മദ്രസാ അധ്യാപകര്‍ക്ക് ഇടതുപക്ഷം ക്ഷേമനിധിയും പെന്‍ഷനും ഏര്‍പ്പെടുത്തിയത് മതേതരത്വത്തിന്റെ നഗ്നമായ ലംഘനമാണ്. കരുണാകര ഗവണ്മെന്റിന്റെ കാലത്താണ് മുല്ല -മുക്രി പെന്ഷന് ഏര്‍പ്പെടുത്തിയത്. അന്നതിനെ മതേതരത്വത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ച് ശക്തിയുക്തം എതിര്‍ത്തവരാണ് ഇടതുപക്ഷവും സി പി എമ്മും. എന്നാലിന്ന് സച്ചാര്‍ കമ്മിറ്റിയുടെ മറ പറ്റി ഒരു `പാലോളി കമ്മിറ്റി` യുണ്ടാക്കി വളരെ പെട്ടെന്ന് , ദരിദ്രരില്‍ ദരിദ്രരായ, നിസ്സഹായരായ , മര്ദ്ദിതവിഭാഗമായ തൊഴിലാളിവര്‍ഗ്ഗമാണ് മദ്രസാധ്യാപകര്‍ എന്നു കണ്ടെത്തുകയും പത്തു കോടി രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തു! യഥാര്‍ത്ഥ അധ്വാന വര്‍ഗ്ഗം ഒട്ടേറെ സമരങ്ങളും ത്യാഗങ്ങളും നടത്തി ‘രക്തസാക്ഷി’കളെ സൃഷ്ടിച്ച ശേഷമാണ് ഇത്തരം ആനുകൂല്യങ്ങള്‍ നേടിയെടുത്തിട്ടുള്ളത്. ഒരു മദ്രസാ അധ്യാപകന് പോലും തങ്ങള്‍ക്ക് അവശതയുണ്ടെന്നോ അതുകൊണ്ട് സര്‍ക്കാര്‍ സഹായിക്കണമെന്നോ ആവശ്യപ്പെട്ടിട്ടില്ല. ഒരു മതസംഘടനയോ രാഷ്ട്രീയപാര്‍ട്ടിയോ ഇത്തരമൊരാവശ്യം ഉയര്‍ത്തിയതായും കണ്ടിട്ടില്ല. മദ്രസ അദ്യാപകര് പോലും തങ്ങള്‍ക്ക് ഇത്തരത്തില്‍ അവശതയുണ്ടെന്നു മനസ്സിലാക്കുന്നത് പാലോളി കമ്മിറ്റിയുടെ കണ്ടെത്തലിനു ശേഷമായിരിക്കും!
മദ്രസാ അധ്യാപര്‍ക്കു ശംബളം കൂട്ടിക്കൊടുക്കേണ്ട എന്നാരും പറഞ്ഞിട്ടില്ല. പറയുകയുമില്ല. പക്ഷേ, ഏതെങ്കിലും മതം പഠിപ്പിക്കുന്നവര്‍ക്ക് ആരാണു ശമ്പളവും ആനുകൂല്യങ്ങളുമൊക്കെ നല്‍കേണ്ടത്? മതപഠനത്തിന് ഏര്‍പ്പാടു ചെയ്യുന്നവരോ, സര്‍ക്കാരോ? മതം പഠിപ്പിക്കല്‍ ഒരു സര്‍ക്കാരിന്റെ ബാധ്യതയല്ലെന്നിരിക്കെ അവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കേണ്ടതും സര്‍ക്കാരിന്റെ ബാധ്യതയല്ല. കോടികള്‍ ആസ്തിയുള്ളവരാണ് കേരളത്തിലെ എല്ലാ മതസംഘടനകളും. അവരുടെ പള്ളികളും സ്ഥാപനങ്ങളും അതു വിളിച്ചറിയിക്കുന്നുണ്ട്. മതസംഘടനകളുടെ സമ്മേളനങ്ങള്‍ക്ക് കോടികളാണു ചെലവഴിക്കുന്നത്. അവര്‍ വിചാരിച്ചാല്‍ ഇവര്‍ക്കു നല്ല ശമ്പലവും പെന്‍ഷനും നല്കാന് നിഷ്പ്രയാസം സാധ്യമാകും. സര്‍ക്കാര്‍ ഖജനാവിലുള്ളത് പലതരക്കാരുടെ പക്കല്‍ നിന്നും പിരിച്ചെടുക്കുന്ന നികുതിപ്പണമണ്. മദ്യത്തിന്റെ വരുമാനവും പലിശയുടെ വരുമാനവും അമുസ്ലിംങ്ങളുടെയും മതവിശ്വാസമില്ലാത്തവരുടെയുമൊക്കെ പണവും മതപഠനത്തിനായി കൈപ്പറ്റാമോ എന്നു മദ്രസാധ്യാപകര്‍ തന്നെ പറയട്ടെ. ഹജ്ജ് സബ്സിഡിയും ഇതുപോലെ തന്നെ ഹറാമായ പണമാണെന്നു വിവരമുള്ള പുരോഹിതന്മാര് ചിലര്‍ പറയാറുണ്ട്.
മതം മതത്തിന്റെ കാര്യവും രാഷ്ട്രം രാഷ്ട്രത്തിന്റെ കാര്യവും നോക്കുന്നതാണ് മതേതരത്വം എന്നു പഠിപ്പിക്കുന്ന ഇടതുപക്ഷം മതേതരത്വത്തിന്റെ നിര്‍വ്വചനം തന്നെ മാറ്റി മറിച്ചിരിക്കുന്നു. രാഷ്ട്രം മതത്തിന്റെ കാര്യത്തിലും മതം രാഷ്ട്രത്തിന്റെ കാര്യത്തിലും ഇടപെടുന്നതാണു മതേതരത്വമെന്നു ഇന്നു നാം തിരിച്ചറിയണം! വഖഫ് ബോറ്ഡും അതിനു വര്‍ഷംതോറും സബ്സിഡിയും ദേവസ്വം ബോറ്ഡും അതിന്റെ നിയമനങ്ങളും എല്ലാം സര്‍ക്കാരാണല്ലോ നോക്കുന്നത്. മതേതരത്വത്തെ ഗളഛേദം ചെയ്യുന്ന നടപടികളാണ് ഇന്നു ഇടതുപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്. വരും കാലങ്ങളില്‍ ‘എന്റെ പിഴ , എന്റെ പിഴ ‘ എന്ന് ഏറ്റു പറയാന്‍ ഇടതുപക്ഷത്തിനു കരുത്തുണ്ടാകട്ടെ എന്നാശിക്കുന്നു.
മാതൃഭൂമി പത്രത്തില്‍ ഇന്നലെ ശ്രീ മുഹമ്മദ് പാറയ്ക്കല്‍ എഴുതിയ ഒരു പ്രതികരണക്കുറിപ്പാണിത്. യുക്തിവാദിസംഘം മലപ്പുറം ജില്ലാ സെക്രട്ടരിയാണ് അദ്ദേഹം. വായനക്കാരുടെ അഭിപ്രായം ക്ഷണിച്ചുകൊള്ളുന്നു.