Tuesday, July 21, 2009

ഇസ്ലാമും സൂര്യഗ്രഹണവും.


ഇസ്ലാമും സൂര്യഗ്രഹണവും.

അബൂഹുറൈറ പറയുന്നു: ഒരിക്കല്‍ സൂര്യഗ്രഹണമുണ്ടായപ്പോള്‍ തിരുമേനി ഭയത്തോടെ എഴുന്നേറ്റു. അത് അന്ത്യപ്രളയമാണോ എന്നായിരുന്നു നബിയുടെ ഭയം. തിരുമേനി പള്ളിയില്‍ പ്രവേശച്ച് നിറുത്തവും റുകൂ ഉം സുജൂദും ദീര്‍ഘിപ്പിച്ചുകൊണ്ട് നമസ്കാരം നിര്‍വ്വഹിച്ചു. അത്രയും ദീര്‍ഘിപ്പിച്ചു നിസ്കരിക്കുന്നതു അതിനു മുമ്പ് ഞാന്‍ കണ്ടിട്ടില്ല. “ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്. വല്ലവരുടെയും മരണമോ ജനനമോ മൂലം ഉണ്ടാകുന്ന ഒന്നല്ല. തന്റെ ദാസന്മാരെ ഭയപ്പെടുത്താന്‍ വേണ്ടി അല്ലാഹു നടപ്പില്‍ വരുത്തുന്ന ചില നടപടികള്‍ മാത്രമാണിത്. അങ്ങനെ വല്ലതും കണ്ടാല്‍ ഭയത്തോടെ ദൈവസ്മരണയിലേക്കും പ്രാര്‍ത്ഥനയിലേക്കും മടങ്ങുക. അവനോട് പാപമോചനത്തിനായി പ്രാര്‍ത്ഥിച്ചുകൊള്ളുക.”എന്നു തിരുമേനി ഉപദേശിക്കുകയും ചെയ്തു. [ബുഖാരി-547 -സി എന്‍ ]

സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ വന്നു മറയുമ്പോള്‍ ഭൂമിയില്‍ ചിലയിടങ്ങളില്‍ നിഴല്‍ ഉണ്ടാകുന്നു. ഇതാണു സൂര്യഗ്രഹണം. അന്ധവിശ്വാസികളായ ചിലരൊഴിച്ച് ശാസ്ത്രബോധമുള്ളവരാരും ഇന്ന് ഇതിനെ ഭയപ്പെടുന്നില്ല.

പ്രപഞ്ചരഹസ്യങ്ങളെല്ലാം ദൈവം ജിബ്രീല്‍ മുഖേന തനിക്കറിയിച്ചു തരുന്നുവെന്നവകാശപ്പെട്ടിരുന്ന പ്രവാചകന്‍ സൂര്യ ഗ്രഹണത്തെ എങ്ങനെയാണു കണ്ടിരുന്നതെന്ന് ഈ ഹദീസില്‍നിന്നും വ്യക്തമാകുന്നു. മുസ്ലിം വിശ്വാസികള്‍ ഗ്രഹണം തുടങ്ങിയാല്‍ അവസാനിക്കും വരെ പള്ളിയില്‍ കയറി നിസ്കരിച്ചുകൊണ്ടിരിക്കുകയാണു ചെയ്യുക. നബിയുടെ ഈ ഉപദേശം കേട്ട് ലോകത്തെല്ലാവരും പള്ളിയില്‍ ഒളിച്ചിരുന്നുവെങ്കില്‍ ഇന്നും ഇതുപോലുള്ള പ്രപഞ്ചരഹസ്യങ്ങളെല്ലാം നമുക്ക് അജ്ഞാതമായി തന്നെ നില നിന്നേനെ. ഇന്നു വിജ്ഞാന കുതുകികളായ മനുഷ്യര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്കായി ടെലസ്കോപ്പും മറ്റുമായി പുറത്തിറങ്ങുകയാണു ചെയ്യുന്നത്. കേരളത്തില്‍ നിന്നും നൂറുകണക്കിനാളുകളാണ് ഇത്തവണത്തെ ഗ്രഹണം നിരീക്ഷിക്കാന്‍ ബീഹാറിലെ പാറ്റ്നയിലേക്കു പോയിട്ടുള്ളത്. ഇന്ത്യയിലെ 12 കോടി മുസ്ലിംങ്ങളും ഗ്രഹണസമയം കഴിയുവോളം പള്ളിക്കുള്ളില്‍ കയറി മാരത്തോണ്‍ നിസ്കാരത്തില്‍ ഏര്‍പ്പെടും. !
സകലമന ‍ ശാസ്ത്രനേട്ടങ്ങളും ഇസ്ലാമിന്റെ സംഭാവനയാണെന്നവര്‍ പെരുമ്പറ കൊട്ടുകയും ചെയ്യും. !


മൂഡവിശ്വാസങ്ങളും കെട്ടുകഥകളും ഉണ്ടാകുന്നത്.

പണ്ടുള്ള മനുഷ്യര്‍ക്ക് അവരുടെ ചുറ്റുപാടിലും കണ്ട, അനുഭവപ്പെട്ട പ്രകൃതി പ്രതിഭാസങ്ങളെ കാര്യകാരണ ബന്ധിതമായി വിശകലനം ചെയ്യാനോ മനസ്സിലാക്കാനോ കഴിഞ്ഞിരുന്നില്ല. എന്നാല്‍ എന്തിനും ഒരു കാരണമുണ്ടെന്നവരും ഊഹിച്ചു. ഊഹങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ അവര്‍ അനുഭവങ്ങള്‍ക്കു വ്യാഖ്യാനം കണ്ടെത്തി. ലോകത്തിന്റെ പല ഭാഗത്തും പല തരത്തിലുള്ള കഥകളാണു രൂപപ്പെട്ടത്. ചിലപ്പോള്‍ അവ തമ്മില്‍ സാമ്യവും കാണാം. ആകാശഗോളങ്ങളെ ദേവന്മാരും അസുരന്മാരുമായി സങ്കല്‍പ്പിച്ച ഭാരതീയ പുരാണങ്ങള്‍ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും ഇന്ദ്രനെയും ചന്ദ്രനെയുമൊക്കെ കഥാപാത്രങ്ങളാക്കി ഒരു പാടു കഥകള്‍ മെനഞ്ഞു.

ചൊവ്വാഗ്രഹം ചുകപ്പു നിറത്തില്‍ കാണാനിട വന്നപ്പോള്‍ അതൊരു ചോരകുടിയന്‍ അസുരനായി.! ടിയാന്റെ സാന്നിധ്യം അശുഭകരമായി അവര്‍ സങ്കല്‍പ്പിച്ചു. ചൊവ്വാദോഷം എന്ന ശാപം ഇന്നും നമ്മുടെ എത്ര ചെറുപ്പക്കാരുടെ കല്യാണസൌഭാഗ്യം തകര്‍ക്കുന്നു!

ഗ്രഹണത്തെക്കുറിച്ചും നിരവധി കഥകള്‍ ആവിഷ്കരിക്കപ്പെട്ടു. രാഹുവും കേതുവും വെറും സാങ്കല്‍പ്പിക ബിന്ദുക്കളാണെന്നു നാമിന്നു തിരിച്ചറിയുന്നു. പക്ഷെ സൂര്യനെ വിഴുങ്ങുന്ന സര്‍പ്പങ്ങളായി ഇന്നും ഈ നിരപരാധികളായ ബിന്ദുക്കള്‍ എത്രയോ ആളുകളുടെ മനസ്സില്‍ കുടിയിരിപ്പുണ്ട്. ഗ്രഹണം വലിയ ദോഷമുണ്ടാക്കുമെന്നും ദോഷമകറ്റാന്‍ പ്രത്യേക പൂജയും സ്നാനവും വേണമെന്നും കരുതുന്നവര്‍ക്കാണിന്നും ഭൂരിപക്ഷം . ദോഷമകറ്റാന്‍ പുണ്യ നദിയില്‍ തിക്കിത്തിരക്കിയവരാണു മരിച്ചത്. കുറേ പേര്‍ക്കു പരിക്കും പറ്റി. അവരുടെയൊക്കെ ദോഷം അങ്ങനെ അകന്നു കിട്ടി!

ഗലീലിയോവിന്റെ കാലം വരെ മനുഷ്യര്‍ക്ക് അവലംബിക്കാന്‍ ഇത്തരം യക്ഷിക്കഥകള്‍ മാത്രമാണുണ്ടായിരുന്നത്. പ്രകൃതിയില്‍ മനുഷ്യര്‍ക്കു പിടി കിട്ടാത്ത അല്‍ഭുതങ്ങളൊക്കെ ദൈവങ്ങളുടെയും പിശാചുക്കളുടെയും മാലാഖമാരുടെയും വിളയാട്ടമായി കാണാനേ മനുഷ്യര്‍ക്കു കഴിഞ്ഞുള്ളു.

മഴ ആകാശത്തുനിന്നും ദൈവം കോരിപ്പാരുന്നത്; ഇടിയും മിന്നലും മലക്കുകള്‍ ഒച്ചയുണ്ടാക്കുന്നതും തീവാല്‍ മിന്നുന്നതും; ഗ്രഹണം അല്ലാഹു നമ്മളെ പേടിപ്പിക്കാന്‍ ചെയ്യുന്ന വികൃതി; ഉള്‍ക്കകള്‍ അല്ലാഹു പിശാചുക്കളെ നക്ഷത്രം പെറുക്കി ഏറിയുന്നത്; ചന്ദ്രന്‍ ഒരു വെളിച്ചം; അതും നക്ഷത്രങ്ങളും സൂര്യനുമൊക്കെ അല്ലാഹു നമുക്ക് കൊല്ലവും സമയവും കണക്കാക്കാന്‍ ഉണ്ടാക്കിയ ക്ലോക്കും കലണ്ടറും മാത്രം; ....

മരുഭൂമിയിലെ ദുരൂഹതയുളവാക്കുന്ന അനുഭവങ്ങളെല്ലാം അറബികള്‍ ജിന്നു കഥകളായാണു വ്യാഖ്യാനിച്ചത്. മരീചിക പോലുള്ള പ്രതിഭാസങ്ങളുടെ ശാസ്ത്രം അന്നവര്‍ക്കറിയുമായിരുന്നില്ലല്ലോ. ഇവിടെ നമ്മള്‍ ഭൂതം പ്രേതം പിശാച് ഒടിയന്‍ കുട്ടിച്ചാത്തന്‍ എന്നൊക്കെ പറയുന്ന കക്ഷികള്‍ക്കു അറബികള്‍ പൊതുവില്‍ പറഞ്ഞു വന്ന പേരാണു ജിന്ന്. അറേബ്യന്‍ കഥകളെല്ലാം ജിന്നുകളെക്കൊണ്ടു നിറഞ്ഞതാണ്. സ്വാഭാവികമായും കുര്‍ ആനും ജിന്നു വിശ്വാസം ഊട്ടിയുറപ്പിക്കുന്നു.

നമ്മുടെ നാട്ടില്‍ മുസ്ലിംങ്ങളെ ജിന്നുകള്‍ പിടി കൂടുമ്പോള്‍ ഹിന്ദുക്കളെ പ്രേതപിശാചുക്കളാണു പിടിക്കുന്നത്. കാരണം വ്യക്തമാണല്ലോ.

ശാസ്ത്രബോധം ഊട്ടിയുറപ്പിക്കുന്ന വിദ്യാഭ്യാസരീതിയുടെ അഭാവം ഓരോ തലമുറയേയും ഇരുട്ടിലേക്കു തന്നെ നയിക്കുന്നു. ഒരു ഭാഗത്ത് ശാസ്ത്രം അതിവേഗം മുന്നോട്ടു കുതിക്കുന്നു. പക്ഷെ ശാസ്ത്രബോധം ശാസ്ത്രജ്ഞന്മാര്‍ക്കു പോലും ഇല്ലെന്ന സസ്ത്യം നമ്മെ നോക്കി പല്ലിളിക്കുന്നു. അറിവുള്ള അന്ധവിശ്വാസികളാണ് ഏറെ കുഴപ്പങ്ങള്‍ വിതയ്ക്കുന്നത്. അറിവില്ലാത്തവരുടെ വിശ്വാസങ്ങളെ കുറെയൊക്കെ തിരുത്താം. പക്ഷെ അറിവുണ്ടായിട്ടും മൂഡവിശ്വാസങ്ങളെ അള്ളിപ്പിടിച്ചുകൊണ്ട് ഇരുട്ടില്‍ തപ്പുന്നവരെ എന്തു ചെയ്യാന്‍ !

33 comments:

ea jabbar said...

പ്രപഞ്ചരഹസ്യങ്ങളെല്ലാം ദൈവം ജിബ്രീല്‍ മുഖേന തനിക്കറിയിച്ചു തരുന്നുവെന്നവകാശപ്പെട്ടിരുന്ന പ്രവാചകന്‍ സൂര്യ ഗ്രഹണത്തെ എങ്ങനെയാണു കണ്ടിരുന്നതെന്ന് ഈ ഹദീസില്‍നിന്നും വ്യക്തമാകുന്നു.

സെയ്ദ് മുഹമ്മദ് said...

നബിക്ക് മാരിയ്യാവെപ്പാട്ടിയില്‍ ജനിച്ച കുട്ടി മരിച്ചതുകൊണ്ടാണു ഗ്രഹണം ഉണ്ടായതെന്ന് അനുയായികള്‍ പറയാന്‍ തുടങ്ങിയിരുന്നു. അതു ശരിയല്ല എന്നു പറയുന്നുണ്ടെങ്കിലും ഗ്രഹണം എന്താണെന്നു പറഞ്ഞു കൊടുക്കാനുള്ള അദൃശ്യജ്ഞാന്മൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല.

മാരാര്‍ said...

ഗ്രഹണത്തെപ്പറ്റിയുള്ള അന്ധവിശ്വാസത്തിന്റെ കാര്യത്തില്‍ ഹിന്ദുക്കളും അടിപൊളിയാണല്ലോ. ഈ വര്‍ഷം 3 ഗ്രഹണങ്ങള്‍ ( ഒരു സൂര്യഗ്രഹണവും രണ്ടു ചന്ദ്രഗ്രഹണങ്ങളും ) ഉള്ളതു കൊണ്ട് വര്‍ഷം വളരെ മോശമായിരിക്കുമെന്നാണ് ജോതിഷ”ശാസ്ത്ര”ജ്ഞന്മാരുടെ പ്രവചനം!

അനില്‍@ബ്ലോഗ് said...

രാഹു വിഴുങ്ങുന്നതിനു സമാനമായി വല്ലതും ഉണ്ടോ?

chithrakaran:ചിത്രകാരന്‍ said...

നബിയുടെ സൂര്യഗ്രഹണത്തെക്കുറിച്ചുള്ള അറിവ് രസകരമായിരിക്കുന്നു.

കുതിരവട്ടന്‍ :: kuthiravattan said...

രാഹു വിഴുങ്ങുന്നതിനു സമാനമായി കേതു വിഴുങ്ങുന്നതുണ്ട്. അതു പോരേ :-)

മാണിക്യം said...

അറിവ് നല്ലത്. ഈശ്വരന്‍ മനുഷ്യ നന്മയ്ക്കാണെന്ന് വിശ്വസിക്കുക,അറിവു സമ്പാതിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് നല്ലത് പറഞ്ഞു കൊടുക്കുക.

ഇ.എ.സജിം തട്ടത്തുമല said...

ഗ്രഹണ സമയത്തു ഭക്ഷണം വേവിച്ചാൽ അതിൽ വിഷം പുരളും എന്നൊരു അന്ധ വിശ്വാസം പണ്ടു നമ്മുടെ നാട്ടീൽ ഉണ്ടായിരുന്നു.അതുകൊണ്ട്‌ ഗ്രഹണ സമയം അറിയുന്നവർ ആ സമയത്തു ഭക്ഷണം വേവിച്ചിരുന്നില്ല. ഈ വിഷം എവിടെ നിന്നും വരുന്നുവെന്ന് ചോദിയ്ക്കാനും പാടില്ല. എന്തായാലും കാലക്രമേണ ഈ അന്ധ വിശ്വാസവും ഇല്ലാതായി.

മനനം മനോമനന്‍ said...

സമയോചിതമായി ഇത്തരം പോസ്റ്റുകൾ ഇടുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ!

Faizal Kondotty said...

ജബ്ബാര്‍ മാഷ് കാര്യങ്ങള്‍ വളച്ചൊടിക്കുന്നതിന്റെ മകുടോദാഹരണം ഈ പോസ്റ്റ്‌ .

പ്രവാചകന്റെ മകന്‍ ഇബ്രാഹിം മരിച്ചപ്പോള്‍ , അന്ന് തന്നെ സൂര്യ ഗ്രഹണവും ഉണ്ടായപ്പോള്‍ , ആളുകള്‍ പറഞ്ഞു പ്രവാചകന്റെ മകന്റെ മരണവും സൂര്യ ഗ്രഹണവും തമ്മില്‍ ബന്ധം ഉണ്ടെന്നു .. ആ സമയത്തെ ആയ ധാരണയെ തിരുത്തി പ്രവാചകന് പറഞ്ഞതാണ് ആരുടേയും ജനനമോ മരണമോ ആയി ഇതിനു ബന്ധം ഇല്ല തന്നെ ... ഈ കാര്യം ജബ്ബാര്‍ മാഷ് ഇവിടെ പരമര്ശിച്ചില്ലെന്നതു പ്രത്യേകം ശ്രദ്ധേയം ആണ് ..

പിന്നെ സൂര്യനും ചന്ദ്രനും , ഭൂമിയും, മനുഷ്യരും എല്ലാം ദൈവത്തിന്റെ സംവിധാനം ആണെന്ന് ബോധ്യം ഉള്ള ആളുകള്‍ക്ക് സൂര്യ ഗ്രഹണവും ദൈവത്തിന്റെ സംവിധാനം തന്നെ എന്ന് വിശ്വസിക്കുന്നതില്‍ എന്ത് പൊരുത്തക്കേടാണ് ഉള്ളത് ?
കാര്യം അറിയാതെ പുച്ഛിച്ചു കമന്റ്‌ ഇടുന്നവരോട് എനിക്ക് സഹതാപമേ ഉള്ളൂ ..പക്ഷെ ഇതൊക്കെ അറിയുന്ന ജബ്ബാര്‍ മാഷ് ഇങ്ങിനെ സത്യങ്ങളെ മറച്ചു വക്കുന്നതെന്തിനു ..?

സൂര്യനും ചന്ദ്രനും , ഭൂമിയും, മനുഷ്യരിലെ അവയ വ്യവസ്ഥയും , പരസ്പര കോഡിനേഷനും എല്ലാം പ്രകൃതിയില്‍ നിന്ന് താനേ ഉണ്ടായി എന്ന് നിങ്ങള്ക്ക് വിശ്വസിക്കാം , പക്ഷെ അത് സത്യം ആയിക്കൊള്ളണം എന്നില്ല , ഒരു വിശ്വാസം മാത്രമേ ആകുന്നുള്ളൂ ...

ഓ.ടോ
പോസ്റ്റും അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള കമന്റ്സും കൂടി ആവുമ്പോള്‍ മാത്രമേ ഒരു ബ്ലോഗ്‌ ജനകീയ ബ്ലോഗ്‌ ആവൂ ..( ജബ്ബാര്‍ മാഷിന് മനസ്സിലായിട്ടുണ്ടെന്നു വിശ്വസിക്കുന്നു )

ea jabbar said...

ഗ്രഹണം എന്തുകൊണ്ടുണ്ടാകുന്നു എന്നു മനസ്സിലാകുന്നതിനു മുമ്പ് അതേകുറിച്ച് ലോകത്താകെയുള്ള മനുഷ്യര്‍ പല തരം മൂഡസങ്കല്‍പ്പങ്ങള്‍ മെനഞ്ഞുണ്ടാക്കി. വിചിത്രമായ ഒട്ടേറേ ആചാരങ്ങളും ഉടലെടുത്തു. ഗ്രഹണം ഒരു അശുഭസൂചനയായിത്തന്നെയാണ് പൊതുവെ എല്ലാവരും കരുതിപ്പോന്നത്. കാര്യം പിടി കിട്ടാത്ത എല്ലാ പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ചും അസ്ധവിശ്വാസങ്ങള്‍ രൂപപ്പെട്ടു. കാര്യം എന്തെന്നു പറഞ്ഞു കൊടുക്കാന്‍ ഒരു ദൈവത്തിനും പ്രവാചകനും കഴിഞ്ഞുമില്ല. നല്ലവരുടെ മരണവും ദുഷ്ടരുടെ ജനനവും സൂചിപ്പിക്കാനാണു ഗ്രഹണമുണ്ടാകുന്നതെന്ന് ഭാരതീയരും വിശ്വസിച്ചിരുന്നു. അറബികളുടെ ഈ വിശ്വാസത്തെ മുഹമ്മദ് തള്ളിക്കളഞ്ഞെങ്കിലും അതിനെക്കാള്‍ വലിയ അന്ധവിശ്വാസമാണ് അദ്ദേഹം പകരം അവതരിപ്പിച്ചത്. ഗ്രഹണ സമയത്തു പൂജയും പ്രാര്‍ഥനയും നിസ്കാരവുമൊക്കെയായി പേടിച്ചരണ്ട് കഴിഞ്ഞു കൂടുകയായിരുന്നു പണ്ടുള്ളവര്‍. അതിന്റെ ശാസ്ത്രീയമായ കാരണം മനസ്സിലായതോടെ അല്‍പ്പം യുക്തിബോധമുള്ളവരൊക്കെ ഈ വിശ്വാസങ്ങളും ആചാരങ്ങളും കൈവെടിഞ്ഞു. എന്നാല്‍ അന്ധവിശ്വാസങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുന്നവര്‍ മുട്ടുന്യായങ്ങളുമായി വരുന്നു. ഇന്നും!

അല്ലാഹുവുമായി ‘ഹോട്ലൈന്‍‘ ബന്ധം ഉണ്ടായിരുന്ന നബിക്ക് ഇതു ചന്ദ്രന്‍ മറയുകയാണ് പേടിക്കാനൊന്നുമില്ല എന്ന ലളിതമായ ഒരു വെളിപാട് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നത് ചിന്തിക്കുന്നവര്ക്കുള്ള ഒന്നാംതരം ദൃഷ്ടാന്തമല്ലേ?

ea jabbar said...

കുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടായിരുന്നെങ്കില്‍ തീര്‍ച്ചയായും അതിന്റെ കാരണം വ്യക്തമാക്കുന്ന ഒരു വെളിപാടു വരുമായിരുന്നു. മഴക്കാറു പോലും ലോകാവസാനത്തിന്റെ ലക്ഷണമായി കണ്ടിരുന്ന മുഹമ്മദിന് ഒന്നും പറഞ്ഞുകൊടുക്കാനായില്ല എന്നതു സ്വാഭാവികം മാത്രം.

ea jabbar said...

സൂര്യനും ചന്ദ്രനും , ഭൂമിയും, മനുഷ്യരിലെ അവയ വ്യവസ്ഥയും , പരസ്പര കോഡിനേഷനും എല്ലാം പ്രകൃതിയില്‍ നിന്ന് താനേ ഉണ്ടായി എന്ന് നിങ്ങള്ക്ക് വിശ്വസിക്കാം , പക്ഷെ അത് സത്യം ആയിക്കൊള്ളണം എന്നില്ല , ഒരു വിശ്വാസം മാത്രമേ ആകുന്നുള്ളൂ ...
---------------
താനേ ഉണ്ടായതോ ആരെങ്കിലും ഉണ്ടാക്കിയതോ എന്നതല്ലല്ലോ ഫൈസല്‍ ഇവിടെ ചര്‍ച്ചാവിഷയം. ഗ്രഹണം മനുഷ്യനെ പേടിപ്പിക്കാന്‍ ദൈവം കാട്ടുന്ന എന്തോ വിക്രിയയാണെന്ന് നബി പറയുന്നു. അല്ലാഹു എന്ന ദൈവം വെളിപാടുമായി രംഗത്തുള്ള ഒരു സന്ദര്‍ഭത്തില്‍ ഇതായിരുന്നോ പറയേണ്ടിയിരുന്നത്. കാര്യമറിയാത്ത കാലത്തല്ലേ ഈ പേടിപ്പിക്കലിനു പ്രസക്തിയുള്ളു. ഇന്നാരെങ്കിലും ഗ്രഹണം കണ്ടു പേടിക്കുന്നുണ്ടോ അന്ധവിശ്വാസികളല്ലാതെ. ഗ്രഹണത്തെപ്പറ്റി നൂറായിരം അന്ധവിശ്വാസങ്ങള്‍ ലോകത്താകെ മനുഷ്യര്‍ വെച്ചു പുലര്‍ത്തിയിരുന്ന അക്കാലത്ത് ദൈവം എന്തേ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്താന്‍ മുതിരാതെ ഈ അന്ധവിശ്വാസത്തിനു കൂട്ടുനിന്നു? ഗ്രഹണനിസ്കാരം എന്ന അനാചാരം എന്തിനു തുടങ്ങി?
വെളിച്ചപ്പാടിനറിയാത്ത ഒരു പ്രപഞ്ചരഹസ്യവും ഈ വെളിപാടു ദൈവത്തിനും അറിയുമായിരുന്നില്ല എന്നതല്ലേ സത്യം?

Faizal Kondotty said...

ഇന്നാരെങ്കിലും ഗ്രഹണം കണ്ടു പേടിക്കുന്നുണ്ടോ അന്ധവിശ്വാസികളല്ലാതെ.

മാഷെ , ഇന്ന് നമ്മള്‍ എത്ര മരണങ്ങള്‍ കാണുന്നു.. അതിനെ പേടിക്കുന്നവരും ,പേടിക്കാത്തവരും ഉണ്ട് (മാഷിന് പേടിയുണ്ടോ? :) )..
നമുക്ക് പറയാം ഹൃദയ സ്തംഭനം , അല്ലെങ്കില്‍ , ശ്വാസ തടസ്സം , അങ്ങിനെ നൂറായിരം കാരണങ്ങള്‍ .. പക്ഷെ കാരണം കണ്ടെത്തുന്നു എന്നത് കൊണ്ട് അതൊന്നും ദൈവം അല്ല നിയന്ത്രിക്കുന്നത് എന്ന് പറയാന്‍ പറ്റുമോ ? പ്രത്യേകിച്ച് നമ്മുടെ ചെറിയ യുക്തിക്കു ഒതുങ്ങാത്ത അനേകം കാര്യങ്ങള്‍ പ്രപഞ്ചത്തില്‍ ഉണ്ടെന്നിരിക്കെ..?


(താങ്കളിലെ കോശ വളര്ച്ചയടക്കം നിയന്ത്രിക്കുന്ന ജീനുകള്‍ എന്തിനു /എങ്ങിനെ ആകസ്മികം ആയി രൂപപ്പെട്ടു എന്നതടക്കം)പല ശാസ്ത്രീയമായ കാര്യങ്ങളും (മനുഷ്യന്റെ ഭൂമിയിലെ നിയോഗമടക്കം ) പല നൈതികമായ കാര്യങ്ങളും നമ്മുടെ യുക്തിയില്‍ ഒതുങ്ങുന്നതാണ് എന്ന് അങ്ങേക്ക് അഭിപ്രായം ഉണ്ടോ ?


ഈ ഒരു പശ്ചാത്തലത്തില്‍ സൂര്യ ചന്ദ്രാതികളുടെ ചലനവും എന്ന് വേണ്ട ഒരു ചെടിയുടെ വളര്‍ച്ച വരെ കോഡ് ചെയ്തു കൊടുത്ത ദൈവത്തിന്റെ സംവിധാനം തന്നെയല്ലേ ഗ്രഹണവും .. അങ്ങിനെ ചിന്തിക്കുന്നതില്‍ എന്ത് മണ്ടത്തരം ആണ് ഉള്ളത് ?


ലോകാവസാനത്തിന്റെ അടയാളങ്ങളില്‍ ഒന്ന് തന്നെയാണ് സൂര്യന്റെ എനര്‍ജി /വെളിച്ചം നഷ്ടപ്പെടല്‍ ..(സൂര്യനിലെ എനര്‍ജി കിട്ടാതായാല്‍ ഭൂമിയിലെ ജീവികളുടെ അവസാനം എന്ന് എല്ലാവര്ക്കും അറിയാവുന്നതല്ലേ ) , അപ്പോള്‍ സൂര്യന്‍ ഇരുള്‍ മൂടിയാല്‍ നാം ഭയപ്പെടുക തന്നെ വേണം ..


മാത്രമല്ല ഇങ്ങിനെ ഈ ലോകം അവസാനിക്കുകയാണെന്ന് നാം എങ്ങിനെ മനസ്സിലാക്കും ?.. സൂര്യന്‍ യഥാര്‍ത്ഥത്തില്‍ ഇരുള്‍ മൂടിയാല്‍ തന്നെ താങ്കളെ പ്പോലുള്ളവര്‍ പറയും അത് വെറും ഗ്രഹണം ആണ് എന്ന് .. പക്ഷെ അന്ത്യ സമയത്തിന്റെ പ്രാരംഭം ആയി സൂര്യനിലെ ന്യൂക്ലിയര്‍ ഫ്യൂഷന്‍് നിലച്ചു സൂര്യനിലെ വെളിച്ചം ഇല്ലാതായാല്‍ , വിചാരണ ദിവസം ആസന്നം ആയി എന്ന ഭീതിയില്‍ മനുഷ്യന്‍ രക്ഷിക്കണം എന്ന് ദൈവത്തോട് പ്രാര്ത്ഥിക്കുന്നു വെങ്കില്‍ അതില്‍ എവിടെയാണ് അന്ധ വിശ്വാസം ?


ഓ ദൈവ വിശ്വാസം തന്നെ ഒരു ആന മണ്ടത്തരം ആണല്ലോ അല്ലെ .. താങ്കള്‍ ഒക്കെ സംവിധാനങ്ങളോടെ തനിയെ അങ്ങ് ഉണ്ടായതാണല്ലോ അല്ലെ .. സമ്മതിച്ചു ഈ യുക്തിവാദ അന്ധവിശ്വാസം !, ഈ പ്രപഞ്ചം കാലാകാലം നശിക്കാതെ , അനാദിയായി ,നില നില്‍ക്കും എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ ? അന്ധമായി വിശ്വസിച്ചോളൂ .. അതായിട്ടു ഇനി കുറക്കേണ്ട ..

Faizal Kondotty said...

ഗ്രഹണനിസ്കാരം എന്ന അനാചാരം എന്തിനു തുടങ്ങി?

ഹ ഹ ഹ .. അപ്പൊ മാഷെ സാധാരണ നമസ്കാരവും നോമ്പുമോ ? അതും അനാചാരം തന്നെ യല്ലേ ? പിന്നെ എന്താ ഗ്രഹണ നമസ്കാരത്തിനു മാത്രം പ്രത്യേകത ..? വിശ്വാസം ,അന്ധ വിശ്വാസം എന്ന് ഇങ്ങിനെ രണ്ടു ഇല്ല എന്നാണല്ലോ താങ്കളുടെ പക്ഷം .. ആചാരം അനാചാരം എന്നിങ്ങനെയും ഉണ്ടോ ?

അപ്പൊ ഇസ്ലാം മതത്തിലെ ആചാരത്തിന്റെയും അനാചാരത്തിന്റെയും ഒരു ലിസ്റ്റ് അടുത്ത തന്നെ താങ്കളില്‍ നിന്ന് പ്രതീക്ഷിക്കാം അല്ലെ ?

അപ്പൊ മാഷെ ഈ അമ്പലത്തില്‍ പോകുന്നതോ ? കുര്‍ബാനയ്ക്ക് പോകുന്നതോ ? മരിക്കാന്‍ നേരത്ത് ദൈവമേ എന്ന് വിളിക്കുന്നതോ ? എല്ലാം അനാചാരങ്ങള്‍ തന്നെ അല്ലെ ..?


ഇസ്ലാമിലെ ഓരോ ആരാധന കരമ്മങ്ങള്‍ക്കും അതിന്റേതായ ഒരു പശ്ചാത്തലം ഉണ്ട് .. അതാകട്ടെ കണിശമായ ദൈവ വിശ്വാസത്തില്‍ അധിഷ്ടിതവും , പരലോക വിചാരണ ആ വിശ്വാസത്തിന്റെ നന്കൂരവും , ആ ഒരു പശ്ചാത്തലത്തില്‍ ആഹാരം കിട്ടിയാലും ഒരു കുഞ്ഞു ജനിച്ചാലും , ഗ്രഹണം ഉണ്ടായാലും ,ദൈവത്തെ സ്തുതിക്കും ..പരിശുദ്ധിപ്പെടുത്തും .. പരീക്ഷണങ്ങള്‍ വരുമ്പോള്‍ ക്ഷമയോടെ ഉറച്ചു നില്‍ക്കും , പ്രാര്ത്ഥിക്കും .. അന്ത്യ നാളിനെ ഭയപ്പെടുകയും ചെയ്യും കാരണം ഏറ്റവും വലിയ കാരുണ്യവാന്‍ ആയ ദൈവം, ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കുന്നവരെ അതികഠിനം ആയി ശിക്ഷിക്കുകയും ചെയ്യും ...


നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ ഒക്കെ ചെയ്യാം എന്ന് ദൈവം നിങ്ങളോട് പറഞ്ഞിട്ടുണ്ടോ ? വല്ല വേദ ഗ്രന്ഥവും നിങ്ങള്‍ക്കായി ഇറക്കിയിട്ടുണ്ടോ ?

ആചാരത്തെ തന്നെ പരിഹസിക്കുന്നവന്‍ എന്തിനു അനാചാരത്തെ പ്പറ്റി ഉത്കണ്ഠപ്പെടണം ..?

ഓ .ടോ

ജബ്ബാര്‍മാഷ് , ഏതായാലും ഒരു തിരിച്ചു വരവ് പോലെ തോന്നുന്നു താങ്കളുടെ ഈ പോസ്റ്റ്‌ .. നല്ല ചര്‍ച്ചകള്‍ ഇനിയും താങ്കളുടെ ബ്ലോഗുകളില്‍ നടക്കട്ടെ ... ആശംസകള്‍ !

ea jabbar said...

വിജ്ഞാന ദാഹികള്‍ ഇത്തരം സന്ദര്‍ഭ്ങ്ങള്‍ പഠനത്തിനും ഗവേഷണത്തിനുമായി പ്രയോജനപ്പെടുത്തുന്നു. മുസ്ലിം വിശ്വാസികള്‍ മുഴുവന്‍ പേടിച്ചരണ്ട് പള്ളിക്കുള്ളില്‍ കയറി നിസ്കാരത്തില്‍ ഏര്‍പ്പെടുന്നു. ഗ്രഹണം കഴിയുവോളം അവര്‍ക്ക് മറ്റൊന്നിനും പറ്റാതെ വരുന്നു. ലോകത്തെല്ലാവരും ഈ വിശ്വാസത്തിനകപ്പെട്ടിരുന്നെങ്കില്‍ ഗ്രഹണം ഇന്നും ഒരു പേടിപ്പെട്ത്തുന്ന എന്തോ ആയി നിലനിന്നേനെ. എന്റെ ഓര്‍മ്മയിലെ മറ്റൊരു സമ്പൂര്‍ണ ഗ്രഹണം .എന്റെ ഗ്രാമത്തില്‍ ഞങ്ങള്‍ ഗ്രഹണം അടിച്ചു പൊളിക്കുവാന്‍ തീരുമാനിച്ചു. നിരീക്ഷണത്തിനു വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി ശാസ്ത്രക്ലാസും പ്ലാന്‍ ചെയ്തു. ഒരു പാടു ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും അന്ന് അതൊരു ഉത്സവമാക്കി. പക്ഷെ അന്ന് മുസ്ലിംങ്ങളായ നിരവധി പേര്‍ക്ക് ഇതിലൊന്നും പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അവരെയെല്ലാം അവരുടെ രക്ഷിതാക്കള്‍ പള്ളിക്കുള്ളില്‍ തളച്ചിട്ടു. ഏകദേശം 4 മണിക്കൂറ് നീണ്ട ഗ്രഹണം കാണാന്‍ പോലും അവര്‍ക്കായില്ല. ഈ പശ്ചാതലത്തിലാണു ഞാന്‍ ഈ നിസ്കാരം മതം അടിച്ചേല്‍പ്പിച്ച അനാചാരം എന്നും മഹാവിഡ്ഡിത്തം എന്നും പറയുന്നത്.
ഫൈസല്‍ പിന്നെയും വിഷയം മാറ്റാന്‍ ശ്രമിക്കുന്നു. ദൈവവും പരലോകവുമൊക്കെ എത്ര തവണ ചര്‍ച്ച ചെയ്തതാ.

ea jabbar said...

ഗ്രഹണം വെറുമൊരു നിഴലാണെന്നു മനസ്സിലാക്കിയാല്‍ പിന്നെ എന്തിനാ ഫൈസലേ അതിനെ പേടിക്കുന്നത്?

Faizal Kondotty said...

ജബ്ബാര്‍ മാഷെ ,

യൂറോപ്പ് അന്ധ:കാര യുഗത്തിലായിരുന്ന ഒരു കാല ഘട്ടത്തില്‍ ഇസ്ലാമിക സമൂഹം ശാസ്ത്ര , നിരീക്ഷണ കണ്ടുപിടുത്തങ്ങളിലൂടെ വിപ്ലവകരമായ രീതിയില്‍ മുന്നോട്ടു പോയത് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.. ഇബ്നുസീന (Avicenna) മുതല്‍ ആല്ക്കമി ശാസ്ത്രകാരന്മാര്‍ വരെ എത്ര പേര്‍, ഗോള ശാസ്ത്രം മുതല്‍ മാത്തെമാറ്റിക്സ് വരെ എന്തെല്ലാം ... ഇസ്ലാമിനോടുള്ള വിരോധം കാരണം താങ്കള്‍ അവയെല്ലാം തള്ളികളയും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല .. കാരണം അവ ചരിത്ര സത്യങ്ങള്‍ തന്നെയാണ് ... ഖുറാനും ഇസ്ലാമും മധ്യ കാല ഘട്ടത്തില്‍ ശാസ്ത്ര, വിജ്ഞാന മേഖലയില്‍ ഉണ്ടാക്കിയ വഴിത്തിരുവുകളും വിപ്ലവകരമായ മാറ്റങ്ങളും സൗകര്യ പൂര്‍വ്വം ഇപ്പോള്‍ വിസ്മരിക്കുന്നത് ചരിത്രത്തോട് തന്നെ ചെയ്യുന്ന വഞ്ചനയാണ്. ഇസ്ലാമിക സ്പൈനിലെ സംവിധാനങ്ങള്‍ താങ്കള്‍ക്കു അറിവുള്ളതല്ലേ ..?

ഒരു പ്രശസ്ത പൊതു ബ്ലോഗ്‌ ആയ വര്‍ക്കേര്‍സ് ഫോറം ബ്ലോഗിലെ പരാമര്‍ശം നോക്കൂ ...

യൂറോപ്പില്‍ നവോത്ഥാനം ഉണ്ടായത് ഇസ്ലാം ലോകത്തിനു നല്‍കിയ ജ്ഞാനോദയംമൂലമാണെന്ന് മനുഷ്യസമൂഹത്തിന്റെ വിജ്ഞാന വര്‍ധനവിന്റെ ചരിത്രം വസ്‌തുനിഷ്ഠമായി പരിശോധിച്ചാല്‍ മനസ്സിലാകും.

പിന്നീട് ഇപ്പോള്‍ ഉള്ള ഇസ്ലാം നാമധാരികളുടെ ഒരു തലമുറ ചെയ്യുന്ന അക്ഷര വിരോധത്തിനു ഇസ്ലാം എന്ത് പിഴച്ചു ? ചൈനയില്‍ പോയെങ്കിലും വിദ്യ അഭ്യസിക്കുക എന്ന് പഠിപ്പിച്ച ആ മഹാ പ്രവാചകന്‍ എന്ത് പിഴച്ചു ? വായിക്കുക എന്ന് പറഞ്ഞു തുടങ്ങിയ വേദഗ്രന്ഥം എന്ത് പിഴച്ചു ? മുസ്ലിംകളെ യഥാര്‍ത്ഥ ഇസ്ലാമിലേക്ക് തിരികെ കൊണ്ട് വരിക എന്നതാണ് എനിക്കും നിങ്ങള്‍ക്കും ചെയ്യാനുള്ള പ്രഥമവും പ്രധാനവും ആയ കടമ ...
(contd in next)

Faizal Kondotty said...

ഓ.ടോ

ഇത്തരം കാര്യങ്ങളില്‍ പരലോകവും ദൈവവും വരിക സ്വാഭാവികം , ഗ്രഹണവും , സൂര്യന്‍ വെളിച്ചം നഷ്ടപ്പെടലും അന്ത്യനാളുമായാണ് ബന്ധപ്പെടുന്നത് .. അതിനാല്‍ ആണ് അവ വീണ്ടും പരാമര്‍ശങ്ങളില്‍ വരുന്നത് ... അല്ലാതെ ഞാന്‍ മന പ്പൂര്‍വ്വം ചര്‍ച്ച ഗതി മാറ്റുക എന്നത് എന്റെ ലക്‌ഷ്യം അല്ല ...വല്ല ഓഫ്‌ ടോപ്പിക്കും വന്നതായി തോന്നിയാല്‍ ദയവായി ക്ഷമിക്കുക .. അത് അവഗണിക്കുക ...! താങ്കള്‍ എന്നെ തെറ്റി ധരിച്ചിരിക്കുന്നു എന്ന് തോന്നുന്നു ... മാന്യമല്ലാത്ത വാദങ്ങള്‍ എന്നില്‍ നിന്ന് വന്നതായി താങ്കള്‍ക്കു അനുഭവം ഉണ്ടോ ..? ഇനിയും ഉണ്ടാവില്ല .. താങ്കളുടെ ബ്ലോഗില്‍ കൂടുതല്‍ നല്ല ചര്‍ച്ചകള്‍ നടക്കണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം ..! സത്യം ഏതോ അത് ആളുകള്‍ മനസ്സിലാക്കട്ടെ ..അതിനു എന്റെ സഹകരണം എന്നും ഉണ്ടാകും .. വ്യക്തിപരം ആയി താങ്കളെ ഞാന്‍ ഒരു നല്ല സുഹൃത്തായി തന്നെ കാണുന്നു ..താങ്കള്‍ക്കു ആയുരാരോഗ്യ നന്മകള്‍ നേരുന്നു ...സ്നേഹത്തോടെ ..ഫൈസല്‍

ea jabbar said...

LUCKNOW: Thousands across Uttar Pradesh witnessed the century’s longest total solar eclipse on Wednesday, with the devout taking a dip in the rivers and performing religious rituals.

In Varanasi, the eclipse began at around 6.25 a.m. much to the delight of sun-gazers. Thousands gathered at the Dashashwamedh and Sheetla ghats on the Ganga.

However, the excitement around the cosmic event in the “City of Shiva” was marred by the death of an 80-year-old woman in a stampede at Sheetla Ghat. Unofficial reports said two persons were killed in the stampede and four injured.

Brij Lal, Additional Director-General of Police (Law and Order), told reporters that the stampede was caused by some persons falling from the steps leading to the Ganga from the ghat.

The deceased was identified as Ganga Devi of Firozabad district. Seven other women suffered minor injuries. In Allahabad, people took a dip in the Sangam — the confluence of the Ganga, Yamuna, and the mythical Saraswati — before and after the eclipse, which commenced at around 6.26 a.m. there. In Lucknow, the partial solar eclipse was visible at around the same time, though the event began at around 5.31 a.m. Arrangements had been made at the Regional Science Centre, where a giant telescope had been installed.
ഹിന്ദു പത്രത്തില്‍നിന്ന്...

ea jabbar said...

ഫൈസല്‍ പറയുന്ന പുരോഗതിയും നേട്ടങ്ങളുമൊക്കെ ഇസ്ലാമിന്റെ ഇരുമ്പു മറബേധിച്ചുകൊണ്ട് ആരെങ്കിലും പ്രവര്‍ത്തിച്ചതുകൊണ്ടാകും.
നമ്മുടെ മമ്മുട്ടിയും പ്രേംനസീറും സാനിയാമിര്‍സയുമൊക്കെ ഇസ്ലാമിന്റെ കലാകായികപുരോഗതിയുടെ ദൃഷ്ടാന്തങ്ങളാണെന്നു നാളെ ഇവര്‍ അവകാശപ്പെടും. അതു പക്ഷേ ഇസ്ലാമുമായി ബന്ധമുള്ളതല്ലല്ലോ. അതു പോലെ.

പിന്നെ ചിനയില്‍ പോയി വിദ്യാഭ്യാസം നേടുക എന്നു പ്രവാചകന്‍ പറഞ്ഞിട്ടില്ല. അതൊക്കെ നുണപ്രചാരണമാണ്. അല്ലെങ്കില്‍ തെളിവ് കൊണ്ടു വരട്ടെ. അങ്ങനെയൊരു ഹദീസ് എവിടെ?

Faizal Kondotty said...

മധ്യ കാലത്തെ ഇസ്ലാമിക ലോകത്തെ നവോത്ഥാനം മമ്മൂട്ടിയും സാനിയയും ആയും താരതമ്യം ചെയ്യാനുള്ള താങ്കളുടെ തൊലിക്കട്ടി അപാരം തന്നെ .. എന്റെ മാഷെ ,ഞാന്‍ നേരത്തെ ഉദ്ധരിച്ച വര്‍ക്കേഴ്സ് ഫോറം ബ്ലോഗിലെ ഞാന്‍ ഉദ്ധരിച്ച പരാമര്‍ശങ്ങള്‍ ഒരു ഇസ്ലാമിസ്റ്റ്‌ എഴുതിയത് അല്ല എന്ന് താങ്കള്‍ക്കു അറിയാമല്ലോ ... അതില്‍ നിന്ന് വീണ്ടും ഉദ്ധരിക്കട്ടെ

"വൈദ്യശാസ്‌ത്രം, തത്ത്വചിന്ത, ജ്യോതിശ്ശാസ്‌ത്രം, ഭൂമിശാസ്‌ത്രം, ഗണിതം എന്നീ വിജ്ഞാനശാഖകളില്‍ ഇസ്ലാമികലോകം നല്‍കിയ സംഭാവനകള്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണ് രസതന്ത്രത്തിന് നല്‍കിയതും".

"യൂറോപ്പില്‍ നവോത്ഥാനം ഉണ്ടായത് ഇസ്ലാം ലോകത്തിനു നല്‍കിയ ജ്ഞാനോദയംമൂലമാണെന്ന് മനുഷ്യസമൂഹത്തിന്റെ വിജ്ഞാന വര്‍ധനവിന്റെ ചരിത്രം വസ്‌തുനിഷ്ഠമായി പരിശോധിച്ചാല്‍ മനസ്സിലാകും."


മാഷെ , പ്രവാചകന്റെ ആഗമനത്തോടെ വളരെയധികം വിസ്മയകരമായ പെട്ടെന്നുള്ള വളര്‍ച്ചയാണ് ഇസ്ലാമിക ലോകത്ത് ശാസ്ത്ര വൈജ്ഞാനിക മേഖലയില്‍ ഉണ്ടായത് ... അതിനാല്‍ ആണ് അവ ഇസ്ലാമുമായി ബന്ധപ്പെടുന്നു എന്ന് നാസ്തികര്‍ ആയ ചരിത്രകാരന്മാര്‍ വരെ പറയുന്നത് ..ശാസ്ത്രീയ നേട്ടങ്ങള്‍ക്ക്‌ പുറമേ പൊതു ശുചിത്വ സംവിധാനങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അവര്‍ നടപ്പില്‍ വരുത്തി .., ഇതെല്ലാം പ്രവാചകന്റെ ആഗമനവും ആയി നേരിട്ട് ബന്ധമുണ്ടെന്ന് സര്‍വ്വാംഗീകൃതം ആയിരിക്കെ താങ്കള്‍ ആ നവോത്ഥാനം ങ്ങള്‍ക്ക് ഇസ്ലാമുമായി
ഒരു ബന്ധവും ഇല്ല എന്ന് പറയുമ്പോള്‍ , ഇതൊക്കെ വായിക്കുന്ന വായിക്കുന്ന ആളുകള്‍ താങ്കളെ വിലയിരുത്തുമെന്ന് എങ്കിലും മനസ്സിലാക്കുക.. കടുത്ത ഇസ്ലാമിക വിമര്‍ശകര്‍ വരെ ഇത്തരം കാര്യങ്ങള്‍ അംഗീകരിച്ചതാണ്...

താങ്കള്‍ ഒരു ഇസ്ലാമിക വിമര്‍ശകന്‍ ആണ് എന്നത് സത്യം ആയിരിക്കാം .. ഇസ്ലാമിനെ വിമര്‍ശിക്കാന്‍ നിങ്ങള്ക്ക് കാരണം ഉണ്ടായെന്നും വരാം .. പക്ഷെ ഇത്തരം കാര്യങ്ങളോടുള്ള ഈ അന്ധമായ തമസ്കരണം എന്തിനാണ് ? മധ്യകാല ഘട്ടത്തെ ഇസ്ലാമിക ലോകത്തെ അത്ഭുതപ്പെടുത്തുന്ന പെട്ടെന്നുള്ള ശാസ്ത്ര വൈജ്ഞാനിക വളര്‍ച്ചക്ക് കാരണം ഇസ്ലാം അല്ല എന്ന് താങ്കളുടെ വാക്കുകളില്‍ വന്നിട്ടുള്ളത് , അറിയാതെ വന്നതാണെങ്കില്‍ ഇവിടെ തിരുത്തുക .. സത്യത്തെ സത്യം ആയി അംഗീകരിച്ചതാണ് മുന്നോട്ട് പോകുക , അല്ലാതെ പക്ഷം അത് താങ്കളുടെ ലക്ഷ്യങ്ങളില്‍ സംശയം ഉളവാക്കും എന്ന് മാത്രം പറയട്ടെ ...

ea jabbar said...

ഉത്തരം മാത്രമല്ല കെട്ടിടം മൊത്തം താങ്ങുന്നതു താനാണെന്നു വിശ്വസിക്കാന്‍ പല്ലിക്കും അവകാശമുണ്ട്. ഫൈസലും കൂട്ടരും അങ്ങനെ വിശ്വസിച്ചു സമാധാനിക്കട്ടെ!
ലോകത്തുണ്ടായ സകല വിജ്ഞാന ശാത്രപുരോഗതിക്കും കാരണം ഇസ്ലാം!!!

സൂര്യഗ്രഹണമുണ്ടാകുംപോള്‍ പള്ളിയില്‍ കേറി വാതിലടച്ചു നിസ്കരിക്കാന്‍ പറഞ്ഞ മതം ശാസ്ത്രത്തിനു നല്‍കിയ കനത്ത സംഭാവനകള്‍ കൊട്ടക്കണക്കിന് !!!
വിദ്യാഭ്യാസത്തിന്റെ കാര്യം പറയൂകേം വേണ്ട.
മുഹമ്മദ് നബിയല്ലേ ലോകത്തിന്നു കാണുന്ന സകല സര്‍വ്വകലാശാലകളും സ്ഥാപിച്ചത്. അറേബ്യ നിറയെ സ്കൂളും കോളേജും അദ്ദേഹം എത്രയാ ഉണ്ടാക്കിയേ!

ചൈനയില്‍ പോയല്ലേ അദ്ദേഹം ബിരുദാനന്തര ബിരുദങ്ങളൊക്കെയും കരസ്ഥമാക്കിയത്.
തങ്ങളുടെ പ്രവാചകന്‍ നിരക്ഷരനാണെന്ന് കൊട്ടിപ്പാടുന്നവര്‍ ; അതു പ്രവാചകത്വത്തിന്റെ ഏറ്റവും വലിയ യോഗ്യതയായും അലങ്കാരമായും കൊണ്ടു നടക്കുന്നവര്‍ . അവരല്ലാതെ പിന്നാരാണീ ദുനിയാവില്‍ വിജ്ഞാനം പരത്തിയത്?

നബിയോ തുടര്‍ന്നു വന്ന യോഗ്യന്മാരായ ഖലീഫമാരോ അറേബ്യയില്‍ ഒരു ഓത്തു പള്ളിക്കൂടമെങ്കിലും സ്ഥാപിച്ചതായി ഇസ്ലാമിന്റെ ചരിത്രപ്രമാണങ്ങളിലൊന്നും കാണാനില്ല.
എന്നിട്ടല്ലേ ചൈനയിലേക്ക് ഉപരി പഠനത്തിനു പറഞ്ഞയക്കല്‍. ആ ഹദീസ് ഒന്നു കണ്ടു കിട്ടാന്‍ ഞാന്‍ കുറേ കാലമായി അലയുന്നു. നബി അങ്ങനെ പറഞ്ഞുവോ? എങ്കില്‍ ഏതു സന്ദര്‍ഭത്തില്‍? ഏതു സാഹചര്യത്തില്‍? എന്തു തരം വിദ്യ പഠിക്കാന്‍? കൊമ്പു വെക്കല്‍ ചികിത്സ പഠിക്കാനൊ? അതോ ചൈനീസ് യുദ്ധമുറകള്‍ അഭ്യസിക്കാനോ ? ... പിടിയില്ല.
ഫൈസലെങ്കിലും ഇക്കാര്യത്തില്‍ സഹായിക്കുമെന്നു കരുതി. ..
കാത്തിരുന്നു കാണാം !

കൊട്ടോട്ടിക്കാരന്‍... said...

ജബ്ബാര്‍മാഷ്, ഫൈസല്‍ - ചര്‍ച്ച തുടരട്ടെ... അറിവില്ലാത്തവനു മിണ്ടാതിരിക്കലാണല്ലോ നല്ലത്. ഈ പോസ്റ്റും അതിലുപരി ഇവിടെ നടക്കുന്ന ചര്‍ച്ചയും നല്ലതു തന്നെ. (വിശ്വാസം, അവനവനു വേണ്ടതായതിനാല്‍ ആവശ്യമുള്ളവര്‍ തെരഞ്ഞെടുക്കട്ടെ).

ea jabbar said...

പോസ്റ്റില്‍ അല്‍പ്പം കാര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

sanju said...

ഒരു ഓഫ്. ദയവായി ക്ഷമിക്കുക
"ഛാദയതെ ശശി സൂര്യം
ശശിനം മഹതി ഭൂഛായ"
ആര്യഭടീയം.
സൂര്യനെ ചന്ദ്രന്‍ മറയ്ക്കുന്നു (സൂര്യഗ്രഹണം). ചന്ദ്രനെ ഭൂമിയുടെ നിഴലും മറയ്ക്കുന്നു (ചന്ദ്രഗ്രഹണം). സൂര്യചന്ദ്ര ഗ്രഹണത്തെ പറ്റി ആര്യഭടന്‍ എഴുതിവച്ചിരിക്കുന്നതാണിത്. ഇതിനര്‍ധം എല്ലാ അറിവും ഇവിടെ ഉണ്ടെന്നല്ല. മറിച്ച് കുറച്ചൊക്കെ അറിയുന്ന കുറേപേരെങ്കിലും ഇവിടെ ഉണ്ടായിരുന്നെന്നാണ്. ആര്യഭടന്റെ എല്ലാവാദങ്ങളും ശരിയാണെന്നും വാദിക്കുന്നില്ല. അടച്ചാക്ഷേപിക്കുംബോള്‍ ഇതുകൂടിചിന്തിക്കണമെന്നു മാത്രം.

അഫ്‌സൽ എം എൻ said...

മുഹമ്മദ്‌ നബി ഭയപ്പെട്ടത്‌ സൂര്യനയോ സൂര്യഗ്രഹണത്തെയോ അല്ല .അങ്ങനെ ധരിച്ചത്‌ താങ്കളുടെ തെറ്റ്‌ .

ഈ ഹദീസിന്റെ പശ്‌ചാത്തലം എന്താണ്‌ ?
നബിയുടെ മകന്റെ മരണത്തോടനുബന്ധിച്ച്‌ സൂര്യഗ്രഹണം ഉണ്ടായപ്പോള്‍ അനുയായികള്‍ ക്കിടയില്‍ ഒരു തെറ്റായധരണ പരന്നു .
അല്ലാഹുവിന്‌ ഏറ്റവും ഇഷ്ടമുള്ള ഒരാള്‍ വിടപറയുന്നു അതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌ എന്ന്‌.അപ്പോള്‍ പ്രവാചകന്‍ അത്‌ തിരുത്തിക്കൊണ്ട്‌
പറയുന്നതാണ്‌ വാക്യം.
നബി യധാര്‍ത്ഥത്തില്‍ ഇവിടെ ഭയപ്പെട്ടത്‌
അല്ലാഹുവിനെയും
അന്ത്യ നാളിനെയുമാണ്‌.ഹദീസില്‍ അതു വ്യക്തവുമാണ്‌.

V.B.Rajan said...

എന്റെ പിതാവ് അദ്ദേഹത്തിന്റെ ചെറുപ്പത്തില്‍ ഗ്രഹണ സമയത്ത്‌ സു‌ര്യനെ (രാഹു/കേതു) പാമ്പിന്റെ വായില്‍ നിന്നു രക്ഷിക്കാന്‍ തെങ്ങിന്റെ മടല്‍ നിലത്തടിച്ച് ശബ്ദമുണ്ടാക്കിയതായി പറഞ്ഞത് ഓര്‍ക്കുന്നു. ഫൈസല്‍ ദൈവത്തേയും പ്രവാചകനേയും സ്വതന്ത്ര ചിന്തകരില്‍ നിന്നു രക്ഷിക്കാന്‍ നടത്തുന്ന പഴ്‌ശ്രമങ്ങള്‍ കാണുമ്പോള്‍ ഓര്‍ത്തുപോയതാണ്.

ഇസ് ലാം വിചാരം said...

യഥാര്‍ത്ഥ ഗ്രഹണം നടക്കുന്നത് യുക്തിവാദത്തിന്റെ കറുത്ത ആകാശത്താണു ഫൈസലേ..

ബൗദ്ധിക കേരളം എന്നോ തള്ളിക്കളഞ്ഞതല്ലേ അശാസ്ത്രീയ അരാജക യുക്തിവാദത്തെ?

സ്വവര്‍ഗ്ഗ രതിക്കും ഫ്രീ സെക്സിനും എന്നു വേണ്ട സകലമാന അരാജകവാദങ്ങള്‍ക്കും ഒളിച്ചു പാര്‍ക്കാനുള്ള ഒരു കരിമ്പടമാണു ഈ ഗ്രഹണ ബാധിത ആശയപ്രപഞ്ചം. ഇവിടെ ഈയടുത്ത കാലത്തൊന്നും വെളിച്ചം വരുമെന്ന് തോന്നുന്നില്ല.

തേരാളികള്‍ തേരുരുട്ടട്ടെ. മൗനമാണു നല്ലത്.

എങ്കിലും ഫൈസല്‍ തുടരുക. അഭിവാദനങ്ങള്‍.

ea jabbar said...

Free from islam a new blog to introduce some other apostates.

ea jabbar said...

സ്വര്‍ഗ്ഗത്തിലെ വിഭവങ്ങള്‍ പുതിയ പോസ്റ്റ്

ea jabbar said...

അന്റാര്‍ടിക്കയിലെ നിസ്കാരവും നോമ്പും! ലത്തീഫ് കോവൂരിന്റെ ലേഖനം.

ea jabbar said...

ചന്ദ്രനില്‍ എങ്ങനെ മാസപ്പിറവികാണും? എങ്ങനെ നോമ്പു നോല്‍ക്കും?ലതീഫിന്റെ കുറിപ്പ് രണ്ടാംഭാഗവും കൂടി നോക്കുക.

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.