Friday, June 26, 2009

ബീമാപള്ളി ക്ക് മറുപടി

ബീമാപള്ളി / Beemapally said...
സ്നേഹപൂര്‍വ്വം ജബ്ബാര്‍ മാഷിനും മലയാളം ബ്ലോഗ്‌ അക്കാദമിയോടും...?

മലയാള ബ്ലോഗ്‌ ലോകത്തിലെ സജീവ സാനിധ്യമായ ജബ്ബാര്‍മാഷിന്റെ ബ്ലോഗുകളിലെ പല പോസ്റ്റുകളും ഇസ്ലാമിനെ തെറ്റായി അവതരിപ്പിക്കുന്നതോ പ്രവാചകന്‍ മുഹമ്മദു നബിയുടെ ജീവിതവും ദൗത്യവും സംബന്ധിച്ച് മനുഷ്യ മനസ്സുകളില്‍ സംശയം ജനിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നവയുമാണ്.

അതേ,വിമര്‍ശിക്കാനുള്ള അങ്ങയുടെ അവകാശത്തെ അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ. ഇസ്ലാമിനെ കുറിച്ചുള്ള അങ്ങയുടെ പോസ്റ്റുകള്‍ മലയാള ബ്ലോഗ്‌ വായനക്കാര്‍ക്കിടയില്‍ ആ ദൈവീക വ്യവസ്ഥിതിയെ സംബന്ധിച്ച് വലിയ തെറ്റിദ്ധാരണ ഉണ്ടാകുന്നു.

പ്രിയ ജബ്ബാര്‍, ഇസ്ലാമിനെ കുറിച്ചുള്ള അങ്ങയുടെ വീക്ഷണങ്ങള്‍ ആവലാതികള്‍ എല്ലാം ഒരു തുറന്ന വേദിയില്‍ ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

അതേ മലയാള മണ്ണില്‍ എവിടെ വെച്ചും ഒരു തുറന്ന സംവാദത്തിനു അങ്ങയെ ഞങ്ങള്‍ ക്ഷണിക്കുന്നു.

പൊതു ജനങ്ങള്‍ക്ക്‌ പ്രവേശനമുള്ള തുറന്ന വേദിയില്‍ ചാനലുകളുടെ സാനിധ്യത്തില്‍ (കേരളക്കര ഈ സംവാദം നേരിട്ട് കാണട്ടെ) ഈ സംവാദം നടക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.

സംവാദത്തില്‍ പങ്കെടുക്കേണ്ട പ്രതിനിധികളുടെ എണ്ണം ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നമുക്ക് തീരുമാനിക്കാം.

ഇസ്ലാമിനേയും പ്രവാചകന്‍ മുഹമ്മദ്‌ നബിയേയും കുറിച്ചുള്ള താങ്കളുടെ ഏത് ആരോപണത്തെക്കുറിച്ചും ആ വേദിയില്‍ നമുക്ക് ചര്‍ച്ച ചെയ്യാം. ശരിയും തെറ്റും ആ സ്നേഹ സംവാദം വീക്ഷിക്കുന്ന മലയാളി സമു‌ഹം തീരുമാനിക്കട്ടെ.

മലയാളി സമൂഹത്തിന് സത്യം മനസ്സിലാക്കാനുള്ള അസുലഭ അവസരം, ഇത്തരം ഒരു സംവാദത്തിനു വേദി ഒരുക്കുവാന്‍ മലയാള ബ്ലോഗ്‌ ലോകത്തിലെ ആരു മുന്നോട്ടു വന്നാലും (ബ്ലോഗ്‌ അക്കാദമി ഉള്‍പ്പടെ) ആ പരിപാടിയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.

മറുപടി പ്രതീക്ഷിച്ചു കൊണ്ട് ..."ബീമാപള്ളി" ബ്ലോഗ്



--------------------------------------------------------------------------------
ഒരു തുറന്ന സംവാദത്തിനു ക്ഷണിച്ചുകൊണ്ടുള്ള ഈ കമന്റ് ബ്ലോഗ് അക്കാഡമിയുടെ ബ്ലോഗിൽ കണ്ടതാണ്. സന്തോഷമുള്ള കാര്യം തന്നെ. എനിക്കേറ്റവും പ്രിയങ്കരമായ കാര്യമാണു ഈ വിഷയത്തിലുള്ള തുറന്ന സംവാദം. അതേകുറിച്ച് തീർച്ചയായും ആലോചിക്കാവുന്നതാണ്.


പക്ഷെ...
ഈ കമന്റിൽതന്നെ കുറെ വൈരുദ്ധ്യങ്ങൾ കാണുന്നു.
1. ബ്ലോഗിൽ ഞാൻ തെറ്റിദ്ധാരണയുണ്ടാക്കുന്നു അതിനു പരിഹാരം നാട്ടുകാരുടെ മുമുമ്പില് സംവാദം നടത്തലാണ് എന്നു പറഞ്ഞാൽ മനസ്സിലാകുന്നില്ല. ബ്ലോഗിൽ ഞാൻ 2 വർഷമായി എഴുതിക്കൊണ്ടിരിക്കുന്നു. ഈ അടുത്ത ദിവസം വരെ എന്റെ ബ്ലോഗിൽ ആർക്കും എന്തും കമന്റായി എഴുതാമായിരുന്നു. സ്വന്തം ബ്ലോഗിലും എഴുതി അവിടെ ലിങ്കു നൽകാനും ഒരു തടസ്സവുമില്ലായിരുന്നു. ഞാൻ ഒരാൾ എഴുതുന്ന കാര്യങ്ങൾക്കു മാത്രം മറുപടി പറയാൻ അനേകം പേർ രംഗത്തുണ്ടായിരുന്നുതാനും. അബ്ദുൽ അലി, സ്ലാഹുദ്ദീൻ, ഇസ്ലാം വിചാരം, കാലം ,വെള്ളറക്കാട്, തേവലക്കര, അജ്ഞാതൻ, നിത്യസാക്ഷി, കുയുക്തിവാദി, കാട്ടിപ്പരുത്തി, ശ്രദ്ധേയൻ, ഫൈസൽ...... തുടങ്ങി നിരവധി പേർ സ്ഥിരം സാന്നിധ്യമായി എന്നോടൊപ്പം ഉണ്ടായിരുന്നു. അവരിൽ പലരും ഇസ്ലാമിനെക്കുറിച്ചു നന്നായിത്തന്നെ പഠിച്ചവരുമായിരുന്നു. ബ്ലോഗിൽ ഞാൻ സ്ര്ഷ്ടിക്കുന്ന തെറ്റിദ്ധാരണ നീക്കാൻ ഈ കൂട്ടായ ശ്രമങ്ങൾക്കു കഴിയുന്നില്ല എന്നാണോ?. ബ്ലോഗിലെ വായനക്കാരുടെ തെറ്റിദ്ധാരണ നീക്കാൻ എന്തിനാ മലയാളമണ്ണിൽ എവിടെ വെച്ചെങ്കിലും ഒരു തുറന്ന സംവാദം? അതിനു ബ്ലോഗിലെ സംവാദമല്ലെ ഫലപ്രദമാവുക? ഇസ്ലാമിക പ്രചാരണം ലക്ഷ്യംവെച്ചുള്ള നിരവധി വെബ് സൈറ്റുകളും ബ്ലോഗുകളും മലയാളത്തിൽ വേറെയും ഉണ്ടല്ലോ. ഞാൻ ഒരു വ്യക്തി ഒറ്റക്കു നടത്തുന്ന വിമർശനങ്ങൾക്കു മറുപടി പറയാൻ ഈ മലയാളക്കരയിൽ പ്രഗൽഭരായ എത്രയോ പണ്ഡിതന്മാരുണ്ടല്ലോ. സുന്നി,മുജാഹിദ്,ജമാ അത്ത്, ഖാദിയാനി..ആങ്ങനെ കാക്കത്തൊള്ളായിരം ഗ്രൂപ്പായി. അവർക്കു കോടിക്കണക്കിനു ആസ്തിയും ഉണ്ടല്ലോ. പിന്നെയെന്താ ഞാനുണ്ടാക്കുന്ന തെറ്റിദ്ധാരണ മാറ്റാൻ കഴിയാത്തത്?


2.ഇനി ഞാനുമായി ഒരു തുറന്നവേദിയിൽ ചർച്ച നടക്കുന്നതു കാണാനുള്ള ആഗ്രഹമാണെങ്കിൽ അതും പലതവണ പലേടത്തുമായി നടന്നിട്ടുള്ളതാണു. അതിന്റെ സീഡികളും ലഭ്യമാണ്. ഞാൻ വെറും ബ്ലോഗെഴുത്തു മാത്രമായി കഴിയുന്ന ഒരു യുക്തിവാദിയല്ല. കേരളത്തിൽ എല്ലായിടത്തും സഞ്ചരിച്ച് സംവാദങ്ങളും പ്രഭാഷണങ്ങളും ക്ലാസുകളുമൊക്കെ നടത്തുന്നു. 30 വർഷമായി അതു തുടരുന്നുമുണ്ട്. പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ള കാര്യങ്ങൾ തന്നെയാണു ഞാൻ ബ്ലോഗിൽ എഴുതുന്നതും. ആ പുസ്തകങ്ങൾക്കൊന്നും ഒരു മറുപടിയും ആരും എഴുതിക്കാണുന്നുമില്ല. ഞാൻ ഇത്രയും വലിയ തെറ്റിദ്ധാരണയാണുണ്ടാക്കുന്നതെങ്കിൽ ആ ധാരണ തിരുത്താൻ ഇവിടെയുള്ള മഹാപണ്ഡിതന്മാരായ മതനേതാക്കളെ സമീപിച്ച് ഞാൻ എഴുതിയ കാര്യങ്ങൾക്കൊക്കെ മറുപടി എഴുതി പുസ്തകമായും ബ്ലോഗായുമൊക്കെ പ്രസിദ്ധീകരിക്കാനുള്ള ഏർപ്പാടു ചെയ്യാമല്ലോ. അതിനൊന്നും മെനക്കെടാതെ ഒരു സംവാദത്തിനൊരുങ്ങുന്നത് എന്തുദ്ദേശ്യത്തോടെയാണെന്നു മനസ്സിലാകുന്നില്ല.
ബ്ലോഗിലെ തെറ്റിദ്ധാരണ നീക്കാൻ തെരുവിൽ സംവാദം നടത്തേണ്ടതില്ല എന്നു ചുരുക്കം.


3. ആരാണ് ഈ സംവാദം ആഗ്രഹിക്കുന്ന ‘ഞങ്ങൾ’? അതും മനസ്സിലായില്ല. ബീമാപ്പള്ളി എന്ന ലിങ്കിൽ ക്ലിക്കിയപ്പോൾ പ്രൊഫൈൽ കാണാനും കഴിഞ്ഞില്ല. ഒരു പ്രൊഫൈൽ പോലും ഇല്ലാത്ത ഈ ബീമാപ്പള്ളിയും ‘ഞങ്ങളും’ വ്യാജന്മാരാണോ?


---------------------
ഇനി എന്റെ “വീക്ഷണങ്ങളും ആരോപണങ്ങളും” പൊതു സമൂഹത്തിന്റെ മുമ്പിൽ ഇതുവരെ അവതരിപ്പിക്കാത്ത സ്വകാര്യങ്ങളല്ലല്ലോ. എല്ലാം വളരെ വ്യക്തമായും വിശദമായും പരസ്യപ്പെടുത്തിയിട്ടുള്ളവയാണ്. അതിനുള്ള മറുപടികൾക്കായി വെഴാമ്പലിനെപ്പോലെ ഞാൻ കാത്തിരിക്കുകയാണു കുറേ വർഷങ്ങളായി. ആ മറുപടി ആദ്യം വരട്ടെ.


ഇനി ഞാൻ ബ്ലോഗ് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന ആരോപണത്തെകുറിച്ച് ...
സത്യത്തിൽ ഇസ്ലാം എന്താണെന്നറിയാൻ ആഗ്രഹമുള്ളവരെ തീർത്തും തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്? ഞാനോ മറ്റു യുക്തിവാദികളോ അല്ല. മറിച്ച് ഇസ്ലാമിന്റെ ആധുനികപ്രചാരകരാണ് ആ പണി ചെയ്യുന്നത്. ഖുർ ആനിൽ പറയുന്ന കാര്യങ്ങൾക്ക് ആ കാലത്തുദ്ദേശിച്ച അർത്ഥവും വ്യാഖ്യാനവും പ്രമാണങ്ങളിൽ വേണ്ടുവോളം ലഭ്യമാണെന്നിരിക്കെ അതെല്ലാം മറച്ചു വെച്ച് പുതിയ അർത്ഥവും വ്യാഖ്യാനവും മെനഞ്ഞുണ്ടാക്കി വലിയ തോതിൽ തെറ്റിദ്ധരിപ്പിക്കുകയാണു നിങ്ങൾ ചെയ്യുന്നത്. .ഞാൻ ആ തെറ്റിദ്ധാരണ മാറ്റി യഥാർത്ഥ മതം എന്താണെന്നു ആധികാരികപ്രമാണങ്ങൾ അക്കമിട്ടുദ്ധരിച്ചുകൊണ്ട് തെളിയിക്കുകയുമാണു ചെയ്യുന്നത്. വ്യാജമായ് ഒരു ആരോപണവും ഞാൻ ഉന്നയിച്ചിട്ടില്ല. തെളിവില്ലാതെ ഒരാരോപണവും ഉയർത്തിയിട്ടുമില്ല. മറിച്ചു തെളിയിച്ചാൽ ഞാൻ ഈ സംരംഭത്തിൽനിന്നിം നിരുപാധികം പിന്മാറാം. പരസ്യമായി മാപ്പും പറയാം. വ്യക്തിപരമായി ആരോടും അൽ‌പ്പമ്പോലും നീരസം എനിക്കില്ല. എല്ലാവരെയും നല്ല സ്നേഹിതരായി കാണാനാണു ഞാൻ ആഗ്രഹിക്കുന്നത്.

Wednesday, June 3, 2009

മതം മാറിയാല്‍ വധശിക്ഷ!

മതം മാറിയാല്‍ വധശിക്ഷ!
ഇസ്ലാമിന്റെ തനിനിറം


ഗോത്രാചാരങ്ങളെ ലംഘിക്കുന്നവരെ കൊന്നു കളയുകയോ നാടു കടത്തുകയോ ചെയ്യുക എന്നതായിരുന്നു പ്രാകൃത ഗോത്രനീതി. മതം ഉപേക്ഷിക്കുന്നവരെ കൊന്നുകളയണമെന്നാണ് ഇസ്ലാമിന്റെയും നിലപാട്.

“അല്ലാഹുവില്‍ വിശ്വസിച്ച ശേഷം ആ വിശ്വാസം ഉപേക്ഷിച്ച് പോകുന്നവരാരോ അവരുടെ നേരെയാണ് അല്ലാഹുവിന്റെ കോപം. അവര്‍ക്കാണു കഠിനമായ ശിക്ഷയും.” (കുര്‍ ആന്‍-16:106)

അല്ലാഹുവിന്റെ കോപം അല്ലാഹുവിന്റെ പ്രതിനിധികളായ മതപുരോഹിതരെയും പ്രകോപിതരാക്കുക സ്വാഭാവികം!. ശിക്ഷ പരലോകത്തേക്കു മാറ്റിവെക്കാന്‍ അവര്‍ക്കാവില്ലല്ലോ. പ്രവാചകനും ഖലീഫമാരും മതപരിത്യാഗികളെ എങ്ങനെ കയ്കാര്യം ചെയ്തു എന്ന് മതപ്രമാണങ്ങള്‍ വിശദീകരിക്കുന്നുണ്ട്.

“ഇബ്നു അബ്ബാസ് പറയുന്നു: ഒരു സംഘം ആളുകളെ അലി തീയിലിട്ടു കൊന്നുകളഞ്ഞ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഇബ്നു അബ്ബാസ് പറഞ്ഞു. അലിയുടെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ അവരെ തീയിലിട്ടു കൊല്ലുകയില്ലായിരുന്നു. വല്ലവനും തന്റെ മതം മാറിയാല്‍ അവനെ കൊന്നു കളയുക എന്നു തിരുമേനി അരുളിയതനുസരിച്ച് അവരെ ഞാന്‍ മറ്റു വിധത്തില്‍ കൊലപ്പെടുത്തുകയാണു ചെയ്യുക. അല്ലാഹു ശിക്ഷിക്കും പോലെ തീ കൊണ്ട് ആരെയു ശിക്ഷിക്കരുതെന്ന് തിരുമേനി കല്‍പ്പിച്ചിട്ടുണ്ട്.” [ബുഖാരി-1256 സി എന്‍ ]

“ അബൂ മൂസ പറയുന്നു. തിരുമേനി എന്നെയും മുആദിനെയും യമനിലേക്ക് ഗവര്‍ണര്‍മാരായി അയച്ചു. ഓരോരുത്തരെയും ഓരോ സ്റ്റേറ്റിലേക്കാണ് അയച്ചത്. യമന്‍ അന്നു രണ്ടു സ്റ്റേറ്റുകളായിരുന്നു. ...ഒരിക്കല്‍ മുആദ് എന്റെ സംസ്ഥാനത്തുകൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ കോവര്‍കഴുതയുടെ പുറത്തു കയറിക്കൊണ്ട് എന്റെ അടുക്കല്‍ വന്നു. ഞാന്‍ ഇരിക്കുകയായിരുന്നു. ജനങ്ങള്‍ ചുറ്റും സമ്മേളിച്ചിട്ടുണ്ട്. ഒരു മനുഷ്യനെ കൈകള്‍ രണ്ടും കഴുത്തിലേക്കു ചേര്‍ത്തു കട്ടി നിര്‍ത്തിയിട്ടുണ്ട്. മുആദ് ചോദിച്ചു അബൂ മൂസാ ആരാണീ മനുഷ്യന്‍? ഞാന്‍ പറഞ്ഞു. ‘ഇയാള്‍ ഇസ്ലാം സ്വീകരിച്ച ശേഷം വീണ്ടും കാഫിറായിരിക്കുകയാണ്’ . മുആദ് പറഞ്ഞു. ‘അവനെ കൊന്നിട്ടല്ലാതെ ഞാന്‍ ഈ കഴുതപ്പുറത്തുനിന്ന് ഇറങ്ങുകയില്ല’. ഞാന്‍ പറഞ്ഞു ‘അവനെ അതിനു വേണ്ടിത്തന്നെയാണു കൊണ്ടു വന്നിട്ടുള്ളത്. താങ്കള്‍ ഇറങ്ങിക്കൊള്ളു.’ മുആദ് പറഞ്ഞു ‘ഇല്ല; അവനെ കൊന്നിട്ടല്ലാതെ ഞാനിറങ്ങില്ല’. ഞാന്‍ കല്‍പ്പിച്ചതനുസരിച്ച് ആ മനുഷ്യന്‍ വധിക്കപ്പെട്ടു. പിന്നീട് മുആദ് വാഹനത്തില്‍നിന്നിറങ്ങി....”[ബുഖാരി-1632]


ഇസ്ലാം മതത്തെക്കാള്‍ ആകര്‍ഷകമായ നവീന ദര്‍ശനങ്ങളാരെങ്കിലും അവതരിപ്പിച്ചാല്‍ അവരെ എന്തു ചെയ്യണമെന്നും നബിതിരുമേനി ഉപദേശിച്ചു തന്നിട്ടുണ്ട്.

“അലി പറയുന്നു. ഞാന്‍ തിരുമേനിയില്‍നിന്നും ഒരു വാര്‍ത്ത ഉദ്ധരിക്കുമ്പോള്‍ തിരുമേനിയുടെ പേരില്‍ കള്ളം പറയാനിടവരുന്നതിനേക്കാള്‍ എനിക്കിഷ്ടം ആകാശത്തുനിന്നും താഴേക്കു വീഴുന്നതാണ്. ഞാനും നിങ്ങളുമായി സംസാരിക്കുമ്പോഴാകട്ടെ ,യുദ്ധം ശത്രുവിനെ കീഴടക്കാനുള്ള ഒരു ഗൂഡതന്ത്രമായതുകൊണ്ട് , ചിലതെല്ലാം തുറന്നു പറഞ്ഞില്ലെന്നും വരാം. തിരുമേനി അരുളുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. ‘അവസാനകാലത്ത് ,ബുദ്ധിക്കു പക്വത പ്രാപിച്ചിട്ടില്ലാത്ത ചില ചെറുപ്പക്കാര്‍ വരും . ഏറ്റവും ഉത്തമമായ വാക്കുകളാണ് അവര്‍ പറയുക. അമ്പ് മൃഗത്തിന്റെ ശരീരം തുളച്ചു പോകും പോലെ അവര്‍ ഇസ്ലാമില്‍ നിന്നും പുറത്തു പോകും. അവരുടെ ‘ഈമാന്‍’ അവരുടെ തൊണ്ടക്കപ്പുറം കടക്കുകയില്ല. അവരെ നിങ്ങള്‍ എവിടെ വെച്ചു കണ്ടാലും കൊന്നു കളയുക. അവരെ കൊല്ലുന്നവര്‍ക്ക് പുനരുത്ഥാന നാളില്‍ പുണ്യം ഉറപ്പാണ്.”[ബുഖാരി-1466]

ഇസ്ലാമികഭീകരവാദത്തിന്റെ ദാര്‍ശനികാചാര്യനായ മൌദൂദി ഇസ്ലാമിക വിപ്ലവം നടക്കുന്ന സ്ഥലങ്ങളില്‍ മുര്‍ത്തദ്ദിന്റെ[മതപരിത്യാഗി] കാര്യത്തില്‍ സ്വന്തം നിലക്ക് ചില ഇളവുകള്‍ അനുവദിച്ചു തരുന്നുണ്ട്. പാരമ്പര്യ മതം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കൊല്ലത്തെ “പ്രൊബേഷന്‍” അനുവദിക്കാവുന്നതാണെന്നത്രെ മൌദൂദിയന്‍ ഇജ്തിഹാദ്.!

“ഏതൊരു നാട്ടിലാണോ ഇസ്ലാമിക വിപ്ലവം ഉണ്ടാകുന്നത് അവിടെയുള്ള മുസ്ലിം ജനതയ്ക്ക് ഒരു നോട്ടീസ് നല്‍കപ്പെടും. അതായത് ആരാണോ ഇസ്ലാമില്‍നിന്നും വിശ്വാസപരവും കര്‍മ്മപരവുമായ കാര്യങ്ങളില്‍നിന്നും വിട്ടു നില്‍ക്കാനാഗ്രഹിക്കുന്നത് എന്നാരാഞ്ഞു കൊണ്ടുള്ള നോട്ടീസ്. ഈ വിളംബരത്തിനു ശേഷം ഒരു വര്‍ഷത്തിനകം അമുസ്ലിം ആകാന്‍ ആഗ്രഹിക്കുന്നവര്‍ അമുസ്ലിംങ്ങളാണെന്നു പ്രഖ്യാപിച്ചുകൊണ്ട് മുസ്ലിം സൊസൈറ്റിയില്‍നിന്നും പുറത്തു പോകേണ്ടതാണ്. ഈ കാലപരിധിക്കു ശേഷം ജന്മനാ മുസ്ലിംങ്ങളെല്ലാം മുസ്ലിംങ്ങളായി കണക്കാക്കപ്പെടും. ഇസ്ലാമിന്റെ എല്ലാ നിയമങ്ങളും അവരില്‍ പ്രാവര്‍ത്തികമാക്കപ്പെടും. ഇസ്ലാമിലെ എല്ലാ നിര്‍ബ്ബന്ധിത കര്‍മ്മങ്ങളും ബാധ്യതകളും നടപ്പാക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരായിത്തീരും. ഇതിനു ശേഷം ആരെങ്കിലും ഇസ്ലാമികവൃത്തത്തില്‍നിന്നും പുറത്തു പോകാന്‍ ആഗ്രഹിച്ചാല്‍ അവര്‍ വധിക്കപ്പെടും. കുഫ്രിന്റെ മടിത്തട്ടില്‍ വീഴാന്‍ പോകുന്ന ധാരാ‍ളം സ്ത്രീപുരുഷന്മാരെ ഈ വിധം രക്ഷപ്പെടുത്താന്‍ ശ്രമിക്കും. അതായത് ഒരു വിധത്തിലും രക്ഷപ്പെടുത്താന്‍ സാധിക്കാത്തവരെ നമ്മുടെ സൊസൈറ്റിയില്‍നിന്നും വിഛേദിച്ചെറിയപ്പെടും. (വധിക്കപ്പെടും). ഈ ശുദ്ധീകരണത്തിനു ശേഷം സ്വമനസ്സാലെ മുസ്ലിമായിക്കഴിയാന്‍ ആഗ്രഹിക്കുന്നവരെക്കൊണ്ട് പുതിയൊരു ഇസ്ലാമിക സൊസൈറ്റിയുടെ ആരംഭം കുറിക്കുന്നതാണ്.”.(മുര്‍ത്തദ് കീ ശസായേം ഇസ്ലാമി ഖാനൂന്‍ മെം 1950-പേ.80)

മൌദൂദിയുടെ വ്യാഖ്യാനമനുസരിച്ച് ഇസ്ലാം ഒരു എലിക്കെണിയാണ്. അകത്തേക്കു കടക്കാം. പക്ഷേ പുറത്തേക്കു വാതിലില്ല.
മതത്തില്‍ ബലപ്രയോഗമില്ല എന്ന ഖുര്‍ ആന്‍ വാക്യത്തിനു മൌദൂദി നല്‍കുന്ന വ്യാഖ്യാനം ഇങ്ങനെയാണ്. :

‘ലാ ഇക്രാഹഫിദ്ദീന്‍ എന്ന ആയത്തിന്റെ അര്‍ത്ഥം ഞങ്ങളുടെ മതം സ്വീകരിക്കാന്‍ ആരെയും ഞങ്ങള്‍ നിര്‍ബ്ബന്ധിക്കുന്നില്ല എന്നാണ്. -ഞങ്ങളുടെ നിലപാടിതാണ്. എന്നാല്‍ വന്നിട്ട് തിരിച്ചു പോകാനാണ് ഭാവമെങ്കില്‍ ഈ വാതില്‍ സ്വതന്ത്രമായ ഗതാഗതത്തിനു തുറന്നിടപ്പെട്ടിട്ടുള്ള ഒന്നല്ല എന്ന് ആദ്യമേ തന്നെ മുന്നറിയിപ്പു നല്‍കുകയാണ്. അതുകൊണ്ട് വരുന്നുവെങ്കില്‍ തിരിച്ചു പോകാന്‍ പാടുള്ളതല്ല. അല്ലെങ്കില്‍ നിങ്ങള്‍ വരാതിരിക്കുന്നതാണു നല്ലത്.’ (അതേ പുസ്തകം)

മൌദൂതിയുടെ സംഘടനയില്‍ അംഗമായവര്‍ക്കും പിന്നെ പുറത്തു പോകാന്‍ അവകാശമില്ല:
“മതപരിത്യാഗിയെ വധിക്കുക എന്നതിന് ഈ അര്‍ത്ഥം കൊടുക്കുന്നതും തെറ്റാണ്. അതായത് ഒരാള്‍ക്ക് മരണഭയം നല്‍കിക്കൊണ്ട് കപടത സ്വായത്തമാക്കാന്‍ നിര്‍ബ്ബന്ധിക്കുക എന്നാണ് ഇതിനര്‍ത്ഥം. വസ്തുത നേരെ മറിച്ചാണ്. ഞങ്ങള്‍ അത്തരത്തിലുള്ളവരുടെ നേരെ ഞങ്ങളുടെ ജമാ അത്തിലേക്കു കയറാനുള്ള വാതില്‍ കൊട്ടിയടക്കാനാണ് ആഗ്രഹിക്കുന്നത്. അവര്‍ പല വിധത്തിലുള്ള രോഗങ്ങള്‍ക്കും അടിമകളാണ്. അവരുടെ വിശ്വാസം ഇടക്കിടെ മാറ്റുക എന്നത് അവര്‍ക്കൊരു തമാശപോലെയാണ്. അതുകൊണ്ട് ഈ ജമാ അത്തിനകത്ത് കയറാനാഗ്രഹിക്കുന്നവരോട് ആദ്യമേതന്നെ താക്കീതായി പറയുന്നത് ഇവിടെനിന്നു തിരിച്ചു പോകുന്നതിനുള്ള ശിക്ഷ മരണമാകുന്നു. അങ്ങിനെ ഇതില്‍ പ്രവേശിക്കുന്നതിനു മുമ്പ് ഒരു നൂറു പ്രാവശ്യം ചിന്തിക്കട്ടെ ഈ ജമാ അത്തില്‍ പ്രവേശിക്കണോ വേണ്ടേ എന്ന്. എന്നാല്‍ മാത്രമേ ഇനിയൊരിക്കലും തിരിച്ചു പോകുന്നതല്ല എന്ന ഉറപ്പോടെ ഇതില്‍ വരാന്‍ അവര്‍ക്കു സാധിക്കുകയുള്ളു.”(അതേ പുസ്തകം)

മനുഷ്യാവകാശങ്ങള്‍ സ്വന്തം മതക്കാര്‍ക്കു മാത്രമായുള്ളതായി പരിമിതപ്പെടുത്തുന്നു മൌദൂദി.-

“മതപരിത്യാഗത്തിനു വധശിക്ഷയാണെന്നു തീരുമാനിക്കപ്പെട്ടതോടെ പ്രശ്നം പരിഹരിച്ചു. ഒരു മുസ്ലിമിനെയും അന്യമതം സ്വീകരിക്കാന്‍ നാം അനുവദിക്കുന്നതല്ല. എന്നു വരുമ്പോള്‍ നമ്മുടെ അധികാരപരിധിയില്‍ അന്യമതസ്ഥര്‍ക്കു പ്രചാരണം നടത്തുക എന്ന പ്രശ്നം തന്നെ ഉല്‍ഭവിക്കുന്നില്ല. നാം ഒരിക്കലും അതു സഹിക്കുകയില്ല. ...അത്തരം വ്യാജമതങ്ങള്‍ ലോകത്ത് പ്രചരിപ്പിക്കാന്‍ ഇസ്ലാം ഒരിക്കലും അനുവദിക്കുന്നില്ല. വ്യാജമതങ്ങളുടെ പ്രബോധകര്‍ക്ക് അതു ലോകത്തു പ്രചരിപ്പിക്കാനും മറ്റുള്ളവരെ അഗ്നിയിലേക്ക് ആകര്‍ഷിക്കാനും അനുവാദം കൊടുക്കാമോ? അവര്‍ സ്വയം തന്നെ അഗ്നിയിലേക്കു പാഞ്ഞടുക്കുകയാണ്. ” (അതേ പുസ്തകം)

ഇനി മൌദൂദിയുടെ കേരളത്തിലെ അനുയായികളുടെ നിലപാടു കൂടി നോക്കാം. അടുത്തയിടെ ഒരു ചര്‍ച്ചയില്‍ ഈ വിഷയത്തെ കുറിച്ചു ശ്രീ ഓ അബ്ദുറഹിമാന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. “ശരിയായ മതത്തില്‍ എത്തിയാല്‍ പിന്നെ മതപരിവര്‍ത്തനം ആവശ്യമില്ലാത്തതിനാല്‍ മതപരിത്യാഗിയുടെ വിഷയം തന്നെ അപ്രസക്തമാണല്ലോ”.
ഇദ്ദേഹം ഒരു പുസ്തകത്തില്‍ ഇക്കാര്യം വിശദീകരിക്കുന്നതുകൂടി കാണുക.

“ഇസ്ലാം സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരിക്കെ , അതു സത്യമാണെന്നു മനസ്സിലാക്കി സ്വമേധയാ അതില്‍ പ്രവേശിച്ചവന്‍ പിന്നീട് അത് ഉപേക്ഷിച്ചു പോകുന്നുവെങ്കില്‍ തികഞ്ഞ വഞ്ചനയും മുസ്ലിം സൊസൈറ്റിയെ ശിഥിലീകരിക്കാനുള്ള കപടതന്ത്രവുമായിട്ടാണ് ഇസ്ലാം അതിനെ കാണുന്നത്. അവരെ പിടി കൂടാനോ ശിക്ഷിക്കാനോ വ്യക്തികള്‍ക്ക് അധികാരമില്ലെങ്കിലും ഇസ്ലാമിക സ്റ്റേറ്റിന്റെ ഭദ്രത നിലനിര്‍ത്താന്‍ ദ്രോഹകാരികളായ ഇത്തരം ആളുകളെ ഇസ്ലാമിക കോടതി വിചാരണ ചെയ്യും. കുറ്റം തെളിഞ്ഞാല്‍ തെറ്റു തിരുത്താന്‍ അവസരം നല്‍കും. തിരുത്താനും തയ്യാറായില്ലെങ്കില്‍ വധശിക്ഷയ്ക്കു വിധിക്കും” (യുക്തിവാദികളും ഇസ്ലാമും. ഒ അബ്ദുറഹിമാന്‍ . പേജ്.141)

ഇസ്ലാമിന്റെ വിമര്‍ശകരെ “രാജ്യത്ത് ഇസ്ലാമികനിയമങ്ങള്‍ നിലവിലില്ലാത്തതുകൊണ്ടു മാത്രം ആയുസ്സു നീട്ടിക്കിട്ടിയവര്‍” എന്നു പരിഹസിച്ചുകൊണ്ട് തന്റെ അസഹിഷ്ണുതയും വിദ്വേഷവും വെളിപ്പെടുത്തുന്ന ഈ ജമാ അത്തു ബുദ്ധിജീവി , മൌദൂദിസ്റ്റുകളല്ലാത്ത ലിബറല്‍ പണ്ഡിതന്മാരെ ഉദ്ധരിച്ചുകൊണ്ടാണ് മുര്‍ത്തദ്ദിനു പുതിയ നിര്‍വ്വചനം ചമയ്ക്കാന്‍ ശ്രമിക്കുന്നത്.

വിശ്വാസസ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവും മറ്റും വ്യക്തിയുടെ മൌലികാവകാശത്തിലുള്‍പ്പെടുന്നുവെന്നാണു പരിഷ്കൃത സമൂഹത്തിന്റെ നിലപാട്. .ഒരാള്‍ക്കു കരുതിക്കൂട്ടി ചെയ്യാവുന്ന ഒരു പ്രവൃത്തിയല്ലല്ലോ വിശ്വാസം. അന്ധമായി അനുകരിക്കപ്പെടുന്നതോ അടിച്ചേല്‍പ്പിക്കപ്പെടുന്നതോ ആയ വിശ്വാസങ്ങള്‍ സ്വതന്ത്രവും യുക്തിപരവുമായ പരിശോധനകള്‍ കൂടാതെയാണ് ഓരോരുത്തരും സ്വായത്തമാക്കുന്നത്. തെളിവുകളില്ലാത്ത സങ്കല്‍പ്പകഥകളാണ് മതങ്ങളുടെ അടിസ്ഥാനം. ഒരു വിശ്വാസം മറ്റൊന്നിനെക്കാള്‍ മെച്ചപ്പെട്ടതാണെന്നു തെളിയിക്കാനോ ബോധ്യപ്പെടുത്താനോ ആര്‍ക്കും സാധ്യവുമല്ല. അതിനാല്‍ ഒന്നു പുണ്യവും മറ്റൊന്നു പാപവുമാണെന്നു വിധിക്കുന്നതും അയുക്തികമാണ്.

ബോധ്യപ്പെടാത്തതു കണ്ണടച്ചു വിശ്വസിക്കാന്‍ ഒരാള്‍ വിസമ്മതിക്കുന്നുവെങ്കില്‍ അയാളെ കുറ്റവാളിയെന്നു മുദ്രകുത്തി മരണശിക്ഷക്കു വിധേയമാക്കുന്നതില്പരം ക്രൂരമായ അനീതി മറ്റെന്തുണ്ട്? തന്റെ അന്ധമായവിശ്വാസങ്ങള്‍ തെറ്റാണെന്നൊരാള്‍ക്കു ബോധ്യം വന്നാല്‍ അതുപേക്ഷിച്ച് മറ്റൊരാശയം സ്വീകരിക്കുന്നത് ഒരു ക്രിമിനല്‍ കുറ്റമാകുന്നതെങ്ങനെ?

ഇല്ലാത്ത ദൈവങ്ങളുടെ പേരില്‍ മതസ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിക്കുന്ന നിയമസംഹിതകളെ നിരുപാധികം അനുസരിക്കുക എന്നതിനപ്പുറം മനുഷ്യര്‍ക്കു മറ്റൊരു അവകാശവും അംഗീകരിച്ചു കൊടുക്കുവാന്‍ ഇസ്ലാം എന്ന പ്രാകൃതസിദ്ധാന്തം തയ്യാറല്ല. സ്വന്തം നിലയില്‍ തീരുമാനങ്ങള്‍ എടുക്കാനോ തന്റെ പ്രവര്‍ത്തനങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തം വഹിക്കാനോ കെല്‍പ്പുള്ള ഒരു സ്വതന്ത്ര വ്യക്തിയായി മനുഷ്യനെ ഈ മതം അംഗീകരിക്കുന്നില്ല.
മനുഷ്യാവകാശങ്ങളും മാനവികമൂല്യങ്ങളും ആദരിക്കപ്പെടുന്ന ഒരു സമൂഹം സാധ്യമാകണമെങ്കില്‍ മതമൂഢവിശ്വാസങ്ങളെ യുക്തിചിന്തയാകുന്ന ഇരുമ്പു ഗദ കൊണ്ട് അടിച്ചു തകര്‍ക്കുകതന്നെ വേണം.

Tuesday, June 2, 2009

കമല സുരയ്യയുടെ ഖബറടക്കം ; മതേതര മലയാളം മാതൃക കാട്ടി.

കമലാ സുരയ്യയുടെ മരണവാര്‍ത്തയറിഞ്ഞയുടന്‍ തന്നെ സാംസ്കാരികവകുപ്പു മന്ത്രി എം എ ബേബി പൂനയിലെക്കു പോവുകയും അവരുടെ മക്കളുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. സംസ്കാരം കേരളത്തില്‍ തന്നെ നടത്താനുള്ള ആഗ്രഹം മന്ത്രി അറിയിച്ചപ്പോള്‍ “അമ്മയുടെ അവസാനത്തെ വിശ്വാസമനുസരിച്ചു തന്നെ ആചാരങ്ങള്‍ നടത്തണം.” എന്ന നിലപാടായിരുന്നു മക്കള്‍ സ്വീകരിച്ചത്. ഇത് അവരുടെ വലിയ മനസ്സിനെയാണു പ്രതിഫലിപ്പിക്കുന്നത്. തികച്ചും മാതൃകാപരമായ നിലപാട്.

തിരുവനന്തപുരത്തു നടന്ന ഖബറടക്ക ച്ചടങ്ങുകളിലും മലയാള മനസ്സിന്റെ നന്മയും ആര്‍ദ്രതയും ദൃശ്യമായി. ഒരു മുസ്ലിം പള്ളി യുടെ ശവപ്പറമ്പില്‍ നാനാ ജാതി മതസ്ഥരും മതേതരരും സ്ത്രീകളും ഒരുമിച്ചു ചേര്‍ന്ന് ഒരു സ്ത്രീയുടെ സംസ്കാരം നടത്തുന്ന കാഴ്ച്ച അത്യപൂര്‍വ്വവും ഹൃദ്യവുമായിരുന്നു. കമലയുടെ മക്കളും ബന്ധുക്കളും ആ ഖബറിലേയ്ക്കു മണ്ണിടുന്ന രംഗം കണ്ടപ്പോള്‍ കണ്ണില്‍ ഈറന്‍ പൊടിഞ്ഞു. പള്ളിപ്പറമ്പില്‍ സാധാരണ സ്ത്രീകള്‍ ശവസംസ്കാരച്ചടങ്ങുകളില്‍ ഒരു തരത്തിലും പങ്കു ചേരുന്നത് ഇതിനു മുമ്പ് കണ്ടിട്ടില്ല. ഇസ്ലാം അതനുവദിക്കുന്നുമില്ല.
മതം തീര്‍ത്തു വെച്ച വേലിക്കെട്ടുകള്‍ തകരുകയും പകരം വിശാലമായ മാനവികതയുടെ പുതിയ അധ്യായങ്ങള്‍ തുറക്കപ്പെടുകയും ചെയ്യുന്നത് തീര്‍ത്തും സന്തോഷകരമാണ്. മാധവിക്കുട്ടിയുടെ മതം മാറ്റം അവര്‍ക്കു ഗുണമൊന്നും ചെയ്തില്ലെങ്കിലും മുസ്ലിം സമൂഹത്തിനു ചില ഗുണങ്ങള്‍ അറിയാതെയാണെങ്കിലും ഉണ്ടായി എന്നു തോന്നുന്നു.
കമലാ സുരയ്യയുടെ മക്കള്‍ കാണിച്ച ഈ വിശാലമന‍സ്കതയും മനുഷ്യത്വവും തിരിച്ചു മുസ്ലിംങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കാണിക്കുമോ?
ഒരു സുരയ്യ , കമലയായി അങ്ങോട്ടാണു മതം മാറുന്നതെങ്കില്‍ ഈ നല്ല മാതൃക മുസ്ലിം സമൂഹത്തില്‍ നിന്നും ഉണ്ടാകുമായിരുന്നോ?
മുസ്ലിം സുഹൃത്തുക്കളുടെ ആലോചനയ്ക്ക് മാത്രം ചോദിച്ചതാണ്?

ഈ ദൈവിക വെളിപാടിന്റെ പശ്ചാത്തലത്തില്‍ :-
يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُوۤاْ آبَآءَكُمْ وَإِخْوَانَكُمْ أَوْلِيَآءَ إِنِ ٱسْتَحَبُّواْ ٱلْكُفْرَ عَلَى ٱلإِيمَانِ وَمَن يَتَوَلَّهُمْ مِّنكُمْ فَأُوْلَـٰئِكَ هُمُ ٱلظَّالِمُونَ
“അല്ലയോ സത്യവിശ്വാസികളേ, സ്വന്തം മാതാപിതാക്കളും സഹോദരങ്ങളും വിശ്വാസത്തിനു പകരം അവിശ്വാസമാണു തെരഞ്ഞെടുക്കുന്നതെങ്കില്‍ അവരെ നിങ്ങള്‍ ബന്ധുക്കളാക്കി നിലനിര്‍ത്തരുത്. ആരെങ്കിലും ബന്ധം തുടരുന്ന പക്ഷം അവര്‍ അക്രമികള്‍ തന്നെ (കുര്‍ ആന്‍-9:23)
മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.