Monday, June 2, 2008

ജമാ അത്തു കാരുടെ പുരോഗമന നാട്യം! 3

കാശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചും , ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത മൌലികവാദ നിലപാടുകള്‍ സ്വീകരിച്ചും തങ്ങളുടെ വിശ്വരൂപം പുറത്തു കാട്ടുന്ന ‘ഇസ്ലാമികപ്രസ്ഥാനം’ ഈ മലയാളക്കരയില്‍ മാത്രം ഉല്പതിഷ്ണുത്വത്തിന്റെ ലക്ഷണം പ്രകടമാക്കുന്നതിന്റെ പശ്ചാത്തലം ഊഹിക്കാവുന്നതേയുള്ളു.

നവോത്ഥാനത്തിന്റെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും സ്വാധീനഫലമായി സമഗ്രമായ സാമൂഹ്യപരിവര്‍ത്തനത്തിനു വിധേയമായ മണ്ണാണു കേരളത്തിന്റേത്. പരിമിത തോതിലെങ്കിലും മുസ്ലിം സമുദായത്തിലും ചിന്താപരിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. മതനിരപേക്ഷമായ ഒരു പൊതു മണ്ഡലമാണു കേരളത്തെ വടക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നത്. ഇടതുപക്ഷ ആശയങ്ങള്‍ക്കു വേരോട്ടമുള്ള മലയാളി മനസ്സില്‍ സങ്കുചിതമായ വര്‍ഗ്ഗീയ ചിന്തകള്‍ക്കുള്ള സ്ഥാനം താരതമ്യേന ചെറുതാണ്. ഈ സാമൂഹ്യ പശ്ചാത്തലത്തില്‍ ജമാ അത്തെ ഇസ്ലാമി പോലുള്ള ഒരു ഫാസിസ്റ്റ് വര്‍ഗ്ഗീയ സംഘടനയ്ക്കു അതിന്റെ തനത് ആശയങ്ങളുമായി പ്രത്യക്ഷപ്പെടാന്‍ ബുദ്ധിമുട്ടു നേരിടുക സ്വാഭാവികം മാത്രം.
മൌദൂദി സാഹിത്യങ്ങളുമായി കഴിഞ്ഞ അഞ്ചാറു പതിറ്റാണ്ട് ‘പ്രബോധനം’ നടത്തിയിട്ടും മുസ്ലിം സമുദായത്തിനകത്തു പോലും കാര്യമായ സ്വാധീനം നേടാന്‍ ഈ പ്രസ്ഥാനത്തിനു സാധ്യമായിട്ടില്ല. ഇതര സമുദായങ്ങളെ ആകര്‍ഷിക്കാന്‍ മൌദൂദിയന്‍ തീവ്രവാദം ഒട്ടും പര്യാപ്തവുമല്ല. അടവും തന്ത്രവും മാറി മാറി പ്രയോഗിക്കാന്‍ മൌദൂദിസ്റ്റുകളെ പ്രേരിപ്പിച്ച സാഹചര്യം ഇതാണ്.


വ്ദ്യാഭ്യാസം നേടിയ മുസ്ലിം ചെറുപ്പക്കാരെ ,പുരോഗമനപ്രസ്ഥാനങ്ങളിലേക്കും ഭൌതികാദര്‍ശങ്ങളിലേക്കും ആകര്‍ഷിക്കപ്പെടാതെ , മതവൃത്തത്തില്‍ തടഞ്ഞു നിര്‍ത്തുന്നതിനും മൌദൂദിയുടെ ഭീകരവാദം കൊണ്ടു പ്രയോജനമില്ലെന്നും ആകര്‍ഷകമായ ‘മതേതര’ മുദ്രാവാക്യങ്ങള്‍ കടം കൊള്ളേണ്ടത് അനിവാര്യമാണെന്നും വളരെ വൈകിയാണെങ്കിലും ജമാ അത്തുകാര്‍ തിരിച്ചറിഞ്ഞു. കേരളത്തിലെ ഇടതുപക്ഷതീവ്രവാദികളുടെ തന്നെ മുദ്രാവാക്യങ്ങള്‍ കയ്യിലെടുത്തു പയറ്റാന്‍ ഇവര്‍ തയ്യാറായതങ്ങനെയാണ്.
മുസ്ലിം വൃത്തത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം കേരളത്തിലെ സാംസ്കാരിക പൊതുമണ്ഡലങ്ങളില്‍ കൂടി ഇടിച്ചു കയറാനും മാന്യമായ ഒരിടം പൊതു വേദികളിലും മാധ്യമങ്ങളിലും തരപ്പെടുത്താനും ഇത്തരം പ്രവര്‍ത്തനങ്ങളും മുദ്രാവാക്യങ്ങളും സഹായകമാകുമെന്നും അവര്‍ കണക്കു കൂട്ടി. ഇതിനകം തന്നെ തങ്ങള്‍ക്കു ചാര്‍ത്തിക്കിട്ടിയ , മതതീവ്രവാദത്തിന്റെ അപമുദ്രയും മുഖവൈകൃതവും പൊതുവേദികളിലെ നിരന്തര സാന്നിധ്യം കൊണ്ടു മറച്ചുപിടിക്കാനാവുമെന്നും ജമാ അത്തുകാര്‍ മനസ്സിലാക്കി. ആര്‍ .എസ്. എസ് നു ബദലായി മുസ്ലിംങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന തീവ്ര വര്‍ഗ്ഗീയ ഫാസിസ്റ്റു ഗ്രൂപ്പായി ഇന്നലെ വരെ അറിയപ്പെട്ടിരുന്ന ഒരു വിഭാഗം അങ്ങനെ ഇടതു പുരോഗമന വൃത്തങ്ങളില്‍ ഉത്പതിഷ്ണുക്കളായും സമുദായ പരിഷ്കര്‍ത്താക്കളായും തെറ്റിദ്ധരിക്കപ്പെട്ടു തുടങ്ങി. രാഷ്ട്രീയ രംഗത്തു ഇടതു പക്ഷത്തെ അനുകൂലിക്കുന്നു എന്ന മിഥ്യാധാരണയുളവാക്കാനായി ചില സന്ദര്‍ഭങ്ങളില്‍ ഇക്കൂട്ടര്‍ നടത്തിയ കരണം മറിച്ചിലുകള്‍ ഈ ധാരണക്കാക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഇവരുടെ പ്രഥമവും പ്രധാനവുമായ ഉന്നം കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തെ ദുര്‍ബ്ബലപ്പെടുത്തുക എന്നതാണ്. ശുദ്ധഗതിക്കാരായ ഇടതു നേതാക്കള്‍ക്കിതു ഇനിയും മനസ്സിലാകാനിരിക്കുന്നതേയുള്ളു.


പുരോഗമനപ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും തങ്ങളുടെ മതമൌലികനിലപാടുകള്‍ക്കു നേരെ മുന്‍ കാലങ്ങളിലുണ്ടായിരുന്ന പോലെയുള്ള എതിര്‍പ്പും വിമര്‍ശനങ്ങളും ഉയര്‍ന്നു വരാതിരിക്കാനും അവരുമായുള്ള ചങ്ങാത്തഭാവം സഹായകമാകുമെന്നും ജമാ അത്തുകാര്‍ ദീര്‍ഘദര്‍ശനം ചെയ്തു. നേരിട്ടെതിരിടുന്നതിനു പകരം തോളിലിരുന്നു നക്കിക്കൊല്ലാമെന്നവര്‍ മനപ്പായസമുണ്ണുകയാണ്.
തുടരും...

21 comments:

Aluvavala said...

തീരെ നിലവാരം ഇല്ലല്ലോ ജബ്ബാര്‍ മാഷേ..!
താങ്കള്‍ തന്നെ ഒന്നു വയിച്ചുനോക്കിയോ?

Shabeeribm said...

ഞാന്‍ താങ്ങളുടെ മറ്റൊരു ബ്ലോഗില്‍ കുറച്ചു സംശയങ്ങള്‍ ചോദിച്ചിരുന്നു ....മറുപടി കണ്ടില്ല

ടോട്ടോചാന്‍ said...

ജബ്ബാര്‍ മാഷേ തീര്‍ച്ചയായും മതമല്ല മനുഷ്യനാണ് വലുത്....

Anonymous said...

ആലൂ... ജ്ജ് ലേസം നെലബാരങ്ങട്ട് കേറ്റി അയച്ചേ അബ്ട്ന്ന്. ബല്യൊരു നെലബാരക്കാരന്‍

Anonymous said...

ഇടതുപക്ഷത്തിന്റെ വര്‍ഗീയത സമര്‍ഥമായി ഒളിപ്പിക്കപ്പെട്ടതാണെന്നേ ഉള്ളു- ആര്‍ എസ്സ് എസ്സിന്റേതു പ്രകടവും.
1. കോഴിക്കോട് ഐസ്ക്രീം കേസ്സില്‍ കാണിച്ച സദാചാരബോധമൊന്നും ശാരിക്കേസില്‍ കാണുന്നില്ലല്ലോ- അവിടെ പ്രതികള്‍ അവരുടെ സവറ്ണ്ണ നേതൃത്വത്തിന്റെ ഉറ്റവരായതുതന്നെ കാരണം.
2.ഒരൊറ്റ സവറ്ണ എലൈറ്റ് നമ്പൂതിരി -പട്ടര്‍-സ്വാമിയേയും അവറ് തൊട്ടിട്ടില്ല.സെകുലര്‍ ആണെന്നുകാണിക്കാന്‍ ആക്ഷേപിക്കുന്നതു ന്യൂനപക്ഷമതവിശ്വാസത്തെ ഒന്നടങ്കവും. വടക്കായാലും തെക്കായാലും ഇന്ത്യയില്‍ കമ്മൂണിസ്റ്റ്പാര്‍ട്ടി ഹൈന്ദവം തന്നെ.

മായാവി.. said...

അഞ്ചാറു പതിറ്റാണ്ട് ‘പ്രബോധനം’ നടത്തിയിട്ടും മുസ്ലിം സമുദായത്തിനകത്തു പോലും കാര്യമായ സ്വാധീനം നേടാന്‍ ഈ പ്രസ്ഥാനത്തിനു സാധ്യമായിട്ടില്ല. ഇതര സമുദായങ്ങളെ ആകര്‍ഷിക്കാന്‍ മൌദൂദിയന്‍ തീവ്രവാദം ഒട്ടും പര്യാപ്തവുമല്ല. അടവും തന്ത്രവും മാറി മാറി പ്രയോഗിക്കാന്‍ മൌദൂദിസ്റ്റുകളെ പ്രേരിപ്പിച്ച സാഹചര്യം ഇതാണ്.RIGHT...andഇടതുപക്ഷത്തിന്റെ വര്‍ഗീയത സമര്‍ഥമായി ഒളിപ്പിക്കപ്പെട്ടതാണെന്നേ ഉള്ളു- ആര്‍ എസ്സ് എസ്സിന്റേതു പ്രകടവും.
1. കോഴിക്കോട് ഐസ്ക്രീം കേസ്സില്‍ കാണിച്ച സദാചാരബോധമൊന്നും ശാരിക്കേസില്‍ കാണുന്നില്ലല്ലോ- അവിടെ പ്രതികള്‍ അവരുടെ സവറ്ണ്ണ നേതൃത്വത്തിന്റെ ഉറ്റവരായതുതന്നെ കാരണം.
2.ഒരൊറ്റ സവറ്ണ എലൈറ്റ് നമ്പൂതിരി -പട്ടര്‍-സ്വാമിയേയും അവറ് തൊട്ടിട്ടില്ല.സെകുലര്‍ ആണെന്നുകാണിക്കാന്‍ ആക്ഷേപിക്കുന്നതു ന്യൂനപക്ഷമതവിശ്വാസത്തെ ഒന്നടങ്കവും. വടക്കായാലും തെക്കായാലും ഇന്ത്യയില്‍ കമ്മൂണിസ്റ്റ്പാര്‍ട്ടി ഹൈന്ദവം തന്നെ.
IT"S ALSO REALITY.

Aluvavala said...

അനൊണിമസായിട്ടുവന്ന് ജബ്ബാര്‍മാഷ് തകര്‍ത്തു കളഞ്ഞല്ലോ....!

ea jabbar said...

അജ്ഞാതന്‍ said...
ഞാന്‍ താങ്ങളുടെ മറ്റൊരു ബ്ലോഗില്‍ കുറച്ചു സംശയങ്ങള്‍ ചോദിച്ചിരുന്നു ....മറുപടി കണ്ടില്ല


അതിനുള്ള മറുപടിയാണ് എന്റെ നാലു ബ്ലോഗിലും പ്രസിദ്ധീകരിച്ചിട്ടുള്ളതും ഇനി പ്രസിദ്ധീകരിക്കാന്‍ പോകുന്നതുമായ എല്ലാ ലേഖനങ്ങളും. ആദ്യം തൊട്ടു വായിച്ചോളൂ

Shabeeribm said...

അതെന്താ ജബാര്‍ മാഷേ അങ്ങനെ ....എല്ലാവര്കും മറുപടി കൊടുത്തല്ലോ ...എനിക്ക് ഉത്തരം തരേണ്ടത് ഞാന്‍ ചോദിച്ച സ്ഥലതലേ ..അതിന് പകരം 4 ബ്ലോഗും ഇനി വരാന്‍ പോകുന്ന പോസ്റ്റുകളും വായിക്കാന്‍ പറയുന്നത് ഉചിതമാണോ?? ശരിക്കു നോക്കിയാല്‍ ഞാന്‍ ചോദിച്ച്ത്തിനു ഉത്തരം തരാതെ വീണ്ടും പോസ്ടുന്നത് ശരി ആണോ ???

Shabeeribm said...

ഇട്ട പോസ്റ്റില്‍ പലതും വായിച്ചു പക്ഷെ എന്റെ ചോധ്യങ്ങള്‍ക്ക് ഉള്ള ഉത്തരം ലഭിച്ചില്ല ...മാത്രമല്ല ഇനിയും സംശയങ്ങള്‍ ഉണ്ട് ചോദിക്കാന്‍ ...മറുപടി തരാന്‍ പറ്റുമെങ്ങില്‍ ചോദിച്ച സ്ഥലത്തു തരു..

Anonymous said...

ജമാ'അത്തിനെതിരെ ആഞ്ഞടിക്കുന്ന മാഷിന്‍ പൊതുവെ ഇസ്ളാമിനോട്‌ കടുത്ത വിരോധമാണെന്നു തോന്നുന്നു. യുക്തിവാദം ഇസ്ളാമിനെതിരെ മാത്രം ആഞ്ഞടിക്കാന്‍ കാരണമാവുന്നതെന്തേ...? താങ്കളുടെ പേര്‍ ഇസ്ളാമികമാണല്ലോ, അത്രയും വിരോധമുള്ള ആള്‍ ഖുരാന്‍, ദൈവത്തിണ്റ്റെ നാമമായി പരാമര്‍ശിക്കുന്ന ജബ്ബാറിനു മുമ്പില്‍ "അബ്ദു" ചേര്‍ത്ത്‌ മുസ്ളിംകള്‍ വിളിക്കാറുള്ള പേരു കാത്തു സൂക്ഷിക്കുന്നതെന്തേ ? ശരിയായ പേര്‍ "അബ്ദുല്‍ ജബ്ബാര്‍" എന്നായിരിക്കണം. "സര്‍വാധിപതിയായ ദൈവത്തിണ്റ്റെ അടിമ" എന്ന അര്‍ത്ഥത്തില്‍. വെറും ജബ്ബാര്‍ എന്നാവുമ്പോള്‍ അത്‌ ദൈവത്തെ കുറിക്കുന്നു. താങ്കള്‍ എന്തു പറയുന്നു.. ?

അടയാളം said...

ഇടതുപക്ഷത്തിന്റെ സ്വാധീനഫലമായി സാമൂഹ്യപരിവര്‍ത്തനത്തിന് വിധേയമായ മണ്ണാണ് കേരളത്തിന്റേത് എന്ന വാദം ഒരു പരിധിവരിധിവരെ ശരിയായിരിക്കാം.പക്ഷെ, അത് കുറിപ്പുകാരന്‍ പറയുന്നപോലെ സമഗ്രമൊന്നുമല്ല.ആയിരുന്നെങ്കില്‍ കേരളം ഇക്കോലത്തിലല്ലല്ലൊ കാണേണ്ടിയിരുന്നത്. കേരളീയ ജനത കാലാകാലങ്ങളായി കാത്തുസൂക്ഷിച്ചു പോന്ന പ്രബുദ്ധതയുടെയും ഉയര്‍ന്ന വൈഞ്ഞാനിക ചിന്താധാരയുടെയും ഫലമായിട്ടുകൂടിയാണ് കേരളത്തില്‍ എടുത്തുപറയത്തക്ക പരിവര്‍ത്തനം നടന്നിട്ടുള്ളത്. ഇടതുപക്ഷത്തിന്റെ സ്വാധീനം അതിന് ആക്കം കൂട്ടിയെന്നു പറയാം.പക്ഷെ, അതെല്ലാം പഴയ കഥ.ഇടതുപക്ഷത്തിന്റെ സ്വാധീനവും വിപ്ലവകരമായ പരിവര്‍ത്തനവുമെല്ലാം ആറിത്തണുത്ത പഴങ്കഞ്ഞി പോലത്തെ പഴങ്കഥ. ഇന്ന് സ്ഥിതി മാറി മാഷെ, ഇടതും വലതും തമ്മിലുള്ള അന്തരം നാള്‍ക്കുനാള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷ(?)ത്തിന് ഇടം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വര്‍ത്തമാന കാലത്താണ് നാമിന്ന് ജീവിക്കുന്നത്. വെറുതെ കണ്ണടച്ച് പിടിച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കരുത് മാഷെ.

ഞാനൊരു ജമാ‍അത്തുകാരനല്ല. പക്ഷെ, ജമാ‍അത്തിന്റെ പ്രവര്‍ത്തനങ്ങളെ അടുത്തുനിന്ന് നോക്കിക്കാണുന്ന ഒരാളെന്ന നിലക്ക് ജമാ‍അത്തിനോടുള്ള മാഷിന്റെ വീക്ഷണമല്ല എനിക്ക് അവരോടുള്ളത് എന്ന് വിനയപൂര്‍വം അറിയിക്കട്ടെ.ജമാ‍അത്തെ ഇസ്ലാമി ഒരു വര്‍ഗീയ ഫാസിസ്റ്റ് സംഘടനയാണെന്ന മാഷിന്റെ കണ്ടുപിടുത്തം അപാരം തന്നെ.മറ്റു ചില സംഘടനകളെപ്പോലെ കേരളത്തിലെ ഇടതുപക്ഷത്തിന്റെ തണലിലൊ ചെലവിലോ നില്‍ക്കാത്തിടത്തോളം കാലം ജമാ‍അത്തെ ഇസ്ലാമി എന്ന ദേശീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനക്ക് അവരെ ഭയപ്പെട്ട് നിലപാടുകളീല്‍ മാറ്റം വരുത്തേണ്ട യാതൊരാവശ്യവുമില്ല.

അന്ധവിശ്വാസത്തിലും അനാചാരത്തിലും ആണ്ട്കിടന്ന് മതബോധവും ലക്ഷ്യവും വിസ്മരിച്ചുകളഞ്ഞ ഒരു ജനതക്ക്, സമുദായത്തിന് ,അവരുടെ തലമുറക്ക് യദാര്‍ത്ഥ മതബോധം നല്‍കി നാടിനും സമൂഹത്തിനും ഉപകാരപ്രദമുള്ളവരാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞു എന്നുള്ള കാര്യത്തില്‍ സമുദായത്തിനകത്തും ഇസ്ലാമിക സംസ്ക്കാരത്തിന്റെ ശക്തിയും ചൈതന്യവും എന്തെന്ന് ഇതര മതവിഭാഗങ്ങള്‍ക്കു മുമ്പില്‍ കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞു / കഴിഞ്ഞു കൊണ്ടിരിക്കുന്നു എന്ന കാര്യത്തില്‍ പൊതുസമൂഹത്തിലും ജമാ‍അത്തെ ഇസ്ലാമിക്ക് കുറച്ചെങ്കിലും അഭിമാനിക്കാന്‍ വക നല്‍കുന്ന ഒത്തിരി കാര്യങ്ങളുണ്ട്, പരിമിതികളും ദൌര്‍ബല്യങ്ങളും ഒട്ടേറേയുണ്ടെങ്കിലും.

ജമാ‍അത്തെ ഇസ്ലാമിക്ക് ഒരിക്കലും ഇടതുപക്ഷം(?) എന്ന് മാഷ് പറയുന്ന വിഭാഗത്തിന്റെ അടുത്തുനിന്ന് മുദ്രാവാക്യങ്ങള്‍ കടം കൊള്ളേണ്ട കാര്യമില്ല.മുഴുവന്‍ മനുഷ്യസമൂഹത്തിന്റെയും നാനോന്മുഖമായ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സംഘടനക്ക് മനുഷ്യത്വവിരുദ്ധമായ ഏതൊരു പദ്ധതികളേയും പ്രവര്‍ത്തനങ്ങളെയും തുറന്നെതിര്‍ക്കേണ്ടി വരും.ഇന്നലെ വരെ അത് മറ്റൊരു കൂട്ടരും ചെയ്തു എന്നുള്ളതും ഇന്നവര്‍ മാറിനില്‍ക്കുന്നു എന്നുള്ളതും ജമാ‍അത്തിന് ഈ നിലപാടുതറയില്‍ കാലൂന്നി നില്‍ക്കാന്‍ പ്രേരണ നല്‍കുന്നുണ്ട്.

കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തെ ദുര്‍ബ്ബലപ്പെടുത്തുക എന്നതാണ് ഇക്കൂട്ടരുടെ പരമവും പ്രധാനവുമായ ഉന്നം എന്ന താങ്കളുടെ വീക്ഷണം പൊട്ടിച്ചിരിക്ക് വക നല്‍കുന്നുണ്ട്.
കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തെ ആരൊക്കെചേര്‍ന്നാണ് ദുര്‍ബ്ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്നുള്ളത് ലൈവായി കണ്ടുകൊണ്ടിരിക്കുന്ന കേരളീയ സമൂഹത്തിന് മുമ്പിലാണ് മാഷിന്റെ ഈ തമാശയുളവാക്കുന്ന വീക്ഷണം എന്നാലോചിക്കുമ്പോള്‍ ചിരിക്കാതിരിക്കാനാകുന്നില്ല.

ea jabbar said...

അടയാളം !
താങ്കളുടെ കുറിപ്പിലെ ആദ്യഭാഗത്തു കഴമ്പുണ്ട്.
ജമാ അത്തിനെക്കുറിച്ചു പറഞ്ഞത്,ആ പ്രസ്ഥാനത്തെ ഉപരിപ്ലവമായി മാത്രം മനസ്സിലാക്കിയതുകൊണ്ട്, അല്ലെങ്കില്‍ അതിന്റെ എല്ലാ കാപട്യങ്ങളും സ്വയം ഉള്‍ക്കൊള്ളുന്നതുകൊണ്ട്. ഇതിലേതാണു ശരിയെന്ന് താങ്കളുടെ യഥാര്‍ത്ഥ നിറം പിടി കിട്ടിയാലേ പറയാനാകൂ. ഞാന്‍ വിമര്‍ശിക്കുന്നത് മൌദൂദിയുടെ ജമാ അത്തിനെയാണ്. സോളിഡാരിറ്റിയുടെ യല്ല.

അടയാളം said...

ജമാ‍അത്തിനെക്കുറിച്ച് ഇവിടെ ആരാണ് ഉപരിപ്ലവമായി മനസ്സിലാക്കിയതെന്ന് ഈ പോസ്റ്റും കമന്റുകളും വായിക്കുന്ന ബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കുവന്നതേയുള്ളൂ.
ഒന്നുകില്‍ താങ്കള്‍ക്ക് ജമാ‍അത്തിനെക്കുറിച്ച് ഒരു ചുക്കും അറിയില്ല. അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുകയാണ്.ഞാന്‍ ആരെന്ന് എന്റെ മുമ്പത്തെ കമന്റില്‍ ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്.എന്റെ യദാര്‍ത്ഥനിറം എന്തെന്ന് അറിഞ്ഞിട്ട് മാത്രമെ താ‍ങ്കള്‍ പ്രതികരിക്കൂ എന്നുള്ളത് വിഷയത്തില്‍ നിന്നുള്ള “യുകതി”പരമായ ഒളിച്ചോട്ടമായേ കാണാനാവൂ. ഇവിടെ താങ്കളുടെ പോസ്റ്റിന് പ്രതികരിക്കുന്നവരെല്ലാം അവരുടെ റേഷന്‍ കാര്‍ഡ് ഹാജരാക്കണമെന്നാണൊ താങ്കള്‍ ഉദ്ധേശിക്കുന്നത്.?താങ്കള്‍ വിമര്‍ശിക്കുന്നതും മറുപടി പറയാന്‍ ബാധ്യസ്ഥനായതും ജമാ‍അത്തിനെക്കുറിച്ചാണ്,എന്നെക്കുറിച്ചാവേണ്ടതില്ല.

“ഞാന്‍ വിമര്‍ശിക്കുന്നത് മൌദൂദിയുടെ ജമാ അത്തിനെയാണ്. സോളിഡാരിറ്റിയുടെ യല്ല.“

എന്ന താങ്കളുടെ പ്രതികരണത്തില്‍ നിന്നു തന്നെ താങ്കള്‍ക്ക്,താങ്കള്‍ വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന ഈ സംഘടനയെക്കുറിച്ച് ഒന്നും അറിയില്ല എന്ന് വ്യകതമാക്കുന്നുണ്ട്.ഈ പോസ്റ്റില്‍ താങ്കള്‍ ജമാ‍അത്തിനെക്കുറിച്ച് പറഞ്ഞുവെച്ചിട്ടുള്ള ചില അബദ്ധധാരണകളെക്കുറിച്ചാണ് ഞാനെന്റെ പ്രതികരണമറിയിച്ചത്.അതില്‍ ഒരിടത്തുപോലും സോളിഡാരിറ്റി എന്ന വാക്കുപോലും പ്രയോഗിച്ചിട്ടില്ല,എന്നിരിക്കെ താങ്കളുടെ ഈ മറുപടിയിലെ “യുക്തി”എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

താങ്കളുടെ ഈ പോസ്റ്റില്‍ മൊത്തം നിറഞ്ഞുനില്‍ക്കുന്ന അബദ്ധധാരണകളെക്കുറിച്ചാണ് ഞാന്‍ എന്റെ പ്രതികരണം അറിയിച്ചത്.അത് മനസ്സിലാക്കാനുള്ള “യുക്തി” ഇനിയും കടം കൊണ്ടിട്ടു വേണമെങ്കില്‍ താങ്കളുടെ പോസ്റ്റും എന്റെ പ്രതികരണവും ഒരിക്കല്‍ കൂടി വായിച്ചു നോക്കുക.എന്നിട്ടും ടാലിയാകുന്നില്ലെങ്കില്‍ ഞാന്‍ ഒന്നുകൂടി വ്യക്തമാക്കാം:

“ഇടതുപക്ഷ ആശയങ്ങള്‍ക്കു വേരോട്ടമുള്ള മലയാളി മനസ്സില്‍ സങ്കുചിതമായ വര്‍ഗ്ഗീയ ചിന്തകള്‍ക്കുള്ള സ്ഥാനം താരതമ്യേന ചെറുതാണ്. ഈ സാമൂഹ്യ പശ്ചാത്തലത്തില്‍ ജമാ അത്തെ ഇസ്ലാമി പോലുള്ള ഒരു ഫാസിസ്റ്റ് വര്‍ഗ്ഗീയ സംഘടനയ്ക്കു അതിന്റെ തനത് ആശയങ്ങളുമായി പ്രത്യക്ഷപ്പെടാന്‍ ബുദ്ധിമുട്ടു നേരിടുക സ്വാഭാവികം മാത്രം.“

== മറ്റു ചില സംഘടനകളെപ്പോലെ കേരളത്തിലെ ഇടതുപക്ഷത്തിന്റെ തണലിലൊ ചെലവിലോ നില്‍ക്കാത്തിടത്തോളം കാലം ജമാ‍അത്തെ ഇസ്ലാമി എന്ന ദേശീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനക്ക് അവരെ ഭയപ്പെട്ട് നിലപാടുകളീല്‍ മാറ്റം വരുത്തേണ്ട യാതൊരാവശ്യവുമില്ല.

“മൌദൂദി സാഹിത്യങ്ങളുമായി കഴിഞ്ഞ അഞ്ചാറു പതിറ്റാണ്ട് ‘പ്രബോധനം’ നടത്തിയിട്ടും മുസ്ലിം സമുദായത്തിനകത്തു പോലും കാര്യമായ സ്വാധീനം നേടാന്‍ ഈ പ്രസ്ഥാനത്തിനു സാധ്യമായിട്ടില്ല.“

== അന്ധവിശ്വാസത്തിലും അനാചാരത്തിലും ആണ്ട്കിടന്ന് മതബോധവും ലക്ഷ്യവും വിസ്മരിച്ചുകളഞ്ഞ ഒരു ജനതക്ക്, സമുദായത്തിന് ,അവരുടെ തലമുറക്ക് യദാര്‍ത്ഥ മതബോധം നല്‍കി നാടിനും സമൂഹത്തിനും ഉപകാരപ്രദമുള്ളവരാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞു എന്നുള്ള കാര്യത്തില്‍ സമുദായത്തിനകത്തും ഇസ്ലാമിക സംസ്ക്കാരത്തിന്റെ ശക്തിയും ചൈതന്യവും എന്തെന്ന് ഇതര മതവിഭാഗങ്ങള്‍ക്കു മുമ്പില്‍ കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞു / കഴിഞ്ഞു കൊണ്ടിരിക്കുന്നു എന്ന കാര്യത്തില്‍ പൊതുസമൂഹത്തിലും ജമാ‍അത്തെ ഇസ്ലാമിക്ക് കുറച്ചെങ്കിലും അഭിമാനിക്കാന്‍ വക നല്‍കുന്ന ഒത്തിരി കാര്യങ്ങളുണ്ട്

“ആകര്‍ഷകമായ ‘മതേതര’ മുദ്രാവാക്യങ്ങള്‍ കടം കൊള്ളേണ്ടത് അനിവാര്യമാണെന്നും വളരെ വൈകിയാണെങ്കിലും ജമാ അത്തുകാര്‍ തിരിച്ചറിഞ്ഞു. കേരളത്തിലെ ഇടതുപക്ഷതീവ്രവാദികളുടെ തന്നെ മുദ്രാവാക്യങ്ങള്‍ കയ്യിലെടുത്തു പയറ്റാന്‍ ഇവര്‍ തയ്യാറായതങ്ങനെയാണ്.“

== ജമാ‍അത്തെ ഇസ്ലാമിക്ക് ഒരിക്കലും ഇടതുപക്ഷം(?) എന്ന് മാഷ് പറയുന്ന വിഭാഗത്തിന്റെ അടുത്തുനിന്ന് മുദ്രാവാക്യങ്ങള്‍ കടം കൊള്ളേണ്ട കാര്യമില്ല.മുഴുവന്‍ മനുഷ്യസമൂഹത്തിന്റെയും നാനോന്മുഖമായ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സംഘടനക്ക് മനുഷ്യത്വവിരുദ്ധമായ ഏതൊരു പദ്ധതികളേയും പ്രവര്‍ത്തനങ്ങളെയും തുറന്നെതിര്‍ക്കേണ്ടി വരും.ഇന്നലെ വരെ അത് മറ്റൊരു കൂട്ടരും ചെയ്തു എന്നുള്ളതും ഇന്നവര്‍ മാറിനില്‍ക്കുന്നു എന്നുള്ളതും ജമാ‍അത്തിന് ഈ നിലപാടുതറയില്‍ കാലൂന്നി നില്‍ക്കാന്‍ പ്രേരണ നല്‍കുന്നുണ്ട്.

പിന്നെ, ഈ പോസ്റ്റില്‍ പലയിടത്തായി വര്‍ഗീയ-ഫാസിസ്റ്റ്-ഭീകര-തീവ്രവാദ എന്നു തുടങ്ങിയ ചില കടിച്ചാല്‍ പൊട്ടാത്ത വിശേഷണങ്ങള് ജമാ‍അത്തിനു മേല്‍ ചാര്‍ത്തിവെക്കാന്‍ താങ്കള്‍ വല്ലാതെ വെമ്പല്‍ കൊള്ളുന്നതായി കാണാനാകും. വെറുതെ വാചകമടിക്കാനും ആരോപണമുന്നയിക്കാനും എല്ലാര്‍ക്കും പറ്റും.പക്ഷെ,
ആരോപണമുന്നയിക്കുമ്പോള്‍ അത് തെളിവുസഹിതം വ്യക്തമാക്കാനുള്ള ആര്‍ജ്ജവം കാണിക്കാനുള്ള “യുക്തി”യെങ്കിലും കാണിക്കണം. ഇന്ത്യാ മഹാരാജ്യത്ത് ഇന്നേവരെ അരങ്ങേറിയ എണ്ണിയാലൊടുങ്ങാത്ത വര്‍ഗീയ-സാമുദായിക-ജാതീയ-വംശീയ കലാപങ്ങളിലേതെങ്കിലുമൊന്നില്‍ ജമാ‍അത്തിന് പങ്കുള്ളതായോ എതെങ്കിലും ജമാ‍അത്ത് പ്രവര്‍ത്തകന്‍ ഏതെങ്കിലുമൊരു കലാപത്തിലുള്‍പ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞതായോ ചൂണ്ടിക്കാണിക്കാനും അത് ലോകത്തോട് തെളിവ് സഹിതം വിളിച്ചുപറയാനും ഞാന്‍ താങ്കളെ വെല്ലുവിളിക്കുകയാണ്.അത് വ്യകതമാക്കാന്‍ കഴിയില്ലെങ്കില്‍ മാഷ് ഈ ബ്ലോഗും പൂട്ടിക്കെട്ടി ഒന്നാം ക്ലാസ്സു മുതല്‍ ജമാ‍അത്തിനെക്കുറിച്ച് പഠിച്ചു വരണം.എന്നിട്ട് മതി കഴമ്പില്ലാത്ത ആരോപണങ്ങളുന്നയിക്കല്‍.

എന്റെ കമന്റിന് അല്പം മൂര്‍ച്ച കൂടിപ്പോയെങ്കില്‍ ക്ഷമിക്കണം.ചില കാര്യങ്ങള്‍ പറയാന്‍ നിര്‍ബന്ധിതനാകുമ്പോള്‍ ഒരിത്തിരിയെങ്കിലും കനംകൂട്ടിയിട്ടില്ലെങ്കില്‍ പറയുന്ന കാര്യങ്ങളുടെ യദാര്‍ഥ സ്പിരിറ്റ് ചോര്‍ന്നുപോകും.

Shabeeribm said...

അടയാളം ..അഭിനന്തനങ്ങള്‍ ...

താന്‍ മനസിലാകിയത് മാത്രം ശരിയെന്നും ലോകത്തുള്ള സകല ഇസ്ലാം വിശ്വാസികള്‍ വിഡ്ഢികള്‍ ആണെന്നുമാണ് മാഷിന്റെ വിചാരം ... ബ്ലോഗില്‍ ഇടുന്ന പോസ്റ്റിനെ ചോദിയം ചെയ്യുന്ന ആളുകളെ അനോണി ആയി വന്നു കളിയാക്കിയും വല്ലതും ചോതിച്ചാല്‍ മറുപടി പറയാതെ ഉരുണ്ടു കളിക്കുകയും ചെയ്യുന്ന മാഷ് സ്വയം യുക്തിവാദി എന്ന് വിളിച്ചു യുക്തിവാദികള്‍ക്ക് തന്നെ അപമാനമാവുകയാണ്. എല്ലാ ബ്ലോഗുകളുടെയും അവസാനം സംവാദം എന്നാണ് ...എന്നാല്‍ ഈ നാല് ബ്ലോഗുകളും പരിശോധിച്ചാല്‍ വിക്തമായി കാണാം ,ഇവിടെ സംവാദം ഒന്നും അല്ല നടകുന്നത് ...തന്റെ അഭിപ്രായങ്ങള്‍ എഴുതുക ..അതിനെ വല്ലവരും ചോദിയം ചെയ്‌താല്‍ അതിന് മറുപടി പറയാതെ അടുത്ത പോസ്റ്റ് ഇടുക .... കടുത്ത ഇസ്ലാം വിരോതിയായ ഈ മനുഷ്യന്‍ മറ്റു മതസ്ടര്‍ക്ക് മുന്‍പില്‍ ഇസ്ലാമിനെ അപകീര്‍ത്തിപെടുതുകയാണ് .

ea jabbar said...

ഭീകരവാദത്തിന്റെ താഴ് വേര്.


മാനവസമൂഹത്തിന്റെ സ്വൈരജീവിത്തിനും നിലനില്‍പ്പിനും ഭീഷണിയായി ലോകമാകെ ഇന്നു ശക്തി പ്രാപിച്ചു വരുന്ന മതഭീകരവാദത്തിന്റെ അടിവേരുകള്‍ പ്രധാനമായും കിളിര്‍ത്തു വന്നത് മൌദൂദിയന്‍ ദര്‍ശനങ്ങളില്‍നിന്നാണെന്ന കാര്യം അധികപേരും മനസ്സിലാക്കിയിട്ടില്ല. ഇസ്ലാമിക ദര്‍ശനങ്ങള്‍ക്ക് ഏറ്റവും ജനാധിപത്യവിരുദ്ധവും മനുഷ്യത്ത്വവിരുദ്ധവുമായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നതില്‍ മൌദൂദിയോളം കടന്നു ചിന്തിച്ച പണ്ഡിതന്മാര്‍ മതചരിത്രത്തില്‍ വിരളമാണ്. മതത്തിന്റെ കര്‍മ്മ പദ്ധതിയില്‍ മുഖ്യ ഇനമായി ജിഹാദിനെ പ്രതിഷ്ടിക്കുക മാത്രമല്ല മൌദൂതി ചെയ്തത്. ഒരു കയ്യില്‍ ഖുര്‍ ആനും മറുകയ്യില്‍ വാളുമേന്തി ഇസ്ലാമികേതരരോട് യുദ്ധം ചെയ്യലാണു ജിഹാദ് എന്നും പടക്കളത്തില്‍നിന്നും മാറി നില്‍ക്കുന്നവര്‍ക്കു മതത്തില്‍ സ്ഥാനമില്ല എന്നും അദ്ദേഹം പ്രഖ്യാപിച്ചു.

നമസ്കാരവും വ്രതാനുഷ്ഠാനവുമെല്ലാം ജിഹാദീ സൈനികര്‍ക്കുള്ള കായിക പരിശീലനമാണെന്നും ബാങ്കു വിളി അന്യമതക്കാരെ പ്രകോപിപ്പിക്കാനുള്ള കൊലവിളിയാണെന്നും വരെ മൌദൂദി വ്യാഖ്യാനിച്ചു കളഞ്ഞു! മതം ഉപേക്ഷിക്കുന്നവരെ (മുര്‍ത്തദ്ദ്) വധിക്കണമെന്ന കാര്യത്തില്‍ മൌദൂദിക്കു യാതൊരു സംശയവുമില്ല. മത കര്‍മ്മശാസ്ത്രവിധികളില്‍നിന്നുള്ള നേരിയ വ്യതിചലനം പോലും മതപരിത്യാഗമായി വ്യാഖ്യാനിക്കാനും അദ്ദേഹത്തിനു മടിയുണ്ടായില്ല. ജമാ അത്തെ ഇസ്ലാമിയില്‍ നിന്നും ഒരാള്‍ പിന്‍മാറി പുറത്തു പോയാല്‍ അയാളും മൌദൂദിയുടെ ദൃഷ്ടിയില്‍ വധാര്‍ഹനായ മുര്‍ത്തദ്ദു തന്നെ!

“...ഞങ്ങള്‍ അത്തരക്കാരുടെ നേരെ ഞങ്ങളുടെ ജമാ അത്തിലേക്കു കയറാനുള്ള വാതില്‍ കൊട്ടിയടക്കാനാണു ആഗ്രഹിക്കുന്നത്. അവര്‍ പലവിധത്തിലുള്ള രോഗങ്ങള്‍ക്കടിമകളാണ്. അവരുടെ വിശ്വാസം ഇടക്കിടെ മാറ്റുക എന്നത് അവര്‍ക്കൊരു തമാശ പോലെയാണ്. അതുകൊണ്ട് ഈ ജമാ അത്തിനകത്തു കയറാനാഗ്രഹിക്കുന്നവരോട് നാം ആദ്യമേതന്നെ താക്കീതായി പറയുന്നത് ഇവിടുന്ന് തിരിച്ചു പോകുന്നതിനുള്ള ശിക്ഷ മരണമാകുന്നു. അങ്ങനെ ഇതില്‍ പ്രവേശിക്കുന്നതിനു മുമ്പേ ഒരു നൂറു പ്രാവശ്യം ചിന്തിക്കട്ടെ ഈ ജമാ അത്തില്‍ പ്രവേശിക്കണോ വേണ്ടെയോ എന്ന്. എന്നാല്‍ മാത്രമേ ഇനിയൊരിക്കലും തിരിച്ചു പോകുന്നതല്ല എന്ന ഉറപ്പില്‍ ഇതില്‍ പ്രവേശിക്കാന്‍ അവര്‍ക്കു സാധിക്കയുള്ളു.”(മുര്‍ത്തദ്ദ് കീ ശസായേം ഇസ്ലാമീ ഖാനൂന്‍ മേം പേ.51)

ഒരു രാജ്യത്ത് ദൈവീക ഭരണവ്യവസ്ഥ സ്ഥാപിക്കപ്പെടുന്നതോടെ ഇസ്ലാമിക വിപ്ലവകാരികളുടെ ദൌത്യം പൂര്‍ത്തിയാകുന്നില്ല. അയല്‍ രാജ്യങ്ങളെ ശക്തിയുപയോഗിച്ച് കീഴ്പ്പെടുത്തി അവിടെയും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കണം. അപ്രകാരം ലോകം മുഴുവന്‍ ഒരു ജമാ അത്ത് അമീറിന്റെ ഭരണത്തിനു കീഴില്‍ ആകും വരെ വാള്‍ ഉറയിലിട്ടു കൂടാ. !

പാകിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും നടക്കുന്ന എല്ലാ ഭീകരപ്രവര്‍ത്തനങ്ങളുടെ പിന്നിലും ജമാ അത്തെ ഇസ്ലാമിയുടെ കറുത്ത കരങ്ങളാണുള്ളത്. കശ്മീരിലെ ഭീകരാക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതും മൌദൂദിയന്‍ ചിന്തയില്‍നിന്നൂര്‍ജ്ജമാവാഹിച്ച മതഭ്രാന്തന്മാര്‍ തന്നെ.

എന്റെ കുറിപ്പില്‍നിന്ന് .

ഇന്ന് ബംഗ്ലാദേശിലും പാകിസ്താനിലും കാശ്മീരിലും അഫ്ഗാനിലും എന്നു വേണ്ട ലോകത്താകെ ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം സൈദ്ധാന്തിക ഊര്‍ജ്ജം നല്‍കുന്നത് മൌദൂദിസമാണെന്ന് ആര്‍ക്ക്കാണറിയാത്തത്? ഇത് കേരളത്തിലെ നല്ല മനുഷ്യരുടെ മുന്‍പില്‍ മറച്ചു പിടിക്കാനുള്ള കപട നാടകമാണു സോളിഡാരിറ്റിയെന്ന പേരില്‍ അരങ്ങേറുന്നത്.

Anonymous said...

പ്രിയ സുഹൃതതുക്കള്‍ അടയാളം & ഷിബു.‍

അന്ത യുക്തി ബാധിച്ചവര്‍ക്ക് ഒന്നും മനസ്സിലാവില്ല. അവര്‍ പഠിച്ചതേ പാടൂ. മനപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരോട് എന്തു പറഞ്ഞാലും അവര്‍ അംഗീകരിക്കില്ല. അസത്യങ്ങള്‍ ആവര്‍ത്തിക്കലല്ലാതെ.

ഒരാദര്‍ശത്തെ പഠിക്കണമെന്നാഗ്രഹിക്കുന്നവര്‍ നേരിട്ട് പഠിക്കലാണ് സാമാന്യ യുക്തിക്ക് നിര‍ക്കുന്നത് എന്ന് വിനയപൂര്‍വ്വം അറിയിയിക്കട്ടെ!!

അടയാളം said...

ജബ്ബാര്‍ മാഷോട്:
മാഷെന്താ ഗീബത്സിന് പഠിക്കുകയാണൊ? നുണകള്‍ നൂറ്റൊന്നാവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന ഗീബത്സിയന്‍ സിദ്ധാന്തമാണൊ മാഷിന്റെ തത്വശാസ്ത്രം?
ഭീകരവാദത്തിന്റെ താഴ്വേര് എന്ന ടൈറ്റിലില്‍ താങ്കളീ പറഞ്ഞ കാര്യങ്ങലെല്ലാം തന്നെ താങ്കളുടെ മുന്‍ പോസ്റ്റില്‍ പറഞ്ഞിട്ടുള്ളത് തന്നെയല്ലെ?അതെടുത്ത് ഇവിടെ വീണ്ടും ചര്‍ദ്ധിക്കുക എന്നല്ലാതെ പുതിയതൊന്നും പറയാനില്ലെ?

ഞാനെന്റെ മുമ്പത്തെ കമന്റില്‍ മാഷോട് ഒരു വെല്ലുവിളീ നടത്തിയിട്ടുണ്ട്. ആ വെല്ലുവിളീ സ്വീകരിക്കാതെ , അതിന് മറുപടി പറയാതെ വിഷയം മാറ്റി അവിടെം ഇവിടെം തൊടാതെ സംസാരിക്കുന്നത് മാന്യമായ രീതിയില്‍ പറഞ്ഞാല്‍ ഭീരുത്വമാണ്.ആത്മാഭിമാനമെന്ന് പറയുന്ന സാധനം ഒരിത്തിരിയെങ്കിലും തൊട്ടുതീണ്ടിയിട്ടുണ്ടെങ്കില്‍ എന്റെ വെല്ലുവിളീ സ്വീകരിച്ച് അതിന് മറുപടി പറയുകയാണ് മാഷ് ആദ്യം വേണ്ടത്. അല്ലാതെ വീണ്ടും വീണ്ടും പഴകിപ്പുളിച്ച ആരോപണങ്ങളുന്നയിക്കലല്ല. എന്റെ വെല്ലുവിളീ സ്വീകരിച്ച് അതിന് മറുപടി പറയാത്തിടത്തോളം കാലം മാഷിന്റെ പുതിയ ആരോപണങ്ങളോട് പ്രതികരിക്കാനുള്ള ബാധ്യത എനിക്കില്ല എന്ന് വിനയപൂര്‍വം അറിയിക്കട്ടെ.പഴകിപ്പുളിച്ച ആരോപണങ്ങളല്ലാ, ജീവിക്കുന്ന തെളിവുകളാണ് വായനക്കാര്‍ പ്രതീക്ഷിക്കുന്നത്.


വായനക്കാരോട്:
ഇതെല്ലാം ജമാ‍അത്തിന്റെ തുടക്കം മുതലേ ഉയര്‍ന്നുവന്ന ആരോപണങ്ങളും അന്നുതൊട്ടേ മറുപടി പറഞ്ഞു വന്നിട്ടുള്ളതുമാണ്.പലതവണ വിശദീകരിച്ചു കഴിഞ്ഞ കാര്യങ്ങള്‍ അതിന്റെ സത്ത ഉള്‍‍ക്കൊള്ളാന്‍ തയ്യാറാകാതെ വിമര്‍ശകര്‍ വീണ്ടും വീണ്ടും ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നത് പുതുതായി ഒന്നും ഉന്നയിക്കാനില്ലാത്തതു കൊണ്ടാണ്.ബധിരകര്‍ണ്ണങ്ങളില്‍ പെരുമ്പറ മുഴക്കുക എന്നത് നിഷ്ഫല പ്രവര്‍ത്തനമാണ് എന്നറിയാവുന്നതു കൊണ്ട് പ്രയോജനരഹിതമായ അത്തരം കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചെലവഴിക്കാനാകില്ല.ഇവിടെ വായനക്കാരില്‍ ഏതെങ്കിലും തരത്തില്‍ തെറ്റിദ്ധാരണയുണര്‍ത്തുമെന്ന് തോന്നുന്ന ചില കാര്യങ്ങളെക്കുറിച്ച് പറയുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.

ജിഹാദ്
ഒരുപാട് ആന്തരികാര്‍ത്ഥങ്ങളുള്‍ക്കൊള്ളുന്ന ഒരു പദമാണ് ഇസ്ലാമിലെ ജിഹാദ്.അതിലെ ഏതെങ്കിലും ഒരു ഭാഗമെടുത്ത് വികലമാക്കി പൊക്കിപ്പിടിച്ച് ഇതാണ് ജിഹാദ്, ഇതു മാത്രമാണ് ജിഹാദ് എന്നൊക്കെ പറഞ്ഞ് ഇസ്ലാമിക പൈതൃകത്തെയും അതിന്റെ സാംസ്ക്കാരിക ബിംബങ്ങളെയും പൊതുസമൂഹത്തിനു മുമ്പില്‍ വികലമാക്കി ചിത്രീകരിക്കാനുള്ള
ശ്രമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.

ജിഹാദ് ആര്‍ക്കെങ്കിലും എതിരാണെന്ന ധാരണ പരമാബദ്ധമാണ്. സത്യസംസ്ഥാപനത്തിനായുള്ള നിരന്തരയത്നമാണത്.മോഹങ്ങളെ മെരുക്കിയെടുത്തും ഇച്ഛകളെ നിയന്ത്രിച്ചും ആഗ്രഹങ്ങളുടെ മേല്‍ മേധാവിത്വം പുലര്‍ത്തിയും സ്വന്തം ജീവിതത്തെ ദൈവനിര്‍ദേശങ്ങള്‍ക്കനുരൂപമാക്കി, യദാര്‍ത്ഥ സത്യവിശ്വാസിയാവാന്‍ നടത്തുന്ന ശ്രമം പോലും ജിഹാദ് ആണ്.

യുദ്ധരംഗത്തു നിന്ന് മടങ്ങവേ ഒരിക്കല്‍ പ്രവാചകന്‍ മുഹമ്മദ് പറഞ്ഞു :

“ നാം എറ്റവും ചെറിയ ജിഹാദില്‍ നിന്ന് ഏറ്റവും വലിയ ജിഹാദിലേക്ക് തിരിച്ചുവന്നിരിക്കുന്നു.”

പ്രവാചക ശിഷ്യന്മാര്‍ ചോദിച്ചു :

“ഏതാണ് ഏറ്റവും വലിയ ആ ജിഹാദ്.? ”

പ്രവാചകന്‍ പറഞ്ഞു:

“ മനസ്സിനോടുള്ള സമരവും സ്വന്തത്തോടുള്ള ജിഹാദുമാണത് “

സ്വന്തം മനസ്സാക്ഷിയോടുള്ള പോരാട്ടം പോലും ജിഹാദാണ് എന്ന് തിരിച്ചറിയുമ്പോഴെ ജിഹാദ് എന്ന പദം കൊണ്ട് യദാര്‍ഥത്തില്‍ എന്താണ് വിവക്ഷിക്കുന്നതെന്ന് മനസ്സിലാകൂ.ശരീരം ഒരു തിന്മ ചെയ്യാന്‍ നിരന്തരം പ്രേരിപ്പിക്കുകയും മനസ്സ് അതിന് തടസ്സമായി നില്‍ക്കുകയും ചെയ്യുമമ്പോള്‍ ദേഹേച്ഛക്കെതിരെ മനസ്സാക്ഷി നടത്തുന്ന പോരാട്ടം പോലും ജിഹാദായിരിക്കെ, ഇസ്ലാം ജിഹാദിന് നല്‍കുന്ന വിവക്ഷ എന്താണെന്നും അതിനു മൌദൂദി നല്‍കുന്ന വ്യാഖ്യാനം എന്താണെന്നും മൌദൂദിയുടെ തന്നെ “അല്‍ ജിഹാദു ഫില്‍ ഇസ്ലാം” എന്ന ഗ്രന്ഥത്തിലെ അദ്ധേഹത്തിന്റെ ഒരു ലേഖനത്തില്‍ നിന്ന് വായിച്ചെടുക്കാം :

“അത്യുന്നതമായ ഒരു ലക്ഷ്യസാക്ഷാത്ക്കാരത്തിനായി നടത്തുന്ന നിരന്തരമായ സമരത്തിനും സാധ്യമായ കഴിവുകള്‍ പ്രയോഗിക്കുന്നതിനുമാണ് ജിഹാദ് എന്നു പറയുക.അതിനാല്‍ അത് സമഗ്രമായ ഒരു പദമാണ്.എല്ലാ തരത്തിലുള്ള ശ്രമങ്ങളും അദ്ധ്വാനങ്ങളും അതിലുള്‍പ്പെടുന്നു.അതിനാല്‍ തൂലികത്തുമ്പു കൊണ്ട് ബുദ്ധിപരവും ചിന്താപരവുമായ വിപ്ലവങ്ങളുണ്ടാക്കലും ജനങ്ങളുടെ വികാരങ്ങളിലും താല്പര്യങ്ങളിലും പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കലും അവരുടെ വീക്ഷണങ്ങള്‍ മാറ്റിമറിക്കലും ജിഹാദിന്റെ വിവിധവശങ്ങളില്‍ പെട്ട ഒന്നാണ്.ഇപ്രകാരം തന്നെ അക്രമത്തിലും അനീതിയിലും അധിഷ്ഠിതമായ വ്യവസ്ത്ഥിതികളെ ആയുധമുപയോഗിച്ച് നശിപ്പിക്കലും നീതിയുടെയും ന്യായത്തിന്റെയും അടിസ്ഥാനത്തിലുള്ള പുതിയ വ്യവസ്ഥിതി സംസ്ഥാപിക്കലും ജിഹാദിന്റെ ഇനങ്ങളില്‍പ്പെടുന്നു.ഇതുപോലെത്തന്നെ ധനം ചെലവഴിക്കലും പ്രയാസങ്ങള്‍ സഹിക്കലും ത്യാഗങ്ങള്‍ അനുഭവിക്കലുമെല്ലാം അതിലുള്‍പ്പെട്ടവയാണ്.
(പേജ് 9-10,ജിഹാദ് - ഹിന്ദുസ്ഥാന്‍ പബ്ലിക്കേഷന്‍സ്)

കുടുംബത്തിന്റെ സംസ്ക്കരണത്തിനായി നടത്തപ്പെടുന്ന വിദ്യാഭ്യാസം,സംസ്ക്കരണം,സദുപദേശം,ശിക്ഷണം തുടങ്ങിയവയെല്ലാം ജിഹാദിലുള്‍പ്പെടുന്നു.സത്യസംസ്ഥാപനത്തിനും നന്മയുടെ പ്രചാരണത്തിനും ധര്‍മ്മത്തിന്റെ ഉന്നതിക്കുമായുള്ള എഴുത്തും പ്രസംഗവും സംഭാഷണവും ചര്‍ച്ചയും വിദ്യാഭ്യാസ പ്രചാരണവുമെല്ലാം അതിലെപ്പെടുന്നു.സമുദായത്തിന്റെ അഭ്യുന്നതി ലക്ഷ്യം വെച്ചുള്ള ശാസ്ത്ര-സാങ്കേതിക-സാമ്പത്തിക-സാംസ്ക്കാരിക-കലാ-സാഹിത്യ പ്രവര്‍ത്തനങ്ങളും ജിഹാദ് തന്നെ.ദൈവീക സന്മാര്‍ഗത്തിന്റെ സംസ്ഥാപനത്തിനായി നടത്തപ്പെടുന്ന സകലശ്രമങ്ങളും ദൈവീക മാര്‍ഗത്തിലെ ജിഹാദാണ്.സമഗ്രമായൊരു പദമാണത്.ബുദ്ധിപരമായും ചിന്താപരവുമായുള്ള വിപ്ലവങ്ങളുണ്ടാക്കാനും ജനങ്ങളുടെ വികാരങ്ങളും താല്പര്യങ്ങളും സംസ്ക്കരിക്കാനും അവരുടെ വീക്ഷണം ദൈവീക സന്മാര്‍ഗത്തിനനുരൂപമാക്കി മാറ്റാനും നടത്തപ്പെടുന്ന വാചികവും ലിഖിതവുമായ സംരംഭങ്ങള്‍ തൊട്ട് സത്യത്തിന്റെ ശത്രുക്കളോടുള്ള സായുധസമരം വരെ അത് വ്യാപിച്ചുകിടക്കുന്നു. വ്യക്തി, തന്റെ അഭിമാനവും ജീവനും സ്വത്തും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതും ജിഹാദ് തന്നെ ; ആ മാര്‍ഗത്തിലെ മരണം ദൈവസരണിയിലെ രക്തസാക്ഷിത്വവും.

ഇസ്ലാമിനെക്കുറിച്ചും ജമാ‍അത്തെ ഇസ്ലാമിയെക്കുറിച്ചും പഠിക്കാനാഗ്രഹിക്കുന്നവര്‍ അതിന്റെ സംവിധാനങ്ങളില്‍ നിന്നാണ് അതിനെക്കുറിച്ച് മനസ്സിലാക്കേണ്ടത്, വിമര്‍ശകരില്‍ നിന്നല്ല, നേരിട്ട് മനസ്സിലാക്കാന്‍ വേണ്ടത്ര സാങ്കേതിക സംവിധാനങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രത്യേകിച്ചും.

Anonymous said...

അടയാളത്തിന്റെ വെല്ലുവിളി എറ്റെടുക്കാന്‍ ഇ.എ.ജബ്ബാര്‍ മാഷ് തയ്യാറാകണം.അല്ലാതെ
പുതിയ ആരോപണങ്ങളുമായി രംഗത്തു വന്ന്
വീണിടത്തുകിടന്നുരുളാന്‍ ശ്രമിക്കുകയല്ലാ വേണ്ടത്.
വെല്ലുവിളീ ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍
ആരോപണങ്ങള്‍ പിന്‍വലിച്ച് അബദ്ധം പറ്റിയതില്‍
ക്ഷമ ചോദിക്കാനുള്ള ധാര്‍മ്മിക മര്യാദയെങ്കിലും
കാണിക്കണം.അല്ലാത്തപക്ഷം മാഷ് ഈ
പറയുന്നതിനൊന്നും യാതൊരു വിലയും
കല്‍പ്പിക്കാന്‍ കഴിയില്ല.തെളിവില്ലാത്ത
ആരോപണങ്ങള്‍ വെള്ളം തൊടാതെ
വിഴുങ്ങാന്‍ മാത്രം വിഡ്ഡികളല്ല വായനക്കാര്‍.

Anonymous said...

ജാബ്ബാര്‍ മാഷിന്റെ സ്വാഭാവം വെച്ച് ഒരു ചോദ്യത്തിനും മറുപടി പ്രതീക്ഷിക്കരുത്. ഇദ്ദേഹത്തിന്റെ പുസ്തകത്തില്‍ യുക്തിവാദത്തിന്റെ പേരില്‍ ചര്‍ദ്ദിച്ചവ തന്നെയാണ് മിക്കാവാറും ഈ ബ്ലോഗില്‍. അതിലെ ഓരോ ആരോപണങ്ങളും മറുപടി ലഭിച്ചതുമാണ്. ഒരിടത്ത് പരാജയപ്പെടുമ്പോള്‍ മറ്റൊരിടത്തേക്ക് മാറും. പിന്നെ മൊത്തത്തില്‍ ഇസ് ലാം വിമര്‍ഷനത്തിന് നല്ല സപ്പോര്‍ട്ടും കിട്ടും.

അടയാളത്തിന്റെ വെല്ലുവിളിയോടൊപ്പം ഒരു അനോണിയുടെ വെല്ലുവിളി. ഇസ് ലാമിനെ കുറിച്ച് മിനിമം അറിയാനെങ്കിലും മാഷ് ശ്രമിച്ചിട്ടുണ്ടോ (യുക്തിവാദികള്‍ എഴുതിയ പുസ്തകങ്ങള്‍ക്ക് അപ്പുറം. (അത് ഏത് ഭാഷയിലാണെങ്കിലും). ഖുര്‍ ആന്‍ വിമര്‍ഷിക്കാന്‍ ബ്ലൊഗ് നടത്തുന്ന മാഷേ അറബിഭാഷയില്‍ ഒരു വാചകമെങ്കിലും കൃത്യമയി പറയാന്‍ അറിയുമോ. ഇതും വെല്ലുവിളിയാണ്. നട്ടെല്ല് ഉണ്ടെങ്കില്‍ , ലജ്ജയില്ലങ്കില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയണം.


നിങ്ങള്‍ക്ക് ആ മതത്തെ പറ്റിയല്ല. യുക്തിവാദത്തെ കുറിച്ച് പോലും അറിവ് വട്ടപ്പൂജ്യമാണെന്ന് ഈ ബ്ലോഗ് നിക്ഷപക്ഷമായി വിലയിരുത്തുന്ന വിവരമുള്ളവര്‍ പറയും. നല്ലൊരു ശതമാനം വിവരമില്ലാത്തത് കൊണ്ടാണ് നിങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്ന സത്യം അവരും മനസ്സിലാക്കണം. ദൈവ വിശ്വാസം ആയാലും ജമാ അത്ത് ആയാലും നോമ്പിന്റെ ശാസ്ത്രീയത ആയാലും മണ്ടത്തരങ്ങള്‍ മാത്രം പറയാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്. പഠിച്ച് കൊണ്ട് വിമര്‍ഷിച്ച് കൂടെ മാഷേ

Anonymous said...

ഇത് എല്ലായ്പ്പോഴും ജമാ'അത്തിന്റെ പ്രവകർത്തകർ ചോദിക്കാറുള്ള ചോദ്യം തന്നെ? മാഷ് അതിന് നലകിയ ഉത്തരവും വ്യകതം “ ആർ.എസ്.എസ്. ഉം, ജമാ‍അത്തയും, ക്രിമിനൽ സ്വഭാവമുള്ള അക്രമങ്ങൾ നടത്തുമ്പോൾ തങ്ങളുടെ ഐഡ്ന്റിറ്റിക്കായി എന്തെങ്കിലും ഉപേക്ഷിക്കാറില്ല ഒരു പ്രസ്ഥാനത്തിന്റ് തനിനിറം മനസ്സിലാകാൻ അവരുടെ ആദർശങ്ങളുടെ “ മാർഗ്ഗരേഖ ധാരാളം” ഖുറാൻ എന്ന വിശുദ്ധഗ്രന്ഥം ഇസ്ലാമിക ജിവിതത്തിന്റെ മാർഗ്ഗ ദർശനം ആണല്ലോ, അണുവിട വിടാതെ അത് പിന്തുടരുന്നവൻ ആണല്ലോ മുസ്ലീം ജമ അത്തെക്കാരൻ എന്തായിരിക്കണം എന്നുള്ള ഈ വരികൾ കാണുക “ ഞങ്ങള്‍ അത്തരക്കാരുടെ നേരെ ഞങ്ങളുടെ ജമാ അത്തിലേക്കു കയറാനുള്ള വാതില്‍ കൊട്ടിയടക്കാനാണു ആഗ്രഹിക്കുന്നത്. അവര്‍ പലവിധത്തിലുള്ള രോഗങ്ങള്‍ക്കടിമകളാണ്. അവരുടെ വിശ്വാസം ഇടക്കിടെ മാറ്റുക എന്നത് അവര്‍ക്കൊരു തമാശ പോലെയാണ്. അതുകൊണ്ട് ഈ ജമാ അത്തിനകത്തു കയറാനാഗ്രഹിക്കുന്നവരോട് നാം ആദ്യമേതന്നെ താക്കീതായി പറയുന്നത് ഇവിടുന്ന് തിരിച്ചു പോകുന്നതിനുള്ള ശിക്ഷ മരണമാകുന്നു. അങ്ങനെ ഇതില്‍ പ്രവേശിക്കുന്നതിനു മുമ്പേ ഒരു നൂറു പ്രാവശ്യം ചിന്തിക്കട്ടെ ഈ ജമാ അത്തില്‍ പ്രവേശിക്കണോ വേണ്ടെയോ എന്ന്. എന്നാല്‍ മാത്രമേ ഇനിയൊരിക്കലും തിരിച്ചു പോകുന്നതല്ല എന്ന ഉറപ്പില്‍ ഇതില്‍ പ്രവേശിക്കാന്‍ അവര്‍ക്കു സാധിക്കയുള്ളു.”(മുര്‍ത്തദ്ദ് കീ ശസായേം ഇസ്ലാമീ ഖാനൂന്‍ മേം പേ.51)“
ഇതിന്റെ മറുപടി ഇട്, അല്ലാത്തകാലത്തോളം ജബ്ബാർ മാഷിന്റെ ആരോപണങ്ങൾ നിലനിൽക്കും., കേരളത്തിൽ സുനാമി ഉണ്ടായപ്പോൾ ആർ.എസ്.എസ് ന്റെ സാന്നിദ്ധ്യം പ്രശംസാവഹമായിരുന്നു, മുസ്ലീം എന്നോ, ഹിന്ദു എന്നോ കൃസ്ത്യൻ എന്നോ നോക്കാതെയുള്ള ജീവൻ രക്ഷാ പ്രവർത്തനം, പല മുസ്ലീമുകളുടേയും ഞരമ്പുകളിൽ ഹിന്ദുവിന്റെ രക്തം നിറച്ചു.... പക്ഷേ അർ.എസ്.എസ്. എന്ന ഫാസിസ്റ്റ് വർഗ്ഗിയ സംഘടനയ്ക്ക് അവർ മതേതരട്ടിന്റെ കാവൽക്കാർ ആണെന്ന് ജമാ‍അത്തെ ഇസ്ലാമി പറയുമോ ?!, പൊതുപ്രവർത്തനം ക്രിമിനലുകളും നന്നായി ചെയ്യും. ( ജമാ അത്തെ ഇസ്ലാമികൾ എല്ലാം ക്രിമിനൽ ആണെന്ന് ഈ അനോണി പറയുന്നില്ല തെറ്റായ മാനിഫെസ്റ്റോയിൽ നിന്നും ഉയരുന്ന സാമൂഹ്യമൂല്ല്യമില്ലായ്മ ഒരു നാൾ പ്രതീക്ഷിക്കാം)

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.