Saturday, May 17, 2008

ജമാ അത്തെ ഇസ്ലാമിയുടെ കാപട്യങ്ങള്‍ -ഭാഗം 2

മതം വിട്ടു പോകുന്നവനെ മാത്രമല്ല ജമാ അത്ത് വിട്ടു പോകുന്നവനെപ്പോലും വധിക്കണമെന്ന ആചാര്യന്റെ ഫത് വ മറച്ചുവെച്ച് മനുഷ്യാവകാശ സംരക്ഷകരുടെ വേഷം കെട്ടിയിരിക്കുകയാണ് ഇവിടെ ജമാ അത്തുകാര്‍. അന്യ മതക്കാരുടെ കയ്യില്‍നിന്നും അധികാരവും അവകാശവും പിടിച്ചെടുത്ത് അവരെ കശാപ്പു ചെയ്യുകയോ അടിമകളാക്കുകയോ ചെയ്യലാണു സത്യവിശ്വാസികളുടെ ഏകമാത്ര ജീവിതലക്ഷ്യം എന്നു പഠിപ്പിക്കുന്ന മൌദൂദിയുടെ ഫാസിസ്റ്റ് ദര്‍ശനം പുറത്തെടുക്കാതെ മതമൈത്രിക്കു ജാഥയും തെരുവുനാടകവും നടത്തുകയാണു സോളിഡാരിറ്റിക്കാര്‍ . ഇസ്ലാമിക ഭരണമില്ലാത്ത രാജ്യങ്ങളില്‍ സര്‍ക്കാര്‍ ജോലി പോലും സ്വീകരിക്കരുതെന്നുപദേശിച്ച മൌദൂദിയന്‍ ദര്‍ശനത്തിന്റെ കാവല്‍ക്കാര്‍ തന്നെയാണിവിടെ നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോറ്ട്ടിനെ പോസ്റ്റു മോര്‍ട്ടം നടത്തുന്നത്.


‘പാശ്ചാത്യരുടെ പിഴച്ച ചിന്തകള്‍ ’ എന്ന് ആചാര്യന്‍ വിധിയെഴുതിയ ജനാധിപത്യവും മതനിരപേക്ഷതയും സ്ത്രീപുരുഷ സമത്വവുമൊക്കെ സംരക്ഷിക്കാനും പ്രചരിപ്പിക്കാനും ഇവിടെ മറ്റാരെക്കാളും മുമ്പില്‍ സോളിഡാരിറ്റിയുണ്ട്. പെണ്ണുങ്ങള്‍ സ്ക്കൂളില്‍ പഠിക്കുന്നതേ അബദ്ധം എന്നു പറഞ്ഞ മൌദൂദിയുടെ അനുയായികള്‍ സ്ത്രീ വിദ്യാഭ്യാസത്തിനെതിരല്ല തങ്ങളെന്നു തെറ്റിദ്ധരിപ്പിക്കാന്‍ ഒരു വശത്തു ശ്രമിക്കുമ്പോള്‍തന്നെ ഒളിഞ്ഞും മറഞ്ഞും സ്ത്രീ വിദ്യാഭ്യാസ്ത്തിനെതരെ പേനയേന്തുകയാണു ജമാ അത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ .മുഖം പോലും തുറന്നിടരുതെന്നും വീടു വിട്ടു പുറത്തിറങ്ങരുതെന്നും സ്ത്രീകളോടു കല്‍പ്പിക്കുന്ന മൌദൂദി അടിമത്തത്തെ എതിര്‍ക്കുന്നവരെ പോലും ശക്തിയായി വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്യുന്നുണ്ട്. ആറാം നൂറ്റാണ്ടിലെ ഒരു അറബി പുരുഷന്റെ മനസ്സുകൊണ്ട് ലോകത്തെയും ജീവിതത്തെയും നോക്കിക്കാണുന്ന ഒരു ഒരു വികൃതമനസ്സിന്റെ ഉടമയാണു മൌദൂദി. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെ ഭാഗികമായിപ്പോലും തള്ളിപ്പറയാന്‍ ഇതു വരെ ജമാ അത്തുകാരോ സോളിഡാരിറ്റിക്കാരോ തയ്യാറായതായി കണ്ടിട്ടില്ല.

സത്യവിശ്വാസികളായ സജ്ജനങ്ങളുമായല്ലാതെ ഭൌതികവാദികളായ മാര്‍ക്സിസ്റ്റുകളുമായി കുടുംബ ബന്ധം പോലും പാടില്ലെന്നു വിലക്കുന്ന ഫത് വകളും ഖുത്ബകളും IPHന്റെ അലമാരകളില്‍ അട്ടിയിരിക്കെ , കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളുമായി സാംസ്കാരിക കൂട്ടുമുന്നണിയുണ്ടാക്കി ഇവര്‍ നടത്തുന്ന ഒളിനാടകങ്ങള്‍ ആരെ കബളിപ്പിക്കാനാണ്? കമ്യൂണിസ്റ്റുകാരുടെ ഫോട്ടൊ സൂക്ഷിക്കുന്നതു പോലും ഹറാമാണെന്നു വിധിക്കുന്ന ഫത് വകള്‍ ജമാ അത്തു സാഹിത്യങ്ങളില്‍ ഇന്നും സുലഭമാണ്. മൌദൂദി ദര്‍ശനമനുസരിച്ച് ഒന്നാം ശത്രു കമ്മ്യൂണിസ്റ്റും രണ്ടാം ശത്രു ക്രിസ്ത്യാനിയുമാണ്. ശിര്‍ക്കിന്റെ മതമായ ഹിന്ദു മതത്തിനു പോലും മൌദൂദിയുടെ കരിമ്പട്ടികയില്‍ മൂന്നാം സ്ഥാനമേയുള്ളു. !

സോഷ്യലിസത്തോട് അദ്ദേഹത്തിനു പുച്ഛമാണ്. ഹിറ്റ്ലര്‍ ‍-മുസ്സോളിനിമാരുടെ നാസിപ്പടയും സ്റ്റാലിന്റെ ഭരണ സംവിധാനവുമൊക്കെ മാതൃകയാക്കണമെന്നാണു മൌദൂദി പറഞ്ഞു വെച്ചിട്ടുള്ളത്. ജനാധിപത്യമെന്ന മനുഷ്യനിര്‍മ്മിത വ്യവസ്ഥയെ നിന്ദിച്ചും പരിഹസിച്ചും മൌദൂദി കുറിച്ചിട്ട വരികള്‍ ഇന്നും ജമാ അത്തുകാര്‍ വിറ്റു കാശാക്കുന്നുണ്ട്.
സംഗീതവും ചിത്രകലയും ശില്‍പ്പവും നാടകാഭിനയവുമെന്നു വേണ്ട മനുഷ്യമനസ്സിന്‍ ആര്‍ദ്രതയേകുന്ന സൌന്ദര്യസങ്കല്‍പ്പങ്ങളെല്ലാം നിഷിദ്ധമാക്കുന്ന ഒരു വരണ്ട തത്വശാസ്ത്രമാണ് മൌദൂദി പരിചയപ്പെടുത്തുന്ന ഇസ്ലാം. മൌദൂദിയന്‍ ഇസ്ലാമിന്റെ പ്രായോഗിക രൂപങ്ങളാണു നമ്മള്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകാലത്തു കണ്ടത്.

എന്നാല്‍ സ്വന്തം ആചാര്യന്‍ ഹറാമാക്കിയതെല്ലാം ഹലാലാക്കി അവതരിപ്പിച്ചുകൊണ്ട് സമൂഹത്തിലെ സഹൃദയരെയും ശുദ്ധഗതിക്കാരെയും കബളിപ്പിക്കാനുള്ള അടവു തന്ത്രമാണ് ജമാ അത്തുകാര്‍ ഇന്നു തെരുവില്‍ അവതരിപ്പിക്കുന്നതെല്ലാം. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പരിഷത്തുകാരും പുരോഗന്മന കലാ സാഹിത്യ സംഘടനക്കാരുമൊക്കെ തെരുവിലവതരിപ്പിച്ചിരുന്നതും മടുപ്പു തോന്നി ഏതാണ്ടിക്കാലത്ത് ഉപേക്ഷിച്ചതുമായ തെരുവു നാടകങ്ങളും വിപ്ലവഗാനങ്ങളുമൊക്കെയാണിന്ന് സോളിഡാരിറ്റിക്കാരുടെ കലാപരിപാടികള്‍. സൂര്യ കൃഷ്ണമൂര്‍ത്തി സ്റ്റൈലിലുള്ള ശബ്ദവെളിച്ച പ്രദര്‍ശനം വരെ ഉപയോഗിച്ചാണിന്ന് ജമാ അത്തുകാരുടെ പ്രചാരണം. സംഗീതം പൈശാചികമായിരുന്നവര്‍ക്ക് ഇന്നു സിനിമയും ടീവിചാനലുമൊക്കെ ആലോചനാവിഷയങ്ങളാണത്രേ! ജമാ അത്തിനു നേരിട്ടാകുമ്പോള്‍ ഹറാമാകുന്നതൊക്കെ സോളീഡാരിറ്റിയാകുമ്പോള്‍ ഹലാലായിക്കിട്ടും എന്നതാണു ജമാ അത്തിന്റെ നവയുക്തി!

തിബറ്റിലെ ബുദ്ധമതക്കാര്‍ക്ക് ജന്തുക്കളെ കൊല്ലല്‍ ഹറാമാണ്. എന്നാല്‍ അവരുടെ പ്രധാന ഭക്ഷണം പട്ടിയിറച്ചിയും പന്നിയിറച്ചിയുമാണ്. കൊല എന്ന പാപത്തില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ ഒരു സൂത്രം പ്രയോഗിക്കുന്നു. ഓരോ ഗ്രാമത്തിലും ഒരു കുടുംബത്തെ വീതം മതത്തില്‍നിന്നും ഭ്രഷ്ട് കല്‍പ്പിച്ചു ‘പുറത്താക്കും’ . അവരെ അറവുജോലി ഏല്‍പ്പിക്കുകയും ചെയ്യും. ഇത് പരസ്പരധാരണയോടെയുള്ള ഒരു ഏര്‍പ്പാടാണ്. ഇതേ യുക്തിയുപയോഗിച്ചാണു ജമാ അത്തെ ഇസ്ലാമി സോളിഡാരിറ്റിയുണ്ടാക്കിയിരിക്കുന്നതും!

വേഷം കെട്ടലും നാടകമാടലും മതവിരുദ്ധമായിട്ടും ജമാ അത്തുകാര്‍ തെരുവുനാടകം കളിക്കുന്നതിന്റെ പൊരുളെന്ത്? തൊട്ടുകൂടാത്തോരും തീണ്ടിക്കൂടാത്തവരുമെന്ന് ആചാര്യന്‍ വിധിയെഴുതിയ കമ്മ്യൂണിസ്റ്റുകാര്‍ എങ്ങനെ ഇസ്ലാമികപ്രസ്ഥാനക്കാരുടെ മിത്രങ്ങളായി? താഗൂത്തി വ്യവസ്ഥയുടെ കയ്യാളുപണിയും തെരഞ്ഞെടുപ്പെന്ന കൊടും ‘ഫിത്ന’യുമൊക്കെ പുതിയ കാലത്തു സ്വീകാര്യമായിത്തുടങ്ങിയതെന്തുകൊണ്ട്? മൌദൂദി സ്ഥാപിച്ച മതപ്രസ്ഥാനത്തിന്റെ കര്‍മ്മപദ്ധതിയിലോ രേഖകളിലോ ഇല്ലാത്തതും ജമാ അത്തിന്റെ ആദര്‍ശലക്ഷ്യങ്ങളുമായി വിദൂര ബന്ധം പോലും ഇല്ലാത്തതുമായ ‘ദുന്യവീ’ കാര്യങ്ങള്‍ അജണ്ടയിലെ മുഖ്യവിഭവങ്ങളായി പ്രത്യക്ഷപ്പെടുന്നതിന്റെ രഹസ്യമെന്ത്? സര്‍വ്വോപരി ജമാ അത്തിന്റെ ഇത്യാദി പുതുവേഷങ്ങളൊക്കെ ഈ കൊച്ചു മലയാളക്കരയില്‍ മാത്രം കാണപ്പെടുന്നതിന്റെ ഗുട്ടന്‍സെന്ത്?



ജമാ അത്തെ ഇസ്ലാമി അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍നിന്നെല്ലാം മാറി; അതിന്റെ തനതു നയപരിപാടികളെല്ലാം പാടേ ഉപേക്ഷിച്ച്; സാമാന്യം തരക്കേടില്ലാത്ത ഒരു പുരോഗമന നവീകരണപ്രസ്ഥാനമായി സ്വയം പരിണമിച്ചതാണോ? ശുദ്ധഗതിക്കാരായ കുറച്ചു പേരെങ്കിലും അങ്ങനെ ധരിച്ചു വശായിട്ടുണ്ടെങ്കില്‍ അവരെ കുറ്റപ്പെടുത്തിക്കൂടല്ലോ.


കാപട്യത്തിന്റെ മതഭാഷ്യം.‌‌

ഇസ്ലാമിക രാഷ്ട്ര സംസ്ഥാപനത്തിനായുള്ള പോരാട്ടത്തില്‍ സായുധ ജിഹാദിനോടൊപ്പം ആശയപ്രചാരണത്തിന്റേതായ ഒരു സമാധാനഘട്ടവുമുണ്ടെന്ന്,മതചരിത്രം വിശകലനം ചെയ്തുകൊണ്ട് മൌദൂദിയും സിദ്ധാന്തിക്കുന്നുണ്ട്.

“മനുഷ്യബന്ധങ്ങളും കൂട്ടായ്മകളും അന്യോന്യം ഉദ്ഗ്രഥിതമാണ്. അതുകൊണ്ട് ഒരു രാഷ്ട്രത്തിന്റെ അയല്‍ രാഷ്ട്രങ്ങളും തങ്ങളുടെ അതേ ആദര്‍ശം സ്വീകരിക്കുന്നതു വരെ ആ രാഷ്ട്രത്തിന് അതിന്റെ സിദ്ധാന്തമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരിക്കുന്നതല്ല. അതുകൊണ്ട് മുസ്ലിം ഗ്രൂപ്പുകള്‍ ഒരു ഇസ്ലാമിക രാഷ്ട്രം അവരുടെ ഭൂപരിധിയില്‍ സ്ഥാപിച്ചുകൊണ്ട് അടങ്ങിയിരിക്കാന്‍ പാടുള്ളതല്ല. അവരുടെ വിഭവങ്ങള്‍ക്കനുസരിച്ച് രാഷ്ട്രത്തെ നാലു ഭാഗത്തേക്കും വികസിപ്പിക്കാന്‍ ശ്രമിക്കേണ്ടതാണ്. മുസ്ലിംങ്ങള്‍ ഒരു ഭാഗത്ത് അവരുടെ ആശയപ്രചരണം നടത്തുകയും മറുഭാഗത്ത് ജനങ്ങളെ തങ്ങളുടെ ആദര്‍ശം സ്വീകരിക്കാന്‍ ക്ഷണിക്കുകയും വേണം. കാരണം മോക്ഷം നില കൊള്ളുന്നത് അതില്‍ മാത്രമാണ്. അവരുടെ ഇസ്ലാമിക രാഷ്ട്രത്തിനു ശക്തിയും വിഭവവുമുണ്ടെങ്കില്‍ മറ്റു അനിസ്ലാമിക രാഷ്ട്രങ്ങളെ യുദ്ധം ചെയ്തു നശിപ്പിക്കേണ്ടതും അവിടെ ഇസ്ലാമിക ഭരണം സ്ഥാപിക്കേണ്ടതുമാണ്.” (ഹഖീഖതെ ജിഹാദ്-പേജ് 64 )

“അറേബ്യയില്‍ ആദ്യമായി മുസ്ലിം പാര്‍ടി രൂപവല്‍ക്കരിച്ച് പ്രാവര്‍ത്തികമാക്കിയ സന്ദര്‍ഭത്തില്‍ പ്രവാചകനും ഖലീഫമാരും കൈക്കൊണ്ട നിയമമിതായിരുന്നു. അതിനു ശേഷം പ്രവാചകന്‍ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ട് എല്ലാ അയല്‍ നാടുകളിലേക്കും സന്ദേശം അയച്ചു. പക്ഷേ ഈ സന്ദേശം സ്വീകരിച്ചുവൊ ,അതോ നിരസിച്ചുവോ എന്നറിയാന്‍ അദ്ദേഹം കാത്തുനിന്നില്ല. ഉടനെ അദ്ദേഹം ശക്തി സംഭരിച്ച് റോമാ സാമ്രാജ്യത്തിനെതിരെ ആഞ്ഞടിച്ചു. പ്രവാചകനു ശേഷം അബൂബക്കറാണ് നേതാവായത്. അദ്ദേഹം പേര്‍ഷ്യയേയും റോമിനേയും ആക്രമിച്ചു. അവസാനം ഉമര്‍ വിജയിക്കുകയും ചെയ്തു.”[ഹഖീഖതെ ജിഹാദ്]

ഇക്കാര്യത്തില്‍ പ്രവാചകനെ മാതൃകയാക്കി മൌദൂദി വിശദീകരിക്കുന്നു;-

“അല്ലാഹുവിന്റെ ദൂതന്‍ 13 വര്‍ഷക്കാലം അറബികളെ ഇസ്ലാം മതം സ്വീകരിക്കന്‍ ക്ഷണിക്കുകയുണ്ടായി. അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും അദ്ദേഹം അവലംബിച്ചു. അനിഷേദ്ധ്യമായ തെളിവുകളും വാദമുഖങ്ങളും സമര്‍പ്പിച്ചു.ഭക്തിയുടെയും ധാര്‍മികതയുടെയും മാതൃകയായ തന്റെ ജീവിതം അവരുടെ മുമ്പില്‍ കാഴ്ച്ച വെച്ചു.ആകാവുന്നത്ര അവരുമായി ആശയവിനിമയം നടത്തി.പ്ക്ഷേ അദ്ദേഹത്തിന്റെ ജനത ഇസ്ലാം മതം സ്വീകരിച്ചില്ല.
അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും പരാജയമായി കലാശിച്ചപ്പോള്‍ പ്രവാചകന്‍ ഖഡ്ഗം കയ്യിലേന്തി,ഖഡ്ഗം! അത് തിന്മയെയും ആക്രമണത്തെയും ഹൃദയത്തിലെ കറകളെയും ആത്മാവിന്റെ കളങ്കങ്ങളെയും വിപാടനം ചെയ്തു. അതിനേക്കാള്‍ ഉപരിയായി വാള്‍ അവരുടെ അന്ധത ഇല്ലാതാക്കി.അവര്‍ക്ക് സത്യത്തിന്റെ വെളിച്ചം കാണുമാറായി.സത്യം സ്വീകരിക്കാന്‍ വിഘാതമായി നിന്ന അവരുടെ അഹങ്കാരത്തിനു ശമനമുണ്ടായി. ഉദണ്ഡശിരസ്കരായി ഔദ്ധത്യത്തോടെ നിലയുറപ്പിച്ച അവര്‍ അപമാനിതരായി എളിമയോടെ തല കുനിച്ചു.

അറേബ്യയിലും മറ്റു രാജ്യങ്ങളിലും ഇസ്ലാം പ്രചരിച്ചത് ത്വരിതഗതിയിലായിരുന്നു. ഒരു നൂറ്റാണ്ടു കൊണ്ടു തന്നെ ലോകത്തിന്റെ കാല്‍ ഭാഗം ഇസ്ലാം സ്വീകരിച്ചു. ഇസ്ലാമിന്റെ ഖഡ്ഗം മനുഷ്യഹൃദയങ്ങളെ ആവരണം ചെയ്ത മറകളെ കീറി മുറിച്ചതായിരുന്നു ഈ പരിവര്‍ത്തനത്തിനു കാരണം.”[അല്‍ ജിഹാദു ഫില്‍ ഇസ്ലാം പേജ് 137]



മതപ്രചരണത്തിന് വാളിന്റെ മാര്‍ഗ്ഗം മാത്രമേ ഉപകരിക്കൂ എന്നു തിരിച്ചറിയുന്നുണ്ടെങ്കിലും പ്രവാചകചര്യയില്‍ ഉല്‍ബോധനപ്രവര്‍ത്തനങ്ങളുടേതായ ഒരു ഘട്ടം കടന്നു പോയിട്ടുണ്ടെന്നതിനാല്‍ അതും വേണ്ടതാണെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു പോവുകയാണു മൌദൂദി. സായുധവിപ്ലവത്തിനു കൈക്കരുത്തു നേടും വരെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മുഖമൂടിയണിഞ്ഞ് ആശയപ്രചരണം നടത്താവുന്നതാണെന്ന് മൌദൂദിസത്തിന്റെ ആധുനിക വക്താക്കളും വ്യാഖ്യാനിക്കുന്നു:-

“ലക്ഷ്യം നേടും വരേയുള്ള കാലയളവില്‍ എല്ലാവര്‍ക്കും തുല്യാവകാശങ്ങള്‍ ലഭ്യമാവുന്ന ഒരു ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയക്രമം നിലനില്‍ക്കാന്‍ സഹായകമാവുന്ന സമീപനമാണു മുസ്ലിംങ്ങള്‍ സ്വീകരിക്കേണ്ടത്.” (ഒ അബ്ദുറഹ്മാന്‍ -ബഹുമതസമൂഹത്തിലെ മുസ്ലിംങ്ങള്‍)

ജമാ അത്തെ ഇസ്ലാമിയുടെ മതേതര ജനാധിപത്യ ജാടകളും പ്രച്ഛന്ന വേഷങ്ങളും വാളെടുക്കാന്‍ കരുത്തു നേടും വരേക്കുള്ള വഞ്ചനാപരമായ ഒരു അടവു നയം മാത്രമാണെന്നു ചുരുക്കം.

മൌദൂദിസ്റ്റ് ബുദ്ധിജീവികളുടെ മോഡേണ്‍ ഇജ്തിഹാദ് പ്രകാരം , അമുസ്ലിംങ്ങളെ ദീനിലേക്കും പ്രസ്ഥാനത്തിലേക്കും ആകര്‍ഷിക്കാന്‍ ഇസ്ലാമിന്റെ മൌലിക സിദ്ധാന്തങ്ങള്‍ക്കു നിരക്കാത്ത ഹീന തന്ത്രങ്ങളും പ്രയോഗിക്കുന്നതില്‍ തെറ്റില്ല. ഇക്കാര്യത്തില്‍ ആചാര്യനെ കടത്തിവട്ടി ഒരു കാതം മുന്നോട്ടു നീട്ടി വ്യാഖ്യാനിക്കാനും ജമാ അത്തു സൈദ്ധാന്തികര്‍ തയ്യാറായിരിക്കുന്നു.
ജമാ അത്തുകാരുടെ ഹിറാനഗര്‍ സമ്മേളനപ്പന്തലിന്റെ കവാടത്തില്‍ ഒരു ഒട്ടകത്തിന്റെ പൂര്‍ണ്ണപ്രതിമ ഉണ്ടാക്കി വെച്ചിരുന്നു. ശില്‍പ്പങ്ങളുണ്ടാക്കുന്നത് ഹറാമല്ലേ എന്നൊരു പ്രവര്‍ത്തകനോടു ചോദിച്ചപ്പോള്‍ അദ്ദേഹം ഉള്ള കാര്യം തുറന്നു പറഞ്ഞു. മുശ്രിക്കുകളായ ഹിന്ദുക്കളെ ആകര്‍ഷിക്കാനാണു അവര്‍ക്കിഷ്ടപ്പെട്ട കലാരൂപങ്ങള്‍ ഒരുക്കിയിരിക്കുന്നത് എന്നായിരുന്നു മറപടി. പാട്ടും കൂത്തും നാടകവുമൊക്കെ അതേ ഉദ്ദേശ്യത്തോടേയാണ് ഇവര്‍ ആവിഷ്കരിക്കുന്നത്.

പ്രവാചക്ന്റെ പേരില്പോലും നുണ പ്രചരിപ്പിക്കാന്‍ ഇക്കൂട്ടര്‍ക്കു മനസ്സാക്ഷിക്കുത്തില്ല. ഈ അടുത്ത കാലത്ത് സദാചാരത്തെ കുറിച്ചൊരു ക്യാമ്പൈന്‍ ഇവര്‍ നടത്തി. അതിനായി തയ്യാറാക്കിയ ലഘുലേഖ തുടങ്ങുന്നത് ഒരു ‘നബിവചനം’ ഉദ്ധരിച്ചുകൊണ്ടായിരുന്നു. ലഘുലേഖ തയ്യാറാക്കിയവരെ നേരില്‍ വിളിച്ച് ആ ഹദീസിന്റെ റഫറന്‍സ് ചോദിച്ചിട്ടും അവര്‍ ഒഴിഞ്ഞു മാറി. പ്രബോധനത്തിലേക്ക് എഴുതി ച്ചോദിച്ചിട്ടും പ്രതികരണമുണ്ടായില്ല.


ഇസ്ലാം ചൂണ്ടയിലേക്കു അമുസ്ലിം മത്സ്യങ്ങളെ ആകര്‍ഷിക്കാന്‍ അവരുടെ ഇഷ്ടഭോജ്യങ്ങളായ ശിര്‍ക്കും ജാഹിലിയ്യത്തും ഇര കോര്‍ക്കുന്നതില്‍ തെറ്റില്ല എന്നാണു കണ്ടുപിടുത്തം. മതം ഹറാമാക്കിയ മാര്‍ഗ്ഗത്തിലൂടെയും മതത്തിലേക്ക് ആളെകൂട്ടാം ! അഫ്ഗാനിസ്ഥാനിലെ ജിഹാദീ വിപ്ലവകാരികളുടെ പ്രധാന വരുമാന മാര്‍ഗ്ഗം കറുപ്പും കഞ്ചാവുമാണല്ലോ. ഇതും മൌദൂദി ഉപദേശിച്ച ബുദ്ധിയല്ലെന്നാരു കണ്ടു.!

Tuesday, May 13, 2008

ആട്ടിന്‍ തോലണിയുന്ന ഭീകരവാദം! അഥവാ സോളിഡാരിറ്റി !

ജമാ അത്തെ ഇസ്ലാമിയുടെ കപടനാട്യങ്ങള്‍ തുറന്നു കാട്ടുന്ന ‘മതരാഷ്ട്രവാദം’ എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു ലേഖനം മൂന്നു ഭാഗങ്ങളായി ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.


1941ല്‍ അബുല്‍ അ അലാ മൌദൂദി സ്ഥാപിച്ച ജമാ അത്തെ ഇസ്ലാമിക്ക് ലോകത്തെല്ലായിടത്തുമുള്ള ദൈവികേതര(താഗൂത്തി) ഭരണകൂടങ്ങളെ സായുധ ജിഹാദിലൂടെ അട്ടിമറിച്ച് അല്ലാഹുവിന്റെ ഭരണം സ്ഥാപിക്കുക എന്ന ഏകമാത്ര ലക്ഷ്യമാണുള്ളത്. ഇന്ത്യന്‍ ജമാ അത്തെ ഇസ്ലാമിയുടെ ലക്ഷ്യവും അതുതന്നെ.

ദൈവികേതര ഭരണവ്യവസ്ഥക്കു കീഴിലും , ഇസ്ലാമിക നിയമങ്ങള്‍ മാത്രം പാലിച്ചും രാഷ്ട്രനിയമങ്ങളെ അവഗണിച്ചും ജീവിക്കാനാണ് മൌദൂദിസ്റ്റുകളുടെ ഭരണഘടന അനുയായികളെ ഉപദേശിക്കുന്നത്.

"ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ താന്‍ വല്ല കുഞ്ചികസ്ഥാനവും വഹിക്കുന്നവനോ അതിന്റെ നിയമനിര്‍മ്മാണസഭയില്‍ അംഗമോ, അതിന്റെ കോടതിവ്യവസ്ഥയിന്‍ കീഴില്‍ ന്യായാധിപസ്ഥാനത്തു നിയോഗിക്കപ്പെട്ടവനോ ആണെങ്കില്‍ ആ സ്ഥാനം കയ്യൊഴിക്കുക....
ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയുടെ ഉപകരണമോ അതിന്റെ നിയമങ്ങളുടെ നടത്തിപ്പില്‍ സഹായിയോ ആണെങ്കില്‍ ആ അഹോവൃത്തി മാര്‍ഗ്ഗത്തില്‍നിന്നും കഴിയും വേഗം ഒഴിവാകുക...
നിര്‍ബ്ബന്ധിതാവസ്ഥയിലല്ലാതെ , ഇടപാടുകളുടെ തീര്‍പ്പിനായി അനിസ്ലാമിക കോടതികളെ സമീപിക്കാതിരിക്കുക...” (ജമാ അത്തെ ഇസ്ലാമി ഭരണഘടന, 1986. പേജ് 19-20
)

ജനാധിപത്യവും മതേതരത്വവും തങ്ങള്‍ക്കു സ്വീകാര്യമല്ല എന്നു പരസ്യമായി പ്രഖ്യാപിക്കാനും ജമാ അത്തുകാര്‍ മടി കാണിച്ചിരുന്നില്ല.
“ദേശീയ ജനാധിപത്യം ഇസ്ലാമിനും ഈമാനിനും കടകവിരുദ്ധമാണ്.” (പ്രബോധനം 1952, ലക്കം5)

മതേതരത്വം, ദേശീയത , ജനാധിപത്യം എന്നീ മൂല്യങ്ങള്‍ തനി റൌഡിസമാണ് എന്നത്രേ ജമാ അത്ത് ആചാര്യന്റെ മതം!


“മതേതരത്വം ആദ്യമേ ജനങ്ങളെ ദൈവഭയശൂന്യരും സനാതന ധാര്‍മ്മിക തത്വങ്ങളില്‍നിന്നു വിമുക്തരുമാക്കിത്തീര്‍ത്തു. അവര്‍ തന്മൂലം ലഗാനില്ലാത്ത, ഉത്തരവാദിത്തബോധമില്ലാത്ത , തനി സ്വേച്ഛാപൂജകരായിക്കഴിഞ്ഞു. അനന്തരം ദേശീയ വാദം അവരെ ജനകീയ സ്വാര്‍ത്ഥത്തിന്റേയും അന്ധമായ ദേശീയ പക്ഷപാതിത്വത്തിന്റേയും മുഴുത്ത അഹങ്കാരത്തിന്റേയും മദ്യം കുടിപ്പിച്ചു മത്തരാക്കി. ഇപ്പോഴിതാ ജനാധിപത്യം അതേ ജനങ്ങളുടെ ലഗാനില്ലാത്തതും മത്തു പിടിച്ചവരും താന്തോന്നിത്തപൂജകരുമായ സാമൂഹ്യാഭിലാഷങ്ങള്‍ക്ക് നിയമനിര്‍മ്മാണത്തിനുള്ള പൂര്‍ണ്ണാധികാരം സമ്മാനിച്ചിരിക്കുന്നു. ..
ഇങ്ങനെ സ്വേച്ഛാധികാരവും അധീശാധിപത്യവും നല്‍കപ്പെട്ടിട്ടുള്ള ഒരു ജനതയുടെ സ്ഥിതിയും ശക്തനും തോന്നിവാസിയുമായ ഒരു റൌഡിയുടെ സ്ഥിതിയും തമ്മില്‍ വ്യത്യാസപ്പെടുന്നത് എന്തൊന്നിലായിരിക്കും? ശക്തനും തോന്നിവാസിയുമായ റൌഡി പരിമിതമായ തോതില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടായിസങ്ങളും തെമ്മാടിത്തങ്ങളും തന്നെയല്ലേ കൂടുതല്‍ വിപുലമായ തോതില്‍ ആ ജനതയും പ്രവര്‍ത്തിക്കുക?” (മതേതരത്വം, ദേശീയത, ജനാധിപത്യം , ഒരു താത്വിക വിശകലനം 1991.പേ.22)



"ഇസ്ലാമികേതരവ്യവസ്ഥയ്ക്കു കീഴില്‍ ഉദ്യോഗങ്ങള്‍ക്കും സീറ്റുകള്‍ക്കും വേണ്ടി മുറവിളി കൂട്ടുക എന്നത് മുസ്ലിംങ്ങളെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ പൊലും കഴിയാത്തത്ര നീചമായ അവസ്ഥയാണ്.”(പ്രബോധനം.1951 ഡിസംബര്‍ 15)എന്ന ജമാ അത്തിന്റെ ആദ്യകാലനിലപാട് മൂലം ഉദ്യോഗം ലഭിച്ച മുസ്ലിം ചെറുപ്പക്കാര്‍ പലരും അതുപേക്ഷിച്ചു പോയി. വിദ്യാ സമ്പന്നരായ നിരവധി പേര്‍ സര്‍ക്കാര്‍ ജോലിയോട് വിമുഖത കാട്ടി മാറി നിന്നു. ഇസ്ലാമികേതരവ്യവസ്ഥയോടു സഹകരിക്കുന്നത് ശിര്‍ക്കും കുഫ്രുമാണെന്ന മൌദൂദിയന്‍ നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് ഈ അടുത്ത കാലം വരെ തെരഞ്ഞെടുപ്പുകളില്‍ വോട്ടു പോലും ചെയ്യാതെ വിട്ടു നില്‍ക്കുകയായിരുന്നു ജമാ അത്തുകാര്‍ .

[മുസ്ലിം സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം സര്‍ക്കാര്‍ ജോലിയിലും അധികാരസ്ഥാനങ്ങളിലും ലഭിച്ചിട്ടില്ല; അതിനാല്‍ പ്രത്യേക റിക്രൂട്മെന്റ് വേണം എന്നു പറഞ്ഞുകൊണ്ട് ,നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോറ്ട്ടും പൊക്കിപ്പിടിച്ച് ഈയിടെ കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചതും ഇതേ ജമാ അത്തിന്റെ കുട്ടിപ്പടയായിരുന്നു എന്നതും അവരുടെ ഭരണഘടനയില്‍ 1986 നുശേഷം ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നതും കൌതുകകരമായ ഒരു കെട്ടുകാഴ്ച്ച തന്നെ!]

ഭീകരവാദത്തിന്റെ താഴ് വേര്.


മാനവസമൂഹത്തിന്റെ സ്വൈരജീവിത്തിനും നിലനില്‍പ്പിനും ഭീഷണിയായി ലോകമാകെ ഇന്നു ശക്തി പ്രാപിച്ചു വരുന്ന മതഭീകരവാദത്തിന്റെ അടിവേരുകള്‍ പ്രധാനമായും കിളിര്‍ത്തു വന്നത് മൌദൂദിയന്‍ ദര്‍ശനങ്ങളില്‍നിന്നാണെന്ന കാര്യം അധികപേരും മനസ്സിലാക്കിയിട്ടില്ല. ഇസ്ലാമിക ദര്‍ശനങ്ങള്‍ക്ക് ഏറ്റവും ജനാധിപത്യവിരുദ്ധവും മനുഷ്യത്ത്വവിരുദ്ധവുമായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നതില്‍ മൌദൂദിയോളം കടന്നു ചിന്തിച്ച പണ്ഡിതന്മാര്‍ മതചരിത്രത്തില്‍ വിരളമാണ്. മതത്തിന്റെ കര്‍മ്മ പദ്ധതിയില്‍ മുഖ്യ ഇനമായി ജിഹാദിനെ പ്രതിഷ്ടിക്കുക മാത്രമല്ല മൌദൂതി ചെയ്തത്. ഒരു കയ്യില്‍ ഖുര്‍ ആനും മറുകയ്യില്‍ വാളുമേന്തി ഇസ്ലാമികേതരരോട് യുദ്ധം ചെയ്യലാണു ജിഹാദ് എന്നും പടക്കളത്തില്‍നിന്നും മാറി നില്‍ക്കുന്നവര്‍ക്കു മതത്തില്‍ സ്ഥാനമില്ല എന്നും അദ്ദേഹം പ്രഖ്യാപിച്ചു.

നമസ്കാരവും വ്രതാനുഷ്ഠാനവുമെല്ലാം ജിഹാദീ സൈനികര്‍ക്കുള്ള കായിക പരിശീലനമാണെന്നും ബാങ്കു വിളി അന്യമതക്കാരെ പ്രകോപിപ്പിക്കാനുള്ള കൊലവിളിയാണെന്നും വരെ മൌദൂദി വ്യാഖ്യാനിച്ചു കളഞ്ഞു! മതം ഉപേക്ഷിക്കുന്നവരെ (മുര്‍ത്തദ്ദ്) വധിക്കണമെന്ന കാര്യത്തില്‍ മൌദൂദിക്കു യാതൊരു സംശയവുമില്ല. മത കര്‍മ്മശാസ്ത്രവിധികളില്‍നിന്നുള്ള നേരിയ വ്യതിചലനം പോലും മതപരിത്യാഗമായി വ്യാഖ്യാനിക്കാനും അദ്ദേഹത്തിനു മടിയുണ്ടായില്ല. ജമാ അത്തെ ഇസ്ലാമിയില്‍ നിന്നും ഒരാള്‍ പിന്‍മാറി പുറത്തു പോയാല്‍ അയാളും മൌദൂദിയുടെ ദൃഷ്ടിയില്‍ വധാര്‍ഹനായ മുര്‍ത്തദ്ദു തന്നെ!

“...ഞങ്ങള്‍ അത്തരക്കാരുടെ നേരെ ഞങ്ങളുടെ ജമാ അത്തിലേക്കു കയറാനുള്ള വാതില്‍ കൊട്ടിയടക്കാനാണു ആഗ്രഹിക്കുന്നത്. അവര്‍ പലവിധത്തിലുള്ള രോഗങ്ങള്‍ക്കടിമകളാണ്. അവരുടെ വിശ്വാസം ഇടക്കിടെ മാറ്റുക എന്നത് അവര്‍ക്കൊരു തമാശ പോലെയാണ്. അതുകൊണ്ട് ഈ ജമാ അത്തിനകത്തു കയറാനാഗ്രഹിക്കുന്നവരോട് നാം ആദ്യമേതന്നെ താക്കീതായി പറയുന്നത് ഇവിടുന്ന് തിരിച്ചു പോകുന്നതിനുള്ള ശിക്ഷ മരണമാകുന്നു. അങ്ങനെ ഇതില്‍ പ്രവേശിക്കുന്നതിനു മുമ്പേ ഒരു നൂറു പ്രാവശ്യം ചിന്തിക്കട്ടെ ഈ ജമാ അത്തില്‍ പ്രവേശിക്കണോ വേണ്ടെയോ എന്ന്. എന്നാല്‍ മാത്രമേ ഇനിയൊരിക്കലും തിരിച്ചു പോകുന്നതല്ല എന്ന ഉറപ്പില്‍ ഇതില്‍ പ്രവേശിക്കാന്‍ അവര്‍ക്കു സാധിക്കയുള്ളു.”(മുര്‍ത്തദ്ദ് കീ ശസായേം ഇസ്ലാമീ ഖാനൂന്‍ മേം പേ.51)

ഒരു രാജ്യത്ത് ദൈവീക ഭരണവ്യവസ്ഥ സ്ഥാപിക്കപ്പെടുന്നതോടെ ഇസ്ലാമിക വിപ്ലവകാരികളുടെ ദൌത്യം പൂര്‍ത്തിയാകുന്നില്ല. അയല്‍ രാജ്യങ്ങളെ ശക്തിയുപയോഗിച്ച് കീഴ്പ്പെടുത്തി അവിടെയും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കണം. അപ്രകാരം ലോകം മുഴുവന്‍ ഒരു ജമാ അത്ത് അമീറിന്റെ ഭരണത്തിനു കീഴില്‍ ആകും വരെ വാള്‍ ഉറയിലിട്ടു കൂടാ. !

പാകിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും നടക്കുന്ന എല്ലാ ഭീകരപ്രവര്‍ത്തനങ്ങളുടെ പിന്നിലും ജമാ അത്തെ ഇസ്ലാമിയുടെ കറുത്ത കരങ്ങളാണുള്ളത്. കശ്മീരിലെ ഭീകരാക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതും മൌദൂദിയന്‍ ചിന്തയില്‍നിന്നൂര്‍ജ്ജമാവാഹിച്ച മതഭ്രാന്തന്മാര്‍ തന്നെ.

ജമാ അത്തെ ഇസ്ലാമിയെക്കുറിച്ച് സാമാന്യമായി മനസ്സിലാക്കിയ മുസ്ലിം സമുദായത്തിലെ സാധാരണക്കാര്‍ക്കു പോലും അറിയാവുന്ന വസ്തുതകളാണിതെല്ലാം. എന്നാല്‍ ഇസ്ലാമികവൃത്തത്തിനു പുറത്തുള്ള കേരളത്തിലെ ശുദ്ധാത്മാക്കളായ ബുദ്ധിജീവികള്‍ക്കോ സാംസ്കാരികപ്രവര്‍ത്തകര്‍ക്കോ ജമാ അത്തിന്റെ തനിനിറം ശരിയായി മനസ്സിലായിട്ടില്ല. അതിനു കാരണം കഴിഞ്ഞ ഒന്നുരണ്ടു പതിറ്റാണ്ടായി ഇവര്‍ പുരോഗമനത്തിന്റെ ആട്ടിന്‍ തോല്‍‍ അണിഞ്ഞുകൊണ്ട് ഇവിടെ നടത്തിവരുന്ന ‘സാംസ്കാരിക’പ്രവര്‍ത്തനങ്ങളെ ഉപരിപ്ലവമായി മാത്രം വീക്ഷിക്കുന്ന ഈ കൂട്ടരൊന്നും തന്നെ ജമാ അത്തെ ഇസ്ലാമിയുടെ പ്രത്യയ ശാസ്ത്രമെന്തെന്നോ അവരുടെ മുഖ്യ അജണ്ടയിലെ കര്‍മ്മ പദ്ധതികളെന്തെന്നോ പരിശോധിക്കാന്‍ ഇന്നു വരെ ശ്രമിച്ചിട്ടില്ല എന്നതാണ്. കപടനാട്യങ്ങളും പൊയ്‌വേഷങ്ങളും മുഖമുദ്രയാക്കിയ ഒരു ഗൂഢസംഘമാണു യഥാര്‍ത്ഥത്തില്‍ ജമാ അത്തെ ഇസ്ലാമി എന്ന കാര്യം കഥയറിയാതെ ആട്ടം കാണുന്ന നമ്മുടെ മതേതരബുദ്ധിജീവികള്‍ക്കും വേണ്ടത്ര മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
മൌദൂദിയുടെ ഖുതുബകളിലും ഫത് വകളിലും അദ്ദേഹം പറഞ്ഞു വെച്ച കാര്യങ്ങള്‍ ജനാധിപത്യപ്രബുദ്ധതയുള്ള ഒരു സമൂഹത്തിനു മുമ്പില്‍ പറയാന്‍ കൊള്ളാത്ത അശ്ലീലതയാണെന്ന് മറ്റാരെക്കാളും നന്നായി ഇന്നു ജമാ അത്തുകാര്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് മൌദൂദിസം അട്ടത്തു കെട്ടിവെച്ച് കൊക്കക്കോലയും പ്ലാച്ചിമടയുമൊക്കെ പൊക്കിക്കാട്ടി ജനങ്ങളെ വിഡ്ഡികളാക്കാന്‍ ഇവര്‍ ശ്രമിക്കുന്നത്.

തുടരും....!

Saturday, May 10, 2008

ജമാ അത്തെ ഇസ്ലാമിക്കാരുടെ വീമ്പു പറച്ചില്‍

യുക്തിവാദികളും ഇസ്ലാമും എന്ന, ഒ അബ്ദുറഹിമാന്റെ പുസ്തകം യുക്തിവാദത്തിന്റെ മുനയൊടിച്ചു എന്നവകാശപ്പെട്ടുകൊണ്ട് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ടി മുഹമ്മദ് എഴുതിയ ലേഖനത്തോടു പ്രതികരിച്ചുകൊണ്ട് തിരൂരില്‍ നിന്നും ഒരു സുഹൃത്ത് വീക്ലിയിലെഴുതിയ കുറിപ്പാണു ചുവടെ കൊടുക്കുന്നത്.

സത്യത്തില്‍ ആ പുസ്തകമിറങ്ങിയതില്‍പ്പിന്നെയാന് മുസ്ലിം മേഖലയില്‍ യുക്തിവാദിപ്രസ്ഥാനത്തിന് ഒരു ഉണര്‍വ്വും ആത്മവിശ്വാസവും കൈവന്നത്. അബ്ദുറഹിമാന്റെ ആ പുസ്തകം വായിച്ച് യുക്തിവാദികളായിത്തീര്‍ന്ന നിരവധിയാളുകളെ എനിക്കു നേരിട്ടറിയാം!


ജമാ അത്തിന്റെ ഞാണിന്മേല്‍ക്കളി

കുറച്ചു മുന്മ്പാണ് . ‘ഹിറാനഗറില്‍ ’ ജമാ അത്തിന്റെ സമ്മേളനം നടക്കുന്നു. സഹപാഠികളായ ഹിസ്റ്ററി പ്രൊഫസറും ഫിസിക്സ് പ്രൊഫസറും ബുക്ഫെയറില്‍ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടി. ഒ അബ്ദുറഹിമാന്റെ ‘യുക്തിവാദികളും ഇസ്ലാമും’ എന്ന പുസ്തകം കയ്യിലെടുത്ത് ഫിസിക്സ് പ്രൊഫസര്‍ പറഞ്ഞു. “ചരിത്രം കുറിച്ച പുസ്തകമാണിത്. യുക്തിവാദത്തിന്റെ അടിത്തറ തകര്‍ത്ത പുസ്തകം.”
“അതേയോ?” ചരിത്രപ്രൊഫസര്‍ക്ക് ജിജ്ഞാസ അടക്കാനായില്ല. “നിങ്ങള്‍ വായിച്ചിട്ടുണ്ടാവുമല്ലേ?”
“ഇല്ല” ഫിസിക്സ് പ്രൊഫസറുടെ ശബ്ദം താണു.

മൌദൂദിയുടെ മുഖച്ഛായയുള്ള രണ്ടു പ്രൊഫസ്സര്‍മാരും പുസ്തകത്തിന്റെ ഓരോ കോപ്പി വാങ്ങി ബാഗില്‍ വെച്ചു.

ഈ പുസ്തകത്തിന്റെ പോരിശ പറയുന്ന നിരവധി ജമാ അത്ത്-എസ് ഐ ഒ-സോളിഡാരിറ്റി ബദ്ധിജീവികളുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. അവരില്‍ ഒരാള്‍ പോലും ആ പുസ്തകം വായിച്ചിട്ടില്ല.

ഇടമറുകിന്റെ പുസ്തകത്തില്‍ ഉന്നയിക്കപ്പെട്ട അടിമത്തം, സ്ത്രീകളുടെ സാക്ഷ്യം, അനന്തരാവകാശനിഷേധം, ഏഴ് ആകാശം, അടിമസ്ത്രീകളുമായി വിവാഹം കഴിക്കാതെ ബന്ധപ്പെടാനുള്ള യജമാനന്റെ അധികാരം, മതം വിട്ടു പോകുന്നവരെ വധിക്കല്‍, സ്ത്രീകളുടെ സുന്നത്ത്, ബഹുഭാര്യത്വം, പരന്ന ഭൂമി തുടങ്ങിയ പ്രശ്നങ്ങള്‍ക്കൊന്നും യുക്തിഭദ്രമായ മറുപടി പറയാന്‍ കോപ്പില്ലാത്തതിനാല്‍ ഇരുട്ടില്‍ തപ്പിയും ഞാണിന്മേല്‍ കളിച്ചും സ്വയം പരിഹാസ്യനാവുകയാണ് അബ്ദുറഹിമാന്‍ ഈ പുസ്തകത്തിലുടനീളം.


‘പ്രബോധനം’വാരികയില്‍ ഇദ്ദേഹം വര്‍ഷങ്ങളായി കൈകാര്യം ചെയ്തു വരുന്ന ചോദ്യോത്തര പംക്തി വായിക്കുന്ന ഏതൊരാള്‍ക്കും ആടിനെ പട്ടിയാക്കാനുള്ള അബ്ദുറഹിമാന്റെ വൈഭവത്തില്‍ വിസ്മയം തോന്നും. യഥാര്‍ത്ഥ ചോദ്യത്തില്‍നിന്നു വഴുതി മാറി സാങ്കല്‍പ്പിക ചോദ്യത്തിന് മറുപടി പറയുന്നതില്‍ സാക്ഷാല്‍ ഇ എം എസ്സിനെപ്പോലും പിന്നിലാക്കും ഈ ബുദ്ധിജീവി.


മണ്ഡല്‍ക്കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയപ്പോള്‍ ജനതാദള്‍ സ്വന്തം പാര്‍ട്ടിയില്‍ ജാതി സംവരനം നടപ്പാക്കട്ടെ എന്ന് അഭിപ്രായപ്പെട്ട എല്‍ കെ അദ്വാനിയെ അതിശക്തമായ ഭാഷയിലാണ് ജമാ അത്ത് ബുദ്ധിജീവികള്‍ വിമര്‍ശിച്ചത്. വനിതാ സംവരണത്തിന്റെ കാര്യം വന്നപ്പോള്‍ മാര്‍ക്സിസ്റ്റ് കാരോട് അത് സ്വന്തം പാര്‍ട്ടിയില്‍ ‍നടപ്പാക്കാനാണ് ഈ ബുദ്ധിജീവി ആവശ്യപ്പെട്ടത്. !
ഭൂട്ടോയെ തൂക്കിലേറ്റിയത് ആഘോഷിക്കാന്‍ ജമാ അത്തുകാര്‍ പടക്കം പൊട്ടിച്ചത് വിവാദമായപ്പോള്‍ ഓ അബ്ദുറഹിമാന്‍ ചോദിച്ചത് ഭൂട്ടോയ്ക്കു വേണ്ടി കണ്ണീരൊഴുക്കുന്നവര്‍ എന്തേ അദ്ദേഹത്തോട്ഒപ്പം തൂക്കിലേറ്റിയവരെക്കണ്ടില്ല എന്നാണ്. സദ്ദാം ഹുസൈന്‍ തൂക്കിലേറ്റപ്പെട്ടപ്പോള്‍ ദുഖവും രോഷവും പ്രതിഷേധവുമൊക്കെ പ്രകടിപ്പിച്ച ഈ സൈദ്ധാന്തികന്‍ സദ്ദാമിനൊപ്പം തൂക്കിലേറ്റപ്പെട്ടവര്‍ക്കുവേണ്ടി ഒരു തുള്ളി കണ്ണുനീര്‍ പോലും പൊഴിച്ചില്ല. !

Friday, May 2, 2008

ആനകളെ വെറുതെ വിടുക


ഉത്സവങ്ങളുടെ പേരില്‍ ആനകളെയും മറ്റു ജീവികളെയും പീഡിപ്പിക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അന്ധവിശ്വാസങ്ങളുടെ പേരില്‍ മൃഗങ്ങളെ കൊല്ലുന്നതും ഉപദ്രവിക്കുന്നതുമൊക്കെ പരിഷ്കൃത മനുഷ്യര്‍ ഉപേക്ഷിച്ചു കഴിഞ്ഞ ഒരു കാലത്താണ് നാം ജീവിക്കുന്നത്. എങ്കിലും പാരമ്പര്യത്തിന്റെയും മറ്റും കാര്യം പറഞ്ഞ് ഗജപീഡനത്തെ ന്യായീകരിക്കുകയാണു പലരും. മനുഷ്യന്‍ തന്റെ വിനോദത്തിനും പൊങ്ങച്ചപ്രകടനത്തിനും വേണ്ടി അന്യ ജീവികളെ ശല്യപ്പെടുത്തുന്നത് നിരോധിക്കുകതന്നെ വേണം. ഈയിടെയായി ഉത്സവപ്പറമ്പുകളില്‍ ആനകള്‍ വിരണ്ട് മനുഷ്യരെ കൊല്ലുന്നത് പതിവായിരിക്കുകയാണല്ലോ. വിയര്‍പ്പുഗ്രന്ധിയില്ലാത്ത ജന്തുവാണ് ആന. കാട്ടില്‍ മണ്ണു വാരിയിട്ടും വെള്ളം ഒഴിച്ചും ശരീരോഷ്മാവ് കുറയ്ക്കാനും ചൂടു കുറഞ്ഞ ഭാഗത്തേക്കു മാറി സഞ്ചരിക്കാനും അതിനു കഴിയും. എന്നാല്‍ മനുഷ്യന്റെ നിയന്ത്രണത്തിലാകുമ്പോള്‍ അതിനു ചൂടു സഹിക്കുകയല്ലാതെ നിവൃത്തിയില്ല. ഉത്സവപ്പറമ്പുകളില്‍ പൊരിവെയിലത്ത് മണിക്കൂറുകളോളം ഒരേ നില്‍പ്പും കൂടാതെ ‘ആരാധകരുടെ’ സ്നേഹപ്രകടനവുമെല്ലാം അസഹ്യമാകുന്നതോടെ ആ ജീവി നിലവിട്ടു പെരുമാറാന്‍ നിര്‍ബ്ബന്ധിതമാവുകയാണു ചെയ്യുന്നത്.

ആനകളെ മാത്രമല്ല കാള, പോത്ത് തുടങ്ങിയ ജീവികളെയും മനുഷ്യര്‍ വിനോദത്തിനായി പീഡിപ്പിക്കാറുണ്ട്. മൃഗങ്ങളെക്കൊണ്ട് പലതരം ജോലികള്‍ ചെയ്യിക്കാറുണ്ടായിരുന്നു മുന്‍ കാലങ്ങളില്‍. എന്നാല്‍ ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടെ ഫലമായി ആ രംഗങ്ങളില്‍നിന്നെല്ലാം മൃഗങ്ങളെ മാറ്റി പകരം കൂടുതല്‍ ക്ഷമതയുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ഇന്നു കഴിയുന്നുണ്ട്. തടി പിടിക്കുന്നതിന് ഇന്നു ക്രെയിന്‍ പോലുള്ള ഉപകരണങ്ങളുണ്ട്. അതിനാല്‍ വന്യമൃഗങ്ങളെ പിടിച്ചു മെരുക്കുന്ന ഏറ്പ്പാടു തന്നെ നിരോധിക്കുകയായിരിക്കും ഉചിതം.

ഉത്സവങ്ങളുടെ പേരില്‍ തെരുവുകളും ഹയ്‌വേകളുമൊക്കെ ഉപരോധിച്ച് യാത്രക്കാരെ ഉപദ്രവിക്കുന്നതും കര്‍ശനമായി തടയണം.
രാഷ്ട്രീയപ്പാര്‍ട്ടികളും മതസംഘടനകളും രോഡുപരോധിച്ചു നടത്തുന്ന റാലികളും മേളകളുമെല്ലാം മനുഷ്യര്‍ക്കുപദ്രവമില്ലാത്ത രീതിയില്‍ പുന ക്രമീകരിക്കാനുള്ള സന്മനസ്സ് എല്ലാവരും കാണിക്കേടതുണ്ട് എന്നു കൂടി കൂട്ടത്തില്‍ പറയട്ടെ. പാരമ്പര്യ ശീലങ്ങളില്‍ കാലോചിതവും മനുഷ്യത്വപരവുമായ മാറ്റങ്ങള്‍ വരുത്താന്‍ നാം സ്വതന്ത്രമായി ചിന്തിക്കുകയും ഉറച്ച നടപടികള്‍ കൈക്കൊള്ളുകയും വേണം.
മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.