“മനുഷ്യര്‍ക്ക് ശാന്തിയും സമാധാനവും ഉണ്ടാക്കാനാണോ ഖുര്‍ ആനില്‍ നിന്ന് സന്ദര്‍ഭത്തില്‍ നിന്നര്‍ടര്‍ത്തിയെടുത്ത വചനങ്ങള്‍ പൊക്കിപ്പിടിച്ച് ഇസ് ലാമും മുസ് ലിങ്ങളും ആളെ കൊല്ലികളുടെ പ്രസ്താനമാണെന്ന് പഠിപ്പിച്ച്, മുസ് ലിങ്ങളെ ആക്രമിക്കുന്നതിന് ഫാസിസ്റ്റുകള്‍ക്ക് സാധൂകരണവും ഊര്‍ജ്ജവും നല്കിക്കൊണ്ടിരിക്കുന്നത്?”`
`യുക്തിവാദം` ബ്ലോഗില്‍ ദൈവത്തെ കുറിച്ചുള്ള ചര്‍ച്ചയാണു നടക്കുന്നത്. ആ വിഷയം വഴി തിരിച്ചു വിടാനായി സലാഹുദ്ദീന് , അബ്ദുല്‍ അലി തുടങ്ങിയ നമ്മുടെ ചില കൂട്ടുകാര്‍ മറ്റു കാര്യങ്ങള്‍ നിരന്തരം ഉന്നയിക്കുന്നുണ്ട്. സലാഹുദ്ദീന്റെ അവസാനത്തെ കുറിപ്പിലെ ഒരു വാചകമാണിത്. ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നു പറഞ്ഞു കൊണ്ടിരിക്കുകയും ഇസ്ലാമിന്റെ പേരില്‍ ലോകത്താകെ നടക്കുന്ന ഭീകരാക്രമണങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ന്യായീകരിക്കാന്‍ മറ്റുള്ളവരെ കുറ്റം പറയുകയുമാണ് എല്ലാ മുസ്ലിം സംഘടനകളും ചെയ്യുന്നത്. ഇക്കാര്യം മുമ്പും ഈ ചര്‍ച്ചയില്‍ പരാമര്ശിക്കപ്പെട്ടിട്ടുള്ളതാണ്.
ഏറ്റവും പുതിയ ഉദാഹരണം തന്നെ നോക്കാം. നന്ദിഗ്രാമിലെ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ പ്രശ്നം പൊക്കിപ്പിടിച്ചുകൊണ്ട് കൊല്‍ക്കത്തയില്‍ സമരം നടത്തിയ ജനങ്ങളെ അവരുടെ ജീവല്‍ പ്രശ്നത്തില്‍നിന്നും മാറ്റി അതുമായി ഒരു ബന്ധവുമില്ലാത്ത തസ്ലീമ പ്രശ്നവുമായി കൂട്ടിക്കുഴച്ച് ജമാ അത്തെ ഇസ്ലാമിയും കൂട്ടാളികളും നടത്തിയ അക്രമ സംഭവം നോക്കൂ. തസ്ലീമ കൊല്‍ക്കത്തയില്‍ താമസിക്കുന്നതാണോ നന്ദിഗ്രാമിലെയും ഇന്‍ഡ്യയിലെ മറ്റു പ്രദേശങ്ങളിലേയും മുസ്ലിംങ്ങളുടെ പ്രശ്നം? ഈ സംഭവത്തിന്റെ പേരില്‍ ഇപ്പോള്‍ കേരളത്തിലെ മതസംഘടനകളും ലീഗു രാഷ്ട്രീയക്കാരുമൊക്കെ നടത്തുന്ന വര്‍ഗ്ഗീയപ്രചാരണം ഇസ്ലാമിന്റെ സമാധാന , ജനാധിപത്യ മുഖഛായക്കു തിളക്കം കൂട്ടുന്ന നടപടിയാണോ? മതവിശ്വാസികള്‍ക്കിവിടെ അഭിപ്രായസ്വാതന്ത്ര്യമില്ലേ എന്നു ചോദിക്കുന്ന സലാഹുദ്ദീനേ, മതമില്ലാത്തവര്‍ക്കും ആ സ്വാതന്ത്ര്യമില്ലേ? മതവികാരം പൊട്ടിയൊലിക്കുന്നു എന്നു കേഴുന്നവര്‍ എന്താ മതേതരവിശ്വാസികള്‍ക്കും വികാരങ്ങളും വിചാരങ്ങളുമൊക്കെയുണ്ടെന്നു അംഗീകരിക്കാത്തത്.?
ഒരു മുസ്ലിം മതനേതാവ് ഇന്നലെ ആവശ്യപ്പെട്ടിരിക്കുന്നത് തസ്ലീമയെ ഇന്ത്യയില്‍ ഇനി നില്ക്കാന് അനുവദിക്കരുത് എന്നാണ്. പ്രവാചകനെ അവഹേളിച്ചതിനാണ് അവരെ ബംഗ്ലാദേശില്‍നിന്നും പുറത്താക്കിയത് എന്നാണു മുസ്ലിയാരുടെ പത്രപ്രസ്താവനയില്‍ വായിച്ചത്. ഇതു ശരിയല്ല. `ലജ്ജ` എന്ന നോവല്‍ എഴുതിയതിനാണ് അവരെ സ്വന്തം നാട്ടില്‍ നിന്നും ഓടിച്ചത്. ആ നോവല്‍ ഞാനും വായിച്ചതാണ്. അതില്‍ പ്രവാചകനെയോ കുര് ആനെയോ അവഹേളിക്കുന്ന യാതൊന്നും ഞാന്‍ കണ്ടിട്ടില്ല. അതിലെ വിഷയം മറ്റൊന്നാണ്. 92ലെ ബാബരി മസ്ജിദ് സംഭവത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ മതന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കെതിരെ നടന്ന അതിക്രൂരമായ ആക്രമങ്ങളുടെ പശ്ചാതലത്തില്‍ , അവിടെ യാതനകള്‍ അനുഭവിക്കേണ്ടി വന്ന ഒരു ഹിന്ദു കുടുംബത്തിന്റെ അനുഭവങ്ങള്‍ ഒരു ഡയരിക്കുറിപ്പു പോലെ ആവിഷ്കരിച്ചതാണ് ലജ്ജ . ന്യൂനപക്ഷ സമൂഹത്തിന്റെ മനുഷ്യാവകാശങ്ങളെക്കുറിച്ചു കഥയെഴുതുന്നത് പ്രവാചകനെ അവഹേളിക്കലാണെന്നു വ്യാഖ്യാനിക്കുന്നത് പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാന്‍ ന്യായീകരണമുണ്ടാക്കലല്ലാതെ മറ്റെന്താണ്.? ബംഗ്ലാദേശില്‍ ഹിന്ദുക്കളെ വംശനാശം വരുത്താനുദ്ദേശിച്ചുള്ള ആക്രമപരംബരകള്‍ക്കു നേതൃത്വം നല്‍കിയത് ഇവിടെ പുരോഗമനത്തിന്റെ ആട്ടിന്തോല് അണിയുന്ന അതേ ജമാ അത്തെ ഇസ്ലാമിയാണെന്ന കാര്യവും നാം അറിയണം.!
ഇന്‍ഡ്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ നടത്തുന്ന കടന്നാക്രമണങ്ങളെ യുക്തി കൊണ്ടും ശക്തി കോണ്ടും ചെറുക്കുന്നത് ഹിന്ദു സമുദായത്തിലെ തന്നെ മതേതരവാദികളും മനുഷ്യസ്നേഹികളുമായ നല്ല മനുഷ്യരാണ്. എന്നാല്‍ മുസ്ലിം രാജ്യങ്ങളില്‍ മറ്റുള്ളവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ തൂലികയെടുത്താലുള്ള അനുഭവമെന്താണെന്ന് തസ്ലീമയുടെ ഇന്നത്തെ അവസ്ഥയില്‍നിന്നും നമുക്കൂഹിക്കാവുന്നതാണല്ലോ. ബംഗ്ലാദേശില്‍ ഈ കാര്യം പറയാന്‍ ഒരു തസ്ലീമ യല്ലാതെ മറ്റാരും തയ്യാറാവാതിരുന്നതെന്തുകൊണ്ട്? സലാഹുദ്ദീനെപ്പോലുള്ളവര്‍ സമാധാനം സമാധാനം എന്നു നാഴികക്കു നാല്‍പ്പതു വട്ടം വിശേഷണം നല്കുന്ന ഇസ്ലാമും ഖുര്‍ ആനും തന്നെയല്ലേ? അന്യ മതങ്ങളോടും മതവിമര്‍ശകരോടും ഇത്രയേറെ അസഹിണുത പുലര്‍ത്തുന്ന മറ്റേതു സമൂഹമാണു ലോകത്തുള്ളത്? തസ്ലീമക്കു നേരെയും റുഷ്ദിക്കു നേരെയും മറ്റനേകം മനുഷ്യാവകാശപ്രവര്ത്തകര്ക്കു നേരെയും മുസ്ലിം ഭീകരവാദികള്‍ ലോകത്തിന്റെ നനാനാ ഭാഗത്തും നടത്തിയിട്ടുള്ള ഏതെങ്കിലും ആക്രമണത്തെ മുസ്ലിം മതനേതാക്കള്‍ ആത്മാര്‍ഥമായി ഇന്നു വരെ അപലപിച്ചിട്ടുണ്ടോ? നിസ്സാര കാര്യങ്ങള്‍ക്കു പോലും ഭ്രഷ്ടും വിലക്കും കല്‍പ്പിക്കുന്ന സംഘടിതമതം തീവ്രവാദത്തെയും ഭീകരവാദത്തെയും തടയാന്‍ എന്തുകൊണ്ടു ശ്രമിക്കുന്നില്ല? ഇതൊക്കെ ശരിയാണെന്നും മറ്റു മതക്കാര്‍ക്കും തങ്ങളുടെ മതത്തെ വിമര്ശിക്കുന്നവര്ക്കും യാതൊരു മനുഷ്യാവകാശവും വക വെച്ചു കൊടുക്കേണ്ടതില്ല എന്നും കരുതാന്‍ ഇവര്‍ക്കു പ്രചോദനമാകുന്നത് ഖുര്‍ ആനും ഹദീസുകളും ഉയര്‍ത്തിപ്പിടിക്കുന്ന പ്രാകൃതമായ ചിന്താധാരകള്‍ തന്നെയല്ലേ?
അന്ധമായ മതവിശ്വാസവും ദൈവവിശ്വാസവും മനുഷ്യന്റെ സാമാന്യമായ നീതിബോധത്തെപ്പോലും കരിച്ചുകളയുകയും അവനെക്കൊണ്ട് ഇത്തരം അനീതികളും ക്രൂരതകളും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു എന്നതുകൊണ്ടു തന്നെയാണു സലാഹുദ്ദീനേ, ഞങ്ങള്‍ യുക്തിവാദികള്‍ സംകുചിതമായ ഇത്തരം വിശ്വാസങ്ങള്‍ക്കെതിരെ പോരാടുന്നത്. മനുഷ്യന്റെ പരമപ്രധാന ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെങ്കില്‍ ഇത്തരം മൂഡവിശ്വാസങ്ങളുടെ ഇടുങ്ങിയ ലോകത്തുനിന്നും മനുഷ്യനെ മോചിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
ഈ വിമര്‍ശനങ്ങളൊക്കെ ഫാസിസ്റ്റുകള്‍ക്കും സാമ്രാജ്യത്വത്തിനും മുസ്ലിംകളെ ആക്രമിക്കാന്‍ പ്രേരണ നല്‍കലാണെന്നു കുറ്റപ്പെടുത്തുന്ന സുഹൃത്തേ, ഫാസിസത്തിനെതിരെയും സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയും ജീവന് പണയം നല്‍കിപ്പോരാടുന്ന പതിനായിരക്കണക്കിനു മനുഷ്യസ്നേഹികള്‍ ലോകത്തെമ്പാടുമുണ്ട്. അവരൊക്കെ മതത്തിന്റെയും സങ്കുചിത വിശ്വാസങ്ങളുടെയും ഇരുട്ടറ വിട്ടു പുറത്തു വന്ന സെക്യുലറിസ്റ്റുകളും ഭവ്തികവാദികളുമാണ് എന്ന സത്യം കൂടി നിങ്ങള്‍ ഓര്‍ക്കുന്നത് നന്ന്. ആ വിഭാഗത്തില്‍പ്പെട്ട മതനിരപേക്ഷരായ മനുഷ്യസ്നേഹികളുടെ പിന്തുണയും പ്രോല്‍സാഹനവുമാണ് എന്നെപ്പോലെയും തസ്ലീമയെപ്പോലെയുമുള്ള `മുസ്ലിം യുക്തിവാദിക`ള്‍ക്കു ആത്മവിശ്വാസവും ധൈര്യവും നല്‍കുന്നത്. അല്ലാതെ നിങ്ങള്‍ ആരോപിക്കുന്നപോലെ സംഘപരിവാറല്ല. എം എഫ് ഹുസൈനും ഖുത്ബുദ്ദീന്‍ അന്‍സാര്യും തസ്ലീമയുമൊക്കെ ഒരുപോലെ സംരക്ഷിക്കപ്പെടേണ്ടവരാണെന്നു കരുതുന്നവരാണു ഞങ്ങള്‍ .
മതങ്ങള്‍ മണ്ണടിഞ്ഞാലേ മനുഷ്യന് നന്നാകൂ എന്ന സത്യം തിരിച്ചറിയാന്‍ ഇനിയും കുറേ കാലം വേണ്ടിവരുമെന്നു മാത്രം.