Sunday, June 22, 2008

ഫാസിസ്റ്റ് ദര്‍ശനം തന്നെ!

‘മതരാഷ്ട്രവാദം’ എന്ന പേരില്‍ ശ്രീ. എം എ കാരപ്പഞ്ചേരി എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഇരുപതോളം ലേഖനങ്ങളില്‍ ഒന്നാണു നാലു ഭാഗങ്ങളായി ഞാനിവിടെ പോസ്റ്റു ചെയ്തത്. വായിക്കുന്നവരുടെയും റ്റൈപ്പു ചെയ്യുന്ന എന്റെയും സൌകര്യം മാനിച്ചാണ് അതു നാലു ഭാഗങ്ങളായി കൊടുത്തത്. ഇടയ്ക്കു വന്ന ചര്‍ച്ച അവഗണിച്ചത് ബോധപൂര്‍വ്വമായിരുന്നു എന്നര്‍ത്ഥം.

ജമാ അത്തെ ഇസ്ലാമി ഇന്ത്യയില്‍ ഒരു വര്‍ഗ്ഗീയ കലാപത്തിലെങ്കിലും പങ്കെടുത്തതിനു തെളിവുണ്ടോ എന്നാണല്ലോ പ്രധാന ചോദ്യം. ഇതേ ചോദ്യം ആര്‍ എസ്സ് എസ്സുകാരും ചോദിക്കാറുണ്ട്. പേരില്‍ പോലും ഹിന്ദുത്വത്തിന്റെ സൂചനയില്ലാത്ത [രാഷ്ട്രീയ സ്വ്യം സേവക...]രും ജമാ അത്ത് പോലെ പുറത്തു പുഞ്ചിരിയും ഉള്ളില്‍ വിഷവും പേറുന്നു എന്നെല്ലാവര്‍ക്കുമറിയാവുന്നതാണ്. ഭൂകമ്പം കൊടും കാറ്റ് സുനാമി എന്നിത്യാദി ദുരന്തങ്ങളുണ്ടാകുമ്പോള്‍ ആദ്യം സേവനസന്നദ്ധരായി ഓടിയെത്തുന്നതും ഇതേ സംഘടനക്കാരായിരിക്കും. അത്തരം പ്രവര്‍ത്തനങ്ങളിലേറ്പ്പെടുമ്പോള്‍ സ്വന്തം കൊടിയും ബാനറുമൊക്കെ പ്രദര്‍ശിപ്പിക്കുന്ന ഇത്തരക്കാരാരും തന്നെ അവരുടെ യഥാര്‍ത്ഥ അജണ്ടയിലെ കര്‍മ്മപരിപാടിക്കിറങ്ങുമ്പോള്‍ കൊടി പിടിക്കുകയോ ബാനര്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാറില്ല. അതിനാല്‍ അവര്‍ക്കതില്‍ പങ്കുണ്ട് എന്നതിനു തെളിവെവിടേ എന്നവര്‍ക്കു ചോദിക്കാനാവും.

ഇപ്പോള്‍ എന്‍ ഡി എഫ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ‘മനുഷ്യാവകാശ സംഘടന’ യും ഇതേ ചോദ്യം ഇടക്കിടെ ചോദിക്കാറുണ്ട്. തെളിവെവിടേ?
എന്‍ ഡി എഫിന്റെ വേരന്യേഷിച്ചു പോയാല്‍ നമുക്ക് മൌദൂദിയിലെത്താന്‍ പ്രയാസമുണ്ടാകില്ല. സിമി യാണല്ലോ ഇവിടെ എന്‍ ഡി എഫായി രൂപാന്തരം പ്രാപിച്ചത്. സിമി ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം തങ്ങളുടെ അജണ്ടയില്‍ ഒളിയും തെളിയും ചേര്‍ത്തു കപടനാടകം കളിക്കാമെന്നു ജമാ അത്തു തീരുമാനിച്ചതോടെയാണു സിമി ജമാ അത്തില്‍നിന്നകന്നത്. അലാഹുവിന്റെ ദീന്‍ സ്ഥാപിക്കാനുള്ള ജിഹാദില്‍ കാപട്യം വേണ്ടതില്ല എന്ന നിലപാടില്‍ സിമി ഉറച്ചു നിന്നു.
എന്‍ ഡി എഫിനു നേതൃത്വം കൊടുക്കുന്ന മഹാന്മാരെല്ലാം തന്നെ ജമാ അത്തുകാരുടെ മതപാഠശാലകളില്‍നിന്നും ‘ദീന്‍ ’ നുകര്‍ന്നവരാണെന്നതും യാദൃഛികമല്ല.
ഇന്ത്യയില്‍ കപട തന്ത്രങ്ങളില്ലാതെ പ്രവര്‍ത്തിക്കാനാവില്ല എന്ന പ്രായോഗിക ബുദ്ധിയാണു ജമാ അത്തിനെ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയുണ്ടാക്കാന്‍ പ്രേരിപ്പിച്ചത്. കാപട്യത്തിന്റെ തോതു വര്‍ദ്ധിപ്പിക്കണമെന്നു തോന്നിയപ്പോള്‍ കേരളത്തില്‍ ഒരു സോളീഡാരിറ്റിയും തട്ടിപ്പടച്ചു.

ഞാന്‍ ജമാ അത്തിനെ വര്‍ഗ്ഗീയ ഫാസിസ്റ്റ് ഗൂഢ സംഘം എന്നു വിശേഷിപ്പിച്ചത് വേണ്ടുവോളം തെളിവുകള്‍ മുന്നില്‍ ഉള്ളതുകൊണ്ടു തന്നെയാണ്.
സോളിഡാരിറ്റിക്കാരുടെ തെരുവുനാടകങ്ങള്‍ വീക്ഷിച്ചല്ല ഞാന്‍ ജമാ അത്ത് എന്താണെന്നു മനസ്സിലാക്കിയത്. കഴിഞ്ഞ പത്തുമുപ്പതു കൊല്ലമായി ആ സംഘടനയുടെ പ്രവര്‍ത്തനങ്ങളെയും അവര്‍ പ്രചരിപ്പിച്ചു പോന്ന ആശയങ്ങളെയും സമഗ്രമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണു അഭിപ്രായം പറഞ്ഞത്.

ജമാ അത്ത് ഇന്ത്യയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമല്ല. ഇന്ത്യന്‍ ജമാ അത്തിനു തന്നെ കാശ്മീരില്‍ സംസ്ഥാന ഘടകമില്ല. കാശ്മീര്‍ പാകിസ്ഥാന്റെ ഭാഗമായാണു ജമാ അത്ത് കാണുന്നത്. അവരുടെ കാശ്മീര്‍ ഘടകത്തിന്റെ ഒഫീസ് പാകിസ്ഥാനിലാണു പ്രവര്‍ത്തിക്കുന്നത്. ആ ഓഫീസില്‍ കെട്ടിയിരിക്കുന്നത് പാക് പതാകയാണ്. സ്വതന്ത്രകാശ്മീരിനായി ജിഹാദ് വിളിക്കുന്ന ഏതാനും ഭീകരര്‍ ഒഴിച്ചാല്‍ കാശ്മീരില്‍ പ്രവര്‍ത്തിക്കുന്ന മിക്ക ഭീകര സൈനിക സംഘങ്ങളും ജമാ അത്തിന്റെ നിയന്ത്രണത്തിലുള്ളതാണ്. കമ്മുണിസ്റ്റു കാരെ വകവരുത്താന്‍ മാത്രമായി ഒരു സൈനിക വിഭാഗം പോലും ജമാ അത്തിനു കാശ്മീരിലുണ്ടത്രേ!

ബംഗ്ലാ ദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങളെ അതിക്രൂരമായി വംശനാശം വരുത്തിയത് ഈ ഭീകര വര്‍ഗ്ഗീയക്കോമരങ്ങളുടെ നേതൃത്വത്തിലാണെന്ന് ആ നാട്ടിലെ മതേതരവാദികളായ നല്ല മനുഷ്യര്‍ പറയുന്നു. തസ്ലീമ നസ്രീന്റെ ‘ലജ്ജ’ ഈ കഥയാണു പറയുന്നത്. തസ്ലീമയോട് ജമാ അത്തിനുള്ള പകയ്ക്കും കാരണം ഇതു തന്നെ.

പാകിസ്ഥാന്റെ ചരിത്രത്തില്‍ നടന്ന ഏറ്റവും നിന്ദ്യമായ മനുഷ്യക്കുരുതി ഈ സംഘത്തിന്റെ ആചാര്യന്‍ നേരിട്ടു നേതൃത്വം നല്‍കിയ അഹമ്മദിയ്യാ വിരുദ്ധ വര്‍ഗ്ഗീയ കലാപമായിരുന്നു. 1953ല്‍ അഹമ്മദിയ്യാ മുസ്ലിം വിഭാഗത്തെ വംശനാശം വരുത്താനുദ്ദേശിച്ചുകൊണ്ടും ഇതരമുസ്ലിം യാഥാസ്ഥികരുടെ പിന്തുണ നേടുന്നതിനുമായി മൌദൂദി നേരിട്ടു നടത്തിയ നരനായാട്ടിന്റെ ചിത്രം ആ സംഭവമന്യേഷിച്ച ജസ്റ്റിസ് മുനീര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ട്. മുനീര്‍ രിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൌദൂദിയെ വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തിരുന്നു. പിന്നീട് ഭരണ അട്ടിമറിയെ തുടര്‍ന്നു രക്ഷപ്പെടുകയാണു ചെയ്തത്. സോളിഡാരിറ്റി നാടകങ്ങള്‍ മാത്രം കണ്ട് ജമാ അത്തിനെ തിരിച്ചറിഞ്ഞ ശുദ്ധാത്മാക്കള്‍ക്കീ ചരിത്രമൊന്നും അറിയണമെന്നില്ല.

ഇന്ന് ലോകമെമ്പാടും നടമാടുന്ന ഇസ്ലാമിക ഭീകരവാദത്തിന്റെയും അക്രമങ്ങളുടെയും പ്രചോദക പ്രത്യയശാസ്ത്രം അന്യേഷിച്ചു നാം ഒരു പഠനം നടത്തിയാല്‍ നമുക്കു മൌദൂദിയില്‍ എത്താന്‍ ഏറെ പ്രയാസപ്പെടേണ്ടി വരില്ല. ഇതെഴുതുമ്പോള്‍ , മൌദൂദിയുടെ പഴയ പ്രഭാഷണങ്ങളുടെ സമാഹാരമായ ‘ഖുതുബാത്തി’ന്റെ യും അദ്ദേഹത്തിന്റെ ഖുര്‍ ആന്‍ വ്യാഖ്യാനമായ ‘തഫ്ഹീമുല്‍ ഖുര്‍ ആനി’ന്റെയും സമാനാശയക്കാരായ യൂസുഫുല്‍ ഖര്‍ളാവി തുടങ്ങിയവരുടെ ഫത്വാ സമാഹാരങ്ങളുടെയും നിരവധി വാള്യങ്ങള്‍ ഉള്‍പ്പെടെ മൌദൂദിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന ഗ്രന്ഥങ്ങളുടെ ഒരു വലിയ ശേഖരം എന്റെ മുമ്പില്‍ ഉണ്ട്. ജമാ അത്തെ ഇസ്ലാമി ഒരു ഫാസിസ്റ്റ് ഭീകരപ്രസ്ഥാനമാണെന്നതിനുള്ള തെളിവുകള്‍ ഈ ഗ്രന്ഥങ്ങളില്‍നിന്നും ഞാന്‍ തുടര്‍ന്നും അവതരിപ്പിക്കാം . കാത്തിരിക്കുക.

Thursday, June 19, 2008

ആട്ടിന്‍ തോലിനുള്ളിലെ യഥാര്‍ത്ഥ ചെന്നായ!

കേരളത്തിലെ മുസ്ലിം ജനസമൂഹത്തിന്റെ രാഷ്ട്രീയ നേതൃത്വം കൈപ്പിടിയിലൊതുക്കുക എന്നതാണു ജമാ അത്തുകാര്‍ ഏറെക്കാലമായി സ്വപ്നം കാണുന്ന മറ്റൊരു ലക്ഷ്യം. മുസ്ലിം ലീഗിന്റെ ജീര്‍ണ്ണതയില്‍നിന്നു വളമൂറ്റിയെടുത്ത് ധൃതഗതിയില്‍ ലക്ഷ്യം നേടാമെന്നു പകല്‍ക്കിനാവു കണ്ടവര്‍ക്കു പക്ഷേ നിരാശപ്പെടേണ്ടി വന്നു. ലീഗിന്റെ തകര്‍ച്ചയില്‍നിന്നു മുതലെടുക്കാന്‍ ഇടതു രാഷ്ട്രീയക്കാര്‍ക്കേ കഴിയൂ എന്ന് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ തെളിയിക്കപ്പെട്ടതോടെ ഏറ്റവുമധികം ഇച്ഛാഭംഗം നേരിട്ടതും ജമാ അത്തുകാര്‍ക്കായിരുന്നു. (അവര്‍ ഈ മണ്ഡലത്തില്‍ വോട്ടു ചെയ്തിട്ടുമില്ല.)

ജമാ അത്തുകാരുടെ രാഷ്ട്രീയമോഹങ്ങള്‍ക്കു പഴക്കമേറെയുണ്ട്. അടിയന്തിരാവസ്ഥക്കാലത്ത് ആറെസ്സെസ്സിനോടൊപ്പം നിരോധിക്കപ്പെട്ട ജമാ അത്തിന് , നേതാക്കള്‍ ജയിലിലടക്കപ്പെട്ടതോടെയാണ് , തങ്ങള്‍ ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇന്ത്യ എന്ന ജനാധിപത്യ മതേതര രാജ്യത്താണെന്ന തിരിച്ചറിവുണ്ടായത്. അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ ആധിപത്യം സ്ഥാപിക്കാന്‍ ജിഹാദ് വിളിച്ചു നടന്നവര്‍ക്ക് ജനാധിപത്യവും മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയുമൊക്കെ സ്വീകാര്യമായത് അന്നു തൊട്ടാണ്.
മതരാഷ്ട്രവാദവും ഭീകരവ്യാഖ്യാനവുമെല്ലാം സംഘടനയുടെ കോര്‍ കേഡര്‍ ഗ്രൂപ്പിലേക്കു പരിമിതപ്പെടുത്തുകയും ,ഒളിയജണ്ടയ്ക്കു പുകമറയൊരുക്കാന്‍ മതേതരവും ദുന്യവിയുമായ പ്രശ്നങ്ങള്‍ തെളിയജണ്ടയില്‍ ഉള്‍പ്പെടുത്തി നാടകം കളിക്കുകയും ചെയ്യുന്ന കേരള ജമാ അത്തിന് പ്രത്യക്ഷ രാഷ്ട്രീയത്തിലേക്കു ചേക്കേറാന്‍ പൂതിയുദിച്ചിട്ടു കാലമേറെയായെങ്കിലും അനുകൂല കാലാവസ്ഥയ്ക്കായുള്ള നീണ്ട കാത്തിരിപ്പ് തുടരുകയാണ്. തങ്ങളുടെ മുന്‍ കാല ചെയ്തികളും തങ്ങള്‍ പ്രചരിപ്പിച്ച മൌദൂദിയന്‍ സാഹിത്യങ്ങളും തന്നെയാണ് ജന സാമാന്യത്തെ ഈ പ്രസ്ഥാനത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്.

ബാബറി സംഭവത്തിന്റെ പശ്ചാതലത്തില്‍ ലീഗിനെ പിളര്‍ത്തി മുതലെടുക്കാന്‍ ജമാ അത്തു നടത്തിയ പ്രയത്നങ്ങള്‍ വൃഥാവിലാവുകയാണുണ്ടായത്. അബ്ദുന്നാസര്‍ മ അദനിയുടെ തീ പറപ്പന്‍ തീവ്ര വാദവും ഐ എസ് എസ് എന്ന ഭീകരസംഘത്തിന്റെ പിറവിയും വളര്‍ച്ചയും ജമാ അത്തിനെ തെല്ലൊന്നംബരപ്പിക്കാതിരുന്നില്ല. അര നൂറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചിട്ടും തങ്ങള്‍ക്കു സാധ്യമാകാത്ത കാര്യം മ അദനിക്കു ഞൊടിയിട കൊണ്ടു സാധ്യമായതിന്റെ രാഷ്ട്രീയ കാലാവസ്ഥയും ജമാ അത്തിനു പ്രയോജനപ്പെടുത്താനായില്ല. അസംതൃപ്തരായ മുസ്ലിം യുവത്വത്തെ വൈകാരികമായി ഉത്തേജിപ്പിച്ചുകൊണ്ടുള്ള മഅദനിയുടെ രംഗപ്രവേശം തെക്കന്‍ കേരളത്തില്‍ മാത്രമല്ല, ലീഗിന്റെ തട്ടകമായ മലബാറിലും ഇടിച്ചു കയറാന്‍ തുടങ്ങിയതോടെ ,സ്വന്തം നിലയില്‍ അവസരം മുതലാക്കാന്‍ കഴിയാതെ ഇച്ഛാഭംഗത്തില്‍ കഴിയുകയായിരുന്ന മൌദൂദുസ്റ്റുകള്‍ മഅദനിക്കു പിന്തുണയുമായി രംഗത്തു വന്നു. ഐ എസ് എസ്സിന്റെ തീവ്രവാദം നാടിനും സമുദായത്തിനും ആപത്താണെന്നു ലീഗുകാര്‍ പറയാന്‍ തുടങ്ങിയതോടെ മഅദനിക്കു പ്രതിരോധം തീര്‍ത്തുകൊണ്ട് ജമാ അത്തു പത്രവും പ്രസിദ്ധീകരണങ്ങളും തീവ്രവാദത്തെ ന്യായീകരിക്കാന്‍ അച്ചു നിരത്തി. എന്നാല്‍ ജമാ അത്തിനെ മുഖവിലയ്ക്കെടുക്കാന്‍ മഅദനി തയ്യാറല്ലായിരുന്നു.

ഐ എസ് എസ് പിരിച്ചു വിടുകയും മഅദനീ പ്രതിഭാസം കെട്ടടങ്ങുകയും ചെയ്തതോടെ സുലൈമാന്‍ സേഠുവിനെ കരുവാക്കി മറ്റൊരു രാഷ്ട്രീയക്കളിക്കും ജമാ അത്തുകാര്‍ കരുക്കള്‍ നീക്കി. മൌദൂദിസത്തിന്റെ ചൂരും മണവും തിരിച്ചറിഞ്ഞിരുന്നതിനാല്‍ സേഠുവും ഇക്കൂട്ടരെ വേണ്ടത്ര വിശ്വാസത്തിലെടുത്തില്ല. സേഠു രാഷ്ട്രീയവും ക്ലച്ചു പിടിക്കാതെ പോയി.

എല്ലാ അടവും പൊളിഞ്ഞ് ഒടുവിലിതാ പത്തൊമ്പതാമത്തെ അടവെന്നോണം കൂത്തും കൂടിയാട്ടവുമൊക്കെയായി സോളിഡാരിറ്റിപ്പടയെ തെരുവിലിറക്കിയിരിക്കുന്നു. കാത്തിരുന്നു കാണുക.

ഹുകൂമത്തും ഇഖാമത്തും തൌഹീദും ശിര്‍ക്കുമൊക്കെ മാറ്റിവെച്ച് പ്ലാച്ചിമടയും കൊക്കൊക്കോലയും എക്സ്പ്രസ് വേയുമൊക്കെ മുഖ്യ വിഭവങ്ങളാക്കി ഒരു പൂഴിക്കടകന്‍ കൂടി പയറ്റി നോക്കുകയാണ് ഈ വര്‍ഗ്ഗീയ മൌലികവാദികള്‍ .തീവ്ര ഇടതു ബുദ്ധിജീവികളെ വേദികളിലും ജിഹ്വകളിലും അണി നിരത്തി മുതലാളിത്ത സാമ്രാജ്യത്വ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ തങ്ങളുമുണ്ട് കൂടെയെന്ന് ബോധ്യപ്പെടുത്തിയാല്‍ നിന്നു പൊറുക്കാന്‍ ഇടം കിട്ടുമെന്ന ഇക്കൂട്ടരുടെ വ്യാമോഹവും കേരളത്തില്‍ കതിരണിയാന്‍ പോകുന്നില്ല.
മുസ്ലിം വികാരം പ്രതിഫലിക്കുന്ന ഒരു പത്രം കയ്യിലുണ്ട് എന്നതു മാത്രമാണ് ജമാ അത്തിനു നേട്ടമായി പറയാനുള്ളത്. സ്വാധീനമുള്ള ഒരു പത്രം കയ്യിലുണ്ടായിട്ടും നാലാളുടെ പിന്തുണയുള്ള ഒരു രാഷ്ട്രീയപ്രസ്ഥാനമായി മാറാന്‍ ജമാ അത്തെ ഇസ്ലാമിക്കു കഴിഞ്ഞിട്ടില്ല. അവരുടെ മുന്‍ കര്‍മ്മങ്ങള്‍ തന്നെ കാരണം. മൌദൂദിയുടെ പ്രേതാത്മാവ് ജമാ അത്തു ശരീരം വിട്ടു പോകാത്തേടത്തോളം കാലം കേരളത്തില്‍ അവരുടെ പൂതി പുലരാന്‍ പോകുന്നില്ല.

മൌദൂദിയന്‍ ദര്‍ശനം എത്രമാത്രം മനുഷ്യത്വ വിരുദ്ധവും ജനാധിപത്യനിഷേധപരവുമാണെന്നതിനു കൂടുതല്‍ തെളിവുകള്‍ തുടര്‍ന്നും വായിക്കാം.

കേരളത്തില്‍ അവര്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാക്കിയിട്ടില്ല എന്നതുകൊണ്ട് മാത്രം ജമാ അത്തെ ഇസ്ലാമി എന്ന ‘ആഗോള’ഇസ്ലാമികപ്രസ്ഥാനം വര്‍ഗ്ഗീയതയും മതാ‍ന്ധതയും ഇല്ലാത്ത പുരോഗമന പ്രസ്ഥാനമാണെന്നു പറയാനാകുമോ? പാകിസ്ഥാനിലും ബംഗ്ലാദേശിലും കാശ്മീര്‍ സംസ്ഥാനത്തും ഉത്തരേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുമൊക്കെ ഇവര്‍ എന്താണു ചെയ്യുന്നത് എന്നു കൂടി പരിശോധിക്കുമ്പോഴാണ് ആട്ടിന്‍ തോലിനുള്ളിലെ യഥാര്‍ത്ഥ ചെന്നായയെ നമുക്കു തിരിച്ചറിയാനാവുക.

Monday, June 2, 2008

ജമാ അത്തു കാരുടെ പുരോഗമന നാട്യം! 3

കാശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചും , ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത മൌലികവാദ നിലപാടുകള്‍ സ്വീകരിച്ചും തങ്ങളുടെ വിശ്വരൂപം പുറത്തു കാട്ടുന്ന ‘ഇസ്ലാമികപ്രസ്ഥാനം’ ഈ മലയാളക്കരയില്‍ മാത്രം ഉല്പതിഷ്ണുത്വത്തിന്റെ ലക്ഷണം പ്രകടമാക്കുന്നതിന്റെ പശ്ചാത്തലം ഊഹിക്കാവുന്നതേയുള്ളു.

നവോത്ഥാനത്തിന്റെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും സ്വാധീനഫലമായി സമഗ്രമായ സാമൂഹ്യപരിവര്‍ത്തനത്തിനു വിധേയമായ മണ്ണാണു കേരളത്തിന്റേത്. പരിമിത തോതിലെങ്കിലും മുസ്ലിം സമുദായത്തിലും ചിന്താപരിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. മതനിരപേക്ഷമായ ഒരു പൊതു മണ്ഡലമാണു കേരളത്തെ വടക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നത്. ഇടതുപക്ഷ ആശയങ്ങള്‍ക്കു വേരോട്ടമുള്ള മലയാളി മനസ്സില്‍ സങ്കുചിതമായ വര്‍ഗ്ഗീയ ചിന്തകള്‍ക്കുള്ള സ്ഥാനം താരതമ്യേന ചെറുതാണ്. ഈ സാമൂഹ്യ പശ്ചാത്തലത്തില്‍ ജമാ അത്തെ ഇസ്ലാമി പോലുള്ള ഒരു ഫാസിസ്റ്റ് വര്‍ഗ്ഗീയ സംഘടനയ്ക്കു അതിന്റെ തനത് ആശയങ്ങളുമായി പ്രത്യക്ഷപ്പെടാന്‍ ബുദ്ധിമുട്ടു നേരിടുക സ്വാഭാവികം മാത്രം.
മൌദൂദി സാഹിത്യങ്ങളുമായി കഴിഞ്ഞ അഞ്ചാറു പതിറ്റാണ്ട് ‘പ്രബോധനം’ നടത്തിയിട്ടും മുസ്ലിം സമുദായത്തിനകത്തു പോലും കാര്യമായ സ്വാധീനം നേടാന്‍ ഈ പ്രസ്ഥാനത്തിനു സാധ്യമായിട്ടില്ല. ഇതര സമുദായങ്ങളെ ആകര്‍ഷിക്കാന്‍ മൌദൂദിയന്‍ തീവ്രവാദം ഒട്ടും പര്യാപ്തവുമല്ല. അടവും തന്ത്രവും മാറി മാറി പ്രയോഗിക്കാന്‍ മൌദൂദിസ്റ്റുകളെ പ്രേരിപ്പിച്ച സാഹചര്യം ഇതാണ്.


വ്ദ്യാഭ്യാസം നേടിയ മുസ്ലിം ചെറുപ്പക്കാരെ ,പുരോഗമനപ്രസ്ഥാനങ്ങളിലേക്കും ഭൌതികാദര്‍ശങ്ങളിലേക്കും ആകര്‍ഷിക്കപ്പെടാതെ , മതവൃത്തത്തില്‍ തടഞ്ഞു നിര്‍ത്തുന്നതിനും മൌദൂദിയുടെ ഭീകരവാദം കൊണ്ടു പ്രയോജനമില്ലെന്നും ആകര്‍ഷകമായ ‘മതേതര’ മുദ്രാവാക്യങ്ങള്‍ കടം കൊള്ളേണ്ടത് അനിവാര്യമാണെന്നും വളരെ വൈകിയാണെങ്കിലും ജമാ അത്തുകാര്‍ തിരിച്ചറിഞ്ഞു. കേരളത്തിലെ ഇടതുപക്ഷതീവ്രവാദികളുടെ തന്നെ മുദ്രാവാക്യങ്ങള്‍ കയ്യിലെടുത്തു പയറ്റാന്‍ ഇവര്‍ തയ്യാറായതങ്ങനെയാണ്.
മുസ്ലിം വൃത്തത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം കേരളത്തിലെ സാംസ്കാരിക പൊതുമണ്ഡലങ്ങളില്‍ കൂടി ഇടിച്ചു കയറാനും മാന്യമായ ഒരിടം പൊതു വേദികളിലും മാധ്യമങ്ങളിലും തരപ്പെടുത്താനും ഇത്തരം പ്രവര്‍ത്തനങ്ങളും മുദ്രാവാക്യങ്ങളും സഹായകമാകുമെന്നും അവര്‍ കണക്കു കൂട്ടി. ഇതിനകം തന്നെ തങ്ങള്‍ക്കു ചാര്‍ത്തിക്കിട്ടിയ , മതതീവ്രവാദത്തിന്റെ അപമുദ്രയും മുഖവൈകൃതവും പൊതുവേദികളിലെ നിരന്തര സാന്നിധ്യം കൊണ്ടു മറച്ചുപിടിക്കാനാവുമെന്നും ജമാ അത്തുകാര്‍ മനസ്സിലാക്കി. ആര്‍ .എസ്. എസ് നു ബദലായി മുസ്ലിംങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന തീവ്ര വര്‍ഗ്ഗീയ ഫാസിസ്റ്റു ഗ്രൂപ്പായി ഇന്നലെ വരെ അറിയപ്പെട്ടിരുന്ന ഒരു വിഭാഗം അങ്ങനെ ഇടതു പുരോഗമന വൃത്തങ്ങളില്‍ ഉത്പതിഷ്ണുക്കളായും സമുദായ പരിഷ്കര്‍ത്താക്കളായും തെറ്റിദ്ധരിക്കപ്പെട്ടു തുടങ്ങി. രാഷ്ട്രീയ രംഗത്തു ഇടതു പക്ഷത്തെ അനുകൂലിക്കുന്നു എന്ന മിഥ്യാധാരണയുളവാക്കാനായി ചില സന്ദര്‍ഭങ്ങളില്‍ ഇക്കൂട്ടര്‍ നടത്തിയ കരണം മറിച്ചിലുകള്‍ ഈ ധാരണക്കാക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഇവരുടെ പ്രഥമവും പ്രധാനവുമായ ഉന്നം കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തെ ദുര്‍ബ്ബലപ്പെടുത്തുക എന്നതാണ്. ശുദ്ധഗതിക്കാരായ ഇടതു നേതാക്കള്‍ക്കിതു ഇനിയും മനസ്സിലാകാനിരിക്കുന്നതേയുള്ളു.


പുരോഗമനപ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും തങ്ങളുടെ മതമൌലികനിലപാടുകള്‍ക്കു നേരെ മുന്‍ കാലങ്ങളിലുണ്ടായിരുന്ന പോലെയുള്ള എതിര്‍പ്പും വിമര്‍ശനങ്ങളും ഉയര്‍ന്നു വരാതിരിക്കാനും അവരുമായുള്ള ചങ്ങാത്തഭാവം സഹായകമാകുമെന്നും ജമാ അത്തുകാര്‍ ദീര്‍ഘദര്‍ശനം ചെയ്തു. നേരിട്ടെതിരിടുന്നതിനു പകരം തോളിലിരുന്നു നക്കിക്കൊല്ലാമെന്നവര്‍ മനപ്പായസമുണ്ണുകയാണ്.
തുടരും...
മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.