Friday, February 27, 2009

മദ്രസാധ്യാപകര്‍ക്കു പെന്‍ഷന്‍ കൊടുക്കേണ്ടതാര്?

രാഷ്ട്രീയക്കാരുടെ മതപ്രീണനം നാടിനാപത്ത്.

ബ്രിട്ടീഷ് സാമ്രാജ്യത്വം അവരുടെ കോളനി വാഴ്ച്ച നിലനിര്‍ത്തുന്നതിനായി പ്രയോഗിച്ച ഹീനതന്ത്രമായിരുന്നു മത സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് പ്രജകളെ ഭിന്നിപ്പിക്കുക എന്നത്. സ്വാതന്ത്ര്യാനന്തര ജനാധിപത്യഭരണകൂടങ്ങളും അധികാരത്തിലേക്കുള്ള കുറുക്കു വഴിയായും, അധികാരം സംരക്ഷിക്കാനുള്ള എളുപ്പ മാര്‍ഗ്ഗമായും പ്രയോഗിച്ചുകൊണ്ടിരിക്കുന്നത് ഇതേ സൃഗാലസൂത്രം തന്നെയാണ്. ജനങ്ങളുടെ മത ജാതി വികാരങ്ങളെ തെരഞ്ഞെടുപ്പില്‍ അനുകൂല വോട്ടാക്കി മാറ്റാന്‍ എന്തു നെറികെട്ട പ്രവൃത്തിയും ചെയ്യാമെന്ന നിലയിലേക്കു നമ്മുടെ രാഷ്ട്രീയ സദാചാരം അധപ്പതിച്ചിട്ടുണ്ട്. മതത്തെയും ജാതിവിഭാഗങ്ങളെയും പ്രീണിപ്പിച്ചു വശത്താക്കാന്‍ പരസ്പരം മത്സരിക്കുകയാണിന്നു മുഖ്യ ധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍. അനുദിനം കരുത്താര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന വര്‍ഗ്ഗീയഭ്രാന്തിനും ജാതിസ്പര്‍ധകള്‍ക്കും കാരണം രാഷ്ട്രീയത്തിന്റെ ഈ മൂല്യാപജയമല്ലാതെ മറ്റൊന്നുമല്ല. അരിവിലയെക്കാള്‍ അരവണവിതരണവും, കുടിവെള്ളത്തെക്കാള്‍ സംസംവെള്ളവും ഇന്നു പ്രധാന ജീവിതപ്രശ്നമാകുന്നതിന്റെ രാഷ്ട്രീയം ലളിതമാണ്!.

മനുഷ്യന്റെ പ്രശ്നങ്ങളെ ഉള്ളവന്റെയും ഇല്ലാത്തവന്റെയും പ്രശ്നമായി കണ്ട് വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ കൊടി പിടിച്ചു വളര്‍ന്ന പ്രസ്ഥാനങ്ങള്‍ പോലും ഇന്ന് വര്‍ഗ്ഗീയപ്രീണനമാണു വോട്ടു കച്ചവടത്തില്‍ ലാഭകരമെന്നു കണ്ടെത്തുകയും അതു ന്യായീകരിക്കാന്‍ സിദ്ധാന്തങ്ങള്‍ ചമയ്ക്കുകയും ചെയ്യുന്നു. ഇതിന്റെ ഒടുവിലത്തെ പ്രയോഗദൃഷ്ടാന്തമാണ് മദ്രസാ മുസ്ലിയാന്മാര്‍ക്കുള്ള പുതിയ “ക്ഷേമപദ്ധതി”കള്‍.

സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സമുദായക്ഷേമ പദ്ധതികള്‍ എത്രത്തോളം പ്രസ്തുത സമുദായത്തിന്റെ പിന്നാക്കാവസ്ഥയ്ക്കു പരിഹാരമാകും എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്.
ഏതൊരു പ്രശ്നവും അതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുമ്പോള്‍ മാത്രമേ ശാശ്വതവും ശാസ്ത്രീയവുമായ പരിഹാരമാകുന്നുള്ളു.

മുസ്ലിം സമുദായം വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും ധാര്‍മ്മികമായും പിന്നാക്കം നില്‍ക്കുന്ന ഒരു വിഭാഗമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതു പരിഹരിക്കാന്‍ പ്രത്യേകം പരിഗണന നല്‍കുന്നതിലും തെറ്റില്ല. പക്ഷെ നടപ്പിലാക്കുന്ന പദ്ധതികള്‍ സമുദായത്തിന്റെ പിന്നാക്കാവസ്ഥയ്ക്കു പരിഹാരമുണ്ടാക്കുന്നതായിരിക്കണം. മദ്രസയിലെ മുസ്ലിയാര്‍ക്കു പെന്‍ഷന്‍ നല്‍കുന്നതു മൂലം സമുദായത്തിന്റെ ഏതു പിന്നാക്കാവസ്ഥയാണു പരിഹരിക്കപ്പെടുക? മദ്രസാ മുസ്ലിയാര്‍ക്കു ശംബളം നലകാന്‍ പണമില്ലാത്തതാണോ മുസ്ലിം സമുദായത്തിന്റെ പ്രശ്നം? ആവശ്യത്തിലേറെ പണം സ്വദേശത്തുനിന്നും വിദേശത്തു നിന്നും, മതത്തിന്റെ പേരില്‍ ഇപ്പോള്‍ തന്നെ സമാഹരിക്കപ്പെടുന്നുണ്ട്. അതൊന്നും സമുദായത്തിലെ പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമത്തിനോ പുനരധിവാസത്തിനോ വേണ്ടിയല്ല ചെലവഴിക്കപ്പെടുന്നത്. അനാവശ്യമായി പള്ളികളും മിനാരങ്ങളും കെട്ടിപ്പൊക്കുന്നതിനും, വന്‍ തോതിലുള്ള മതപ്രചാരണങ്ങള്‍ക്കും പലതരം സംഘടനകളും സ്ഥാപനങ്ങളും ഭീകരപ്രസ്ഥാനങ്ങളും രൂപീകരിച്ചുള്ള വിഭാഗീയപ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെയായി ഈ ധനം മുഴുവന്‍ ദുര്‍വ്യയം ചെയ്യപ്പെടുകയാണു ചെയ്യുന്നത്. ഇപ്രകാരം കണക്കും നിയന്ത്രണവുമില്ലാതെ ഒഴുകിയെത്തുന്ന ധനം സമുദായത്തിലെ ദാരിദ്ര്യ‌വും തൊഴിലില്ലായ്മയും പട്ടിണിയുമൊക്കെ പരിഹരിക്കുന്നതിനുതകും വിധം പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കില്‍ സമുദായം എന്നേ നന്നായിപ്പോയേനേ!

തൊഴില്‍ രംഗത്തും അധികാരകേന്ദ്രങ്ങളിലും മറ്റും മുസ്ലിം പ്രാതിനിധ്യം കുറഞ്ഞു പോകാന്‍ കാരണമെന്ത് എന്നാണ് ആദ്യം കമ്മീഷനെ വെച്ച് അന്യേഷിക്കേണ്ടത്. അത്തരം ഒരന്യേഷണം ഇതു വരെ ആരും നടത്തിയതായി അറിവില്ല. സാമുദായികമായി വേര്‍തിരിച്ചുള്ള ചില സ്ഥിതിവിവരണക്കണക്കുകള്‍ അവതരിപ്പിക്കുക മാത്രമേ സച്ചാര്‍ കമ്മിഷനും മറ്റ് അന്യേഷണ ഏജന്‍സികളും ചെയ്തിട്ടുള്ളു. എന്തുകൊണ്ട് പ്രാതിനിധ്യം കുറഞ്ഞു പോകുന്നു എന്ന് കണ്ടെത്തുമ്പോള്‍ മാത്രമേ പ്രശ്നത്തിനുള്ള യഥാര്‍ത്ഥ പരിഹാരം നിര്‍ദ്ദേശിക്കാന്‍‍ കഴിയൂ. ഉപരിപ്ലവമായ ‘ലേപന ചികിത്സ’ കൊണ്ടു രോഗം ഭേദമാകില്ല. രോഗ കാരണമായ വസ്തുതകള്‍ക്കാണു പരിഹാരം കാണേണ്ടത്.

ഇവിടെ രോഗകാരണമായ രോഗാണുക്കള്‍ക്കു തന്നെ പോഷണം നല്‍കാനാണു നമ്മുടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുസ്ലിം സമൂഹം വിദ്യാഭ്യാസ രംഗത്തോടു മുഖം തിരിഞ്ഞു നില്‍ക്കുന്നതാണു അവരുടെ സമസ്ഥ പിന്നാക്കാവസ്ഥയുടെയും അടിസ്ഥാന‍ കാരണം. വിദ്യാഭ്യാസരംഗത്തെ പുരോഗതിക്കു പ്രധാന തടസ്സം മത പഠനവും മതപരമായ വിലക്കുകളുമാണ്. ഭൌതിക വിദ്യാഭ്യാസവും ഭൌതിക ജീവിതം തന്നെയും അപ്രധാനമാണെന്നും മതപരമായ അറിവു മാത്രമേ വേണ്ടതുള്ളുഎന്നുമുള്ള അന്ധവിശ്വാസമാണ് അടുത്ത കാലം വരെയും സമുദായം പുലര്‍ത്തിപ്പോന്നിരുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തില്‍ ഇന്നും ആ നില മാറിയിട്ടുമില്ല. കൌമാരപ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കുകയും അവരുടെ വിദ്യാഭ്യാസ സാധ്യതകളെ മുളയിലേ നുള്ളിക്കളയുകയുമാണു ചെയ്യുന്നത്. ഇതു പെണ്‍കുട്ടികളുടെ മാത്രമല്ല; അവരാല്‍ ജന്മം നല്‍കപ്പെടുന്ന ആണ്‍കുട്ടികളുടെയും വിദ്യാഭ്യാസപുരോഗതിയെ വലിയ തോതില്‍ ബാധിക്കുന്നു. മക്കളുടെ വിദ്യാഭ്യാസകാര്യത്തില്‍ അമ്മമാരുടെ അറിവും അനുഭവങ്ങളും ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്. കൌമാരത്തില്‍ അമ്മമാരാകാന്‍ വിധിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് അവരുടെ മക്കള്‍ക്കു ശരിയായ ശിക്ഷണം നല്‍കാനോ പഠനത്തില്‍ സഹായിക്കാനോ കഴിയാതെവരുന്നു. ഇതൊക്കെയാണു മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനകാരണങ്ങള്‍.

സമുദായത്തിന്റെ പുരോഗതിയാണു സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ ഇപ്പറഞ്ഞ പ്രശ്നങ്ങള്‍ക്കു ശാശ്വതമായ പരിഹാരമുണ്ടാക്കാന്‍ സമഗ്രമായ പദ്ധതിയാവിഷ്കരിച്ചു നടപ്പിലാക്കാനാണു ശ്രമിക്കേണ്ടത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു പരമാവധി പ്രോത്സാഹനം നല്‍കണം. അതിനായുള്ള നിരന്തര ബോധവല്‍ക്കരണത്തിനും സര്‍ക്കാര്‍ പദ്ധതികളുണ്ടാകണം. കൌമാരവിവാഹങ്ങള്‍ ഫലപ്രദമായി തടയണം. മദ്രസാ അധ്യാപകര്‍ക്കു തന്നെ ഈ വക കാര്യങ്ങളില്‍ ബോധവല്‍ക്കരണക്ലാസ്സുകളും പരിശീലനങ്ങളും നല്‍കണം.
മദ്രസകളില്‍ എന്തൊക്കെയാണു പഠിപ്പിക്കുന്നത് എന്ന കാര്യവും ഗൌരവമായി പരിശോധിക്കപ്പെടണം. സമുദായത്തിന്റെ പൊതു പിന്നാക്കാവസ്ഥയ്ക്കു വഴി വെക്കുന്നതരത്തിലുള്ള പാഠ്യപദ്ധതികള്‍ തന്നെയാണ് ഇന്നും മദ്രസകളില്‍ കൈകാര്യം ചെയ്യപ്പെടുന്നത്. നൂറ്റാണ്ടുകളായി മാറ്റമില്ലാതെ തുടര്‍ന്നു വരുന്ന പഠനരീതിയും പാഠ്യപദ്ധതിയും കാലാനുസൃതം പരിഷ്കരിക്കാന്‍ വേണ്ട ശ്രമങ്ങളുണ്ടാകണം. കുട്ടികളില്‍ സംകുചിതമായ ചിന്തയും വര്‍ഗ്ഗീയമനോഭാവവും വളര്‍ത്തുന്ന തരത്തിലുള്ള പാഠങ്ങള്‍ മദ്രസാപുസ്തകങ്ങളില്‍ ഉണ്ട്. ഒരു ബഹുമത സമൂഹത്തില്‍ ജീവിക്കുന്ന കുഞ്ഞുങ്ങള്‍ക്കു അടിസ്ഥാനപരമായി നല്‍കേണ്ട ധാര്‍മ്മിക പാഠങ്ങളൊന്നും ഈ മദ്രസാ സിലബസ്സില്‍ ഇല്ലെന്നതാണു യാഥാര്‍ത്ഥ്യം.

അതിന്റെ വിശദാംശങ്ങളിലേക്കു കടക്കാനുദ്ദേശിക്കുന്നില്ലെങ്കിലും ഒന്നു രണ്ടു ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്.
മദ്രസകളിലെ ധാര്‍മ്മിക പാഠങ്ങളില്‍, മുസ്ലിംങ്ങള്‍ പരസ്പരം പാലിക്കേണ്ട മര്യാദകളെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ടെങ്കിലും അന്യ മതസ്ഥരെയും മനുഷ്യരായി പരിഗണിക്കാന്‍ നിര്‍ദേശിക്കുന്നതായി കാണുന്നില്ല. ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെ സ്വന്തം സഹോദരനായി കാണണമെന്നും , മുസ്ലിങ്ങള്‍ പരസ്പരം ഒരു ശരീരത്തിലെ അവയവങ്ങള്‍ എന്നപോലെയും, ഒരു കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങള്‍ എന്ന പോലെയും വര്‍ത്തിക്കേണ്ടതാണെന്നും പറയുന്നു. ഒരു മുസ്ലിം മറ്റൊരു മുസ്ലിമുമായി വഴക്കുണ്ടാക്കരുതെന്നും പിണങ്ങരുതെന്നും ഉപദേശിക്കുന്നു. ഒരു മുസ്ലിം മറ്റൊരു മുസ്ലിമുമായി കലഹമുണ്ടാക്കി അതിലൊരാള്‍ കൊല്ലപ്പെട്ടാല്‍ രണ്ടു പേരും നരകത്തിലായിരിക്കുമെന്നു താക്കീതു നല്‍കുന്നു. ഏഴു വന്‍ പാപങ്ങളില്‍ പെട്ട ഒന്ന് ഒരു മുസ്ലിമിനെ കൊല ചെയ്യലാണെന്നു പഠിപ്പിക്കുന്നു.

ഇതെല്ലാം പിഞ്ചു കുഞ്ഞുങ്ങളുടെ മനസ്സില്‍ തെറ്റായ അവബോധം സൃഷ്ടിക്കാന്‍ ഇടയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
മുസ്ലിംങ്ങള്‍ ന്യൂനപക്ഷമായുള്ള ഒരു ബഹു സമൂഹത്തില്‍ സ്വന്തം കുട്ടികള്‍ മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്നു പഠിപ്പിക്കുമ്പോള്‍ മുസ്ലിംങ്ങള്‍ പരസ്പരം പെരുമാറുന്ന കാര്യം മാത്രം പഠിപ്പിക്കുന്നത് ഉചിതമാണോ എന്ന് സമുദായത്തിലെ നേതാക്കളും വിദ്യാഭ്യാസപ്രവര്‍ത്തകരും ചിന്തിക്കേണ്ടതല്ലേ?

വിശാലമായ മാനവികതയും മതേതരമായ നീതിബോധവും ഉയര്‍ന്ന ജനാധിപത്യബോധവുമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ സഹായകമായ ധാര്‍മ്മിക ബോധനം മത പാഠശാലകളില്‍ നിന്നു കുട്ടികള്‍ക്കു ലഭിക്കുന്നില്ല .
ഇതും സമുദായത്തിന്റെ പൊതു ധാര്‍മ്മിക പിന്നാക്കാവസ്ഥയ്ക്കു കാരണമാകുന്നു.
മത പഠനത്തെയും മതപാഠശാലകളെയും പ്രോത്സാഹിപ്പിക്കാന്‍ ‘ക്ഷേമ പദ്ധതികള്‍’ നടപ്പിലാക്കുന്ന സര്‍ക്കാരിന് ഈ വക കാര്യങ്ങളില്‍ ഇടപെടാന്‍ സാധ്യമാണോ?

മതപഠനം തന്നെയാണു മുസ്ലിം പിന്നാക്കാവസ്ഥയുടെ പ്രധാന കാരണമെന്നിരിക്കെ, അതിനെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നത് ആ സമുദായത്തിന്റെ ഉന്നതി കാംസ്ക്ഷിക്കുന്നതുകൊണ്ടാണെന്നു കരുതാമോ? . തല്‍ക്കാലം അടുത്ത തെരഞ്ഞെടുപ്പില്‍ ആ വിഭാഗത്തിന്റെ വോട്ടു നേടുക എന്നതിലപ്പുറം ഒരു സമുദായസംരക്ഷണ താല്‍പ്പര്യവും ഇതിനു പിന്നിലില്ല.
ഭരണകൂടം മത കാര്യങ്ങളില്‍ ഇടപെടാതിരിക്കുക എന്നതാണു മതേതരത്വത്തിന്റെ കാതല്‍. മതം വ്യക്തികളുടെ സ്വകാര്യ പ്രശ്നമായി മാത്രം പരിമിതപ്പെടുത്തണം. മതം ഭരണത്തിലോ രാഷ്ട്രീയത്തിലോ നിയമകാരങ്ങളിലോ ഇടപെടുന്നതും അനുവദിച്ചുകൂടാ. മതവിശ്വാസികളായ മനുഷ്യരുടെ ജീവിതപ്രശ്നങ്ങളിലും അവരുടെ മതേതരമായ ഭൌതികാവശ്യങ്ങളിലുമൊക്കെ സര്‍ക്കാരിന് ഇടപെടാം. പക്ഷെ മതവിശ്വാസവും ആചാരവും ഗവണ്മെന്റിന്റെ ചുമതലയില്‍ പെട്ടതായിരിക്കരുത്.

മദ്രസയില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കു ജീവിക്കാന്‍ ആവശ്യമായ വേതനം നല്‍കേണ്ട ചുമതലയും പെന്‍ഷന്‍ കൊടുക്കേണ്ട ബാധ്യതയുമൊക്കെ അതാതു മത സ്ഥാപനങ്ങളും അതിന്റെ നടത്തിപ്പുകാരും തന്നെ നിര്‍വ്വഹിക്കേണ്ടതാണ്.
ജീവിതകാലം മുഴുവനും നാടിനും നാട്ടുകാര്‍ക്കും വേണ്ടി നടുവൊടിയെ പണി ചെയ്ത കര്‍ഷകത്തൊഴിലാളിക്കു 60 വയസ്സു കഴിഞ്ഞാല്‍ പ്രതിമാസം കിട്ടുന്നത് 200 രൂപ പെന്‍ഷനാണ്. അതും വല്ലപ്പോഴും മാത്രം. ദിവസം രാവിലെ വെറും രണ്ടു മണിക്കൂര്‍ മാത്രം “സേവനം” ചെയ്ത് പിന്നെ വേറെ ജോലിക്കു പോകുന്ന മദ്രസാ ഉസ്താദിനു മാസം 4000 രൂപ പെന്‍ഷന്‍,[അതിന്റെ പകുതി സര്‍ക്കരിന്റെ പൊതു ഖജനാവില്‍നിന്നു ] കൊടുക്കുന്നതു മതപ്രീണനമല്ലാതെ മറ്റെന്താണ്?
ഇത്തരം ദീര്‍ഘവീക്ഷണമില്ലാത്തതും ഭരണഘടനയുടെ സത്തക്കു യോജിക്കാത്തതുമായ നടപടികളില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയുകയാണു വേണ്ടത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്ലിം കുട്ടികള്‍ സ്കൂളുകളില്‍ എത്തുന്നേയില്ല എന്നതാണു വസ്തുത. അത്തരമൊരു സാഹചര്യം പരിഗണിച്ചാണ് പശ്ചിമബംഗാളിലും മറ്റും മദ്രസകളില്‍ എത്തുന്ന കുട്ടികളെ അവിടെ വെച്ച് ഭാഷയും ഗണിതവും ശാസ്ത്രവുമൊക്കെ പഠിപ്പിക്കാന്‍ പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കി അതിനുള്ള ധനസഹായം നല്‍കാന്‍ ഗവര്‍ണ്മെന്റു മുന്നോട്ടു വന്നത്. കേരളത്തില്‍ പക്ഷെ അങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുന്നില്ല. അതിനാല്‍ തന്നെ ഇവിടെ നടപ്പിലാക്കേണ്ടത് ഇവിടെയുള്ള സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള നടപടികളാണ്.

Tuesday, February 10, 2009

ദൈവത്തിനു “ബുദ്ധി”യില്ല!

നിത്യസാക്ഷി said...
ചോദ്യത്തിനുത്തരം തരാതെ പണ്ടത്തെ കമന്റുകള്‍ കോപ്പീസ്റ്റ് അടിക്കാതെ മാഷെ.. .പറയൂ...

'വികസിച്ചു' വന്നപ്പോള്‍ പിന്നിലെ ബുദ്ധി എവിടെ നിന്നു വന്നു?
ക്രമമില്ലാതെ പൊട്ടിത്തെറിക്കുമ്പോള്‍ 'ബുദ്ധി' വരുന്നതെങ്ങിനെ? മനുഷ്യന്‍ പരിണമിച്ചുവെങ്കില്‍, വികസിച്ചുവെങ്കില്‍, അവനു വസ്തുക്കള്‍ പിടിക്കാന്‍ പാകത്തിനു വിരലുകള്‍ ഉണ്ടാകണമെന്ന് ഏതു 'ബുദ്ധി'യാണു തീരുമാനിച്ചത്.എത്ര വികലാംഗര്‍ പിറന്നാലും എത്ര സ്ര്യഷ്ടികള്‍ ഘടന തെറ്റിച്ചാലും ഇക്കാണുന്ന മഹാ പ്രപഞ്ചത്തില്‍ ഒരു 'യുക്തി' ഏതു പൊട്ടനും തെളിഞ്ഞു കാണാം.
ഈ 'യുക്തി'യും 'ശാസ്ത്രീയത'യും പരിണമിച്ചുണ്ടാകുമ്പോള്‍ എവിടെ നിന്നു വരുന്നു എന്നാണു ചോദ്യം.'യുക്തി'യും പരിണമിച്ചുണ്ടാകുമോ ആവോ? 'ബുദ്ധി' പൊട്ടിത്തെറിച്ചുണ്ടാകുമോ?
'ശാസ്ത്രീയ ഘടന' സ്വയം ഭൂവായുണ്ടാകുമോ? ഇതിനൊന്നും പിന്നില്‍ ഒരു മഹാബുദ്ധി ആവശ്യമില്ലേ? സ്വയം പരുവപ്പെട്ടു വന്നുകൊള്ളുമോ കണ്ണിന്റെ റെറ്റിന? സ്വയം ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അനുസ്ര്യതമായി ഡിസൈന്‍ ചെയ്യപ്പെടാന്‍ പല്ലുകള്‍ക്ക് കഴിഞ്ഞതെങ്ങിനെ? കാല്പ്പാദം നടക്കാന്‍ പാകത്തിനു സ്വയം പരുവപ്പെട്ടതെങ്ങിനെ? ഇതിന്റെ പിന്നിലൊന്നും ഒരു ലോജിക്കും വര്‍ക്ക് ചെയ്യുന്നില്ല?!!?


ചോദ്യം ചോദിച്ചാല്‍ ഉത്തരം പറയണം. കൊത്തരം കൊണ്ട് ഓട്ടയടക്കരുത്.



ബുദ്ധി,യുക്തി എന്നിവയാണു പ്രപഞ്ചത്തിലെ ഏറ്റവും വിശിഷ്ടമായ സംഭവം എന്ന ധാരണതന്നെ എവിടെനിന്നു വന്നു? മനുഷ്യനെ സംബന്ധിച്ച് അതായിരിക്കും ഏറ്റവും വിശേഷപ്പെട്ടത്. അതു കൊണ്ട് ദൈവമുള്‍പ്പെടെ മറ്റല്ലാറ്റിനും ഇപ്പറഞ്ഞ ബുദ്ധിയും യുക്തിയും ഉണ്ടാകണം എന്ന ചിന്ത മനുഷ്യ സഹജമായ പരിമിതിയില്‍ നിന്നുണ്ടാകുന്നതല്ലേ?

എന്താണു ബുദ്ധി?

ഞാന്‍ മനസ്സിലാക്കിയതു പറയാം. ഉയര്‍ന്ന തരം ജന്തുക്കളില്‍ വികസിച്ച തലച്ചോറും നാഡീവ്യൂഹവും ഉണ്ട്. അവയുടെ പ്രവര്‍ത്തനം മാത്രമാണു ബുദ്ധിയും യുക്തിയുമൊക്കെ. ശാസ്ത്രം ഈ മേഖലയില്‍ വളരെയേറെ പഠനങ്ങള്‍ നടത്തി വരുന്ന ഒരു കാലമാണിത്. തലച്ചോറില്‍ കോടിക്കണക്കിനു ന്യൂറോണ്‍ കോശങ്ങളുണ്ട്. അവയുടെ തന്തുക്കള്‍ തമ്മിലുള്ള യോജിപ്പുകളില്‍ ഉദ്ദീപനങ്ങള്‍ക്കനുസരിച്ച് വൈദ്യുതപ്രവാഹം പോലുള്ള ജൈവ രാസപ്രവാഹങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ചില രാസപദാര്‍ത്ഥങ്ങള്‍ കാണപ്പെടുന്നു. ഉദ്ദീപനങ്ങള്‍ക്കനുസരിച്ച് അവ തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലൂടെ പ്രവഹിക്കുന്നു. സങ്കീര്‍ണ്ണമായ ഇത്തരം ലക്ഷക്കനക്കിനു പ്രവാഹങ്ങള്‍ തലച്ചോറില്‍ ഓരോ നിമിഷവും നടക്കുന്നു. ഈ പ്രവാഹങ്ങളുടെ ആകെത്തുകയാണു നമ്മുടെ ചിന്തയും ഓര്‍മ്മയും ബുദ്ധിയുമൊക്കെയായി മാറുന്നത്.

തലച്ചോറ് എന്ന ഹാര്‍ഡ് വെയറില്‍ പഞ്ചേന്ദ്രിയങ്ങള്‍ വഴി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന സോഫ്റ്റ്വെയറുകളുടെ പ്രവര്‍ത്തനങ്ങളാണു ബുദ്ധിയെന്നു വേണമെങ്കില്‍ പറയാം. നമുക്കും മറ്റു ജീവികള്‍ക്കും നാം ജീവിക്കുന്ന ചുറ്റുപാടുകളോടു പ്രതികരിക്കാനുള്ള പരിമിതമായ കഴിവു മാത്രമേ ഈ ബുദ്ധിയിലുള്ളു. അതു മനസ്സിലാക്കാത്തതുകൊണ്ടാണു ദൈവത്തിന്റെ‍ കാര്യം പറയുമ്പോള്‍ ബുദ്ധിയുടെയും യുക്തിയുടെയും കാര്യം വലിയ ആനക്കാര്യമായി ചിലര്‍ ഉന്നയിക്കുന്നത്.

ദൈവത്തിനു ബുദ്ധിയുണ്ടെന്നു പറയുമ്പോള്‍ വാസ്തവത്തില്‍ നാം ദൈവത്തെ പിന്നെയും കൊച്ചാക്കുകയാണു ചെയ്യുന്നത്. അതു വിശദീകരിക്കാം. ദൈവത്തിനു “കാഴ്ച്ച”യുണ്ട്; “കേള്‍വി”യുണ്ട്; കാലുണ്ട് ; തലയുണ്ട് എന്നൊക്കെ പറയുന്നതും ; ബുദ്ധിയുണ്ട്, യുക്തിയുണ്ട് എന്നൊക്കെ പറയുന്നതും , ദൈവം ഒരു ജന്തുവാണ് എന്ന അബദ്ധധാരണയില്‍നിന്നാണ്. ജന്തുക്കളില്‍ വികസിച്ചും പരിണമിച്ചും ഉണ്ടായ പരിമിതമായ ചില ശേഷികളാണു മേല്‍പ്പറഞ്ഞവയൊക്കെ. അതൊക്കെത്തന്നെയേ ദൈവത്തിനും ഉള്ളു എന്നതു നമ്മുടെ പരിമിത ബുദ്ധികൊണ്ടു മാത്രം ദൈവത്തെ നിര്‍വ്വചിക്കാനും വിശദീകരിക്കാനും ശ്രമിച്ചതു കൊണ്ടുണ്ടായ വികലധാരാണ‍ മാത്രമാണ്.

എന്തു കൊണ്ട് ദൈവത്തെ കുറെകൂടി മഹത്വമുള്ളതും വലിപ്പമുള്ളതുമായി നമുക്കു കണ്ടു കൂടാ? . ബുദ്ധി എന്ന ജന്തു വൈശിഷ്ട്യത്തെക്കാള്‍ അനേകായിരം മടങ്ങു സങ്കീര്‍ണ്ണവും വിശിഷ്ടവുമായ ഗുണങ്ങള്‍ എന്തു കൊണ്ട് ദൈവത്തിനുണ്ടായിക്കൂടാ? ആരു പറഞ്ഞു ദൈവത്തിനു നമ്മുടെ ബുദ്ധിക്കു സമാനമായ വിശേഷഗുണം മാത്രമേയുള്ളുവെന്ന്? തലച്ചോറ് എന്ന ഭൌതിക പദാര്‍ത്ഥത്തിന്റെ , കേവലം രാസപ്രവര്‍ത്തനമാണു നമ്മുടെ ബുദ്ധിയെങ്കില്‍ അതു ദൈവത്തില്‍ ആരോപിക്കുന്നതും ദൈവത്തെ ചെറുതാക്കലല്ലേ? ദൈവത്തിനു കയ്യും കാലും തലയും തലച്ചോറുമൊക്കെയുണ്ടോ? ദൈവം ഒരു ഇമ്മിണി ബല്യ ജന്തുവാണോ? തലയില്‍ തലച്ചോറുള്ള ജന്തുക്കളുടെ വളരെ പരിമിതമായ സംവേദനശേഷിയാണല്ലൊ ബുദ്ധി. അതെങ്ങനെ ദൈവത്തിനുണ്ടാകും? ബുദ്ധിയെക്കാള്‍ അനേകം മടങ്ങു വിശേഷപ്പെട്ടതും സങ്കീര്‍ണമായതും മനുഷ്യന്റെ പരിമിതബുദ്ധികൊണ്ട് ആലോചിക്കാന്‍ പോലും കഴിയാത്തത്ര വലുതുമായ ഒരു മഹാശക്തിയായി ഞാന്‍ ദൈവത്തെ കാണുന്നു. അതുകൊണ്ടാണു മതങ്ങള്‍ ദൈവത്തെ കുറിച്ചു പറഞ്ഞ അല്‍പ്പത്തരങ്ങളെ തള്ളിക്കളയുകയും പരിഹസിക്കുകയും ചെയ്യുന്നത്. അല്ലാതെ നമ്മുടെ വിശ്വാസി സുഹൃത്തുക്കള്‍ മനസ്സിലാക്കിയതുപോലെ മനുഷ്യബുദ്ധിയാണു പരമകേമം എന്ന അഹങ്കാരത്തില്‍നിന്നുണ്ടാകുന്നതല്ല ഈ “ദൈവനിഷേധം”. മതങ്ങള്‍ പരിചയപ്പെടുത്തുന്ന, മനുഷ്യനോളം ചെറിയ കുട്ടിദൈവങ്ങളെയാണു നാം ചോദ്യം ചെയ്യുന്നത്. അതും ദൈവങ്ങളോടല്ല, ആ ദൈവങ്ങളുടെ വിശദാംശങ്ങളൊക്കെ തങ്ങള്‍ക്കറിയാം എന്ന നാട്യവുമായി വരുന്ന മതവക്തക്കളോടാണ്.

മതങ്ങള്‍ ദൈവത്തെ മനുഷ്യനോളം ; ചിലപ്പോള്‍ മനുഷ്യനെക്കാള്‍ തരം താണ നിലവാരത്തില്‍ വ്യാഖ്യാനിക്കുകയും നിര്‍വ്വചിക്കുകയും ചെയ്ത കാര്യമാണു നാം ഇതിനു മുമ്പു ചര്‍ച്ച ചെയ്തത്. മനുഷ്യന്‍ ദൈവത്തെ വ്യാഖ്യാനിച്ചതുകൊണ്ടാണു ദൈവത്തിനു നമ്മുടെ മുഖസ്തുതി വേണമെന്നും , നമ്മുടെ ആരാധന വേണമെന്നും നാം അയാള്‍ക്കു കാലു തിരുമ്മിക്കൊടുക്കണമെന്നും, ചൊറി മാന്തിക്കൊടുക്കണമെന്നും , അല്ലെങ്കില്‍ നമ്മെപ്പോലെ അയാള്‍ക്കും ദേഷ്യം വരുമെന്നും , നമ്മെ പിടിച്ച് ശിക്ഷിക്കുമെന്നുമൊക്കെയുള്ള അസംബന്ധങ്ങള്‍ നാം ദൈവത്തിന്റെ മേല്‍ ആരോപിച്ചത്.

അതിനാല്‍ പ്രപഞ്ചപരിണാമത്തിന്റെ ഫലമായി വികസിച്ചുണ്ടായ മഹാല്‍ഭുതങ്ങള്‍ക്കു പിന്നില്‍ [ മുന്നിലോ ഉള്ളിലോ പിന്നിലോ എന്നൊന്നും നമുക്കു പറയാന്‍ കഴിയില്ല] ദൈവത്തിന്റെ ബുദ്ധിയും യുക്തിയും കയ്യും കാലുമൊന്നുമല്ല; അതിനെക്കാളൊക്കെ ഒരുപാടു സങ്കീര്‍ണവും മഹത്വമാര്‍ന്നതുമായ വിശേഷസിദ്ധികളാണുള്ളത്. ദെവത്തെ നമുക്കു നിര്‍വ്വചിക്കാനൊ വിശദീകരിക്കാനോ കഴിയില്ല. നാം അതിനു മുതിര്‍ന്നാല്‍ ദൈവം നമ്മെപ്പോലെയൊക്കെ ആയിത്തീരും . അതു ദൈവത്തിന്റെ മഹത്വത്തെ ഇല്ലാതാക്കുകയേ ചെയ്യൂ. ദൈവം അങ്ങനെയാണ്. ഇങ്ങനെയാണ് എന്നൊക്കെ നിങ്ങള്‍ മതക്കാര്‍ വിശദീകരിക്കുമ്പോഴാണ് ഞങ്ങള്‍ അതിലെ വൈരുദ്ധ്യങ്ങളും വിഡ്ഡിത്തങ്ങളും ചൂണ്ടിക്കാണിക്കുന്നത്. അതിനു ദേഷ്യപ്പെട്ടിട്ടു കാര്യമില്ല. സമചിത്തത വീണ്ടെടുത്ത് സ്വസ്ഥമായി ചിന്തിച്ചു നോക്കുക. ദൈവത്തെ ഇച്ചിരി വലുതായിക്കാണാന്‍ ശ്രമിക്കുന്നതാണു നമുക്കും ദൈവത്തിനും നല്ലത്.

പരിണാമത്തെ കുറിച്ചു നിങ്ങള്‍ ഉന്നയിക്കുന്ന വാദങ്ങളൊക്കെ വളരെ ബാലിശമാണ്. അതുമായി ബന്ധപ്പെട്ട പ്രാഥമികജ്ഞാനം പോലുമില്ലത്തവര്‍ക്ക് അതൊന്നും ഒരു ബ്ലോഗ് പോസ്റ്റിലൂടെയോ കമന്റിലൂടെയോ മാത്രം വിശദീകരിച്ചു ബോധ്യപ്പെടുത്താന്‍ കഴിയില്ല.

ബുദ്ധിയും യുക്തിയുമൊക്കെ പദാര്‍ത്ഥങ്ങള്‍ പരിണമിച്ചുണ്ടായതു തന്നെയാണ്. തലച്ചോറിന്റെ ഘടനയില്‍ നേരിയ വ്യതിയാനം സൃഷ്ടിച്ചാല്‍ മതി നമ്മുടെ യുക്തിയും ബുദ്ധിയുമൊക്കെ അവതാളത്തിലാകും.

Sunday, February 1, 2009

ഇതാണ് യഥാര്‍ത്ഥ ഇസ്ലാം!

അമ്മിഞ്ഞപ്പാല്‍ പോലെയാണ് അക്ഷരങ്ങളും. രണ്ടിന്റെയും മധുരം നുണയുക കുട്ടികളുടെ മൌലികാവകാശമാണ്. മാനവരാശി മുഴുവന്‍ ഈ തത്വം അംഗീകരിക്കുന്നു. താലിബാനൊഴികെ.
സ്കൂളില്‍ പഠിക്കാന്‍ പെണ്‍കുട്ടികളെ വിട്ടാല്‍ ആസിഡൊഴിച്ച് കരിച്ചുകളയും എന്നാണ് ഇക്കഴിഞ്ഞ ജനുവരി 15ന് താലിബാന്‍ അന്ത്യശാസനം നല്‍കിയിട്ടുള്ളത്. വടക്കു പടിഞ്ഞാറന്‍ പാകിസ്താനില്‍ , താലിബാന്റെ അധീനതയിലുള്ള സ്വാത് താഴ്വരയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള നൂറു സ്കൂളുകള്‍ ഇതിനകം അടപ്പിച്ചിരുന്നു. ആദിവാസി വിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളിലെ 150 സ്കൂളുകളും അടപ്പിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന സ്കൂളുകള്‍ താലിബാന്‍ തീവ്രവാദികള്‍ ബോംബു വെച്ചു തകര്‍ത്തുകൊണ്ടിരിക്കുകയാണ്. അധ്യാപകരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നു. ചിലരെ കൊല്ലുന്നു.
ജോലിക്കു പോകാന്‍ സ്ത്രീകള്‍ക്കു സ്വാതന്ത്ര്യമില്ല. കുടുംബത്തിലെ പുരുഷന്മാരുടെ കൂടെ മാത്രമേ സ്ത്രീകള്‍ പുറത്തിറങ്ങാന്‍ പാടുള്ളു. അതും ശരീരം പൂര്‍ണമായും മൂടിക്കൊണ്ടു മാത്രം. ഫോടൊ ദൈവനിന്ദയായതിനാല്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ കൊണ്ടു നടക്കുന്നതില്‍നിന്നും സ്ത്രീകളെ വിലക്കിയിരിക്കുന്നു.
ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ ഒരു ഡസന്‍ സ്ത്രീകളെയാണ് വ്യഭിചാരക്കുറ്റം ആരോപിച്ച് വെടി വെച്ചു കൊന്നത്. ഇതില്‍ നാല്‍പ്പത്തഞ്ചു കാരിയായ ഭക്ത് സേബാ എന്ന സാമൂഹ്യപ്രവര്‍ത്തകയും ഉള്‍പ്പെടും. പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിച്ചു എന്നതായിരുന്നു. ഇവര്‍ ചെയ്ത ‘യഥാര്‍ത്ഥ’ കുറ്റം.
സ്വാത് താഴ്വരയില്‍ മാത്രം 70 താലിബാന്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടത്രെ.
അഫനിസ്ഥാനിലെ മുതിര്‍ന്ന വനിതാ നേതാവായ മലായ് ജോയയെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ളമെന്റില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. താലിബാന്‍ ഭീഷണിയെ തുടര്‍ന്ന് അവര്‍ ഇപ്പോള്‍ ഒളിവില്‍ കഴിയുകയാണ്.
അഫ്ഗാനിസ്ഥാനിലെ ഏറ്റവും മുതിര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാരില്‍ ഒരാളായ മലായ് കക്കര്‍ വെടിവെച്ചു കൊല്ലപ്പെട്ടത് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്.
ഇന്ത്യയിലെ മുസ്ലിംങ്ങളുടെ സുരക്ഷയോര്‍ത്ത് ഉറക്കം കെടുന്ന പാകിസ്താന്റെ അതിര്‍ത്തിക്കുള്ളിലാണ് ഭരണകൂടത്തെ വെല്ലു വിളിച്ചുകൊണ്ട് താലിബാന്‍ ഒരു സമാന്തര ഭരണവ്യവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്. എന്നിട്ടും തീവ്രവാദികള്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും അവര്‍ക്കു കഴിയുന്നില്ല. പീഡിപ്പിക്കപ്പെടുന്നത് സ്ത്രീകളാവുമ്പോള്‍ കൂടുതല്‍ ആധിയെന്തിന് എന്നതാവാം അവരുടെ ചിന്ത.

[യാസ്മിന്‍ ഹസന്റെ ‘A war on pakisthan school girls' എന്ന ലേഖനത്തെ അവലംബമാക്കി മാതൃഭൂമി 31-1-2009 ന് പ്രസിദ്ധീകരിച്ചത്]


ഇതാണ് ഇസ്ലാമിന്റെ യഥാര്‍ത്ഥ മുഖം. സംശയമുണ്ടെങ്കില്‍ അബ്ദുറഹിമാന്‍ പെരിങ്ങാടിയോടു ചോദിച്ചു നോക്കൂ!!!
മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.