Tuesday, July 21, 2009

ഇസ്ലാമും സൂര്യഗ്രഹണവും.


ഇസ്ലാമും സൂര്യഗ്രഹണവും.

അബൂഹുറൈറ പറയുന്നു: ഒരിക്കല്‍ സൂര്യഗ്രഹണമുണ്ടായപ്പോള്‍ തിരുമേനി ഭയത്തോടെ എഴുന്നേറ്റു. അത് അന്ത്യപ്രളയമാണോ എന്നായിരുന്നു നബിയുടെ ഭയം. തിരുമേനി പള്ളിയില്‍ പ്രവേശച്ച് നിറുത്തവും റുകൂ ഉം സുജൂദും ദീര്‍ഘിപ്പിച്ചുകൊണ്ട് നമസ്കാരം നിര്‍വ്വഹിച്ചു. അത്രയും ദീര്‍ഘിപ്പിച്ചു നിസ്കരിക്കുന്നതു അതിനു മുമ്പ് ഞാന്‍ കണ്ടിട്ടില്ല. “ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്. വല്ലവരുടെയും മരണമോ ജനനമോ മൂലം ഉണ്ടാകുന്ന ഒന്നല്ല. തന്റെ ദാസന്മാരെ ഭയപ്പെടുത്താന്‍ വേണ്ടി അല്ലാഹു നടപ്പില്‍ വരുത്തുന്ന ചില നടപടികള്‍ മാത്രമാണിത്. അങ്ങനെ വല്ലതും കണ്ടാല്‍ ഭയത്തോടെ ദൈവസ്മരണയിലേക്കും പ്രാര്‍ത്ഥനയിലേക്കും മടങ്ങുക. അവനോട് പാപമോചനത്തിനായി പ്രാര്‍ത്ഥിച്ചുകൊള്ളുക.”എന്നു തിരുമേനി ഉപദേശിക്കുകയും ചെയ്തു. [ബുഖാരി-547 -സി എന്‍ ]

സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ വന്നു മറയുമ്പോള്‍ ഭൂമിയില്‍ ചിലയിടങ്ങളില്‍ നിഴല്‍ ഉണ്ടാകുന്നു. ഇതാണു സൂര്യഗ്രഹണം. അന്ധവിശ്വാസികളായ ചിലരൊഴിച്ച് ശാസ്ത്രബോധമുള്ളവരാരും ഇന്ന് ഇതിനെ ഭയപ്പെടുന്നില്ല.

പ്രപഞ്ചരഹസ്യങ്ങളെല്ലാം ദൈവം ജിബ്രീല്‍ മുഖേന തനിക്കറിയിച്ചു തരുന്നുവെന്നവകാശപ്പെട്ടിരുന്ന പ്രവാചകന്‍ സൂര്യ ഗ്രഹണത്തെ എങ്ങനെയാണു കണ്ടിരുന്നതെന്ന് ഈ ഹദീസില്‍നിന്നും വ്യക്തമാകുന്നു. മുസ്ലിം വിശ്വാസികള്‍ ഗ്രഹണം തുടങ്ങിയാല്‍ അവസാനിക്കും വരെ പള്ളിയില്‍ കയറി നിസ്കരിച്ചുകൊണ്ടിരിക്കുകയാണു ചെയ്യുക. നബിയുടെ ഈ ഉപദേശം കേട്ട് ലോകത്തെല്ലാവരും പള്ളിയില്‍ ഒളിച്ചിരുന്നുവെങ്കില്‍ ഇന്നും ഇതുപോലുള്ള പ്രപഞ്ചരഹസ്യങ്ങളെല്ലാം നമുക്ക് അജ്ഞാതമായി തന്നെ നില നിന്നേനെ. ഇന്നു വിജ്ഞാന കുതുകികളായ മനുഷ്യര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്കായി ടെലസ്കോപ്പും മറ്റുമായി പുറത്തിറങ്ങുകയാണു ചെയ്യുന്നത്. കേരളത്തില്‍ നിന്നും നൂറുകണക്കിനാളുകളാണ് ഇത്തവണത്തെ ഗ്രഹണം നിരീക്ഷിക്കാന്‍ ബീഹാറിലെ പാറ്റ്നയിലേക്കു പോയിട്ടുള്ളത്. ഇന്ത്യയിലെ 12 കോടി മുസ്ലിംങ്ങളും ഗ്രഹണസമയം കഴിയുവോളം പള്ളിക്കുള്ളില്‍ കയറി മാരത്തോണ്‍ നിസ്കാരത്തില്‍ ഏര്‍പ്പെടും. !
സകലമന ‍ ശാസ്ത്രനേട്ടങ്ങളും ഇസ്ലാമിന്റെ സംഭാവനയാണെന്നവര്‍ പെരുമ്പറ കൊട്ടുകയും ചെയ്യും. !


മൂഡവിശ്വാസങ്ങളും കെട്ടുകഥകളും ഉണ്ടാകുന്നത്.

പണ്ടുള്ള മനുഷ്യര്‍ക്ക് അവരുടെ ചുറ്റുപാടിലും കണ്ട, അനുഭവപ്പെട്ട പ്രകൃതി പ്രതിഭാസങ്ങളെ കാര്യകാരണ ബന്ധിതമായി വിശകലനം ചെയ്യാനോ മനസ്സിലാക്കാനോ കഴിഞ്ഞിരുന്നില്ല. എന്നാല്‍ എന്തിനും ഒരു കാരണമുണ്ടെന്നവരും ഊഹിച്ചു. ഊഹങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ അവര്‍ അനുഭവങ്ങള്‍ക്കു വ്യാഖ്യാനം കണ്ടെത്തി. ലോകത്തിന്റെ പല ഭാഗത്തും പല തരത്തിലുള്ള കഥകളാണു രൂപപ്പെട്ടത്. ചിലപ്പോള്‍ അവ തമ്മില്‍ സാമ്യവും കാണാം. ആകാശഗോളങ്ങളെ ദേവന്മാരും അസുരന്മാരുമായി സങ്കല്‍പ്പിച്ച ഭാരതീയ പുരാണങ്ങള്‍ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും ഇന്ദ്രനെയും ചന്ദ്രനെയുമൊക്കെ കഥാപാത്രങ്ങളാക്കി ഒരു പാടു കഥകള്‍ മെനഞ്ഞു.

ചൊവ്വാഗ്രഹം ചുകപ്പു നിറത്തില്‍ കാണാനിട വന്നപ്പോള്‍ അതൊരു ചോരകുടിയന്‍ അസുരനായി.! ടിയാന്റെ സാന്നിധ്യം അശുഭകരമായി അവര്‍ സങ്കല്‍പ്പിച്ചു. ചൊവ്വാദോഷം എന്ന ശാപം ഇന്നും നമ്മുടെ എത്ര ചെറുപ്പക്കാരുടെ കല്യാണസൌഭാഗ്യം തകര്‍ക്കുന്നു!

ഗ്രഹണത്തെക്കുറിച്ചും നിരവധി കഥകള്‍ ആവിഷ്കരിക്കപ്പെട്ടു. രാഹുവും കേതുവും വെറും സാങ്കല്‍പ്പിക ബിന്ദുക്കളാണെന്നു നാമിന്നു തിരിച്ചറിയുന്നു. പക്ഷെ സൂര്യനെ വിഴുങ്ങുന്ന സര്‍പ്പങ്ങളായി ഇന്നും ഈ നിരപരാധികളായ ബിന്ദുക്കള്‍ എത്രയോ ആളുകളുടെ മനസ്സില്‍ കുടിയിരിപ്പുണ്ട്. ഗ്രഹണം വലിയ ദോഷമുണ്ടാക്കുമെന്നും ദോഷമകറ്റാന്‍ പ്രത്യേക പൂജയും സ്നാനവും വേണമെന്നും കരുതുന്നവര്‍ക്കാണിന്നും ഭൂരിപക്ഷം . ദോഷമകറ്റാന്‍ പുണ്യ നദിയില്‍ തിക്കിത്തിരക്കിയവരാണു മരിച്ചത്. കുറേ പേര്‍ക്കു പരിക്കും പറ്റി. അവരുടെയൊക്കെ ദോഷം അങ്ങനെ അകന്നു കിട്ടി!

ഗലീലിയോവിന്റെ കാലം വരെ മനുഷ്യര്‍ക്ക് അവലംബിക്കാന്‍ ഇത്തരം യക്ഷിക്കഥകള്‍ മാത്രമാണുണ്ടായിരുന്നത്. പ്രകൃതിയില്‍ മനുഷ്യര്‍ക്കു പിടി കിട്ടാത്ത അല്‍ഭുതങ്ങളൊക്കെ ദൈവങ്ങളുടെയും പിശാചുക്കളുടെയും മാലാഖമാരുടെയും വിളയാട്ടമായി കാണാനേ മനുഷ്യര്‍ക്കു കഴിഞ്ഞുള്ളു.

മഴ ആകാശത്തുനിന്നും ദൈവം കോരിപ്പാരുന്നത്; ഇടിയും മിന്നലും മലക്കുകള്‍ ഒച്ചയുണ്ടാക്കുന്നതും തീവാല്‍ മിന്നുന്നതും; ഗ്രഹണം അല്ലാഹു നമ്മളെ പേടിപ്പിക്കാന്‍ ചെയ്യുന്ന വികൃതി; ഉള്‍ക്കകള്‍ അല്ലാഹു പിശാചുക്കളെ നക്ഷത്രം പെറുക്കി ഏറിയുന്നത്; ചന്ദ്രന്‍ ഒരു വെളിച്ചം; അതും നക്ഷത്രങ്ങളും സൂര്യനുമൊക്കെ അല്ലാഹു നമുക്ക് കൊല്ലവും സമയവും കണക്കാക്കാന്‍ ഉണ്ടാക്കിയ ക്ലോക്കും കലണ്ടറും മാത്രം; ....

മരുഭൂമിയിലെ ദുരൂഹതയുളവാക്കുന്ന അനുഭവങ്ങളെല്ലാം അറബികള്‍ ജിന്നു കഥകളായാണു വ്യാഖ്യാനിച്ചത്. മരീചിക പോലുള്ള പ്രതിഭാസങ്ങളുടെ ശാസ്ത്രം അന്നവര്‍ക്കറിയുമായിരുന്നില്ലല്ലോ. ഇവിടെ നമ്മള്‍ ഭൂതം പ്രേതം പിശാച് ഒടിയന്‍ കുട്ടിച്ചാത്തന്‍ എന്നൊക്കെ പറയുന്ന കക്ഷികള്‍ക്കു അറബികള്‍ പൊതുവില്‍ പറഞ്ഞു വന്ന പേരാണു ജിന്ന്. അറേബ്യന്‍ കഥകളെല്ലാം ജിന്നുകളെക്കൊണ്ടു നിറഞ്ഞതാണ്. സ്വാഭാവികമായും കുര്‍ ആനും ജിന്നു വിശ്വാസം ഊട്ടിയുറപ്പിക്കുന്നു.

നമ്മുടെ നാട്ടില്‍ മുസ്ലിംങ്ങളെ ജിന്നുകള്‍ പിടി കൂടുമ്പോള്‍ ഹിന്ദുക്കളെ പ്രേതപിശാചുക്കളാണു പിടിക്കുന്നത്. കാരണം വ്യക്തമാണല്ലോ.

ശാസ്ത്രബോധം ഊട്ടിയുറപ്പിക്കുന്ന വിദ്യാഭ്യാസരീതിയുടെ അഭാവം ഓരോ തലമുറയേയും ഇരുട്ടിലേക്കു തന്നെ നയിക്കുന്നു. ഒരു ഭാഗത്ത് ശാസ്ത്രം അതിവേഗം മുന്നോട്ടു കുതിക്കുന്നു. പക്ഷെ ശാസ്ത്രബോധം ശാസ്ത്രജ്ഞന്മാര്‍ക്കു പോലും ഇല്ലെന്ന സസ്ത്യം നമ്മെ നോക്കി പല്ലിളിക്കുന്നു. അറിവുള്ള അന്ധവിശ്വാസികളാണ് ഏറെ കുഴപ്പങ്ങള്‍ വിതയ്ക്കുന്നത്. അറിവില്ലാത്തവരുടെ വിശ്വാസങ്ങളെ കുറെയൊക്കെ തിരുത്താം. പക്ഷെ അറിവുണ്ടായിട്ടും മൂഡവിശ്വാസങ്ങളെ അള്ളിപ്പിടിച്ചുകൊണ്ട് ഇരുട്ടില്‍ തപ്പുന്നവരെ എന്തു ചെയ്യാന്‍ !

Friday, July 3, 2009

സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമല്ല

സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമല്ല എന്ന ദില്ലി ഹൈക്കോടതിവിധിയും അതു സംബന്ധിച്ച് പുതിയ നിയമനിർമ്മാണം നടത്തുമെന്ന കേന്ദ്ര അഭ്യന്തര മന്ത്രിയുടെ പ്രസ്താവനയും സ്വാഗതാർഹമാണ്. മനുഷ്യാവകാശപ്രവർത്തകരും പരിഷ്കൃതസമൂഹം പൊതുവിലും ഈ നിലപാടിനൊപ്പമാണെന്ന കാര്യവും ആശ്വാസകരമാണ്. പാരംബര്യ സദാചാരവാദികളായ മതപുരോഹിതരും ചിന്താശേഷി മരവിച്ച യാഥാസ്ഥിതികരുമൊക്കെ എതിർപ്പുമായി രംഗത്തു വന്നതും സ്വാഭാവികമാണ്.

മനുഷ്യരും മറ്റു ജന്തുക്കളും പൊതുവിൽ രണ്ടു ലിംഗത്തിലായാണു പിറക്കുന്നത്. സ്ത്രീയും പുരുഷനും. എന്നാൽ അപൂർവ്വം ചിലരെങ്കിലും ലിംഗനിർണയം അസാധ്യമാകും വിധത്തിലും ജനിക്കുന്നുണ്ട്. ചിലർ പുരുഷന്റെ ശരീരഘടനയോടെയാണെങ്കിലും സ്ത്രീയുടെ പ്രകൃതത്തോടെ പിറക്കുന്നു. മറിച്ചു വേറെ ചിലർ സ്ത്രീ ശരീരവും പുരുഷപ്രകൃതവുമായും പിറക്കുന്നു. ഹോർമോൺ തകരാറുകൾ ജനിതകവൈകല്യങ്ങൾ എന്നിങ്ങനെ പല കാരണങ്ങൾ ഇതിനുള്ളതായി പറയപ്പെടുന്നു. സ്ത്രൈണ പ്രകൃതവും പുരുഷശരീരവുമായി ജനിച്ചവർക്ക് പുരുഷനോടായിരിക്കും ലൈംഗികാകർഷണം തോന്നുക. മറ്റേ കൂട്ടർക്കു തിരിച്ചും. സ്വവർഗ്ഗരതിയുടെ അടിസ്ഥാന പ്രശ്നം ഒരു മനുഷ്യാവകാശപ്രശ്നമാകുന്നത് ഇവിടെയാണ്.

നമുക്കിടയിൽ വലങ്കയ്യന്മാരായിരിക്കും കൂടുതൽ എന്നാൽ ന്യൂനപക്ഷം ഇടങ്കയ്യന്മാരുമുണ്ട്. ഈ ഇടങ്കയ്യരൊക്കെ സമൂഹം നിശ്ചയിച്ച പൊതു സദാചാരമനുസരിച്ച് വലങ്കയ്യുകൊണ്ടേ പ്രവൃത്തികളൊക്കെ ചെയ്യാവൂ എന്നു വാശി പിടിക്കുന്നത് ക്രൂരമായ മനുഷ്യാവകാശലംഘനമാണ്. അതേ പോലെ സ്ത്രീയോട് ലൈംഗികാകർഷനം തോന്നത്ത പുരുഷനെ ഒരു പുരുഷനോടൊപ്പം ഒരു വീട്ടിൽ ജീവിക്കാനോ ഒരു മുറിയിൽ കിടന്നുറങ്ങാനോ അനുവദിക്കില്ല എന്നു പറയുന്നതും ക്രൂരതയാണ്. അവർ അവരുടെ സ്വകാര്യമുറിയിൽ വെച്ച് ലൈംഗിക സംതൃപ്തിക്കായി എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്ന് സമൂഹം അന്യേഷിക്കേണ്ടതില്ല. അതിന്റെ സദാചാരം അവർക്കു വിട്ടുകൊടുക്കുന്നതാണു മനുഷ്യത്വം. അതേ പോലെ ഒരു സ്ത്രീക്കു തന്റെ കൂട്ടുകാരിയോടൊപ്പം കഴിയാനാണിഷ്ടമെങ്കിൽ അതാ കൂട്ടുകാരിക്കും ഇഷ്ടമാണെങ്കിൽ അവരുടെ സ്വകാര്യതയിൽ മറ്റുള്ളവരോ നിയമമോ ഭരണകൂടമോ ഇടപെടാൻ പാടില്ല.

ദൈവത്തിന്റെയും മതത്തിന്റെയും പേരിൽ ഇക്കാര്യത്തിൽ സദാചാരവും പറഞ്ഞു വരുന്നവരോട് ഒരു കാര്യം ചോദിക്കാനുണ്ട്. ഈ പ്രശ്നത്തിൽ യഥാർത്ഥ കുറ്റവാളി നിങ്ങളുടെ ഈ ദൈവം എന്നു പറയുന്ന ചങ്ങാ‍തി തന്നെയല്ലേ? അയാൾ എന്തിനാണ് പുരുഷന്റെ പ്രകൃതവുമായി സ്ത്രീയെയും സ്ത്രീയുടെ ഹോർമോണുമായി പുരുഷനേയും സൃഷ്ടിച്ച് ഇമ്മാതിരി പൊല്ലാപ്പൊക്കെ ഉണ്ടാക്കാൻ പോയത്? സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമാണെങ്കിൽ അതിനു പ്രേരകമായ വൈകല്യം സൃഷ്ടിച്ച ഈ പെരും കുറ്റവാളിക്കു ശിക്ഷ കിട്ടേണ്ടതല്ലേ? ആരുണ്ട് ഈ ക്രൂരവിനോദക്കാരനെ ശിക്ഷിക്കാൻ?

പ്രാകൃതകാലത്ത് വൈകല്യമുള്ളവരെ ജനിച്ചയുടനെ കൊന്നു കളയുമായിരുന്നു. മനോരോഗികളെയും അപസ്മാരരോഗികളെയുമൊക്കെ പിശാചുബാധയും ദുർമന്ത്രവാദവും ആരോപിച്ചാണു കൊന്നിരുന്നത്. പിന്നീട് അത്തരക്കാരെ ഒറ്റപ്പെടുത്തിയും മാറ്റി നിർത്തിയും അവഗണിച്ചു.എന്നാൽ പരിഷ്കൃതമനുഷ്യർ അവരെയും സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കുന്നു.വൈകല്യങ്ങൾ പരിഹരിക്കൻ പ്രത്യേക പരിഗണനയും നൽകുന്നു.
മതം എന്നും പ്രാകൃതത്വത്തെ താങ്ങി നിന്നു. സ്വതന്ത്രയുക്തിചിന്തയാണു മനുഷ്യാവകാശങളെക്കുറിച്ചുള്ള ആധുനിക കാഴ്ച്ചപ്പാടുകൾ രൂപപ്പെടുത്തിയത്. അന്ധവിശ്വാസികൾ പഴയ പല്ലവികൾ പാടിക്കൊണ്ടേയിരിക്കും . അവരെ അവഗണിച്ചു മുന്നൊട്ടു പോകാൻ പരിഷ്കൃതസമൂഹത്തിനു കഴിയണം.
മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.