പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമം പാളിയ ശേഷം ജനകീയ മുന്നണി എന്ന പേരില്‍ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങാന്‍ കാത്തിരിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കാരുടെ ഓര്‍മയ്ക്കുവേണ്ടി ചിലത്
1. ``ഒരാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ലിയില്‍ പോവുകയും ചെയ്യുന്നതു തൗഹീദിന്ന് എതിരാവുന്നു'' (ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി ഇരുപത്തേഴ് വര്‍ഷം, ഇലക്ഷന് പ്രശ്നം)
2. ``അനിസ്ലാമിക ഭരണവ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നതു മുസ്ലിംകളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്ന് ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നു. അതിനാല്‍ ഏതെങ്കിലും അനിസ്ലാമിക പ്രസ്ഥാനവുമായി കൂട്ടുചേര്‍ന്നു ഭരണനടത്തിപ്പില് പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങള്‍ക്ക് വോട്ട് നല്‍കുകയോ ചെയ്യുന്നത് ജമാഅത്തിന്റെ വീക്ഷണത്തില്‍ അനുവദനീയമല്ല'' (പ്രബോധനം മാസിക, 1970 ജൂലായ്, പു 31, ലക്കം 3)
3. ``ജമാഅത്തെ ഇസ്ലാമി ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയോ സ്ഥാനാര്‍ഥികളെ നിര്‍ത്തുകയോ ഏതെങ്കിലും സംഘടനയെയോ സ്ഥാനാര്‍ഥികളെയോ പിന്താങ്ങുകയോ ചെയ്ത ഒരൊറ്റ സംഭവവുമില്ല. അതിന്ന് അതിന്റെ മുഴുവന്‍ ചരിത്രവും സാക്ഷിയാണ്. അപ്പോള്‍ പിന്നെ അസാന്ദര്‍ഭികവും അകാരണവുമായ ഈ വേവലാതികളെല്ലാം എന്തിന്ന്?'' (ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി എന്ത്, എന്തല്ല, പേജ് 24)
4. ``നമ്മുടെ അഭിപ്രായത്തില്‍ ഇന്നു മുസ്ലിംകള് ചെയ്യേണ്ട ശരിയായ പ്രവൃത്തി തെരഞ്ഞെടുപ്പില്‍ നിന്ന് അവര്‍ തികച്ചും വിട്ടുനില്‍ക്കുക എന്ന നിഷേധാത്മകതയില്‍ നിന്നാണാരംഭിക്കുന്നത്. അവര്‍ സ്വയം സ്ഥാനാര്‍ഥികളായി നില്‍ക്കുകയോ ഇതര സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുനല്കുകയോ അരുത്. യഥാര്‍ഥ വഴിയില്‍ കൂടി ചലിക്കാനുള്ള ഒന്നാമത്തെ കാലടിയാണിത്'' (പ്രബോധനം പു. 4, ലക്കം 2, ജൂലായ് 1956, പേജ് 35, മുസ്ലിംകളും വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പും, അബുലൈസ് സാഹിബ്)
5. ``തെരഞ്ഞെടുപ്പില്‍ പങ്കെടുക്കല്‍ ദുന്‍യവിയ്യായും ദീനിയ്യായും മുസ്ലിംകള്ക്ക് ആപല്ക്കരമാണെന്നാണ് നമ്മുടെ അഭിപ്രായം'' (കയശറ ജ: 35)
6. ``ഇസ്ലാമിക ദൃഷ്ടിയില് കൂടി നോക്കുമ്പോള്‍ നിയമനിര്‍മാണസഭകളിലേക്കുള്ള മെമ്പര്‍ സ്ഥാനത്തിനുവേണ്ടി മുസ്ലിംകള് സ്ഥാനാര്‍ഥികളായി നില്‍ക്കുന്നത് വിവിധ കാരണങ്ങളാല്‍ അസംബന്ധമാണെന്ന് കാണാം:
എ. ഇസ്ലാമിക രാഷ്ട്രത്തില്‍ പോലും ഉദ്യോഗങ്ങള്ക്കും സ്ഥാനമാനങ്ങള്‍ ലഭിക്കത്തക്ക സേവനങ്ങള്‍ക്കും സ്വയം സ്ഥാനാര്‍ഥികളായി നില്ക്കുന്നതു നബി തിരുമേനി (സ)യുടെ വ്യക്തമായ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. നബി(സ) അരുള്‍ ചെയ്യുന്നു: നീ അധികാരം ചോദിച്ചു വാങ്ങരുത്.... അപ്പോള്‍ ഈ ആഗ്രഹവും സ്ഥാനാര്‍ഥിത്വവും ഒരനിസ്ലാമിക ഗവര്‍മെന്റിന്റെ ഉദ്യോഗത്തിനു വേണ്ടിയാണെങ്കില്‍ അതെത്രമാത്രം ദോഷകരമായിരിക്കുമെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നതാണ്. അത്തരം സ്ഥാനാര്‍ഥികളെ സഹായിക്കുന്നതു മുസ്ലിമിന്നു എത്രകണ്ടു അനുയോജ്യമാണെന്നും ഇതില്‍ നിന്നു മനസ്സിലാക്കാം.
ബി. ഇസ്ലാം ഒരു പരിപൂര്‍ണ ജീവിതപദ്ധതിയാണ്. രാഷ്ട്രീയവും ഭരണപരവുമായ പ്രശ്നങ്ങളിലും അതിന്ന് വ്യക്തമായ നിര്‍ദേശങ്ങളുണ്ട്. അതിനാല്‍ സ്നേഹാദരവോടെ ഇസ്ലാമിന്റെ നാമം ജപിക്കുകയോ അതിന്റെ ആരാധനാവകുപ്പുകളില്‍ ചില പ്രത്യേക ഇനങ്ങള്‍ നടപ്പില്‍വരുത്തുകയോ ചെയ്തതുകൊണ്ടു മാത്രം തങ്ങള്‍ തികച്ചും ഇസ്ലാമികമായിക്കഴിഞ്ഞുവെന്നു സമാധാനിക്കുന്നത് മുസ്ലിംകള്ക്ക് ഒട്ടും അനുയോജ്യമല്ല. ദീനിനെ അതിന്റെ പൂര്‍ണരൂപത്തില്‍ സ്വീകരിക്കാന്‍ ശ്രമിക്കേണ്ടത് അവരുടെ കടമയത്രെ. കൂടാതെ ഇന്ത്യയിലിന്ന് നടപ്പുള്ള തെരഞ്ഞെടുപ്പ് സമ്പ്രദായവും അതില്‍ പങ്കെടുക്കാനായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതായ പാര്‍ട്ടികളും അവരുടെ ലക്ഷ്യപരിപാടികളും കേവലം അനിസ്ലാമികമാണെന്നതും സുവ്യക്തമാണ്.
സി. ``അതിന്നു പുറമെ നിയമനിര്‍മാണ സഭയെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. ലാഇലാഹ ഇല്ലല്ലാ മുഹമ്മദുര്‍റസൂലുല്ലാ എന്ന അടിസ്ഥാന വാക്യത്തില്‍ വിശ്വസിക്കുന്ന ഒരു മസ്ലിം നിയമനിര്‍മാണാധികാരം അല്ലാഹുവിന്റെ മാത്രം അവകാശമാണെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്നിരിക്കെ മനുഷ്യന്ന് സ്വതന്ത്രമായ നിയമനിര്‍മാണാധികാരം നല്‍കുകയും കിതാബിനെയും സുന്നത്തിനെയും പാടെ അവഗണിച്ചുകൊണ്ടു അവകാശം ഉപയോഗപ്പെടുത്തുകയും അത്രയുമല്ല, അല്ലാഹുവെ പരസ്യമായി പരിഹസിക്കുകകൂടി ചെയ്യുന്ന ഒരു നിയമനിര്‍മാണസഭയില്‍ മെമ്പറാകുകയോ അതിലേക്കുള്ള സ്ഥാനാര്‍ഥികളെ സഹായിക്കുകയോ ചെയ്യാന്‍ ഒരു മുസ്ലിമിനു നിവൃത്തിയില്ല. സ്വയം സ്ഥാനാര്‍ഥികളായി നില്‍ക്കാതെ വോട്ട് ഉപയോഗിക്കലും തെറ്റാണ്'' (പ്രബോധനം, പു. 4, ലക്കം 3, മുസ്ലിംകളും വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പും, അബുല്ലൈസ്, പേജ് 61,62)
7. ``മുസ്ലിമിന്ന്, മുഴുവന്‍ ജീവിതത്തിലും അല്ലാഹുവിന്റെ ദീനിന്നൊത്ത് പ്രവര്‍ത്തിക്കുമെന്ന് തീരുമാനിച്ചുകഴിഞ്ഞ മുസ്ലിമിന്നു വല്ല അനിസ്ലാമിക രാഷ്ട്രീയത്തിലും പങ്കുവഹിക്കുക ഒരിക്കലും യോജിച്ചതല്ല. ഇന്നത്തെ മതേതര ഭൗതിക രാഷ്ട്രീയത്തില്‍ സ്ഥാനാര്‍ഥിയായി നില്‍ക്കാനോ മറ്റു വല്ല സ്ഥാനാര്‍ഥികളുടെയും വിജയത്തിന്നായി പ്രവര്‍ത്തിക്കാനോ വോട്ടു രേഖപ്പെടുത്താന്‍ തന്നെയുമോ ഒരു മുസ്ലിമിന്ന് നിവൃത്തിയില്ല. എന്തെന്നാല്‍ താന്‍ നാട്ടിന്റെ ഉടമാവകാശിയാണെന്ന് മുസ്ലിം കരുതുന്നില്ല. അങ്ങനെ കരുതുന്നുണ്ടെങ്കിലല്ലേ ആ അവകാശം മറ്റൊരാള്‍ക്കു കൈമാറ്റംചെയ്യാന്‍ അവന്ന് സാധിക്കുകയുള്ളൂ. അപ്രകാരം തന്നെ താന്‍ നാട്ടിന്റെ നിയമനിര്‍മാതാവാണെന്നും അവന് വിചാരിക്കുന്നില്ല. എന്നാലല്ലേ പ്രസ്തുത അധികാരം മറ്റൊരാളെ ഭരമേല്പ്പിക്കാന് അവന്ന് കഴിയുകയുള്ളൂ. ഇസ്ലാമിന്റെ ദൃഷ്ടിയില് ഇതെല്ലാം ദീനിന്ന് തീരെ വിരുദ്ധമാണ്. ഒരു യഥാര്‍ഥ മുസ്ലിമിന്ന് അതൊരിക്കലും അനുയോജ്യമല്ല.'' (ഇസ്ലാമിക പാഠങ്ങള്‍, മൗലാനാ അബൂസലീം അബ്ദുല്‍ഹയ്യ്, 1955, അനിസ്ലാമിക രാഷ്ട്രീയത്തില്‍ പങ്കുവഹിക്കല്‍ മുസ്ലിമിന്റെ ജോലിയല്ല, പേജ് 135)
8. ``ഈ നാട്ടിലെ ഭരണം ഇസ്ലാമികമായിരിക്കണമെന്ന് ഗവണ്മെന്റ് പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകവഴി ഭരണം ഇസ്ലാമികമാക്കിമാറ്റുവാന്‍ സാധിക്കുമെന്ന് ജമാഅത്തിന്നു തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല.'' (പ്രബോധനം പ്രതിപക്ഷപത്രം, പു. 4, ലക്കം 8, പേജ് 163)
9. ``ജമാഅത്ത് ഈ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും മുസ്ലിംകള് മുഴുവന്‍ അതു ബഹിഷ്കരിക്കണമെന്ന് ആശ പ്രകടിപ്പിക്കുകയും ചെയ്തത്, പ്രപഞ്ചകര്‍ത്താവായ അല്ലാഹുവിനെയും അവന്റെ നിര്‍ദേശങ്ങളെയും തിരസ്കരിച്ചുകൊണ്ടുള്ള ഒരു ഭൗതിക രാഷ്ട്രത്തോട് സ്വയം സഹകരിക്കുകയെന്നതു തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇസ്ലാമിന്ന് തികച്ചും കടകവിരുദ്ധമാണെന്ന് ജമാഅത്ത് വിശ്വസിക്കുന്നതുകൊണ്ട് മാത്രമാണ്.'' (പ്രബോധനം, 1952 ഫെബ്രുവരി)
10. ``മുസ്ലിമിന്, അല്ലാഹുവിന്റെ ദീനിനൊത്ത് കര്‍മരൂപത്തില്‍ തന്നെ മുഴുജീവിതത്തെയും നയിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞ മുസ്ലിമിന് വല്ല അനിസ്ലാമിക ഭരണകൂടത്തിലും പങ്കുവഹിക്കുക ഒരിക്കലും നന്നല്ല. ഇന്നത്തെ മതേതര ഭൗതിക രാഷ്ട്രത്തില്‍ സ്ഥാനാര്‍ഥിയായി നില്‍ക്കാനോ മറ്റു വല്ല സ്ഥാനാര്‍ഥികളുടെയും വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കാനോ വോട്ട് രേഖപ്പെടുത്താന്‍ തന്നെയുമോ ഒരു മുസ്ലിമിന് നിവൃത്തിയില്ല.'' (പ്രബോധനം, 1954 നവംബര്‍ 15)