Tuesday, September 18, 2007

നോമ്പിന്റെ ശാസ്ത്രീയത.

ശാസ്ത്രത്തിന്റെ രീതിയനുസരിച്ച് പഠനം നടത്തിയ ശേഷം മാത്രമേ ഒരു കാ‍ര്യം ശാസ്ത്രീയമാണെന്നു പ്രസ്താവന നടത്താവൂ. എന്നാല്‍ ശാസ്ത്രീയം എന്ന പദം ഇന്നു പലരും അശാസ്ത്രീയമായാണു പ്രയോഗിക്കുന്നത്. ഗോത്രകാല വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം ശാസ്ത്രീയമായ അടിത്തറയുള്ളതാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഇക്കാലത്തു കൊണ്ടുപിടിച്ച ശ്രമങ്ങളാണു നടക്കുന്നത്. അക്കൂട്ടത്തിലൊന്നാണു റംസാന്‍ നോമ്പിന്റെ `ശാസ്ത്രീയത`യും.നോമ്പെടുക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ഇക്കാലമായാല്‍ പത്രമാധ്യമങ്ങളിലൂടെ പ്രചാരണം നടത്ത്തുന്നവരില്‍ ശാസ്ത്രം പഠിച്ച ഡോക്ടര്‍മാരും പെടും. പക്ഷെ ഇവരൊക്കെ മറച്ചുവെക്കുന്ന നിരവധി കാര്യങ്ങളുണ്ട്.

മുസ്ലിംങ്ങളുടെ വ്രതാനുഷ്ഠാനം എങ്ങനെയുള്ളതാണെന്ന് വിശദീകരിക്കതെ ആഹാരനിയന്ത്രണം ആരോഗ്യത്തിനു നല്ലതാണെന്നു പറയുന്നത് തെറ്റിദ്ധാരണയുണ്ടാക്കുന്നു. ഇക്കാലത്തെ നോമ്പനുഷ്ഠാനം എത്രമാത്രം ആരോഗ്യപരവും ശാസ്ത്രീയവുമാണെന്നറിയണമെങ്കില്‍ മുസ്ലിം പ്രദേശങ്ങളിലെ ആശുപത്രികളില്‍ പോയി ഒരന്വേഷണം നടത്തിയാല്‍ മതിയാകും. വിവിധ തരം ഉദരരോഗങ്ങള്‍ ,അള്‍സര്‍ ,ബി പി ,പ്രമേഹസംബന്ധമായ പ്രശ്നങ്ങള്‍ നിര്‍ജലീകരണം മൂലമുണ്ടാകുന്ന അപകടങ്ങള്‍ എന്നിങ്ങനെ നോമ്പുകാലത്തു വലിയ തോതില്‍ മൂര്‍ഛിക്കുന്ന രോഗങ്ങള്‍ പലതാണ്. അതു കൊണ്ടു തന്നെ ഇക്കാല‍ത്ത് ഡോക്ടര്‍മാരെ തേടി ആശുപത്രികളില്‍ ശരണം പ്രാപിക്കേണ്ടിവരുന്നവര്‍ നിരവധിയാണ്.

ഉദയം മുതല്‍ അസ്തമയം വരെ ആഹാരവും ജലപാനവും ഉപേക്ഷിക്കുക എന്നതാണു മുസ്ലിം നോമ്പിന്റെ രീതി. കടുത്ത വേനല്‍ക്കാലത്ത്പോലും 12മണിക്കൂര്‍ വെള്ളം കുടിക്കാതിരിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ആരോഗ്യശാസ്ത്രത്തിന്റെ ബാലപാഠങ്ങളറിയുന്ന ആരും പറയുമെന്നു തോന്നുന്നില്ല. 11മാസക്കാലം സമയക്ര്ത്യത പാലിച്ച് ആഹാരം കഴിച്ചു വന്നവര്‍ പിന്നീട് ഒരു മാസം ആഹാരത്തിന്റെ ക്രമം തെറ്റിക്കുന്നതുകൊണ്ട് ശരീരത്തിന് എന്തു ഗുണമാണുണ്ടാകുന്നത്? വ്യായാമം ചെയ്യാതെയും കൊഴുപ്പു കൂടിയ ഭക്ഷണം കഴിച്ചും കഴിയുന്നവര്‍ക്ക് അല്പം ആഹാരനിയന്ത്രണം നല്ലതാണ്‍. പക്ഷെ അതിന് കൊല്ലത്തില്‍ ഒരു മാസത്തെ ആഹാരസമയക്രമം മാറ്റുന്നതുകൊണ്ടു മാത്രം ഒരു പ്രയോജനവും ഇല്ല. അതു ദോഷം ചെയ്യുകയും ചെയ്യും. രാത്രി സമയത്ത് കൊഴുത്ത ഭക്ഷണം കഴിച്ച് ഉറങ്ങുകയും പകല്‍ വെള്ളം കുടിക്കാതെ ജോലികള്‍ ചെയ്യുകയും ചെയ്യുന്നത് ഒരു തരത്തിലും ആരോഗ്യകരമല്ല. ആരോഗ്യ പരിപാലനമാണു നോമ്പിന്റെ ഉദ്ദേശ്യമെങ്കില്‍ അതു കൊല്ലത്തില്‍ ഒരു മാസം തുടര്‍ച്ചയായി അനുഷ്ഠിക്കുന്നതിനു പകരം ഓരോ മാസവും ഒന്നോ രണ്ടോ ദിവസം അനുഷ്ടിക്കുന്നതായിരിക്കും നല്ലത്. ജലപാനം ഒഴിവാക്കാനും പാടില്ല. അമിതാഹാരം ഒഴിവാക്കി ക്രമവും ക്ര്ത്യതയും പലിച്ചു ജീവിക്കുന്നതാണു വല്ലപ്പോഴും പട്ടിണി കിടന്ന് ദുര്‍ മേദസ്സു കളയാന്‍ ശ്രമിക്കുന്നതിനെക്കാള്‍ ശാസ്ത്രീയമായ മാര്‍ഗ്ഗം.

നാം ശീലിച്ചു വന്ന ആഹാരക്രമത്തിനനുസരിച്ചു സജ്ജീകരിക്കപ്പെട്ട ഒരു ദഹനേന്ദ്രിയ വ്യവസ്ഥ യാണു നമ്മുടേത്.ആഹാര സമയമടുക്കുന്നതോടെ അന്നനാളത്തിലെ വിവിധ സ്രവഗ്രന്ധികള്‍ ആഹാരത്തെ സ്വീകരിക്കാനും ദഹിപ്പിക്കാനുമുള്ള ശ്രമം ആരംഭിക്കുകയായി. പാലിച്ചു വന്ന ആഹാര ക്രമത്തിനനുസരിച്ച് കണ്ടീഷന്‍ ചെയ്യപ്പെട്ടതാണിത്. അതിനാല്‍ ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റം ഈ സിസ്റ്റത്തില്‍ താളപ്പിഴ ഉണ്ടാക്കുന്നു. വായിലുണ്ടാകുന്ന ഉമിനീര്‍ ആഹാരത്തിന്റെ ദഹനപ്രക്രിയയിലെ `പ്രഥമ`നാണ്‍. ക്ഷാരഗുണമുള്ള ഈ ദ്രവം ,ഭക്ഷണം സമയത്തു ചെന്നില്ലെങ്കില്‍ മറ്റൊരു ധര്‍മ്മം കൂടി നിര്‍വ്വഹിക്കുന്നു. ആമാശയത്തിലെ അമ്ല ഗുണമുള്ള ദ്രാവകത്തെ നിര്‍വീര്യമാക്കുക എന്നതാണത്. അമ്ലത കുറയ്ക്കാനുള്ള ഒരു സംവിധാനമാണത്. ഉമിനീരെല്ലാം തുപ്പിക്കളഞ്ഞാല്‍ ആമാശയത്തില്‍ ആസിഡ് പ്രവര്‍ത്തിച്ച് അള്‍സര്‍ ഉണ്ടാക്കും. നോമ്പുകാലത്ത് ഉദര രോഗങ്ങള്‍ വര്‍ദ്ധിക്കന്‍ ഇതാണ് ഒരു കാരണം. പൊതുസ്ഥലങ്ങളില്‍ കാര്‍ക്കിച്ചു തുപ്പി മലിനീകരണമുണ്ടാക്കുന്നത് ഒരു നോമ്പുകാല വിനോദമാണ്. അര്‍ദ്ധരാത്രികളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുണ്ടാക്കുന്ന ശബ്ദമലിനീകരണവും നോമ്പിന്റെ മറ്റൊരു നന്മയത്രേ!

കേരളത്തിലെ മുസ്ലിങ്ങള്‍ വ്രതകാലം ഒരു തീറ്റമഹോത്സവമായാണ് ഇപ്പോള്‍ ആചരിച്ചു വരുന്നത്! ഭക്ഷണച്ചിലവ് മറ്റു കാലങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയായെങ്കിലും ഇക്കാലത്തു വര്‍ദ്ധിക്കുന്നു എന്നതാണു കണക്ക്. നോമ്പുകാലത്തെ പ്രധാന മാധ്യമച്ചര്‍ച്ചകള്‍ തന്നെ വിഭവങ്ങളെകുറിച്ചാണ്. രാത്രികാലത്തെ ഈ വിഭവസമ്ര്ദ്ധമായ ` അമ്ര് ദേത്തു`കൊണ്ട് എന്ത് ആരോഗ്യമാണുണ്ടാകാന്‍ പോകുന്നത്? നോമ്പിന്റെ ശാസ്ത്രീയത വ്യാഖ്യാനിച്ചുണ്ടാക്കുന്നവര്‍ അതുണ്ടാക്കുന്ന ശരീര സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചു ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി ശരിയായ ആഹാര ശീലം എന്താണെന്നു ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണു വേണ്ടത്. പ്രാക്ര്തകാലത്തെ ആചാരങ്ങള്‍ക്കു ശാസ്ത്രത്തിന്റെ ആവരണം അണിയിക്കാന്‍ ശ്രമിക്കുന്നത് സത്യസന്ധമായ നിലപാടല്ല.

Wednesday, September 12, 2007

ഉസാമ ലാദനും ഇസ്ലാമും

ഉസാമ ബിന് ലാദന് അമേരിക്കയെ ഇസ്ലാമിലേക്കു ക്ഷണിച്ചിരിക്കുന്നു!
ഇസ്ലാം സ്വീകരിച്ചാല് പിന്നെ ആരെയും അദ്ദേഹം ഉപദ്രവിക്കുകയില്ലത്രേ!


ലാ‍ദന്റെ പ്രസ്താവനയില് പുതുമയൊന്നുമില്ല. എന്നാല് മുസ്ലിം ലോകം ഇതിനോടു പ്രതികരിച്ചത് എപ്രകാരമാണെന്ന് ആരെങ്കിലും ശ്രദ്ധിച്ചുവോ?
ലോകത്തുള്ള എല്ലാവരെയും ഇസ്ലാമിലേക്കു ക്ഷണിക്കാന് ആരാണ് ഈ ഭീകരനെ
ചുമതലപ്പെടുത്തിയത്? ആയിരക്കണക്കിനു നിരപരാധികളെ ലോകത്തിന്റെ പല ഭാഗത്തുമായി ചാവേര്‍ബോംബ് പൊട്ടിച്ചു കൊലപ്പെടുത്തിയ ഈ ഭീകരന് ഇസ്ലാമിന്റെ മൊത്തക്കച്ചവടം ഏല്പിച്ചു കൊടുത്തതാര്? സമാധാനത്തിന്റെ മതമാണ് ഇസ്ലാം എന്നും അക്രമത്തിനും ബലപ്രയോഗത്തിനും മതത്തില് സ്ഥാനമില്ല എന്നും നാഴികക്കു നാല്പ്തു വട്ടം പറഞ്ഞുകൊണ്ടിരിക്കുന്ന കാക്കത്തൊള്ളായിരം മതസംഘടനകളുണ്ട് നമ്മുടെ നാട്ടില്. മഹാപണ്ഡിതന്മാരായ നേതാക്കള്‍ക്കും പഞ്ഞമില്ല. പക്ഷെ അവരാരും ലാദനെതിരായി ഒന്നും ഉരിയാടിക്കാണുന്നില്ല.

ഇസ്ലാമിനെക്കുറിച്ചു സംസാരിക്കാനോ ഇസ്ലാമിലേക്ക് ആളെ ക്ഷണിക്കാനോ ഭീകരവാദികള്‍ക്കവകാശമില്ല എന്നും മുസ്ലിം സമൂഹത്തിന്റെയും ഇസ്ലാം മതത്തിന്റെയും പ്രതിച്ഛായ കളങ്കപെടുത്തുന്ന ഇത്തരക്കാരെ ഒറ്റപ്പെടുത്തുകയാണു വേണ്ടതെന്നും ആഹ്വാനം ചെയ്യാന് ലോക മതനേത്ര്ത്വം
മുന്നോട്ടു വരേണ്ടതല്ലേ? അതൊന്നും എവിടെയും കാണുന്നില്ലെങ്കില് നാം എന്താണു മനസ്സിലാക്കേണ്ടത്?


തസ്ലീമ നസ്രീനെ ഹൈദരബാദില് ആക്രമിച്ചപ്പോഴും മുസ്ലിം സമൂഹം മൌനമവലംബിച്ചു. മാധ്യമങ്ങള് അഭിപായം ആരാഞ്ഞപ്പോള് ചില മുസ്ലിം ബുദ്ധിജീവികള് ആ എഴുത്തുകാരിയെയും അവരെ കൊണ്ടുവന്നവരെയും കുറ്റപ്പെടുത്താനാണു ശ്രമിച്ചത്. ഒ അബ്ദുള്ളയെപ്പോലുള്ളവര് അവരുടെ കിടപ്പറക്കാര്യങ്ങള് വിളംപി വ്യക്തിഹത്യ നടത്താനും മറന്നില്ല.


മുമ്പ് ചേകനൂര് മൌലവിയെ കൊല ചെയ്ത സന്ദറ്ഭത്തിലും നാമിതു തന്നെയാണു കണ്ടത്. വാചാലമായ മൌനം കൊണ്ട് ആ കൊലയാളികള്‍ക്ക് അനുമോദനമര്‍പ്പിക്കുകയായിരുന്നു സമുദായം!

ഈ പറഞ്ഞതിന്റെ അറ്ഥം മുസ്ലിം സമുദായത്തിലുള്ളവരെല്ലാം തീവ്രവാദികളും ഭീകരരുമാണ് എന്നല്ല. വിവേകവും പക്വതയും അറിവുമുള്ള ധാരാളം നല്ല മനുഷ്യര് മുസ്ലിം സമുദായത്തിലുണ്ട്. പക്ഷെ സ്വന്തം മാളങ്ങളില് ‍നിസ്സംഗത നടിച്ചിരിക്കുകയും അവിവേകികളായ മന്ദ ബുദ്ധികളുടെ കയ്യിലേക്കു മതത്തിന്റെയും സമുദായത്തിന്റെയും നിയന്ത്രണം പൂര്‍ണമായും വിട്ടു കൊടുക്കുകയും ചെയ്തു കൊണ്ട് ഈ വിഭാഗം മാറി നില്‍ക്കുകയാണു ചെയ്യുന്നത്. സ്വന്തം സമുദായത്തിലെ വിവരദോഷികള് മതത്തിനും സമൂഹത്തിനും പേരുദോഷം സ്റ്ഷ്ടിക്കുമ്പോള് പ്രതികരിക്കാതിരിക്കുകയും മറ്റു സമുദായങ്ങളിലെ തീവ്രവാദത്തെയും വറ്ഗ്ഗീയതയെയും തീവ്രമായി വിമര്ശിക്കുകയും ചെയ്യുന്നത് ഉചിതമാണോ എന്നു മുസ്ലിം സമുദായത്തിലെ വി വരമുള്ളവരെങ്കിലും ആലോചിച്ചിരുന്നെങ്കില് എന്നാലോചിചുപോകുകയാണ്.

Tuesday, September 4, 2007

മതപഠനവും പിന്നാക്കാവസ്ഥയും

കേരളത്തിലെ മുസ്ലിം ബുദ്ധിജീവികള്‍ ഗൌരവമായി ആലോചിക്കേണ്ട കാര്യങ്ങളാണ് മാത്ര്ഭൂമി ആഴ്ചപ്പതിപ്പില്‍ ‍[2007 ആഗസ്ത് 19] ശ്രീ അമ്മാര്‍ കീഴുപറമ്പ് എഴുതിയ ലേഖനത്തിലുള്ളത്.ലേഖകന്‍ ഉന്നയിക്കുന്ന പ്രധാന ആക്ഷേപങ്ങള്‍ ഇവയാണ്:1.മതപഠനത്തിന് അമിതപ്രാധാന്യം നല്‍കിയിട്ടും മുസ്ലിം സമൂഹം ധാര്‍മ്മിക രംഗത്ത് ഇതര സമൂഹങ്ങളെ അപേക്ഷിച്ച് വളരെ മോശമായ നിലവാരം പുലര്‍ത്തുന്നു.2.മതപഠനം ഇല്ലാത്ത ഹിന്ദുക്കള്‍ക്കിടയില്‍ സ്നേഹം ദയ പരസ്പരബഹുമാനം തുടങ്ങിയ നന്മകള്‍ കൂടിയ അളവില്‍ കാണപ്പെടുന്നു.3.ഗ്രൂപ്പുകളായി തിരിഞ്ഞ് പോരടിക്കുന്ന മുസ്ലിംങ്ങളില്‍ ഈശ്വരഭക്തി പോലും കുറവാണ്.4.മതവിശ്വാസമില്ലാത്തവരും സാമൂഹ്യ നന്മകളില്‍ വ്യാപ്ര്തരായി ജീവിക്കുന്നുണ്ട്.5.നന്മതിന്മകളുടെ അടിസ്ഥാനം മതവിശ്വാസമല്ല.6.പ്രഭാതവേളയിലെ മദ്രസ പഠനം കുട്ടികളുടെ സ്കൂള്‍ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു.7.കുട്ടികളെക്കുറിച്ച് യാതൊന്നുമറിയാത്ത മന്ദബുദ്ധികളാണ് മദ്രസ അധ്യാപകരില്‍ അധികവും.8.കുട്ടികള്‍ക്കു മനസ്സിലാകാത്തതും അവര്‍ക്കാവശ്യമില്ലാത്തതുമായ കാര്യങ്ങളാണ് മദ്രസകളില്‍ പഠിപ്പിക്കുന്നത്.[ആര്‍ത്തവശുദ്ധി,ലൈംഗികബന്ധം മുതലായവ ഉദാഹരണം] 9.മദ്രസാ പഠനം അവധിദിവസങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തണം.10.അന്യ മതക്കാരെല്ലാം നരകത്തിലാണെന്നും മറ്റും കുട്ടികളെ പഠിപ്പിക്കുന്നതിനാല്‍ അവരില്‍ വര്‍ഗീയ ചിന്ത നാമ്പിടുന്നു.11.മതപഠനക്രമവും പാഠ്യപദ്ധതിയും ശാസ്ത്രീയമായി പരിഷ്കരിക്കണം.

Monday, September 3, 2007

മുസ്ലിം പിന്നാക്കാവസ്ഥയുടെ കാരണക്കാ‍ര്‍ ആര്??????

മുസ്ലിം സമുദായം വിദ്യാഭ്യാസപരമായും സാമൂഹ്യമായും ധാര്‍മികമായും ഇതര സമൂഹങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകുമെന്നു തോന്നുന്നില്ല. നരേന്ദ്രന്‍ കമ്മീഷനും സച്ചാര്‍കമ്മീഷനുമെല്ലാം മുസ്ലിംങ്ങളുടെ പരിതാപകരമായ സ്ഥിതിയെപ്പറ്റി ആധികാരികമായിത്തന്നെ വിവരം നല്‍കുന്നുണ്ട്. എന്താണിതിനു കാരണമെന്നു കണ്ടെത്താനുള്ള വസ്തുനിഷ്ഠമായ പഠനം നടത്താന്‍ ഇതു വരെ ആരെങ്കിലും തയ്യാറായിട്ടുണ്ടോ എന്നറിയില്ല. മുസ്ലിം സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ നിഷ്പക്ഷമായ ഒരു പഠനം നടത്താന്‍ കഴിയുമെന്നും തോന്നുന്നില്ല. സ്വന്തം സമുദായത്തിന്റെ എല്ലാ ദുര്യോഗങ്ങള്‍ക്കും മറ്റുള്ളവരാണു കാരണക്കാരെന്ന അയുക്തിക നിലപാടാണ് മുസ്ലിംങ്ങള്‍ എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ബംഗാളിലെ മുസ്ലിംകള്‍ പിന്നാക്കമായത് ജ്യോതിബാസു അവരെ അവഗണിച്ചതുകൊണ്ടാണ്! ഇന്ത്യയിലാകെയുള്ള പിന്നാക്കാവസ്ഥക്കു കാരണക്കാര്‍ ഹിന്ദു വര്‍ഗ്ഗീയവാദികളാണ്.ലോകമുസ്ലിംകളെ പിന്നിലാക്കുന്നത് പാശ്ചാത്യരാണ്.എന്നിങ്ങ്നെ പോകുന്നു ആരോപണങ്ങള്‍ !
പശ്ചിമബംഗാളില്‍ മുസ്ലിംകള്‍ പിന്നാക്കം പോയത് ഇടതുപക്ഷഭരണം മൂലമാണെങ്കില്‍ ഇസ്ലാമിന്റെ പേരില്‍ ഭാഗം വാങ്ങിപ്പോയ കിഴക്കന്‍ ബംഗാളില്‍ ആരാണു മുസ്ലിംകളെ ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും പടുകുഴിയിലാക്കിയത്? സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തി വേലി ചാടിക്കടന്ന് ആസാമിലെയും മേഘാലയയിലേയും വയലുകളിലും തോട്ടങ്ങളിലും 20രൂപ കൂലിക്ക് അടിമപ്പണി ചെയ്യുന്ന പതിനായിരക്കണക്കിനു ബംഗ്ലാദേശുകാര്‍ ആ നാടിന്റെ `പുരോഗതി` വിളിച്ചറിയിക്കുന്ന ദ്ര്ഷ്ടാന്തങ്ങളിലൊന്നു മാത്രം! മുസ്ലിംകളുടെ പുരോഗതിക്കു വിഘാതം നില്‍ക്കുന്നത് മറ്റാരുമല്ല. അവരുടെ മതവും അന്ധവിസ്വാസങ്ങളും തന്നെയാണു പ്രധാന കാരണം. മാത്ര്ഭാഷ പഠിക്കുന്നതു പോലും ഹറാമാണെന്നു വിശ്വസിച്ച് മക്കളെ പള്ളിക്കൂടത്തിലയക്കാ‍ന്‍ വിസമ്മതിച്ച ഒരു തലമുറയാണു നമുക്കു തൊട്ടു മുന്‍പേ കേരളത്തില്‍ പോലും ഉണ്ടായിരുന്നത്. ഇംഗ്ലീഷ് അവര്‍ക്കു നരകത്തിലെ ഭാഷയായിരുന്നു! സച്ചാര്‍ റിപ്പോര്‍ട് പ്രകാരം‍ മുസ്ലിം പ്രാതിനിധ്യം ഏറ്റവും കുറവുള്ളത് ബാങ്കിങ് നെഴ്സിങ് തുടങ്ങിയ മേഖലകളിലാണെന്ന കാര്യം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. നേഴ്സിങ്ങും ബാങ്കിങ്ങും ഹറാമാണെന്ന് ഇന്നും മുസ്ലിം നേതാക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇസ്ലാമികമല്ലാത്ത ഭരണവ്യവസ്ഥക്കു കീഴില്‍ സര്‍ക്കാരുദ്യോഗങ്ങള്‍ വഹിക്കുന്നതുതന്നെ നിഷിദ്ധമാണെന്ന് ജമാ‍ അത്തെ ഇസ്ലാമിയുടെ ഭരണഘടനയില്‍ വ്യക്തമായിപ്പറയുന്നുണ്ട്.സോളിഡാരിറ്റിക്കാര്‍ നരേന്ദ്രന്‍ റിപ്പോര്‍ട്ടും പൊക്കിപ്പിടിച്ച് തെരുവില്‍ നാടകം കളിക്കുന്നത് മറ്റുള്ളവരെ വിഡ്ഡികളാക്കാനാണ്.
പശ്ചിമബംഗാളില്‍ മുസ്ലിം കുട്ടികളെ സ്കൂളിലെത്തിക്കാന്‍ സര്‍ക്കാര്‍ പതിനെട്ടടവും പയറ്റി പരാജയപ്പെട്ടപ്പോള്‍ മദ്രസകള്‍ക്കു ഗ്രാന്റ്റ് നല്‍കി അക്ഷരം പഠിപ്പിക്കനും ശ്രമം നടത്തി. അക്ഷരവൈരികളായ മത പുരോഹിതന്മാരാണ് ഇതിനെല്ലാം തടസ്സമാകുന്നത്. അവരെ പിടിച്ചുകെട്ടി മതപാഠശാലകള്‍ അടച്ചുപൂട്ടിയാല്‍ മാത്രമേ മുസ്ലിം സമുദായം രക്ഷപ്പെടുകയുള്ളൂ! ഇഹലോകജീവിതം വെറും പരീക്ഷണമാണെന്നും പരലോകത്തു സ്വര്‍ഗ്ഗമുറപ്പിക്കാന്‍ വേണ്ടതു ദിക്രും ദുആയും നിസ്കാരവുമാണെന്നും പഠിപ്പിക്കുന്ന മദ്രസകള്‍ തന്നെയാണ് മുസ്ലിം പുരോഗതിയുടെ പ്രധാന ശത്രു!!!

Sunday, September 2, 2007

ചേകനൂര്‍ മൌലവി ഒടുവില്‍ പറഞ്ഞത്!


ഓരോ മതത്തിലേയും പുരോഹിതന്‍മാര്‍ ഇതരമതക്കാരെ പിഴച്ചവരും പാപികളുമായി കണക്കാക്കിയതിനാലും സ്വസമുദായത്തെ അപ്രകാരം വിശ്വസിപ്പിച്ചതിനാലുമാണ് സമുദായങ്ങള്‍ തമ്മില്‍ അകന്നു പോകാനിടയായത്. വാസ്തവത്തില്‍ എല്ലാ മതങ്ങളുടെയും ലക്ഷിയം മനുഷ്യനെ നന്നാക്കലാണെന്നും മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും വിശ്വസിക്കുന്നവരാരും തന്നെ ഇതര മതങ്ങളെ പുഛിക്കാനോ തള്ളിപ്പറയാനോ തയ്യാറാവുകയില്ല.ഏതൊരു മതക്കാരും തങ്ങളുടെമതം മാത്രമാണ് മോക്ഷത്തിന്റെയും വിജയത്തിന്റെയും ഏകമാര്‍ഗ്ഗമെന്ന് വിശ്വസിക്കാന്‍ പാടുള്ളതല്ല. കാരണം ആ വിശ്വാസമുള്ള ആര്‍ക്കും തന്നെ സഹോദരസമുദായങ്ങളെ ആത്മാര്‍ഥമായി സ്നേഹിക്കുവാനോ ബഹുമാനിക്കുവാനോ സാധ്യമല്ലെന്നത് തീര്‍ച്ചയാണ്.
അപ്പോള്‍ ഭാരതത്തെപ്പോലെ വിവിധ മതസമുദായങ്ങളുള്ള രാജ്യങ്ങളില്‍ സമുദായൈക്യവും ഉല്‍ഗ്രഥനവും പ്രായോഗികമാകണമെങ്കില്‍ മതങ്ങളുടെ അടിസ്ഥാനസിദ്ധാന്തമായ സര്‍വ്വമതസത്യവാദത്തില്‍ വിശ്വസിക്കാനും അതു പ്രചരിപ്പിക്കാനും ഓരോ മതക്കാരും ശ്രമിക്കണം.
ഓരോ മതത്തിലെയും പരിഷ്കര്‍ത്താക്കള്‍ തങ്ങളുടെ മതത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഖണ്ഡിക്കുകയല്ലാതെ ഇതര മതങ്ങളെ ആക്ഷേപിക്കുന്നത് നീതിയല്ല. ഒരു മതക്കാരുടെ ആചാരങ്ങള്‍ ഇതരര്‍ക്കു ശല്യമാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ വര്‍ഗ്ഗീയസംഘര്‍ഷങ്ങള്‍ക്കു പ്ലപ്പോഴും കാരണമായിട്ടുള്ളത് ഇത്തരം ശല്യപ്പെടുത്തലുകളാണ്‍. ആവശ്യത്തിലധികം പള്ളികളുണ്ടാക്കി സ്പീക്കറിലൂടെ അഞ്ചു നേരം ബാങ്ക് വിളിച്ച് മറ്റുള്ളവരെ ശല്യപ്പെടുത്തുന്നത് ഒഴിവാക്കേണ്ടതാണ്‍.
രാക്ഷസീയമായ മതഭ്രാന്താണിവിടെ രാജ്യമാകെ അഴിഞ്ഞാടുന്നത്. ഈ ഭ്രാന്ത് മൂലം ഇവിടെ ന്യൂനപക്ഷം മാത്രമല്ല ഭൂരിപക്ഷവും തകരുകയാവും ഫലം. അതിനാല്‍ മതപണ്ഡിതന്മാര്‍ തങ്ങളുടെ അനുയായികളെ മതവികാരത്തില്‍നിന്ന് മതവിചാരത്തിലേക്കു നയിക്കാനണു ശ്രമിക്കേണ്ടത്. മതത്തിനു വേണ്ടി ആരും മരിക്കേണ്ടതില്ലെന്നും മതം മനുഷ്യനു ജീവിക്കാനുള്ളതാണെന്നും മതാനുയായികളെ ബോധവല്‍ക്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ചേകനൂര്‍ മൌലവി അവസാനമെഴുതിയ‘ സര്‍വ്വമതസത്യവാദം’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ നിന്നുള്ള ഏതാനും ഖണ്ഡികകളാണ് മേല്‍ ഉദ്ധരിച്ചിരിക്കുന്നത്. മദ്രസാ പഠനം ചര്‍ച ചെയ്യുന്ന ഈ വേളയില്‍ മനുഷ്യസ്നേഹിയായ ആ മഹാപണ്ഡിതന്റെ ഈ വാക്കുകള്‍ പ്രസക്തമാണെന്നു തോന്നിയതിനാലാണ് ഇവിടെ പുനരാവിഷ്കരിച്ചത്. പ്രതികരണം പ്രതീക്ഷിക്കുന്നു.
മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.