Friday, August 6, 2010

അവിടെ മൗദൂദി കൃതികള്‍ക്ക് വിലക്ക്‌

അവിടെ മൗദൂദി കൃതികള്‍ക്ക് വിലക്ക്‌

ഹമീദ് ചേന്നമംഗലൂര്‍


ബംഗ്ലാദേശില്‍ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ കാലത്ത്, 1972-ല്‍ നിലവില്‍ വന്ന ഭരണഘടനയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളില്‍ ഒന്ന് അതിന്റെ 12-ാം വകുപ്പായിരുന്നു. എല്ലാരൂപങ്ങളിലുമുള്ള മതാധിഷ്ഠിത രാഷ്ട്രീയത്തെ വിലക്കുന്നതായിരുന്നു ആ വകുപ്പ്. ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്ത മതനിരപേക്ഷതയും ജനാധിപത്യവും ദേശീയത്വവും സോഷ്യലിസവും സാമൂഹിക ജീവിതത്തില്‍ ഉറപ്പിക്കാന്‍ മതാസ്​പദ രാഷ്ട്രീയം നിരോധിച്ചേ മതിയാവൂ എന്ന പക്ഷക്കാരനായിരുന്നു മുജീബുര്‍ റഹ്മാന്‍. അങ്ങനെയാണ് 12-ാം വകുപ്പ് ഭരണഘടനയുടെ ഭാഗമായത്.

1975-ല്‍ ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ വധിക്കപ്പെട്ടതോടെ സ്ഥിതിഗതികള്‍ മാറാന്‍ തുടങ്ങി. ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവം അട്ടിമറിക്കപ്പെട്ടു. ജനറല്‍ സിയാവുര്‍ റഹ്മാന്റെ കാലത്ത്, 1979-ല്‍, ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് മതനിരപേക്ഷതയും ജനാധിപത്യവുമടക്കമുള്ള തത്ത്വങ്ങള്‍ നീക്കം ചെയ്യുകയും പന്ത്രണ്ടാംവകുപ്പ് റദ്ദാക്കുകയും ചെയ്തു. അതോടെ മതാധിഷ്ഠിത രാഷ്ട്രീയം നിയമവിധേയമായി. ഈ സാഹചര്യത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് രാജ്യത്തെ മുഖ്യ മതകക്ഷിയായ ജമാഅത്തെ ഇസ്‌ലാമിയായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ സഖ്യകക്ഷി എന്ന നിലയ്ക്ക് ബംഗ്ലാദേശിന്റെ ഭരണത്തില്‍ വരെ ജമാഅത്തെ ഇസ്‌ലാമി പങ്കാളിയായി.

2008-ലെ തിരഞ്ഞെടുപ്പില്‍ ബി.എന്‍.പി.-ജമാഅത്തെ ഇസ്‌ലാമി സഖ്യം തൂത്തെറിയപ്പെടുകയും ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിലേറുകയും ചെയ്തതിനെത്തുടര്‍ന്ന്, എഴുപതുകളുടെ അവസാനത്തില്‍ തിരസ്‌കരിക്കപ്പെട്ട മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം ബംഗ്ലാദേശില്‍ തുടങ്ങി. ഭരണകക്ഷിയായ അവാമി ലീഗിനെപ്പോലെ ജുഡീഷ്യറിയും മതേതര ജനാധിപത്യത്തിന്റെ പക്ഷത്താണ് നില്‍ക്കുന്നത്. ജൂലായ് 28-ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി അതിന്റെ തെളിവാണ്. 1979-ല്‍ ഭരണഘടനയുടെ ആമുഖത്തില്‍നിന്നു നീക്കം ചെയ്ത ഭാഗങ്ങളും പന്ത്രണ്ടാം വകുപ്പും പരമോന്നത നീതിപീഠം ഇപ്പോള്‍ പുനഃസ്ഥാപിച്ചിരിക്കുന്നു. ഈ അനുകൂല സാഹചര്യങ്ങളുടെ ബലത്തില്‍ മതമൗലിക- തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും അവരുടെ പാര്‍ട്ടിയും മുന്നോട്ടു വന്നിട്ടുണ്ട്. അതിന്റെ പ്രത്യക്ഷ തെളിവത്രെ ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനായ അബുല്‍ അഅ്‌ലാ മൗദൂദിയുടെ കൃതികള്‍ ലൈബ്രറികളിലും പള്ളികളിലും സൂക്ഷിക്കുന്നതിനെതിരെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം.

ഈ നിരോധനത്തെ സര്‍ക്കാര്‍നിയന്ത്രണത്തിലുള്ള ഇസ്‌ലാമിക ഫൗണ്ടേഷന്‍ ന്യായീകരിക്കുന്നത് ഇവ്വിധമാണ്: മതരാഷ്ട്ര സ്ഥാപനത്തില്‍ ഊന്നുന്ന മൗദൂദിയുടെ കൃതികള്‍ സമാധാനത്തിന്റെ ഇസ്‌ലാമിനു പകരം യുദ്ധത്തിന്റെ ഇസ്‌ലാമിനെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ആത്മത്തോടുള്ള പോരാട്ടമാണ് വാസ്തവത്തില്‍ ഇസ്‌ലാമിലെ ജിഹാദ്. പക്ഷേ, മൗദൂദി അതിനെ അപര സംസ്‌കാരങ്ങളോടും ആധുനിക മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥയോടുമുള്ള പോരാട്ടമായി വക്രീകരിച്ചിരിക്കുന്നു. ജമാഅത്ത് ഗുരുവിന്റെ രചനകള്‍ മതപരമായ സഹിഷ്ണുതയ്ക്കല്ല, മത തീവ്രവാദത്തിനും ഭീകരവാദത്തിനുമാണ് ഉത്തേജനം നല്‍കുന്നത്. അതിനാല്‍ത്തന്നെ അതിനു മൂക്കുകയറിട്ടേ മതിയാവൂ.

ബംഗ്ലാദേശ് സര്‍ക്കാറും ഇസ്‌ലാമിക ഫൗണ്ടേഷനും സ്വീകരിച്ച മേല്‍ നിലപാട് യാഥാര്‍ഥ്യനിഷ്ഠമാണെന്നും അബുല്‍ അഅ്‌ലാ മൗദൂദിയുടെ കൃതികള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥയോടുള്ള അതിരൂക്ഷമായ എതിര്‍പ്പാണ് മൗദൂദിയന്‍ ചിന്തകളുടെ അന്തര്‍ധാര. 'ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം' എന്ന തലക്കെട്ടില്‍ നേരത്തേ പുറത്തിറക്കിയതും പില്‍ക്കാലത്ത് 'മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്ത്വിക വിശകലനം' എന്ന പേരില്‍ പ്രസിദ്ധീകരിച്ചതുമായ കൃതിയില്‍, മുസ്‌ലിങ്ങള്‍ മതനിരപേക്ഷ ജനാധിപത്യമോ മതനിരപേക്ഷ ദേശീയതയോ അംഗീകരിക്കാന്‍ പാടില്ലെന്നത്രെ മൗദൂദി വാദിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ലോകം നേരിടുന്ന മൂന്നു തിന്മകളാണ് മതനിരപേക്ഷതയും ജനാധിപത്യവും ദേശീയത്വവും. മൗദൂദി എഴുതുന്നു- ''പ്രസ്തുത മൂന്നു തത്ത്വങ്ങളും അബദ്ധ ജടിലങ്ങളാണ്... മനുഷ്യന്‍ ഇന്ന് അടിപ്പെട്ടുപോയിട്ടുള്ള സകല ദുരിതങ്ങളുടെയും വിനാശങ്ങളുടെയും നാരായ വേര് ആ തത്ത്വങ്ങളാണെന്നുകൂടി നാം ദൃഢമായി വിശ്വസിക്കുന്നുണ്ട്... നാം നമ്മുടെ മുഴുശക്തിയുപയോഗിച്ച് അവയ്‌ക്കെതിരെ സമരം നടത്തിയേ തീരൂ.'' (മൗദൂദി, മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്ത്വിക വിശകലനം, 2002, പു.11.) അദ്ദേഹം തുടരുന്നു- ''ആ വ്യവസ്ഥിതി (മതനിരപേക്ഷ ദേശീയ ജനാധിപത്യം) അധികാരം വാഴുന്നിടത്ത് ഇസ്‌ലാം വെറും ജലരേഖയായിരിക്കും. ഇസ്‌ലാമിനു സ്വാധീനമുള്ള ദിക്കില്‍ ആ വ്യവസ്ഥയ്ക്ക് സ്ഥാനമുണ്ടാവുകയില്ല.'' (അതേ പുസ്തകം, പു.22.) ജനാധിപത്യത്തെ പൈശാചിക വ്യവസ്ഥയായി വിലയിരുത്തുന്ന മൗദൂദി മുസ്‌ലിങ്ങളോട് ആവശ്യപ്പെടുന്നത് അല്ലാഹുവിന്റെ ഭരണം (ഖിലാഫത്ത് വ്യവസ്ഥിതി) സ്ഥാപിക്കാനാണ്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ 'ഖിലാഫത്ത് വ്യവസ്ഥിതി'യുടെ സ്ഥാപനാര്‍ഥം പ്രവര്‍ത്തിക്കുകയെന്നത് മുസല്‍മാന്മാരുടെ ഒഴിച്ചുകൂടാനാകാത്ത കര്‍ത്തവ്യമാകുന്നു. എന്തെന്നാല്‍, നന്മ വളരുകയും തിന്മ തളരുകയും ചെയ്യണമെങ്കില്‍, തനി പൈശാചികമായ ഈ വ്യവസ്ഥ (മതനിരപേക്ഷ ദേശീയ ജനാധിപത്യം) പോയി തത്സ്ഥാനത്ത് സത്യവ്യവസ്ഥ (ഖിലാഫത്ത് അഥവാ ഇസ്‌ലാമിക ഭരണ സംവിധാനം) സ്ഥാപിതമായേ പറ്റൂ.'' (അതേ പുസ്തകം, പു.23.)

മേല്‍ച്ചൊന്ന ഇസ്‌ലാമിക ഭരണസംവിധാനം സ്ഥാപിക്കുക എന്നത് മുസ്‌ലിങ്ങളുടെ മതപരമായ ബാധ്യതയാണെന്ന് അടിവരയിട്ടു പറഞ്ഞ മൗദൂദി, പ്രസ്തുത ലക്ഷ്യം നേടുന്നതിനു തത്ത്വോപദേശങ്ങളും പ്രസംഗങ്ങളും മാത്രം മതിയാവില്ല എന്നു വ്യക്തമാക്കുകകൂടി ചെയ്തിട്ടുണ്ട്. ജമാഅത്ത് സ്ഥാപകന്‍ പറയുന്നു- ''അല്ലാഹുവിന്റെ ഭൂമിയില്‍നിന്ന് നാശമര്‍ദനങ്ങളെ എന്നെന്നേക്കുമായി വിപാടനം ചെയ്യണമെന്ന് ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കില്‍... വെറും ഉപദേഷ്ടാക്കളും പ്രാസംഗികന്മാരും മാത്രമായിക്കൊണ്ട് പ്രവര്‍ത്തിക്കുകയെന്നത് അവരെ സംബന്ധിച്ചിടത്തോളം തീരെ നിഷ്ഫലവും നിഷ്പ്രയോജനവുമാകുന്നു'' (മൗദൂദി, ഖുത്തബാത്ത്, 1952, പു. 364.)

ഫലവത്തായ മാര്‍ഗം എന്താണെന്നു മൗദൂദി തുടര്‍ന്നു വ്യക്തമാക്കുന്നുണ്ട്. ഭൂമിയില്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാന്‍ ജിഹാദ് എന്ന ഉപകരണമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. അല്ലാഹുവിന്റെ നിയമങ്ങള്‍ക്കനുസൃതമല്ലാത്ത എല്ലാഭരണസംവിധാനങ്ങളും നിര്‍മാര്‍ജനം ചെയ്യാനുള്ള ''അശ്രാന്ത പരിശ്രമത്തിനും ത്യാഗത്തിനുമാണ് ഇസ്‌ലാമിന്റെ ഭാഷയില്‍ ജിഹാദ് അഥവാ സമരം എന്നുപറയുന്നത്'' എന്ന് അദ്ദേഹം വിശദീകരിക്കുന്നു. (അതേപുസ്തകം, പു. 369.) ആചാര്യന്‍ ഇപ്രകാരം തുടരുന്നു: ''ഈ ദീന്‍ (ഇസ്‌ലാം) സത്യമാണെന്ന് യഥാര്‍ഥത്തില്‍ നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ ഇതിനെ ഭൂമുഖത്ത് സ്ഥാപിക്കാനായി സര്‍വശക്തിയും പ്രയോഗിച്ച് അതിനെ സുസ്ഥാപിതമാക്കുകയോ അല്ലാത്തപക്ഷം അതേ പരിശ്രമത്തില്‍ ജീവനെ ബലിയര്‍പ്പിക്കുകയോ അല്ലാതെ നിങ്ങള്‍ക്ക് ഗത്യന്തരമില്ല.'' (അതേ പുസ്തകം, പു. 387.)

മൗദൂദിയുടെ 'ജിഹാദ്' എന്ന പുസ്തകത്തിലും ഇതേ ആശയങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. അഹിംസ ബുദ്ധിക്കോ പ്രകൃതിക്കോ നിരക്കാത്തതാണെന്നാണ് മൗദൂദി ആ കൃതിയില്‍ പറയുന്നത്. ദൈവിക വ്യവസ്ഥയായ ഇസ്‌ലാമിനു മുമ്പില്‍ മാര്‍ഗതടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെയുള്ള ഹിംസ മുസ്‌ലിങ്ങളുടെ മതപരമായ ബാധ്യതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. രക്തംചിന്തലിനെ മതത്തിന്റെ പേരില്‍ മൗദൂദി ന്യായീകരിക്കുന്നുണ്ട്. മനുഷ്യജീവന്‍ ആദരണീയമാണെന്നാണ് ഇസ്‌ലാമിന്റെ നിലപാടെങ്കിലും മൗദൂദി അതിനെ തിരുത്തുന്നു. ഒരാള്‍ അന്യായം പ്രവര്‍ത്തിക്കാത്ത കാലത്തോളമേ അയാളുടെ ജീവന് ആദരണീയതയുള്ളൂ എന്നാണ് മൗദൂദിയുടെ വിധിതീര്‍പ്പ്. പക്ഷേ, അന്യായവും അനീതിയും എന്തെന്നു തീരുമാനിക്കുന്നത് ആരാണ്? മതനേതൃത്വമായിരിക്കും അത് ചെയ്യുന്നത്. വല്ലവരും ഇസ്‌ലാംമതത്തില്‍നിന്ന് മാറുന്നതോ ഇസ്‌ലാമിന്റെ സാമ്പ്രദായിക വ്യാഖ്യാനങ്ങളെ ചോദ്യം ചെയ്യുന്നതോ പ്രവാചകനെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നതോ മാത്രമല്ല, ഇസ്‌ലാമിക രാഷ്ട്രീയത്തിനു പകരം മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നതുപോലും അവരുടെ ദൃഷ്ടിയില്‍ അന്യായവും അനീതിയുമായിരിക്കും. അത്തരം ഘട്ടങ്ങളില്‍ ബന്ധപ്പെട്ടവരുടെ രക്തം ചിന്താതിരിക്കുന്നത് കടുത്ത പാപമായിരിക്കും എന്നത്രെ മൗദൂദിയുടെ വിലയിരുത്തല്‍. (മൗദൂദി, ജിഹാദ്, 2004, പു. 48.)

ജമാഅത്ത് ഗുരുവിന്റെ ചിന്തകള്‍ ആറ്റിക്കുറുക്കിയാല്‍ ലഭിക്കുന്നത് ഇതാണ് - തന്റെ വിഭാവനയിലുള്ള ഇസ്‌ലാം മാത്രമാണ് സ്വീകാര്യമായ ഒരേയൊരു ജീവിതവ്യവസ്ഥ. ജനാധിപത്യം ഉള്‍പ്പെടെ മറ്റെല്ലാ വ്യവസ്ഥകളും പൈശാചികവും അതിനാല്‍ത്തന്നെ വര്‍ജ്യവുമാണ്. അവയ്‌ക്കെതിരെയുള്ള പോരാട്ടംകൂടി ഉള്‍പ്പെടുന്നതാണ് ജിഹാദ്. അതാകട്ടെ മുസ്‌ലിമിന്റെ മതപരമായ കര്‍ത്തവ്യമാണ്. ആ കര്‍ത്തവ്യം നിവേറ്റുന്നതിനിടയില്‍ മരിക്കുന്നവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കുന്നവരാണ്. അവര്‍ അമരരാണ്.
ഈ ദിശയിലുള്ള ജമാഅത്ത് സ്ഥാപകന്റെ ചിന്തകള്‍ മതതീവ്രവാദത്തിനും ഭീകരവാദത്തിനും പ്രത്യയശാസ്ത്രപരമായ പിന്‍ബലം നല്‍ക്കുന്നുണ്ട് എന്നത് നിഷേധിക്കാനാവതല്ല. ബംഗ്ലാദേശില്‍ എന്നപോലെ ഇന്ത്യയ്ക്കകത്തും മറ്റു രാഷ്ട്രങ്ങളിലും മുസ്‌ലിങ്ങള്‍ക്കിടയിലെ ഒരു ചെറിയ ന്യൂനപക്ഷത്തെ തീവ്രവാദത്തിന്റെ പന്ഥാവിലെത്തിച്ചതില്‍ മൗദൂദിയന്‍ ചിന്തകള്‍ക്ക് അവഗണിക്കാനാവാത്ത പങ്കുണ്ട്. ആ നിലയ്ക്ക് അവയുടെ പ്രതിലോമപരത തുറന്നുകാട്ടാനുള്ള ഏതു ശ്രമവും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.
[മാതൃഭൂമി-65-8-2010]

6 comments:

ea jabbar said...

ആത്മത്തോടുള്ള പോരാട്ടമാണ് വാസ്തവത്തില്‍ ഇസ്‌ലാമിലെ ജിഹാദ്. പക്ഷേ, മൗദൂദി അതിനെ അപര സംസ്‌കാരങ്ങളോടും ആധുനിക മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥയോടുമുള്ള പോരാട്ടമായി വക്രീകരിച്ചിരിക്കുന്നു.
-----
ഹമീദിന്റെ ഈ അഭിപ്രായം ശരിയല്ല. യഥാര്‍ത്ഥ ഇസ്ലാം മൌദൂദി പറഞ്ഞതു തന്നെയാണ്. അതിലും കട്ടിയായ ഭീകരവാദമാണത് !

Malayalam Songs said...

മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി

സുശീല്‍ കുമാര്‍ പി പി said...

മതം ഏതായാലും മനുഷ്യന്‍ നന്നാവില്ല- സഹോദരന്‍ അയ്യപ്പന്‍

NASAR MAZHAVILLU said...

"മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി"


വിഷം ഏതായാലും വിഷമം തന്നെ അല്ലേ...

സന്ദേഹി-cinic said...

ഇസ്ലാമിലെ ജിഹാദ് സ്വന്തത്തോടുള്ള ജിഹാദ് തന്നെയാണ്.ഹമീദ് സാഹിബിനോട് യോജിക്കുന്നു.അസ്ഗർ അലി എഞ്ചിനീയറുടെ വിശദീകരണം വായിച്ചു നോക്കുക.
ഔറംഗസീബും സഹോദരൻ ദാരാഷുക്കോവും ഇസ്ലാമിലെ രണ്ടു മൗലികധാരകളുടെ പ്രതിനിധികളാണ്.ഒന്ന് ഭൗതിക ജിഹാദിന്റെയും മറ്റേത് ആത്മീയജിഹാദിന്റെയും.സ്വാമി അഗ്നിവേശ് ഹിന്ദുത്വ വാദികളെ കുറിച്ച് പറഞ്ഞതുപോലെ പദാർത്ഥവാദികളായ/ഭൗതിക വാദികളായ ജിഹാദികളാണ് വ്യവസ്ഥാപിത,സ്ഥാപനവത്കൃത മുസ്ലിം പൗരോഹിത്യം.വഹാബിസവും മൗദൂദിസവും ഔറംഗസീബിന്റെ ധാരയിൽ പെടുന്നു.

ലാ ഇലാഹ്(ദൈവം ഇല്ല)എന്ന് മാത്രം പറയുന്നു എന്നാരോപിച്ച് ഔറങ്ങസീബിന്റെ കിങ്കരന്മാർ സൂഫിയായ സർമ്മദിനെ പിടി കൂടി വധിക്കാനൊരുങ്ങുന്നു.അദ്ദേഹം ദാരാഷുക്കോവിന്റെ അനുകൂലിയായിരുന്നു.അദ്ദേഹത്തെ കൊല്ലാൻ വാളുയർന്ന സന്ദർഭത്തിൽ അദ്ദേഹത്തിന്റെ അനുയായികൾ ചെവിയിൽ ചെന്നു പറഞ്ഞു."ഇല്ലള്ളാഹ്(അള്ളാഹുവല്ലാതെ)എന്നു കൂടിപറയൂ.എന്നിട്ട് ജീവൻ രക്ഷിക്കൂ".
സർമ്മദ് പറഞ്ഞു."ജീവൻ രക്ഷിക്കാൻ വേണ്ടി കളവു പറയാൻ ആവശ്യപ്പെടുകയാണോ നിങ്ങൾ?"
അനുയായി അത്ഭുതപ്പെട്ടു."ഇല്ലള്ളാഹ് എന്ന് പറയൽ നുണയാണോ?"
"അല്ല.അതൊരു വലിയ സത്യമാണ്.പക്ഷെ എന്നെ സംബന്ധിച്ച് അത് നുണയാണ്".
"എങ്ങനേ"
സൂഫി പ്രഞ്ഞു."എനിക്കെന്റെ ഹൃദയത്തിൽ കുടിയിരിക്കുന്ന ആഗ്രഹമൂർത്തിയകളെ ഇന്യും ഉപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ല.പിന്നെങ്ങനെ ഞാൻ ഇല്ലള്ളാഹ് എന്നു പറയും?ഞാനിപ്പോഴും നിരവധി ആഗ്രഹമൂർത്തികളെ ഉപാസിക്കുന്നു.ഞാനിനിയും അവയിൽ നിന്ന് മോചനം നേടിയിട്ടില്ല".അങ്ങനെ അദ്ദേഹത്തിന്റെ ശിരസ്സ് ഛേദിക്കപ്പെട്ടു.
രണ്ടു ജിഹാദുകളാണിവിടെ മുഖാമുഖം നിന്നത്.കൈവെട്ടുന്നവരും തലവെട്ടുന്നവരും അതിനെ പലവഴിക്ക് ന്യായീകരിക്കുന്നവരും ഭൗതികവാദികളായ/പദാർത്ഥവാദികളായ കപടമതക്കാരാണ്.അക്ഷരാർത്ഥത്തിൽ എടുക്കുന്നവർ എന്നും പദാർത്ഥവാദത്തെ പറയാമല്ലോ.

read these posts

ജമാ-അത്തിന്റേത് സാമ്രാജ്യത്വ ഹിഡൻ അജണ്ട?
ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും


ജമാ-അത്തിന് വിദേശഫണ്ട് ഇങ്ങനെയൊക്കെ?
http://maudoodism.blogspot.com/

ea jabbar said...


അവയവദാനം
ബോധവല്‍കരണക്ലാസും
സമ്മതപത്ര സമര്‍പ്പണവും

8-8-2010, 2.30PM
സ്പോര്‍ട്സ് കൌണ്‍സില്‍ ഹാള്‍ , മാനാഞ്ചിറ , കോഴിക്കോട്


[സയന്‍സ് ട്രസ്റ്റ് - കോഴിക്കോട്]

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.