Thursday, January 10, 2008

ഒരു ഗ്രാമത്തിന്റെ വെളിച്ചം!

കോഴിക്കോട് ജില്ലയിലെ ചെറുകുളത്തൂര്‍ എന്ന കൊച്ചു ഗ്രാമം ലോകത്തിനു മുമ്പില്‍ ഒരു ഉദാത്തമായ മാതൃകയായി മാറിയിരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ആ ഗ്രാമവാസികള്‍ ഒന്നടങ്കം ഒരു തീരുമാനമെടുത്തു. അവിടെ മരണപ്പെടുന്ന എല്ലാവരും നേത്രദാനം ചെയ്യുമെന്ന പ്രഖ്യാപനം ഇന്ന് ഒരു യാഥാര്‍ത്ഥ്യമായി മാറിക്കഴിഞ്ഞു. നേത്രദാനം പ്രഖ്യാപിച്ച ശേഷം ചെറുകുളത്തൂര്‍ ഗ്രാമത്തില്‍ 36 പേര്‍ മരണപ്പെട്ടു. എല്ലാവരുടെയും കണ്ണുകള്‍ നേത്രബാങ്കിനു നല്‍കിക്കഴിഞ്ഞു. 71പേര്‍ക്കു കാഴ്ച്ചയുടെ വെളിച്ചം നല്‍കാന്‍ അങ്ങനെ ആ ഗ്രാമത്തിനു കഴിഞ്ഞു. ഒരു പക്ഷെ ലോകത്തു തന്നെ ഇങ്ങനെയൊരു ഗ്രാമം വേറെയുണ്ടാകാനിടയില്ല. 75കാരനായ ഗോവിന്ദന്‍ നായരാണ് ഇന്നലെ ചെറുകുളത്തൂരില്‍ മരിച്ചത്. അദ്ദേഹത്തിന്റെ രണ്ടു കണ്ണുകളും രണ്ടുപേര്‍ക്കു നല്‍കിക്കഴിഞ്ഞതോടെയാണ് അന്ധതയുടെ ഇരുളില്‍നിന്നും രണ്ടുപേര്‍ കൂടി വെളിച്ചത്തിന്റെ ലോകത്തെത്തിയത്.

ചെറുകുളത്തൂരിന്റെ ഗ്രാമ്യജീവിതത്തെ നിയന്ത്രിക്കുന്നത് ജാതിമതങ്ങളല്ല. പള്ളിയോ അമ്പലമോ അല്ല; വായനശാലയാണ് ആ ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പുകള്‍ക്കു ദിശാബോധം നല്‍കുന്നത്. ഒരു നാടിന്റെ ജീവിതത്തെയും സംസ്കാരത്തെയും യുക്തിചിന്താശീലമുള്ള നല്ല മനുഷ്യര്‍ക്കു നിയന്ത്രിക്കാന്‍ കഴിയുന്ന സാഹചര്യം ഇന്നു കേരളത്തില്‍ ഇല്ലാതായി വരികയാണല്ലോ. യുക്തിവാദിസംഘത്തിന്റെയും പുരോഗമന യുവജനപ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകരാണ് ഈ ഗ്രാമത്തിന് ഇപ്രകാരമൊരു നന്മയുടെ വഴി നിര്‍ദ്ദേശിച്ചത്. നാട്ടിലെ മുഴുവന്‍ ജനങ്ങളും അത് അംഗീകരിക്കുകയായിരുന്നു. ആ ഗ്രാമത്തില്‍ ക്രിസ്ത്യാനികളോ മുസ്ലിംങ്ങളോ ഇല്ല എന്നതും സമ്പൂര്‍ണ്ണ നേത്രദാനഗ്രാമം എന്ന സകല്‍പ്പം പ്രാവര്‍ത്തികമാക്കുന്നതിനു സഹായകമായി.!

29 comments:

ഒരു “ദേശാഭിമാനി” said...

ജബ്ബാ‍ര്‍ മാഷെ!

ഇതൊക്കെയാണു മഷേ മനുഷ്യരെ അറിയിക്കേണ്ട വാര്‍ത്തകള്‍!

ഇങ്ങനെയുള്ള സത്കര്‍മമചരിതങ്ങള്‍ കേള്‍ക്കുമ്പോള്‍ തന്നെ ഒന്നും ചെയ്യാന്‍ സാധിച്ചില്ലങ്കില്‍ പോലും എന്തെങ്കിലും ചെയ്യണം എന്നു ഒരു നിമിഷനേരത്തേക്കെങ്കിലും എത്ര ഹൃദയശൂന്യനും ചിന്തിച്ചു പോകും.

ഈ വാര്‍ത്തക്കു നന്ദി മാഷെ!

അരവിന്ദ് :: aravind said...

ആ ഗ്രാമത്തില്‍ ക്രിസ്ത്യാനികളോ മുസ്ലിംങ്ങളോ ഇല്ല എന്നതും സമ്പൂര്‍ണ്ണ നേത്രദാനഗ്രാമം എന്ന സകല്‍പ്പം പ്രാവര്‍ത്തികമാക്കുന്നതിനു സഹായകമായി.

അതു മനസ്സിലായില്ലല്ലോ മാഷേ...

സാരംഗി said...

എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍, ലോകം എത്ര നന്നായേനെ. വാര്‍ത്ത പങ്കുവച്ചതിന്‌ നന്ദി.

Sherlock said...

അരവിന്ദിന്റെ ചോദ്യം തന്നെ എനിക്കും..

രാജന്‍ വെങ്ങര said...

മാഷേ, ഒപ്പമുണ്ടു.സധൈര്യം മുന്നോട്ട്.

ഫസല്‍ ബിനാലി.. said...

Aravindh & Jihesh,
Jabbaar maash eashwara gunamulla oru nireeshwarawaadhiyaanu.
Eadaayaalum ee sadwaartha ariyichathinu mashkku nandi.

കാപ്പിലാന്‍ said...

ഇതൊക്കെയാണു മഷേ മനുഷ്യരെ അറിയിക്കേണ്ട വാര്‍ത്തകള്‍!

Unknown said...

ഈ വെളിച്ചം പരക്കട്ടെ.

സാജന്‍| SAJAN said...

ആ ഗ്രാമത്തില്‍ ക്രിസ്ത്യാനികളോ മുസ്ലിംങ്ങളോ ഇല്ല എന്നതും സമ്പൂര്‍ണ്ണ നേത്രദാനഗ്രാമം എന്ന സകല്‍പ്പം പ്രാവര്‍ത്തികമാക്കുന്നതിനു സഹായകമായി

ഇതൊന്നു വ്യക്തമാക്കാമോ ജബ്ബാര്‍ മാഷേ?

sajan jcb said...

കണ്ണുദാനവും മതങ്ങളും തമ്മില്‍ ഉള്ള ബന്ധമെന്താണ് മാഷേ? ഒരാള്‍ക്കും കണ്ണു ദാനം ചെയ്യരുത് എന്നു ക്രിസ്തുവോ അല്ലാഹുവോ പറഞ്ഞിട്ടുണ്ടോ? മാത്രവുമല്ല; ചെറുകുളത്തൂര്‍ ഗ്രാമത്തില്‍ മുഴുവനും യുക്തിവാദികളാണോ? അവിടെ ദൈവവിശ്വാസികള്‍ ഒന്നും ഇല്ലേ?

ഓ.ടോ:
Jabbaar maash eashwara gunamulla oru nireeshwarawaadhiyaanu.
സൂക്ഷിച്ചോ ജബ്ബാര്‍ മാഷേ; ഫസല്‍ താങ്കള്‍ക്കായി ഒരു പള്ളി പണിയാന്‍ ഉദ്ദേശിക്കുന്നു എന്നു തോന്നുന്നു.ഒരു ജബ്ബാര്‍ മതവും അടുത്തകാലത്ത് പ്രതീക്ഷിക്കാമല്ലേ?)

ea jabbar said...

ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും അവരുടെ ദൈവത്തിന്റെ കിതാബില്‍ അതനുവദിച്ചിട്ടുണ്ടോ എന്ന ശങ്ക തീര്‍ന്നിട്ടു വേണമല്ലോ ഇതുപോലുള്ള കാര്യങ്ങളൊക്കെ ചെയ്യാന്‍! മുസ്ലിം പണ്ഡിതലോകം ഇപ്പോഴും ഇക്കാര്യത്തില്‍ കിതാബുകള്‍ മറിച്ചു വെച്ച് ഗവേഷണം തുടരുകയാണെന്നാണു ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.

അരവിന്ദ് :: aravind said...

പ്രിയ മാഷേ
ജെനറലൈസേഷനുകള്‍ നടത്തുമ്പോള്‍ സൂക്ഷിക്കണം. മാഷിന്റെ വാചകം വായിച്ചാല്‍ കൃസ്ത്യാനികളോ മുസ്ലീങ്ങളോ കണ്ണു ദാനം ചെയ്യുന്നേയില്ല എന്നു വേണം കരുതാന്‍! പോരാഞ്ഞ് ഹിന്ദുക്കള്‍ എല്ലാവരും ത്യാഗമനസ്കരാണെന്നും!
എന്റൊരു ബന്ധു, ചെറിയ കുട്ടി, താമസിയാതെ മരിച്ചു പോകുമെന്ന് കരുതിയതാണ്..കരളും കിഡ്നിയും മാറ്റി വയ്കണമായിരുന്നു. ഒരപകടത്തില്‍ പെട്ടു മരിച്ച കൃസ്ത്യാനി പെണ്‍കുട്ടിയുടെ കരളും കിഡ്നിയും ശരീരത്തിന്റെ ചൂടാറും മുന്‍പേ തരാന്‍ ആ സാധുവിന്റെ മാതാപിതാക്കള്‍ തയ്യാറായി. വരം കിട്ടിയ പെണ്‍കുട്ടി സുഖമായി ഇരിക്കുന്നു (ടച്ച് വുഡ്)
കണ്ണടച്ചുള്ള (ഇസ്ലാം മതവിഭാഗത്തെക്കുറിച്ച് എനിക്കറിവില്ല) ഇത്തരം ജനറലൈസേഷനുകള്‍ മാഷിന്റെ പോസ്റ്റിന്റെ നിറം കുറക്കുന്നു.
ഐ വി ശശി പടത്തിലെവിടെയെങ്കിലും ഒരു കുളിസീനിടും എന്നു പറഞ്ഞ കണക്കാണ്.മാഷിന്റെ പോസ്റ്റില്‍ വിവാദപരമായ ഒരു വാക്കെങ്കിലും കാണും!
വായക്കാരുടെ കൊഴിഞ്ഞു പോക്കിന് ഇത് കാരണമാകും. അതോ അടി നടക്കുന്നിടത്തേ ആളു കൂടൂ എന്നാണോ?

സാജന്‍| SAJAN said...

ജബ്ബാര്‍ മാഷേ, താങ്കളോട് സഹതപിക്കാതെ എന്തു ചെയ്യാം? എന്താണ് താങ്കളുടെ ഉദ്ദേശം എന്ന് മനസ്സിലാകുന്നതേയില്ല, വളരെ തരം താണ ഒരു പ്രസ്താവനയായിപ്പോയി ഇതില്‍ താങ്കള്‍ എഴുതിയത്, ഞാനും ഒരു ക്രിസ്ത്യന്‍ മത വിശ്വാസിയാണ്. ഇടക്കൊക്കെ ഇവിടെ ബ്ലഡ് കൊടുക്കാന്‍ പോണുണ്ട് അതൊന്നും ഒരു കിത്താബും പഠിച്ചിട്ടല്ല ചെയ്യുന്നത്.

ദയവായി, ദയവായി ഇത്തരം വെറുപ്പിന്റെ വാചകങ്ങള്‍ നിര്‍ത്തുക, എത്ര വെള്ള പൂശിയാലും ഇത് ഇത്തരം ബ്ലോഗുകളുടെ ഉദ്ദേശം അറിയാതെ പുറത്ത് ചാടുന്നു.ഇനി ഹിന്ദുക്കളേയും മറ്റുള്ള മത വിഭാഗങ്ങളേയും തമ്മിലടിപ്പിക്കാന്‍ താങ്കള്‍ അവലംബിക്കുന്ന മറ്റൊരു അടവാണോ ഇതെന്ന് ഞാന്‍ സംശയിക്കുന്നു.
നിങ്ങളൊക്കെയാണ്, മറ്റുള്ളവരെ സ്നേഹിക്കാന്‍ പഠിപ്പുക്കന്നതെന്നോര്‍ക്കുമ്പോള്‍ ചിരിയ്ക്കാതെ എന്തു ചെയ്യും?

sajan jcb said...

മഞ്ഞപിത്തം ബാധിച്ചവര്‍ക്കു എല്ലാം മഞ്ഞയായേ കാണൂ എന്നു കേട്ടിണ്ടുണ്ടു. ഇവിടെ ജബ്ബാര്‍ മാഷ് രണ്ടു കളറുകള്‍ മാത്രം മഞ്ഞയായിയി കാണുന്നു. നീലയും പച്ചയും.!!! പരിതാപകരം

ea jabbar said...

സാജന്‍ , അരവിന്ദ്,
അഭിപ്രായത്തെ മാനിക്കുന്നു.

ഞാന്‍ മനപ്പൂര്‍വ്വം ‘പ്രകോപനം’ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചു തന്നെയാണാ വാചകം എഴുതിയത്. പ്രകോപനം എന്നാല്‍ , മറ്റുള്ളവരെ പുലഭ്യം പറഞ്ഞും അധിക്ഷേപിച്ചും ദേഷ്യം പിടിപ്പിക്കുക എന്നതു മാത്രമല്ല; അല്‍പ്പം പോസിറ്റീവായ പ്രകോപനങ്ങളും ഉണ്ട് എന്നറിയുക. ഉപരിപ്ലവമായി മാത്രം കാര്യങ്ങളെ കാണുന്നതുകൊണ്ടാണ് നിങ്ങള്‍ എന്നെ തെറ്റിദ്ധരിക്കുന്നതെന്നു തോന്നുന്നു.
മനുഷ്യന്റെ ചിന്തയില്‍ പ്രകോപനങ്ങള്‍ ഉണ്ടാകുമ്പോഴാണ് മൌലികമായ ചിന്താ പരിവര്‍ത്തനങ്ങള്‍ രൂപപ്പെടുക. ഒരു വ്യക്തിയില്‍ അത്തരം മാറ്റങ്ങളുണ്ടായാല്‍ അതു ക്രമേണ സമൂഹത്തിലേക്കും പകരപ്പെടും. ചിന്തയില്‍ ഒരു പ്രകോപനവും സൃഷ്ടിക്കപ്പെടുന്നില്ലെങ്കില്‍ മുന്‍പേ ഗമിച്ച ഗോവിന്റെ പിന്നില്‍ മാറ്റമില്ലാതെ ഗമിക്കുന്ന ഒരു ‘ഗോസമൂഹം‘ മാത്രമേ ഉണ്ടാകൂ.


ഗാന്ധിജി ആഫ്രിക്കയില്‍ വെച്ചു ചില വെള്ളക്കാരാല്‍ അവഹേളിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ നമുക്ക് അദ്ദേഹത്തില്‍നിന്നും ഒരു സ്വാതന്ത്ര്യ പ്പോരാളിയെയോ ഒരു രാഷ്ട്രപിതാവിനെയോ ലഭിക്കുമായിരുന്നില്ല. അയ്യങ്കാളിക്കും അംബേദ്കര്‍ക്കും ജാതി മേലാളരില്‍നിന്നും അപമാനകരമായ അനുഭവങ്ങള്‍ നേരിട്ടതുകൊണ്ടു തന്നെയാണ് അവര്‍ക്കു തങ്ങളുടെ സമൂഹങ്ങളെയും അവകാശബോധത്തിലേക്കും സംഘബോധത്തിലേക്കും നയിക്കാനായത്. നാരായണഗുരുവിന്റെ കാര്യത്തിലും ഇത്തരം പ്രകോപനങ്ങളുടെ പ്രചോദനമില്ലെന്നു പറയാനാവില്ല.


ഇനി നേത്രദാനത്തിന്റെ കാര്യം പറയാം. ചെറുകുളത്തൂരില്‍ അങ്ങനെയൊരു നല്ല കാര്യം നടക്കുന്നു എന്ന ഒരു വാര്‍ത്ത ചുമ്മാ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച് എല്ലാവരെയും അറിയിക്കുക എന്നതു മാത്രമായിരുന്നില്ല എന്റെ ഉദ്ദേശ്യം. നമ്മുടെ രാജ്യത്ത് പത്തു ലക്ഷത്തില്‍ പരം അന്ധരുണ്ട്. അതില്‍ ഗണ്യമായ ഒരു വിഭാഗത്തിനു നേത്രപടലം മാറ്റിവെച്ചാല്‍ കാഴ്ച്ച ലഭിക്കും. പക്ഷെ അതിനുള്ള ഏറ്റവും വലിയ തടസ്സം ആവശ്യത്തിനു കണ്ണുകള്‍ ലഭിക്കുന്നില്ല എന്നതു തന്നെ. ശ്രീലങ്കയിലെ ബുദ്ധമതക്കാരില്‍നിന്നും അപൂര്‍വ്വം ചില പുരോഗമനചിന്താഗതിക്കാരില്‍നിന്നും വല്ലപ്പോഴും ലഭിക്കുന്ന നേത്രപടലങ്ങള്‍ മാത്രമാണു ഇപ്പോള്‍ അന്ധര്‍ക്കു വെളിച്ചമായി കിട്ടുന്നത്. പതിനായിരക്കണക്കിനാളുകള്‍ നിത്യവും മരണപ്പെടുന്ന ഒരു നാട്ടില്‍ എന്തുകൊണ്ട് ഈ സ്ഥിതി? അതിനു പ്രധാന കാരണം നമ്മുടെ അന്ധ വിശ്വാസങ്ങള്‍ തന്നെ. ജീവകാരുണ്യപരമായ ഒരു നന്മ ചെയ്യുന്നതിനു പോലും മതവിശ്വാസം തടസ്സമാകുന്നു എന്ന കാര്യം ഒരു വിമര്‍ശനമായി ഉന്നയിക്കുമ്പോള്‍ അതിന്റെ ഉദ്ദേശ്യ ശുദ്ധിയെ പോസിറ്റീവായി കാണാന്‍ ശ്രമിക്കുക.


മുസ്ലിംങ്ങളും ക്രിസ്ത്യാനികളും ഇത്തരം കാര്യങ്ങളില്‍ അവരുടെ മതപരമായ വിശ്വാസങ്ങളെയും ചട്ടവട്ടങ്ങളെയുമാണു പ്രധാനമായും പരിഗണിക്കുന്നത്. സ്വതന്ത്രമായ യുക്തിയുപയോഗിക്കുന്നവരും അപൂര്‍വ്വമായി ഉണ്ടാകാം. രണ്ടു വര്‍ഷം മുന്‍പ് ഈജിപ്തില്‍ ലോക മുസ്ലിം പണ്ഡിതന്മാരുടെ ഒരു സമ്മേളനത്തില്‍ അവയവദാനം എന്ന പ്രശ്നം ചര്‍ച്ച ചെയ്യുകയുണ്ടായി. അത് തീരുമാനമാകാതെ പിരിയുകയാണത്രേ ചെയ്തത്. ഭൂരിഭാഗം പണ്ഡിതരും അവയവദാനം അനിസ്ലാമികമാണെന്ന പക്ഷക്കാരായിരുന്നു. ന്യൂനപക്ഷം മാത്രം അത് ഒരു ജീവകാരുണ്യ പ്രശ്നമെന്ന നിലയില്‍ അനുവദിക്കാവുന്നതാണെന്നു വാദിച്ചു. എതിര്‍ത്തവര്‍ മതത്തിന്റെ സാങ്കേതിക വാദമാണു കാരണമായി പറഞ്ഞത്. മയ്യിത്തിന്റെ മേല്‍ കൈ വെക്കാനോ അതിനെ വികലമാക്കാനോ മനുഷ്യര്‍ക്കവകാശമില്ല എന്നാണവര്‍ വാദിച്ചത്. അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ അതിരു വിട്ട് ഇടപെടുന്നതും മാറ്റം വരുത്തുന്നതും ദൈവകോപത്തിനിട വരുത്തുമെന്ന ആശങ്കയും അവര്‍ പ്രകടിപ്പിച്ചുവത്രേ.
മനുഷ്യ ന്ന്മക്കുപകരിക്കുന്ന ഇത്തരം ഏതു കണ്ടുപിടുത്തത്തെയും ആദ്യം വിശ്വാസപരമായ സാങ്കേതിക വാദങ്ങള്‍ പറഞ്ഞ് എതിര്‍ക്കുകയും പിന്നീട് സാവധാനം അതെല്ലാം സ്വീകരിക്കുകയും ചെയ്യുക എന്നതാണു മതത്തിന്റെ രീതി. സ്വതന്ത്ര ചിന്തയ്ക്കുള്ള സാധ്യത മതരംഗത്തു നന്നേ കുറവാണ്. ഇവിടെയാണ് ഇത്തരം വിമര്‍ശനങ്ങളിലൂടെയുള്ള ചെറിയ ‘പ്രകോപന’ങ്ങളുടെ പ്രസക്തി. എന്റെ വിമര്‍ശനം ഒരു മുസ്ലിം സുഹൃത്തിന്റെ മനസ്സിലെങ്കിലും നേത്രദാനം എന്ന ഒരു പ്രശ്നത്തെകുറിച്ച് പോസിറ്റീവായ ചിന്തയുളവാക്കുകയാണെങ്കില്‍ അത് ഒരു ചെറിയ മാറ്റത്തിനു പ്രചോദനമാകില്ലേ? അത്രയേ ഞാന്‍ ഉദ്ദേശിച്ചുള്ളു. ക്രിസ്ത്യാനികളും മുസ്ലിങ്ങളും ആ ഗ്രാമത്തിലുണ്ടായിരുന്ന്വെങ്കില്‍ അവര്‍ക്ക് ആ പൊതു തീരുമാനത്തെ അംഗീകരിച്ച് നേത്ര ദാനം ചെയ്യാന്‍ കഴിയുമായിരുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമല്ലേ? ഞാനുന്നയിക്കുന്ന എല്ലാ വിമര്‍ശനങ്ങളുടെയും ലക്ഷ്യം ഇത്തരം നല്ല മാറ്റത്തിനു പ്രചോദനമേകുക എന്നതു തന്നെയാണ്.

ഞാനും എന്റെ കുടുംബവും നേത്രദാനത്തിനുള്ള സമ്മതപത്രം ഒപ്പിട്ട് നേത്രബാങ്കിനു നല്‍കിയിട്ടുണ്ട്. മരണശേഷം ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കനമെന്നു ബന്ധു ജനങ്ങളോടു പറഞ്ഞു വെച്ചിട്ടുമുണ്ട്.

സാജന്‍| SAJAN said...

ജബ്ബാര്‍ മാഷേ ഇതിനെയാണ് വീണിടത്ത് കിടന്ന് ഉരുളുന്നതെന്ന് എളുപ്പത്തില്‍ പറയുന്നത്,
പ്രകോപനമായി എഴുതിയെന്ന് താങ്കള്‍ സമ്മതിച്ചത് തന്നെ വലിയ കാര്യം.

പ്രബലമായ മൂന്നു സമൂഹത്തില്‍ നിന്നും ഒരു സമൂഹത്തെ പുകഴ്ത്തിയും മറ്റുരണ്ടു സമൂഹത്തെ ഒരു ജനറല്‍ സ്റ്റേറ്റ്മെന്റ്കൊണ്ട്കരിവാരിത്തേച്ചും താങ്കള്‍ ഈ പോസ്റ്റ് പുറത്തിറക്കിയത് മനപൂര്‍‌വമാണെന്ന് വായിക്കുന്ന കൊച്ചുകുട്ടികള്‍ക്ക് പോലും മനസ്സിലാവും.

മുസ്ലീംസമൂഹത്തിന്റെ അത്തരം കാര്യങ്ങളിലുള്ള ചിന്താഗതികളെ എനിക്കറിയില്ല ഇനി അത് ക്ലിയര്‍ ചെയ്യാന്‍ അവരാരെങ്കിലും വരേണ്ടിയിരിക്കുന്നു, പക്ഷെ ക്രിസ്ത്യന്‍ സമൂഹത്തെ പറ്റി താങ്കള്‍ക്കെങ്ങനെ ഇതുപോലെ എഴുതാന്‍ കഴിയുന്നു എന്നോര്‍ത്ത് ഞാന്‍ അത്ഭുദം കൊള്ളുന്നു.

മാഷേ ഇത്തരം സര്‍ജറികളൊക്കെ പരക്കെ നടക്കുന്നത് ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള പാശ്ചാത്യലോകങ്ങളില്‍ ആണെന്നുള്ള സാ‍മാന്യതത്വം കൂടെ താങ്കള്‍ തമസ്കരിക്കുന്നു.

അതാണ് ഞാന്‍എഴുതിയത് വെറുപ്പിന്റെ വാക്കുകള്‍ മാറ്റിവെച്ച് പോസ്റ്റുകള്‍ എഴുതൂ, യാഥാര്‍ത്ഥ്യങ്ങളില്‍ മൂടുപടം ഇടാണ്ടിരിക്കൂ, ഇത്തരം പോസ്റ്റുകള്‍ വായിക്കുമ്പോള്‍പുറത്തുവരുന്ന താങ്കളുടെ കാലുഷ്യം മറ്റുള്ള പോസ്റ്റുകളിലെ താങ്കളുടെ ആത്മാര്‍‌ത്ഥത കൂടെ വായനക്കാരെ വെളിവാക്കികൊടുക്കുന്നു.

ഞാന്‍ മനസ്സിലാക്കിയിടത്തോളം നമ്മുടെ നാട്ടില്‍ തെറ്റിദ്ധാരണ മൂലമാണ്‍ നേത്ര ദാനത്തിനാളുകള്‍ ആളുകള്‍ മടിക്കുന്നത് . ഇപ്പോഴും പലര്‍ക്കും കരുതിയിരിക്കുന്നത് കണ്ണ് ദാനം ചെയ്താല്‍ അത് ശരീരത്തിനു വൃത്തികേടുണ്ടാക്കും എന്നാണ്. വേണ്ടരീതിയിലെ അവബോധനം കൊണ്ട് മാറ്റാവുന്നതേയുള്ളൂ സമൂഹത്തിന്റെ ഇത്തരം അജ്ഞത.

അത്തരം ശ്രമങ്ങള്‍ക്ക് മുന്‍‌കൈ എടുക്കേണ്ടതിനു പകരം മറ്റുചില സ്ഥാപിത താല്‍‌പര്യങ്ങള്‍ സ്ഥാപിച്ചെടുക്കാനാണ് താങ്കള്‍ക്ക് വ്യഗ്രത. താങ്കളുടെ ഈ ചിന്താഗതിയെ ന്യായീകരിക്കുവാന്‍ ഏതെങ്കിലും ക്രിസ്തീയ മത നേതാക്കന്‍‌മാരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേയുള്ള ഒരു വാചകമോ പ്രവര്‍ത്തിയോ താങ്കള്‍ ചൂണ്ടികാട്ടാമോ,അതിനു കഴിഞ്ഞില്ലെങ്കില്‍ മത സമൂഹങ്ങളുടെ ഉള്ളില്‍ കാലുഷ്യം വളര്‍ത്താന്‍ ശ്രമിച്ചതിനു ബൂലോഗത്തിലെ സകല വായനക്കാരോടും താങ്കള്‍ ക്ഷമ പറയുകയാണ് വേണ്ടത്.


പക്ഷേ ഗാന്ധിജിയെ ചവുട്ടിപുറത്താക്കിയ വെള്ളക്കാരന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ച താങ്കളില്‍ നിന്ന് ഇനിയെന്ത് ന്യായം പ്രതീക്ഷിക്കാനാണ് അല്ലേ?
അതോടൊപ്പം ഇനിയും അത്തരം നേതാക്കന്‍‌മാരെ ലഭിക്കാന്‍ ഉയര്‍ന്ന സമൂഹം മറ്റുള്ളവരെ അവഹേളിക്കുന്നതില്‍ കുഴപ്പമില്ല എന്നൊരു ധ്വനിയും താങ്കളുടെ കമന്റില്‍ കണ്ടു, കുഴപ്പമില്ല പോരട്ടെ ഇങ്ങനെ തന്നെ ഉള്ളിലുള്ള മറ്റു ചിന്താ ഗതികള്‍ കൂടെ ഇവിടെ എഴുതൂ. ഞാനും താങ്കളെ ഒന്നു പ്രകോപിക്കാം.:)

അരവിന്ദ് :: aravind said...

മാഷിന്റെ കമന്റ് കൂടുതല്‍ വ്യക്തമാണ്. പോസ്റ്റിനു പകരം കമന്റ് ഇട്ടിരുന്നെങ്കില്‍ വ്യക്തത കൈ വന്നേനെ.
എങ്കിലും അടച്ചാക്ഷേപിക്കല്‍ ആരോപണം നിലനില്‍ക്കുന്നു. സാജന്‍ പറഞ്ഞത് പോലെ ചില തെറ്റിദ്ധാരണകളാണ് ദാനം ചെയ്യാന്‍ വിശ്വാസത്തേക്കാള്‍ ഉപരി തടസം എന്നു കരുതുന്നു.

ഇത്തരം സാമൂഹിക പ്രശ്നങ്ങളെ നേരിടുമ്പോള്‍ പൊതുവായി എല്ലാവരേയും പ്രേരിപ്പിക്കുകയും, മടിച്ചു നില്‍‍ക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും (തെറ്റിദ്ധാരണകള്‍ക്ക് അടിസ്ഥാനമില്ല എന്ന് തെളിയിച്ച്) ചെയ്യുന്ന പോസ്റ്റുകളിട്ടാല്‍ ഇതിലും ഗുണകരമാകും എന്നു കരുതുന്നു.

ആശംസകള്‍.

Unknown said...

കണ്ണും,ഹൃദയവും,മൃതശരീരവുമൊക്കെ
ദാനം ചെയ്ത മത പുരോഹിതരുടെ ലിസ്റ്റ്
വരട്ടെ...

എന്തുകൊണ്ട് ഇത്തരം പുണ്യപ്രവര്‍ത്തികള്‍ക്ക്
ഇവര്‍ക്ക് മാതൃകയാവാന്‍ കഴിയുന്നില്ല?

ചര്‍ച്ച തുടരട്ടെ.

ea jabbar said...

അരവിന്ദിനും സാജനും വീണ്ടും നന്ദി.
ചര്‍ച്ച വളരെ സജീവമായല്ലോ! ആ വാചകം എഴുതിയില്ലായിരുന്നെങ്കില്‍ നേത്രദാനവുമായി ബന്ധപ്പെട്ട് കാര്യമായ ഒരു ചര്‍ച്ചക്കും സാധ്യതയുണ്ടാകുമായിരുന്നില്ല. ഇതൊക്കെ നന്നായി മനസ്സിലാക്കിക്കൊണ്ടു തന്നെയാണു ആ `തീപ്പൊരി` അതില്‍ വിതറിയത്.

ഇസ്ലാം കണ്ണിലൂടെയും ക്രിസ്ത്യന്‍ കണ്ണിലൂടെയും മാത്രം നോക്കാന്‍ പരിശീലിച്ചതുകൊണ്ടാണ് ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നു ഞാന്‍ പറഞ്ഞാല്‍ വീണ്ടും പ്രകോപനമാകുമായിരിക്കാം.
പാശ്ചാത്യനാടുകളിലെ ശാസ്ത്രനേട്ടങ്ങളൊക്കെ ക്രിസ്തുമതത്തിന്റെ അക്കൌണ്ടിലെഴുതല്ലേ സാജാ. ഇതൊക്കെ കണ്ടുപിടിക്കാനും നടപ്പിലാക്കാനും ഈ മതവുമായി ശാസ്ത്രജ്ഞന്മാര്‍ക്ക് എത്രമാത്രം പൊരുതേണ്ടി വന്നിട്ടുണ്ടെന്നറിയാന്‍ ശാസ്ത്രചരിത്രമൊന്ന് വായിക്കുന്നതു നന്നായിരിക്കും. അക്കാര്യം നമുക്കു പിന്നെ ചര്‍ച്ച ചെയ്യാം. ചികിത്സാ ശാസ്ത്രത്തിന്റെ രംഗത്താണു ക്രിസ്തുമതം ഏറ്റവും കൂടുതല്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളതെന്ന് ആര്‍ക്കാണറിയാത്തത്.


ഇനി പ്രകോപനത്തിന്റെ കാര്യം ഒന്നു കൂടി വിശദമാക്കാം. ക്രിസ്ത്യാനികളായ സാജന്മാര്‍ വളരെയധികം പ്രകോപിതരായിരിക്കുകയാണല്ലോ. ഇതെങ്ങനെ ഗുണകരമായ ഒരു മാറ്റത്തിനു കാരണമാകുമെന്ന് സ്ഥാപിക്കാന്‍ ഒരു ഉദാഹരണം പറയാം. കേരളത്തിലെ ക്രിസ്ത്യാനികള്‍ വിദ്യാഭ്യാ‍സപരമായി വളരെ മുന്നില്‍ നില്‍ക്കുന്നവരാണല്ലൊ. എന്നിട്ടും നേത്രദാനം പോലുള്ള ജീവകാരുണ്യപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ വൈമുഖ്യം കാട്ടുന്നത് കേവലം അജ്ഞത ഒന്നു കൊണ്ടു മാത്രമാണെന്നു കരുതാനാവില്ല. വിശ്വാസത്തിനതില്‍ പങ്കുണ്ട്. നമ്മുടെ പ്രകോപിത സുഹൃത്തുക്കള്‍ ഒരു പക്ഷെ ഇത് ഒരു ആത്മാഭിമാനത്തിന്റെ പ്രശ്നമായി ഏറ്റെടുക്കുകയും അവരുടെ സമുദായത്തില്‍ ഇതൊരു ചര്‍ച്ചയാക്കി എന്നും സങ്കല്‍പ്പിക്കുക. ഈ പ്രശ്നം തങ്ങളുടെ മത മേലാളരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്നും കരുതുക. സാജന്‍ ഇതൊരു അഭിമാന പ്രശ്നമായി ഏറ്റെടുത്തുകൊണ്ട് വത്തിക്കാനിലെ പോപ്പിനൊരു സന്ദേശം മെയില്‍ ചെയ്യുന്നു എന്നും കരുതുക. സഭയുടെ കീഴിലുള്ള വിശ്വാസികള്‍ മരിച്ചാല്‍ കണ്ണുകള്‍ ദാനം ചെയ്യണമെന്നൊരു ആഹ്വാനം പോപ്പിന്റെ ഭാഗത്തുനിന്നും പുറപ്പെടുവിക്കണമെന്ന ഒരാവശ്യം അങ്ങനെ സജീവപരിഗണനക്കു വിഷയമാവുകയും നാളെ അപ്രകാരമൊരു പ്രഖ്യാപനം ഉണ്ടാവുകയും ചെയ്യുന്നുവെന്നുംസങ്കല്‍പ്പിക്കുക. അന്ധതാനിവാരണം എന്ന ലക്ഷ്യത്തിലേക്കു മുന്നേറാന്‍ അതെത്രമാത്രം സഹായകമായിരിക്കും? ക്രിസ്ത്യാനികളെല്ലാം ക്രിസ്ത്യന്‍ സ്കൂളില്‍ തന്നെ കുട്ടികളെ പഠിപ്പിക്കണമെന്നു പറയുന്ന കര്‍ദ്ദിനാളന്മാര്‍ ഇക്കാര്യത്തില്‍ ഒരു ഇടയലേഖനം കൂടി ഇറക്കിയാല്‍ നേത്രപടലം കിട്ടാത്ത ഒരു പ്രശ്നം തന്നെ പിന്നെ പഴംകഥയാകും. ഈ മനക്കോട്ടകളൊക്കെ യാഥാര്‍ത്ഥ്യമായാല്‍ ആ മഹാനന്മയില്‍ ഒരു എളിയ പങ്ക് എനിക്കും എന്റെ ബ്ലോഗിലെ ‘വിദ്വേഷ’ പ്രയോഗത്തിനും അവകാശപ്പെടാമല്ലോ!

അതുപോലെ മക്കയില്‍ നടക്കുന്ന ജന്തു ഹിംസക്കെതിരെ ഞാന്‍ ഉയര്‍ത്തിയ വിമര്‍ശനവും മൃഗബലിക്കു പകരം ഭക്ഷ്യധാന്യവിതരണം എന്ന എന്റെ നിര്‍ദ്ദേശവും ഒരു മുസ്ലിം സുഹൃത്തിന്റെ ചിന്തയില്‍ ഒരു ചലനമുണ്ടാക്കുന്നുവെന്നു കരുതുക. ഈ വിഷയവും നാളെ ആ സമുദായത്തില്‍ ഒരു ചര്‍ച്ചക്കു കാരണമാവുകയും ഒന്നോ രണ്ടോ നൂറ്റാണ്ടുകള്‍ക്കു ശേഷമെങ്കിലും അതും ഒരു യാഥാര്‍ത്ഥ്യമായിത്തീരുകയും ചെയ്താല്‍ , വലിയ ഒരു അനാചാരം നിര്‍ത്തല്‍ ചെയ്യപ്പെട്ടതില്‍ എന്റെ `പ്രകോപന`ത്തിനു പങ്കുണ്ടെന്ന് എനിക്കഭിമാനിച്ചുകൂടെ? ഇത്രയൊക്കെയേ ഞാന്‍ ആലോചിച്ചുള്ളു.

നേത്രദാനത്തിനുള്ള ആഹ്വാനവുമായി ഒരു ഇടയലേഖനം ഉട്നെ പ്രതീക്ഷിച്ചുകൊണ്ട് തല്‍ക്കാലം നിര്‍ത്തുന്നു.

സാജന്‍| SAJAN said...

ജബ്ബാര്‍ മാഷേ, താങ്കളുടെ ഉദ്ദേശം നല്ലതാണെങ്കില്‍ അത് മാനിക്കുന്നതിനു യാതൊരു വിഷമവും ഇല്ലെന്ന് പറയുന്നതോടോപ്പം താങ്കളുടെ എഴുത്തിലുള്ള ശക്തമായ വിയോജിപ്പ് ഒരിക്കല്‍ കൂടെ അറിയിക്കട്ടെ.

താങ്കളോട് സംസാരിക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്ന് അറിയാം ചുമ്മാ എന്റെ സമയം പോകുമെന്നാല്ലാതെ ഒരു ഔട്ട് കമും ഞാന്‍ ഇവിടെ കാണുന്നില്ല, എന്നാലും ചില സജക്ഷന്‍സ്

പ്ലീസ് ദയവായി ഒരാള്‍ എഴുതിയത് വായിച്ചു നോക്കിയിട്ട് മറുപടി പറയാനുള്ള ക്ഷമയെങ്കിലും മിനിമം കാണിക്കുക. ഇത് തന്നെ താങ്കളുടെ പല നിരീശ്വരവാദി സുഹൃത്തുക്കളോടും പറഞ്ഞു കഴിഞ്ഞതാണ്, നിങ്ങള്‍ നിരീശ്വര്‍ക്ക് മാത്രമുള്ള പ്രശ്നം ആണോ ഇത് ചക്കെന്ന് എഴുതിയാല്‍ കൊക്കെന്ന് വായിക്കുന്ന സ്വഭാവം?

ഞാന്‍ എഴുതിയത് മനസ്സിലാക്കാന്‍ ഇനി ഒരു ഹിന്റ് കൂടെ തരാം.
* ഏതെങ്കിലും ശാസ്ത്രഞ്ജന്‍ മാര്‍ മാത്രം വിചാരിച്ചാല്‍ കണ്ണ് മാറ്റ ശസ്ത്രക്രീയ നടക്കുമോ?
ഇതില്‍ കൂടുതല്‍ പറഞ്ഞ് താങ്കളുടെ കണ്ണ് കൂടെ മാറ്റിവെയ്ക്കേണ്ട ആവശ്യമെനിക്കില്ല.

വേറൊരു കാര്യം കൂടെ താങ്കള്‍ എഴുതിയത് വായിച്ചു അവിടെയും തുടങ്ങുന്നതിനു മുമ്പേ കണ്‍ക്ലൂഷനിലേക്ക് ജമ്പ് ചെയ്യാനായിരുന്നു താങ്കള്‍ക്ക് താല്‍‌പര്യം.


പൊന്നു ജബ്ബാര്‍ മാഷേ, ഈ പോപ്പിനേയും, ബിഷപ്പിനേയും, അച്ചന്മാരേയും, റെവറന്റ്മാരേയും , പാസ്റ്റര്‍‌മാരേയും ഇവാഞ്ചലിസ്റ്റ് മാരെയും (വ്യക്തിപരമായി അല്ലാതെ ) ബന്ധമില്ലാത്ത ക്രിസ്ത്യാനികള്‍ ഈ ലോകത്തിലുണ്ടെന്ന് മനസ്സിലാക്കൂ.

അതുകൊണ്ട് പോപ്പിനോട് ഉപദേശിക്കാന്‍ പോകാനൊന്നും എന്നോട് പറയരുതേ പ്ലീസ്:)

അതുപോലെതന്നെ അവരെയൊന്നും എഴുതിയാലോ പറഞ്ഞാലോ എനിക്ക് കൊള്ളില്ല.

പക്ഷേ ഒരു ജനറല്‍ സ്റ്റേറ്റ്മെന്റില്‍ ക്രിസ്ത്യാനികളെ അടിച്ചാക്ഷേപിച്ചാല്‍ എനിക്ക് ഫീല്‍ ചെയ്തെന്നു വരും വാസ്തവത്തോട് നീതിപുലര്‍ത്തുന്നില്ലെങ്കില്‍ തീര്‍ച്ചയായും , അതിനോട് പ്രതികരിക്കുന്നതൊക്കെ എന്റെ സൌകര്യം ചെലപ്പൊ പ്രതികരിച്ചെന്നു വരും മറ്റുചെലപ്പൊ മിണ്ടാണ്ട് പോയെന്നു വരും:)


മറ്റൊന്നു കൂടെ, ഈ ബ്ലോഗില്‍ താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത്?

താങ്കളുടെ കമന്റ് വായിച്ചപ്പോ എന്റെ കുട്ടികാലം ഓര്‍മ വന്നു, അപ്പന്‍ ദൂരേന്ന് ഫോണ്‍ ചെയ്യുമ്പോ അമ്മേടെ ഒരേ പരാതി ദേ, ഈ മക്കള്‍ മഹാ മടിയന്‍‌മാരാ ഒരു പണിയും ഈ വീട്ടില്‍ ചെയ്യില്ല ഒന്നുപദേശിക്കൂ എന്ന് .ചുമ്മാ ഒറ്റയടിക്ക് ഒരു സ്റ്റൈലിനങ്ങ് പറഞ്ഞതാ അമ്മ.പക്ഷേ ഒരു പണിയും എടുക്കില്ലാ എന്നു പറഞ്ഞതില്‍ പ്രതിഷേധിച്ച്, ഷോപ്പില്‍ പോവുക, വീട് വൃത്തിയാക്കുക തുടങ്ങി അല്ലറ ചില്ലറ സഹായം വീട്ടില്‍ ചെയ്തുകൊണ്ടിരുന്ന മക്കള്‍ രണ്ട് പേരും പിന്നെ അമ്മയോട് പിണങ്ങി ആ ദിവസത്തില്‍ ഒരു കാര്യത്തിലും അമ്മയെ സഹായിക്കാതിരുന്നു. രണ്ട് ആണ്‍‌മക്കളായിപ്പോയത്കൊണ്ട് ആണല്ലൊ ഈ ഗതിവന്നതെന്ന് പരിതപിച്ചു അമ്മ.

അതുപോലെ ക്രിസ്ത്യാനികള്‍ ആരും ഇങ്ങെനെയുള്ള കാര്യങ്ങള്‍ ചെയ്യില്ല എന്നുപറഞ്ഞതുകൊണ്ട് എല്ലാരും പ്രകോപിതരായി നാളെ മുതല്‍ കണ്ണും മൂക്കും ചെവിയും എല്ലാം ദാനത്തിനായി ഇറങ്ങിക്കളയും എന്ന് കരുതിക്കളയല്ലേ, ചെലപ്പൊ തിരിച്ചും സംഭവിക്കാം , ഇങ്ങേരാടാ ഉവ്വേ നമ്മളെ ഉപദേശിക്കാനെന്ന് ചിന്തിച്ചുപോയാ പാവം അന്ധതയില്‍ കഷ്ടപ്പെടുന്നവര്‍ വീണ്ടും കുഴങ്ങിപ്പോവും. അങ്ങെനെയായാല്‍ മാഷിനെന്തു ദോഷം അല്ലേ?

അതുകൊണ്ട് ഇത്തരം വളഞ്ഞ വഴികള്‍ പ്രയോഗിക്കാതെ മൂക്കിലൊന്നു തൊടാനാണെങ്കില്‍ ദേ നേരേയങ്ങ് തൊട്ടോളൂ:)

ഇനി റഫീക്കിനോട്,
റഫീക്കേ ആപ്പറഞ്ഞത് കാര്യം.
അങ്ങനെ പറ, അല്ലാതെ ക്രിസ്ത്യാനികളും മുസ്ലീംസും ഇതൊന്നും ചെയ്യുകയില്ല എന്നല്ല പറേണ്ടത്.

പിന്നെ ഈ പറഞ്ഞ ലിസ്റ്റ് താങ്കളെ കൊണ്ടുവന്ന് കാണിച്ചാ ടാക്സ് എന്തെങ്കിലും കുറച്ച് തരുമോ?

അതോ അതിന്റെ പേരില്‍ കേരളാ യുക്തിവാദ സംഘം നോബല്‍ സമ്മാനത്തിന് ഈ ലിസ്റ്റ് തരുന്നവരുടെ പേരൂടെ നിര്‍ദ്ദേശിക്കുമോ?

പ്രീയ റഫീക്കേ, ഇങ്ങെന്യൊന്നും അല്ല ഒരു കാര്യം ചര്‍ച്ച ചെയ്യുന്നത്, ഇതൊന്നും കൊണ്ട് ആര്‍ക്കും ഒരു പ്രയോജനം ഉണ്ടാവുകയും ഇല്ല. പലരും ഈ ബ്ലോഗില്‍ എഴുതിയത് പോലെ പ്രകോപനപരമായി എഴുതിയതിനൊന്നും ന്യായീകരണങ്ങള്‍ ഇതുവരെ ആയിട്ടില്ല. മതങ്ങള്‍ തമ്മില്‍ കാലുഷ്യം വളര്‍ത്താന്‍ മാത്രമേ ഇത്തരം പ്രകോപനപരമായ എഴുത്തുകള്‍ ഉപകരിക്കൂ.

ഇനി ഇത്രയും താല്‍‌പര്യം ഈ വിഷയങ്ങളില്‍ ഉണ്ടെങ്കില്‍ ഈ സമയം ഉപയോഗിച്ച് പത്തുപേരേ വ്യക്തിപരമായി കണ്‍‌വിന്‍സ് ചെയ്തു അടുത്ത് നേത്ര ബാങ്കിലോ ഏതെങ്കിലും ചാരിറ്റി സംഘടനയിലോ കൊണ്ടുപോയി കണ്‍സെന്റ് ഫോം ഫില്‍ ചെയ്ത് സൈന്‍ ചെയ്തു മേടിക്കുകയാണ് വേണ്ടത്,
അങ്ങനെ ആളുകള്‍ റെഡിയായിട്ടും ആ നല്ല കാര്യത്തെ മത പുരോഹിതര്‍ എതിര്‍ത്താല്‍ അപ്പൊ അതുമായി ബ്ലോഗില്‍ വാ ചര്‍ച്ച വേണമെങ്കില്‍ നമുക്ക് അപ്പൊ ചെയ്തു അതിന്റെ പോം വഴി കണ്ടെത്താം .

അല്ലാതെ സുഖമായി ഉറങ്ങികിടന്ന ഒരുത്തനേ, എടാ !@#$@@# ....#$@$$%.. എന്നൊക്കെ വിളിച്ചെഴുന്നേല്‍പ്പിച്ച് എഴുന്നേറ്റ് വരുമ്പോ
ആഹാ, എഴുന്നേറ്റോ, നമുക്കിതൊന്നു ചര്‍ച്ച ചെയ്യാം അതിനു മുമ്പ് നിന്നെയൊന്നു പ്രകോപിപ്പിച്ചതാ എന്ന് പറഞ്ഞാല്‍ നടക്കുന്നതെന്താണെന്ന് സാമാന്യ ബോധമുള്ളവര്‍ ഈ ജബ്ബാര്‍ മാഷിനൊന്ന് പറഞ്ഞു കൊടുക്കൂ :)

sajan jcb said...

താങ്കള്‍ തെറ്റിധാരണകള്‍ക്കു പുറത്താണ് ക്രിസ്ത്യാനികളെ പറ്റി ഈ എഴുതി പിടിപ്പിച്ചിരിക്കുന്നതു്...

'ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നതു്' എന്നു പറഞ്ഞാണ് യേശു പണിയൊന്നും ചെയ്യാന്‍ വിലക്കിയിട്ടുള്ള സാബത്തു ദിവസം പോലും കുരുടനു കാഴ്ച കൊടുത്തതു്... മുടന്തനു സൗഖ്യം നല്‍ക്കിയതു്..[ താങ്കള്‍ ഇതു കെട്ടു കഥയായി മാത്രം കണ്ടാലും മതി]

താങ്കള്‍ ഏറ്റവും വലിയ പുണ്യപ്രവര്‍ത്തിയായി പറഞ്ഞിട്ടുള്ള ഈ മരണാനന്തര കണ്ണു ദാന സമ്മത പത്രം ഞാനും എന്റെ കുടുംബവും ഒപ്പിട്ടു കൊടുത്തിട്ടു ഒരു അഞ്ച് ആറു വര്‍ഷമെങ്കിലും ആയി കാണും। അതുപോലെ തന്നെ ഞങ്ങളുടെ ഇടവകയിലെ 1500 ഓളം പേരു KCYM ന്റെ നേതൃത്തതില്‍ ഇപ്രകാരം ഒപ്പിട്ടു കൊടുത്തിട്ടുണ്ട്.
[റഫീക്കേ, കണക്കുകള്‍ കാണണമെങ്കില്‍ തൃശ്ശൂര്‍ അതിരൂപതയെ സമീപിക്കുക। ഇത്തരത്തില്‍ കുറഞ്ഞതു പത്തു ഇടവകയെങ്കിലും കാണാന്‍ താങ്കള്‍ക്കു സാധിക്കും।]

ഇതു കൊട്ടിഘോഷിച്ചു നടക്കാത്തതിന്റെ ഒരു കാരണം ഞങ്ങള്‍ക്കിതൊരു പുതുമയല്ലാത്തതു കൊണ്ടായിരിക്കണം. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആരെങ്കിലും അങ്ങിനെ കണ്ണു ദാനം ചെയ്താല്‍ അതാണ് ഞങ്ങള്‍ക്കൊരു വാര്‍ത്ത.
[ചുരുക്കത്തില്‍ താങ്കളുടെ ഈ ബ്ലോഗ് കണ്ടതു കൊണ്ടല്ല ക്രിസ്ത്യാനികള്‍ കണ്ണു ദാനം ചെയ്യാന്‍ പോകുന്നതു എന്നു സാരം]

sajan jcb said...

കേരളത്തിലെ ക്രിസ്ത്യാനികള്‍ വിദ്യാഭ്യാ‍സപരമായി വളരെ മുന്നില്‍ നില്‍ക്കുന്നവരാണല്ലൊ. എന്നിട്ടും നേത്രദാനം പോലുള്ള ജീവകാരുണ്യപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ വൈമുഖ്യം കാട്ടുന്നത് കേവലം അജ്ഞത ഒന്നു കൊണ്ടു മാത്രമാണെന്നു കരുതാനാവില്ല. വിശ്വാസത്തിനതില്‍ പങ്കുണ്ട്.

ഏതു വിശ്വാസത്തിന്റെ കാര്യമാണ് താങ്കളീ പറയുന്നതു എന്നു അറിഞ്ഞാല്‍ കൊള്ളാം ! മാത്രവുമല്ല; ഒരു പോപ്പും നിങ്ങളുടെ കണ്ണുകള്‍ ദാനം ചെയ്യരുതു എന്നു പറഞ്ഞിട്ടില്ല. കണ്ണു ദാനം ചെയ്താല്‍ സ്വര്‍ഗ്ഗത്തിലെത്തുമ്പോള്‍ നിങ്ങള്‍ക്കു കാണ്ണു കാണില്ല എന്നും ആരും ഇടയലേഖനം എഴുത്തിയിട്ടില്ല. എന്നിട്ടും താങ്കള്‍ക്കു മുറുമുറിപ്പ്.

ക്രിസ്ത്യാനികളെല്ലാം ക്രിസ്ത്യന്‍ സ്കൂളില്‍ തന്നെ കുട്ടികളെ പഠിപ്പിക്കണമെന്നു പറയുന്ന കര്‍ദ്ദിനാളന്മാര്‍ ..

ളോഹക്കുള്ളിലെ വര്‍ഗ്ഗീയത എന്ന താങ്കളുടെ പോസ്റ്റിലെ എന്ന കമന്റിനു ഇതുവരെ എനിക്കു ഒരു മറുപടികിട്ടിയില്ല.[പോട്ടെ, അതു താങ്കളുടെ ഇഷ്ടം] പക്ഷേ അതൊരു പുകമറ ആയിരുന്നു എന്ന മാധ്യമത്തില്‍ വന്ന ലേഖനമെങ്കിലും താങ്കള്‍ വായിക്കണമായിരുന്നു. [ഇവിടെ വായിക്കാം]. അല്ലാ,... കള്ള കഥകളിലാണ് താങ്കള്‍ക്കു താത്പര്യമെങ്കില്‍, അതു പ്രചരിപ്പിക്കുന്നതിലൂടയേ താങ്കളുടെ പ്രസ്ഥനം വളരൂ എന്നു കരുതുന്നുവെങ്കില്‍...മുമ്പു പറഞ്ഞതേ എനിക്കു പറയാനുള്ളൂ... പരിതാപകരം.

ea jabbar said...

ഒരു പോപ്പും നിങ്ങളുടെ കണ്ണുകള്‍ ദാനം ചെയ്യരുതു എന്നു പറഞ്ഞിട്ടില്ല. കണ്ണു ദാനം ചെയ്താല്‍ സ്വര്‍ഗ്ഗത്തിലെത്തുമ്പോള്‍ നിങ്ങള്‍ക്കു കാണ്ണു കാണില്ല എന്നും ആരും ഇടയലേഖനം എഴുത്തിയിട്ടില്ല:- സാജന്‍ !


പോപ്പും കര്‍ദ്ദിനാളന്മാരുമൊക്കെ നേത്രദാനത്തിന് എന്നോ ആഹ്വാനം നടത്തിയതാണെന്നും ഇതൊക്കെ നമ്മളാരും എന്തുകൊണ്ടോ അറിയാതിരുന്നതാണെന്നും മനസ്സിലായി. പുതിയ അറിവുകള്‍ പകര്‍ന്നു തന്നതിനും തെറ്റിദ്ധാരണ മാറ്റിത്തന്നതിനും നന്ദി. നേത്രപടലം കിട്ടാന്‍ ലോകത്ത് ഒരു പ്രയാസവും നേരിടുന്നില്ല എന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

യുക്തിവാദിയായിരുന്ന എബ്രഹാം തോമസ് കോവൂര്‍ സ്വന്തം ശരീരവും കണ്ണുകളും ദാനം ചെയ്യുകയും ഇതൊരു സന്ദേശമായി ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു എന്ന് അറിയാം. സാധാരണ രോഗം വന്നാല്‍ പോലും പ്രാര്‍ത്ഥിക്കുകയല്ലാതെ ചികിത്സ ചെയ്യാന്‍ പാടില്ലെന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും രോഗികളെ ചികിത്സ നല്‍കാതെ കൊലക്കു കൊടുക്കുകയും ചെയ്ത ക്രിസ്ത്യന്‍ വിഭാഗങ്ങളെക്കുറിച്ചും അറിയാം . ക്രിസ്തുമതം (അതിന്റെ കാക്കതൊള്ളായിരം അവാന്തരങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കൂടുതല്‍ എനിക്കറിവില്ല.) നേത്രദാനത്തിനും മറ്റും ഇത്രയേറെ പ്രോത്സാഹനം നല്‍കുന്നുണ്ട് എന്നതും എനിക്കു പുതിയ അറിവാണ്. ചെറുകുളത്തൂരിനെ കുറിച്ച് എഴുതിയ എല്ലാ കാര്യങ്ങളും ഞാന്‍ പന്‍വലിക്കുന്നു. കാരണം കോട്ടയം ജില്ലയിലൊക്കെ അത്തരം സമ്പൂര്‍ണ്ണ നേത്രദാനം പ്രഖ്യാപിച്ച നിരവധി ഗ്രാമങ്ങളുണ്ടായിരിക്കും. അതൊന്നും കൊട്ടിപ്പാടി പ്രചരിപ്പിക്കാന്‍ യുക്തിവാദികളെപ്പോലെ ക്രിസ്ത്യാനികള്‍‍ ശ്രമിക്കാത്തതുകൊണ്ടായിരിക്കാം ഇക്കാര്യങ്ങളൊക്കെ നമ്മള്‍ അറിയാതെ പോയത്. എല്ലാവരോടും മാപ്പ്!!!!

sajan jcb said...

മാപ്പു ചോദിക്കാനുള്ള താങ്കളുടെ വലിയ മനസ്ഥിതി അഭിനന്ദനീയം തന്നെ. സ്വാഗതാര്‍ഹവും.

അവയവങ്ങള്‍ മാറ്റിവയ്ക്കുന്നതിനെ കുറിച്ചുള്ള ക്രിസ്ത്യന്‍ സഭയുടെ പഠനങ്ങള്‍ ഇവിടെ കാണാം.

ചില വിഭാഗങ്ങള്‍ ഇങ്ങനെ ചെയ്യുന്നു, അങ്ങിനെ ചെയ്യുന്നു, എന്നു കരുതി മൊത്തം ക്രിസ്ത്യാനികളെ അധിക്ഷേപിക്കില്ലെന്നു കരുതുന്നു.

Anonymous said...

ജബ്ബാ‍ര്‍ മാഷെ!
ഇങ്ങനെയുള്ള സത്കര്‍മമചരിതങ്ങള്‍ കേള്‍ക്കുമ്പോള്‍ തന്നെ ഒന്നും ചെയ്യാന്‍ സാധിച്ചില്ലങ്കില്‍ പോലും എന്തെങ്കിലും ചെയ്യണം എന്നു ഒരു നിമിഷനേരത്തേക്കെങ്കിലും എത്ര ഹൃദയശൂന്യനും ചിന്തിച്ചു പോകും. - ഇതാണു ഈ സംവാദത്തിലെ ആദ്യത്തെ കമന്റു!

നോക്കൂ ഈ “അമേരിക്കയിലുള്ള” സഘടന എന്തെല്ലാമാണു ചെയ്യുന്നതെന്നു!(---പക്ഷേ അങ്ങു അമേരിക്കയിലാണന്നു മാത്രം---:)---)

Apologetics Press
230 Landmark Drive
Montgomery, Alabama 36117
U.S.A.
Phone (334) 272-8558
http://www.apologeticspress.org

നമ്മള്‍ എന്തിനാ അവിടെ വരെ പോകണത് അല്ലേ?

നമ്മുടെ നട്ടിലുള്ള ആശുപത്രികളിലധികവും കൃസ്ത്യാനികളുടേയോ ക്രിസ്ത്യന്‍ മിഷ്യനറികളുടേയോ ആണു. അതുപോലെ തന്നെ മുസ്ലീം സമുദായത്തിന്റ്റെ ഉടമസ്തതയിലും ധാരാളം ഉണ്ടു. ഇവിടെയെല്ലാം അവയവമാറ്റിവക്കല്‍ ശസ്ത്രക്രിയകള്‍ ചെയ്യാറുമുണ്ട്. അപ്പോള്‍ മതം ആധികാരികമായി ഒരു നിയന്ത്രണവും ഈവക കാര്യങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടില്ല എന്നു മനസ്സിലാക്കാം. പിന്നെ മതത്തിനു “അടിമപ്പെട്ട”വര്‍ അന്ധമായ ഭയം കൊണ്ടോ, അവിവേകം കൊണ്ടോ ഇത്തരം സല്‍കര്‍മ്മങ്ങളില്‍ നിന്നും മുഖം തിരിച്ചു നില്‍ക്കുന്നുണ്ടാകും. അതിനു ഇത്തരം സമുദായാംഗങ്ങളിനിന്നും വിദ്യാഭ്യാസവും വിവേകവുമുള്ളവര്‍ക്കു അവരെ സമൂഹത്തിലെ നന്മകളെപറ്റി ബോധവാന്മാരാക്കവുന്നതേയുള്ളു.

ഇവിടെ ക്ലിക്ക്‌ ചെയ്യുക.


മതങ്ങളുടെ സ്വാധീനം മനുഷ്യരില്‍ എത്രയോ വലുതാണന്നു മനസ്സിലാക്കാന്‍ കൂടി ഇതു പോലുള്ള പോസ്റ്റുകള്‍ ഉപകരിക്കുന്നുണ്ട്. അതിനു ജബ്ബാര്‍ മാഷിനു ഒരു നന്ദി കൂടി പറയട്ടെ!

ഒരു “ദേശാഭിമാനി” said...

ഈ അനോനി കമന്റ്റ് ആളറിയാതിരിക്കാന്‍ ഇട്ടതല്ല! പോസ്റ്റു ചെയ്തപ്പൊള്‍ എന്തോ അബന്ധം പറ്റിയതാണു. ക്ഷമിക്കുക.

Anonymous said...

western countries 4get about old holy
books....they read harry potter kind off.!!!
now its going on asia and middle east:expt dubai...

Anonymous said...

m.r. jabbar master. really some people got change now..
go head....continue...

Abdulla Bukhari said...

മാഷെ . ഈ ജീവിതം എന്നത് കുറച്ചു അവയവ ദാനവും ക്രമീകരനമില്ലാത്ത പുസ്തക വായനയുമാണോ ?
ബുദ്ധിയും ചിന്തയുമുള്ളവര്‍ക്ക്‌ എന്തൊക്കെയുണ്ട് ആലോചന നടത്താന്‍. ഒരു ലക്ഷ്യമുണ്ടോ ഈ ജീവിതത്തിനു ?
ആര് സ്ര്ഷ്ടിച്ചു ഈ നമ്മെ ?
എന്തിനു വേണ്ടി ഈ ജന്മം തന്നു എനിക്ക് ?
നമ്മെ സ്ര്ഷ്ടിച്ച സ്രഷ്ടാവിന്റെ ഉദ്ദേശങ്ങള്‍ അറിഞ്ഞവരാറുണ്ട് ?
ആ സ്രഷ്ടാവ് നല്‍കിയ ജന്മം എങ്ങിനെ ഉപയോഗപ്പെടുത്തണമെന്ന് ആ സ്രഷ്ടാവ് തന്നെ കല്പിചിട്ടുണ്ടോ ആവൊ ?
എങ്കില്‍ അത് എങ്ങിനെ ലഭ്യമാവും ?
ആ നിയമങ്ങള്‍ , കല്പനകള്‍ ആര് പറഞ്ഞു തരും ?പറഞ്ഞു തന്നാല്‍ തന്നെ അത് സത്യമെന്നു എങ്ങിനെ മനസ്സിലാക്കി എടുക്കും ?മതങ്ങള്‍ മനുഷ്യ നിര്‍മ്മിതങ്ങള്‍ ആണോ അല്ലയോ ?

എന്ത് കൊണ്ടാണ് യുക്തി വാദികള്‍ എല്ലാ മതങ്ങളും മനുഷ്യനിര്‍മിതങ്ങള്‍ എന്ന് പറയാന്‍ കാരണം ?
ഏതെന്കിലും മതത്തെ ദൈവ ദാത്തമായി കാണാന്‍ കഴിയുമോ ?ജീവിതത്തെയും മരണത്തെയും നിര്‍വചിച്ചതരോക്കെ ?
അരുടെതൊക്കെ ശരിയായിരിക്കാം ?
മരിച്ചാല്‍ തീരുന്നതാണോ ഈ ജീവിതം ?
ഇല്ലെങ്കില്‍ പിന്നെങ്ങിനെ ?
മരണത്തെയും ജീവിതത്തെയും എങ്ങിനെ മനസ്സിലാക്കണം ?മരണാനന്തരം ഒരു ജീവിതമുണ്ടോ നമുക്ക് ?
ഉണ്ടെങ്കില്‍ അതെങ്ങിനെ?
ഇല്ലെങ്കില്‍ ആത്മാവ് എവിടെപ്പോകും ?
അതല്ല ആത്മാവ് സങ്കല്പ്പമാണോ ?
തെറ്റെന്ത് ? ശരിയെന്തു ?
തെറ്റും ശരിയും നിര്‍വചിക്കെണ്ടാതാര് ?
തെറ്റ് ചെയ്തവന്‍ സിക്ഷിക്കപ്പെടെണ്ടേ ?
എങ്കില്‍ ആര് ശിക്ഷിക്കും ?
ശരിയും നന്മയും ചെയ്താല്‍ പ്രതിഫലം അനുഭവിക്കെണ്ടേ ?
പ്രതിഫലം ആര് നല്‍കും ? എന്ത് നല്‍കും ?
അര്‍ക്ക് മനുഷ്യരുടെ നന്മകള്‍ കണക്കാക്കാന്‍ കഴിയും ?ഇവക്കൊക്കെ പ്രതിഫലം നല്കാന്‍ കഴിയുന്നവന്‍ എങ്ങിനെ അത് ചെയ്തു തരും?

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.