ജബ്ബാര്‍ മാഷ് വരുമെന്ന് തോന്നുന്നില്ല.എന്തെങ്കിലുമൊക്കെ പോസ്റ്റിടണമെന്നല്ലാതെ ചോദ്യങ്ങള്‍ക്ക് മറൂപടീ പറയുന്ന ശീലം അദ്ദേഹത്തിനില്ലല്ലോ.
ജബ്ബാര്‍മാഷ് ഒന്നിനും മറുപടി പറയില്ല.
ശരിയാണ്; ഞാനൊന്നിനും മറുപടി പറയില്ല. കാരണം എനിക്കു വേണ്ടത് പല്ലികളെയാണ്.
[ഒരു പല്ലിയെ കൊന്നാല്‍ ഒരു ഹജ്ജിന്റെ ‘കൂലി’യാണെന്നു നബിവചനം ! ഒരു ഹജ്ജു ചെയ്താല്‍ അതു വരെ ചെയ്ത പാപങ്ങളെല്ലാം പൊറുക്കപ്പെടുകയും ചെയ്യും !!]
പല്ലികള്‍ വാലു മുറിച്ചിടുന്നതിന്റെ സൂത്രം എനിക്കു നന്നായി അറിയാം. അതിനാല്‍ ‘വാല്‍ എത്ര കിടന്നു പിടച്ചാലും ഞാനതിന്റെ മേല്‍ ചാടി വീഴത്തില്ല.! വാലിനു കൂലിയില്ലല്ലോ!
പര്‍ദ്ദാ ചര്‍ച്ചയില്‍ ഞാന്‍ വന്നത് അതിന്റെ തുണിക്കഷണം മുറിച്ചെടുത്ത് ഊടും പാവും പരിശോധിക്കാനായിരുന്നില്ല. ഒരു വസ്ത്രം എന്ന നിലയില്‍ പര്‍ദ്ദയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എനിക്കൊട്ടും താല്‍പ്പര്യമില്ലെന്നു പല തവണ പറഞ്ഞതാണ്.
പിന്നെയൊ?
പര്‍ദ്ദ പര്‍ദ്ദ എന്നു കൂകി വിളിക്കുന്നവരുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ലിംഗസങ്കല്‍പ്പം ‘അഥവാ ഇസ്ലാമിന്റെ സ്ത്രീ സങ്കല്‍പ്പം എന്ത് ? എന്ന വിഷയം ചര്‍ച്ച ചെയ്യാനാണ് എനിക്കു താല്‍പ്പര്യം. അതുമായി ബന്ധപ്പെട്ട കാര്യങ്ങളാണു ഞാന്‍ എന്റെ പോസ്റ്റില്‍ എഴുതിയിരുന്നത്. മുഖ്യവിഷയങ്ങളിലൊന്നും ചര്‍ച്ച കാണാത്തതിനാല്‍ പോഇന്റുകള്‍ അക്കമിട്ടു നിരത്തിക്കൊണ്ട് വീണ്ടും കമന്റും ഇട്ടു.
അതിങ്ങനെയായിരുന്നു..
ഇത് ഒരു വസ്ത്രത്തിന്റെ പ്രശ്നമേയല്ല.....
സ്ത്രീയെ സാമൂഹ്യ ജീവിതത്തിന്റെ പുറം ലോകത്തുനിന്നും കരി പിടിച്ച അകത്തളങ്ങളില്‍ കെട്ടിയിടാനാഗ്രഹിക്കുന്ന ആണ്‍കോയ്മാ സംസ്കാരത്തിന്റെ പ്രതീകം എന്ന നിലയ്ക്കു തന്നെയാണ് പര്‍ദ്ദ ചര്‍ച്ച ചെയ്യപ്പെടേണ്ടത്.
കേരളത്തിലെ ഇസ്ലാമിക പ്രബോധകര്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലത്തിനിടയ്ക്ക് ഏറ്റവുമധികം ഊര്‍ജ്ജവും സമയവും ചെലവഴിച്ചിട്ടുള്ളത് സ്ത്രീകളുടെ വസ്ത്രധാരണത്തെ അധികരിച്ചുള്ള ബോധവല്‍ക്കരണത്തിനായിരുന്നു.
മലപ്പുറം ജില്ലയില്‍ അടുത്ത കാലത്തുണ്ടായ രണ്ടു ബലാത്സംഗ കൊലപാതകങ്ങള്‍ ഈ വാദത്തിന്റെ അര്‍ത്ഥശൂന്യത വെളിപ്പെടുത്തുന്നതാണ്. മങ്കടയിലും കൊണ്ടോട്ടിയിലും ക്രൂരമായ ബലാത്സംഗത്തിനു ശേഷം കൊല്ലപ്പെട്ട രണ്ടു മുസ്ലിം പെണ്‍ കുട്ടികളും ശരീരം പൂര്‍ണമായും മറയുന്ന ‘മാന്യമായ’ വസ്ത്രം ധരിച്ചു മാത്രമേ പുറത്തിറങ്ങാറുണ്ടായിരുന്നുള്ളു. കന്യാസ്ത്രീകള്‍ പോലും ലൈംഗിക പീഡനത്തിനിരയാകുന്നത് പെണ്ണിന്റെ വസ്ത്രത്തിലെ പോരായ്മ കൊണ്ടല്ല; ആണിന്റെ സംസ്കാരത്തിലെ പോരായ്മ കൊണ്ടാണ്
കാളകളെ നിയന്ത്രിക്കാന്‍ പശുക്കളെ പൊതിഞ്ഞു കെട്ടി വെക്കണമെന്ന യുക്തി മനുഷ്യത്വത്തിനു ചേര്‍ന്നതല്ല
തലമുടി കെട്ടിപ്പൊതിയാത്ത സ്ത്രീ വേഷങ്ങള്‍ക്കൊന്നും മാന്യതയില്ല എന്ന ഈ വ്യംഗ്യപ്രയോഗം മര്യാദ കെട്ടതും മറ്റുള്ളവരെ അവഹേളിക്കുന്നതുമാണ്.
തലമുടി പോലും നഗ്നതയാണെന്നും അതു മറയ്ക്കാനുപദേശിച്ചതു ധാര്‍മ്മികത നിലനിര്‍ത്താനാണെന്നും വാദിക്കുന്ന മതവക്താക്കള്‍ക്ക് , അടിമപ്പെണ്ണിന്റെ മാറിടം പോലും ഔറത്തല്ല എന്നു വിധിക്കുന്ന മതധാര്‍മ്മികതയെക്കുറിച്ച് എന്താണു പറയാനുള്ളത്?
താന്‍ ഒരു ശരീരം മാത്രമാണെന്നും വ്യക്തിത്വവും പൌരത്വവുമുള്ള ഒരു മനുഷ്യജീവിയല്ലെന്നും അവളെ സദാ ഓര്‍മ്മിപ്പിക്കുക എന്നതു തന്നെയാണു പര്‍ദ്ദയുടെ യഥാര്‍ത്ഥ ദൌത്യം.
പര്‍ദ്ദയണിയിക്കുന്നതിനായുള്ള ബോധവല്‍ക്കരണത്തിന് സമുദായം ചെലവഴിച്ച വിഭവങ്ങളുടെ പത്തിലൊന്നെങ്കിലും സമുദായത്തിന്റെ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനകാരണങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും ചെലവഴിച്ചിരുന്നെങ്കില്‍ ഈ സമുദായമെന്നേ നന്നായിപ്പോയേനേ!
എന്നിട്ടും ചര്‍ച്ച വന്നില്ല. മാത്രമല്ല വിഷയം വസ്ത്രത്തിലൊതുക്കാനും മറ്റു കാര്യങ്ങളിലേക്കു വലിച്ചു കൊണ്ടു പോകാനും ഇസ്ലാം വിചാരക്കാര്‍ ശ്രമിച്ചുകൊണ്ടുമിരുന്നു. അങ്ങനെയാണു ഇറാനിലും ഫ്രാന്‍സിലും ഗ്വാണ്ടനാമൊയിലും ഒറീസ്സയിലുമൊക്കെയായി നമുക്കു ചുറ്റിത്തിരിയേണ്ടി വന്നത്.
‘ഇറാനിലെ പര്‍ദ്ദയും സൌദിയിലെ പര്‍ദ്ദയും, എന്ന തലക്കെട്ടിന്റെ പൊരുള്‍ പോലും മനസ്സിലാക്കാതെയാണു പലരും അഭിപ്രായങ്ങള്‍ പറഞ്ഞത്. ഇറാനില്‍ പെണ്ണുങ്ങള്‍ ധരിക്കുന്ന കുപ്പായവും സൌദിയിലെ കുപ്പായവും താരതമ്യം ചെയ്യലായിരുന്നില്ല എന്റെ ലക്ഷ്യം. ആ രണ്ടു രാജ്യങ്ങളിലെയും സാമൂഹികവും സസ്കാരപരവും രാഷ്ട്രീയപരവുമായ വ്യത്യാസങ്ങള്‍ പരിഗണിക്കാതെ രണ്ടിടത്തുമുള്ള ഇസ്ലാമിനെ ഒന്നായിക്കാണാനാവില്ല എന്നു പറയാനാണു ശ്രമിച്ചത്. അതിനുള്ള ഉദാഹരണവും ചൂണ്ടിക്കാണിച്ചിരുന്നു.
സ്ത്രീയ്ക്കും പുരുഷനും തുല്യ സ്വത്തവകാശം നല്‍കുമെന്നു തെരജ്ഞെടുപ്പു വാഗ്ദാനം നല്‍കിയ പാര്‍ട്ടിക്കു 80% ജനങ്ങള്‍ അവിടെ വോട്ടു നല്‍കി. ഒരു മതേതര രാജ്യമായ ഇന്ത്യയിലെ മുസ്ലിംങ്ങള്‍ക്കു പോലും ചിന്തിക്കാന്‍ കഴിയാത്തതാണത്. കാരണം പെണ്ണിനു സ്വത്തവകാശം പകുതി എന്നത് ഖുര്‍ ആനിലെ നിയമമാണ്. ബഹുഭാര്യത്വത്തിനു നിയന്ത്രണം വേണമെന്നു പറയുമ്പൊഴേക്കും തെരുവില്‍ ചോര ചിന്താന്‍ ഇറങ്ങുന്ന സമുദായനേതൃത്വമാണിവിടെയുള്ളത്.
ഏതെങ്കിലും മുസ്ലിം രാജ്യത്ത് ഇസ്ലാം നിയമങ്ങളെ മറി കടന്നുകൊണ്ട് സ്ത്രീകള്‍ വല്ല പുരോഗതിയും കൈവരിച്ചിട്ടുണ്ടെങ്കില്‍ അത് ഇസ്ലാമിന്റെ അക്കൌണ്ടില്‍ വരവു വെക്കുകയും യഥാര്‍ത്ഥ ഇസ്ലാം നിയമങ്ങള്‍ നടപ്പിലാക്കുന്ന രാജ്യങ്ങളിലെ പിന്നക്കാവസ്ഥ ഇസ്ലാമുമായി ബന്ധപ്പെട്ടതല്ല എന്നു സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കാപട്യമാണു നമ്മള്‍ കാണുന്നത്. സൌദിയിലും ഇറാനിലും സ്ത്രീകള്‍ പുറത്തിറങ്ങുകയും ജോലി ചെയ്യുകയുമൊക്കെ ചെയ്യുന്നുവെങ്കില്‍ അവിടെയും ഇസ്ലാം കാലഹരണപ്പെട്ടു തുടങ്ങി എന്നാണു മനസ്സിലാക്കേണ്ടത്. ഇസ്ലാമില്‍ സ്ത്രീയ്ക്കു പുറത്തിറങ്ങാമോ എന്നന്യേഷിക്കേണ്ടത് ഖുര്‍ ആനിലും ഹദീസിലുമാണ്. അതു നമുക്കു വിശദമായി ചര്‍ച്ച ചെയ്യാം. മൌദൂദിയുടെ ഇസ്ലാം തന്നെ ചര്‍ച്ച ചെയ്യാം!
ഇസ്ലാമിന്റെ സിദ്ധാന്തങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള ജിഹാദീ അക്രമങ്ങളും സ്ത്രീകള്‍ക്കു മേലുള്ള കടന്നാക്രമണങ്ങളുമൊക്കെ അമേരിക്കയുടെയും സംഘപരിവാറിന്റെയുമൊക്കെ കുഴപ്പമാണെന്നു വരുത്തി മതത്തിന്റെ മുഖം രക്ഷിക്കാനാണു മറ്റൊരു ശ്രമം. ഇസ്ലാം എത്രത്തോളം അക്രമപ്രേരണ സൃഷ്ടിക്കുന്നുവെന്നു നമ്മള്‍ മുന്‍പു കാര്യകാരണ സഹിതം വ്യക്തമായ പ്രമാണത്തെളിവു സഹിതം ചര്‍ച്ച ചെയ്തതാണ്. അപ്പോഴൊന്നും ഒരക്ഷരവും കമന്റാതെ മൌനം പാലിച്ചവരാണിപ്പോള്‍ പര്‍ദ്ദ യുടെ പിന്നില്‍ മുഖം മറയ്ക്കാന്‍ നോക്കുന്നത്.
ഇവിടെ വന്ന കമന്റുകളില്‍ വിഷയവുമായി ബന്ധമുള്ള എല്ലാ ന്യായവാദങ്ങള്‍ക്കും മറുപടിയുണ്ട്. ഇസ്ലാം സ്ത്രീയെ എങ്ങനെ കാണുന്നു എന്നു വിശദമാക്കുന്ന പോസ്റ്റ് ഉടന്‍ പ്രതീക്ഷിക്കുക. ഞാന്‍ ഒരു മാസക്കാലത്തേക്കു കൂടി അല്‍പ്പം തിരക്കിലാണ്. ചര്‍ച്ച തുടരട്ടെ...!