Friday, January 18, 2008

കിരാതയുഗത്തിലെ വിശ്വാസങ്ങള്‍ ഇന്നും !

നിധിയുടെ പേരില്‍ നരബലി:
5അംഗസംഘം അറസ്റ്റില്‍ .


ബാംഗ്ലൂര്‍ : നിധി കണ്ടെത്താനായി രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയ 5അംഗ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. ജ്യോതിഷിയാണെന്നു പറഞ്ഞ് മന്ത്രവാദം നടത്തി വന്ന വിജയനഗറിലെ രവീന്ദ്ര എന്നയാളാണ് മുഖ്യ സൂത്രധാരന്‍ .ചില പ്രത്യേക നദിക്കരകളില്‍ നരബലി നടത്തിയാ‍ല്‍ നിധി കിട്ടുമെന്ന് തനിക്കു വെളിപാടുണ്ടായി എന്നാണയാള്‍ അവകാശപ്പെട്ടതത്രേ! അതനുസരിച്ച് രണ്ടു സ്ത്രീകളെ പൂജയ്ക്കെന്നു പറഞ്ഞ് നദിക്കരയില്‍ എത്തിച്ച ശേഷം കൊല്ലുകയാണു ചെയ്തത്. (ദേശാഭിമാനി, 18-1-2008)
നരബലി കൊണ്ട് ദൈവങ്ങളും ദുര്‍ഭൂതങ്ങളും പ്രസാദിക്കും എന്ന അന്ധവിശ്വാസം പഴക്കമേറെയുള്ളതാണെങ്കിലും ഈ ശാസ്ത്രയുഗത്തിലും അതൊക്കെ സത്യമാണെന്നു വിശ്വസിക്കുകയും ഇത്തരം കടുംകൈകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഉണ്ടെന്ന വസ്തുത നമ്മുടെ ചിന്തയ്ക്കു വിഷയമാകേണ്ടതല്ലേ?

സ്വപ്നം കാണുന്നതും ‘വെളിപാടു’ണ്ടാകുന്നതുമൊക്കെ കേവലം മാനസികമായ ചില താളപ്പിഴകള്‍ മാത്രമാണെന്ന് ആധുനിക മനശ്ശാസ്ത്രവും നാഡീ ശാസ്ത്രവും വിശദീകരിക്കുന്നുണ്ട്. എന്നാല്‍ പരമസത്യങ്ങള്‍ എന്ന് ഇന്നും വിശ്വസിക്കപ്പെടുന്ന മതങ്ങള്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കു ആധികാരികത നല്‍കുന്നു. ഇബ്രാഹിം നബിയുടെ പുത്രബലി ഒരു സ്വപ്നദര്‍ശനത്തെ തുടര്‍ന്നാണല്ലോ നടക്കുന്നത്. ആ നരബലിയുടെ ത്യാഗസ്മരണയണല്ലോ ഇന്നും ലക്ഷക്കണക്കിനു മൃഗങ്ങളുടെ കൂട്ടക്കശാപ്പിനു പ്രേരകമാകുന്നത്.
ബലി മനുഷ്യരുടെ ത്യാഗമാണെന്നൊക്കെ ന്യായീകരിക്കുന്ന ചില ‍ ക്രിസ്ത്യാനിസുഹൃത്തുക്കളെയും മുസ്ലിം സുഹൃത്തുക്കളെയും നാം ഇവിടെ മുമ്പു കാണുകയുണ്ടായി. മിണ്ടാപ്രാണികളെ കൊല്ലുന്നതും മനുഷ്യരെ ചതിയില്‍ കൂട്ടിക്കൊണ്ടുപോയി കുരുതി നടത്തുന്നതുമൊക്കെ ത്യാഗമാണോ? ത്യാഗമാകണമെങ്കില്‍ ദൈവപ്രീതിക്കായി സ്വയം കഴുത്തറുത്തു ചാകണം. അല്ലാതെ മറ്റുള്ളവരെയും ജന്തുക്കളെയും കൊണ്ടുപോയി കൊല്ലുകയല്ല വേണ്ടത്. അതിനു ത്യാഗം എന്നല്ല , തെമ്മാടിത്തം എന്നാണു പറയേണ്ടത്.

അന്ധവിശ്വാസങ്ങളുടെ വേരറുക്കാന്‍ അതിന്റെ തായ്‌വേരായ മതവിശ്വാസത്തെ യുക്തിചിന്തയാകുന്ന ഈര്‍ച്ചവാള്‍ കൊണ്ട് അറുത്തു മുറിക്കുകയണാദ്യം വേണ്ടത്.


ദയുബന്ദ് ദാറുല്‍ ഉലൂമില്‍നിന്ന് ഒരു നല്ല ഫത് വ!

കുട്ടികള്‍ക്ക് മതിയായ പരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജനനങ്ങള്‍ തമ്മിലുള്ള ഇടവേള വര്‍ദ്ധിപ്പിക്കുന്നതിനായി ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ അനുവദിക്കാവുന്നതാണെന്ന് ദയുബന്ദിലെ ഉലമാക്കള്‍ ഫത് വ ഇറക്കിയിരിക്കുന്നു! (മാതൃഭൂമി ,17-1-2008)

മതങ്ങള്‍ക്കു യാഥാര്‍ത്ഥ്യങ്ങളുടെ മുമ്പില്‍ മുട്ടു മടക്കേണ്ടി വരുന്നു എന്നതിന്റെ തെളിവാണ് ഈ ഫത് വ. ജനന നിയന്ത്രണം ഒരു കാരണവശാലും അനുവദിക്കാവതല്ല എന്നായിരുന്നു ഇത്രയും കാലം മത പുരോഹിതര്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പുരോഹിതരുടെ നിലപാടിനെ വിശ്വാസി സമൂഹം തന്നെ എന്നോ തള്ളിക്കളഞ്ഞു കഴിഞ്ഞിരുന്നു എന്നതാണു വസ്തുത . അതു കൊണ്ടു തന്നെ സ്വന്തം നിലപാടു മാറ്റാന്‍ അവര്‍ നിര്‍ബ്ബന്ധിതരാവുകയാണുണ്ടായത്.


മാര്‍പ്പാപ്പയുള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ എക്കാലത്തും വിശ്വാസികളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യം ഇതു തന്നെയാണല്ലോ. ആ സമുദായവും പുരോഹിതരുടെ ആജ്ഞ ഒരു ശതമാനം പോലും എവിടെയും പാലിക്കുന്നില്ല. കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തില്‍ ജനന നിരക്ക് 2/1 ലേക്കു തണുകൊണ്ടിരിക്കുകയാണ്. അതായത്, ഒരു കുടുംബത്തില്‍ ഒരു കുട്ടി മാത്രം എന്നര്‍ത്ഥം. മതത്തിനും വിശ്വാസത്തിനും മനുഷ്യന്റെ പ്രായോഗിക ജീവിതത്തിലുള്ള സ്വാധീനം കുറഞ്ഞു കൊണ്ടേയിരിക്കുന്നു എന്നു ചുരുക്കം.

ശാസ്ത്രം റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു; ജീവിതം വിമാനവേഗത്തില്‍ പറക്കുന്നു; മതം കാളവണ്ടി പോലെ പിന്നാലെ ഇഴഞ്ഞു വരുന്നു!

23 comments:

സാക്ഷരന്‍ said...

ശാസ്ത്രം റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു

റോകറ്റ് വിടുമ്പഴും തേങ്ങാ അടിച്ചിട്ടേ വിടൂ …

akberbooks said...

സന്ദര്‍ശിക്കുക
akberbooks.blogspot.com
ഒരു മലയാളി കൂട്ടം

sajan jcb said...

ലേഖനം നന്നായിട്ടുണ്ട്... ദൈവപ്രീതിക്കെന്നല്ല എന്തിനു വേണ്ടിയായാലും നരബലി നടുത്തുന്നതിനെ ശക്തിയുക്തം എതിര്‍ക്കേണ്ടതാണ്. ആദ്യഭാഗം എളുപ്പം മനസ്സിലായി.

രണ്ടാമത്തെ ഭാഗത്തില്‍ ഒരു ചെറിയ വിശദീകരണം കിട്ടിയാല്‍ നന്നായിരുന്നു...

മാര്‍പ്പാപ്പയുള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ എക്കാലത്തും വിശ്വാസികളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യം ഇതു തന്നെയാണല്ലോ.

ഏതു്? നരബലി നടത്തരുതു എന്നോ? ഗര്‍ഭനിരോധനം നടത്തരുത് എന്നോ?

സജീവ് കടവനാട് said...

ശാസ്ത്രം റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു; ജീവിതം വിമാനവേഗത്തില്‍ പറക്കുന്നു; മതം കാളവണ്ടി പോലെ പിന്നാലെ ഇഴഞ്ഞു വരുന്നു!

അല്ല മതത്തെ കുറേപേര്‍ ചേര്‍ന്ന് പിന്നിലോട്ട് വലിച്ചിഴക്കുന്നു. അവറുടെ നിലനില്‍പ്പിനു വേണ്ടി.

sajan jcb said...

മതത്തിനും വിശ്വാസത്തിനും മനുഷ്യന്റെ പ്രായോഗിക ജീവിതത്തിലുള്ള സ്വാധീനം കുറഞ്ഞു കൊണ്ടേയിരിക്കുന്നു എന്നു ചുരുക്കം.

----

ചുമ്മതല്ല; വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ/സഹപാഠികളെ വെടിവെച്ചു കൊല്ലുന്നു. മാതാപിതാക്കന്മാര്‍ക്കെതിരെ കേസു കൊടുക്കുന്നു. ജീവിതത്തില്‍ ജയം മാത്രം ലക്ഷ്യം. മുമ്പില്‍ വരുന്നവനെ എങ്ങിനെയങ്കിലും കടത്തിവെട്ടാന്‍ മാത്രം മോഹം. അതിനു വേണ്ടി കൊല്ലാനും മടിയില്ല. പരാജയപ്പെട്ടാല്‍ നിരാശ. തനിക്കാരുമില്ല എന്ന തോന്നല്‍. ഫലം ആത്മഹത്യ.

ഇവിടെയാണ് മതങ്ങളുടെ പ്രസക്തി. ദൈവമുണ്ട് കൂട്ടിനു എന്ന ബലം. അതില്‍ നിന്നുയരുന്ന പ്രത്യാശ. പണതിനേക്കാള്‍ വലുതു് എന്തോക്കയോ ഉണ്ട് എന്ന ബോധം.

----
നരബലിയും ഗര്‍ഭനിരോധനവും തമ്മില്‍ കൂട്ടിക്കെട്ടിയതു എന്താണെന്നു മനസ്സിലായില്ല. ആദ്യത്തേതില്‍ മനുഷ്യനെ കുരുതി കൊടുക്കുന്നതിലുള്ള ക്രോധം. രണ്ടാമത്തേതില്‍ മനുഷ്യജന്മങ്ങള്‍ വേണ്ട എന്ന നിര്‍ദ്ദേശം. പരിണാമത്തില്‍ ഉണ്ടായ മനുഷ്യര്‍ മൃഗങ്ങളേന്നു നിങ്ങള്‍ വാദിക്കുന്നു. എന്നിട്ടു മൃഗങ്ങള്‍ പോലും ചെയ്യാത്ത (പ്രകൃതി വിരുദ്ധമായ) ഗര്‍ഭനിരോധനത്തിനെ പ്രശംസിക്കുന്നു. ഇനി എങ്ങനും ഗര്‍ഭനിരോധന പ്രക്രിയകളെ മറികടന്നു ഗര്‍ഭം ധരിച്ചാല്‍ ആ ശിശുവിനെ കൊന്നു കളയാനും മടിയില്ല. എന്തോരു വിരോധാഭാസം.!!!

തുടക്കത്തില്‍ മനുഷ്യനെ കൊല്ലുന്നതില്‍ കേഴുന്നു. അവസാന ഭാഗത്തില്‍ അതിനെ പ്രോല്‍സാഹിപ്പിക്കുന്നു.
-----
മാര്‍പ്പാപ്പയുള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ എക്കാലത്തും വിശ്വാസികളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യം ഇതു തന്നെയാണല്ലോ.
------
മാര്‍പ്പാപ്പയും കൂട്ടരും ഈ നരഹത്യകള്‍ക്കെതിരെ എന്നും പോരാടി കൊണ്ടിരിക്കും. അനുയായികള്‍ ചെയ്യണമോ വേണ്ടായോ എന്നതു അവരുടെ കാര്യം. മനുഷ്യ ജീവനു എവിടേയും തുല്യ പ്രാധന്യം കൊടുത്തു തന്നെയാണ് സഭയുടെ പ്രവര്‍ത്തനങ്ങള്‍. രണ്ടു വഞ്ചിയില്‍ കാലിടാറില്ലെന്നു്.

ബുദ്ധിമാന്‍ said...

"എന്നിട്ടു മൃഗങ്ങള്‍ പോലും ചെയ്യാത്ത (പ്രകൃതി വിരുദ്ധമായ) ഗര്‍ഭനിരോധനത്തിനെ പ്രശംസിക്കുന്നു"

ഇപ്പറഞ്ഞത് നേര്, ഗര്‍ഭനിരോധനം പ്രകൃതി വിരുദ്ധം തന്നെയാ...അത് മാത്രമല്ല അസുഖങ്ങള്‍ക്ക് ശാസ്ത്രീയമായ ചികിത്സയും, ഓപറേഷനും ഒക്കെ പ്രകൃതി വിരുദ്ധം!!
സാജനെ പോലുള്ള പ്രകൃതിവാദികള്‍ക്ക് അല്പായുസ്സാണല്ലോ എന്നാലോചിക്കുമ്പം വിഷമം തോന്നുന്നു...കഷ്ടം തന്നെ മനുഷ്യാ...

ea jabbar said...

കോടിക്കണക്കിനു കുഞ്ഞുങ്ങളെ കൊന്നു കാണുമല്ലോ സാ‍ജാ താങ്കളും! മനസ്സിലായിക്കാണുമോ എന്തോ!!

sajan jcb said...

തികച്ചും വ്യക്തിപരമായ ആരോപണം. ഈ ബ്ലോഗില്‍ അങ്ങിനെ വല്ലതും നടന്നാല്‍ നിയന്ത്രിക്കേണ്ട താങ്കള്‍ തന്നെ... പരിതാപകരം.

സ്വയംഭോഗത്തിനെയാകാം താങ്കള്‍ ഉദ്ദേശിച്ചതു എന്നു കരുതുന്നു. താങ്കള്‍ ആസക്തികളില്‍ മുഴുകി സ്വയംഭോഗവും സ്വവര്‍ഗ്ഗ ഭോഗവും ചെയ്യുന്നുണ്ടാകാം; എന്നു കരുതി എല്ലാവരും അങ്ങിനെയാണെന്നു ധരിക്കരുതു്.

പിന്നെ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നതിന്റെ എണ്ണം ....
സ്വന്തം സുഖത്തിനും സൗകര്യത്തിനും വേണ്ടി സ്വന്തം അപ്പനും അമ്മയും കൂടി കൊന്നു കളയുന്ന കുഞ്ഞുങ്ങളുടെ എണ്ണം = ഏകദേശം 126,000 പ്രതിദിനം. (2006 December മാസത്തില്‍ നടന്ന സുനാമിയില്‍ കൊല്ലപ്പെട്ടവര്‍ വെറും 169,752 !!!).

റോക്കറ്റ് പോലെ കുതിക്കുന്ന ശാസ്ത്രത്തിനെ പുരോഗമനം!!

നരബലിയെ ന്യായീകരിക്കുകയല്ല....പക്ഷെ ആ 2 പേര്‍ക്കു വേണ്ടി താങ്കള്‍ കേഴുന്നതു കാണുമ്പോള്‍??? അതിനെ മുതല കണ്ണീര്‍ എന്നല്ലേ പറയേണ്ടതു് ?

ബുദ്ധിമാന്‍,

അസുഖം വരുമ്പോള്‍ ചികത്സിക്കുന്നതു് എങ്ങിനെയാണ് പ്രകൃതി വിരുദ്ധമാകുന്നതു? പ്രകൃതിയെ/മൃഖങ്ങളെ സൂക്ഷിച്ചു നോക്കൂ...

ദേഹത്തു മുറിവുപറ്റിയാല്‍ മൃഖങ്ങള്‍ നക്കി തുടക്കുന്നില്ലേ? വ്രണങ്ങളില്‍ ഈച്ച മുതലായ പ്രാണികള്‍ വരാതിരിക്കാന്‍ വാലുകൊണ്ട് അവരെ ആട്ടിയോടിക്കാറില്ലെ? ജന്മം നല്‍കിയ കുഞ്ഞിനെ പശുക്കള്‍ നക്കി തുടച്ച് അവര്‍ക്കു രോഗപ്രതിരോധ ശേഷിനല്‍ക്കുന്നതു കണ്ടിട്ടില്ലേ?

അവരും അവരാല്‍ ആകുന്ന ചികത്സകളൊക്കെ ചെയ്യുന്നുണ്ട് മുറിവുണക്കാന്‍; അല്ലെങ്കില്‍ ജീവന്‍ നിലനിറുത്താന്‍. മനുഷ്യനും അവന്റെ സവിശേഷ ബുദ്ധീ ഉപയോഗിച്ചു അവനാല്‍ ആകുന്നതു ചെയ്യുന്നു.

പക്ഷേ മനുഷ്യന്‍ മാത്രമാകും സ്വന്തം കുഞ്ഞിനെ ഗര്‍ഭത്തില്‍ വച്ചു കൊന്നു തള്ളുന്നതു. മനുഷ്യന്‍ മാത്രമാകും പ്രത്യുല്‍പാദനത്തിനു വേണ്ടി ഉപയോഗിക്കപെടേണ്ടുന്ന sex നെ സുഖത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്നതു് !!!

ഇങ്ങിനെ കൊന്നു തള്ളപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ എന്നും സഭയുണ്ടാകും. ജീവന്റെ മഹത്തതെ വിലയിലാതാക്കുന്നവര്‍ ക്രിസ്തുമതം ഉപേക്ഷിക്കണം എന്നു തന്നെയാണ് എന്റെ അഭിപ്രായം. അവര്‍ക്കു വേണമെങ്കില്‍ സ്വന്തം സുഖത്തിനും സമാധാനത്തിനും വേണ്ടി എന്തും ചെയ്തുകൊള്ളാന്‍ പഠിപ്പിക്കുന്ന യുക്തിവാദികളുടെ മതത്തില്‍ ചേര്‍ന്ന് അര്‍മാദിക്കാമല്ലോ?!!!


( ആസക്തികളെ പറ്റി വ്യക്തിപരമായ ആരോപണം ജബ്ബാര്‍ മാഷിനെതിരെ മനപൂര്‍വ്വം ഉന്നയിച്ചതാണ്. അനുഭവിക്കുമ്പോ എങ്ങിനെയിരിക്കും സുഃഖം എന്ന ഇപ്പോള്‍ മാഷിന് മനസ്സിലായിക്കാണും എന്നു വിചാരിക്കുന്നു.)

ബുദ്ധിമാന്‍ said...

"പക്ഷേ മനുഷ്യന്‍ മാത്രമാകും സ്വന്തം കുഞ്ഞിനെ ഗര്‍ഭത്തില്‍ വച്ചു കൊന്നു തള്ളുന്നതു."

ഗര്‍ഭനിരോധനം എന്നാല്‍ എന്താണെന്ന് സാജനറിയുമോ എന്ന് സംശയിക്കുന്നു.
ഗര്‍ഭത്തില്‍ വച്ച് കൊല്ലുന്നതിനെയല്ല ഗര്‍ഭനിരോധനം എന്ന് പറയുന്നത്!
ഗര്‍ഭഛിദ്രത്തെ ഇവിടെ ആരും ന്യായീകാരിച്ചില്ലല്ലോ?

sajan jcb said...

രണ്ടും എന്താണെന്നു വ്യക്തമായ ബോധ്യമുണ്ട് !!

അതില്‍ നിരുപദ്രവമെന്നു് തോന്നുന്ന ഗര്‍ഭനിരോധനമാണ്, മറ്റേതിലേക്കു എത്തിക്കുന്നതു്. കാരണം ഒരു കുഞ്ഞിനെ ഏറ്റെടുക്കാന്‍ വിമുഖതയുള്ളതു കൊണ്ടാണല്ലോ, അതിനെ പ്രതിരോധിക്കാന്‍ മെനക്കെടുന്നതു്. ഒരു നിരോധന ഉപകരണങ്ങളും നൂറുശതമാനം സുരക്ഷിതമല്ല. നിരോധിന്റെ പുറത്തെ കവറില്‍ തന്നെ 97% ഉറപ്പേ തരുന്നുള്ളൂ എന്നാണ് എന്റെ അറിവ്. അതായതു് 100 പ്രാവശ്യം ബന്ധപ്പെടുമ്പോള്‍ അതില്‍ 3 തവണ ചിലപ്പോള്‍ പരാജയപ്പെടാം എന്നു!! അങ്ങിനെ പരാജയപ്പെടുന്നവരാണ് ഗര്‍ഭ നിരോധത്തിലേക്കു മനസ്സിനെ പാകപ്പെടുത്തിയെടുക്കുന്നതു്. അങ്ങിനെ ദിവസത്തില്‍ എത്ര പേര്‍ മരിക്കുണ്ടെന്ന ഭീകര കണക്കുകള്‍ നമ്മുടെ മിഴികള്‍ തുറക്കാന്‍ ഉതകുന്നതല്ലേ?


പ്രകൃതിവിരുദ്ധമായതു കൊണ്ടു മാത്രമല്ല അതിനെ സഭ എതിര്‍ക്കുന്നതു് എന്നിപ്പോ മനസ്സിലായെന്നു കരുതട്ടേ? അല്ലാതെ മനുഷ്യപുരോഗതിയെ പിന്നിലേക്കു നയിക്കാനല്ല ഇതു്.

മറ്റോരു ശക്തമായ കാരണം കൂടി ഗര്‍ഭ നിരോധനത്തെ എതിര്‍ക്കുന്നതിന്റെ പിന്നില്‍ ഉണ്ട് എന്നാണ് എന്റെ അറിവ്.

പുരുഷന്റേയും സ്ത്രീയുടെയും മനസ്സും ശരീരവും ഒന്നായി ചേരാനാണല്ലോ sex. അതാണ് ഒരു പ്ലാസ്റ്റിക് ആവരണത്തില്‍ കുടുങ്ങി ഇല്ലാതകുന്നതു്. ആ ബന്ധപ്പെടലിനു സ്വാഭാവികമായി നടക്കേണ്ടതിന്റെ പകുതി ഊഷ്മളത പോലുമുണ്ടാകില്ല. ഭാര്യയെ (അല്ലെങ്കില്‍ ഭര്‍ത്താവിനെ) വെറും ഒരു sex instrument ആയി മാത്രമേ കാണാനേ പങ്കാളിക്കു കഴിയൂ. അവിടെ തുടങ്ങും പങ്കാളിയോടുള്ള പുച്ഛം. "ഈ മനുഷ്യനു ഇതിനു വേണ്ടി മാത്രമാണ് ഞാന്‍" എന്ന വിചാരം ഭാര്യയില്‍ ഉണ്ടായെങ്കില്‍ അതില്‍ തെറ്റു പറയാന്‍ പറ്റുമോ? അവിടെ തുടങ്ങും പല കുടംബ ബന്ധങ്ങളുടേയും തകര്‍ച്ച.

ഇതു മുന്‍കൂട്ടി കണ്ടാണ് സഭയുടെ പ്രവര്‍ത്തനങ്ങള്‍.

മാത്രവുമല്ല, സ്വാഭാവിക ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ സഭ പഠിപ്പിക്കുന്നുണ്ട്. ഭാര്യയുടെ ആവര്‍ത്തന ചക്രം നിരീക്ഷിച്ചാല്‍ ഇതു സാധ്യമാകുന്നതാണ്. താത്പര്യമുണ്ടെങ്കില്‍ ചോദിക്കൂ... ഞാന്‍ കണ്ടു പഠിച്ചുതരാം.

ea jabbar said...

ഞാനുദ്ദേശിച്ചത് അതല്ല സാജാ !
പ്രായപൂര്‍ത്തിയായ ഒരു പുരുഷന്റെ ബീജോല്‍പ്പാദന ഫാക്ടറിയില്‍ കോടിക്കണക്കിനു ബീജങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും ഏതെങ്കിലും വിധത്തില്‍ നശിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. സ്ത്രീകളിലും അപ്രകാരം അനേകം അണ്ഡങ്ങള്‍ നശിപ്പിക്കപ്പെടുന്നു. അവയെല്ലാം കുഞ്ഞുങ്ങളാവാന്‍ യോഗ്യതയുള്ള കോശങ്ങള്‍ തന്നെയാണെങ്കിലും അതൊന്നും കുട്ടികളാകുന്നില്ല. ഒരു ‘ഭോഗവും’ നടന്നില്ലെങ്കിലും സാജന്റെ കണക്കില്‍ ശിശു ഹത്യ യായി പരിഗണിക്കാവുന്നതാണിതെല്ലാം. അത്രയേ ഉദ്ദേശിച്ചുള്ളു. കല്യാണപ്രായമായിട്ടും പെണ്ണു കെട്ടാതെ നടക്കുന്നതും സന്താന നിയന്ത്രണം തന്നെയാണ്. കന്യാസ്ത്രീകളും പെണ്ണുകെട്ടാന്‍ പാടില്ലാത്ത പാതിരിമാരുമൊക്കെ എത്ര കുഞ്ഞുങ്ങളുടെ ജനനമാണു തടയുന്നത്!
പുരോഹിതന്മാരുടെ ഗര്‍ഭപ്രശ്നം ഒതുക്കിത്തീര്‍ക്കാനാണ് കത്തോലിക്കാ സഭ ഇന്ന് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് എന്ന് വാര്‍ത്ത കണ്ടിരുന്നു. കൊലപാതകം ഏറ്റവുമധികം നടക്കുന്ന ഒരു മേഖല!

ea jabbar said...

മനുഷ്യനും അവന്റെ സവിശേഷ ബുദ്ധീ ഉപയോഗിച്ചു അവനാല്‍ ആകുന്നതു ചെയ്യുന്നു.

കിരാതരുടെ അന്ധവിശ്വാസം പേറി നടക്കുന്ന മന്ദബുദ്ധികള്‍ ഇതിനൊക്കെ തടസ്സം നിക്കുന്നു!

പാമരന്‍ said...

സാജന്‍ജി,

"മാത്രവുമല്ല, സ്വാഭാവിക ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ സഭ പഠിപ്പിക്കുന്നുണ്ട്. ഭാര്യയുടെ ആവര്‍ത്തന ചക്രം നിരീക്ഷിച്ചാല്‍ ഇതു സാധ്യമാകുന്നതാണ്. താത്പര്യമുണ്ടെങ്കില്‍ ചോദിക്കൂ... "

ഇതെനിക്കിഷ്ടപ്പെട്ടു. ഗര്‍ഭനിരോധന മാര്ഗങ്ങള്‍ സഭക്കെതിര്.. എന്നാല്‍ ആര്‍ത്തചക്രം നോക്കി ബന്ധപ്പെട്ട്‌ സന്താനോല്പദനം ഒഴിവാക്കുന്നതു തെറ്റല്ല!

അപ്പോള്‍ ഗര്‍ഭനിരോധനം അല്ല പ്രശ്നം.. പ്ലാസ്റ്റിക് നിരോധനം ആണു!

sajan jcb said...


പുരോഹിതന്മാരുടെ ഗര്‍ഭപ്രശ്നം ഒതുക്കിത്തീര്‍ക്കാനാണ് കത്തോലിക്കാ സഭ ഇന്ന് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് എന്ന് വാര്‍ത്ത കണ്ടിരുന്നു.


ഗര്‍ഭപ്രശ്നങ്ങള്‍ എന്നു പറയുമ്പോള്‍ അതു ഗര്‍ഭഛിദ്രത്തെയാണോ ഉദ്ദേശിക്കുന്നതു്? അല്ലെന്നാണ് എനിക്കു തോന്നുന്നതു്. ഏതേങ്കിലും പുരോഹിതന്‍ ഒരു ബലഹീനമായ നിമിഷത്തില്‍ ഒരു സ്ത്രീയെ പിഴപ്പിച്ചിട്ടുണ്ടാകും. സഭ പറഞ്ഞിട്ടില്ല അങ്ങിനെ ചെയ്യാന്‍. ആ പുരോഹിതനെ നിഷ്പ്രയാസം സഭയില്‍ നിന്നു പുറത്താക്കാന്‍ കഴിയുന്നതുമാണ്. പക്ഷേ സഭ ചെയ്യുന്നതെന്തെന്ന് താങ്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അതായതു് പുരോഹിതനെ സഭയില്‍ നിന്നു പുറത്താക്കി ഉത്തരവാദിത്വത്തില്‍ നിന്നു ഓടിയകലതെ, ആ സ്ത്രീക്കു സ്വന്തം കണക്കില്‍ നിന്നു നഷ്ടപരിഹാരം കൊടുക്കുകയാണ് സഭ ചെയ്യുന്നതു. പറ്റുമെങ്കില്‍ അവരുടെ വിവാഹം നടത്തി പരിഹാരം ചെയ്യാനും സഭ തയാറാകും. അതിവിടെ പറയെണ്ട കാര്യമെന്തെന്ന് മനസ്സിലായില്ല.

sajan jcb said...

കന്യാസ്ത്രീകളും പെണ്ണുകെട്ടാന്‍ പാടില്ലാത്ത പാതിരിമാരുമൊക്കെ എത്ര കുഞ്ഞുങ്ങളുടെ ജനനമാണു തടയുന്നത്!

പുരോഹിതര്‍ കല്യാണം കഴിക്കരുതു എന്നു ഒരു ബൈബിളിലും പറഞ്ഞിട്ടില്ല। അത്മീയതയും ലൈംഗികതയും ഒരുച്ചു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടാണ് പുരോഹിതര്‍ക്കു വിവാഹം വേണ്ടെന്നു സഭ നിശ്ചയിച്ചതു്। മറ്റോരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ലൈംഗിക വിഷയങ്ങളില്‍ താത്പര്യമില്ലാത്തവര്‍ (അല്ലെങ്കില്‍ ആത്മീയ വിഷയങ്ങളില്‍ കൂടുതല്‍ താത്പര്യമുള്ളവര്‍ പുരോഹിതനാകാന്‍) വന്നാല്‍ മതിയെന്നു്. പൂര്‍ണ്ണമായ സമര്‍പ്പണ മനോഭാവമുള്ളവര്‍ എന്നും പറയാം. മാത്രവുമല്ല, സഭയുടെ സ്ഥാപനങ്ങളിലും മറ്റും പുരോഹിതരുടെ മക്കള്‍ എന്ന നിലയില്‍ ഒരു പക്ഷപാതപരമായ തീരുമാനം ഉണ്ടാകാതിരിക്കുന്നതിനും വേണ്ടിയാണ് അങ്ങിനെയോരു തീരുമാനം.

അങ്ങിനെ വരുമ്പോള്‍ വിവാഹം വേണ്ടെന്നു വച്ച് പുരോഹിതനാകാന്‍ തീരുമാനിക്കുന്നതു ഒരു വ്യക്തിയുടെ വ്യക്തിപരമായ കാരണമാണ്. (ഒരു ചോദ്യകൂടിയുണ്ട് അതു പാമരനുള്ള മറുപടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.)

കോടിക്കണക്കിനു ബീജങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും ഏതെങ്കിലും വിധത്തില്‍ നശിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

സ്വാഭാവികമായി നടക്കുന്ന പ്രക്രിയക്കെതിരെ നമ്മുക്കോന്നും ചെയ്യാന്‍ കഴിവില്ലല്ലോ? മത്രവുമല്ല, പുതിയതും ഉര്‍ജ്ജസ്വലതയുള്ളതുമായ പുതിയ ബീജങ്ങള്‍ക്കു വേണ്ട സ്പേസ് അതുമൂലം ഉണ്ടാകുമെങ്കില്‍ അതു നല്ലതിനല്ലേ?

കിരാതരുടെ അന്ധവിശ്വാസം പേറി നടക്കുന്ന മന്ദബുദ്ധികള്‍ ഇതിനൊക്കെ തടസ്സം നിക്കുന്നു!


എന്താണ് താങ്കള്‍ ഉദ്ദേശിച്ചതു്? കത്തോലിക സഭ നരബലി നടത്തുന്നില്ല. പ്രോത്സാഹിപ്പിക്കുന്നുമില്ല.
ചികത്സയുടെ കാര്യമാണെങ്കിലും അതു തന്നെ. കേരളത്തില്‍ തന്നെ ഏറ്റവുമധികം ആശുപതികള്‍ ഉള്ളതു കത്തോലിക സഭക്കാകാം. അവയവ ദാനത്തേയും പ്രോത്സാഹിപ്പിക്കുന്ന ലേഖനവും ഞാന്‍ മുമ്പു കാട്ടി തന്നതാണ്. പിന്നെയാരെയാണ് 'മന്ദബുദ്ധികള്‍' എന്നു താങ്കള്‍ അഭിസംഭോധന ചെയ്തതു്?

sajan jcb said...

ഇനി ഒരു കാര്യം കൂടി ജബ്ബാര്‍ മഷില്‍ നിന്ന് അറിഞ്ഞാല്‍ കൊള്ളാം. ഗര്‍ഭഛിദ്രത്തെ താങ്കള്‍ അനുകൂലിക്കുന്നുവോ?

sajan jcb said...

അപ്പോള്‍ ഗര്‍ഭനിരോധനം അല്ല പ്രശ്നം.. പ്ലാസ്റ്റിക് നിരോധനം ആണു!
പാമരാ, ഭയങ്കര conclusion!!

സഭ എന്തു കൊണ്ടു ഗര്‍ഭനിരോധനം എതിര്‍ക്കുന്നു എന്നതിനു 3 കാരണങ്ങള്‍ ഞാന്‍ നിരത്തി.

1. അതു പ്രകൃതിവിരുദ്ധമായതു കൊണ്ട്.
2. അതു ഗര്‍ഭഛിദ്രത്തിലേക്കു വഴിതെളിയിക്കുന്നു.
3. ദമ്പതികളുടെ പരസ്പരബഹുമാനത്തിനു ഇടിവ് സംഭവിക്കുന്നു.

എന്താണ് സ്വാഭാവിക ഗര്‍ഭനിരോധനം എന്നറിയാതെയാണ് താങ്കളുടെ പരിഹാസം. ആദ്യം അതറിഞ്ഞുവരൂ.... ഈ മൂന്നു കാര്യങ്ങളില്‍ എന്തിനേങ്കിലും contradiction ചെയ്യുന്നുണ്ടോ എന്നു പരിശോധിക്കൂ...എന്നിട്ടു പോരേ പരിഹാസം.

ഇനി ജബ്ബാര്‍ മാഷിനോടുള്ള ചോദ്യം ... കന്യാസ്ത്രീകളും പെണ്ണുകെട്ടാന്‍ പാടില്ലാത്ത പാതിരിമാരുമൊക്കെ ഈ മൂന്നുകാര്യങ്ങളില്‍ ഏതേങ്കിലും തെറ്റിക്കുന്നുണ്ടോ?

ലൈംഗിക വിചാരങ്ങള്‍ തെജിക്കുന്നവരെ, അവരുടെ ആസക്തികളുടെ മേലുള്ള ആശയടക്കത്തെ അഭിനന്ദിക്കുകയല്ലേ വേണ്ടതു്?

പാമരന്‍ said...

സാജന്‍ സാറെ,

എന്‍റെ കണ്‍ഫ്യുഷന്‍ മാറിയിട്ടില്ല.

ആ മൂന്നു കാരണങ്ങളും എനിക്കു മനസ്സിലായില്ല.

1. അതു പ്രകൃതിവിരുദ്ധമായതു കൊണ്ട്‌: അങ്ങനെയെങ്കില്‍ സ്വയം ഭോഗവും പ്രകൃതിവിരുദ്ധമായിരിക്കുമല്ലോ. സ്വപ്നസ്ഖലനമോ? ആര്‍ത്തവ ചക്രം അനുസരിച്ചുള്ള ബന്ധപ്പെടലും അപ്പോ ഇതേ കാറ്റഗറി ആയിരിക്കണമല്ലോ.
2. അതു ഗര്‍ഭഛിദ്രത്തിലേക്കു വഴിതെളിക്കുന്നു: നേരത്തേ പറഞ്ഞ ആര്‍ത്തവ ചക്രം അനുസരിച്ചുള്ള ബന്ധപ്പെടലിനു എത്രമാത്രം തീര്‍ച്ചയുണ്ടെന്നാണ്‌ ഈ പറയുന്നേ? ചക്രം എന്നു തുടങ്ങുന്നു എന്നു അവസാനിക്കുന്നു എന്നു എങ്ങനെ കൃത്യമായി പറയാനൊക്കും? അതു വെറുമൊരു ഏകദേശകണക്കല്ലേ? മറ്റു മോഡേണ്‍ മാര്‍ഗ്ഗങ്ങളുദെ ഏഴയലത്തുപോലും വിശ്വസ്യതയില്ല ഇതിന്‌.
3. ദംബതിമാരുടെ പരസ്പര ബഹുമാനം: ഇതു നേരത്തെ പറഞ്ഞതിനു നേരെ എതിരാണു. ആര്‍ത്തവ ചക്രം നോക്കി ബന്ധപ്പെട്ടാലും ഇപ്പറഞ്ഞതു പോവില്ലേ അങ്ങനെ പോകാനാണെങ്കില്‍?

മെഡിക്കല്‍ സയന്‍സ്‌ പറയുന്നതു സെക്സ്‌ ദംബതികള്‍ തമ്മിലുള്ള സ്നേഹം കൂട്ടും എന്നാണു. മാത്രവുമല്ല അതു ശാരീരികമായും ഒത്തിരി ഗുണങ്ങള്‍ ചെയ്യുന്നുണ്ടെന്നും. പിന്നെ സ്ത്രീയുടെ ആര്‍ത്തവ ചക്രത്തിനനുസരിച്ചല്ലല്ലോ കര്ത്താവു പുരുഷന്‍റെ ലൈംഗിക താല്‍പ്പര്യങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതു! എന്തോ പ്രശ്നം പറ്റി.

sajan jcb said...

ആ മൂന്നു കാരണങ്ങളും എനിക്കു മനസ്സിലായില്ല.

അറിയാന്‍ വേണ്ടിയുള്ള താങ്കളുടെ ആവേശത്തെ അഭിനന്ദിക്കുന്നു. എനിക്കറിയുന്ന കാര്യങ്ങള്‍ ഇവിടെ ക്രമത്തില്‍ നിരത്തിവെയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇല്ലെങ്കില്‍ ക്ഷമിക്കുമല്ലോ.

1. അതു പ്രകൃതിവിരുദ്ധമായതു കൊണ്ട്‌: അങ്ങനെയെങ്കില്‍ സ്വയം ഭോഗവും പ്രകൃതിവിരുദ്ധമായിരിക്കുമല്ലോ. സ്വപ്നസ്ഖലനമോ? ആര്‍ത്തവ ചക്രം അനുസരിച്ചുള്ള ബന്ധപ്പെടലും അപ്പോ ഇതേ കാറ്റഗറി ആയിരിക്കണമല്ലോ.

എന്റെ അറിവില്‍ സ്വയംഭോഗം പ്രകൃതി വിരുദ്ധം തന്നെ. കാരണം സ്വയഭോഗം ചെയ്യുന്ന ഒരു ജീവിയേയും, സ്വന്തം ലൈംഗികത സ്വയം ആസ്വദിക്കുന്ന ഒരു ജീവിയെയും, ഞാന്‍ കേട്ടിട്ടില്ല. സ്വപ്നസ്ഖലനം... നമ്മുടെ ശാരീരിക ഇടപ്പെടല്‍ ഇല്ലാത്തതു കൊണ്ട് അതു പ്രകൃതി വിരുദ്ധം എന്നു പറയാന്‍ പറ്റില്ല എന്നു തോന്നുന്നു.. പക്ഷേ, സ്വയം ഭോഗമാണ് സ്ഖലനങ്ങളുടെ ആദികാരണം എന്നാണ് എന്റെ അറിവ്. മാത്രവുമല്ല, മറ്റോരു ജീവിക്കും സ്വപ്നസ്ഖലം നടക്കുന്നതായി കേട്ടിട്ടില്ല. അവര്‍ സ്വപ്നം കാണാത്തതു കൊണ്ടാകം. സഭയുടെ പഠനങ്ങളില്‍ അതു പ്രകൃതി വിരുദ്ധമാണെനാണ് എന്റെ ഓര്‍മ്മ. കൂടുതല്‍ വിശദംശങ്ങള്‍ എനിക്കറിയില്ല.

ആര്‍ത്തവ ചക്രം അനുസരിച്ചുള്ള ബന്ധപ്പെടല്‍ എന്താണെന്നു താങ്കള്‍ക്കു വ്യക്തമായി അറിയുമോ എന്നു ഞാന്‍ സംശയിക്കുന്നു.

സ്ത്രീയുടെ ആവര്‍ത്തന ചക്രം പഠിച്ചു കഴിഞ്ഞാല്‍ നമ്മുക്കു മനസ്സിലാക്കാന്‍ കഴിയും 28 ദിവസങ്ങളില്‍ ആറോ ഏഴോ ദിവസം മാത്രമാണ് കുഞ്ഞുണ്ടാകാന്‍ സാധ്യതയുള്ളതു എന്നു. രക്തപ്രവാഹം ഉണ്ടാകുന്ന നാലോ അഞ്ചോ ദിവസം മാറ്റി നിറുത്തിയാല്‍ ബാക്കി 16 ദിവസം സേഫായി ബന്ധപ്പെടാന്‍ സാധിക്കും എന്നത് പ്രകൃതിയെ ക്ഷമാപൂര്‍വ്വം പഠിച്ചപ്പോള്‍ നമ്മുക്കു ലഭിച്ച അറിവാണ്.ഇതും ഒരു മെഡിക്കല്‍ സയന്‍സ്സ് കണ്ടുപിടുത്തം തന്നെ!

യാതോരു കൃത്രിമ ഇടപ്പെടലുകളും അങ്ങിനെ സുരതം ചെയ്യുമ്പോള്‍ ഇല്ല. പിന്നെയങ്ങിനെയാണ് ഇതിനെ പ്രകൃതി വിരുദ്ധമായി കണക്കാന്‍ കഴിയുക. മുയലുകള്‍ ദിവസവും ഏഴു തവണ വരെ ബന്ധപ്പെടുന്നു എന്ന് എവിടെയോ വായിച്ചതായി ഓര്‍മ്മിക്കുന്നു. (ആധികാരിത അവകാശപ്പെടുന്നില്ല.) എന്നു വച്ച് എല്ലാ പരിശ്രമങ്ങളിലും മുയല്‍ കുഞ്ഞുങ്ങള്‍ ജനിക്കണം എന്നില്ലല്ലോ?!!

കമ്പ്യൂട്ടര്‍ യുഗത്തിലെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍... സ്വാഭാവിക ജനനനിയന്ത്രണ വഴികളെ ഹാക്കിങ്ങ്(hacking) എന്നും കൃത്രിമമായതിനെ ക്രാക്കിങ്ങ് (cracking) എന്നും പറയാം.

sajan jcb said...


2. അതു ഗര്‍ഭഛിദ്രത്തിലേക്കു വഴിതെളിക്കുന്നു: നേരത്തേ പറഞ്ഞ ആര്‍ത്തവ ചക്രം അനുസരിച്ചുള്ള ബന്ധപ്പെടലിനു എത്രമാത്രം തീര്‍ച്ചയുണ്ടെന്നാണ്‌ ഈ പറയുന്നേ? ചക്രം എന്നു തുടങ്ങുന്നു എന്നു അവസാനിക്കുന്നു എന്നു എങ്ങനെ കൃത്യമായി പറയാനൊക്കും? അതു വെറുമൊരു ഏകദേശകണക്കല്ലേ? മറ്റു മോഡേണ്‍ മാര്‍ഗ്ഗങ്ങളുദെ ഏഴയലത്തുപോലും വിശ്വസ്യതയില്ല ഇതിന്‌.

ശരിയാണ്... തീര്‍ച്ച കുറവാണ്. peak day മനസ്സില്ലാക്കാന്‍ സാധിക്കാത്ത സ്ത്രീകളെ സംബന്ധിച്ച് പ്രത്യേകിച്ചും. ആര്‍ത്തവ ചക്രത്തില്‍ സ്ഥിരതയില്ലാത്തവര്‍ക്കു ഈ മാര്‍ഗ്ഗം വളരെ ബുദ്ധിമുട്ടേറിയതാണ്. അതുകൊണ്ടു തന്നെ ഈ മാര്‍ഗ്ഗം അവലംബിക്കുന്നവരെ സംബന്ധിച്ച് അവര്‍ കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ മനസ്സാ തയ്യാറെടുത്തവരാണ്. അതുകൊണ്ട് കണക്കുകൂടലുകള്‍ പിഴച്ചാലും അവര്‍ ഗര്‍ഭഛിദ്രത്തെ പറ്റി ആലോചിക്കാന്‍ പോകില്ല.
(മനസ്സുണ്ടെങ്കില്‍, ക്ഷമയുണ്ടെങ്കില്‍, unsafe ആയിട്ടുള്ള ദിവസ്സങ്ങള്‍ കൃത്യമായി അറിയാന്‍ പറ്റും എന്നു തന്നെയാണ് എന്റെ അറിവ്)

sajan jcb said...


3. ദംബതിമാരുടെ പരസ്പര ബഹുമാനം: ഇതു നേരത്തെ പറഞ്ഞതിനു നേരെ എതിരാണു. ആര്‍ത്തവ ചക്രം നോക്കി ബന്ധപ്പെട്ടാലും ഇപ്പറഞ്ഞതു പോവില്ലേ അങ്ങനെ പോകാനാണെങ്കില്‍?

മെഡിക്കല്‍ സയന്‍സ്‌ പറയുന്നതു സെക്സ്‌ ദംബതികള്‍ തമ്മിലുള്ള സ്നേഹം കൂട്ടും എന്നാണു. മാത്രവുമല്ല അതു ശാരീരികമായും ഒത്തിരി ഗുണങ്ങള്‍ ചെയ്യുന്നുണ്ടെന്നും.
പിന്നെ സ്ത്രീയുടെ ആര്‍ത്തവ ചക്രത്തിനനുസരിച്ചല്ലല്ലോ കര്ത്താവു പുരുഷന്‍റെ ലൈംഗിക താല്‍പ്പര്യങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതു! എന്തോ പ്രശ്നം പറ്റി.

മെഡിക്കല്‍ സയന്‍സ്സ് പറയുന്നതു വളരെ ശരിതന്നെ... സെക്സ്‌ ദംബതികള്‍ തമ്മിലുള്ള സ്നേഹം കൂട്ടും. ഇവിടെ വച്ചു എല്ലാമായി എന്നു ധരിക്കരുതു്. തുടര്‍ന്നും മെഡിക്കല്‍ സയന്‍സ്സിനു പറയാനുള്ളതു എന്താണെന്നു ഗ്രദ്ധിക്കൂ...

മെഡിക്കല്‍ സയന്‍സ്സ് പ്രകാരം, ഒന്നിടവിട്ടിട്ടുള്ള ദിവസ്സങ്ങളില്‍ ബന്ധപ്പെട്ടുന്ന ദമ്പതികള്‍ തമ്മില്‍ കൂടുതല്‍ ഐക്ക്യം കാണപ്പെടുന്നു എന്നാണ് ( ഓര്‍മ്മയില്‍ നിന്ന്;റെഫറന്‍സ്സ് തപ്പിയിട്ട് കിട്ടിയില്ല). ഇതുതന്നെയാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശവും.(10-)0 മത്തെ ചോദ്യോത്തരം ശ്രദ്ധിക്കുക. അതായതു് ഒന്നിടവിട്ടിട്ടുള്ള ദിവസ്സങ്ങള്‍ പുരുഷന്മാര്‍ ക്ഷമ കാണിക്കുന്നതു നല്ലതാണെന്നു്.

മിക്ക കുടുംബങ്ങളും തകരാനുള്ള ഒരു കാരണം സെക്സിലെ വൈകല്യങ്ങള്‍ തന്നെ... നല്ല രീതിയില്‍ ആസ്വദിച്ച് സെക്സില്‍ ഏര്‍പ്പെടുന്ന ബന്ധപ്പെടുന്നവരുടെ ദാമ്പത്യം ഒരു സുഖകരമായ അനുഭവമായിരിക്കും. സാധാരണ നിലയില്‍ സ്ത്രീക്കള്‍ക്കു ലൈംഗികാസക്തി പുരുഷന്മാരേക്കാള്‍ കുറവായിരിക്കും. എന്നും ഇന്റര്‍കോഴ്സ് ചെയ്യാന്‍ ഭൂരിഭാഗം സ്ത്രീകളും ഇഷ്ടപ്പെടുന്നില്ല. അവരുടെ ഇംഗിതത്തിനനുസ്സരിച്ച് പെരുമാറുന്ന, ക്ഷമയോടു കൂടി പ്രവര്‍ത്തിക്കുന്ന ഭര്‍ത്താക്കന്മാരോട് അവര്‍ക്കു കൂടുതല്‍ ബഹുമാനം തോന്നുകയുള്ളൂ...

അപ്പോ പിന്നെ... ഒരു നല്ല കാര്യത്തിനു വേണ്ടി അഞ്ചോ ആറോ ദിവസ്സം ക്ഷമ കാണിക്കുന്ന ഭര്‍ത്താവിനെ ഭാര്യക്കു ബഹുമാനമല്ലാതെ പുച്ഛം തോന്നാന്‍ ഒരു വഴിയും ഞാന്‍ കാണുന്നില്ല. ഈ എന്നും ഇന്റര്‍കോഴ്സ് ചെയ്യുന്നതു നല്ലതാണെന്നു പറഞ്ഞു നടക്കുന്ന വിദ്വാന്മാര്‍ ആര്‍ത്തവ ദിനങ്ങളില്‍ രക്തത്തില്‍ കുളിച്ച്, സ്വന്തം സുഃഖത്തിനു വേണ്ടി ഭാര്യക്കു കൂടുതല്‍ വേദന സമ്മാനിച്ച്, ഈ പരിപാടി ചെയ്യുമോ എന്നറിയാനും താത്പര്യമുണ്ട്.

Anonymous said...

m.r. jabbar sir
execlent ......gohead

Anonymous said...

എടാ ഇജ്ജ് മലപ്പുറത്ത് ജനിച്ചതാണെങ്കീ... ഇജ്ജും പോത്തിനെ തിന്നിട്ടില്ലേ.....ഇജ്ജാണോ ഇതൊക്കെ പറീണത്.

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.