രാഷ്ട്രീയക്കാരുടെ മതപ്രീണനം നാടിനാപത്ത്.
ബ്രിട്ടീഷ് സാമ്രാജ്യത്വം അവരുടെ കോളനി വാഴ്ച്ച നിലനിര്‍ത്തുന്നതിനായി പ്രയോഗിച്ച ഹീനതന്ത്രമായിരുന്നു മത സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് പ്രജകളെ ഭിന്നിപ്പിക്കുക എന്നത്. സ്വാതന്ത്ര്യാനന്തര ജനാധിപത്യഭരണകൂടങ്ങളും അധികാരത്തിലേക്കുള്ള കുറുക്കു വഴിയായും, അധികാരം സംരക്ഷിക്കാനുള്ള എളുപ്പ മാര്‍ഗ്ഗമായും പ്രയോഗിച്ചുകൊണ്ടിരിക്കുന്നത് ഇതേ സൃഗാലസൂത്രം തന്നെയാണ്. ജനങ്ങളുടെ മത ജാതി വികാരങ്ങളെ തെരഞ്ഞെടുപ്പില്‍ അനുകൂല വോട്ടാക്കി മാറ്റാന്‍ എന്തു നെറികെട്ട പ്രവൃത്തിയും ചെയ്യാമെന്ന നിലയിലേക്കു നമ്മുടെ രാഷ്ട്രീയ സദാചാരം അധപ്പതിച്ചിട്ടുണ്ട്. മതത്തെയും ജാതിവിഭാഗങ്ങളെയും പ്രീണിപ്പിച്ചു വശത്താക്കാന്‍ പരസ്പരം മത്സരിക്കുകയാണിന്നു മുഖ്യ ധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍. അനുദിനം കരുത്താര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന വര്‍ഗ്ഗീയഭ്രാന്തിനും ജാതിസ്പര്‍ധകള്‍ക്കും കാരണം രാഷ്ട്രീയത്തിന്റെ ഈ മൂല്യാപജയമല്ലാതെ മറ്റൊന്നുമല്ല. അരിവിലയെക്കാള്‍ അരവണവിതരണവും, കുടിവെള്ളത്തെക്കാള്‍ സംസംവെള്ളവും ഇന്നു പ്രധാന ജീവിതപ്രശ്നമാകുന്നതിന്റെ രാഷ്ട്രീയം ലളിതമാണ്!.
മനുഷ്യന്റെ പ്രശ്നങ്ങളെ ഉള്ളവന്റെയും ഇല്ലാത്തവന്റെയും പ്രശ്നമായി കണ്ട് വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ കൊടി പിടിച്ചു വളര്‍ന്ന പ്രസ്ഥാനങ്ങള്‍ പോലും ഇന്ന് വര്‍ഗ്ഗീയപ്രീണനമാണു വോട്ടു കച്ചവടത്തില്‍ ലാഭകരമെന്നു കണ്ടെത്തുകയും അതു ന്യായീകരിക്കാന്‍ സിദ്ധാന്തങ്ങള്‍ ചമയ്ക്കുകയും ചെയ്യുന്നു. ഇതിന്റെ ഒടുവിലത്തെ പ്രയോഗദൃഷ്ടാന്തമാണ് മദ്രസാ മുസ്ലിയാന്മാര്‍ക്കുള്ള പുതിയ “ക്ഷേമപദ്ധതി”കള്‍.
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സമുദായക്ഷേമ പദ്ധതികള്‍ എത്രത്തോളം പ്രസ്തുത സമുദായത്തിന്റെ പിന്നാക്കാവസ്ഥയ്ക്കു പരിഹാരമാകും എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്.
ഏതൊരു പ്രശ്നവും അതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുമ്പോള്‍ മാത്രമേ ശാശ്വതവും ശാസ്ത്രീയവുമായ പരിഹാരമാകുന്നുള്ളു.
മുസ്ലിം സമുദായം വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും ധാര്‍മ്മികമായും പിന്നാക്കം നില്‍ക്കുന്ന ഒരു വിഭാഗമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതു പരിഹരിക്കാന്‍ പ്രത്യേകം പരിഗണന നല്‍കുന്നതിലും തെറ്റില്ല. പക്ഷെ നടപ്പിലാക്കുന്ന പദ്ധതികള്‍ സമുദായത്തിന്റെ പിന്നാക്കാവസ്ഥയ്ക്കു പരിഹാരമുണ്ടാക്കുന്നതായിരിക്കണം. മദ്രസയിലെ മുസ്ലിയാര്‍ക്കു പെന്‍ഷന്‍ നല്‍കുന്നതു മൂലം സമുദായത്തിന്റെ ഏതു പിന്നാക്കാവസ്ഥയാണു പരിഹരിക്കപ്പെടുക? മദ്രസാ മുസ്ലിയാര്‍ക്കു ശംബളം നലകാന്‍ പണമില്ലാത്തതാണോ മുസ്ലിം സമുദായത്തിന്റെ പ്രശ്നം? ആവശ്യത്തിലേറെ പണം സ്വദേശത്തുനിന്നും വിദേശത്തു നിന്നും, മതത്തിന്റെ പേരില്‍ ഇപ്പോള്‍ തന്നെ സമാഹരിക്കപ്പെടുന്നുണ്ട്. അതൊന്നും സമുദായത്തിലെ പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമത്തിനോ പുനരധിവാസത്തിനോ വേണ്ടിയല്ല ചെലവഴിക്കപ്പെടുന്നത്. അനാവശ്യമായി പള്ളികളും മിനാരങ്ങളും കെട്ടിപ്പൊക്കുന്നതിനും, വന്‍ തോതിലുള്ള മതപ്രചാരണങ്ങള്‍ക്കും പലതരം സംഘടനകളും സ്ഥാപനങ്ങളും ഭീകരപ്രസ്ഥാനങ്ങളും രൂപീകരിച്ചുള്ള വിഭാഗീയപ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെയായി ഈ ധനം മുഴുവന്‍ ദുര്‍വ്യയം ചെയ്യപ്പെടുകയാണു ചെയ്യുന്നത്. ഇപ്രകാരം കണക്കും നിയന്ത്രണവുമില്ലാതെ ഒഴുകിയെത്തുന്ന ധനം സമുദായത്തിലെ ദാരിദ്ര്യവും തൊഴിലില്ലായ്മയും പട്ടിണിയുമൊക്കെ പരിഹരിക്കുന്നതിനുതകും വിധം പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കില്‍ സമുദായം എന്നേ നന്നായിപ്പോയേനേ!
തൊഴില്‍ രംഗത്തും അധികാരകേന്ദ്രങ്ങളിലും മറ്റും മുസ്ലിം പ്രാതിനിധ്യം കുറഞ്ഞു പോകാന്‍ കാരണമെന്ത് എന്നാണ് ആദ്യം കമ്മീഷനെ വെച്ച് അന്യേഷിക്കേണ്ടത്. അത്തരം ഒരന്യേഷണം ഇതു വരെ ആരും നടത്തിയതായി അറിവില്ല. സാമുദായികമായി വേര്‍തിരിച്ചുള്ള ചില സ്ഥിതിവിവരണക്കണക്കുകള്‍ അവതരിപ്പിക്കുക മാത്രമേ സച്ചാര്‍ കമ്മിഷനും മറ്റ് അന്യേഷണ ഏജന്‍സികളും ചെയ്തിട്ടുള്ളു. എന്തുകൊണ്ട് പ്രാതിനിധ്യം കുറഞ്ഞു പോകുന്നു എന്ന് കണ്ടെത്തുമ്പോള്‍ മാത്രമേ പ്രശ്നത്തിനുള്ള യഥാര്‍ത്ഥ പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിയൂ. ഉപരിപ്ലവമായ ‘ലേപന ചികിത്സ’ കൊണ്ടു രോഗം ഭേദമാകില്ല. രോഗ കാരണമായ വസ്തുതകള്‍ക്കാണു പരിഹാരം കാണേണ്ടത്.
ഇവിടെ രോഗകാരണമായ രോഗാണുക്കള്‍ക്കു തന്നെ പോഷണം നല്‍കാനാണു നമ്മുടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുസ്ലിം സമൂഹം വിദ്യാഭ്യാസ രംഗത്തോടു മുഖം തിരിഞ്ഞു നില്‍ക്കുന്നതാണു അവരുടെ സമസ്ഥ പിന്നാക്കാവസ്ഥയുടെയും അടിസ്ഥാന കാരണം. വിദ്യാഭ്യാസരംഗത്തെ പുരോഗതിക്കു പ്രധാന തടസ്സം മത പഠനവും മതപരമായ വിലക്കുകളുമാണ്. ഭൌതിക വിദ്യാഭ്യാസവും ഭൌതിക ജീവിതം തന്നെയും അപ്രധാനമാണെന്നും മതപരമായ അറിവു മാത്രമേ വേണ്ടതുള്ളുഎന്നുമുള്ള അന്ധവിശ്വാസമാണ് അടുത്ത കാലം വരെയും സമുദായം പുലര്‍ത്തിപ്പോന്നിരുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തില്‍ ഇന്നും ആ നില മാറിയിട്ടുമില്ല. കൌമാരപ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കുകയും അവരുടെ വിദ്യാഭ്യാസ സാധ്യതകളെ മുളയിലേ നുള്ളിക്കളയുകയുമാണു ചെയ്യുന്നത്. ഇതു പെണ്‍കുട്ടികളുടെ മാത്രമല്ല; അവരാല്‍ ജന്മം നല്‍കപ്പെടുന്ന ആണ്‍കുട്ടികളുടെയും വിദ്യാഭ്യാസപുരോഗതിയെ വലിയ തോതില്‍ ബാധിക്കുന്നു. മക്കളുടെ വിദ്യാഭ്യാസകാര്യത്തില്‍ അമ്മമാരുടെ അറിവും അനുഭവങ്ങളും ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്. കൌമാരത്തില്‍ അമ്മമാരാകാന്‍ വിധിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് അവരുടെ മക്കള്‍ക്കു ശരിയായ ശിക്ഷണം നല്‍കാനോ പഠനത്തില്‍ സഹായിക്കാനോ കഴിയാതെവരുന്നു. ഇതൊക്കെയാണു മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനകാരണങ്ങള്‍.
സമുദായത്തിന്റെ പുരോഗതിയാണു സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ ഇപ്പറഞ്ഞ പ്രശ്നങ്ങള്‍ക്കു ശാശ്വതമായ പരിഹാരമുണ്ടാക്കാന്‍ സമഗ്രമായ പദ്ധതിയാവിഷ്കരിച്ചു നടപ്പിലാക്കാനാണു ശ്രമിക്കേണ്ടത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു പരമാവധി പ്രോത്സാഹനം നല്‍കണം. അതിനായുള്ള നിരന്തര ബോധവല്‍ക്കരണത്തിനും സര്‍ക്കാര്‍ പദ്ധതികളുണ്ടാകണം. കൌമാരവിവാഹങ്ങള്‍ ഫലപ്രദമായി തടയണം. മദ്രസാ അധ്യാപകര്‍ക്കു തന്നെ ഈ വക കാര്യങ്ങളില്‍ ബോധവല്‍ക്കരണക്ലാസ്സുകളും പരിശീലനങ്ങളും നല്‍കണം.
മദ്രസകളില്‍ എന്തൊക്കെയാണു പഠിപ്പിക്കുന്നത് എന്ന കാര്യവും ഗൌരവമായി പരിശോധിക്കപ്പെടണം. സമുദായത്തിന്റെ പൊതു പിന്നാക്കാവസ്ഥയ്ക്കു വഴി വെക്കുന്നതരത്തിലുള്ള പാഠ്യപദ്ധതികള്‍ തന്നെയാണ് ഇന്നും മദ്രസകളില്‍ കൈകാര്യം ചെയ്യപ്പെടുന്നത്. നൂറ്റാണ്ടുകളായി മാറ്റമില്ലാതെ തുടര്‍ന്നു വരുന്ന പഠനരീതിയും പാഠ്യപദ്ധതിയും കാലാനുസൃതം പരിഷ്കരിക്കാന്‍ വേണ്ട ശ്രമങ്ങളുണ്ടാകണം. കുട്ടികളില്‍ സംകുചിതമായ ചിന്തയും വര്‍ഗ്ഗീയമനോഭാവവും വളര്‍ത്തുന്ന തരത്തിലുള്ള പാഠങ്ങള്‍ മദ്രസാപുസ്തകങ്ങളില്‍ ഉണ്ട്. ഒരു ബഹുമത സമൂഹത്തില്‍ ജീവിക്കുന്ന കുഞ്ഞുങ്ങള്‍ക്കു അടിസ്ഥാനപരമായി നല്‍കേണ്ട ധാര്‍മ്മിക പാഠങ്ങളൊന്നും ഈ മദ്രസാ സിലബസ്സില്‍ ഇല്ലെന്നതാണു യാഥാര്‍ത്ഥ്യം.
അതിന്റെ വിശദാംശങ്ങളിലേക്കു കടക്കാനുദ്ദേശിക്കുന്നില്ലെങ്കിലും ഒന്നു രണ്ടു ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്.
മദ്രസകളിലെ ധാര്‍മ്മിക പാഠങ്ങളില്‍, മുസ്ലിംങ്ങള്‍ പരസ്പരം പാലിക്കേണ്ട മര്യാദകളെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ടെങ്കിലും അന്യ മതസ്ഥരെയും മനുഷ്യരായി പരിഗണിക്കാന്‍ നിര്‍ദേശിക്കുന്നതായി കാണുന്നില്ല. ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെ സ്വന്തം സഹോദരനായി കാണണമെന്നും , മുസ്ലിങ്ങള്‍ പരസ്പരം ഒരു ശരീരത്തിലെ അവയവങ്ങള്‍ എന്നപോലെയും, ഒരു കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങള്‍ എന്ന പോലെയും വര്‍ത്തിക്കേണ്ടതാണെന്നും പറയുന്നു. ഒരു മുസ്ലിം മറ്റൊരു മുസ്ലിമുമായി വഴക്കുണ്ടാക്കരുതെന്നും പിണങ്ങരുതെന്നും ഉപദേശിക്കുന്നു. ഒരു മുസ്ലിം മറ്റൊരു മുസ്ലിമുമായി കലഹമുണ്ടാക്കി അതിലൊരാള്‍ കൊല്ലപ്പെട്ടാല്‍ രണ്ടു പേരും നരകത്തിലായിരിക്കുമെന്നു താക്കീതു നല്‍കുന്നു. ഏഴു വന്‍ പാപങ്ങളില്‍ പെട്ട ഒന്ന് ഒരു മുസ്ലിമിനെ കൊല ചെയ്യലാണെന്നു പഠിപ്പിക്കുന്നു.
ഇതെല്ലാം പിഞ്ചു കുഞ്ഞുങ്ങളുടെ മനസ്സില്‍ തെറ്റായ അവബോധം സൃഷ്ടിക്കാന്‍ ഇടയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
മുസ്ലിംങ്ങള്‍ ന്യൂനപക്ഷമായുള്ള ഒരു ബഹു സമൂഹത്തില്‍ സ്വന്തം കുട്ടികള്‍ മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്നു പഠിപ്പിക്കുമ്പോള്‍ മുസ്ലിംങ്ങള്‍ പരസ്പരം പെരുമാറുന്ന കാര്യം മാത്രം പഠിപ്പിക്കുന്നത് ഉചിതമാണോ എന്ന് സമുദായത്തിലെ നേതാക്കളും വിദ്യാഭ്യാസപ്രവര്‍ത്തകരും ചിന്തിക്കേണ്ടതല്ലേ?
വിശാലമായ മാനവികതയും മതേതരമായ നീതിബോധവും ഉയര്‍ന്ന ജനാധിപത്യബോധവുമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ സഹായകമായ ധാര്‍മ്മിക ബോധനം മത പാഠശാലകളില്‍ നിന്നു കുട്ടികള്‍ക്കു ലഭിക്കുന്നില്ല .
ഇതും സമുദായത്തിന്റെ പൊതു ധാര്‍മ്മിക പിന്നാക്കാവസ്ഥയ്ക്കു കാരണമാകുന്നു.
മത പഠനത്തെയും മതപാഠശാലകളെയും പ്രോത്സാഹിപ്പിക്കാന്‍ ‘ക്ഷേമ പദ്ധതികള്‍’ നടപ്പിലാക്കുന്ന സര്‍ക്കാരിന് ഈ വക കാര്യങ്ങളില്‍ ഇടപെടാന്‍ സാധ്യമാണോ?
മതപഠനം തന്നെയാണു മുസ്ലിം പിന്നാക്കാവസ്ഥയുടെ പ്രധാന കാരണമെന്നിരിക്കെ, അതിനെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നത് ആ സമുദായത്തിന്റെ ഉന്നതി കാംസ്ക്ഷിക്കുന്നതുകൊണ്ടാണെന്നു കരുതാമോ? . തല്‍ക്കാലം അടുത്ത തെരഞ്ഞെടുപ്പില്‍ ആ വിഭാഗത്തിന്റെ വോട്ടു നേടുക എന്നതിലപ്പുറം ഒരു സമുദായസംരക്ഷണ താല്‍പ്പര്യവും ഇതിനു പിന്നിലില്ല.
ഭരണകൂടം മത കാര്യങ്ങളില്‍ ഇടപെടാതിരിക്കുക എന്നതാണു മതേതരത്വത്തിന്റെ കാതല്‍. മതം വ്യക്തികളുടെ സ്വകാര്യ പ്രശ്നമായി മാത്രം പരിമിതപ്പെടുത്തണം. മതം ഭരണത്തിലോ രാഷ്ട്രീയത്തിലോ നിയമകാരങ്ങളിലോ ഇടപെടുന്നതും അനുവദിച്ചുകൂടാ. മതവിശ്വാസികളായ മനുഷ്യരുടെ ജീവിതപ്രശ്നങ്ങളിലും അവരുടെ മതേതരമായ ഭൌതികാവശ്യങ്ങളിലുമൊക്കെ സര്‍ക്കാരിന് ഇടപെടാം. പക്ഷെ മതവിശ്വാസവും ആചാരവും ഗവണ്മെന്റിന്റെ ചുമതലയില്‍ പെട്ടതായിരിക്കരുത്.
മദ്രസയില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കു ജീവിക്കാന്‍ ആവശ്യമായ വേതനം നല്‍കേണ്ട ചുമതലയും പെന്‍ഷന്‍ കൊടുക്കേണ്ട ബാധ്യതയുമൊക്കെ അതാതു മത സ്ഥാപനങ്ങളും അതിന്റെ നടത്തിപ്പുകാരും തന്നെ നിര്‍വ്വഹിക്കേണ്ടതാണ്.
ജീവിതകാലം മുഴുവനും നാടിനും നാട്ടുകാര്‍ക്കും വേണ്ടി നടുവൊടിയെ പണി ചെയ്ത കര്‍ഷകത്തൊഴിലാളിക്കു 60 വയസ്സു കഴിഞ്ഞാല്‍ പ്രതിമാസം കിട്ടുന്നത് 200 രൂപ പെന്‍ഷനാണ്. അതും വല്ലപ്പോഴും മാത്രം. ദിവസം രാവിലെ വെറും രണ്ടു മണിക്കൂര്‍ മാത്രം “സേവനം” ചെയ്ത് പിന്നെ വേറെ ജോലിക്കു പോകുന്ന മദ്രസാ ഉസ്താദിനു മാസം 4000 രൂപ പെന്‍ഷന്‍,[അതിന്റെ പകുതി സര്‍ക്കരിന്റെ പൊതു ഖജനാവില്‍നിന്നു ] കൊടുക്കുന്നതു മതപ്രീണനമല്ലാതെ മറ്റെന്താണ്?
ഇത്തരം ദീര്‍ഘവീക്ഷണമില്ലാത്തതും ഭരണഘടനയുടെ സത്തക്കു യോജിക്കാത്തതുമായ നടപടികളില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയുകയാണു വേണ്ടത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്ലിം കുട്ടികള്‍ സ്കൂളുകളില്‍ എത്തുന്നേയില്ല എന്നതാണു വസ്തുത. അത്തരമൊരു സാഹചര്യം പരിഗണിച്ചാണ് പശ്ചിമബംഗാളിലും മറ്റും മദ്രസകളില്‍ എത്തുന്ന കുട്ടികളെ അവിടെ വെച്ച് ഭാഷയും ഗണിതവും ശാസ്ത്രവുമൊക്കെ പഠിപ്പിക്കാന്‍ പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കി അതിനുള്ള ധനസഹായം നല്‍കാന്‍ ഗവര്‍ണ്മെന്റു മുന്നോട്ടു വന്നത്. കേരളത്തില്‍ പക്ഷെ അങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുന്നില്ല. അതിനാല്‍ തന്നെ ഇവിടെ നടപ്പിലാക്കേണ്ടത് ഇവിടെയുള്ള സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള നടപടികളാണ്.