Friday, March 28, 2008

ഇതോ മതേതരത്വം?

മദ്രസാ അധ്യാപകര്‍ക്ക് ഇടതുപക്ഷം ക്ഷേമനിധിയും പെന്‍ഷനും ഏര്‍പ്പെടുത്തിയത് മതേതരത്വത്തിന്റെ നഗ്നമായ ലംഘനമാണ്‍. കരുണാകര ഗവണ്മെന്റിന്റെ കാലത്താണ് മുല്ല -മുക്രി പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. അന്നതിനെ മതേതരത്വത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ച് ശക്തിയുക്തം എതിര്‍ത്തവരാണ് ഇടതുപക്ഷവും സി പി എമ്മും. എന്നാലിന്ന് സച്ചാര്‍ കമ്മിറ്റിയുടെ മറ പറ്റി ഒരു `പാലോളി കമ്മിറ്റി` യുണ്ടാക്കി വളരെ പെട്ടെന്ന് , ദരിദ്രരില്‍ ദരിദ്രരായ, നിസ്സഹായരായ , മര്‍ദ്ദിതവിഭാഗമായ തൊഴിലാളിവര്‍ഗ്ഗമാണ് മദ്രസാധ്യാപകര്‍ എന്നു കണ്ടെത്തുകയും പത്തു കോടി രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തു! യഥാര്‍ത്ഥ അധ്വാന വര്‍ഗ്ഗം ഒട്ടേറെ സമരങ്ങളും ത്യാഗങ്ങളും നടത്തി ‘രക്തസാക്ഷി’കളെ സൃഷ്ടിച്ച ശേഷമാ‍ണ് ഇത്തരം ആനുകൂല്യങ്ങള്‍ നേടിയെടുത്തിട്ടുള്ളത്. ഒരു മദ്രസാ അധ്യാപകന്‍ പോലും തങ്ങള്‍ക്ക് അവശതയുണ്ടെന്നോ അതുകൊണ്ട് സര്‍ക്കാര്‍ സഹായിക്കണമെന്നോ ആവശ്യപ്പെട്ടിട്ടില്ല. ഒരു മതസംഘടനയോ രാഷ്ട്രീയപാര്‍ട്ടിയോ ഇത്തരമൊരാവശ്യം ഉയര്‍ത്തിയതായും കണ്ടിട്ടില്ല. മദ്രസ അദ്യാപകര്‍ പോലും തങ്ങള്‍ക്ക് ഇത്തരത്തില്‍ അവശതയുണ്ടെന്നു മനസ്സിലാക്കുന്നത് പാലോളി കമ്മിറ്റിയുടെ കണ്ടെത്തലിനു ശേഷമായിരിക്കും!

മദ്രസാ അധ്യാപര്‍ക്കു ശംബളം കൂട്ടിക്കൊടുക്കേണ്ട എന്നാരും പറഞ്ഞിട്ടില്ല. പറയുകയുമില്ല. പക്ഷേ, ഏതെങ്കിലും മതം പഠിപ്പിക്കുന്നവര്‍ക്ക് ആരാണു ശമ്പളവും ആനുകൂല്യങ്ങളുമൊക്കെ നല്‍കേണ്ടത്? മതപഠനത്തിന് ഏര്‍പ്പാടു ചെയ്യുന്നവരോ, സര്‍ക്കാരോ? മതം പഠിപ്പിക്കല്‍ ഒരു സര്‍ക്കാരിന്റെ ബാധ്യതയല്ലെന്നിരിക്കെ അവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കേണ്ടതും സര്‍ക്കാരിന്റെ ബാധ്യതയല്ല. കോടികള്‍ ആസ്തിയുള്ളവരാണ് കേരളത്തിലെ എല്ലാ മതസംഘടനകളും. അവരുടെ പള്ളികളും സ്ഥാപനങ്ങളും അതു വിളിച്ചറിയിക്കുന്നുണ്ട്. മതസംഘടനകളുടെ സമ്മേളനങ്ങള്‍ക്ക് കോടികളാണു ചെലവഴിക്കുന്നത്. അവര്‍ വിചാരിച്ചാല്‍ ഇവര്‍ക്കു നല്ല ശമ്പലവും പെന്‍ഷനും നല്‍കാന്‍ നിഷ്പ്രയാസം സാധ്യമാകും. സര്‍ക്കാര്‍ ഖജനാവിലുള്ളത് പലതരക്കാരുടെ പക്കല്‍ നിന്നും പിരിച്ചെടുക്കുന്ന നികുതിപ്പണമണ്. മദ്യത്തിന്റെ വരുമാനവും പലിശയുടെ വരുമാനവും അമുസ്ലിംങ്ങളുടെയും മതവിശ്വാസമില്ലാത്തവരുടെയുമൊക്കെ പണവും മതപഠനത്തിനായി കൈപ്പറ്റാമോ എന്നു മദ്രസാ‍ധ്യാപകര്‍ തന്നെ പറയട്ടെ. ഹജ്ജ് സബ്സിഡിയും ഇതുപോലെ തന്നെ ഹറാമായ പണമാണെന്നു വിവരമുള്ള പുരോഹിതന്മാര്‍ ചിലര്‍ പറയാറുണ്ട്.
മതം മതത്തിന്റെ കാര്യവും രാഷ്ട്രം രാഷ്ട്രത്തിന്റെ കാര്യവും നോക്കുന്നതാണ് മതേതരത്വം എന്നു പഠിപ്പിക്കുന്ന ഇടതുപക്ഷം മതേതരത്വത്തിന്റെ നിര്‍വ്വചനം തന്നെ മാറ്റി മറിച്ചിരിക്കുന്നു. രാഷ്ട്രം മതത്തിന്റെ കാര്യത്തിലും മതം രാഷ്ട്രത്തിന്റെ കാര്യത്തിലും ഇടപെടുന്നതാണു മതേതരത്വമെന്നു ഇന്നു നാം തിരിച്ചറിയണം! വഖഫ് ബോറ്ഡും അതിനു വര്‍ഷംതോറും സബ്സിഡിയും ദേവസ്വം ബോറ്ഡും അതിന്റെ നിയമനങ്ങളും എല്ലാം സര്‍ക്കാരാണല്ലോ നോക്കുന്നത്. മതേതരത്വത്തെ ഗളഛേദം ചെയ്യുന്ന നടപടികളാണ് ഇന്നു ഇടതുപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്. വരും കാലങ്ങളില്‍ ‘എന്റെ പിഴ , എന്റെ പിഴ ‘ എന്ന് ഏറ്റു പറയാന്‍ ഇടതുപക്ഷത്തിനു കരുത്തുണ്ടാകട്ടെ എന്നാശിക്കുന്നു.

മാതൃഭൂമി പത്രത്തില്‍ ഇന്നലെ ശ്രീ മുഹമ്മദ് പാറയ്ക്കല്‍ എഴുതിയ ഒരു പ്രതികരണക്കുറിപ്പാണിത്. യുക്തിവാദിസംഘം മലപ്പുറം ജില്ലാ സെക്രട്ടരിയാണ് അദ്ദേഹം. വായനക്കാരുടെ അഭിപ്രായം ക്ഷണിച്ചുകൊള്ളുന്നു.

24 comments:

ea jabbar said...

സാങ്കേതിക കാരണങ്ങളാലും മറ്റു ചില തിരക്കുകളാലും കുറച്ചു നാളായി ബ്ലോഗില്‍ നിന്നു വിട്ടു നില്‍ക്കേണ്ടി വന്നു. ഇനി നമുക്കു തുടരാം.

Unknown said...

Welcome back!

M. Ashraf said...

മതതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യത്ത്‌ മുസ്‌്‌ലിംകള്‍ക്ക്‌ തുല്യാവസരം ലഭിക്കാത്തതിനാല്‍ അവര്‍ പിറകിലായിപ്പോയി എന്നും അവരുടെ കൂടി പുരോഗതിയാണ്‌ രാജ്യത്തിന്റെ പുരോഗതിയെന്നുമാണ്‌ ജസ്‌റ്റിസ്‌ രജീന്ദര്‍ സച്ചാറിന്റെ കണ്ടെത്തല്‍. മദ്രസാധ്യാപനവും മുക്രിപ്പണിയും തൊഴിലായി സ്വീകരിച്ച വിഭാഗത്തിനു ലഭിക്കുന്ന ശമ്പളവും സൗകര്യങ്ങളുമൊക്കെ വളരെ പരിമിതമാണെന്ന വസ്‌തുത ആര്‍ക്കും അറിയാത്തതല്ല. പ്രപഞ്ചത്തെ സൃഷ്ടിച്ചത്‌ ദൈവമാണെന്നും അതുകൊണ്ട്‌ അവന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചേ ജീവിക്കാവൂ എന്ന സിദ്ധാന്തം അംഗീകരിക്കുന്നില്ല എന്നതുകൊണ്ടു മാത്രം ഒരു വിഭാഗം തൊഴിലാളികളുടെ ദുരിതങ്ങള്‍ കണ്ടില്ലെന്ന്‌ നടിക്കാന്‍ ജബ്ബാറിനെയും മുഹമ്മദലിയേയും പോലുള്ള യുക്തിവാദികള്‍ക്ക്‌ എങ്ങനെ സാധിക്കുന്നുവെന്ന്‌ എന്നെ അത്ഭുതപ്പെടുത്തുന്നു. മതത്തിനും വിശ്വാസത്തിനുമപ്പുറം മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കണമെന്ന്‌ പറയുന്ന നിങ്ങള്‍ക്ക്‌, നികുതിപ്പണം കൊണ്ട്‌ നമ്മുടെ നേതാക്കളും മന്ത്രിമാരും വ്യവസായികളും ധൂര്‍ത്തടിക്കുന്നതില്‍ വിഷമമില്ല. പകരം മുസ്‌്‌ലിംകളുടേത്‌ കൂടി ഉള്‍പ്പെടുന്ന നികുതിപ്പണം കൊണ്ട്‌ അവരില്‍ അവശതയനുഭവിക്കുന്ന ഒരു വിഭാഗത്തിന്‌ ആനുകൂല്യം നല്‍കുന്നത്‌ നൊമ്പരപ്പെടുത്തുന്നു. സര്‍ക്കാര്‍ ഫണ്ടില്‍നിന്ന്‌ ഹിന്ദുമതത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കും ആനുകൂല്യം ലഭിക്കുന്നുണ്ട്‌. അത്‌ ചികഞ്ഞെടുത്ത്‌ ഇത്‌ മതേതരത്വമല്ലെന്ന്‌ വിളിച്ചു കൂവുന്നതില്‍ ഒരര്‍ഥവുമില്ല. യുക്തിവാദികളില്‍ അവശതയനുഭവിക്കുന്ന ഏതെങ്കിലും വിഭാഗമുണ്ടെങ്കില്‍ അവര്‍ക്കു കൂടി ആനുകൂല്യം നല്‍കണമെന്ന്‌ വാദിക്കാം.
വളരെ ന്യൂനപക്ഷമായ മുസ്‌്‌ലിം യുക്തിവാദികള്‍ക്ക്‌ സര്‍ക്കാര്‍വക സഹായം വേണമെന്നും വേണമെങ്കില്‍ ആവശ്യപ്പെടാം. നികുതിപ്പണം കൊണ്ട്‌ സര്‍ക്കാരും ഏജന്‍സികളും ധൂര്‍ത്തടിക്കുന്നതിനു പകരം ഏതെങ്കിലും മനുഷ്യജീവിക്ക്‌ ഉപകാരപ്പെടുന്നതുതന്നെയാണ്‌ എത്രയും ഉചിതം.
അബ്ദുല്‍ ജബ്ബാര്‍ എന്ന അറബി വാക്കിന്റെ അര്‍ഥം അധീശാധികാരിയുടെ അടിമ എന്നാണ്‌. ആ അധീശാധികാരിയുടെ കീഴില്‍തന്നെയുള്ള മറ്റ്‌ അടിമകളോട്‌ എന്തിനാണിങ്ങനെ വിവേചനം.

ea jabbar said...

മാറാട് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും ഇനിയെങ്കിലും നടപ്പിലാക്കാന്‍ ശ്രമിക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് കുറേ കാര്യങ്ങള്‍ അക്കമിട്ടു പറഞ്ഞിരുന്നു. മതവും ഭരണകൂടവും തമ്മിലുള്ള വേര്‍തിരിവിനെക്കുറിച്ച് ഊന്നിപ്പറഞ്ഞ കൂട്ടത്തില്‍ സര്‍ക്കാര്‍ മതപരമായ കാര്യങ്ങള്‍ക്കായി പൊതു ധനമോ പൊതു സ്ഥാപനങ്ങളോ ഉപയോഗിക്കരുതെന്നും വിദ്യാലയങ്ങളില്‍ മതപഠനമോ മതാചാരങ്ങളോ മതചിഹ്ന്നങ്ങളോ അനുവദിക്കരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ മതകാര്യങ്ങള്‍ പൊക്കിപ്പിടിച്ചുകൊണ്ടുള്ള പ്രചരണങ്ങളോ പ്രവര്‍ത്തനങ്ങളോ നടത്തുന്നതും മതത്തിന്റെ പേരില്‍ പാര്‍ട്ടികളുണ്ടാക്കി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും നമ്മുടെ മതനിരപേക്ഷ മൂല്യങ്ങള്‍ക്കു കളങ്കമുണ്ടാക്കുമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടിരുന്നു.
ഗവണ്മെന്റിനു സമര്‍പ്പിച്ച ആ റിപ്പോര്‍ട്ട് ജനങ്ങള്‍ക്കു മുന്നില്‍ ചര്‍ച്ചക്കുപോലും വെക്കാതെ അട്ടത്തു ചുരുട്ടിയെറിഞ്ഞ ശേഷമാണ് അതില്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ക്കെല്ലാം തീര്‍ത്തും വിരുദ്ധമായ മതപ്രീണന പരിപാടികളുമായി ഇപ്പോള്‍ രംഗത്തു വന്നിട്ടുള്ളത്. അടുത്ത തെരഞ്ഞെടുപ്പില്‍ പത്തു വോട്ട് അധികം കിട്ടുമോ എന്ന ചിന്തക്കപ്പുറം ഒരു രാജ്യ താല്‍പ്പര്യവും ഇന്ന് ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും ഇല്ല. പുരോഗമനം പറയുന്ന ഇടതുപക്ഷക്കാരില്‍നിന്നു പോലും ഇനി ഒന്നും പ്രതീക്ഷിക്കാനില്ല!

ea jabbar said...

അഷ്രഫേ, മതസംഘടനകള്‍ ഇവിടെ അനാവശ്യമായി ധൂര്‍ത്തടിക്കുന്ന പണത്തിന്റെ നൂറിലൊന്നു നീക്കിവെച്ചാല്‍ തന്നെ അവരുടെ മുക്രി മൊല്ല മാര്‍ക്കു പെന്‍ഷന്‍ കൊടുക്കാവുന്നതല്ലേയുള്ളു .
ഈ മത സംഘടനകള്‍ക്കായി ഒഴുകിയെത്തുന്ന ഹവാലാപ്പണത്തിന്റെ വല്ല കണക്കും സര്‍ക്കാര്‍ ശേഖരിക്കുന്നുണ്ടോ? മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ മൊല്ലാക്കപ്പെന്‍ഷനാണോ മാര്‍ഗ്ഗം?

M. Ashraf said...

ജബ്ബാര്‍ ഭായി,
ഇസ്‌്‌ലാമിനെതിരെ പ്രവര്‍ത്തിക്കാന്‍ മുസ്‌്‌ലിം യുക്തിവാദികള്‍ക്ക്‌ അമേരിക്കയില്‍നിന്നും മറ്റു മുതലാളിത്ത രാജ്യങ്ങളില്‍നിന്നും ധാരാളം ഹവാലപ്പണം വരുന്നുണ്ടെന്നും അതൊന്നും കണ്ടുപിടിക്കാന്‍ സര്‍ക്കാരുകള്‍ മെനക്കെടുന്നില്ലെന്നും പറഞ്ഞാല്‍ എന്തു ചെയ്യും. മതസംഘടനകള്‍ക്കു മാത്രമല്ല, എല്ലാ സംഘടനകള്‍ക്കും വിദേശ പണമുണ്ടോ എന്നു കണ്ടെത്തേണ്ടതും സര്‍ക്കാരിന്റെ പണിയാണ്‌.
ഞാന്‍ പറയാന്‍ ശ്രമിച്ചത്‌ മുസ്‌്‌ലിം വിഭാഗത്തില്‍ മദ്രസാ അധ്യാപകരും മുക്രിമാരും ഉള്‍പ്പെടുന്ന വിഭാഗം വളരെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരാണെന്നാണ്‌. ജസ്റ്റിസ്‌ സച്ചാറിന്റെ അഭിപ്രായത്തിന്റെ പിന്‍ബലത്തില്‍ മുസ്‌്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കേണ്ടതാണെന്ന്‌ താങ്കളും പറയുന്നു. അവരുടെ കൂടി പുരോഗതിയാണ്‌ രാജ്യപുരോഗതിക്ക്‌ നിദാനമെന്നാണ്‌ ഇതില്‍നിന്ന്‌ മനസ്സിലാക്കേണ്ടത്‌.
തുല്യാവസരങ്ങള്‍ നിഷേധിക്കപ്പെട്ടു എന്ന്‌ കണ്ടെത്താന്‍ കഴിഞ്ഞതിനാണല്ലോ അവരുടെ സ്ഥതി പട്ടിക ജാതിക്കാരേക്കാള്‍ മോശമാണെന്ന്‌ സച്ചാര്‍ വിധിയെഴുതിയത്‌. ഹിന്ദുവും മുസ്‌്‌ലിമും യുക്തിവാദിയുമൊക്കെ ഉള്‍പ്പെടുന്നവരുടെ നികതി പ്പണത്തിലെ ഒരു വിഹിതം ദുരിതമനുഭവിക്കുന്ന മുക്രിമാര്‍ക്ക്‌ കൂടി ആശ്വാസമാകട്ടെ എന്നു കരുതുമ്പോള്‍ ജബ്ബാറിന്റേയും എന്റേയുമൊക്കെ മനസ്സിന്റെ വിശാലത കൂടുകയേയുള്ളൂ.
മതത്തിനും യുക്തിവാദത്തിനുമൊക്കെയപ്പുറത്ത്‌ മനുഷ്യരുടെ വേദന നമുക്ക്‌ കണ്ടെത്തിക്കൂടേ. മദ്രസാധ്യാപനം നടത്തുന്നതുകൊണ്ട്‌ അതു മോശം തൊഴിലാണെന്ന്‌ കരുതാമോ? എല്ലാ തൊഴിലാളികള്‍ക്കും വേദന തന്നെയാണ്‌ മിച്ചം. തടിച്ചുകൊഴുക്കുന്നത്‌ മുതലാളിമാര്‍ മാത്രമാണ്‌. കേരളത്തില്‍ വൈദ്യതി കോടിക്കണക്കിനു വരുന്ന വൈദ്യുതി കുടിശ്ശിക അടക്കാനുള്ളത്‌ വന്‍കിട കമ്പനിക്കാരാണ്‌. അവരുടെയൊന്നും വൈദ്യതി വിഛേദിച്ചിട്ടില്ല. നമ്മുടെ വീട്ടിലെ ബില്ലടച്ചില്ലെങ്കില്‍ നാളെ ഇലക്‌്‌ട്രിസറ്റിയുണ്ടാകുമോ ജബ്ബാര്‍ ഭായി.
ജബ്ബാര്‍ ഭായി ഇപ്പോഴും തൊഴിലാളിയാണോ അതോ മുതലാളിയായോ എന്നറിയില്ല. നാട്ടില്‍ എത്ര വേഗമാണ്‌ ഇപ്പോള്‍ മുതലാളിമാര്‍ ഉണ്ടാകുന്നത്‌. വലിയ ആദര്‍ശം പ്രസംഗിച്ച മനഷ്യസ്‌നേഹികളായ കമ്മ്യൂണിസ്റ്റുകാരൊക്കെ വലിയ മുതലാളിമാരാണിപ്പോള്‍. കൊച്ചിയില്‍ ഇത്തിരി സ്ഥലം വാങ്ങിയിട്ടാല്‍ രണ്ടു കൊല്ലം കൊണ്ട്‌ മുതലാളിയാകാം. പാവം മദ്രസാ്‌ധ്യാപകര്‍ക്ക്‌ എന്തെങ്കിലും കിട്ടിക്കോട്ടോ. കുടുംബത്തെ പോറ്റാന്‍ കഴിയാതാകുമ്പോള്‍ അവര്‍ മന്ത്രവാദവും മറ്റും തുടങ്ങി ജനങ്ങളെ ചൂഷണം ചെയ്യാന്‍ തുടങ്ങും. യുക്തിവാദവും സോഷ്യലിസവുമൊക്കെ പറയുന്നവര്‍ തന്നെയായിരിക്കും അവരുടെ വീടുകള്‍ക്ക്‌ മുന്നില്‍ ്‌ക്യൂ നില്‍ക്കാനുണ്ടാവുക.

ea jabbar said...

മദ്രസ അധ്യാപകര്‍ക്കും നല്ല ശമ്പളവും ബോണസും പെന്‍ഷനും ഒക്കെ കൊടുക്കേണ്ടതു തന്നെയാണ്. അത് അവരെ ആ പണി ഏല്‍പ്പിച്ചവരാണു കൊടുക്കേണ്ടത്. മതേതരസര്‍ക്കാരിന്റെ പൊതു ഖജനാവില്‍നിന്നല്ല എന്നാണു പറഞ്ഞത്. മാറാട് കമ്മീഷനും പറഞ്ഞത് അതാണ്.
ഇത്തരം നടപടികള്‍ കാലങ്ങളായി ഭരണക്കാര്‍ തുടര്‍ന്നതിന്റെ ദുരന്തഫലമാണ്‍ നാട് അനുഭവിക്കുന്ന വര്‍ഗ്ഗീയകാലുഷ്യങ്ങള്‍ .
ഷാബാനു കേസിനെ തുടര്‍ന്ന് രാജീവ് സര്‍ക്കാര്‍ നടത്തിയ മുസ്ലിം പ്രീണനവും തുടര്‍ന്ന് ഹിന്ദുക്കളെ തൃപ്തിപ്പെടുത്താന്‍ ബാബരി മസ്ജിദിന്റെ പൂട്ട് തുറന്ന്കൊടുത്ത് പൂജ തുടങ്ങിയതുമൊക്കെ നാം ഓര്‍ക്കുന്നത് നല്ലതാണ്.

പാമരന്‍ said...

welcome back ജബ്ബാര്‍ മാഷെ.

തോന്ന്യാസി said...

മാഷുടെ ബ്ലോഗില്‍ ആദ്യമായാണ് വരുന്നത് ......

ഒരുപാടിഷ്ടമായി......നന്ദി ....

കാവലാന്‍ said...

തിരിച്ചു വരവിന് ആശംസകള്‍.

Radheyan said...

മാഷേ,
പറഞ്ഞതിനോട് പൊതുവില്‍ യോജിക്കുന്നു.പക്ഷെ മതത്തെ നിരാകരിച്ചുകൊണ്ടുള്ള മതേതരത്വം അല്ല, മറിച്ച് മതത്തെ അംഗീകരിച്ചു കൊണ്ടുള്ള മതേതരത്വം ആണ് ഇന്ത്യ പുലര്‍ത്തി പോരുന്നത്. തീക്ഷ്ണമായ ആത്മീയ വേരുകള്‍ ആണ്ടു കിടക്കുന്ന ഈ രാജ്യത്ത് മറിച്ച് സംഭവിക്കുക ബുദ്ധിമുട്ടാണ്.

മതവും വിശ്വാസവും സ്വകാര്യമായി സൂക്ഷിക്കാനും മത്തചിന്തകള്‍ പൊതുസമൂഹത്തില്‍ അലക്കാതിരിക്കാനും മതത്തെ സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുവാതിരിക്കുവാനും യുക്തിചിന്ത (നിരീശ്വരവാദമല്ല)വളര്‍ത്തുവാനും ഒരു പരിഷ്കൃത ജനാധിപത്യ മതേതര സര്‍ക്കാരിനു കടമയുണ്ട്.അല്ലാതെ ആരെയെങ്കിലുമൊക്കെ പ്രീണിപ്പിക്കാന്‍ കാലാകാലങ്ങളില്‍ ഇത്തരം ഭൂതങ്ങളെ ഇന്ത്യന്‍ പൊതുസമൂഹത്തിലേക്ക് കുടം തുറന്നുവിടുന്നവര്‍ക്ക് പിന്നെ വേണമെന്നു വിചാരിച്ചാല്‍ പോലും ഭൂതത്തെ തിരികെ കുടത്തില്‍ അടയ്ക്കാന്‍ കഴിയില്ല.ബാബറി മസ്ജിദും മറ്റും അത്തരം വിഡ്ഡിത്തങ്ങളുടെ ബാക്കി(?)പത്രമാണ്.

അഷ്‌റഫ് പറയുന്നതു പോലെ സര്‍ക്കാര്‍ പണം പാവങ്ങള്‍ക്ക് വേണ്ടി ചിലവാക്കണമെന്ന കാര്യത്തില്‍ സംശയമില്ല.അതിനുള്ള മാനദണ്ഡം പക്ഷെ ഇതാണോ എന്നു സംശയമുണ്ട്.അതു പോലെ സച്ചാര്‍ കമ്മിറ്റി പറയുന്നത് പോലെയുള്ള അസമത്വം കേരളത്തില്‍ ഉണ്ടോ എന്നും സംശയമുണ്ട്(താങ്സ് റ്റു ഗള്‍ഫ് മണി).

ഇനി അതുണ്ടെങ്കില്‍ തന്നെ അത് പരിഹരിക്കേണ്ടത് ആധുനിക വിദ്യാഭ്യാസ സൌകര്യങ്ങള്‍ കൂടുതല്‍ നല്‍കിയും കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തിയും പെണ്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചും ബാലവിവാഹം തടഞ്ഞും ചെറിയതും സന്തുഷ്ടവുമായ കുടുംബത്തെ കുറിച്ച് ബോധമുണ്ടാക്കിയും മറ്റുമല്ലേ.ശാസ്ത്രീയ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ ബാധ്യതയുള്ള ഇടതു സര്‍ക്കാര്‍ അതിനു പകരം മതാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിച്ചാല്‍ ഈ പറഞ്ഞ സമൂഹം സാമൂഹിക ഉന്നതി പ്രാപിക്കുമെന്നു കരുതാനാകുമോ?

Rajeeve Chelanat said...

ജബ്ബാറിന്റെ നിലപാട് വളരെ വ്യക്തമായിരുന്നുവല്ലോ. മതസ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ആ സ്ഥാപനങ്ങളോ, മതമേലധികാരികളോ ആണ് വേതനവും മറ്റും കൊടുക്കേണ്ടത്. സര്‍ക്കാരിന്റെ പണമല്ല അതിനുപയോഗിക്കേണ്ടത്. അതിനി, അമ്പലമായാലും, ക്രിസ്ത്യന്‍-മുസ്ലിം പള്ളികളായാലും. തൊഴിലാളികള്‍ എന്ന നിലക്ക്, ഈ മദ്രസ്സ അദ്ധ്യാപകരുടെയും തത്തുല്ല്യരായവരുടെയും കാര്യങ്ങള്‍ അതാതു മതങ്ങള്‍ തന്നെ ഏറ്റെടുക്കുന്നതാണ് സാമാന്യ മര്യാദ.

ഇടതുപക്ഷം പോലും, മതേതരത്വ നിലപാടുകളില്‍നിന്ന് ബഹുദൂരം അകന്നുപോയിരിക്കുന്നു. തരാതരം പോലെ, എല്ലാ മതമേലദ്ധ്യക്ഷന്‍‌മാരെയും പ്രീണിപ്പിക്കുക, അവരുടെ അണികളെ വോട്ടുബാങ്കുകളാക്കുക, ഇതൊക്കെയായി മാറിയിക്കുന്നു അവരുടെ അജണ്ടകള്‍. സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് തുടരുന്നത്.

M. Ashraf said...

ആദിവാസികള്‍ക്കും പട്ടിക ജാതി വര്‍ഗക്കാര്‍ക്കുമൊക്കെ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ അതില്‍ നമുക്ക്‌ എതിര്‍പ്പ്‌ തോന്നാത്തത്‌ അത്തരം വിഭാഗങ്ങള്‍ അനുഭവിച്ച, അല്ലെങ്കില്‍ ഇരയായിക്കൊണ്ടിരിക്കുന്ന ചൂഷണങ്ങളെ കുറിച്ച്‌ നമുക്ക്‌ അറിയുന്നതുകൊണ്ടാണ്‌. കെ.പാനൂരിനെ പോലുള്ളവര്‍ക്ക്‌ നന്ദി.
മുസ്‌്‌ലിംകള്‍ പട്ടികജാതിക്കാരെക്കാള്‍ പിറകിലാണെന്ന ജസ്റ്റിസ്‌ സച്ചാര്‍ കമ്മിറ്റിയുടെ കണ്ടെത്തല്‍ കേരളത്തില്‍ ശരിയല്ല എന്ന്‌ നമുക്ക്‌ തോന്നാന്‍ കാരണം വിദേശ നാടുകളില്‍ പോയി ജീവിക്കാന്‍ മാര്‍ഗം കണ്ടെത്തിയവരെ മാത്രം പരിഗണിക്കുമ്പോഴാണ്‌. രണ്ടോ മൂന്നോ കോഴികളേയും ഒരു ആടിനേയും വളര്‍ത്തി മാത്രം ജീവിച്ചു കഴിയുന്ന മുസ്‌്‌ലിം കുടുംബങ്ങള്‍ കേരളത്തിലുമുണ്ട്‌.
മതേരത്വത്തിന്‌ പാശ്ചാത്യ ലോകം കല്‍പിക്കുന്ന തികിച്ചും മതവിരുദ്ധമായ അര്‍ഥം കല്‍പിക്കുമ്പോള്‍ മാത്രമേ സര്‍ക്കാര്‍ വിശ്വാസികള്‍ക്ക്‌ നല്‍കുന്ന സഹായത്തെ നമുക്ക്‌ തുറന്നെതിര്‍ക്കാന്‍ കഴിയൂ. പട്ടിക ജാതിക്കാര്‍ ഹിന്ദുക്കളാണ്‌ , അവര്‍്‌ക്ക്‌ സഹായം നല്‍കുന്നത്‌ ഹിന്ദു മതത്തെ സഹായിക്കലാണ്‌ എന്നു നമുക്ക്‌ വാദിക്കാനാവില്ല. മുസ്‌്‌ലിംകളിലെ ദുരിതം അനുഭവിക്കുന്ന ഒരു വിഭാഗമാണ്‌ മദ്രസാധ്യാപകരും പള്ളികളില്‍ ബാങ്ക്‌ വിളിച്ച്‌ കഴിയുന്ന മുക്രിമാരും.
മുസ്‌്‌്‌ലിംകളെ സംബന്ധിച്ചിടത്തോളം മതപഠനം അവരുടെ വിശ്വാസിത്തിന്റെ ഭാഗമാണ്‌. എന്താണ്‌ ദൈവമെന്നും ദൈവം ജീവിത മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി അവതരിപ്പിച്ച ഖുര്‍ആന്‍ എന്താണെന്നും ഇസ്‌്‌ലാമിലെ നിയമ വ്യവസ്ഥ എന്താണെന്നുമൊക്കെയാണ്‌ മദ്രസകളില്‍ പഠിപ്പിക്കുന്നത്‌.
മതവിശ്വാസികളെ പ്രീണിപ്പിച്ച്‌ നേട്ടമുണ്ടാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ നോട്ടമുണ്ടാകാമെങ്കിലും എല്ലാവരും നല്‍കുന്ന നികുതിപ്പണത്തിന്റെ അല്‍പവിഹിതം ഏതു മതവിഭാഗത്തില്‍ പെട്ടവരായാലും പാവങ്ങള്‍ക്ക്‌ ലഭിക്കുന്നതിനെ നാം സ്വാഗതം ചെയ്യുകയാണ്‌ വേണ്ടത്‌.
മുസ്‌്‌ലിംകള്‍ക്ക്‌ ദുരിതവും പിന്നോക്കാവസ്ഥയുമുണ്ടെന്ന്‌ ജബ്ബാര്‍ മാഷും അംഗീകരിക്കുന്നു. അത്‌ പരിഹരിക്കാന്‍ എന്തെങ്കിലും നിര്‍ദേശങ്ങള്‍ ജബ്ബാര്‍ മാഷ്‌ സച്ചാര്‍ കമ്മിറ്റി മുമ്പാകെയോ പാലോളി കമ്മിറ്റി മുമ്പാകെയോ വെച്ചിട്ടുണ്ടോ.
മദ്രസാധ്യാപകര്‍ക്ക്‌ ജീവിതം തള്ളി നീക്കാനാകുന്ന ശമ്പളം ലഭിക്കുകയാണെങ്കില്‍ അവര്‍ മന്ത്രവാദത്തിലേക്കും മറ്റും നീങ്ങി ജനങ്ങളെ അന്ധവിശ്വാസങ്ങളിലേക്ക്‌ നയിക്കുകയില്ല എന്ന പോയിന്റിലെങ്കിലും ജബ്ബാര്‍ മാഷ്‌ പറയുന്ന ആദര്‍ശത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ യോജിക്കാവുന്നതാണ്‌.
മു്‌്‌സ്‌്‌ലിംകള്‍ നല്‍കുന്ന നികുതിപ്പണത്തില്‍ിനിന്ന്‌ വേണം മുസ്‌്‌ലിംകളായ മദ്രസാധ്യാപകര്‍ക്ക്‌ ആനുകൂല്യങ്ങളെന്ന്‌ എങ്ങനെ വാദിക്കാനാകും. പൗരന്മാരുടെ എല്ലാതരത്തിലുമുള്ള വിദ്യാഭ്യാസം സര്‍ക്കാര്‍ വഴി തന്നെയാകണമെന്നാണ്‌ എന്റെ അഭിപ്രായം.
വിദ്യാലയങ്ങളില്‍ ഇപ്പോള്‍ തന്നെ നാം ഭൗതിക ദര്‍ശനങ്ങളും നിരീശ്വരത്വവും പഠിപ്പിക്കുന്നുണ്ട്‌. അതു പോലെ ആവശ്യമുള്ളവര്‍ക്ക്‌ ആവശ്യമായ മതപഠനം കൂടി ഏര്‍പ്പെടുത്തിയാല്‍ പിന്നെ മദ്രസകളുടെ ആവശ്യം തന്നെ ഇല്ല.
നിരീശ്വരവാദം പ്രചരിപ്പിക്കാന്‍ ജബ്ബാര്‍ മാഷിനുള്ളതു പോലുള്ള സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനമാണ്‌ മതം പ്രചരിപ്പിക്കാനും പഠിക്കാനുമുള്ള ഇതര വിശ്വാസികളുടേയും സ്വാതന്ത്ര്യം.
നിരീശ്വരവാദമാണ്‌ ധര്‍മ, സാദാചാരങ്ങള്‍ക്ക്‌ നല്ലതെന്ന്‌ വിശ്വസിക്കാന്‍ എതായാലും ലോക ചരിത്രം മുതല്‍ കണ്ണൂരില്‍ ഈയിടെ നടന്ന കൊലപാതകങ്ങള്‍ വരെ അനുവദിക്കുന്നില്ല.

chithrakaran ചിത്രകാരന്‍ said...

മത പ്രീണനം എന്നത് ആരു ചെയ്താലും നമ്മുടെ വളര്‍ന്നു വരുന്ന തലമുറയോടു ചെയ്യുന്ന പാതകമാണ്. കുടത്തിനകത്തെ ചെകുത്താനെ തുറന്നു വിടുന്ന ഫലമാണ് പ്രീണനത്തിലൂടെ ഉളവാകുക.

Unknown said...

മാഷേ..
വീണ്ടും വന്നതില്‍ സന്തോഷം.
തുടരുക.

നാസ് said...

ജബ്ബാര്‍ മാഷേ..... ഞാന്‍ ബ്ലോഗിലെ പുതിയ ഒരാളാണ്.... എങ്കിലും പറയട്ടെ......

ഏതെങ്കിലും മനുഷ്യര്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട വിശ്വാസ പ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കുന്നതിന്‌ മാഷിക്കെന്താണ് നഷ്ടം.... ഞാന്‍ ഇസ്ലാമിക മൂല്യങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന ഒരു പെണ്‍കുട്ടിയാണ്... ഇന്നേ വരെ എന്റെ വീട്ടുകാര്‍ പോലും മതത്തിന്റെ പേരില്‍ ഒന്നും നിര്‍ബന്ധിച്ചിട്ടില്ല..... എന്റെ സ്വന്തം ഇഷ്ടത്തിന് ഇസ്ലാമികമായി തന്നെ ഞാന്‍ ജീവിക്കുന്നു...... അതുപോലെ തന്നെയാണ് മിക്ക ആളുകളും....

നിങ്ങള്‍ ഇസ്ലാമിനെതിരെ തിരിഞ്ഞത് കൊണ്ടുള്ള ദേഷ്യപ്രകടനമോന്നുമല്ല എന്റേത്....എനിക്ക് തോന്നിയത് ഞാന്‍ പറഞ്ഞു... അത്രമാത്രം... അന്ധമായ വിശ്വാസങ്ങള്‍ തുടച്ചു നീക്കാന്‍ മാഷിനെ പോലുള്ള ആളുകള്‍ എന്താണ് ഇന്നേ വരെ ചെയ്തിട്ടുള്ളത്..... നാല് ബൂക്കെഴുതി അതിന്റെ റോയല്ടി കൊണ്ട് ജീവിക്കാന്‍ കൊതിക്കുന്ന ഒരു വിഭാഗം മാത്രം..... താന്ങളുടെ ബൂക്കുകളില്‍ അതിന്റെ വില അഞ്ഞൂറും അരുനൂരുമൊക്കെ എഴുതിയിരിക്കുന്നു..... മനുഷ്യനെ നന്നാക്കാനായിരുന്നെങ്കില്‍ എന്തിന് നിങ്ങള്‍ കാശിന്റെ പുറകെ പോകുന്നു.....

ആഫ്രികാന്‍ ഗോത്രവര്‍ഗങ്ങളില്‍ ഒരു വിചിത്ര ആചാരമുണ്ട്....പെണ്‍കുട്ടികളുടെ സുന്നത് കഴിക്കുന്നത്.... ഞാന്‍ ഒരു ഉദാഹരണം പറഞ്ഞുവെന്ന്‍ മാത്രം..... അവരുടെ വിശ്വാസങ്ങള്‍ മാറ്റാന്‍ മാഷ്‌ എന്താണ് ചെയ്തത്..... ആരെയും കുറ്റപ്പെടുതാനല്ല... പറഞ്ഞുവെന്ന്‍ മാത്രം.... മനുഷ്യര്‍ അവരുടെ വിശ്വാസങ്ങള്‍ അനുസരിച്ച് ജീവിക്കട്ടെ......

എന്റെ അറിവനുസരിച്ച് ഇസ്ലാമില്‍ ബാലപ്രയോഗമില്ല... നിങ്ങള്‍ക്ക് വേണേല്‍ അനുസരിച്ചാല്‍ മതി.. അത്രമാത്രം..... ഒരു ചീപ് പോപുലാരിറ്റിക്ക് വേണ്ടി മാഷ്‌ ഇത്രെയും തഴം താഴരുത്......പ്ലീസ് .... :-)

ea jabbar said...

ഏതെങ്കിലും മനുഷ്യര്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട വിശ്വാസ പ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കുന്നതിന്‌ മാഷിക്കെന്താണ് നഷ്ടം....
അങ്ങനെയാണെങ്കില്‍ ഒരു നഷ്ടവുമില്ല. ഒരാളുടെ വിശ്വാസം മറ്റൊരാളെ ഉപദ്രവിക്കുന്നതരത്തിലാകുമ്പോഴാണു ഞങ്ങള്‍ എതിര്‍ക്കുന്നത്. വിശ്വസിക്കാന്‍പറ്റാത്തവരെ അവരുടെ പാട്ടിനു വിടാന്‍ മതം തയ്യാറായാല്‍ മതി. എന്നാല്‍ അങ്ങനെയല്ലല്ലോ ലോകത്തെമ്പാടും നടക്കുന്നത്. ഒരു പെണ്‍കുട്ടിക്ക് അവളുടെ ഇഷ്ടമനുസരിച്ച് വസ്ത്രം ധരിക്കാന്‍ പോലും പറ്റാത്ത സ്ഥിതി മതേതര രാജ്യമായ നമ്മുടെ നാട്ടില്‍ തന്നെയില്ലേ? ഇഷ്ടമുള്ള മതം വിശ്വസിക്കാന്‍ നിങ്ങളുടെ മതക്കാര്‍ ഇവിടെ അനുവദിക്കുന്നുണ്ടോ? തസ്ലീമ നസ്രീന്റെ കാര്യം തന്നെ ഒന്നാലോചിച്ചു നോക്കൂ. മതം മാറുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നവരെ കൊല്ലണമെന്നാണു ‘ബലപ്രയോഗവും നിര്‍ബ്ബന്ധവുമില്ലാത്ത’ നിങ്ങളുടെ മതം പറയുന്നത്. ആരാധനയും പ്രാര്‍ഥനയുമൊക്കെ ഈശ്വരനും മനുഷ്യനും തമ്മിലുള്ള ഒരു ആത്മീയ വ്യവഹാരമാണല്ലോ. അഞ്ചു നേരവും നിസ്കരിക്കാന്‍ ആളുകളെ ബലം പ്രയോഗിച്ച് പോലീസിനെ വെച്ച് ആട്ടിത്തെളിക്കുന്നതു കാണണമെങ്കില്‍ സൌദി അറേബ്യയിലൊന്നു പോയി നോക്കിയാല്‍ മതി. അഞ്ചുനേരവും കടകളും സ്ഥാപനങ്ങളും അടച്ച് എല്ലാവരും പള്ളിയില്‍ പോയിക്കൊള്ളണം. ഇല്ലെങ്കില്‍ മതപോലിസ് അവരെ പിച്ചു ജയിലിലിടും. സര്‍വ്വശക്തനായ ഒരു ദൈവത്തിന്‍ ഇങ്ങനെയുള്ള ആരാധന ആവശ്യമുണ്ടോ?

ഞാന്‍ ഇസ്ലാമിക മൂല്യങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന ഒരു പെണ്‍കുട്ടിയാണ്... ഇന്നേ വരെ എന്റെ വീട്ടുകാര്‍ പോലും മതത്തിന്റെ പേരില്‍ ഒന്നും നിര്‍ബന്ധിച്ചിട്ടില്ല.....
ഇസ്ലാമിക മൂല്യങ്ങള്‍ അനുസരിച്ചു ജീവിക്കുമ്പോള്‍ രക്ഷിതാക്കള്‍ നിര്‍ബ്ബന്ധിച്ചിട്ടില്ല എന്നു പറയുമ്പോള്‍ രക്ഷിതാക്കള്‍ ഏതു മതക്കാരാണെന്നു വ്യക്തമാക്കാതിരുന്നതെന്തേ? അവര്‍ ഹിന്ദുമതക്കാരാകുമെന്നു കരുതുന്നു. ഹിന്ദുമതം സ്വന്തം മതം അടിച്ചേല്‍പ്പിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നില്ല എന്നതു ശരി തന്നെ . എന്നാല്‍ സംഗതി നേരെ തിരിച്ചായിരുന്നെങ്കിലോ? നാസിന്റെ രക്ഷിതാക്കള്‍ മുസ്ലിം വിശ്വാസികളും , നാസ് സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു മതം സ്വീകരിച്ചവളുമായിരുന്നെങ്കില്‍ കാണാമായിരുന്നു ദീനിലെ ബലപ്രയോഗത്തിന്റെ ചൂടും ചൂരും.!
ആഫ്രികാന്‍ ഗോത്രവര്‍ഗങ്ങളില്‍ ഒരു വിചിത്ര ആചാരമുണ്ട്....പെണ്‍കുട്ടികളുടെ സുന്നത് കഴിക്കുന്നത്....
മോളേ! ആഫ്രിക്കന്‍ ഗോത്രാചാരമായ ഈ സുന്നത്ത് ഒരു ഇസ്ലാമികാചാരം കൂടിയാണ്. അതിന്റെ വിശദമായ ഒരു വിശകലനം എന്റെ ‘ഇസ്ലാമിന്റെ വര്‍ഗ്ഗവും ലിംഗവും’ എന്ന ബുക്കില്‍ കൊടുത്തിട്ടുണ്ട്. അതിന്റെ പൂര്‍ണ്ണരൂപം ഞാന്‍ ഉടന്‍ തന്നെ ബ്ലോഗില്‍ പോസ്റ്റു ചെയ്യാം,. വായിക്കണേ!
പിന്നെ ബുക്കിന്റെ വില 500രൂപ എന്നു പരാതിപ്പെട്ടതു കണ്ടു. 900ത്തോളം പേജുകളുള്ള ആ പുസ്തകത്തിന് ഇന്ന് 500 രൂപയിലധികം വില വരും . പുസ്തകം എന്റേതല്ല. പ്രസിദ്ധീകരിച്ചതും ഞാനല്ല. ഞാന്‍ പുസ്തകമായി പ്രസിദ്ധീകരിച്ച കാര്യങ്ങളെല്ലാം ഈ ബ്ലോഗുകളില്‍ സൌജന്യമായി എല്ലാവര്‍ക്കും വായിക്കാന്‍ അവസരമുണ്ടാക്കിത്തരാം. കാത്തിരിക്കുക.

നാസ് said...

അപ്പൊ മാഷേ, മാഷ്‌ എന്ത് കൊണ്ട് ഇസ്ലാം മതത്തെ മാത്രം എതിര്‍കുന്നു,,,,?

അപ്പൊ ആ പുസ്തകം എഴുതിയതും മാഷല്ലേ?

ഒരു വാദ പ്രദിവാദതത്തിനുള്ള അറിവോന്നും എനിക്കില്ല.... അറിയാന്‍ വേണ്ടി ചോദിക്കുന്നു...... :-)

ഇസ്ലാമില്‍ സ്ത്രീകളുടെ സുന്നത് ഉണ്ടോ മാഷേ ?... പുരുഷന്മാരില്‍ അതിന്റെ ഗുണങ്ങള്‍ ഇന്ന്‍ എത്രയോ മെഡിക്കല്‍ ജര്‍ണലുകളില്‍ കാണാം....

ea jabbar said...

നാസ് ന്റെ സംശയങ്ങള്‍ക്കുള്ള മറുപടി എന്റെ ബ്ലോഗില്‍ മുന്‍പു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
സുന്നത്തിനെക്കുറിച്ചുള്ള വിശദമായ കുറിപ്പ് യുക്തിവാദം ബ്ലോഗില്‍ പോസ്റ്റ് ചെയ്തു കഴിഞ്ഞു. വായിച്ച് പ്രതികരിക്കുമല്ലോ?

ea jabbar said...

ഇസ്ലാം മതത്തെ എന്തുകൊണ്ടെതിര്‍ക്കുന്നു?

ലിംഗവും യോനിയും ദൈവത്തിന്

ea jabbar said...

വിചിത്രവും ഭീകര‍വുമായ ഒരു ഗോത്രാചാരം!
ഖുര്‍ ആന്‍ ബ്ലോഗില്‍

ബാബുരാജ് ഭഗവതി said...

“വഖഫ് ബോറ്ഡും അതിനു വര്‍ഷംതോറും സബ്സിഡിയും ദേവസ്വം ബോറ്ഡും അതിന്റെ നിയമനങ്ങളും എല്ലാം സര്‍ക്കാരാണല്ലോ നോക്കുന്നത്. മതേതരത്വത്തെ ഗളഛേദം ചെയ്യുന്ന നടപടികളാണ് ഇന്നു ഇടതുപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്”
വഖഫ് ബോര്‍ഡിനെകുറിച്ച് എനിക്ക്‌ ധാരണ പോര.
പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്.
പക്ഷേ ദേവസ്വത്തെക്കുറിച്ച് ജബ്ബാര്‍ മാഷ് പറയുന്നത്(സത്യത്തില്‍ അത്ര വ്യക്തമല്ല)കുറച്ചു പ്രശ്നമുണ്.
ദേവസ്വം ഭരണം സര്‍ക്കാരിന്റെ കൈകളില്‍ എത്തിയ ഒരു സാഹചര്യത്തെ മാഷ് കാണുന്നില്ല .
ഇതിനെ കുറിച്ച് ഏതനും പോസ്റ്റുകള്‍ ഞാന്‍ ഇട്ടിട്ടുണ്ട്.

ബാബുരാജ് ഭഗവതി said...

യുക്തി വാദത്തിനും മതേതരത്വത്തിനും ഇടയില്‍ ഒരിടം കണ്ടെത്താന്‍ ശ്രമിക്കയാണ്.
ആശംസകള്‍.

Anonymous said...

മാഷേ..
വീണ്ടും വന്നതില്‍ സന്തോഷം.
തുടരുക

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.