിപ്പിക്കേണ്ടതും അവിടെ ഇസ്ലാമിക ഭരണം സ്ഥാപിക്കേണ്ടതുമാണ്.” (ഹഖീഖതെ ജിഹാദ്-പേജ് 64 )

“അറേബ്യയില്‍ ആദ്യമായി മുസ്ലിം പാര്‍ടി രൂപവല്‍ക്കരിച്ച് പ്രാവര്‍ത്തികമാക്കിയ സന്ദര്‍ഭത്തില്‍ പ്രവാചകനും ഖലീഫമാരും കൈക്കൊണ്ട നിയമമിതായിരുന്നു. അതിനു ശേഷം പ്രവാചകന്‍ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ട് എല്ലാ അയല്‍ നാടുകളിലേക്കും സന്ദേശം അയച്ചു. പക്ഷേ ഈ സന്ദേശം സ്വീകരിച്ചുവൊ ,അതോ നിരസിച്ചുവോ എന്നറിയാന്‍ അദ്ദേഹം കാത്തുനിന്നില്ല. ഉടനെ അദ്ദേഹം ശക്തി സംഭരിച്ച് റോമാ സാമ്രാജ്യത്തിനെതിരെ ആഞ്ഞടിച്ചു. പ്രവാചകനു ശേഷം അബൂബക്കറാണ് നേതാവായത്. അദ്ദേഹം പേര്‍ഷ്യയേയും റോമിനേയും ആക്രമിച്ചു. അവസാനം ഉമര്‍ വിജയിക്കുകയും ചെയ്തു.”[ഹഖീഖതെ ജിഹാദ്]

ഇക്കാര്യത്തില്‍ പ്രവാചകനെ മാതൃകയാക്കി മൌദൂദി വിശദീകരിക്കുന്നു;-

“അല്ലാഹുവിന്റെ ദൂതന്‍ 13 വര്‍ഷക്കാലം അറബികളെ ഇസ്ലാം മതം സ്വീകരിക്കന്‍ ക്ഷണിക്കുകയുണ്ടായി. അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും അദ്ദേഹം അവലംബിച്ചു. അനിഷേദ്ധ്യമായ തെളിവുകളും വാദമുഖങ്ങളും സമര്‍പ്പിച്ചു.ഭക്തിയുടെയും ധാര്‍മികതയുടെയും മാതൃകയായ തന്റെ ജീവിതം അവരുടെ മുമ്പില്‍ കാഴ്ച്ച വെച്ചു.ആകാവുന്നത്ര അവരുമായി ആശയവിനിമയം നടത്തി.പ്ക്ഷേ അദ്ദേഹത്തിന്റെ ജനത ഇസ്ലാം മതം സ്വീകരിച്ചില്ല.
അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും പരാജയമായി കലാശിച്ചപ്പോള്‍ പ്രവാചകന്‍ ഖഡ്ഗം കയ്യിലേന്തി,ഖഡ്ഗം! അത് തിന്മയെയും ആക്രമണത്തെയും ഹൃദയത്തിലെ കറകളെയും ആത്മാവിന്റെ കളങ്കങ്ങളെയും വിപാടനം ചെയ്തു. അതിനേക്കാള്‍ ഉപരിയായി വാള്‍ അവരുടെ അന്ധത ഇല്ലാതാക്കി.അവര്‍ക്ക് സത്യത്തിന്റെ വെളിച്ചം കാണുമാറായി.സത്യം സ്വീകരിക്കാന്‍ വിഘാതമായി നിന്ന അവരുടെ അഹങ്കാരത്തിനു ശമനമുണ്ടായി. ഉദണ്ഡശിരസ്കരായി ഔദ്ധത്യത്തോടെ നിലയുറപ്പിച്ച അവര്‍ അപമാനിതരായി എളിമയോടെ തല കുനിച്ചു.

അറേബ്യയിലും മറ്റു രാജ്യങ്ങളിലും ഇസ്ലാം പ്രചരിച്ചത് ത്വരിതഗതിയിലായിരുന്നു. ഒരു നൂറ്റാണ്ടു കൊണ്ടു തന്നെ ലോകത്തിന്റെ കാല്‍ ഭാഗം ഇസ്ലാം സ്വീകരിച്ചു. ഇസ്ലാമിന്റെ ഖഡ്ഗം മനുഷ്യഹൃദയങ്ങളെ ആവരണം ചെയ്ത മറകളെ കീറി മുറിച്ചതായിരുന്നു ഈ പരിവര്‍ത്തനത്തിനു കാരണം.”[അല്‍ ജിഹാദു ഫില്‍ ഇസ്ലാം പേജ് 137]മതപ്രചരണത്തിന് വാളിന്റെ മാര്‍ഗ്ഗം മാത്രമേ ഉപകരിക്കൂ എന്നു തിരിച്ചറിയുന്നുണ്ടെങ്കിലും പ്രവാചകചര്യയില്‍ ഉല്‍ബോധനപ്രവര്‍ത്തനങ്ങളുടേതായ ഒരു ഘട്ടം കടന്നു പോയിട്ടുണ്ടെന്നതിനാല്‍ അതും വേണ്ടതാണെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു പോവുകയാണു മൌദൂദി. സായുധവിപ്ലവത്തിനു കൈക്കരുത്തു നേടും വരെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മുഖമൂടിയണിഞ്ഞ് ആശയപ്രചരണം നടത്താവുന്നതാണെന്ന് മൌദൂദിസത്തിന്റെ ആധുനിക വക്താക്കളും വ്യാഖ്യാനിക്കുന്നു:-

“ലക്ഷ്യം നേടും വരേയുള്ള കാലയളവില്‍ എല്ലാവര്‍ക്കും തുല്യാവകാശങ്ങള്‍ ലഭ്യമാവുന്ന ഒരു ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയക്രമം നിലനില്‍ക്കാന്‍ സഹായകമാവുന്ന സമീപനമാണു മുസ്ലിംങ്ങള്‍ സ്വീകരിക്കേണ്ടത്.” (ഒ അബ്ദുറഹ്മാന്‍ -ബഹുമതസമൂഹത്തിലെ മുസ്ലിംങ്ങള്‍)

ജമാ അത്തെ ഇസ്ലാമിയുടെ മതേതര ജനാധിപത്യ ജാടകളും പ്രച്ഛന്ന വേഷങ്ങളും വാളെടുക്കാന്‍ കരുത്തു നേടും വരേക്കുള്ള വഞ്ചനാപരമായ ഒരു അടവു നയം മാത്രമാണെന്നു ചുരുക്കം.

മൌദൂദിസ്റ്റ് ബുദ്ധിജീവികളുടെ മോഡേണ്‍ ഇജ്തിഹാദ് പ്രകാരം , അമുസ്ലിംങ്ങളെ ദീനിലേക്കും പ്രസ്ഥാനത്തിലേക്കും ആകര്‍ഷിക്കാന്‍ ഇസ്ലാമിന്റെ മൌലിക സിദ്ധാന്തങ്ങള്‍ക്കു നിരക്കാത്ത ഹീന തന്ത്രങ്ങളും പ്രയോഗിക്കുന്നതില്‍ തെറ്റില്ല. ഇക്കാര്യത്തില്‍ ആചാര്യനെ കടത്തിവട്ടി ഒരു കാതം മുന്നോട്ടു നീട്ടി വ്യാഖ്യാനിക്കാനും ജമാ അത്തു സൈദ്ധാന്തികര്‍ തയ്യാറായിരിക്കുന്നു.
ജമാ അത്തുകാരുടെ ഹിറാനഗര്‍ സമ്മേളനപ്പന്തലിന്റെ കവാടത്തില്‍ ഒരു ഒട്ടകത്തിന്റെ പൂര്‍ണ്ണപ്രതിമ ഉണ്ടാക്കി വെച്ചിരുന്നു. ശില്‍പ്പങ്ങളുണ്ടാക്കുന്നത് ഹറാമല്ലേ എന്നൊരു പ്രവര്‍ത്തകനോടു ചോദിച്ചപ്പോള്‍ അദ്ദേഹം ഉള്ള കാര്യം തുറന്നു പറഞ്ഞു. മുശ്രിക്കുകളായ ഹിന്ദുക്കളെ ആകര്‍ഷിക്കാനാണു അവര്‍ക്കിഷ്ടപ്പെട്ട കലാരൂപങ്ങള്‍ ഒരുക്കിയിരിക്കുന്നത് എന്നായിരുന്നു മറപടി. പാട്ടും കൂത്തും നാടകവുമൊക്കെ അതേ ഉദ്ദേശ്യത്തോടേയാണ് ഇവര്‍ ആവിഷ്കരിക്കുന്നത്.

പ്രവാചക്ന്റെ പേരില്പോലും നുണ പ്രചരിപ്പിക്കാന്‍ ഇക്കൂട്ടര്‍ക്കു മനസ്സാക്ഷിക്കുത്തില്ല. ഈ അടുത്ത കാലത്ത് സദാചാരത്തെ കുറിച്ചൊരു ക്യാമ്പൈന്‍ ഇവര്‍ നടത്തി. അതിനായി തയ്യാറാക്കിയ ലഘുലേഖ തുടങ്ങുന്നത് ഒരു ‘നബിവചനം’ ഉദ്ധരിച്ചുകൊണ്ടായിരുന്നു. ലഘുലേഖ തയ്യാറാക്കിയവരെ നേരില്‍ വിളിച്ച് ആ ഹദീസിന്റെ റഫറന്‍സ് ചോദിച്ചിട്ടും അവര്‍ ഒഴിഞ്ഞു മാറി. പ്രബോധനത്തിലേക്ക് എഴുതി ച്ചോദിച്ചിട്ടും പ്രതികരണമുണ്ടായില്ല.


ഇസ്ലാം ചൂണ്ടയിലേക്കു അമുസ്ലിം മത്സ്യങ്ങളെ ആകര്‍ഷിക്കാന്‍ അവരുടെ ഇഷ്ടഭോജ്യങ്ങളായ ശിര്‍ക്കും ജാഹിലിയ്യത്തും ഇര കോര്‍ക്കുന്നതില്‍ തെറ്റില്ല എന്നാണു കണ്ടുപിടുത്തം. മതം ഹറാമാക്കിയ മാര്‍ഗ്ഗത്തിലൂടെയും മതത്തിലേക്ക് ആളെകൂട്ടാം ! അഫ്ഗാനിസ്ഥാനിലെ ജിഹാദീ വിപ്ലവകാരികളുടെ പ്രധാന വരുമാന മാര്‍ഗ്ഗം കറുപ്പും കഞ്ചാവുമാണല്ലോ. ഇതും മൌദൂദി ഉപദേശിച്ച ബുദ്ധിയല്ലെന്നാരു കണ്ടു.!

3 comments:

Anonymous said...

ningal oru karyam manassilakkanam ee mathethara india kku vllaleettathu rss nde babari masjid
polichath vazhiyanu athinu shesham oro sadaranakkaranum samooham visheshippikkunna theevra vadi enna peeru varukayaanu..njan parayunnu indiayil itharam theevra vadikal undayi varunnathil nalloru panku ividathe samoohathinund

Naj said...

I wonder how person from Islam can make such ideosincracies about this wonderful religion. It is obvious that many Muslims are totally away from its real teachings as they are broughtup by their name sake muslim parents. First of all, one must understand that Islam is not a religion like other so-called religion which has some rituals, poojas and traditional things in order to satisfy the idols gods they "worship". Islam is the religion for those who wise and intellectual as it make human to compass and comprehend. Human are gifted with wisdom and understanding by which we able to compass and comprehend. It would not be wise using this privilege with limited knowledge the person carry.

The beauty of Islam can only be seen by just looking at other religion as their customs and practices in their religion such as discriminations among human, by numerous Caste systems. It is crystal clear that Islam is the only religion in the universe that practically consider human with equality in all level.

Anyhow, it is better ignorent to be away from Islam and let them to bark against this Wonderful Ideology. Ignorents have no place in Islam. Let us encourage them to get their way until their life span as Quran says " Leave them with their worldly affairs, finally "To him their return with grieve"

Naj said...

Br. Jabbar,

Atheism emerges from the wrong notions that he understand from his perception and knowledge. Islam is not a religion like other as it has practical and beneficial outcome to the humanrace. No butter, Ghee, Oil to flame in the name of worship. The creator of universe is the ultimate who gifted wisdom to his creation (human) to learn and understand about this universe and his life. As God says in Quran that he creates human from a drop of watery liquid and he shaped with flesh and born, given sight, ears and wisdom. And he set a period for them to live and he changed their shape as they grow and bring them back to an age as they know nothing (old age. There is sign those who are wise".

So here is your wisdom ends. There is no control over human age. once they approach their old age, they will loose everything and they are become unwanted. But Islam teaches to respect their parents when they reaches old age as to care them with atmost mercy. I don't know what ideology will make your people to respect thier parents. and for What if no accountability hereafter !

I don't think will there be any intellectual follows Atheism.

Naj

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.