പര്‍ദ്ദയുടെ പ്രത്യയശാസ്ത്രം ചര്‍ച്ച ചെയ്യാന്‍ ആത്മവിശ്വാസമില്ലാത്ത ‘ ഇസ്ലാംവിചാര’ക്കാര്‍ സൌദിയില്‍ നിന്ന് ഇറാനിലേക്കു വണ്ടി കയറുന്നതു കണ്ടപ്പോള്‍ “ഇറാനിലേക്കില്ല” എന്നു ഞാന്‍ പ്രതികരിച്ചിരുന്നു. അതിന്റെ പൊരുള്‍ മനസ്സിലാക്കാതെ എന്നെ പരിഹസിച്ചുകൊണ്ടുള്ള കുറെ കമന്റുകളും കുറിപ്പുകളും വായിക്കാനിടയായി. പര്‍ദ്ദയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ എന്റെ വീക്ഷണങ്ങള്‍ ഞാന്‍ സമഗ്രമായിത്തന്നെ അവതരിപ്പിച്ചതാണ്. ആ കുറിപ്പിലെ പ്രധാന പോയിന്റുകള്‍ വീണ്ടും കമന്റ് രൂപത്തില്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഒന്നിനോടും പ്രതികര്‍ക്കാതെ പിന്നെയും “പര്‍ദ്ദ ധരിച്ച പെണ്ണുങ്ങള്‍ക്ക് ഒന്നിനും തടസ്സമില്ല” എന്നു പറഞ്ഞു കൊണ്ടിരിക്കുകയാണു നമ്മുടെ ഇസ്ലാം സുഹൃത്തുക്കള്‍ .
പെണ്ണുങ്ങള്‍ സ്വയം ഇഷ്ടപ്പെടുന്നതും അവര്‍ക്കു സൌകര്യപ്രദവുമായ ഒരു വസ്ത്രമാണു പര്‍ദ്ദയെങ്കില്‍ അങ്ങനെ കരുതുന്നവര്‍ക്ക് അതു ധരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യേണ്ടതില്ല. ഇവിടെ പ്രശ്നം അതല്ല. ഒരു രാഷ്ട്രം എല്ലാ സ്ത്രീകള്‍ക്കും ഒരു പ്രത്യേക വസ്ത്രധാരണം നിയമപരമായി അടിച്ചേല്‍പ്പിക്കുകയും , പോലിസിനെയും പട്ടാളത്തെയും വെച്ച് അതു കര്‍ശനമായി നടപ്പാക്കുകയും ചെയ്യുക എന്നത് എന്തിന്റെ പേരിലായാലും മനുഷ്യാവകാശ ലംഘനം തന്നെയാണ്. വ്യക്തികളുടെ സ്വകാര്യതകളില്‍ ഭരണകൂടങ്ങള്‍ അമിതമായി ഇടപെടുകയും മനുഷ്യ സഹജമായ അഭിരുചികളെയും താല്‍പ്പര്യങ്ങളെയും വെറും അന്ധവിശ്വാസത്തിന്റെ പ്രേരണയാല്‍ ചങ്ങലക്കിട്ടു നിയന്ത്രിക്കുകയുമൊക്കെ ചെയ്യുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ല.
ഇക്കാര്യമാണു ചര്‍ച്ചയില്‍ ഞങ്ങളൊക്കെ ഉന്നയിക്കുന്നത്.
പര്‍ദയിട്ടു പന്തു കളിക്കുന്നില്ലേ?; അതു ധരിച്ചു വിമാനം പറത്തുന്നില്ലേ ; ഒളിമ്പിക്സില്‍ പര്‍ദ്ദയിട്ടു നീന്തിക്കൂടേ?;പര്‍ദ്ദയിട്ടു ബീച്ചു വോളിബോള്‍ കളിക്കാമല്ലോ?; ടെന്നീസ് കളിക്കാന്‍ പര്‍ദ്ദ അഴിച്ചു വെക്കുന്നതെന്തിനാ? ....എന്നിങ്ങനെയുള്ള ചോദ്യങ്ങളൊന്നും അതിനുള്ള മറുപടിയല്ല.
പര്‍ദ്ദയിട്ട കുറേ പെണ്ണുങ്ങള്‍ ബി ബി സി ക്കാരോട് “ഞങ്ങള്‍ക്കൊരു പ്രശ്നവുമില്ല” എന്നു പറഞ്ഞാല്‍ പ്രശ്നം ഇല്ലാതാകുമോ?
സൌദിയിലെ കുറെ സ്ത്രീകള്‍ ചന്തയില്‍ പോകുന്നതിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതുകൊണ്ടു തീരുന്നതാണോ അടിസ്ഥാനപരമായ ഈ മനുഷ്യാവകാശപ്രശ്നം?
“സൌദിയിലെ സ്ത്രീകള്‍ക്കൊരു പ്രശ്നവുമില്ല ; അവര്‍ക്കു ഡ്രൈവിങ്ങ് ലൈസന്‍സു കൊടുക്കുന്നില്ല എന്നതൊഴിച്ചാല്‍ ...” ഒരു സുഹൃത്തിന്റെ കമന്റാണിത്.
അതൊരു പ്രശ്നമല്ലെ? ഒരു സ്ത്രീക്കു വാഹനം ഓടിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും നിയമം അനുവദിക്കുന്നില്ല.
ഒരു സ്ത്രീക്കു യാത്ര ചെയ്യാനിഷ്ടമാണ്. പക്ഷെ നിയമം അതിനു യുക്തിരഹിതമായ നിയന്ത്രണങ്ങല്‍ അടിച്ചേല്‍പ്പിക്കുന്നു.
ഒരു പെണ്‍കുട്ടിക്കു വിദേശത്തു പോയി പഠിക്കണമെന്നുണ്ട്. നിയമം അതനുവദിക്കുന്നില്ല.
ഒരു സ്ത്രീക്കു അന്യരാജ്യക്കാരനായ ഒരാളെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ട്. നിയമം അതിനും തടസ്സം. .
. അങ്ങനെ എണ്ണിയാല്‍ തീരാത്തത്ര പ്രശ്നങ്ങള്‍ ഇസ്ലാമികരാജ്യത്തു ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു സ്ത്രീക്കു നേരിടേണ്ടി വരുന്നു..
സൌദിയില്‍ ഈ അടുത്ത കാലത്ത് ഒരു പ്രത്യേകതരം തല്‍ക്കാലക്കല്യാണം ഉടലെടുത്തതായി ‘മാധ്യമം’ പത്രത്തില്‍ തന്നെ വായിച്ചതോര്‍ക്കുന്നു. വിദേശത്തു പോയി പഠിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍ കുട്ടികള്‍ നിയമപരമായ തടസ്സം മറി കടക്കാനായി പഠനകാലത്തേക്കു മാത്രം സഹപാഠിയായ ഒരാളുമായി ‘മുത് അ‘ വിവാഹത്തിലേര്‍പ്പെടുകയും പഠനം പൂര്‍ത്തിയാക്കി ബന്ധം പിരിയുകയും ചെയ്യുന്നുവത്രേ . ഇതു സൌദിയില്‍ വ്യാപകമാവുന്നു എന്നാണു വായിച്ച വാര്‍ത്തയിലുള്ളത്.[ മുത് അ എന്നല്ല മര്റ്റൊരു പേരാണ്.] പ്രാകൃതവും കാലഹരണപ്പെട്ടതുമായ നിയമങ്ങളില്‍ മതയാഥാസ്ഥിതികര്‍ അള്ളിപ്പിടിച്ചിരിക്കുന്നതിന്റെ ഫലമാണിതൊക്കെ.
ഇറാനിലെ പെണ്ണുങ്ങളുടെ സ്വാതന്ത്രയത്തെ കുറിച്ച് വാചാലമാകുന്നുണ്ട് മറ്റൊരു സുഹൃത്ത്. ഇറാനിലെ ഇസ്ലാമും സൌദിയിലെ ഇസ്ലാമും ഒന്നു തന്നെയെന്നാണു മറ്റൊരു വാദം. ഇസ്ലാമിനെക്കുറിച്ചുള്ള അടിസ്ഥാന ധാരണ പോലുമില്ലാത്തവര്‍ക്കേ ഇതൊക്കെ അംഗീകരിക്കാനാവൂ.
ഇറാനില്‍ സ്ത്രീകള്‍ക്ക് വളരെയേറെ പുരോഗതി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. അതൊന്നും ഇസ്ലാമിന്റെ മഹത്വത്തിനു തെളിവായി കാണാന്‍ പറ്റില്ല. അതി പുരാതനമായ നാഗരിഗത നിലനിന്ന ഭൂപ്രദേശങ്ങളാണ് ഇറാന്‍, ഇറാഖ്, ഈജിപ്ത് മുതലായവ . ഇസ്ലാമിന്റെ ക്രൂരമായ അധിനിവേശം മൂലം ആ സംസ്കൃതികളെല്ലാം തകര്‍ക്കപ്പെടുകയാണുണ്ടായത്. എങ്കിലും അതിന്റെ അവശിഷ്ടങ്ങള്‍ കുറെയൊക്കെ ആ പ്രദേശങ്ങളില്‍ നിലനിന്നു. കൂടാതെ പാശ്ചാത്യവല്‍ക്കരണം വന്‍ തോതില്‍ നടക്കുകയും ജനങ്ങളുടെ സംസ്കാരത്തില്‍ മതാതീതമായ ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ ഉണ്ടാവുകയും ചെയ്തു.
പര്‍ദ്ദയണിയാന്‍ നിയമപരമായ നിര്‍ബ്ബന്ധമുണ്ടെങ്കിലും ഇറാനിലെ സ്ത്രീകള്‍ ഇസ്ലാമിന്റെ മതില്‍ക്കെട്ടിനുള്ളില്‍ പൂര്‍ണ്ണമായും ഒതുങ്ങി ജീവിക്കുന്നില്ല. ഇറാന്‍ ജനതയും ഇസ്ലാമിനെ പല മേഖലകളിലും തള്ളിക്കളഞ്ഞിട്ടുണ്ട്.
ഒരു ഉദാഹരണം മാത്രം ചൂണ്ടിക്കാണിക്കാം. കഴിഞ്ഞതിന്റെ മുന്‍പിലത്തെ പൊതു തെരഞ്ഞെടുപ്പില്‍ ഖാതമിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി അതിന്റെ തെരഞ്ഞെടുപ്പു പത്രികയില്‍ ജനങ്ങള്‍ക്കു മുമ്പില്‍ വെച്ച ഒരു വാഗ്ദാനം , സ്ത്രീകള്‍ക്കും പുരുഷനു തുല്യം സ്വത്തവകാശം നല്‍കാന്‍ നിയമനിര്‍മ്മാണം നടത്തും എന്നതായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ 80% ഇറാന്‍ കാരും ഖാതമിക്കാണു വോട്ടു നല്‍കിയത്. നമ്മുടെ ഇന്ത്യയിലാണ് ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഇങ്ങനെയൊരു വാഗ്ദാനം നല്‍കുന്നതെങ്കില്‍ ആ പാര്‍ട്ടിക്ക് എത്ര മുസ്ലിംങ്ങളുടെ വോട്ടു കിട്ടും? ഖുര്‍ ആനിലെ നിയമത്തെയാണവിടെ ഈ വിധം ജനം തള്ളിക്കളഞ്ഞതെന്നോര്‍ക്കുക. നിയമം ,സൈന്യം തുടങ്ങിയ പ്രധാന മേഖലകളില്‍ മതത്തിന്റെ പിടി മുറുക്കിക്കൊണ്ടുള്ള ഒരു ഭരണഘടനയും സംവിധാനവും നിലനിക്കുന്നതു കൊണ്ടു മാത്രമാണ് ഇറാന്‍ ഇന്നും ഒരു ഇസ്ലാമിക സ്റ്റേറ്റ് ആയി അറിയപ്പെടുന്നത്.
ഇറാന്‍ സിനിമകളില്‍ പെണ്ണുങ്ങള്‍ പര്‍ദ്ദയിട്ട് അഭിനയിക്കുന്നത് കണ്ട് ഊറ്റം കൊള്ളുന്നുണ്ട് നമ്മുടെ ചില ബ്ലോഗ് സുഹൃത്തുക്കള്‍.
.ആ പെണ്ണുങ്ങള്‍ അഭിനയിക്കുക മാത്രമല്ല ഒന്നാംതരം സിനിമകള്‍ സംവിധാനം ചെയ്യുകയും അതു വഴി ആവുന്നത്ര തങ്ങളുടെ ആത്മ സംഘര്‍ഷങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നു. ഇസ്ലാമിന്റെ മതില്‍ കെട്ടിനുള്ളിലെ വീര്‍പ്പുമുട്ടലുകളെ തന്നെയാണു മിക്ക ഇറാനി സിനിമകളും ആവിഷ്കരിച്ചിട്ടുള്ളത്.
മലപ്പുറത്ത് അടുത്ത കാലത്തു നടന്ന ഒരു ഇറാന്‍ ചലച്ചിത്ര മേളയില്‍ സിനിമ കാണാന്‍ എന്റെ സുഹൃത്തുക്കളായ ഏതാനും സോളിഡാരിറ്റിക്കാരും വന്നിരുന്നു. ഓപന്‍ ഫോറം ചര്‍ച്ചയില്‍ എല്ലാവരും സിനിമകളിലെ ഇതിവൃത്തത്തെകുറിച്ചും സാങ്കേതികമികവുകളെകുറിച്ചുമൊക്കെ സജീവമായി ചര്‍ച്ച ചെയ്യുകയുണ്ടായി. എന്നാല്‍ സോളിഡാരിറ്റിക്കാര്‍ ആകെ ശ്രദ്ധിച്ചത് സിനിമയിലെ പെണ്ണുങ്ങളുടെ ഉടുപ്പിന്റെ നീളവും വീതിയുമൊക്കെയായിരുന്നു. അതു പറഞ്ഞ് ഇസ്ലാമിന്റെ പേരില്‍ അവരും ഊറ്റം കൊണ്ടു.
അന്നു പ്രദര്‍ശിപ്പിച്ച ഒരു സിനിമയുടെ ആശയം ചുരുക്കിപ്പറയാം. ഇസ്ലാമും ഇറാന്‍ സിനിമയും തമ്മിലുള്ള ബന്ധം മനസ്സിലാക്കന്‍ അതു സഹായകമാകും.
കഴിഞ്ഞ ഒരു ലോക കപ്പ് ഫുട്ബോളില്‍ ഇറാന്‍ അമേരിക്കയെ തോല്‍പ്പിച്ചിരുന്നു. ഇറാനില്‍ ഫുട്ബോള്‍ ജ്വരം ഇരമ്പി മറിയുകയാണ്. ടെഹ് റാനില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള മത്സരം നടക്കുന്നു. പുരുഷാരം സ്റ്റേഡിയത്തിലേക്ക് ഒഴുകുകയാണ്. കൂട്ടത്തില്‍ മത്സരം കാണാന്‍ ആര്ത്തി പൂണ്ട ഒരു പെണ്‍ കുട്ടി ആണ്‍ വേഷം ധരിച്ച് സംഘാടകരെ കബളിപ്പിച്ച് സ്റ്റേഡിയത്തിലെ ഗ്യാലറിയിലെത്തുന്നു. [പെണ്ണുങ്ങള്‍ക്കു ഫിട്ബോള്‍ സ്റ്റേഡിയത്തില്‍ പ്രവേശനം നിഷിദ്ധമാണ്.] ഗ്യാലറിയില്‍ വെച്ച് അവള്‍ പിടിക്കപ്പെടുന്നു. പോലിസ് അവളെ ഒരു മതില്‍ക്കെട്ടിനകത്തു തടഞ്ഞു വെക്കുന്നു. കളി കാണാന്‍ കഴിയാതെ വിഷമിക്കുന്ന ആ പെണ്‍ കുട്ടിയുടെ ആത്മ സംഘര്‍ഷങ്ങള്‍ മനോഹരമായി സിനിമ വരച്ചു കാട്ടുന്നു. ഒരു പഴുതിലൂടെ ഒരു നോട്ടമെങ്കിലും കാണാനായി അവള്‍ പല സൂത്രങ്ങളും പ്രയോഗിച്ചു നോക്കുന്നുണ്ട്. ടോയ്ലെറ്റില്‍ പോകണ മെന്നാവശ്യപ്പെടുമ്പോള്‍ പോലിസുകാര്‍ വല്ലാതെ കുഴയുന്നു. അവിടെ പെണ്ണുങ്ങള്‍ക്കുള്ള ടോയ്ലെറ്റില്ല. അവസാനം പോലിസ് കാവലില്‍ ആണുങ്ങളുടെ ടോയ്ലെറ്റില്‍ കൊണ്ടു പോകുന്നു അവിടെനിന്നും രക്ഷപ്പെട്ടു കളികാണാന്‍ ശ്രമിക്കുകയും പരാജയപ്പെടുകയും ഒടുവില്‍ കളി കഴിഞ്ഞു വിട്ടയക്കപ്പെടുന്ന പെണ്‍ കുട്ടി വിജയാഹ്ലാദത്തിന്റെ ഘോഷയാത്രയില്‍ എല്ല്ലാം മറന്നു ലയിച്ചു ചേരുന്നു. അവളെ അറസ്റ്റു ചെയ്യാന്‍ വന്ന പോലിസുകാരും പരിസരം മറന്ന് അവളോടൊപ്പം ആഘോഷത്തില്‍ പങ്കു ചേരുന്നു.....!
ഈ സിനിമ കണ്ടിറങ്ങിയ ശേഷമാണ് “ കണ്ടില്ലേ ഇസ്ലാമികവേഷം ധരിച്ചും സിനിമയില്‍ അഭിനയിച്ചിരിക്കുന്നു!” എന്നു നമ്മുടെ സോളിഡാരിറ്റിക്കാരന്‍ ആവേശം കൊള്ളുന്നത്.!!
അഫ്ഗാനിസ്ഥാനില്‍ നിന്നും താലിബാന്‍ പോയ ശേഷം പുറത്തു വന്ന ചില സിനിമകളും കാണുകയുണ്ടായി. അതിലൊന്നാണ് ‘ഒസാമ’. ഈ സിനിമയില്‍ കളി കാണാനല്ല, വിദ്യാഭ്യാസം നേടാനാണു പെണ്‍കുട്ടി ആണ്‍ വേഷമണിഞ്ഞ് ആള്‍മാറാട്ടം നടത്തുന്നത്. ! താലിബാന്‍ ഭരണകാലത്ത് പെണ്‍ കുട്ടികള്‍ക്കു പഠനം നിഷേധിക്കപ്പെട്ട പശ്ചാത്തലത്തില്‍ !
ജീവിതം മനുഷ്യനുള്ളതാണ്. അതാസ്വദിക്കാന്‍ ആണുങ്ങളെപ്പോലെ പെണ്ണുങ്ങള്‍ക്കും അവകാശമുണ്ട്. ആസ്വാദനത്തിന്റെ പാരമ്യ മുഹൂര്‍ത്തങ്ങളിലും അതുപോലുള്ള സന്നിഗ്ധ സന്ദര്‍ഭങ്ങളിലുമൊക്കെ മനുഷ്യര്‍ തന്റെ വിശ്വാസങ്ങളെയും ബാലിശമായ പ്രത്യയശാസ്ത്രശാഠ്യങ്ങളെയുമെല്ലാം അറിയാതെ കൈ വെടിയും.
കാലത്തിന്റെ കുത്തൊഴുക്കില്‍ മതം അലിഞ്ഞില്ലാതെയാകുന്നതിന്റെ മറ്റനേകം ഉദാഹരണങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തിലും കാണാവുന്നതാണ്. എന്റെയൊക്കെ കുട്ടിക്കാലത്ത് മുസ്ലിം പെണ്‍ കുട്ടികളെ സ്കൂളില്‍ അയക്കുന്നത് അപൂര്‍വ്വമായിരുന്നു. ഇന്നാ നില മാറി. സന്താനനിയന്ത്രണം കടുത്ത പാപമായി കരുതുന്ന കാലം പോയി. സ്ത്രീകള്‍ വോട്ടു ചെയ്യുന്നതും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും മതവിരുദ്ധമാണെങ്കിലും ഇന്ന് അതൊന്നും വിഷയമല്ലാതായി.
ഖുര്‍ ആന്‍ നിയമപ്രകാരം പെണ്‍ മക്കള്‍ക്കുള്ള അനന്തരാവകാശം ആണുങ്ങളുടെ പകുതിയാണ്. പെണ്‍ മക്കള്‍ മാത്രം അവകാശികളായി ഉള്ളപ്പോള്‍ അവര്‍ക്കു മുഴുവന്‍ സ്വത്തുക്കളും കിട്ടാതെ പോകും. ഒരു മകള്‍ മാത്രമുള്ള പിതാവു മരണപ്പെട്ടാല്‍ അയാളുടെ സ്വത്തിന്റെ പകുതി മാത്രമേ മകള്‍ക്കു കിട്ടൂ. ഒന്നിലധികം പെണ്‍ മക്കള്‍ മാത്രമെങ്കില്‍ മൂന്നില്‍ രണ്ടു ഭാഗം കിട്ടും ബാക്കി സ്വത്ത് അകന്ന ബന്ധുക്കള്‍ക്കു പോകും. ഇതൊക്കെ അല്ലാഹുവിന്റെ നിയമങ്ങളാണ്. പക്ഷേ എത്ര വലിയ ദീനി ഭക്തനാണെങ്കിലും ആണ്‍ മക്കളില്ലെങ്കില്‍ മരിക്കുന്നതിനു മുമ്പേ സ്വത്തുക്കള്‍ മക്കളുടെ പേരില്‍ ഇഷ്ടദാനമായും വില്‍പ്പനയായുമൊക്കെ കൈമാറുന്നതാണു കണ്ടു വരുന്നത്. ജമാ അത്തിന്റെയും മുജാഹിദിന്റെയുമൊക്കെ ഉന്നത നേതാക്കള്‍ തന്നെ ഇപ്രകാരം അല്ലാഹുവിനെ പറ്റിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ എനിക്കു നേരിട്ടറിയാം . എന്റെ കുടുംബത്തില്‍ തന്നെയുണ്ട്.
മക്കളോടുള്ള സ്നേഹത്തിനു മുമ്പില്‍ അള്ളാഹുവിന്റെ മതവും നിയമവും ഒലിച്ചു പോകുന്നു!
ഖുര്‍ ആന്‍ അനുസരിച്ച് സ്ത്രീയുടെ സാക്ഷ്യത്തിനു പുരുഷ സാക്ഷ്യത്തിന്റെ പകുതിയാണു മൂല്യം. ഇവിടെ നൂറു കോടി ജനങ്ങളുടെ ന്യായാന്യായങ്ങളില്‍ അന്തിമ വിധി നല്‍കാന്‍ യോഗ്യത നേടി സുപ്രീം കോടതിയില്‍ ന്യായാധിപസ്ഥാനത്തിരിക്കുന്ന ജസ്റ്റിസ് ഫാതിമാബീവിയും ഇസ്ലാമിന്റെ രാജ്യങ്ങളില്‍ തന്നെ പ്രധാനമന്ത്രിയും പ്രസിഡന്റുമൊക്കെയായി ഭരിച്ച ബേനസീറും കാലിദയുമൊക്കെ ഒരു കോടതിയില്‍ സാക്ഷി പറയാന്‍ പോലും യോഗ്യതയില്ലെന്ന് അല്ലാഹു വിലക്കിയ സ്ത്രീകളാണെന്നു നാം ഓര്‍ക്കണം.
ഇപ്പോള്‍ വീണതു വിദ്യയാക്കി ഇതൊക്കെ ഇസ്ലാമിന്റെ സ്ത്രീസ്വാതന്ത്ര്യത്തിനു ദൃഷ്ടാന്തമാക്കി അവതരിപ്പിക്കുകയാണു നമ്മുടെ മുസ്ലിം ബു ജി കള്‍.!
കാലത്തിന്റെ ഒഴുക്കില്‍ കാലഹരണപ്പെട്ട മതശാസനകള്‍ അലിഞ്ഞു പോവുക സ്വാഭാവികം മാത്രം.
പഴഞ്ചന്‍ വിശ്വാസങ്ങളുടെ ശ്വാസം പിടിച്ചു നിര്‍ത്താന്‍ ഓക്സിജന്‍ ട്യൂബുമായി പരക്കം പായുകയാണു മതനേതാക്കള്‍ .
കാലത്തിനും മനുഷ്യനും വേണ്ടാത്ത ഈ പഴം ചരക്കുകള്‍ക്കു യൂത്തനേഷ്യ [ദയാവധം] കൊടുക്കണമെന്നാണു യുക്തിവാദികള്‍ പറയുന്നത്.