Friday, September 26, 2008

മുസ്ലിം ധാര്‍മ്മിക രോഷം

കേരളത്തില്‍ മുസ്ലിം സമുദായം സാമൂഹികമായോ സാമ്പത്തികമായോ വിദ്യാഭ്യാസപരമായോ പിന്നാക്കമല്ല. വിദ്യാഭ്യാസപരമായി എന്തെങ്കിലും ചില അവശതകളുണ്ടെങ്കില്‍ അതിനു രാഷ്ട്രീയമായ കാരണവുമില്ല.

ഇനി മുസ്ലിം തീവ്രവാദത്തെ കുറിച്ച്. മറ്റേതു മതവിഭാഗത്തിലായാലും ആരെങ്കിലും തെറ്റു ചെയ്യുമ്പോള്‍ ആ മതത്തില്‍ തന്നെയുള്ള കുറേ പേരെങ്കിലും എതിര്‍ക്കാന്‍ മുന്നോട്ടു വരും. മുസ്ലിംങ്ങള്‍ക്കിടയില്‍ ഇതു വിരളമാണ്. ഈ കഴിഞ്ഞ ദിവസം തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ പ്രഗല്‍ഭനായ ഒരു പോലിസ് ഇന്‍സ്പെക്ടര്‍ കൊല്ലപ്പെടുകയും ഒരു ഹെഡ്കോണ്‍സ്റ്റബിളിനു പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ അവിടെ തടിച്ചു കൂടിയ മുസ്ലിം ജനാവലിയുടെ പൊതു വികാരം പോലിസിനും ഗവണ്മെന്റിനും എതിരായിരുന്നു. ഇതെപ്പോഴും ഇങ്ങനെയാണ്. മുസ്ലിം ധാര്‍മ്മികരോഷം എപ്പോഴും അപരന്നെതിരെയാണ്. ഇതു തന്നെയാണ് ഏറ്റവും വലിയ പ്രശ്നവും.വി പി അബ്ദുല്‍ ഖാദര്‍ , ദുബായ്, യു എ ഇ.

[ഇന്നത്തെ മാതൃഭൂമിയില്‍ വന്ന ഒരു കത്താണിത്. ]


വളരെ ശ്രദ്ധേയമായ ഒരഭിപ്രായം എന്നു തോന്നിയതിനാല്‍ ഇവിടെ പോസ്റ്റുന്നു.

Thursday, September 18, 2008

പര്‍ദ്ദയില്‍ പൊതിയപ്പെടുന്ന പ്രത്യയശാസ്ത്രം

സൂര്യനെല്ലിയിലെ പതിനാലു വയസ്സുള്ള ബാലികയെ , തന്റെ അച്ഛന്റെ പ്രായമുള്ളവരും സമൂഹത്തിലെ ഉന്നതസ്ഥാനീയരുമായ പത്തു നാല്‍പ്പതു പേര്‍ കൊണ്ടു നടന്നു കടിച്ചു കീറിയ സംഭവം നാട്ടില്‍ ചര്‍ച്ചയായ സന്ദര്‍ഭത്തിലാണു നമ്മുടെ മുസ്ലിം മാധ്യമങ്ങള്‍ ‘പര്‍ദ്ദക്കെട്ടു’മായി രംഗത്തു വന്നത്. കോഴിക്കോട്ടെ ഐസ്ക്രീം പെണ്‍ വാണിഭം വെളിച്ചത്തു കൊണ്ടു വരാന്‍ സാമൂഹ്യപ്രവര്‍ത്തകരായ ഏതാനും ചുണപ്പെണ്‍കുട്ടികളും അന്നത്തെ പോലീസ് കമ്മീഷണറായിരുന്ന ഒരു വനിതയും സജീവമായി പരിശ്രമിച്ചുകൊണ്ടിരുന്ന വേളയിലാണു ഒരു ജമാ അത്തു നേതാവ് അവരുടെ പത്രത്തിലിപ്രകാരം എഴുതിയത്:-

“പണിശാലകളില്‍നിന്നും ഓഫീസുകളില്‍നിന്നും പൊതുരംഗത്തുനിന്നും സ്ത്രീകളെ മടക്കി വിളിച്ച് പകരം പുരുഷന്മാരെ തല്‍സ്ഥാനങ്ങളില്‍ നിയമിക്കുകയും സ്ത്രീകളെ വീട്ടു കാര്യങ്ങളില്‍ ഒതുക്കുകയും ചെയ്താല്‍ ഒട്ടു വളരെ പ്രശ്നങ്ങള്‍ക്കു പരിഹാരമാകും.” (മാധ്യമം,1998 മാര്‍ച്ച്15)

നാലാം ക്ലാസിനപ്പുറം പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതില്ല എന്നും തുടര്‍ന്നാ പത്രം ഉപദേശിക്കുകയുണ്ടായി.(98 ഏപ്രില്‍ ‍14)

പര്‍ദ്ദ ഒരു ചര്‍ച്ചാവിഷയമാക്കുന്നവരുടെ ഉള്ളിലിരിപ്പ് എന്തെന്നു വ്യക്തമാക്കാനാണു ഞാന്‍ ഇക്കാര്യം ഇപ്പോള്‍ സ്മരിക്കുന്നത്.


പര്‍ദ്ദയണിഞ്ഞുകൊണ്ട് “വിപ്ലവം” നടത്തിയവരുടെയും വിമാനം പറത്തിയവരുടെയും ഒളിമ്പിക്സില്‍ പങ്കെടുത്തവരുടെയുമൊക്കെ ലിസ്റ്റ് നിരത്തിക്കൊണ്ട്, ഈ വസ്ത്രം പുരോഗതിക്കു തടസ്സമല്ല എന്നു സമര്‍ത്ഥിക്കാ‍നാണു പര്‍ദ്ദാനുകൂലികള്‍ ശ്രമിക്കാറുള്ളത്. പര്‍ദ്ദക്കെതിരെ ശബ്ദിക്കുന്നവര്‍ ഒരു വസ്ത്രത്തെയാണു കുറ്റപ്പെടുത്തുന്നത് എന്നു തെറ്റിദ്ധരിപ്പിച്ച് ചര്‍ച്ച മൂന്നു മീറ്റര്‍ തുണിയില്‍ കുരുക്കിയിടാനും പര്‍ദ്ദ പ്രതിനിധാനം ചെയ്യുന്ന ലിംഗദര്‍ശനം ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനുമുള്ള ഗൌളീകൌശലമാണിവിടെ മത മൌലികവാദികള്‍ പയറ്റുന്നത്.

ഇത് ഒരു വസ്ത്രത്തിന്റെ പ്രശ്നമേയല്ല. പാവാടയെകുറിച്ച് ആരും സിമ്പോസിയം നടത്താറില്ല. സാരിയും ചുരിദാറും ആണുങ്ങളുടെ കുപ്പായവും പാന്റ്സുമൊന്നും സംവാദങ്ങള്‍ക്കും സെമിനാറുകള്‍ക്കും വിഷയമാകാറുമില്ല. പര്‍ദ്ദ മാത്രം എന്തുകൊണ്ട് സാമൂഹ്യ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നു...? പര്‍ദ്ദയെ എതിര്‍ക്കുന്നവരെക്കാള്‍ ഈ വിഷയം ചര്‍ച്ചക്കു കൊണ്ടുവരാന്‍ ഇപ്പോള്‍ താല്‍പ്പര്യം കാണിക്കുന്നതും പര്‍ദ്ദാനുകൂലികള്‍ തന്നെയാണ്.

പണ്ട് വീ ടി യും ഇ എം എസും മറ്റും നമ്പൂതിരി സ്ത്രീകളെ അടുക്കളയില്‍നിന്ന് അരംഗത്തെത്തിക്കാന്‍ ‘മറയ്ക്കുട’കള്‍ തല്ലിപ്പൊളിക്കുകയുണ്ടായി. നമ്പൂതിരി യുവാക്കള്‍ കുടുമ വെട്ടുകയും പൂണൂല്‍ കത്തിക്കുകയും ചെയ്ത സംഭവം ചരിത്രത്തില്‍ രേഖപ്പെട്ടു. സ്ത്രീകള്‍ക്കു വെയിലും മഴയും കൊള്ളാതെ സുരക്ഷിതമായി നടക്കാനുള്ള ഒരു ഉപകരണം എന്ന മട്ടില്‍ അന്നാരും മറക്കുടയ്ക്കു ന്യായീകരണം നിരത്തിയിരുന്നില്ല. കുടുമ ഒരു ഹെയര്‍ സ്റ്റൈലിന്റെ പ്രശ്നമായി ആരും അവതരിപ്പിച്ചതായും കേട്ടിട്ടില്ല.

സഹസ്രാബ്ദങ്ങളോളം മനുഷ്യരെ അടിമകളാക്കി ചൂഷണം ചെയ്ത ഒരു സാമൂഹ്യ വ്യവസ്ഥയുടെ അടയാളങ്ങള്‍ എന്ന നിലയ്ക്കാണ് കുടുമയും പൂണൂലും മറയ്ക്കുടയുമൊക്കെ ചരിത്രത്തിന്റെ ശേഷിപ്പായത്.
പര്‍ദ്ദക്കുള്ളില്‍ പൊതിഞ്ഞു കെട്ടി സ്ത്രീയെ സാമൂഹ്യ ജീവിതത്തിന്റെ പുറം ലോകത്തുനിന്നും കരി പിടിച്ച അകത്തളങ്ങളില്‍ കെട്ടിയിടാനാഗ്രഹിക്കുന്ന ആണ്‍കോയ്മാ സംസ്കാരത്തിന്റെ പ്രതീകം എന്ന നിലയ്ക്കു തന്നെയാണ് പര്‍ദ്ദ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. സ്ത്രീകള്‍ വീടുകളില്‍ അടങ്ങിക്കഴിയേണ്ടവരാണെന്നും അവര്‍ പൊതു രംഗത്തിറങ്ങി പ്രവര്‍ത്തിക്കേണ്ടവരല്ല എന്നും ശഠിക്കുന്ന പ്രാകൃത പ്രത്യയ ശാസ്ത്രത്തിന്റെ വക്താക്കള്‍ തന്നെയാണു പര്‍ദ്ദയ്ക്കു വേണ്ടി മുറവിളി കൂട്ടുന്നത്.


കാല്‍ നൂറ്റാണ്ടു മുമ്പ് കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ രണ്ടോ മൂന്നോ ശതമാനം സ്ത്രീകള്‍ മാത്രമേ ബുര്‍ഖയും പര്‍ദ്ദയും ധരിച്ചിരുന്നുള്ളു. എന്നാല്‍ ഇന്നത് 40 ശതമാനത്തോളമായിരിക്കുന്നു. സൌകര്യപ്രദവും സുരക്ഷിതവുമായ ഒരു വസ്ത്രം എന്ന നിലയില്‍ സ്ത്രീകള്‍ സ്വമേധയാ തെരഞ്ഞെടുക്കുന്ന ഒന്നാണതെങ്കില്‍ അതിലാരും പരിഭവിക്കേണ്ടതില്ല. എന്നാല്‍ ഈ മാറ്റത്തിനു പിന്നില്‍ സംഘടിതവും ആസൂത്രിതവുമായ ബോധവല്‍ക്കരണവും അടിച്ചേല്‍പ്പിക്കലും വലിയ തോതില്‍ നടന്നിട്ടുണ്ട് എന്നതാണു വാസ്തവം. മതസ്ഥാപനങ്ങളിലും മതക്കാര്‍ നിയന്ത്രിക്കുന്ന വിദ്യാലയങ്ങളിലും പര്‍ദ്ദ നിര്‍ബന്ധമാക്കി. പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന പെണ്‍ കുട്ടികളെയും ഈ വേഷം ധരിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നു. കേരളത്തിലെ ഇസ്ലാമിക പ്രബോധകര്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലത്തിനിടയ്ക്ക് ഏറ്റവുമധികം ഊര്‍ജ്ജവും സമയവും ചെലവഴിച്ചിട്ടുള്ളത് സ്ത്രീകളുടെ വസ്ത്രധാരണത്തെ അധികരിച്ചുള്ള ബോധവല്‍ക്കരണത്തിനായിരുന്നു.

എന്റെ കുട്ടിക്കാലത്ത് മുസ്ലിം സ്ത്രീകള്‍ കാച്ചും കുപ്പായവുമാണു ധരിച്ചിരുന്നത്. പിന്നീടതു ലുങ്കിയും ഷര്‍ട്ടുമായി. പിന്നെ സാരിയുടുക്കാന്‍ ആരംഭിച്ചതോടെ അവരും പരിഷ്കാരികളുടെ ഗണത്തില്‍ ചേര്‍ന്നു. തുടര്‍ന്നാണു പെണ്‍ കുട്ടികള്‍ക്ക് ഏറെ സൌകര്യപ്രദവും സൌന്ദര്യപ്രദവുമായ ചുരിദാര്‍ രംഗത്തു വന്നത്. സ്വതന്ത്രമായി യാത്ര ചെയ്യാനും തൊഴില്‍ ചെയ്യാനും മാത്രമല്ല സാരിയെ അപേക്ഷിച്ചു ശരീരഭാഗങ്ങള്‍ പൂര്‍ണ്ണമായി മറയ്ക്കാനും സഹായകമായ ഈ വസ്ത്രത്തിനു ജാതിമതഭേദമന്യെ നമ്മുടെ നാട്ടില്‍ പെട്ടെന്നു സ്വീകാര്യത ലഭിച്ചു.

ചുരിദാര്‍ വ്യാപകമാകുന്നതോടെ തങ്ങളുടെ സാമുദായിക ഐഡന്റിറ്റി ഇല്ലാതാകുമോ എന്ന ആശങ്കപ്പെട്ട കുരുട്ടു ബുദ്ധികളായ മതമേലാളരാണ് വളരെ ബോധപൂര്‍വ്വം പര്‍ദ്ദയുടെ പ്രചരണവുമായി രംഗത്തു വന്നത്. അതോടൊപ്പം അതു കച്ചവടം ചെയ്തു പണം കൊയ്യാമെന്നു കണക്കു കൂട്ടിയ ചില ‘ഹൂറുല്‍ ഈന്‍ ’ തട്ടിപ്പുകാരും അവരോടൊപ്പം കൂടി. ഇതാണു പര്‍ദ്ദ വ്യാപകമാകാനും അതു ഫാഷനായിത്തീരാനും കാരണമായത്.


പര്‍ദ്ദ സ്ത്രീക്കു സുരക്ഷിതത്വം ഉറപ്പാക്കുന്നു എന്നാണു അവകാശപ്പെടുന്നത്. “സമൂഹത്തിലെ സ്ത്രീകളുടെ അംഗലാവണ്യം കണ്ടാസ്വദിക്കാന്‍ കാമാതുരമായ കണ്ണുകളുമായി കാത്തിരിക്കുന്നവരില്‍നിന്നും സ്വ ശരീരം മറച്ചു വെക്കണമെന്നു ആഗ്രഹിക്കുന്ന മാന്യകളായ സ്ത്രീകളുടെ രക്ഷാ കവചമാണു പര്‍ദ്ദ.” ഒരു ജമാ അത്തു സഹയാത്രികന്‍ ഒരിക്കല്‍ എഴുതി.

മലപ്പുറം ജില്ലയില്‍ അടുത്ത കാലത്തുണ്ടായ രണ്ടു ബലാത്സംഗ കൊലപാതകങ്ങള്‍ ഈ വാദത്തിന്റെ അര്‍ത്ഥശൂന്യത വെളിപ്പെടുത്തുന്നതാണ്. മങ്കടയിലും കൊണ്ടോട്ടിയിലും ക്രൂരമായ ബലാത്സംഗത്തിനു ശേഷം കൊല്ലപ്പെട്ട രണ്ടു മുസ്ലിം പെണ്‍ കുട്ടികളും ശരീരം പൂര്‍ണമായും മറയുന്ന ‘മാന്യമായ’ വസ്ത്രം ധരിച്ചു മാത്രമേ പുറത്തിറങ്ങാറുണ്ടായിരുന്നുള്ളു. കന്യാസ്ത്രീകള്‍ പോലും ലൈംഗിക പീഡനത്തിനിരയാകുന്നത് പെണ്ണിന്റെ വസ്ത്രത്തിലെ പോരായ്മ കൊണ്ടല്ല; ആണിന്റെ സംസ്കാരത്തിലെ പോരായ്മ കൊണ്ടാണ് !

ജന്തുസഹജമായ വികാരങ്ങള്‍ മനുഷ്യര്‍ക്കുമുണ്ട്. ഉയര്‍ന്ന സാമൂഹ്യബോധമാണ് വികാരങ്ങളെ ഉചിതമായ വിധത്തില്‍ നിയന്ത്രിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. വിശപ്പനുഭവപ്പെട്ടാലുടനെ മുന്നില്‍ കണ്ട ഭക്ഷണസാധനമെടുത്ത് തിന്നുകയല്ല സംസ്കാരസമ്പന്നനായ മനുഷ്യന്‍ ചെയ്യുക. തനിക്കര്‍ഹതപ്പെട്ട ഭക്ഷണം ലഭിക്കുന്നതു വരെ വിശപ്പിനെ അവന്‍ നിയന്ത്രിക്കുന്നു. മലമൂത്ര വിസര്‍ജ്ജനത്തിനുള്ള ശരീരചോദനയുണ്ടായാലുടനെ ആ കൃത്യമങ്ങു നിര്‍വ്വഹിക്കുകയല്ല നാം ചെയ്യുന്നത്. അനുയോജ്യമായ ഒരു ഇടം കണ്ടെത്തും വരെ ആ ചോദനയെ നാം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. കാമവികാരത്തിന്റെ കാര്യത്തിലായാലും ഇതു തന്നെയാണവസ്ഥ. സംസ്കാരമുള്ള മനുഷ്യന്‍ തന്റെ വികാരത്തെ കടിഞ്ഞാണിട്ടു നിയന്ത്രിക്കും. അതിനു കഴിയാത്തവരെ മനോരോഗികള്‍ എന്ന നിലയിലാണു നാം കൈകാര്യം ചെയ്യുക. ഇത്തരം സാമൂഹ്യ നിയന്ത്രണങ്ങള്‍ പാലിച്ചു ജീവിക്കാനുള്ള പരിശീലനമാണു ,പൊതു ധാര്‍മ്മിക വിദ്യാഭ്യാസത്തിലൂടെ നമുക്കു ലഭിക്കുന്നത്, അഥവാ- ലഭിക്കേണ്ടത്.

അതല്ലാതെ കാളകളെ നിയന്ത്രിക്കാന്‍ പശുക്കളെ പൊതിഞ്ഞു കെട്ടി വെക്കണമെന്ന യുക്തി മനുഷ്യത്വത്തിനു ചേര്‍ന്നതല്ല.

ഹോട്ടലിലോ ബേക്കറിയിലോ കയറി ഒരാള്‍ പലഹാരം മോഷ്ടിച്ചാല്‍ ആ കള്ളനെ പിടികൂടി കൈകാര്യം ചെയ്യുന്നതിനു പകരം “കൊതിയൂറും മട്ടില്‍ പലഹാരങ്ങള്‍ പ്രദര്‍ശിപ്പിച്ച് കള്ളനെ പ്രലോഭിപ്പിച്ച” ഭക്ഷണശാലക്കാരെ ആരും കുറ്റപ്പെടുത്താറില്ലല്ലോ. വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ശരീരത്തില്‍ തൂക്കി നടക്കുന്ന സ്ത്രീയുടെ കഴുത്തില്‍ നിന്നും കള്ളന്‍ മാലപൊട്ടിച്ചോടിയാല്‍ അയാളെ പിടി കൂടി പോലീസിലേല്‍പ്പിക്കുകയല്ലാതെ കള്ളനെ പ്രലോഭിപ്പിക്കുംവിധം ആഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ച സ്ത്രീയെ മാത്രം കുറ്റം പറഞ്ഞ് ആരും കള്ളനെ ന്യായീകരിക്കാറുമില്ല.


എന്നാല്‍ പത്തു വയസ്സുള്ള പിഞ്ചു ബാലികയെ അമ്പതു വയസ്സുള്ള മാന്യന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നു കേട്ടാല്‍ പോലും പെണ്‍കുട്ടി വല്ലവിധേനയും അയാളെ പ്രലോഭിപ്പിച്ചുവോ എന്നന്യേഷിക്കാനാണു നമുക്കു താല്‍പ്പര്യം.
കാമാതുരമായ കണ്ണിലൂടെ പെണ്ണിനെ വെറും ഭോഗവസ്തുവായി കാണാന്‍ മാത്രം പരിശീലിച്ച ഒരു അപരിഷ്കൃത സമൂഹമാണു നമ്മുടേത്. പര്‍ദ്ദയെ സംബന്ധിച്ച എല്ലാ ചര്‍ച്ചയിലും മുഴച്ചു നില്‍ക്കുന്നതും ഈ പുരുഷ കോയ്മാ സംസ്കാരം തന്നെയാണ്.

മാന്യതയുള്ള വേഷം എന്നാണു മുസ്ലിം നേതാക്കള്‍ പര്‍ദ്ദയെ പൊതു വേദികളില്‍ വിശേഷിപ്പിക്കാറുള്ളത്. തലമുടി കെട്ടിപ്പൊതിയാത്ത സ്ത്രീ വേഷങ്ങള്‍ക്കൊന്നും മാന്യതയില്ല എന്ന ഈ വ്യംഗ്യപ്രയോഗം മര്യാദ കെട്ടതും മറ്റുള്ളവരെ അവഹേളിക്കുന്നതുമാണ്.
ശരീരമാകെ മൂടി മുഖം മാത്രം പുറത്തു കാട്ടുന്നതിനെ കുറിച്ച് ജമാ അത്താചാര്യനായ മൌദൂതി ചോദിച്ചത്, “വീടിനു ചുറ്റും മതിലു കെട്ടി മുന്നിലെ ഗെയ്റ്റ് മലര്‍ക്കെ തുറന്നിട്ടിട്ടെന്തു പ്രയോജനം?” എന്നാണ്. മുഖം കൂടി മൂടിപ്പൊതിയണമെന്നു സ്ത്രീകളോടു കല്‍പ്പിക്കുന്ന ഈ മതം പക്ഷേ , അടിമസ്ത്രീകളോടു മാറു മറയ്ക്കേണ്ടതില്ല എന്നാണു കല്‍പ്പിച്ചിട്ടുള്ളത്. അടിമസ്തീകള്‍ നിസ്കരിക്കുമ്പോള്‍ പോലും നിര്‍ബ്ബന്ധമായി മറക്കേണ്ട ‘ഔറത്ത്’ കാല്‍മുട്ടിനും പൊക്കിളിനും ഇടയിലുള്ള ഭാഗം മാതം. മാലികി മദ് ഹബുകാര്‍ക്ക് സ്വതന്ത്ര സ്ത്രീയും ഇത്ര മറച്ചാല്‍ മതി.

തലമുടി പോലും നഗ്നതയാണെന്നും അതു മറയ്ക്കാനുപദേശിച്ചതു ധാര്‍മ്മികത നിലനിര്‍ത്താനാണെന്നും വാദിക്കുന്ന മതവക്താക്കള്‍ക്ക് , അടിമപ്പെണ്ണിന്റെ മാറിടം പോലും ഔറത്തല്ല എന്നു വിധിക്കുന്ന മതധാര്‍മ്മികതയെക്കുറിച്ച് എന്താണു പറയാനുള്ളത്?

അറബികളായ സ്ത്രീകളും പുരുഷന്മാരും ശിരോ വസ്ത്രം ധരിച്ചിരുന്നത് മരുഭൂമിയിലെ ചൂടും മണല്‍കാറ്റും ചെറുക്കാനായിരുന്നു. പ്രവാചകപത്നിമാരോട് അവരുടെ ശിരോ വസ്ത്രം മാറിലേക്കു തൂക്കിയിടാനാണു ഖുര്‍ ആന്‍ കല്‍പ്പിച്ചത്. മാറു മറയ്ക്കാന്‍ തുടങ്ങും മുന്‍പേ അറബികള്‍ക്കു ശിരോവസ്ത്രം ഉണ്ടായിരുന്നു എന്നു വ്യക്തം. അതു സദാചാരവുമായി ബന്ധപ്പെട്ട കാര്യമേ ആയിരുന്നില്ല. നമ്മുടെ രാജസ്ഥാനിലെ സ്തീപുരുഷന്മാര്‍ക്കും ശിരോവസ്തമുണ്ടല്ലോ. മരുഭൂമിയിലെ കാലാവസ്ഥ അതനിവാര്യമാക്കുന്നു എന്നതാണു പ്രശ്നം.

അറേബ്യയിലെ തലപ്പാവും തട്ടവും കേരളത്തിലാവശ്യമില്ലത്തതാണെന്നു മനസ്സിലാക്കാനുള്ള സാമാന്യമായ യുക്തിബോധമാണു നമുക്കില്ലാതെ പോയത്.

സ്ത്രീയുടെ തലമുടി പുറത്തു കണ്ടാലുടനെ അവളുടെ മേല്‍ ചാടി വീഴാന്‍ കാത്തിരിക്കുന്നവനാണു പുരുഷന്‍ എന്ന മട്ടില്‍ പലപ്പോഴും പര്‍ദ്ദാചര്‍ച്ചകള്‍ കാടു കയറുന്നതു കണ്ടിട്ടുണ്ട്. മനുഷ്യര്‍ വസ്ത്രം കൊണ്ട് ശരീരം മറയ്ക്കാന്‍ തന്നെ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. കേരളത്തിലെ സ്ത്രീകള്‍ മാറു മറയ്ക്കാന്‍ തുടങ്ങിയത് കേവലം അര നൂറ്റാണ്ടു മുന്‍പു മുതലാണ്. ഇന്നും വസ്ത്രമില്ലാതെയും അല്‍പ്പവസ്ത്രധാരികളായുമൊക്കെ ജീവിക്കുന്ന ഗോത്രവര്‍ഗ്ഗങ്ങള്‍ പലഭാഗത്തുമുണ്ട്. അവിടെയൊക്കെ ഈ ആണുങ്ങള്‍ക്കു ബലാത്സംഗപ്പണിയല്ലാതെ മറ്റൊരേര്‍പ്പാടുമില്ല എന്നാണോ നാം കരുതേണ്ടത്?

ശരീരം കെട്ടിപ്പൊതിയുന്ന സമൂഹത്തില്‍ അതൊളിഞ്ഞു നോക്കാനുള്ള ആര്‍ത്തിയുണ്ടാകുന്നതു സ്വാഭാവികമാണ്. നമ്മുടെ ടൂറിസ്റ്റു ബീച്ചുകളിലും മറ്റും പോയാല്‍ ഇതു ബോധ്യപ്പെടും. വിദേശികളുമായി സദാ ഇടപഴകുന്ന ഗൈഡുകളും കച്ചവടക്കാരുമൊക്കെ കാണിക്കാത്ത ആര്‍ത്തി സന്ദര്‍ശകരായി നാട്ടിന്‍പുറത്തുനിന്നെത്തുന്ന ആളുകള്‍ കാണിക്കുന്നു.

പര്‍ദ്ദയുടെ പിന്നിലെ ലിംഗ ദര്‍ശനം

അടിമസ്ത്രീക്കു ഭര്‍ത്താവുണ്ടെങ്കിലും യജമാനന് അവളെ ഭോഗിക്കാന്‍ അവകാശമുണ്ടെന്നു പ്രഖ്യാപിക്കുന്ന ഖുര്‍ ആന്‍ ആറാം നൂറ്റാണ്ടിലെ ഗോത്ര സംസ്കാരത്തെയാണു പ്രതിനിധാനം ചെയ്യുന്നത്. അടിമസ്ത്രീകളെയും സ്വതന്ത്രസ്ത്രീകളെയും വേര്‍തിരിച്ചറിയാനാണു മതം മൂടുപടം നിര്‍ദേശിച്ചത്. ബഹുഭാര്യത്വത്തിലൂടെയും വെപ്പാട്ടിഭോഗത്തിലൂടെയും താല്‍ക്കാലികകറാറിലൂടെയും അനേകം സ്ത്രീകളുമായി ലൈംഗിക വേഴ്ച്ചയിലേര്‍പ്പെടാന്‍ സമ്പന്നനായ പുരുഷന് അനുവാദമുണ്ട് ഇസ്ലാമില്‍. പുരുഷനു തോന്നുമ്പോള്‍ വിവാഹമോചനം നടത്തുകയും ചെയ്യാം.

പുരുഷനിച്ഛിക്കും പ്രകാരം അവനു കൃഷി നടത്താനുള്ള വിളനിലം മാത്രമാണു സ്ത്രീയെന്ന് ഖുര്‍ ആന്‍ അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. പ്രതിഫലം നല്‍കുന്നതോടെ സ്ത്രീയുടെ ശരീരത്തിലുള്ള എല്ലാ അവകാശവും വില നല്‍കിയ പുരുഷന്റേതായി മാറും. അതോടെ സ്ത്രീ മറ്റൊരാളുടെ സ്വകാര്യസ്വത്തായി മാറുന്നു. രണ്ടു പുരുഷന്മാര്‍ പരസ്പരം കൈ പിടിച്ചു കച്ചവടമുറപ്പിക്കുന്ന ഒരേര്‍പ്പാടാണു ഇസ്ലാമില്‍ വിവാഹം. വധുവിന്റെ സാന്നിധ്യം പോലും ആവശ്യമില്ലാത്ത ഒരു വില്‍പ്പനച്ചടങ്ങ്. പെണ്ണിനു പങ്കാളിത്തമില്ലാത്ത ഒരു ‘വിവാഹം’ ഇസ്ലാമിലല്ലാതെ മറ്റൊരിടത്തുമുള്ളതായി അറിവില്ല !


പുരുഷന്‍ സ്ത്രീയുടെ മേല്‍ അധികാരമുള്ളവനാണെന്നും അവളില്‍നിന്നും അനുസരണക്കേടുണ്ടാകാമെന്നവന്‍ ശങ്കിക്കുന്നുവെങ്കില്‍ അവളെ കിടപ്പറയില്‍ കെട്ടിയിട്ട് പ്രഹരിക്കാനവനധികാരമുണ്ടെന്നും ഖുര്‍ ആനിലെ ‘ദൈവം’പ്രസ്താവിക്കുന്നു.
പൊതുവ്യവഹാരങ്ങളില്‍നിന്നും സ്ത്രീ വിലക്കപ്പെട്ടിരിക്കുന്നു. അവളുടെ സാക്ഷ്യത്തിനു പോലും പാതി മൂല്യമേയുള്ളു. മാതാപിതാക്കളുടെ അനന്തരസ്വത്തിലും കൊല്ലപ്പെട്ടാലുള്ള നഷ്ടപരിഹാരത്തുകയിലും [Blood money] അവള്‍ക്കു പുരുഷന്റെ പകുതിയാണവകാശമുള്ളത്. ഭരണകാര്യങ്ങളില്‍ പെണ്ണിനിടപെട്ടുകൂടാ. പള്ളിപ്രാര്‍ത്ഥനയില്‍ നേതൃത്വം നല്‍കാന്‍ അവള്‍ക്കര്‍ഹതയില്ല.

കുടുംബത്തില്‍ പുരുഷന്റെ അഭാവത്തില്‍ പോലും അവള്‍ക്കു സ്വന്തമായി തീരുമാനമെടുക്കാനവകാശമില്ല. സ്വന്തം മക്കളുടെ രക്ഷാകര്‍തൃത്വം പോലും പിതാവിന്റെ അഭാവത്തിലായാലും അവള്‍ക്കു കൈകാര്യം ചെയ്തുകൂടാ. മക്കളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ അമ്മയ്ക്കു സാധ്യമല്ല. ആണുങ്ങളുടെ മാത്രം ഒരു ലോകമാണു ഇസ്ലാമിന്റേത്.

അപരിഷ്കൃതവും മനുഷ്യത്വഹീനവുമായ ഇത്തരമൊരു ദര്‍ശനത്തിനു മുട്ടുന്യായങ്ങള്‍ നിരത്തുന്ന മൌലികവാദികളാണു പര്‍ദ്ദയ്ക്കു വേണ്ടി ഒച്ച വെക്കുന്നത്. അതു സ്ത്രീയെ മാനസികമായി അടിമപ്പെടുത്താനുള്ള ഒരു ഉപകരണം തന്നെയാണ്. താന്‍ ഒരു ശരീരം മാത്രമാണെന്നും വ്യക്തിത്വവും പൌരത്വവുമുള്ള ഒരു മനുഷ്യജീവിയല്ലെന്നും അവളെ സദാ ഓര്‍മ്മിപ്പിക്കുക എന്നതു തന്നെയാണു പര്‍ദ്ദയുടെ യഥാര്‍ത്ഥ ദൌത്യം.

സര്‍വ്വ മേഖലയിലും മുസ്ലിങ്ങള്‍ പിന്നാക്കാവസ്ഥയിലേക്കു തള്ളപ്പെടാന്‍ കാരണം സ്ത്രീകളോടുള്ള ഈ മതത്തിന്റെ അറു പിന്‍തിരിപ്പന്‍ സമീപനമല്ലാതെ മറ്റൊന്നുമല്ല. പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസവും സ്വയാശ്രയത്വവും നിഷേധിക്കുകയും കൌമാരപ്രായത്തില്‍ അവരെ ഗര്‍ഭവും കുടുംബഭാരവും പേറാന്‍ വിടുകയും ചെയ്യുന്ന ഒരവസ്ഥയ്ക്കു പരിഹാരം കാണാതെ മുസ്ലിം സമുദായത്തിനു പുരോഗതി കൈവരിക്കാനാവില്ല. കുട്ടികള്‍ കുട്ടികളെ പ്രസവിക്കുന്ന ഒരു സമുദായവും ലോകത്തു പുരോഗതി നേടിയിട്ടില്ല.
മക്കളെ പ്രസവിക്കാനും ശാസ്ത്രീയമായ ശിക്ഷണവും സ്നേഹവും പകര്‍ന്ന് അവരെ വളര്‍ത്താനും വേണ്ട ശാരീരികവും മാനസികവുമായ വളര്‍ച്ചയും അറിവും പെണ്‍ കുട്ടികള്‍ക്കു ലഭിക്കും മുമ്പ് അവര്‍ കുഞ്ഞുങ്ങളെ വളര്‍ത്തേണ്ടി വന്നാല്‍ ആ കഞ്ഞുങ്ങള്‍ക്കു പോലും ശരിയായ വിദ്യാഭ്യാസമോ ധാര്‍മ്മികമായ ശിക്ഷണമോ കിട്ടാതെ വരുന്നു. മുസ്ലിം സമുദായത്തില്‍നിന്നു വളരെയേറെ ചെറുപ്പക്കാ‍ര്‍ ക്രിമിനല്‍ കുറ്റവാളികളായി വളര്‍ന്നു വരുന്നതിന്റെ പ്രധാനകാരണമിതാണ്.

പര്‍ദ്ദയണിയിക്കുന്നതിനായുള്ള ബോധവല്‍ക്കരണത്തിന് സമുദായം ചെലവഴിച്ച വിഭവങ്ങളുടെ പത്തിലൊന്നെങ്കിലും സമുദായത്തിന്റെ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനകാരണങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും ചെലവഴിച്ചിരുന്നെങ്കില്‍ ഈ സമുദായമെന്നേ നന്നായിപ്പോയേനേ!
മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.