ബീമാപള്ളി / Beemapally said...
സ്നേഹപൂര്‍വ്വം ജബ്ബാര്‍ മാഷിനും മലയാളം ബ്ലോഗ് അക്കാദമിയോടും...?
മലയാള ബ്ലോഗ് ലോകത്തിലെ സജീവ സാനിധ്യമായ ജബ്ബാര്‍മാഷിന്റെ ബ്ലോഗുകളിലെ പല പോസ്റ്റുകളും ഇസ്ലാമിനെ തെറ്റായി അവതരിപ്പിക്കുന്നതോ പ്രവാചകന്‍ മുഹമ്മദു നബിയുടെ ജീവിതവും ദൗത്യവും സംബന്ധിച്ച് മനുഷ്യ മനസ്സുകളില്‍ സംശയം ജനിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നവയുമാണ്.
അതേ,വിമര്‍ശിക്കാനുള്ള അങ്ങയുടെ അവകാശത്തെ അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ. ഇസ്ലാമിനെ കുറിച്ചുള്ള അങ്ങയുടെ പോസ്റ്റുകള്‍ മലയാള ബ്ലോഗ് വായനക്കാര്‍ക്കിടയില്‍ ആ ദൈവീക വ്യവസ്ഥിതിയെ സംബന്ധിച്ച് വലിയ തെറ്റിദ്ധാരണ ഉണ്ടാകുന്നു.
പ്രിയ ജബ്ബാര്‍, ഇസ്ലാമിനെ കുറിച്ചുള്ള അങ്ങയുടെ വീക്ഷണങ്ങള്‍ ആവലാതികള്‍ എല്ലാം ഒരു തുറന്ന വേദിയില്‍ ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
അതേ മലയാള മണ്ണില്‍ എവിടെ വെച്ചും ഒരു തുറന്ന സംവാദത്തിനു അങ്ങയെ ഞങ്ങള്‍ ക്ഷണിക്കുന്നു.
പൊതു ജനങ്ങള്‍ക്ക് പ്രവേശനമുള്ള തുറന്ന വേദിയില്‍ ചാനലുകളുടെ സാനിധ്യത്തില്‍ (കേരളക്കര ഈ സംവാദം നേരിട്ട് കാണട്ടെ) ഈ സംവാദം നടക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.
സംവാദത്തില്‍ പങ്കെടുക്കേണ്ട പ്രതിനിധികളുടെ എണ്ണം ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നമുക്ക് തീരുമാനിക്കാം.
ഇസ്ലാമിനേയും പ്രവാചകന്‍ മുഹമ്മദ് നബിയേയും കുറിച്ചുള്ള താങ്കളുടെ ഏത് ആരോപണത്തെക്കുറിച്ചും ആ വേദിയില്‍ നമുക്ക് ചര്‍ച്ച ചെയ്യാം. ശരിയും തെറ്റും ആ സ്നേഹ സംവാദം വീക്ഷിക്കുന്ന മലയാളി സമുഹം തീരുമാനിക്കട്ടെ.
മലയാളി സമൂഹത്തിന് സത്യം മനസ്സിലാക്കാനുള്ള അസുലഭ അവസരം, ഇത്തരം ഒരു സംവാദത്തിനു വേദി ഒരുക്കുവാന്‍ മലയാള ബ്ലോഗ് ലോകത്തിലെ ആരു മുന്നോട്ടു വന്നാലും (ബ്ലോഗ് അക്കാദമി ഉള്‍പ്പടെ) ആ പരിപാടിയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.
മറുപടി പ്രതീക്ഷിച്ചു കൊണ്ട് ..."ബീമാപള്ളി" ബ്ലോഗ്
--------------------------------------------------------------------------------
ഒരു തുറന്ന സംവാദത്തിനു ക്ഷണിച്ചുകൊണ്ടുള്ള ഈ കമന്റ് ബ്ലോഗ് അക്കാഡമിയുടെ ബ്ലോഗിൽ കണ്ടതാണ്. സന്തോഷമുള്ള കാര്യം തന്നെ. എനിക്കേറ്റവും പ്രിയങ്കരമായ കാര്യമാണു ഈ വിഷയത്തിലുള്ള തുറന്ന സംവാദം. അതേകുറിച്ച് തീർച്ചയായും ആലോചിക്കാവുന്നതാണ്.
പക്ഷെ...
ഈ കമന്റിൽതന്നെ കുറെ വൈരുദ്ധ്യങ്ങൾ കാണുന്നു.
1. ബ്ലോഗിൽ ഞാൻ തെറ്റിദ്ധാരണയുണ്ടാക്കുന്നു അതിനു പരിഹാരം നാട്ടുകാരുടെ മുമുമ്പില് സംവാദം നടത്തലാണ് എന്നു പറഞ്ഞാൽ മനസ്സിലാകുന്നില്ല. ബ്ലോഗിൽ ഞാൻ 2 വർഷമായി എഴുതിക്കൊണ്ടിരിക്കുന്നു. ഈ അടുത്ത ദിവസം വരെ എന്റെ ബ്ലോഗിൽ ആർക്കും എന്തും കമന്റായി എഴുതാമായിരുന്നു. സ്വന്തം ബ്ലോഗിലും എഴുതി അവിടെ ലിങ്കു നൽകാനും ഒരു തടസ്സവുമില്ലായിരുന്നു. ഞാൻ ഒരാൾ എഴുതുന്ന കാര്യങ്ങൾക്കു മാത്രം മറുപടി പറയാൻ അനേകം പേർ രംഗത്തുണ്ടായിരുന്നുതാനും. അബ്ദുൽ അലി, സ്ലാഹുദ്ദീൻ, ഇസ്ലാം വിചാരം, കാലം ,വെള്ളറക്കാട്, തേവലക്കര, അജ്ഞാതൻ, നിത്യസാക്ഷി, കുയുക്തിവാദി, കാട്ടിപ്പരുത്തി, ശ്രദ്ധേയൻ, ഫൈസൽ...... തുടങ്ങി നിരവധി പേർ സ്ഥിരം സാന്നിധ്യമായി എന്നോടൊപ്പം ഉണ്ടായിരുന്നു. അവരിൽ പലരും ഇസ്ലാമിനെക്കുറിച്ചു നന്നായിത്തന്നെ പഠിച്ചവരുമായിരുന്നു. ബ്ലോഗിൽ ഞാൻ സ്ര്ഷ്ടിക്കുന്ന തെറ്റിദ്ധാരണ നീക്കാൻ ഈ കൂട്ടായ ശ്രമങ്ങൾക്കു കഴിയുന്നില്ല എന്നാണോ?. ബ്ലോഗിലെ വായനക്കാരുടെ തെറ്റിദ്ധാരണ നീക്കാൻ എന്തിനാ മലയാളമണ്ണിൽ എവിടെ വെച്ചെങ്കിലും ഒരു തുറന്ന സംവാദം? അതിനു ബ്ലോഗിലെ സംവാദമല്ലെ ഫലപ്രദമാവുക? ഇസ്ലാമിക പ്രചാരണം ലക്ഷ്യംവെച്ചുള്ള നിരവധി വെബ് സൈറ്റുകളും ബ്ലോഗുകളും മലയാളത്തിൽ വേറെയും ഉണ്ടല്ലോ. ഞാൻ ഒരു വ്യക്തി ഒറ്റക്കു നടത്തുന്ന വിമർശനങ്ങൾക്കു മറുപടി പറയാൻ ഈ മലയാളക്കരയിൽ പ്രഗൽഭരായ എത്രയോ പണ്ഡിതന്മാരുണ്ടല്ലോ. സുന്നി,മുജാഹിദ്,ജമാ അത്ത്, ഖാദിയാനി..ആങ്ങനെ കാക്കത്തൊള്ളായിരം ഗ്രൂപ്പായി. അവർക്കു കോടിക്കണക്കിനു ആസ്തിയും ഉണ്ടല്ലോ. പിന്നെയെന്താ ഞാനുണ്ടാക്കുന്ന തെറ്റിദ്ധാരണ മാറ്റാൻ കഴിയാത്തത്?
2.ഇനി ഞാനുമായി ഒരു തുറന്നവേദിയിൽ ചർച്ച നടക്കുന്നതു കാണാനുള്ള ആഗ്രഹമാണെങ്കിൽ അതും പലതവണ പലേടത്തുമായി നടന്നിട്ടുള്ളതാണു. അതിന്റെ സീഡികളും ലഭ്യമാണ്. ഞാൻ വെറും ബ്ലോഗെഴുത്തു മാത്രമായി കഴിയുന്ന ഒരു യുക്തിവാദിയല്ല. കേരളത്തിൽ എല്ലായിടത്തും സഞ്ചരിച്ച് സംവാദങ്ങളും പ്രഭാഷണങ്ങളും ക്ലാസുകളുമൊക്കെ നടത്തുന്നു. 30 വർഷമായി അതു തുടരുന്നുമുണ്ട്. പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ള കാര്യങ്ങൾ തന്നെയാണു ഞാൻ ബ്ലോഗിൽ എഴുതുന്നതും. ആ പുസ്തകങ്ങൾക്കൊന്നും ഒരു മറുപടിയും ആരും എഴുതിക്കാണുന്നുമില്ല. ഞാൻ ഇത്രയും വലിയ തെറ്റിദ്ധാരണയാണുണ്ടാക്കുന്നതെങ്കിൽ ആ ധാരണ തിരുത്താൻ ഇവിടെയുള്ള മഹാപണ്ഡിതന്മാരായ മതനേതാക്കളെ സമീപിച്ച് ഞാൻ എഴുതിയ കാര്യങ്ങൾക്കൊക്കെ മറുപടി എഴുതി പുസ്തകമായും ബ്ലോഗായുമൊക്കെ പ്രസിദ്ധീകരിക്കാനുള്ള ഏർപ്പാടു ചെയ്യാമല്ലോ. അതിനൊന്നും മെനക്കെടാതെ ഒരു സംവാദത്തിനൊരുങ്ങുന്നത് എന്തുദ്ദേശ്യത്തോടെയാണെന്നു മനസ്സിലാകുന്നില്ല.
ബ്ലോഗിലെ തെറ്റിദ്ധാരണ നീക്കാൻ തെരുവിൽ സംവാദം നടത്തേണ്ടതില്ല എന്നു ചുരുക്കം.
3. ആരാണ് ഈ സംവാദം ആഗ്രഹിക്കുന്ന ‘ഞങ്ങൾ’? അതും മനസ്സിലായില്ല. ബീമാപ്പള്ളി എന്ന ലിങ്കിൽ ക്ലിക്കിയപ്പോൾ പ്രൊഫൈൽ കാണാനും കഴിഞ്ഞില്ല. ഒരു പ്രൊഫൈൽ പോലും ഇല്ലാത്ത ഈ ബീമാപ്പള്ളിയും ‘ഞങ്ങളും’ വ്യാജന്മാരാണോ?
---------------------
ഇനി എന്റെ “വീക്ഷണങ്ങളും ആരോപണങ്ങളും” പൊതു സമൂഹത്തിന്റെ മുമ്പിൽ ഇതുവരെ അവതരിപ്പിക്കാത്ത സ്വകാര്യങ്ങളല്ലല്ലോ. എല്ലാം വളരെ വ്യക്തമായും വിശദമായും പരസ്യപ്പെടുത്തിയിട്ടുള്ളവയാണ്. അതിനുള്ള മറുപടികൾക്കായി വെഴാമ്പലിനെപ്പോലെ ഞാൻ കാത്തിരിക്കുകയാണു കുറേ വർഷങ്ങളായി. ആ മറുപടി ആദ്യം വരട്ടെ.
ഇനി ഞാൻ ബ്ലോഗ് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന ആരോപണത്തെകുറിച്ച് ...
സത്യത്തിൽ ഇസ്ലാം എന്താണെന്നറിയാൻ ആഗ്രഹമുള്ളവരെ തീർത്തും തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്? ഞാനോ മറ്റു യുക്തിവാദികളോ അല്ല. മറിച്ച് ഇസ്ലാമിന്റെ ആധുനികപ്രചാരകരാണ് ആ പണി ചെയ്യുന്നത്. ഖുർ ആനിൽ പറയുന്ന കാര്യങ്ങൾക്ക് ആ കാലത്തുദ്ദേശിച്ച അർത്ഥവും വ്യാഖ്യാനവും പ്രമാണങ്ങളിൽ വേണ്ടുവോളം ലഭ്യമാണെന്നിരിക്കെ അതെല്ലാം മറച്ചു വെച്ച് പുതിയ അർത്ഥവും വ്യാഖ്യാനവും മെനഞ്ഞുണ്ടാക്കി വലിയ തോതിൽ തെറ്റിദ്ധരിപ്പിക്കുകയാണു നിങ്ങൾ ചെയ്യുന്നത്. .ഞാൻ ആ തെറ്റിദ്ധാരണ മാറ്റി യഥാർത്ഥ മതം എന്താണെന്നു ആധികാരികപ്രമാണങ്ങൾ അക്കമിട്ടുദ്ധരിച്ചുകൊണ്ട് തെളിയിക്കുകയുമാണു ചെയ്യുന്നത്. വ്യാജമായ് ഒരു ആരോപണവും ഞാൻ ഉന്നയിച്ചിട്ടില്ല. തെളിവില്ലാതെ ഒരാരോപണവും ഉയർത്തിയിട്ടുമില്ല. മറിച്ചു തെളിയിച്ചാൽ ഞാൻ ഈ സംരംഭത്തിൽനിന്നിം നിരുപാധികം പിന്മാറാം. പരസ്യമായി മാപ്പും പറയാം. വ്യക്തിപരമായി ആരോടും അൽപ്പമ്പോലും നീരസം എനിക്കില്ല. എല്ലാവരെയും നല്ല സ്നേഹിതരായി കാണാനാണു ഞാൻ ആഗ്രഹിക്കുന്നത്.
4 comments:
mashe,
In your counter arguments some are true and some are wrong.
Will be back
ബീമാപ്പള്ളി ,
ബ്ലോഗുകളിലൂടെ തന്നെ ഇസ്ലാം ഭാഗത്ത് നിന്ന് മറുപടി കൊടുക്കുന്നുണ്ടല്ലോ ( കാട്ടുപരുത്തി , ചിന്തകന്‍ ,തറ മണ്ണില്‍ (പുതിയ ബ്ലോഗ്ഗര്‍ ) , തുടങ്ങി ഒട്ടേറെ പേര്‍ ) . മാത്രമല്ല ചര്‍ച്ചകളില്‍ പലരും മാന്യമായി അഭിപ്രായം പറയുന്നുമുണ്ട് ... , അതെല്ലാം പര്യാപ്തം ആണ് എന്ന് തന്നെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് .. ബ്ലോഗിലെ കാര്യങ്ങള്‍ക്ക് തുറന്ന വേദിയിലെ ചര്ച്ചയെക്കാള്‍ ബ്ലോഗില്‍ തന്നെയുള്ള മറു പടി ആണ് വേണ്ടത് .. ജബ്ബാര്‍ മാഷുടെ അടക്കം ബ്ലോഗുകളിലെ നമ്മുടെ കമന്റ്സ് കണ്ടിട്ട് ഇസ്ലാമിനെ ക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് വിവിധ മതസ്ഥരില്‍ നിന്ന് എനിക്ക് ഇമെയില്‍ വരാറുള്ള പശ്ചാത്തലത്തില്‍ ആണ് ഈ പറയുന്നത് .
ഇനി ഒരു പൊതു പ്രഭാഷകന്‍ എന്ന നിലയില്‍ ജബ്ബാര്‍ മാഷുമായി സംവാദം പുറത്തു വെച്ച് നടത്തണമെങ്കില്‍ ആവാം എന്ന് മാത്രം , എന്നാലും ബ്ലോഗിലെ കാര്യങ്ങള്‍ ബ്ലോഗില്‍ വച്ച് തന്നെ തീര്‍ക്കണം എന്നാണ് എന്റെ പക്ഷം .. ധാരാളം പുതിയ ബ്ലോഗര്‍മാര്‍ വരുന്ന സാഹചര്യത്തില്‍ വിശേഷിച്ചും .! വൈകി വരുന്നവര്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാം, ഖണ്ഡിച്ചു പോസ്റ്റ് ഇടാം തുടങ്ങി ബ്ലോഗ്ഗിന്റെ അനന്ത സാധ്യതകള്‍ മനസ്സിലാക്കുമ്പോള്‍ പ്രത്യേകിച്ചും !
പ്രിയ ജബ്ബാര്‍ മാഷെ ,
ഒരു വ്യക്തിയെ ഒറ്റപ്പെടുത്തണം , ഇല്ലാതാക്കണം എന്നും മറ്റും ഞങ്ങള്‍ക്ക് ഇല്ലായിരുന്നു . അങ്ങിനെ ഒരു തെറ്റിദ്ധാരണ വന്നിട്ടുണ്ടെങ്കില്‍ ഇവിടെ തിരുത്തട്ടെ , താങ്കളുടെ പോസ്റ്റുകളില്‍ ക്ഷമാപൂര്‍വ്വം 200 ഓളം കമന്റ്സ് ഞാന്‍ ഉണ്ടായത് ഓര്‍ക്കുമല്ലോ .. താങ്കളുടെ അപരനെ ശക്തിയായി എതിര്‍ത്ത പലരില്‍ ഒരാള്‍ കൂടിയാണ് ഞാന്‍ . അപരന്റെ ഒരു കമന്റ്സും എന്റെ ബ്ലോഗില്‍ ഞാന്‍ അനുവദിച്ചിട്ടില്ല , എല്ലാം താക്കീതോട് കൂടി അപ്പപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തു .
അകാദമി വിവാദത്തില്‍ , അകാദമി മറ്റുള്ളവരുടെ ആവലാതികള്‍ കൂടി പരിഗണിക്കണം എന്നെ ഞാന്‍ ആവശ്യപ്പെട്ടുള്ളൂ .. .താങ്കള്‍ തന്നെ ആ വിവാദം ഒഴിവാക്കാന്‍ ആഗ്രഹിച്ചു പരാമര്‍ശങ്ങള്‍ നീക്കാന്‍ ആവശ്യപ്പെട്ടതാണ് . അപ്പോള്‍ തന്നെ മഞ്ഞുരുകട്ടെ എന്ന് പറഞ്ഞു ഞാന്‍ അവിടെ കമന്റ് ഇട്ടിരുന്നു . എന്തോ പിന്നീട് കാര്യങ്ങള്‍ കൈ വിട്ട പോലെയായി .. ഏതായാലും അതിന്റെ പേരില്‍ എന്തെങ്കിലും പരാമര്‍ശങ്ങള്‍ വന്നു പോയിട്ടുണ്ടെങ്കില്‍ ഞാന്‍ അതൊക്കെ പിന്‍ വലിക്കുന്നു .. എന്റെ ബ്ലോഗില്‍ അകാദമിക്ക് എതിരെ ഇട്ട പോസ്റ്റ് ( അപരനാടകാന്ത്യം അപഹാസ്യം )ഞാന്‍ ഡിലീറ്റ് ചെയ്തിരിക്കുന്നു . ഒരു സംഘം ഉണ്ടായി വരാന്‍ ഒരു പാട് ബുദ്ധിമുട്ട് ഉണ്ട് .. പക്ഷെ ഇല്ലാതാക്കാന്‍ നിമിഷങ്ങള്‍ മതി . നല്ല കൂട്ടായ്മകള്‍ എന്നും ബൂലോഗത്ത് നിലനിക്കട്ടെ .. പിഴവുകള്‍ വന്നാല്‍ അത് തിരുത്തി മുന്നോട്ട് പോകുക .. ആശംസകള്‍ ! തെറ്റിധാരണകള്‍ കഴിവതും നല്ല രീതിയില്‍ തിരുത്തുക .അകാദമി എല്ലാവരുടെയും ശബ്ദം ആയി മാറട്ടെ . നീരസങ്ങളുടെ മഞ്ഞുരുകി ഐക്യത്തിന്റെ അരുവികള്‍ ഒഴുകട്ടെ.... ഈഗോ ആരെയും മാരകമായി ബാധിക്കാതിരിക്കട്ടെ ..
പ്രിയ ജബ്ബാര്‍ മാഷ് ,
വീണ്ടും പറയട്ടെ താങ്കളെ ബൂലോഗത്ത് ഒറ്റപ്പെടുത്തണം എന്നോ , മറ്റോ ഒരിക്കലും ഇല്ലായിരുന്നു . അങ്ങിനെ ഒരു ധ്വനി അറിയാതെ പോലും വന്നിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക . വ്യക്തി ഹത്യകളെ നിരുത്സാഹ പ്പെടുത്തേണ്ടത് തന്നെയാണ് . പകരം ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കട്ടെ... ബൂലോഗത്ത് സമാധാനവും ശാന്തിയും സ്നേഹവും വിളയാടട്ടെ . അതിനു വേണ്ടി ഒന്നാമതായി ഞാന്‍ ഉണ്ടാകണം എന്ന അതിയായ ആഗ്രഹം എനിക്കുണ്ട് .
സുഹൃത്തുക്കളെ , ,കോടതിയില്‍ ഒരു കേസ് എടുത്താലല്ലേ അതിനു വേണ്ടി വാദിക്കാന്‍ കഴിയുക , അപ്പോള്‍ മാത്രമല്ലേ നമ്മുടെ ആര്ഗുമെന്റ്സ് പ്രസന്റ് ചെയ്യാന്‍ കഴിയൂ , ജബ്ബാര്‍ മാഷ് ഇസ്ലാമിനെ ലൈവ് ആയി ചര്‍ച്ചകളില്‍ നിര്‍ത്തുന്നത് തീര്‍ച്ചയായും ആളുകളെ ഖുറാനും മറ്റും വായിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട് എന്നാണ് എനിക്ക് മനസ്സിലായത് . ഒരു പക്ഷെ ജബ്ബാര്‍ മാഷ് നിര്‍വഹിക്കുന്ന ചരിത്രപരമായ ദൌത്യം അതായിരിക്കാം .. ആളുകള്‍ അവനവനു യുക്തം പോലെ ചേരുന്നത് സ്വീകരിക്കട്ടെ , അത് നല്ലതാവട്ടെ , നല്ലത് അല്ലാത്തതുമാവട്ടെ , ഓരോരുത്തരുടെയും തീരുമാനം ആത്യന്തികമായി അവനവനെ തന്നെയാണ് ബാധിക്കുന്നത്
നന്ദി എല്ലാവര്ക്കും ...
ഓ.ദോ
എങ്ങിനെ എല്ലാം വിയോജിക്കാം എന്ന് ഗവേഷണം നടത്തുന്നത് മാറ്റി വെച്ച് ഏതൊക്കെ മേഖലകളില്‍ യോജിച്ചു മുന്നോട്ട് പോകാം എന്നാവട്ടെ നാം എല്ലാം ചിന്തിക്കേണ്ടത് .പൊതു വേദികള്‍ അല്പം കൂടി സുതാര്യ മാവുകയും ചെയ്യട്ടെ .
ആശയപരമായ വിയോജിപ്പുകള്‍ക്കിടയിലും നല്ല സുഹൃത്ത് ബന്ധങ്ങള്‍ നക്ഷത്രങ്ങളെ പ്പോലെ മിന്നി തിളങ്ങട്ടെ ,
ഒരു മുർത്തദ്ദിന്റെ അനുഭവം
വിമര്‍ശനങ്ങളെ വികാരം മാറ്റിവെച്ച് വിവേകത്തോടെ സമീപിക്കാനുള്ള രീതി നല്ലതുതന്നെയണ്. മഞ്ചേരിയില്‍ രണ്ടു വര്‍ഷം മുമ്പു യുക്തിവാദി സംഘം സംഘടിപ്പിച്ച മകരജ്യോതിസ്സ് തട്ടിപ്പിനെതിരായ ഒരു പരിപാടി അലങ്കോലപ്പെടുത്താന്‍ ചില തല്പരകക്ഷികള്‍ നടത്തിയ ശ്രമം ഞാന്‍ ഓര്‍ക്കുകയാണ്. മകരജ്യോതിക്കെതിരെ പ്രകടനം നടത്തി, പ്രതീകാത്മകമായി ജ്യോതി കത്തിച്ചുകാണിച്ചു പ്രസംഗം നടക്കുന്നതുവരെ ആസ്വതിച്ചു കൂടെ നിന്നവര്‍ തന്നെ കലാനാഥന്‍ മാസ്റ്റര്‍ ദൈവം എന്ന ഒരു വാക്ക് ഉച്ഛരിച്ചപ്പോളേക്കും ഹാലിളകി ജനറേറ്റര്‍ കേടുവരുത്തിയത് ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമാണ്. മകരജ്യോതിയുടെ വക്താക്കളായിരുന്നില്ല മറിച്ച് ചില മുസ്ലിം സുഹ്രുത്തുക്കാളാണ് അവിടെവെച്ച് യുക്തിവാദവിരോധം തീര്‍ത്തത് എന്നതാണ് വിരോധാഭാസം. ഈ രീതിയിലുള്ള വികാരജീവികളാണ് ബ്ലോഗിലും കുഴപ്പമുണ്ടാക്കുന്നത്. ഫൈസല്‍ കൊണ്ടോട്ടിയുടെ നല്ല മനസ്സിന് നന്ദി.
Post a Comment