Friday, January 30, 2009

ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണിതെന്നു തോന്നിയതിനാല്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു....


സാംസ്‌കാരിക വിഭജനം പ്രോത്സാഹിപ്പിക്കരുത്‌



ഹമീദ്‌ ചേന്ദമംഗലൂര്‍

മുഖ്യധാരയുടെ ഭാഗമാകാന്‍ ന്യൂനപക്ഷത്തിന്‌ സാധിക്കുമ്പോഴാണ്‌ അവരുടെ ക്ഷേമം ഉറപ്പുവരുത്തപ്പെടുന്നത്‌. ക്രൈസ്‌തവര്‍ സാമൂഹിക ജീവിതത്തിന്റെ വിവിധ തുറകളില്‍ മുന്നേറിയിട്ടുണ്ടെങ്കില്‍, പ്രധാനപ്പെട്ട കാരണം മുഖ്യധാരയുടെ ഭാഗമാകുന്നതില്‍ അവര്‍ പ്രത്യേകം ശ്രദ്ധചെലുത്തി എന്നതാണ്‌. ഇക്കാര്യത്തില്‍ മുസ്‌ലിങ്ങള്‍, വിശേഷിച്ച്‌ വടക്കേ ഇന്ത്യന്‍ മുസ്‌ലിങ്ങള്‍, പലപ്പോഴും അറച്ചുനിന്നു. പൊതുസമൂഹവും ലോകവും മുന്നോട്ടു കുതിക്കുമ്പോഴും തങ്ങളുടേതായ സാംസ്‌കാരിക മാളങ്ങളില്‍ ഒതുങ്ങാനാണ്‌ അവര്‍ പരിശീലിപ്പിക്കപ്പെട്ടത്‌. ഒരുതരം 'ഗെറ്റോ' മനഃസ്ഥിതിക്ക്‌ അവര്‍ വശംവദരായി.

ഈ മനഃസ്ഥിതിയില്‍ നിന്ന്‌ മുക്തരാക്കാനും മുഖ്യധാരയുമായി അടുക്കാനും സാമ്പ്രദായിക സമുദായ നേതൃത്വത്തിന്‌ താത്‌പര്യമില്ല എന്നിതനാലാവും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും ആ ദിശയില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തുകയുണ്ടായില്ല. പിറകോട്ട്‌ നോക്കുന്നതിന്‌ പകരം മുന്നോട്ട്‌ നോക്കുന്ന ഒരു ജനവിഭാഗമായി മുസ്‌ലിങ്ങള്‍ മാറേണ്ടതുണ്ടെന്നും ആ സമുദായത്തിലെ അംഗബലം കുറഞ്ഞ പുരോഗമനേച്ഛുക്കള്‍ കാലാകാലങ്ങളില്‍ ആവശ്യപ്പെട്ടു പോന്നിട്ടുണ്ടെങ്കിലും അസംഘടിതരായ അവരുടെ ശബ്ദം അവഗണിക്കുകയാണ്‌ അധികാരികള്‍ ചെയ്‌തത്‌.

മുസ്‌ലിം വ്യക്തിനിയമപരിഷ്‌കരണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഭരണകര്‍ത്താക്കള്‍ അവലംബിച്ച നിഷേധാത്മകനയം അതിന്റെ തെളിവാണ്‌. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ മുസ്‌ലിങ്ങളുടെ വിദ്യാഭ്യാസ പ്രശ്‌നത്തിലും ആരോഗ്യകരമല്ലാത്ത കീഴ്‌വഴക്കങ്ങള്‍ സൃഷ്‌ടിക്കാനാണ്‌ കേന്ദ്രഭരണനേതൃത്വം താത്‌പര്യമെടുക്കുന്നത്‌. കേന്ദ്രമാനവശേഷി വികസനമന്ത്രി (കേന്ദ്രഭരണകൂടം) മുസ്‌ലിങ്ങളെ പൊതുവിദ്യാഭ്യാസ ധാരയില്‍ നിന്ന്‌ പുറന്തള്ളാനുള്ള നിയമനിര്‍മാണത്തിന്‌ തിടുക്കം കൂട്ടുകയാണ്‌. കേന്ദ്ര സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡി (സി.ബി.എസ്‌.ഇ.) ന്റെ മാതൃകയില്‍ കേന്ദ്ര മദ്രസ ബോര്‍ഡ്‌ രൂപവത്‌കരിക്കുമെന്ന്‌ മന്ത്രി അര്‍ജുന്‍ സിങ്‌ വ്യക്തമാക്കിയിരിക്കുന്നു. സംസ്ഥാന മദ്രസ്സ ബോര്‍ഡുകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സി.ബി.എസ്‌.ഇ. സര്‍ട്ടിഫിക്കറ്റുകള്‍ക്ക്‌ തുല്യമാക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്‌.

ഉത്തര്‍പ്രദേശ്‌, മധ്യപ്രദേശ്‌, ബിഹാര്‍, ബംഗാള്‍, അസം, ഒറീസ്സ, ജാര്‍ഖണ്ഡ്‌ എന്നീ സംസ്ഥാനങ്ങളിലാണ്‌ ഇപ്പോള്‍ മദ്രസ്സ ബോര്‍ഡുകളുള്ളത്‌. ഈ സംസ്ഥാനങ്ങളിലെ മദ്രസ്സകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സി.ബി.എസ്‌.ഇ. വിദ്യാര്‍ഥികള്‍ക്ക്‌ തുല്യരായി ഭാവിയില്‍ പരിഗണിക്കപ്പെടും. മറ്റു സംസ്ഥാനങ്ങളില്‍ മദ്രസ്സ ബോര്‍ഡുകള്‍ നിലവില്‍ വരുന്നതോടെ അവിടങ്ങളിലെ മദ്രസ്സ വിദ്യാര്‍ഥികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

ഈ നയം മുസ്‌ലിം സമുദായത്തിന്‌ ഗുണകരമാണെന്നു പ്രത്യക്ഷത്തില്‍ തോന്നാം. തൊഴിലിനും ഉപരിപഠനത്തിനും പരിഗണിക്കാന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക്‌ പകരം മദ്രസ്സ സര്‍ട്ടിഫിക്കറ്റുകള്‍ മതി എന്നുവരുന്നത്‌ ഒട്ടേറെ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക്‌ പ്രയോജനകരമാവുമല്ലോ എന്നാവും കരുതുന്നത്‌. ഇത്തരം ഒരു ശുപാര്‍ശ സച്ചാര്‍ കമ്മിറ്റി നല്‍കിയപ്പോള്‍ ആ കമ്മിറ്റിയുടെയും ചിന്ത ഇതേ വഴിക്കാകും പോയിരിക്കുക. പക്ഷേ, ഒരു വസ്‌തുത ഇവിടെ വിസ്‌മരിക്കുകയോ വിഗണിക്കുകയോ ചെയ്യുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അധ്യേതാക്കള്‍ക്ക്‌ അറിവ്‌ പകരുക മാത്രമല്ല; അധ്യേതാക്കളുടെ മനസ്സിനെ രൂപപ്പെടുത്തുന്നതില്‍, അവരുടെ അഭിവീക്ഷണങ്ങളെ നിര്‍ണയിക്കുന്നതില്‍, സുപ്രധാന പങ്കു വഹിക്കുക കൂടി ചെയ്യുന്നുണ്ട്‌.

വ്യത്യസ്‌ത മതപശ്ചാത്തലങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ഥികള്‍ ഒന്നിച്ചു പഠിക്കുന്ന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠിതാക്കള്‍ക്ക്‌ നല്‍കുന്ന ലോകവീക്ഷണമാവില്ല, പ്രത്യേക മതത്തിന്റെ നിയന്ത്രണത്തിലുള്ളതും പ്രത്യേകമതത്തില്‍പെട്ടവര്‍ മാത്രം പഠിക്കുന്നതുമായ സ്ഥാപനങ്ങളില്‍ ശിക്ഷണം നേടുന്നവര്‍ സ്വാംശീകരിക്കുന്ന ലോകവീക്ഷണം. പൊതുവിദ്യാലയങ്ങള്‍ മതനിരപേക്ഷ ബഹുസ്വരലോകവിക്ഷണം പ്രദാനം ചെയ്യുമ്പോള്‍ മതകേന്ദ്രീകൃത വിദ്യാലയങ്ങള്‍ ഏക മതാധിഷ്‌ഠിത ഏക സമുദായാധിഷ്‌ഠിത ലോകവീക്ഷണമാണ്‌ പകരുക. അത്‌ സങ്കുചിതവും അസഹിഷ്‌ണുതാപരവുമാകാനുള്ള സാധ്യത ഏറെയാണ്‌.

ഇവിടെ ഒരു സംശയം ഉയരാം. ക്രൈസ്‌തവ മിഷണറിമാര്‍ സ്ഥാപിച്ചതും പല ക്രൈസ്‌തവ സഭകളും നടത്തിപ്പോരുന്നതുമായ വിദ്യാലയങ്ങള്‍ ഇവിടെയുണ്ട്‌. അതുപോലെ ആര്യസമാജം പോലുള്ള സംഘടനകള്‍ക്ക്‌ കീഴിലുമുണ്ട്‌. അവ അനഭിലഷണീയമല്ലെങ്കില്‍ മദ്രസ്സ ബോര്‍ഡും അതിനു കീഴിലുള്ള വിദ്യാലയങ്ങളും മാത്രം എങ്ങനെ അനഭിലഷണീയമാകും? ഇവ രണ്ടും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ടെന്നതാണ്‌ ശ്രദ്ധിക്കപ്പെടേണ്ടത്‌.

ക്രൈസ്‌തവ സഭകളോ ആര്യസമാജമോ ചില മുസ്‌ലിം മത സമുദായ സംഘടനകള്‍ തന്നെയോ നടത്തുന്ന വിദ്യാലയങ്ങള്‍ പിന്തുടരുന്നത്‌ പൊതു വിദ്യാലയങ്ങളുടെ അതേ പാഠ്യപദ്ധതിയാണ്‌. അതുകൊണ്ടുതന്നെ അത്തരം വിദ്യാലയങ്ങളിലെ വിദ്യാര്‍ഥി സമൂഹം മതേതരമാണ്‌. വ്യത്യസ്‌ത മതസമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ അവിടങ്ങളില്‍ പഠിക്കുന്നു. മദ്രസ്സകളുടെ അവസ്ഥ അതല്ല. സച്ചാര്‍ സമിതിയും സര്‍ക്കാറും നിര്‍ദേശിക്കുന്നത്‌ പോലെ ഭൗതികശാസ്‌ത്രങ്ങളും സാമൂഹിക ശാസ്‌ത്രങ്ങളും കൂടി ഉള്‍പ്പെട്ട ഒരു പാഠ്യപദ്ധതി അവിടെ നടപ്പാക്കിയാല്‍ പോലും മുസ്‌ലിം മതപഠനത്തിന്‌ പ്രാമുഖ്യം നല്‍കുന്ന ആ സ്ഥാപനങ്ങള്‍ അന്യമതസ്ഥര്‍ക്ക്‌ സ്വീകാര്യമാവില്ല. വിവിധ മതങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികളുടെ സങ്കലനം അവിടങ്ങളില്‍ ഉണ്ടാവില്ല.

ഒരു ബഹുസ്വര സമൂഹത്തില്‍ വ്യത്യസ്‌ത മത ജാതി സംസ്‌കാര പശ്ചാത്തലങ്ങളില്‍ നിന്നുവരുന്ന വിദ്യാര്‍ഥികളുടെ കൂടിക്കലരല്‍ സംഭവിക്കണം. സര്‍ക്കാര്‍ സ്‌കൂളുകളിലായാലും പൊതുവിദ്യാഭ്യാസ പദ്ധതി പിന്തുടരുന്ന സ്വകാര്യ സ്‌കൂളുകളിലായാലും അത്തരം സങ്കലനം ഇപ്പോള്‍ നടക്കുന്നുണ്ട്‌. വിവിധ മതസമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ ഒരുമിച്ച്‌ പഠിക്കുമ്പോള്‍ അവര്‍ തമ്മില്‍ ആശയവിനിമയം മാത്രമല്ല, സാംസ്‌കാരികമായ ആദാനപ്രദാനവും നടക്കുന്നു. മതഭിന്നതകള്‍ മാറ്റിവെച്ച്‌ പരസ്‌പരം മനസ്സിലാക്കാനും സാമൂഹികമായി തങ്ങള്‍ അഭിന്നരാണെന്ന്‌ ഗ്രഹിക്കാനും അവര്‍ക്ക്‌ വഴിയൊരുങ്ങുന്നു. ഒരു പ്രത്യേക മതത്തിന്റെയോ ജാതിയുടേയോ സംസ്‌കാരം എന്നതില്‍ നിന്നു ദേശത്തിന്റെ സംസ്‌കാരം എന്ന കാഴ്‌ചപ്പാടിലേക്ക്‌ അവര്‍ വളരുന്നു. മതസംസ്‌കാരത്തിന്റെ ഇടുക്കങ്ങളില്‍ നിന്ന്‌ മതേതര സംസ്‌കാരത്തിന്റെ വിശാലതയിലേക്ക്‌ കടന്നുപോകാന്‍ അത്തരം സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ പ്രാപ്‌തരാകുന്നു.

എന്തെല്ലാം കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും നമ്മുടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാംസ്‌കാരിക സംശ്ലേഷണത്തിന്റെ വേദികളാണെന്നത്‌ നിസ്‌തര്‍ക്കമാണ്‌. ഹൈന്ദവ ഇസ്‌ലാമിക ക്രൈസ്‌തവ സംസ്‌കാരങ്ങള്‍ അവിടെ സംഗമിക്കുന്നു. ശക്തമായ ഒരു മതനിരപേക്ഷ സമൂഹമാണ്‌ നമ്മുടെ ലക്ഷ്യമെങ്കില്‍ അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്‌ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്‌. ഹിന്ദുക്കള്‍ മാത്രമോ മുസ്‌ലിങ്ങള്‍ മാത്രമോ ക്രൈസ്‌തവര്‍ മാത്രമോ പഠിക്കുന്ന സ്ഥാപനങ്ങള്‍ അന്തിമവിശകലനത്തില്‍ സാംസ്‌കാരിക വിഭജനം സൃഷ്‌ടിക്കുന്നതിലേക്കാണ്‌ നയിക്കുക. പൊതുതിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട്‌ ഏതെങ്കിലും മതവിഭാഗത്തെ പ്രീണിപ്പിക്കാന്‍ ഉപയോഗിക്കേണ്ട ഉപകരണമായിക്കൂടാ വിദ്യാഭ്യാസം. മുസ്‌ലിം സമുദായത്തിന്റെ ക്ഷേമവും പുരോഗതിയുമാണ്‌ ലക്ഷ്യമെങ്കില്‍ ചെയ്യേണ്ടത്‌ മുസ്‌ലിങ്ങളെ മതേതരസമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരികയാണ്‌. ആ ലക്ഷ്യം നേടാന്‍ വിദ്യാഭ്യാസരംഗത്ത്‌ സര്‍ക്കാറിന്‌ ഏറ്റെടുക്കാവുന്ന ദൗത്യം ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുഴുസമയ വിദ്യാലയങ്ങളായി പ്രവര്‍ത്തിക്കുന്ന മദ്രസ്സകളില്‍ നിന്ന്‌ മുസ്‌ലിങ്ങളെ പൊതുവിദ്യാലയങ്ങളിലേക്ക്‌ വിമോചിപ്പിക്കുക എന്നതത്രേ.

[മാതൃഭൂമി പത്രത്തോട് കടപ്പാട്]

ഒരു ബഹുസ്വര സമൂഹത്തില്‍ വ്യത്യസ്‌ത മത ജാതി സംസ്‌കാര പശ്ചാത്തലങ്ങളില്‍ നിന്നുവരുന്ന വിദ്യാര്‍ഥികളുടെ കൂടിക്കലരല്‍ സംഭവിക്കണം. മുസ്‌ലിം സമുദായത്തിന്റെ
ക്ഷേമവും പുരോഗതിയുമാണ്‌ ലക്ഷ്യമെങ്കില്‍ ചെയ്യേണ്ടത്‌
മുസ്‌ലിങ്ങളെ മതേതരസമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരികയാണ്‌

Tuesday, January 6, 2009

ഇഹലോകത്ത് തല്ലും പരലോകത്ത് തിയ്യും!


“അബൂസ ഈദുല്‍ ഖുദ് രി പറയുന്നു: ഒരിക്കല്‍ തിരുമേനി പെരുന്നാള്‍ ദിവസം നമസ്കാര മൈതാനത്ത് സ്ത്രീകളുടെ അടുത്തേക്കു വന്നു. അവിടെ വെച്ച് അരുളി: സ്ത്രീ സമൂഹമേ, നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുക. നരകവാസികളില്‍ അധികപേരും സ്തീകളായിട്ടാണു ഞാന്‍ കണ്ടിട്ടുള്ളത്. “തിരുമേനീ , എന്താണങ്ങനെ സംഭവിക്കാന്‍ കാരണം?” ആ സ്ത്രീകള്‍ ചോദിച്ചു. തിരുമേനി അരുളി: അവര്‍ മറ്റുള്ളവരെ കൂടുതല്‍ ശപിച്ചുകൊണ്ടും ശകാരിച്ചുകൊണ്ടുമിരിക്കും. മാത്രമല്ല, ഭര്‍ത്താക്കന്മാരോടു നന്ദികേടു കാണിക്കുകയും ചെയ്യും. ദൃഢചിത്തരായ പുരുഷന്മാരുടെ ഹൃദയങ്ങളെ ഇളക്കാന്‍ ബുദ്ധിയും ദീനും കുറഞ്ഞ നിങ്ങളെക്കാള്‍ കഴിവുള്ളവരെ ഞാന്‍ കണ്ടിട്ടില്ല. സ്ത്രീകള്‍ ചോദിച്ചു: “തിരുമേനീ, ബുദ്ധിയിലും ദീനിലും ഞങ്ങള്‍ക്കെന്താണു കുറവ്?” തിരുമേനി അരുളി: സ്ത്രീയുടെ സാക്ഷ്യത്തിനു അര പുരുഷന്റെ സാക്ഷ്യത്തിന്റെ മൂല്യമല്ലേ ദൈവം കല്‍പ്പിക്കുന്നുള്ളു. .. അവര്‍ക്കു ബുദ്ധി കുറവാണെന്നതിന്റെ ലക്ഷണമാണത്. ആര്‍ത്തവമുണ്ടായാല്‍ സ്ത്രീകള്‍ നമസ്കാരവും നോമ്പും ഉപേക്ഷിക്കുന്നില്ലേ? അവര്‍ക്ക് ദീന്‍ കുറവായതിന്റെ ലക്ഷണമാണത്.”

[ബുഖാരി 203- സി എന്‍ പരിഭാഷ]

ഇബ് നു അബ്ബാസ് നിവേദനം ചെയ്ത സൂര്യഗ്രഹണ സമയത്തെ നമസ്കാരം സംബന്ധിച്ച ഹദീസില്‍നിന്ന്: “ദൈവദൂതരേ അങ്ങ് നമസ്കാരവേളയില്‍ എന്തോ നീട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നപോലെ കൈകള്‍ നീട്ടുന്നതും പിന്നെ പുറകോട്ടു മാറുന്നതും ഞങ്ങള്‍ കണ്ടല്ലോ എന്ന് അനുചരന്മാര്‍ ചോദിച്ചു. തിരുമേനി അരുളി: “ഞാന്‍ ആ നില്‍പ്പില്‍ സ്വര്‍ഗ്ഗം കണ്ടു. സ്വര്‍ഗ്ഗത്തിലെ ഒരു മുന്തിരിക്കുല പിടിക്കാന്‍ കൈ നീട്ടി. ഞാനതു കരസ്ഥമാക്കി കൊണ്ടു വന്നിരുന്നെങ്കില്‍ ലോകം നിലനില്‍ക്കുന്ന കാലമത്രയും നിങ്ങള്‍ക്കതില്‍നിന്നും ഭക്ഷിക്കുവാന്‍ കഴിയുമായിരുന്നു. ഞാന്‍ നരകത്തെയും കണ്ടു. ഞാന്‍ കണ്ട പോലുള്ള ഭയാനകമായ ഒരു കാഴ്ച്ച ഇതിനു മുമ്പ് കണ്ടിട്ടില്ല. നരകവാസികള്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. “ദൈവദൂതരേ എന്താണതിനു കാരണം” എന്നു അനുചരന്മാര്‍ ചോദിച്ചു. തിരുമേനി അരുളി: “കാരണം സ്ത്രീകളുടെ നിഷേധ സ്വഭാവം തന്നെ. “സ്ത്രീകള്‍ അല്ലാഹുവിനെ നിഷേധിക്കുന്നുണ്ടോ?” തിരുമേനി അരുളി: “ഭര്‍ത്താക്കന്മാരോടും അവര്‍ ചെയ്തുകൊടുക്കുന്ന ഔദാര്യങ്ങളോടും സ്ത്രീകള്‍ നന്ദികേടു കാണിക്കും. അതാണവരുടെ നിഷേധ സ്വഭാവം. ജീവിതകാലം മുഴുവനും നീ ഒരു സ്ത്രീയോട് ഔദാര്യം കാണിച്ചു . എന്നിട്ട് ഒരിക്കല്‍ അവള്‍ ഇഷ്ടപ്പെടാത്തത് നിന്നില്‍നിന്നു സംഭവിച്ചു. എങ്കില്‍ ‘നിങ്ങളില്‍നിന്ന് ഇക്കാലമത്രയും ഒരു നന്മയും എനിക്കു ലഭിച്ചിട്ടേയില്ല’ എന്ന് അവള്‍ പറയും.” [ബുഖാരി-545, ]


സ്ത്രീകള്‍ ദുശ്ശകുനമാണെന്നും, സ്ത്രീകളില്‍ സത്സ്വഭാവികള്‍ തീരെയില്ലെന്നും അവരെ ഭരണമേല്‍പ്പിച്ചാല്‍ നാടു മുടിയുമെന്നുമൊക്കെ തിരുമേനി പല സന്ദര്‍ഭങ്ങളിലായി അരുളിയിട്ടുണ്ട്.!

ഭര്‍ത്താക്കന്മാരോടുള്ള അനുസരണക്കേടു കാരണം ഇഹലോകത്തെ തല്ലിനു പുറമെ പരലോകത്തെ നരകവും സ്ത്രീകള്‍ക്കുറപ്പാണ്. കൂടാതെ ബുദ്ധിയും ദീനും കുറവായതിനാലുള്ള ശിക്ഷയും ! ബുദ്ധി കുറവായതു സ്ത്രീയുടെ കുറ്റം കൊണ്ടല്ലെങ്കിലും അതിനും അവള്‍ ശിക്ഷ അനുഭവിക്കണം. ദീന്‍ [മതപരമായ പുണ്യങ്ങള്‍] കുറവായത് ആര്‍ത്തവം, പ്രസവം തുടങ്ങിയ കാരണങ്ങളാലാണ്. അതും അവളുടെ കുറ്റം തന്നെ!

സ്ത്രീകള്‍ക്കു ബുദ്ധി കുറവാണെന്നും അവരുടെ സാക്ഷ്യത്തിനു പുരുഷന്റെ സാക്ഷ്യതന്റെ പകുതി മൂല്യമേയുള്ളുവെന്നും നിശ്ചയിച്ചത് ആരാണ്? ദൈവമോ ദൂതനോ? ആരായാലും അതൊരു ബുദ്ധിശൂന്യതയായിപ്പോയില്ലേ എന്നാണെന്റെ സംശയം!
ബുദ്ധിയും പ്രാപ്തിയുമുള്ളവര്‍ സ്ത്രീകളിലും പുരുഷന്മാരിലുമുണ്ട്. മന്ദബുദ്ധികളും ഇരു കൂട്ടരിലുമുണ്ട്. സ്ത്രീകളൊക്കെ ബുദ്ധിശൂന്യരാണെന്ന സാമാന്യവല്‍ക്കരണം മുഹമ്മദിന്റെ മുന്‍ വിധിയോ തെറ്റിദ്ധാരണയോ മൂലം ഉണ്ടായതായിരിക്കാം. മുഹമ്മദ് ചിന്തിക്കുന്നതൊക്കെ ശരി വെക്കാനല്ലേ അദ്ദേഹത്തിന്റെ ദൈവത്തിനും കഴിയൂ!

ഒരു ദൈവവും ദൂതനും ഇത്തരം കാര്യങ്ങളൊക്കെ പറയുമ്പോള്‍ അല്‍പ്പം കൂടി യാഥാര്‍ത്ഥ്യബോധവും വിവേകവും കാണിക്കേണ്ടതായിരുന്നു.! കാരണം ഇത്തരം നിലപാടുകള്‍ മൂലമാണ് ഈ സമുദായം ഇങ്ങനെയൊക്കെയായിത്തീര്‍ന്നത്. കോടിക്കണക്കിനു മനുഷ്യസ്ത്രീകള്‍ക്കു സാമൂഹ്യജീവിതത്തിന്റെ പുറം ലോകം നിഷേധിക്കപ്പെട്ടത്!!

Thursday, January 1, 2009

ഭാര്യയെ തല്ലണമെന്നു ഖുര്‍ ആന്‍....ചര്‍ച്ച തുടരുന്നു...

യുക്തിവാദികളെക്കാള്‍ ഭാര്യയെ തല്ലുന്നവരാണു മുസ്ലിങ്ങളെന്ന് ജബ്ബാര്‍ മാഷിനു ഏത് സ്റ്റാറ്റിസ്റ്റിക്സ് വെച്ച് തെളിയിക്കാന്‍ കഴിയും?

അങ്ങനെ പറഞ്ഞെങ്കിലല്ലേ സ്റ്റാറ്റിസ്റ്റിക്കുമായി വരേണ്ടതുള്ളു. പറഞ്ഞതിനു മറുവാദമില്ലെങ്കില്‍ പിന്നെ പറയാത്തതു പറഞ്ഞെന്നു ആരോപിച്ചു മറുപടി പറ്യേണ്ടി വരും. അതു സ്വാഭാവികം.
ഞാന്‍ പറഞ്ഞതും പറഞ്ഞുകൊണ്ടിരുന്നതും ഇനിയും പറയാന്‍ പോകുന്നതും ഇതാണ് :-
ഖുര്‍ ആന്‍ ദൈവം പറഞ്ഞതോ എഴുതിയതോ ഇറക്കിയതോ ആയ ഒരു കൃതിയല്ല. അതു മനുഷ്യന്റെ രചനയാണ്.
അതിനുള്ള തെളിവ് അതിന്റെ ഉള്ളടക്കം തന്നെ. ആറാം നൂറ്റാണ്ടിലെ അപരിഷ്കൃതരായ നാടോടി അറബികളുടെ ഗോത്ര മൂല്യങ്ങളാണ് അതില്‍ പ്രതിഫലിക്കുന്നത്. അടിമപ്പെണ്ണിനെ യജമാനനു ലൈംഗികാവശ്യത്തിനുപയോഗിക്കാമെന്ന് ആ ഗ്രന്ഥം പറയുന്നു. സ്ത്രീ പുരുഷന്റെ കൃഷിസ്ഥലമാണെന്നു പറയുന്നു. ഭാര്യയെ അടിക്കാമെന്നു പറയുന്നു. ഇതൊന്നും സംസ്കാരമുള്ള ഒരു മനുഷ്യനും ഇന്നത്തെ കാലത്ത് അംഗീകരിക്കാന്‍ കഴിയാത്തതും പ്രാകൃതവുമായ കാര്യങ്ങളാണ്. അതുകൊണ്ടു തന്നെ ഈ ഗ്രന്ഥം ദൈവത്തിന്റെയല്ല. മനുഷ്യന്റെയാണെങ്കില്‍ അതിനെ നാം കുറ്റപ്പെടുത്തേണ്ടതുമില്ല. കാരണം അതെഴുതപ്പെട്ട കാലഘട്ടത്തില്‍ ഇപ്പറഞ്ഞ കാര്യങ്ങളൊന്നും നാമിന്നു കരുതുന്നപോലെ മോശപ്പെട്ട കാ‍ര്യങ്ങളായിരുന്നില്ല. അതുകൊണ്ടു തന്നെയാണ് ഇതെല്ലാം വളച്ചുകെട്ടില്ലാതെ ഈ മതഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തി വെച്ചതും. ഇന്നു പക്ഷെ മതവക്താക്കളെ‍ ഇതെല്ലാം വളരെയേറെ അലോസരപ്പെടുത്തുന്നു. അതിന്റെ പ്രത്യക്ഷമായ പ്രകടനങ്ങളാണ് ഇവിടെയും നടക്കുന്നത്.
മുസ്ലിംങ്ങളെല്ലാം ആറാം നൂറ്റാണ്ടിന്റെ സദാചാരം ഉള്‍ക്കൊണ്ടല്ല ഇന്നു ജീവിക്കുന്നത്. അവര്‍ ജീവിക്കുന്ന കാലഘട്ടത്തിന്റെ നീതിബോധവും സംസ്കാരവും അവരും ആര്‍ജ്ജിച്ചിട്ടുണ്ട്. അതുകൊണ്ട് ഇന്ന് ഭാര്യയെ തല്ലുന്നവര്‍ അവരിലും കുറവായിരിക്കും. പക്ഷെ ഖുര്‍ ആനിന്റെ രക്ഷകരായി ചമയാന്‍ വിധിക്കപ്പെട്ടവര്‍ ഇത്തരം സംസ്കാരശൂന്യതകളെപ്പോലും സങ്കോചമില്ലാതെ ന്യായീകരിക്കുന്നു. അതവരുടെ ദുര്യോഗം എന്നേ പറയേണ്ടു.
കുടുംബ ബന്ധങ്ങളിലും ദാമ്പത്യ ബന്ധങ്ങളിലുമൊക്കെ താരതമ്യേന മുസ്ലിംങ്ങള്‍ ഇന്നും പിന്നിലാണെന്നത് സത്യമല്ലേ? പെണ്‍കുട്ടികളെ ഇളം പ്രായത്തില്‍ കല്യാണം കഴിച്ചയക്കുകയും വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്യുന്നു. അതു കൊണ്ടു തന്നെയാണ് ഈ സമുദായത്തില്‍ ജനിക്കുന്ന ആണ്‍കുട്ടികളും സാംസ്കാരികമായും വിദ്യാഭ്യാസപരമായുമൊക്കെ പിന്നിലാകുന്നത്. അതൊക്കെ തുറന്നു പറയുന്നത് വിദ്വേഷംകൊണ്ടാണെന്നൊക്കെ വ്യാഖ്യാനിക്കുന്നവരോടു സഹതപിക്കുകയേ നിര്‍വ്വാഹമുള്ളു.
മതം മനുഷ്യന്‍ ഉണ്ടാക്കിയതാണ് അതില്‍ കാലഹരണപ്പെട്ട മൂല്യങ്ങളുണ്ട്. അവയെ അടയിരുന്നു സംരക്ഷിക്കാനല്ല, കാലോചിതമായി നവീകരിക്കാനാണു നാം ശ്രമിക്കേണ്ടത്. ഇതാണു പറയാന്‍ ശ്രമിക്കുന്നത്. അതിനിയും പറഞ്ഞുകൊണ്ടേയിരിക്കും. ചര്‍ച്ച സജീവമാക്കുന്ന എല്ല സുഹൃത്തുക്കള്‍ക്കും, നന്ദി. പ്രത്യേകിച്ച് നിത്യസാക്ഷിക്കും ഇസ്ലാം വിചാരത്തിനും വളരെ നന്ദി. പുതു വത്സരാശംസകള്‍ !
മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.